ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
മാതൃധർമം “മാതൃധർമം—അതു നിർവഹിക്കാൻ അസാധാരണ ശേഷി ആവശ്യമോ?” (മേയ് 8, 2002) എന്ന ലേഖന പരമ്പരയ്ക്കു നന്ദി. ജോലിക്കാരായ അമ്മമാരെ അപേക്ഷിച്ച് വീട്ടമ്മമാർക്കു തിരക്കു കുറവാണെന്നാണു പലരും വിചാരിക്കുന്നത്. എന്നാൽ എല്ലാ അമ്മമാരും ജോലിക്കാരായ അമ്മമാരാണെന്നു മനസ്സിലാക്കാൻ നിങ്ങളുടെ ലേഖനം വായനക്കാരെ സഹായിച്ചു.
റ്റി. എം., ഐക്യനാടുകൾ (g02 11/22)
രണ്ടു കൊച്ചുകുട്ടികളുടെ മാതാവാണു ഞാൻ. മാസികയുടെ രണ്ടാം പേജിലെ സൂപ്പർവനിതയുടെ ചിത്രത്തിലാണ് ആദ്യമേതന്നെ എന്റെ കണ്ണുകളുടക്കിയത്. ആ ലേഖനം എത്രയും പെട്ടെന്നു വായിക്കാൻ ഞാനാഗ്രഹിച്ചു. ഇതിൽ ഒരു മാതാവിന്റെ ദിനചര്യയെ വളരെ തന്മയത്വത്തോടെ വിവരിച്ചിരിക്കുന്നു എന്ന് എനിക്കു പറയാൻ കഴിയും.
സി. എൽ., ജർമനി (g02 11/22)
ഞാൻ 12-വയസ്സുള്ള ഒരു പെൺകുട്ടിയാണ്. മാസിക കയ്യിൽ കിട്ടിയപ്പോഴേ ഞാനതു വായിച്ചു. എന്റെ മമ്മി എനിക്കും ഡാഡിക്കും വേണ്ടി എന്തെല്ലാം കാര്യങ്ങളാണു ചെയ്തുതരുന്നത് എന്ന് എനിക്കിപ്പോൾ മനസ്സിലാകുന്നു. ഞാനിപ്പോൾ മമ്മിയെ അതിയായി വിലമതിക്കുകയും കൂടുതൽ സഹായിക്കുകയും ചെയ്യുന്നുണ്ട്.
എ. എൽ., ഐക്യനാടുകൾ (g02 11/22)
രണ്ടു വർഷം മുമ്പ് എനിക്കൊരു ആൺകുട്ടി ജനിച്ചു. അതുവരെ ഒരു അംശകാല ജോലി ചെയ്തുകൊണ്ട് ഞാൻ മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെട്ടിരുന്നു. ഇപ്പോഴും ആ ജീവിതരീതിതന്നെ പ്രിയപ്പെടുന്നതുകൊണ്ട് ഒരു അമ്മയെന്ന റോളിൽ ഞാൻ എന്റെ ധർമം നന്നായി നിർവഹിക്കുന്നില്ല എന്ന് എനിക്കു തോന്നി. ഈ ലേഖനം വായിച്ചപ്പോൾ ഞാൻ അതു വേണ്ടവിധം നിർവഹിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പു കിട്ടി.
എസ്. റ്റി., ഇറ്റലി (g02 11/22)
വിശ്രമത്തിനു സമയം കണ്ടെത്തണം എന്നു നിങ്ങൾ പറഞ്ഞിരുന്നല്ലോ. അതേക്കുറിച്ച് ഞാനും ചിന്തിച്ചു തുടങ്ങിയിരുന്നു. ഈ ലേഖനങ്ങൾ വായിക്കുന്നതിനു മുമ്പുതന്നെ ഞാൻ അത് ചെയ്തു തുടങ്ങി. പക്ഷേ അങ്ങനെ വിശ്രമിക്കുന്നതിൽ എനിക്കു കുറ്റബോധം തോന്നിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സമനില പാലിക്കുന്നിടത്തോളം കുറ്റബോധം തോന്നേണ്ടതില്ല എന്നു മനസ്സിലാക്കാൻ സഹായിച്ചതിന് നന്ദി.
സി. സി., ഐക്യനാടുകൾ (g02 11/22)
തങ്ങളുടെ കഠിനാധ്വാനത്തെ മറ്റുള്ളവർ വേണ്ടത്ര വിലമതിക്കുന്നില്ല എന്ന് ചില അമ്മമാർക്കു തോന്നുന്നു. ഈ ലേഖനങ്ങൾ അവർക്ക് അർഹിക്കുന്ന ആദരവ് നൽകുക തന്നെ ചെയ്തു. നാലു കുട്ടികളുടെ മാതാവാണു ഞാൻ. ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് നന്നായി അറിയാം. കഠിനാധ്വാനികളായ അമ്മമാരെക്കുറിച്ച് ദിവ്യ നിശ്വസ്തതയിൽ രേഖപ്പെടുത്താൻ ശലോമോനിലൂടെ യഹോവ ഇടയാക്കിയത് എന്നെ ആശ്വസിപ്പിക്കുന്നു. എന്റെ പരമാവധി ചെയ്യാൻ അതെന്നെ പ്രേരിപ്പിക്കുന്നു.
