നിങ്ങൾ തലമുടിയെ കുറിച്ച് ഉത്കണ്ഠപ്പെടുന്നുവോ?
നിങ്ങൾ തലമുടിയെ കുറിച്ച് ഉത്കണ്ഠപ്പെടുന്നുവോ?
ദിവസവും കണ്ണാടിയുടെ മുന്നിൽ നിന്ന് തലമുടി സശ്രദ്ധം പരിശോധിക്കുന്ന അനേകരിൽ ഒരാളായിരിക്കാം നിങ്ങളും. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തങ്ങളുടെ മുടിയിൽ തത്പരരാണ്. ചിലപ്പോഴൊക്കെ അത് ഒരു തലവേദനയും ആയിരുന്നേക്കാം.
നിങ്ങളുടെ മുടിയെ കുറിച്ച് അറിഞ്ഞിരിക്കുക
നിങ്ങളുടെ തലയോട്ടിയിലെ ചർമത്തിൽ എത്ര മുടിയുണ്ടെന്ന് അറിയാമോ? അത് ശരാശരി 1,00,000-ത്തോളം വരും. ഓരോ മുടിയും രണ്ടു മുതൽ ആറു വരെ വർഷത്തേക്കേ വളരുകയുള്ളൂ, എന്നും വളർന്നുകൊണ്ടിരിക്കുന്നില്ല. അതിനുശേഷം അതു കൊഴിഞ്ഞു പോകുന്നു. കുറെ കഴിയുമ്പോൾ അതേ സുഷിരത്തിൽനിന്നു തന്നെ ഒരു പുതിയ മുടി വളർന്നു തുടങ്ങുന്നു. ഒരു തലമുടിയുടെ ജീവനചക്രത്തിന് കേശപരിവൃത്തി എന്നാണു പറയുന്നത്. (27-ാം പേജിലെ ചതുരം കാണുക.) ഈ പരിവൃത്തിയുടെ ഫലമായി, കേശസംബന്ധമായ പ്രശ്നങ്ങളൊന്നും ഇല്ലാത്ത ഒരാളുടെ തലയിൽനിന്നു പോലും ദിവസവും ഏകദേശം 70 മുതൽ 100 വരെ മുടികൾ സ്വാഭാവികമായിത്തന്നെ കൊഴിഞ്ഞുപോകുന്നുണ്ട്.
തലമുടിയുടെ നിറത്തിൽ നാം കാണുന്ന വൈവിധ്യത്തിന് കാരണം എന്താണ്? ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു: “തലമുടിയുടെ നിറത്തെ വലിയ ഒരളവുവരെ നിർണയിക്കുന്നത് മെലാനിൻ എന്നു വിളിക്കപ്പെടുന്ന തവിട്ടു കലർന്ന കറുത്ത നിറമുള്ള ഒരു വർണകത്തിന്റെ അളവും വിതരണവുമാണ്.” തലമുടി, ത്വക്ക്, കണ്ണുകൾ എന്നിവയിൽ കണ്ടുവരുന്ന ഒരു ജൈവവർണ വസ്തുവാണ് മെലാനിൻ. ഈ വർണകത്തിന്റെ അളവു കൂടുന്തോറും തലമുടിയുടെ നിറം കൂടുതൽ ഇരുണ്ടതായിത്തീരുന്നു. മെലാനിന്റെ അളവു കുറയുന്തോറും തലമുടിയുടെ നിറം തവിട്ടോ ചെമപ്പോ സ്വർണ നിറമോ ആയിത്തീരുന്നു. ഇനി തലമുടിയിൽ മെലാനിൻ ഒട്ടും ഇല്ലെങ്കിലോ, അതിന്റെ നിറം തൂവെള്ള ആയിരിക്കും.
താരൻ ഒഴിച്ചു നിറുത്തിയാൽ, പലരെയും അലട്ടുന്ന പ്രശ്നം മുടി കൊഴിച്ചിലോ നരയോ ആണ്.
