എവ്റിപോസിലെ നിഗൂഢ ഏറ്റിറക്കങ്ങൾ
എവ്റിപോസിലെ നിഗൂഢ ഏറ്റിറക്കങ്ങൾ
ഗ്രീസിലെ ഉണരുക! ലേഖകൻ
ഗ്രീസിന്റെ കിഴക്കൻ ഭാഗത്ത് ഹാൽകിസ് നഗരത്തിനടുത്തായി വൻകരയെ എവിയാ ദ്വീപിൽനിന്നു വേർതിരിക്കുന്ന നന്നേ വീതി കുറഞ്ഞ ഒരു കടലിടുക്ക് ഉണ്ട്. എവ്റിപോസ് എന്നാണ് അതിന്റെ പേര്. എട്ടു കിലോമീറ്റർ നീളവും 40 മീറ്റർ മുതൽ 1.6 കിലോമീറ്റർ വരെ വീതിയും ആണ് അതിനുള്ളത്. അതിന്റെ ഏറ്റവും ആഴം കുറഞ്ഞ ഭാഗത്ത് വെറും ആറ് മീറ്റർ താഴ്ചയേ ഉള്ളൂ. എവ്റിപോസ് എന്ന പേരിന്റെ അർഥം “വേഗമുള്ള ജലപ്രവാഹം” എന്നാണ്. ചിലപ്പോൾ മണിക്കൂറിൽ 20 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായി വെള്ളം ഒഴുകുന്ന കടലിടുക്കിനു നന്നേ യോജിക്കുന്ന പേര്. എന്നാൽ വിചിത്രമെന്നു പറയട്ടെ, ചില ദിവസങ്ങളിൽ വെള്ളത്തിന്റെ മുമ്പോട്ടും പുറകോട്ടും ഉള്ള ഒഴുക്ക് വളരെ മന്ദഗതിയിലാകുന്നു. മാത്രമല്ല, വെള്ളത്തിന്റെ ഒഴുക്ക് പൂർണമായി നിലച്ചെന്നും വരാം! ഹാൽകിസ് സന്ദർശിക്കുന്ന പലരും വേലിയേറ്റ-വേലിയിറക്കങ്ങളുടെ ഈ അസാധാരണ പ്രതിഭാസം കാണാൻ കടലിടുക്കിനു മുകളിലുള്ള ചെറിയ പാലത്തിൽ വന്നു നിൽക്കാറുണ്ട്.
ഭൂമിയിലെ സമുദ്രങ്ങളുടെ മേൽ സൂര്യചന്ദ്രന്മാർ ചെലുത്തുന്ന ആകർഷണമാണ് വേലിയേറ്റ-വേലിയിറക്കങ്ങൾക്കു കാരണമാകുന്നത്. തന്നിമിത്തം സൂര്യനോടും ചന്ദ്രനോടുമുള്ള ബന്ധത്തിൽ ഭൂമിയുടെ സ്ഥാനം എവിടെയാണ് എന്നതിനനുസരിച്ച് വേലിയേറ്റ-വേലിയിറക്കങ്ങൾക്കു മാറ്റം സംഭവിക്കുന്നു. കറുത്തവാവിന്റെ സമയത്ത് സൂര്യനും ചന്ദ്രനും ഭൂമിയുടെ ഒരേ വശത്ത് ആയിരിക്കും. വെളുത്തവാവിന് അവ ഭൂമിയുടെ എതിർ വശങ്ങളിൽ ആകുന്നു. ഈ രണ്ട് സന്ദർഭങ്ങളിലും സൂര്യചന്ദ്രന്മാർ സമുദ്രങ്ങളുടെമേൽ ഒരുമിച്ച് ചെലുത്തുന്ന ആകർഷണം ഏറ്റവും ശക്തമായ വേലിയേറ്റ-വേലിയിറക്കങ്ങൾക്ക് ഇടയാക്കുന്നു.
എവ്റിപോസ് കടലിടുക്കിൽ സാധാരണമായി ഏതാണ്ട് ഓരോ 24 മണിക്കൂറിലും രണ്ട് വേലിയേറ്റങ്ങളും രണ്ട് വേലിയിറക്കങ്ങളും ഉണ്ടാകുന്നു. 6 മണിക്കൂർ 13 മിനിട്ടു നേരത്തേക്ക് ജലപ്രവാഹം ഒരു ദിശയിലേക്കായിരിക്കും. പിന്നെ കുറച്ചു സമയം നിശ്ചലമായി നിന്നിട്ട് ഒഴുക്ക് എതിർദിശയിലേക്കാകുന്നു. ചന്ദ്രമാസത്തിലെ 23-ഓ 24-ഓ ദിവസത്തേക്ക് അത് ഈ ക്രമം പിൻപറ്റുന്നു. എന്നാൽ മാസത്തിലെ അവസാനത്തെ നാലഞ്ചു ദിവസം വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നു. ചില ദിവസങ്ങളിൽ ഒഴുക്കിന്റെ ദിശ മാറുകയേ ഇല്ല. മറ്റു ചില ദിവസങ്ങളിലാകട്ടെ അത് 14 പ്രാവശ്യം വരെ മാറിയേക്കാം!
