കോപ്പിയടിക്കുന്നതിൽ എന്താണു തെറ്റ്?
യുവജനങ്ങൾ ചോദിക്കുന്നു . . .
കോപ്പിയടിക്കുന്നതിൽ എന്താണു തെറ്റ്?
“കോപ്പിയടിക്കുന്നതു തെറ്റാണെന്ന് എല്ലാവർക്കും അറിയാം, പക്ഷേ അത് ചെയ്യാൻ എളുപ്പമാണ്.” —17 വയസ്സുള്ള ജിമ്മി.
പരീക്ഷ എഴുതുമ്പോൾ അടുത്തിരിക്കുന്ന സഹപാഠിയുടെ ഉത്തരക്കടലാസിലേക്ക് ഏറുകണ്ണിട്ടു നോക്കാനുള്ള പ്രവണത നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? എങ്കിൽ, നിങ്ങൾക്കു മാത്രമല്ല അങ്ങനെ തോന്നിയിട്ടുള്ളത്. 12-ാം ക്ലാസ്സിൽ പഠിക്കുന്ന ജെൻ സഹപാഠികളുടെ നിർലജ്ജമായ ഈ സ്വഭാവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “കോപ്പിയടിച്ചിട്ട്, അത് എങ്ങനെയാണ് ചെയ്തതെന്ന് അവർ വീമ്പിളക്കും.” അവൾ ഇങ്ങനെ തുടരുന്നു: “നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന മട്ടിലായിരിക്കും അവർ നിങ്ങളെ വീക്ഷിക്കുക.”
“ഉയർന്ന മാർക്കുകൾ കരസ്ഥമാക്കുന്ന” കൗമാരപ്രായക്കാരിൽ 80 ശതമാനവും കോപ്പിയടിച്ചിട്ടുണ്ടെന്നു സമ്മതിച്ചതായി ഐക്യനാടുകളിൽ നടത്തിയ ഒരു സർവേ കാണിക്കുന്നു. എന്നാൽ ഇവരിൽ 95 ശതമാനവും ഒരിക്കൽപ്പോലും പിടിക്കപ്പെട്ടിട്ടില്ല. മിഡിൽ സ്കൂളിലെയും ഹൈസ്കൂളിലെയും 20,000 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു സർവേ നടത്തിയശേഷം, ജോസഫ്സൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എത്തിക്സ് ഇങ്ങനെ അഭിപ്രായപ്പെട്ടു: “സത്യസന്ധതയും വിശ്വസ്തതയും മറ്റും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.” കോപ്പിയടി പോലുള്ള കള്ളത്തരങ്ങൾ ഇത്രയധികം വ്യാപകമാണ് എന്നറിഞ്ഞപ്പോൾ വിദ്യാഭ്യാസ പ്രവർത്തകർ അമ്പരന്നുപോയി! സ്കൂൾ ഡയറക്ടറായ ഗാരി ജെ. നീൽസിന്റെ അഭിപ്രായം, കാര്യത്തിന്റെ ഗൗരവം കുറേക്കൂടി എടുത്തുകാട്ടുന്നു. അദ്ദേഹം പറയുന്നു: “കള്ളത്തരം കാണിക്കാത്തവർ ന്യൂനപക്ഷമേയുള്ളൂ.”
മിക്ക മാതാപിതാക്കളും തങ്ങളുടെ കുട്ടികൾ സ്കൂൾ പ്രവർത്തനങ്ങളിൽ ശ്ലാഘനീയമായി പെരുമാറാൻ ആഗ്രഹിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, നിരവധി യുവജനങ്ങൾ പരീക്ഷയിൽ കള്ളത്തരം കാണിച്ചുകൊണ്ടു തങ്ങളുടെ സത്യസന്ധതയെ കളങ്കപ്പെടുത്തിയിരിക്കുന്നു. പുതിയ എന്തെല്ലാം രീതികളാണ് അവർ ഉപയോഗിക്കുന്നത്? ചില യുവജനങ്ങൾ കോപ്പിയടിക്കാൻ തുനിയുന്നത് എന്തുകൊണ്ടാണ്? നിങ്ങൾ ഇത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ചുള്ള കോപ്പിയടി