നിങ്ങൾക്കു നരച്ചമുടി ഉണ്ടോ?
മുടി നരയ്ക്കുന്നത് പലപ്പോഴും പ്രായമാകുന്നതിന്റെ സൂചനയായും നരച്ച തലമുടി സാധാരണഗതിയിൽ പ്രായമായവരുടെ ഒരു സവിശേഷതയായും കണക്കാക്കപ്പെടുന്നു. പ്രായം ചെല്ലുമ്പോൾ നരച്ച മുടിയുടെ എണ്ണം കൂടുന്നു എന്നുള്ളതു സത്യമാണ്. എങ്കിലും, പ്രായം മാത്രമല്ല നരയുടെ പിന്നിലെ വില്ലൻ. അമിതമായ ആഹാരനിയന്ത്രണം പോലുള്ള മറ്റു ഘടകങ്ങളും ഇതിനു കാരണമായി അറിയപ്പെടുന്നു. നര, സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്നു. അതുപോലെതന്നെ, മുടിയുടെ സ്വാഭാവിക നിറം എന്തുതന്നെയായിരുന്നാലും അതു ബാധിക്കുന്നു. ഇരുണ്ട മുടിയുള്ളവരിൽ അതു പെട്ടെന്നു ശ്രദ്ധിക്കപ്പെടുമെന്നു മാത്രം.
നരച്ച മുടി മൂലം ചിലർക്ക് ഉള്ളതിൽ കൂടുതൽ പ്രായം തോന്നിച്ചേക്കാം. ഇത് അവർക്കു വലിയ മനോവിഷമത്തിന് ഇടയാക്കുന്നു. നേരെ മറിച്ച്, മുടി നരയ്ക്കാത്തതു നിമിത്തം യഥാർഥ പ്രായവും മുടിയുടെ നിറവും യോജിക്കുന്നില്ലല്ലോ എന്നോർത്ത് വിഷമിക്കുന്നവരുമുണ്ട്.
മുടി നരയ്ക്കുന്നതിന്റെ അർഥം മുടി നിർജീവമായിത്തീരുന്നു എന്നല്ല. വാസ്തവത്തിൽ, എല്ലാ മുടികളുടെയും ദൃശ്യഭാഗം ഇപ്പോൾത്തന്നെ നിർജീവമാണ്. ഓരോ മുടിയും തലയോട്ടിയിലെ ചർമോപരിതലത്തിന് അടിയിലേക്കു വ്യാപിച്ചുകിടക്കുന്നു. ഈ അറ്റത്തിന് ഗോളമൂലം എന്നാണു പറയുന്നത്. അതിനു മാത്രമാണ് ജീവനുള്ളത്. ഗോളമൂലം, തലമുടി ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി വർത്തിക്കുന്നു. ഗോളമൂലത്തിലെ ദ്രുതഗതിയിലുള്ള കോശവിഭജനത്തിന്റെ ഫലമായി രൂപംകൊള്ളുന്ന മുടി, വർണകോശങ്ങൾ ഉത്പാദിപ്പിക്കുന്ന മെലാനിനെ ആഗിരണം ചെയ്യുന്നു. അക്കാരണത്താൽ, വർണകോശങ്ങൾ മെലാനിൻ ഉത്പാദനം നിറുത്തുന്ന പക്ഷം, മുടിയുടെ നിറം വെള്ളയായിരിക്കും.
