ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
‘ലോകത്തിലേക്കും ചെറുത്’
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ ഹാരാഗ്വാ ദേശീയ പാർക്കിലെ ഗുഹകളിൽ വെറും രണ്ടു സെന്റിമീറ്റർ നീളമുള്ള “ലോകത്തിലെ ഏറ്റവും ചെറിയ പല്ലിവർഗ ജീവിയെ” കണ്ടെത്തിയിരിക്കുന്നു. “ശരീരത്തിലെ ജലാംശം തീരെ കുറഞ്ഞുപോകാനുള്ള സാധ്യതയാണ് അതു നേരിടുന്ന ഏറ്റവും വലിയ അപകടം. കാരണം, ശരീര പിണ്ഡത്തോടുള്ള താരതമ്യത്തിൽ അതിന്റെ വലിപ്പം വളരെ കൂടുതൽ ആണ്” എന്ന് ലണ്ടനിലെ ദ ടൈംസ് പറയുന്നു. “പല്ലിവർഗത്തിലെ മാത്രമല്ല 23,000 ഉരഗങ്ങളും പക്ഷികളും സസ്തനികളും അടങ്ങുന്ന ഉൽബിവർഗത്തിലെതന്നെ ഏറ്റവും ചെറിയ ജീവിയാണ് അത്.” വലിപ്പത്തിന്റെ കാര്യത്തിൽ അതിനോട് ഏതാണ്ട് സമാനതയുള്ള മറ്റൊരു പല്ലിവർഗ ജീവിയെ സമീപത്തുള്ള ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിലാണു കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. പത്രം കൂടുതലായി ഇങ്ങനെ പറയുന്നു: “കൂടാതെ, ലോകത്തിലെ ഏറ്റവും ചെറിയ പക്ഷിയായ അഞ്ചു സെന്റിമീറ്റർ നീളമുള്ള തേനീച്ച മൂളിപ്പക്ഷിയും ഈയക്കോൽ നീക്കം ചെയ്ത ഒരു പെൻസിലിന്റെ ദ്വാരത്തിലൂടെ നുഴഞ്ഞുപോകാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വണ്ണം കുറഞ്ഞ പാമ്പായ ആന്റിലിയൻ നൂൽപാമ്പും കരീബിയനു സ്വന്തമാണ്.”(g02 9/8)
പ്രവചനങ്ങളുടെ ദയനീയ പരാജയം
“ഭാവികഥനക്കാർ, ജ്യോതിഷക്കാർ, ദാർശനികർ എന്നിവരുടെ സംഘത്തിന് 2001 വീണ്ടും ദയനീയ പരാജയത്തിന്റെ ഒരു വർഷം ആയിരുന്നു” എന്ന് ജർമൻ വർത്തമാനപ്പത്രമായ സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് പറയുന്നു. ആ വർഷത്തെ പ്രവചനങ്ങൾ വിലയിരുത്തിയ ശേഷമാണ് ജർമനിയുടെ ഫോറം ഫോർ പാരാസയൻസസിലെ വിദഗ്ധർ ആ നിഗമനത്തിലെത്തിയത്. അതീന്ദ്രിയ ശക്തി ഉള്ളതായി അവകാശപ്പെട്ടവരാരും സെപ്റ്റംബർ 11-ലെ ആക്രമണങ്ങളോ അഫ്ഗാനിസ്ഥാനിലെ യുദ്ധമോ മുൻകൂട്ടി കണ്ടില്ല എന്നതായിരുന്നു ഒരു കാരണം. കൂടാതെ ജർമനിയിലെ സാമ്പത്തിക മാന്ദ്യം മുൻകൂട്ടി കാണാനും അവർക്കു കഴിഞ്ഞില്ല. മറിച്ച് അവർ ഭാവിയെ കുറിച്ച് ഏറെക്കുറെ ശുഭാപ്തിവിശ്വാസമുള്ളവർ ആയിരുന്നു. 