സംഖ്യകളും നിങ്ങളും
സംഖ്യകളും നിങ്ങളും
സംഖ്യകൾക്ക് നിഗൂഢ അർഥം ഉണ്ടോ? “തീർച്ചയായും!” എന്നു ചിലർ പറയുന്നു. 2001 സെപ്റ്റംബർ 11-ന് നടന്ന ഭീകരാക്രമണങ്ങളെയാണ് അവർ അതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്.
“ആ വാർത്ത കേട്ട ഉടനെ ഞാൻ അന്നത്തെ തീയതി ശ്രദ്ധിച്ചു, 9-11-2001,” ഒരു സംഖ്യാജ്യോതിഷക്കാരി പറയുന്നു. സംഖ്യാജ്യോതിഷക്കാർ 11 എന്ന സംഖ്യയെ “മാസ്റ്റർ നമ്പരു”കളിൽ ഒന്നായാണ് പൊതുവേ കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ, സംഖ്യാജ്യോതിഷ പ്രേമികൾ 11 എന്ന “മാസ്റ്റർ നമ്പരി”ലേക്കു വിരൽചൂണ്ടുന്ന, തീവ്രവാദി ആക്രമണത്തോടു ബന്ധപ്പെട്ട വിവിധ കാര്യങ്ങളുടെ ഒരു പട്ടിക സമാഹരിച്ചിരിക്കുകയാണ്. അവർ കണ്ടെത്തിയ കാര്യങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഇത്:
■ ദുരന്തം ഉണ്ടായ തീയതി 9/11 ആയിരുന്നു. . . . 9 + 1 + 1 = 11.
■ വർഷത്തിലെ 254-ാമത്തെ ദിവസമായിരുന്നു സെപ്റ്റംബർ 11 . . . . 2 + 5 + 4 = 11.
■ നോർത്ത് ടവറിൽ ചെന്നിടിച്ച വിമാനം ഫ്ളൈറ്റ് 11 ആയിരുന്നു.
■ ആ വിമാനത്തിൽ യാത്ര ചെയ്തിരുന്നവരുടെ എണ്ണം 92 ആയിരുന്നു . . . . 9 + 2 = 11.
■ സൗത്ത് ടവറിൽ ചെന്നിടിച്ച വിമാനത്തിലെ യാത്രക്കാരുടെ എണ്ണം 65 ആയിരുന്നു. . . . 6 + 5 = 11.
■ ഇരട്ട ഗോപുരങ്ങൾക്ക് 11 എന്ന സംഖ്യയോടു സാദൃശ്യമുണ്ടായിരുന്നു.
■ ഇംഗ്ലീഷിൽ “New York City” എന്ന് എഴുതുമ്പോൾ അതിൽ 11 അക്ഷരങ്ങളുണ്ട്.
ആഫ്രിക്ക, ഏഷ്യ, അമേരിക്കകൾ എന്നിവിടങ്ങളിൽ പ്രചുരപ്രചാരം നേടിയിട്ടുള്ള ഒന്നാണ് സംഖ്യാജ്യോതിഷം—അക്കങ്ങൾ, അവയുടെ സംയോജനങ്ങൾ (combinations), സംഖ്യകളുടെ ആകെത്തുകകൾ എന്നിവയ്ക്ക് ഇതിൽ പ്രത്യേക അർഥം കൽപ്പിക്കപ്പെടുന്നു. സംഖ്യാജ്യോതിഷത്തിലേക്ക് ആളുകളെ ആകർഷിക്കുന്നത് എന്താണ്? പേരുകളിലെ അക്ഷരങ്ങളുടെ നിഗൂഢ അർഥം മനസ്സിലാക്കുന്നത്—ഇത് സംഖ്യാജ്യോതിഷത്തിന്റെ പ്രചാരംസിദ്ധിച്ച ഒരു വശമാണ്—ഒരാളുടെ “വ്യക്തിത്വം, പ്രകൃതം, ഗുണവിശേഷങ്ങൾ, ബലഹീനതകൾ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന”തായി ഒരു വെബ് സൈറ്റ് പറയുന്നു. അതു പറയുന്നതനുസരിച്ച്, നമ്മുടെ “ജനനത്തീയതിയെ” കുറിച്ചുള്ള പഠനം “നമ്മുടെ ജീവിത പന്ഥാവും അതിന്റെ സന്തോഷങ്ങളും സന്താപങ്ങളും എല്ലാം വെളിപ്പെടുത്തുന്നു.”
ഈ അവകാശവാദങ്ങൾ ശരിയാണോ? അതോ സംഖ്യകളെ കുറിച്ചുള്ള പ്രകൃത്യതീത പഠനത്തിൽ അപകടങ്ങൾ പതിയിരിപ്പുണ്ടോ? (g02 9/8)