വർണകോശങ്ങൾ മെലാനിന്റെ ഉത്പാദനം പെട്ടെന്നു നിറുത്തുന്നത് എന്തുകൊണ്ടെന്ന് ഇതുവരെയും ആർക്കും അറിഞ്ഞുകൂടാ. അതുകൊണ്ടുതന്നെ മുടി നരയ്ക്കാതിരിക്കുന്നതിനുള്ള സിദ്ധൗഷധമൊന്നും കണ്ടുപിടിച്ചിട്ടുമില്ല. പ്രവർത്തനരഹിതമായിത്തീർന്ന വർണകോശങ്ങൾ ചിലപ്പോൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങുന്നതായും അറിവുണ്ട്. രസകരമെന്നു പറയട്ടെ, മുടിയെ കുറിച്ചുള്ള പല പരാമർശങ്ങളും ബൈബിളിലുണ്ട്. യേശുവിന്റെ ദൃഷ്ടാന്തങ്ങളിലൊന്ന് വെളുത്ത മുടിയെ കുറിച്ചുള്ളതാണ്. അവൻ പറഞ്ഞു: “ഒരു മുടിയിഴ മത്തായി 5:36, പി.ഒ.സി. ബൈബിൾ) മനുഷ്യരെക്കൊണ്ട് തടയാനോ പ്രതിവിധി കാണാനോ കഴിയാത്ത ഒന്നാണ് നരയെന്ന കാര്യം പണ്ടുമുതലേ അംഗീകരിച്ചുവരുന്നതായി ഈ വാക്കുകൾ സൂചിപ്പിക്കുന്നു.
വെളുപ്പിക്കാനോ കറുപ്പിക്കാനോ നിനക്കു സാധിക്കുകയില്ല.” (ചിലർ മെലാനിൻ കുത്തിവയ്ക്കുന്നതു പോലുള്ള ഏറെ പുതിയ ചികിത്സാരീതികൾ പരീക്ഷിച്ചുനോക്കുന്നു. മുടി ഡൈ ചെയ്യാനാണ് മറ്റു ചിലർ ഇഷ്ടപ്പെടുന്നത്. ഇത് ഒരു പ്രകാരത്തിലും ഒരു ആധുനിക നടപടിയല്ല. പുരാതന ഗ്രീക്കുകാരും റോമാക്കാരും മുടി ഡൈ ചെയ്തിരുന്നു. പുരാതന ഈജിപ്തുകാർ കാളരക്തം ഉപയോഗിച്ച് മുടിക്കു നിറം കൊടുത്തിരുന്നു. യേശുക്രിസ്തുവിന്റെ ഒരു സമകാലീനനായിരുന്ന മഹാനായ ഹെരോദാവ്, പ്രായം മറച്ചുവെക്കാൻ നരച്ചുവരുന്ന തന്റെ മുടിക്കു നിറം കൊടുത്തതായി രേഖയുണ്ട്.
എങ്കിലും, മുടി തുടർച്ചയായി ഡൈ ചെയ്തുകൊണ്ടിരിക്കുന്നതിന് സമയവും ശ്രമവും ആവശ്യമാണ്. ചിലരിൽ അത് ത്വക്കു സംബന്ധമായ പ്രശ്നങ്ങളോ അലർജിയോ ഉണ്ടാക്കിയേക്കാം. നരച്ചുകൊണ്ടിരിക്കുന്ന മുടി ഡൈ ചെയ്യാൻ നിങ്ങൾ തീരുമാനിക്കുന്നെങ്കിൽ പോലും, ഡൈ ചെയ്യുന്നതു നിറുത്താൻ നിങ്ങൾ ആഗ്രഹിക്കുന്ന ഒരു സമയം വന്നേക്കാം. അപ്പോൾ എന്തായാലും, പുതുതായി ഉണ്ടായിവരുന്ന മുടിയിഴകൾ നിങ്ങളുടെ മുടിയുടെ യഥാർഥ നിറം വെളിപ്പെടുത്തുന്നതായിരിക്കും. നരയ്ക്ക് ഒരു നല്ല വശമുണ്ട്. നരച്ച മുടി കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. മാത്രമല്ല, അത് നിങ്ങൾക്ക് മുമ്പൊരിക്കലും ഇല്ലാതിരുന്നിട്ടുള്ള ഒരു അന്തസ്സ് സമ്മാനിക്കുകയും ചെയ്തേക്കാം. ബൈബിൾ ഇങ്ങനെ പറയുന്നു: “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം.”—സദൃശവാക്യങ്ങൾ 16:31.