2001-ൽ ലോകം “സമാധാനത്തിന്റെ ഒരു യുഗ”ത്തിലേക്കു പ്രവേശിക്കുമെന്നു പ്രവചിക്കാൻ പോലും ഒരു ദാർശനിക ധൈര്യപ്പെടുകയുണ്ടായി. മനുഷ്യ പ്രവചനങ്ങൾ അപൂർവമായി നിവൃത്തിയേറിയാൽത്തന്നെയും അവ ഏതൊക്കെ ആയിരിക്കുമെന്നു കൃത്യമായി മുൻകൂട്ടി പറയാൻ ആർക്കും കഴിയില്ല എന്നു പത്രം പറഞ്ഞു. അത് ഇങ്ങനെയും കൂട്ടിച്ചേർത്തു: “എന്നാൽ അനവധി തെളിവുകളുടെ അടിസ്ഥാനത്തിൽ ഇങ്ങനെ നിഗമനം ചെയ്യാം: തെറ്റു വരുത്തുക എന്നതു തികച്ചും മനുഷ്യസഹജമാണ്.”(g02 9/8)
മൊണാർക്ക് ചിത്രശലഭ ദുരന്തം
ജനുവരി മാസത്തിലെ ശൈത്യകാലത്ത് ഉണ്ടായ അതിശക്തമായ കാറ്റിനെയും മഴയെയും തുടർന്നു താപനില വളരെ കുറഞ്ഞത് മെക്സിക്കോയിലെ മൊണാർക്ക് ചിത്രശലഭങ്ങളുടെ ഏറ്റവും വലിയ രണ്ടു കോളനികളുടെ നാശത്തിൽ കലാശിച്ചു. ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തതനുസരിച്ച് “സ്യെറാ ചിങ്ക്വാ കോളനിയിലെ ചിത്രശലഭങ്ങളുടെ 74 ശതമാനവും റൊസാര്യോ കോളനിയിലെ 80 ശതമാനവും നശിച്ചതായി” ഗവേഷകർ കണക്കാക്കുകയുണ്ടായി. ചെറിയ ഏതാനും കോളനികൾ ഒഴിച്ചുനിറുത്തിയാൽ . . . കിഴക്കൻ ഐക്യനാടുകളിലെയും കാനഡയിലെയും പ്രജനനം നടത്തുന്ന മുഴു ചിത്രശലഭങ്ങളും ഉള്ളത് ഈ വലിയ കോളനികളിലാണ്.” 22 കോടിക്കും 27 കോടിക്കും ഇടയ്ക്ക് ചിത്രശലഭങ്ങൾ തണുത്തുമരവിച്ച് വൃക്ഷങ്ങളിലെ തങ്ങളുടെ വിശ്രമസ്ഥാനങ്ങളിൽനിന്നു ചത്തു വീണതിന്റെ ഫലമായി ചില സ്ഥലങ്ങളിൽ 30 സെന്റിമീറ്റർ കനത്തിൽ അവ നിലത്തെ മൂടി. ഈ നഷ്ടം ചിത്രശലഭങ്ങൾക്കു വംശനാശ ഭീഷണി ഉയർത്തുന്നില്ലെന്നു കരുതപ്പെടുന്നെങ്കിലും അവയുടെ എണ്ണം വളരെ കുറഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഭാവിയിൽ ഉണ്ടായേക്കാവുന്ന പ്രതികൂല കാലാവസ്ഥകളും രോഗങ്ങളും അവയെ ബാധിക്കാൻ ഇടയുണ്ടെന്ന് ഗവേഷകർ പറയുകയുണ്ടായി. എല്ലാ വസന്തകാലത്തും മൊണാർക്ക് ചിത്രശലഭങ്ങൾ കൂട്ടത്തോടെ മെക്സിക്കോയിൽനിന്നു വടക്കോട്ടു നടത്തുന്ന ദേശാന്തരഗമനങ്ങൾ ശ്രദ്ധേയമാണ്. അവ ദക്ഷിണ ഐക്യനാടുകളിൽ മുട്ടയിടുന്നു. പുതിയ ചിത്രശലഭങ്ങളുടെ രൂപാന്തരണം പൂർണമായിക്കഴിയുമ്പോൾ അവ ദേശാന്തരഗമനത്തിൽ പങ്കുചേരുകയും വേനൽക്കാലമാകുമ്പോഴേക്കും കാനഡ വരെ എത്തുകയും ചെയ്യുന്നു. (g02 9/8)
“കൃത്യതയുള്ളത് അതേസമയം കാവ്യാത്മകവും”