ഇ. എസ്., ജർമനി (g02 11/22)
ഞാൻ ഒരു മൂന്നു വയസ്സുകാരിയുടെ അമ്മയാണ്. എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നതിനാൽ എനിക്കാകെ കുറ്റബോധം തോന്നുന്നു. എന്നാൽ ഇത്തരം വികാരങ്ങൾ എനിക്കു മാത്രമല്ല ഉള്ളത് എന്നറിയാൻ ഈ ലേഖനങ്ങൾ എന്നെ സഹായിച്ചു. എന്റെ അവസ്ഥ മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില നല്ല നിർദേശങ്ങളും അതിലുണ്ടായിരുന്നു.
കെ. ജെ., ഐക്യനാടുകൾ (g02 11/22)
മാസികയുടെ പുറംപേജിലെ കൊച്ചുകുട്ടി ഒരു ഹോട്ട് ഡോഗ് കഴിക്കുന്നതായി കാണിച്ചിരിക്കുന്നു. ഞാനും ഭാര്യയും കുട്ടികൾക്കായുള്ള സിപിആർ (ഹൃദയപുനർജീവന പരിപാടി) ക്ലാസ്സിൽ പങ്കെടുത്തു കഴിഞ്ഞതേ ഉള്ളൂ. കൊച്ചു കുട്ടികൾക്കും ശിശുക്കൾക്കും ഹോട്ട് ഡോഗ് കഴിക്കാൻ കൊടുക്കുമ്പോൾ ഒട്ടുമിക്കപ്പോഴും അത് തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സത്തിന് ഇടയാക്കുന്നതായി ഞങ്ങളുടെ അധ്യാപിക പറഞ്ഞു. കൊച്ചുകുട്ടികൾക്ക് ഹോട്ട് ഡോഗ് കഴിക്കാൻ കൊടുക്കുന്നതിനെ അവർ ശക്തമായി നിരുത്സാഹപ്പെടുത്തുകയും ചെയ്തു.
ജി. ഇ., ഐക്യനാടുകൾ (g02 11/22)
“ഉണരുക!”യുടെ പ്രതികരണം: ഹോട്ട് ഡോഗ് കഴിക്കുന്നതു കൊച്ചു കുട്ടികൾക്കും ശിശുക്കൾക്കും ശ്വാസതടസ്സം ഉണ്ടാക്കും എന്നതിനോടു ഞങ്ങൾ യോജിക്കുന്നു. എന്നാൽ ഞങ്ങളുടെ മാസികയുടെ പുറംചിത്രത്തിലെ കുട്ടിയുടെ കൈയിലിരിക്കുന്നത് ഒരു ക്യാരറ്റ് ആണ്.
ഭൂകമ്പങ്ങൾ “ഭൂകമ്പ അതിജീവകർ അനുഭവങ്ങൾ പങ്കുവെക്കുന്നു” എന്ന ലേഖന പരമ്പര ഞാൻ വായിച്ചു. (ഏപ്രിൽ 8, 2002) അതിൽ “7-ഓ അതിലധികമോ പരിമാണ തോതുള്ള ഭൂകമ്പങ്ങളുടെ എണ്ണത്തിൽ 20-ാം നൂറ്റാണ്ടിൽ ഉടനീളം ‘കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല’” എന്ന് ഒരു ഉറവിടത്തിൽനിന്ന് നിങ്ങൾ ഉദ്ധരിക്കുകയുണ്ടായി. എന്നാൽ, 1999 വേൾഡ് അൽമനേക്ക് കാണിക്കുന്നത്, 1990-കളിൽ ഭൂകമ്പങ്ങളുടെ എണ്ണത്തിൽ ഒരു വലിയ വർധന ഉണ്ടായിട്ടുണ്ട് എന്നാണ്.
എഫ്. എ., ഇറ്റലി (g02 11/08)
“ഉണരുക!”യുടെ പ്രതികരണം: 20-ാം നൂറ്റാണ്ടിൽ ഉടനീളം എത്ര കൂടെക്കൂടെ ഭൂകമ്പങ്ങൾ ഉണ്ടായി എന്നതു സംബന്ധിച്ച ഭൂകമ്പ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തെ ഞങ്ങൾ നിഷ്പക്ഷമായി ഉദ്ധരിക്കുക മാത്രമായിരുന്നു. ഭൂകമ്പങ്ങളുടെ എണ്ണത്തിൽ “കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല” എന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടെങ്കിൽത്തന്നെ, മത്തായി 24-ാം അധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രവചനം നമ്മുടെ നാളുകളിൽ നിവൃത്തിയേറുന്നു എന്ന വസ്തുത വ്യക്തമാക്കുകയായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. “വലിയ ഭൂകമ്പങ്ങൾ ഉണ്ടാകും” എന്നു മാത്രമേ യേശു പറഞ്ഞുള്ളൂ. —ലൂക്കൊസ് 21:11.