മുടിയുടെ ഉള്ളു കുറയലും കഷണ്ടിയും
മുടിയുടെ ഉള്ളു കുറയുക, കഷണ്ടി വരുക എന്നിവയാണ് തലമുടിയുമായി ബന്ധപ്പെട്ട മറ്റു ചില സാധാരണ പ്രശ്നങ്ങൾ. ഇവയും ദീർഘകാലമായി ഉള്ള പ്രശ്നങ്ങളാണ്. പുരാതന ഈജിപ്തുകാർ കഷണ്ടിക്കുള്ള ഒരു മറുമരുന്നായി സിംഹം, നീർക്കുതിര, മുതല, പൂച്ച, പാമ്പ്, വാത്ത എന്നിവയുടെ കൊഴുപ്പു ചേർത്ത ഒരു ഔഷധം ഉപയോഗിച്ചിരുന്നു. തലമുടിക്കും തലയോട്ടിയിലെ ചർമത്തിനുമുള്ള, ഫലപ്രദമെന്ന് അവകാശപ്പെടുന്ന ചികിത്സാവിധികളുടെ ഒരു പ്രളയംതന്നെ ഇന്നു വിപണികളിൽ കാണാം. ഇവയ്ക്കു വേണ്ടി ഓരോ വർഷവും ഒരു വൻതുകതന്നെ ചെലവഴിക്കപ്പെടുന്നു.
കേശപരിവൃത്തി തകരാറിലാകുമ്പോഴാണ് കഷണ്ടി ഉണ്ടാകുന്നത്. പോഷകാഹാരക്കുറവ്, നീണ്ടുനിൽക്കുന്ന ചുട്ടുപൊള്ളുന്ന പനി, ഏതെങ്കിലും തരത്തിലുള്ള ത്വഗ്രോഗം എന്നിങ്ങനെയുള്ള ഒരു ശാരീരിക പ്രശ്നം നിമിത്തം സ്വാഭാവിക കേശപരിവൃത്തി തകരാറിലാകാം. കൂടാതെ, ഗർഭധാരണവും പ്രസവവും കേശപരിവൃത്തിയെ ബാധിച്ചേക്കാം. തത്ഫലമായി, സ്വാഭാവിക പരിവൃത്തി പൂർത്തിയാകുന്നതിനു മുമ്പുതന്നെ തലയോട്ടിയിലെ ചർമത്തിൽനിന്ന് വളരെയധികം മുടി കൊഴിഞ്ഞുപോകുന്നു. എന്നിരുന്നാലും, കാരണങ്ങൾ ഇല്ലാതാകുന്നതോടെ ഇത്തരം മുടി കൊഴിച്ചിൽ നിലയ്ക്കുകയും കേശപരിവൃത്തി വീണ്ടും സാധാരണ നിലയിലാകുകയും ചെയ്യുന്നു.
മറ്റൊരു തരം മുടി കൊഴിച്ചിലിന്റെ പേരാണ് ‘ആലൊപിഷ്യ’. a ഇതുണ്ടാകുമ്പോൾ പലപ്പോഴും ശിരസ്സിൽ അവിടവിടെയായി വട്ടത്തിൽ മുടി കൊഴിഞ്ഞുപോകുന്നു. ആലൊപിഷ്യ ഉണ്ടാകുന്നത് പ്രതിരോധ വ്യവസ്ഥയുടെ തകരാറുമൂലം ആയിരിക്കാമെന്ന് അടുത്തകാലത്തെ വൈദ്യശാസ്ത്ര ഗവേഷണം സൂചിപ്പിക്കുന്നു.