“മുൻ ധാരണകളിൽനിന്നു വ്യത്യസ്തമായി സാങ്കൽപ്പിക കഥകളെക്കാൾ അധികമായി വസ്തുതകൾ ഉൾക്കൊള്ളുന്ന” ഒരു ഗ്രന്ഥമാണു ബൈബിൾ എന്ന് ഫ്രഞ്ച് പ്രകൃതിമാസികയായ ടെർ സോവാഴ് പറയുന്നു. ബൈബിൾ ഒരു മതഗ്രന്ഥമാണെങ്കിലും അതിൽ “കൃത്യമായ ജന്തുശാസ്ത്ര നിരീക്ഷണങ്ങൾ” അടങ്ങിയിരിക്കുന്നതായി ഇസ്രായേലിലെ പ്രകൃതിശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു. പ്രകൃതിശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം “സങ്കീർത്തനവും സദൃശവാക്യങ്ങളും വളരെ വിലപ്പെട്ട വിവരങ്ങളുടെ ഉറവിടങ്ങളാണ് എന്ന് ലേഖനം പറഞ്ഞു.” അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഇയ്യോബിന്റെ പുസ്തകത്തിൽ . . . മലയാടിന്റെ ഗർഭകാലം, കാട്ടുകഴുതയുടെയും നീർക്കുതിരയുടെയും സ്വാഭാവിക പരിസ്ഥിതി എന്നിവയെ കുറിച്ചു കൃത്യതയുള്ളതും അതേസമയം കാവ്യാത്മകവുമായ വിവരണങ്ങൾ അടങ്ങിയിരിക്കുന്നു.”(g02 9/8)
“വിചിത്ര ജോഡി”
“സാധാരണഗതിയിൽ ഒരു സിംഹിയും ഓറിക്സ് കിടാവും തമ്മിലുള്ള ഏതൊരു ബന്ധവും ഏറെ നീണ്ടുനിൽക്കില്ല, എന്നു മാത്രമല്ല കിടാവിന്റെ മരണത്തിൽ കലാശിക്കുകയും ചെയ്യും” എന്നു ദി ഇക്കോണമിസ്റ്റ് പറയുന്നു. എന്നാൽ ഒരു സിംഹിയും ഓറിക്സ് കിടാവും സമാധാനപൂർവം അടുത്തടുത്തു കിടക്കുന്ന ഒരു ഫോട്ടോ ആ ലേഖനത്തോടൊപ്പം കൊടുത്തിരുന്നു. ലേഖനം തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഡിസംബർ 21-ാം തീയതി കെനിയയിലെ സാംബൂരൂ വന്യജീവി സങ്കേതത്തിലാണ് ഈ വിചിത്ര ജോഡിയെ അപ്രതീക്ഷിതമായി കണ്ടത്. . . . വന്യജീവികളുടെ ഫോട്ടോ എടുക്കുന്ന രണ്ടുപേർ ജനുവരി 6-ാം തീയതി മറ്റൊരു സിംഹം കിടാവിനെ കൊല്ലുന്നതു വരെ അവയെ പിന്തുടർന്ന് ക്യാമറയിൽ പകർത്തുകയുണ്ടായി.” ചില സമയങ്ങളിൽ പ്രസവാനന്തരം ഒരു ജന്തു മറ്റൊരു ജന്തുവിനെ സ്വന്തം കുഞ്ഞായി സ്വീകരിക്കാറുണ്ട്. അതിന് ഒരു ഉദാഹരണം ആയിരുന്നോ ഇവിടെ സംഭവിച്ചത്? അല്ലെന്നാണു തെളിവു സൂചിപ്പിക്കുന്നതെന്ന് ഇക്കോണമിസ്റ്റ് പറയുന്നു. “ഈ സംഭവത്തെ അങ്ങേയറ്റം അസാധാരണം ആക്കുന്ന പല ഘടകങ്ങൾ ഉണ്ട്: ഓറിക്സിന്റെ തള്ള അപ്പോഴും ജീവിച്ചിരിക്കുകയും കുഞ്ഞിനെ പാലൂട്ടുകയും ചെയ്യുന്നുണ്ടായിരുന്നു; സിംഹിക്കു വളരെ പ്രായം കുറവായിരുന്നു, തന്നെയുമല്ല ഒരിക്കൽപ്പോലും പ്രസവിച്ചിട്ടുള്ളതിന്റെ ലക്ഷണങ്ങളൊന്നും അതിൽ പ്രകടമായിരുന്നില്ല.” കൂടാതെ, “കിടാവ് സിംഹിയെ പിന്തുടരുകയായിരുന്നില്ല, സിംഹിയാണ് കിടാവിനെ പിന്തുടർന്നത് (ഉദാഹരണത്തിന് കിടാവ് പാൽ കുടിക്കാൻ അമ്മയുടെ അടുക്കൽ മടങ്ങിപ്പോകുമ്പോഴും മറ്റും).” ലേഖനം ഇങ്ങനെ ഉപസംഹരിച്ചു: “‘ഭക്ഷണം’ എന്ന ചിന്ത മനസ്സിൽ ഉണർത്തേണ്ടിയിരുന്ന ഒരു ജീവിയുമായി ബന്ധം സ്ഥാപിക്കാൻ അവൾ ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.”(g02 9/8)