പ്രതിഭാസത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമങ്ങൾ
എവ്റിപോസിലെ പ്രതിഭാസം ആയിരക്കണക്കിനു വർഷങ്ങളായി നിരീക്ഷകരെ കുഴക്കിയിരിക്കുന്നു. പൊ.യു.മു. നാലാം നൂറ്റാണ്ടിൽ ഈ പ്രഹേളികയുടെ ചുരുളഴിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിൽ നിരാശനായി അരിസ്റ്റോട്ടിൽ ഈ കടലിടുക്കിൽ ചാടി മരിച്ചു എന്ന ഒരു പരമ്പരാഗത വിശ്വാസം പ്രചാരത്തിലുണ്ട്. വാസ്തവത്തിൽ ആ കടലിടുക്കിൽ ചാടി ആത്മഹത്യ
ചെയ്യുന്നതിനു പകരം അദ്ദേഹം ചെയ്തത് മെറ്റെയോറോളോഷിക്കാ എന്ന തന്റെ കൃതിയിൽ കടലിടുക്കിലെ പ്രതിഭാസത്തിന് ഒരു വിശദീകരണം നൽകാൻ ശ്രമിക്കുകയായിരുന്നു. അദ്ദേഹം എഴുതി: “കടൽ ഈ ഇടുക്കിലൂടെ ഒഴുകുന്നതിന് ഇടയാക്കുന്നത് ചുറ്റുമുള്ള കരപ്രദേശം ആണെന്നു തോന്നുന്നു. കരയുടെ മുമ്പോട്ടും പിമ്പോട്ടുമുള്ള ചലനത്തിന്റെ ഫലമായി കടൽവെള്ളം ഒരു ചെറിയ ജലാശയത്തിൽനിന്ന് വലിയ ജലാശയത്തിലേക്ക് ഒഴുകുന്നു.” തിരമാലകളും ആ പ്രദേശത്ത് കൂടെക്കൂടെ ഉണ്ടാകുന്ന ഭൂകമ്പങ്ങളുമാണു കരയുടെ ചലനത്തിനു കാരണമാകുന്നത് എന്ന് അരിസ്റ്റോട്ടിൽ തെറ്റിദ്ധരിച്ചു. എന്നാൽ ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം, കടലിടുക്കിന്റെ “ഇരുവശങ്ങളിലെയും ജലനിരപ്പ് വ്യത്യസ്തമാണെന്ന്” ഗ്രീക്ക് ജ്യോതിശ്ശാസ്ത്രജ്ഞനായ എററ്റോസ്തെനിസ് തിരിച്ചറിഞ്ഞു. കടലിടുക്കിന്റെ ഇരു ഭാഗങ്ങളിലുമുള്ള ഉയര വ്യത്യാസമാണ് അതിലെ ജലപ്രവാഹങ്ങൾക്കു കാരണമെന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു.ഇന്നും എവ്റിപോസിലെ വേലിയേറ്റ-വേലിയിറക്കങ്ങളിലെ ക്രമരാഹിത്യം പൂർണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ അതിലെ സാധാരണ ഒഴുക്ക് കടലിടുക്കിന്റെ രണ്ട് അറ്റങ്ങളിലെയും ജലനിരപ്പിലെ വ്യത്യാസം മൂലം ഉണ്ടാകുന്നതാണെന്ന സംഗതി ഏതാണ്ട് വ്യക്തമാണ്. ഇത് ഉയർന്ന നിരപ്പിൽനിന്ന് വെള്ളം താഴ്ന്ന നിരപ്പിലേക്കു കുത്തിയൊഴുകുന്നതിന് ഇടയാക്കുന്നു. ജലനിരപ്പിലെ വ്യത്യാസം 40 സെന്റിമീറ്ററോളം ആയിരുന്നേക്കാം. അത് ഹാൽകിസ് പാലത്തിൽനിന്നു നോക്കിയാൽ തിരിച്ചറിയാൻ കഴിയും.
വ്യത്യാസം ഉള്ളത് എന്തുകൊണ്ട്?