ഉള്ളു കുറഞ്ഞ് മുടി ഇല്ലാതാകുന്ന ഏറ്റവും സാധാരണമായ പ്രശ്നം പുരുഷ മാതൃകാ കഷണ്ടി (male pattern baldness) എന്നു വിളിക്കപ്പെടുന്നതാണ്. പേരു സൂചിപ്പിക്കുന്നതുപോലെ അത് പുരുഷന്മാരിലാണ് ഉണ്ടാകുന്നത്. തലയുടെ മുൻഭാഗത്തെയോ ഉച്ചിയിലെയോ മുടി കൊഴിഞ്ഞുപോകുന്നതാണ് തുടക്കം. തുടർന്ന് ക്രമേണ അത് തലയുടെ മറ്റു ഭാഗങ്ങളിലേക്കു കൂടി വ്യാപിക്കുന്നു. കഷണ്ടി ബാധിച്ച ഭാഗത്തെ കേശപരിവൃത്തി തകരാറിലാകുകയും ഒടുവിൽ നിലയ്ക്കുകയും ചെയ്യുന്നു. ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശദീകരിക്കുന്നു: “നീളമുള്ളതും ബലിഷ്ഠവും നിറമുള്ളതുമായ സാധാരണ മുടികളുടെ സ്ഥാനത്ത്, കഷണ്ടി ബാധിച്ച ഭാഗങ്ങളിൽ ദ്വിതീയകരോമം (vellus) എന്നു വിളിക്കപ്പെടുന്ന മൃദുവായ രോമം സ്ഥാനം പിടിക്കുന്നു.” ഇതിന്റെ അർഥം, കേശപരിവൃത്തികൾ തുടരവേ, തലമുടിയുടെ ഉള്ളും ആയുസ്സും കുറയുകയും ഒടുവിൽ ഒന്നുപോലും വളരാതാകുകയും ചെയ്യുന്നു എന്നാണ്. പാരമ്പര്യ സവിശേഷതകളും പുരുഷ ഹോർമോണുകളും നിമിത്തമാണ് ഇതു സംഭവിക്കുന്നത്.
പുരുഷ മാതൃകാ കഷണ്ടി കൗമാരപ്രായത്തിലേ തുടങ്ങാവുന്നതാണ്. എന്നാൽ, അത് ഒരാൾ 30-കളുടെയോ 40-കളുടെയോ ഒടുവിൽ ആയിരിക്കുമ്പോൾ വരാനാണ് കൂടുതൽ സാധ്യത. ഈ രീതിയിലുള്ള മുടി കൊഴിച്ചിൽ നിരവധി പുരുഷന്മാരിൽ കണ്ടുവരുന്നെങ്കിലും അത് ഉണ്ടാകുന്ന നിരക്ക് വ്യത്യസ്ത വർഗങ്ങളിലും വ്യക്തികളിലും വ്യത്യാസപ്പെട്ടിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, ഈ പ്രശ്നത്തിന് ഒരു സമ്പൂർണ പ്രതിവിധി ഇതുവരെ കണ്ടെത്തിയിട്ടില്ല. ചിലർ വിഗ്ഗു
ധരിക്കാനോ മുടി വെച്ചുപിടിപ്പിക്കാനോ തീരുമാനിച്ചേക്കാം. ഉള്ള മുടി നന്നായി പരിപാലിച്ചുകൊണ്ട് മുടി കൊഴിച്ചിലിന്റെ വേഗം കുറയ്ക്കാൻ ശ്രമിക്കുന്നത് പലരുടെ കാര്യത്തിലും സഹായകമായിരുന്നേക്കാം.