കൊല്ലിത്തിമിംഗലങ്ങളെ ഭാഷാഭേദങ്ങൾ ആകർഷിക്കുന്നു
“ജീവിതകാലം മുഴുവനും ഒരു ചെറിയ പറ്റത്തിന്റെ ഇടയിൽത്തന്നെ കഴിയുന്ന കൊല്ലിത്തിമിംഗലങ്ങൾ അന്തഃപ്രജനനം ഒഴിവാക്കുന്നത് എങ്ങനെയാണ്?” കാനഡയുടെ ദ വാൻകൂവർ സൺ ചോദിക്കുന്നു. “ഏഴു വർഷത്തെ ജനിതക ഗവേഷണത്തെയും ബ്രിട്ടീഷ് കൊളംബിയയിൽനിന്നും അലാസ്കയിൽനിന്നും ശേഖരിച്ച 340 ഡിഎൻഎ സാമ്പിളുകളെയും അടിസ്ഥാനപ്പെടുത്തി ‘വാൻകൂവർ അക്വേറിയം’ സീനിയർ ശാസ്ത്രജ്ഞനായ ലാൻസ് ബാറിറ്റ്-ലെനാർഡ്, പെൺ തിമിംഗലങ്ങൾ മറ്റു പറ്റങ്ങളിൽനിന്നുള്ള ആൺ തിമിംഗലങ്ങളുമായേ ഇണ ചേരാറുള്ളൂ എന്നു കണ്ടെത്തിയിരിക്കുന്നു.” പക്ഷേ തങ്ങളുടെ പ്രദേശത്തിനു വെളിയിലുള്ള പറ്റങ്ങളിൽനിന്ന് അവ ഇണയെ തിരഞ്ഞെടുക്കാറില്ല. “ബന്ധുക്കൾക്കിടയിലെ ഇണചേരലിനു യാതൊരു തെളിവുമില്ല” എന്ന് ബാറിറ്റ്-ലെനാർഡ് പറയുന്നു. “വളരെ വ്യത്യസ്തമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന പറ്റങ്ങളിലെ തിമിംഗലങ്ങൾ തമ്മിലാണ് എല്ലായ്പോഴുംതന്നെ ഇണചേരൽ നടക്കുന്നത്.” “കൊല്ലിത്തിമിംഗലങ്ങൾ ആവുന്നത്ര അകന്ന ബന്ധുക്കളെയാണ് ഇണകളായി തിരഞ്ഞെടുക്കുന്നത്. മറ്റു തിമിംഗലങ്ങൾ പുറപ്പെടുവിക്കുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കുകയും തങ്ങളുടേതിൽനിന്നു വളരെ വ്യത്യസ്തമായ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നവയുടെ കൂട്ടത്തിൽനിന്ന് ഇണകളെ തിരഞ്ഞെടുക്കുകയും ആയിരിക്കാം അവ ചെയ്യുന്നത്.1”(g02 9/22)
ഏറ്റവും വേഗം കൂടിയ റോളർ കോസ്റ്റർ
“ഫൂജീക്യൂ ഹൈലൻഡ് അമ്യൂസ്മെന്റ് പാർക്കിൽ ലോകത്തിലെ ഏറ്റവും വേഗം കൂടിയ റോളർ കോസ്റ്റർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു” എന്ന് ഐഎച്ച്റ്റി ആസാഹി ഷിമ്പൂൻ എന്ന ജാപ്പനീസ് പത്രം റിപ്പോർട്ടു ചെയ്യുന്നു. “വെറും രണ്ടു സെക്കൻഡിൽ കുറഞ്ഞ സമയംകൊണ്ട് നിശ്ചലമായ അവസ്ഥയിൽനിന്ന് മണിക്കൂറിൽ 172 കിലോമീറ്റർ വേഗത്തിലെത്തുന്ന സവാരി ലോലഹൃദയർക്ക് ഉള്ളതല്ല. ഒരു റോക്കറ്റിൽനിന്ന് എടുത്തെറിയപ്പെടുന്നതു പോലുള്ള അനുഭവമാണ് അത്. സാധാരണഗതിയിൽ പോർവിമാന പൈലറ്റുകൾക്കു മാത്രം