ജലനിരപ്പിലെ വ്യത്യാസത്തിന് എന്തു വിശദീകരമാണ് ഉള്ളത്? കിഴക്കൻ മെഡിറ്ററേനിയനിൽനിന്ന് ഒഴുകിവരുന്ന വേലാ പ്രവാഹം (tidal stream) എവിയാ ദ്വീപിൽ എത്തുമ്പോൾ രണ്ടു ശാഖകളായി പിരിയുന്നു. പടിഞ്ഞാറൻ ശാഖ കടലിടുക്കിന്റെ തെക്കു ഭാഗത്തുകൂടി അതിലേക്ക് ഒഴുകി ചെല്ലുന്നു. എന്നാൽ കിഴക്കൻ ശാഖ ദ്വീപിനെ ചുറ്റി സഞ്ചരിച്ച ശേഷം മാത്രമാണ് വടക്കു ഭാഗത്തുകൂടി കടലിടുക്കിൽ പ്രവേശിക്കുന്നത്. ദൈർഘ്യം കൂടിയ ഈ സഞ്ചാരപാത കാരണം കിഴക്കൻ ശാഖ ഏതാണ്ട് ഒന്നേകാൽ മണിക്കൂർ വൈകിയാണ് എവ്റിപോസിൽ എത്തുന്നത്. അതുകൊണ്ട് കടലിടുക്കിന്റെ ഒരു വശത്തെ ജലനിരപ്പും തത്ഫലമായി ജലമർദവും മറുവശത്തേതിനെക്കാൾ വളരെ കൂടുതൽ ആയിരിക്കും. വർധിച്ച മർദം എവ്റിപോസിലൂടെയുള്ള ക്രമമായ വേലാ ജലപ്രവാഹങ്ങളുടെ ശക്തി വർധിപ്പിക്കുന്നു.
എന്നാൽ ക്രമംതെറ്റിയ ജലപ്രവാഹങ്ങൾക്ക് ഇടയാക്കുന്നത് എന്താണ്? ഭൂമിക്കു ചുറ്റുമുള്ള ചന്ദ്രന്റെ ഭ്രമണ കാലഘട്ടത്തിന്റെ ആദ്യത്തെ കാൽ ഭാഗത്തും അവസാന കാൽ ഭാഗത്തും സൂര്യന്റെ ആകർഷണശക്തി ചന്ദ്രന്റെ ആകർഷണശക്തിയെ പിന്തുണയ്ക്കുന്നതിനു പകരം അതിന് എതിരായാണു പ്രവർത്തിക്കുന്നത്. ചന്ദ്രൻ വേലിയിറക്കത്തിന് ഇടയാക്കാൻ ശ്രമിക്കുമ്പോൾ സൂര്യൻ വേലിയേറ്റത്തിന് ഇടയാക്കാൻ ശ്രമിക്കുന്നു. തത്ഫലമായി ഈ സമയങ്ങളിൽ കടലിടുക്കിന്റെ വടക്കു ഭാഗത്തെയും തെക്കു ഭാഗത്തെയും ജലനിരപ്പുകൾ തമ്മിലുള്ള വ്യത്യാസം കുറവായിരിക്കും. അപ്പോൾ ഒഴുക്കിന്റെ ശക്തിയും കുറയും. ചില സമയങ്ങളിൽ കാറ്റിന്റെ പ്രവർത്തനം കൂടെയാകുമ്പോൾ ഒഴുക്ക് പൂർണമായി നിലയ്ക്കുന്നു.
കടലിടുക്കിലെ ജലപ്രവാഹത്തിന്റെ രസകരവും നിഗൂഢവുമായ സ്വഭാവത്തെ കുറിച്ച് ഇനിയും പലതും പറയാനുണ്ട്. നിങ്ങൾ എപ്പോഴെങ്കിലും ഗ്രീസ് സന്ദർശിക്കുന്നെങ്കിൽ എവിയായിലേക്കു വരിക. ഇവിടെ വന്ന് എവ്റിപോസിലെ വേലിയേറ്റ-വേലിയിറക്കങ്ങളുടെ അത്ഭുതകരമായ പ്രതിഭാസം നേരിൽ കാണുക! (g02 9/22)
[18, 19 പേജുകളിലെ മാപ്പുകൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
മെഡിറ്ററേനിയൻകടൽ
ഈജിയൻകടൽ
എവിയാ
ഹാൽകിസ്
എവ്റിപോസ് കടലിടുക്ക്
ഗ്രീസ്
ഏഥൻസ്
[കടപ്പാട്]
Mountain High Maps® Copyright © 1997 Digital Wisdom, Inc.
[19-ാം പേജിലെ ചിത്രം]
എവ്റിപോസ് കടലിടുക്ക്, മുകളിൽനിന്ന് എടുത്ത ചിത്രം