തലമുടിയുടെ ഉള്ളു കുറയുന്നു എന്നു പറയുമ്പോൾ എല്ലായ്പോഴും അത് മുടി കൊഴിയുന്നതിനെ അർഥമാക്കുന്നില്ല. പകരം, ഓരോ മുടിയും നേർത്തു വന്ന് അങ്ങനെ മുടിയുടെ ഉള്ളു കുറയുന്നതിനെ അത് അർഥമാക്കാം. ഒരു മുടിക്ക് എന്തു വണ്ണം വരും? ഒരു സർവേ അനുസരിച്ച് അത് 50 മൈക്രോണുകൾ മുതൽ 100 മൈക്രോണുകൾ വരെയായിരുന്നേക്കാം. b പ്രായം ചെല്ലുന്നതനുസരിച്ച് മുടിയുടെ വണ്ണം കുറയുന്നു. വെറും ഏതാനും മൈക്രോണുകളുടെ വ്യത്യാസം അത്ര കാര്യമായി തോന്നില്ലായിരിക്കാം. എന്നാൽ ഒരു ലക്ഷം തലമുടികൾ ഉണ്ടെന്ന കാര്യം ഓർക്കുക. അതുകൊണ്ട് ഓരോ മുടിയുടെയും വണ്ണം അൽപ്പം മാത്രം കുറഞ്ഞാലും അത് മൊത്തം മുടിയുടെ ഉള്ളിന്റെ കാര്യത്തിൽ വലിയ വ്യത്യാസം ഉണ്ടാക്കും.
കേശപരിചരണം
തലമുടിയുടെ പ്രതിമാസ വളർച്ചയുടെ തോത് പത്തു മില്ലിമീറ്ററിലധികമാണ്. ശരീരത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഭാഗങ്ങളിലൊന്നാണ് തലമുടി. എല്ലാ തലമുടികളുടെയും കൂടെ വളർച്ചയെടുത്താൽ, അത് ഒരു ദിവസം 20 മീറ്ററിലധികമാണ്!
നരയ്ക്കും കഷണ്ടിക്കും സമൂല പ്രതിവിധിയൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, ഉള്ള മുടി പരിചരിക്കുന്നതിന് നമുക്കു പലതും ചെയ്യാനാകും. വേണ്ടത്ര പോഷകങ്ങൾ കഴിക്കുന്നതും തലയോട്ടിയിലെ ചർമത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതും അനിവാര്യമാണ്. ആഹാരം അമിതമായി നിയന്ത്രിക്കുകയോ സമീകൃതമല്ലാത്ത ആഹാരം കഴിക്കുകയോ ചെയ്യുന്നത് മുടിയുടെ നരയുടെയും ഉള്ളു കുറയലിന്റെയും വേഗം കൂട്ടിയേക്കാം. തലമുടിയിൽ ക്രമമായി ഷാംപൂ തേയ്ക്കണമെന്നും തലയോട്ടിയിലെ ചർമം തിരുമ്മണമെന്നും—ഇങ്ങനെ ചെയ്യുമ്പോൾ നഖം കൊണ്ട് പോറൽ ഏൽക്കാതെ നോക്കണം—വിദഗ്ധർ പറയുന്നു. ഇത് തലയോട്ടിയിലെ ചർമത്തിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. തലമുടിയിൽ ഷാംപൂ തേച്ചശേഷം അതു നന്നായി കഴുകിക്കളയുക.
വളരെയേറെ ബലം പ്രയോഗിച്ച് മുടി ചീകരുത്. നിങ്ങൾക്ക് നീണ്ട മുടിയാണ് ഉള്ളതെങ്കിൽ ആദ്യംതന്നെ മുടിയുടെ ചുവടുഭാഗം മുതൽ അറ്റം വരെ ഒറ്റയടിക്കു ചീകാതിരിക്കുന്നതാണ് നല്ലത്. പകരം ആദ്യം തലമുടി കൈകൊണ്ട് പിടിച്ച് ചീപ്പുകൊണ്ട് അറ്റത്തെ ജട നിവർക്കുക. എന്നിട്ട് മധ്യഭാഗം മുതൽ അറ്റംവരെ ചീകുക. ഒടുവിൽ മുടി പതുക്കെ താഴേയ്ക്കിട്ട് അതിന്റെ ചുവടുഭാഗം മുതൽ അറ്റംവരെ ചീകാവുന്നതാണ്.