അനുഭവവേദ്യമാകുന്ന ഗുരുത്വാകർഷണ ബലം ഇതിലെ സവാരിക്കാർക്ക് അനുഭവപ്പെടുന്നു.” ഈ റോളർ കോസ്റ്റർ നിർമിച്ച കമ്പനിയുടെ പ്രോജക്റ്റ് ഡയറക്ടർ ഹിത്ത് റോബർട്ട്സൺ ഇങ്ങനെ പറഞ്ഞു: “പറന്നുയരുന്ന ഒരു വിമാനത്തിന്റെ ബലം ഗുരുത്വാകർഷണത്തിന്റെ 2.5 ഇരട്ടിയോളം ആണ്. എന്നാൽ ഇതിന്റേത് 3.6 ഇരട്ടി വരും.” “ചെറിയ വിമാനങ്ങളുടെ ചക്രങ്ങൾക്കു സമാനമായവ” ആണ് റോളർ കോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. അതുപോലെ ഇതു പ്രവർത്തിക്കുന്നത് 50,000 കുതിരശക്തി ഉത്പാദിപ്പിക്കുന്ന മൂന്നു വായു കമ്പ്രസ്സറുകളുടെ ശക്തിയാലാണ്. “ചെറിയൊരു റോക്കറ്റിന്റേതിനു തുല്യമാണ് അത്.”(g02 9/22)
ഇന്ത്യയിൽ പുകവലിയുമായി ബന്ധപ്പെട്ട് ഹൃദ്രോഗങ്ങൾ
“[ഇന്ത്യയിലെ] സീനിയർ ഹൃദ്രോഗവിദഗ്ധർ ഹൃദയധമനീരോഗം ഉള്ളവരുടെ എണ്ണം വർധിച്ചു വരികയാണെന്ന് അഭിപ്രായപ്പെടുന്നതായി” മുംബൈ ന്യൂസ്ലൈൻ റിപ്പോർട്ടു ചെയ്യുന്നു. “ജാസ്ലോക്ക് ഹോസ്പിറ്റലിലെ ഹൃദ്രോഗ വിഭാഗം ഡയറക്ടർ ഡോ. അശ്വിൻ മെഹ്ത്താ പറയുന്നത് ഇന്ത്യക്കാരുടെ ജനിതക ഘടന അവർക്കു ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത വർധിപ്പിക്കുന്നു എന്നാണ്.” എന്നാൽ കൂടുതൽ കൂടുതൽ യുവജനങ്ങൾക്ക് ഇപ്പോൾ “വർധിച്ച പുകവലിയുടെ ഫലമായി ഹൃദയസംബന്ധമായ പ്രശ്നങ്ങൾ” ഉണ്ടാകുന്നു എന്നത് വിശേഷിച്ചും ആശങ്കാജനകമാണ്. അടിയന്തിര നടപടികൾ സ്വീകരിക്കാത്തപക്ഷം ലോകത്തിലെ ഏറ്റവുമധികം ഹൃദ്രോഗികൾ ഉള്ള രാഷ്ട്രമായിത്തീരും ഇന്ത്യ എന്ന് ബോംബെ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. പി. എൽ. തിവാരി കരുതുന്നു. ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിൽ 35-നും 49-നും ഇടയ്ക്കു പ്രായമുള്ള പുരുഷന്മാരുടെ 70-ലധികം ശതമാനവും പുകവലിക്കാരാണെന്ന് ദ ടൈംസ് ഓഫ് ഇൻഡ്യ പറയുന്നു. അതുപോലെ അവിടെ “വരുമാനം കുറഞ്ഞിരിക്കുമ്പോൾ പുകവലിയുടെ തോത് വർധിച്ചിരിക്കുന്നു” എന്ന് അതു പറയുന്നു. “വസ്ത്രം, പാർപ്പിടം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവയ്ക്കായി രാജ്യത്തെ ഓരോ വ്യക്തിയും [ശരാശരി] ചെലവഴിക്കുന്നതിന്റെ ഇരട്ടിയിൽ അധികം പണം [ഓരോ പുകവലിക്കാരനും] പുകവലിക്കായി ചെലവഴിക്കുന്നു.” ആ പണം ഭക്ഷണാവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ ഈ ദരിദ്ര രാഷ്ട്രത്തിലെ വികലപോഷിതരായ 105 ലക്ഷം ആളുകൾക്ക് ആവശ്യത്തിന് ആഹാരം ലഭ്യമാക്കാൻ കഴിയുമെന്നു കണക്കാക്കപ്പെടുന്നു. (g02 9/22)