തലയിൽ നരച്ച മുടികൾ കാണുമ്പോഴോ ഒരുപാട് മുടി കൊഴിഞ്ഞുപോകുന്നതു കാണുമ്പോഴോ നിങ്ങൾക്കു വിഷമം തോന്നിയേക്കാം. എന്നാൽ, സാധാരണഗതിയിൽ നിങ്ങൾ നിങ്ങളുടെ മുടിയെ കുറിച്ചു ചിന്തിക്കുന്ന അത്രയും മറ്റുള്ളവർ ചിന്തിക്കുന്നില്ല എന്ന് ഓർക്കുക. ഡൈ ചെയ്യണോ, വിഗ്ഗ് വെക്കണോ, അല്ലെങ്കിൽ ഏതെങ്കിലും ചികിത്സ നടത്തണോ എന്നുള്ളതെല്ലാം നിങ്ങളുടെ തീരുമാനമാണ്. നിങ്ങളുടെ മുടിയുടെ നിറമോ ഉള്ളോ എത്രതന്നെ ആയിരുന്നാലും ശരി, അതു വൃത്തിയായി സൂക്ഷിക്കുന്നതും ചീകിയൊതുക്കി വെക്കുന്നതും ആണ് പ്രധാനം. (g02 8/08)
[അടിക്കുറിപ്പുകൾ]
b ഒരു മൈക്രോൺ എന്നു പറയുന്നത് ഒരു മില്ലിമീറ്ററിന്റെ ആയിരത്തിലൊരംശമാണ്.
[15-ാം പേജിലെ ചതുരം/രേഖാചിത്രം]
കേശപരിവൃത്തി
മുടിയുടെ വളർച്ച പരിവൃത്തിയായാണ് സംഭവിക്കുന്നത്. വളർച്ചാ ഘട്ടം, ഹ്രസ്വ പരിവർത്തന ഘട്ടം, വിശ്രമ ഘട്ടം എന്നിവ ഉൾപ്പെട്ടതാണ് അത്. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ വിശദീകരിക്കുന്നു: “ഓരോ വിശ്രമ ഘട്ടത്തിലും ഒരു മുടിയുടെ വളർച്ച നിലയ്ക്കുന്നു. അപ്പോൾ അത് ക്ലബ് ഹെയർ എന്നാണ് അറിയപ്പെടുന്നത്. ക്ലബ് ഹെയർ അടുത്ത വളർച്ചാ ഘട്ടം വരെ, വിശ്രമാവസ്ഥയിലുള്ള രോമകൂപത്തിൽ ഇരിക്കുന്നു. വളർച്ചാ ഘട്ടത്തിൽ പുതിയ മുടി വളർന്നുവന്ന് ക്ലബ് ഹെയറിനെ രോപകൂപത്തിൽനിന്നു തള്ളി പുറത്താക്കുമ്പോൾ അതു കൊഴിഞ്ഞുപോകുന്നു.” ഏതൊരു സമയത്തും, 85 മുതൽ 90 വരെ ശതമാനം മുടികൾ വളർച്ചാ ഘട്ടത്തിലും 10 മുതൽ 15 വരെ ശതമാനം വിശ്രമ ഘട്ടത്തിലും 1 ശതമാനം പരിവർത്തന ഘട്ടത്തിലും ആയിരിക്കും.
[രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
പ്രാഥമിക വളർച്ച
സജീവ വളർച്ച
രോമകൂപം
രക്തക്കുഴലുകൾ
സ്നേഹഗ്രന്ഥി
മുടിയുടെ നടുത്തണ്ട്
പ്രതിക്രമണം
വിശ്രമം
പുനഃവളർച്ച