ഉയരമുള്ള കെട്ടിടങ്ങൾക്ക് ഇപ്പോഴും ഡിമാൻഡ്
“ഇരട്ട ഗോപുരങ്ങളുടെ തകർച്ച ആർക്കിടെക്റ്റുകളെയും എഞ്ചിനീയർമാരെയും നടുക്കുകയും അവരിൽ ഭീതിദമായ ഒരു പുതിയ അവബോധം ഉൾനടുകയും ചെയ്തിരിക്കുന്നു” എന്ന് യു.എസ്.ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് പറയുന്നു. “താത്കാലികമായ ഒരു ഭയം ജനിച്ചിട്ടുണ്ടെങ്കിൽപ്പോലും അംബരചുംബികൾക്കുള്ള ഡിമാൻഡ് കുറയാൻ പോകുന്നില്ല.” ഒരു കാരണം, ചില പ്രദേശങ്ങളിൽ സ്ഥലത്തിനു തീപിടിച്ച വിലയാണ്. മാത്രമല്ല കിട്ടാനും വളരെ ബുദ്ധിമുട്ടാണ്. അതോടൊപ്പം തങ്ങളുടേതെന്ന നിലയിൽ അഭിമാനപൂർവം എടുത്തുകാട്ടാൻ കഴിയുന്ന എന്തെങ്കിലും ഉണ്ടായിരിക്കാൻ നഗരങ്ങൾ ആഗ്രഹിക്കുന്നു. വളരെ ഉയരം കൂടിയ കെട്ടിടങ്ങൾ പണിയുന്നത് “ഒരു പ്രദേശത്തിനു പ്രശസ്തി നേടിക്കൊടുക്കാനും ആധുനിക പ്രവണതകൾക്ക് ഒപ്പം നിൽക്കാനും മറ്റുമാണ്” എന്ന് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ച്ചർ ആൻഡ് പ്ലാനിങ്ങിന്റെ തലവൻ വില്യം മിച്ചെൽ പറയുന്നു. എന്നിരുന്നാലും കെട്ടിടങ്ങൾ എങ്ങനെ കൂടുതൽ സുരക്ഷിതമാക്കാം എന്നതു സംബന്ധിച്ച് ആർക്കിടെക്റ്റുകളുടെ ഇടയിൽ ഇപ്പോൾ വളരെയധികം ചർച്ചകൾ നടക്കുന്നുണ്ട്. സ്ഫോടനങ്ങളെ അതിജീവിക്കാൻ പറ്റിയ ഭിത്തികളും ജനാലകളും പണിതുകൊണ്ട് ആക്രമണത്തെ ചെറുക്കാൻ തക്കവണ്ണം കെട്ടിടങ്ങൾ സജ്ജമാക്കാൻ കഴിയും. എന്നാൽ ഇതൊക്കെ കെട്ടിടത്തിന്റെ ഭാരം കൂട്ടുകയും നിർമാണ ചെലവ് വളരെയധികം വർധിപ്പിക്കുകയും ചെയ്യും. ചൈനയിലെ നിർമാണ ചട്ടങ്ങൾ അനുസരിച്ച് ഓരോ 15-ാം നിലയും ഒഴിഞ്ഞു കിടക്കുന്ന തുറസ്സായ ഒരു “അഭയ നില”യായി പണിയേണ്ടതാണ്. മറ്റു ചിലയിടങ്ങളിലെ നിർമാണ ചട്ടങ്ങൾ അഗ്നിശമന പ്രവർത്തകരുടെ ഉപയോഗത്തിനായി മാത്രം കെട്ടിടത്തിന്റെ ഏറ്റവും മുകൾവരെ പോകുന്ന ഒരു എലിവേറ്റർ നിർമിക്കണമെന്നും പുക തങ്ങിനിൽക്കാതിരിക്കാൻ തക്കവണ്ണം വായു സമ്മർദം വർധിപ്പിച്ച സ്റ്റെയർകേസുകൾ ഉണ്ടായിരിക്കണമെന്നും നിഷ്കർഷിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ആയിത്തീർന്നേക്കാവുന്ന ഷാങ്ഹൈ ലോക സാമ്പത്തിക കേന്ദ്രത്തിന്റെ നിർമാതാക്കൾ ഇപ്പോൾത്തന്നെ കൂടുതലായ മുൻകരുതലുകൾ എടുക്കുകയാണ്. (g02 9/22)