കോപ്പിയടിക്കാൻ വിദ്യാർഥികൾ ഇന്ന് പല മാർഗങ്ങൾ അവലംബിക്കുന്നുണ്ട്. ഗൃഹപാഠവും പരീക്ഷയുടെ ഉത്തരങ്ങളും മറ്റും കോപ്പിയടിക്കുന്നതിന് വിദ്യാർഥികൾ മുൻകാലങ്ങളിൽ സ്വീകരിച്ചിരുന്ന മാർഗങ്ങളും ഇക്കാലത്ത് ഉപയോഗിക്കുന്ന അത്യാധുനിക രീതികളും തമ്മിൽ അജഗജാന്തരമുണ്ട്. അതിന് ഉപയോഗിക്കുന്ന ഒരു ആധുനിക മാർഗം പേജറാണ്. ഉത്തരങ്ങൾ ദൂരെയുള്ള വ്യക്തിയിൽനിന്നും അറിയാനുള്ള സംവിധാനം ഇതിലുണ്ട്. സാധാരണ ഉള്ളതിനെക്കാൾ കൂടുതൽ വിവരങ്ങൾ മുൻകൂട്ടി പ്രോഗ്രാം ചെയ്തു വെക്കാൻ കഴിയുന്ന കാൽക്കുലേറ്ററുകളും ഇക്കൂട്ടർ ഉപയോഗപ്പെടുത്തുന്നു. വസ്ത്രത്തിൽ ഒളിപ്പിച്ചിരിക്കുന്ന കൊച്ചു ക്യാമറയിലൂടെ ചോദ്യങ്ങൾ അയച്ചുകൊണ്ട് മറ്റ് എവിടെയെങ്കിലും ഉള്ള വ്യക്തിയോടു സഹായം അഭ്യർഥിക്കാം. ഇൻഫ്രാറെഡ് തരംഗങ്ങൾ ഉള്ള ചില അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചു ക്ലാസ്സിന്റെ മറ്റൊരു ഭാഗത്തിരിക്കുന്ന സഹപാഠിക്കു സന്ദേശം അയയ്ക്കാം. ചില ഇന്റർനെറ്റ് സൈറ്റുകളിൽ എല്ലാ വിഷയങ്ങളുടെയും, പരീക്ഷയ്ക്കു വരുന്ന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ലഭ്യമാണ്!
പരീക്ഷയിൽ കള്ളത്തരങ്ങൾ കാണിക്കാനുള്ള വർധിച്ചു വരുന്ന ദുഷ്പ്രവണതയ്ക്ക് മാറ്റം വരുത്താൻ വിദ്യാഭ്യാസ പ്രവർത്തകർ ശ്രമിക്കുന്നുണ്ട്. പക്ഷേ അതത്ര എളുപ്പമല്ല. എന്തൊക്കെയാണ് കള്ളത്തരത്തിന്റെ പട്ടികയിൽ വരുന്നത് എന്നതു സംബന്ധിച്ചു വിദ്യാർഥികൾക്കും അധ്യാപകർക്കും വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. ഉദാഹരണത്തിന്, ഒരു പ്രോജക്ടിൽ ഒരുകൂട്ടം വിദ്യാർഥികൾ ഒന്നിച്ചു പ്രവർത്തിക്കുമ്പോൾ, സത്യസന്ധവും അല്ലാത്തതുമായ സഹകരണം
ഏതാണ് എന്നു വേർതിരിക്കുക പ്രയാസമായിരിക്കാം. ഇപ്രകാരം ഒന്നിച്ചു പ്രവർത്തിക്കുന്ന സാഹചര്യങ്ങളിൽ, ജോലിയെല്ലാം മറ്റുള്ളവരെക്കൊണ്ടു ചെയ്യിച്ച് മുതലെടുക്കുന്നവരും കുറവല്ല. “ചില വിദ്യാർഥികൾ കുഴിമടിയന്മാരാണ്, അവർ യാതൊന്നും ചെയ്യില്ല” എന്ന് ഒരു കമ്മ്യൂണിറ്റി കോളജ് വിദ്യാർഥിയായ യൂജി പറയുന്നു. “എന്നാൽ ഒരു ജോലിയും ചെയ്യാത്ത അവർക്ക് മറ്റുള്ളവർക്കൊപ്പം ഗ്രെയ്ഡും കിട്ടുന്നു. ഇതു ശരിക്കും വഞ്ചനയാണ്,” അവൻ കൂട്ടിച്ചേർക്കുന്നു.അവർ കള്ളത്തരം കാണിക്കുന്നത് എന്തുകൊണ്ട്?
ശരിയായ തയ്യാറാകൽ ഇല്ലാത്ത വിദ്യാർഥികളാണു മുഖ്യമായും ഇതിനു തുനിയുന്നത് എന്ന് ഒരു സർവേ കാണിക്കുന്നു. ചില വിദ്യാർഥികൾക്കു സ്കൂളിൽ കടുത്ത മത്സരത്തെ നേരിടേണ്ടിവരുന്നു. വേറെ ചിലർക്കാകട്ടെ, എത്ര മാർക്കു വാങ്ങിക്കൊണ്ടു ചെന്നാലും തൃപ്തിവരാത്ത മാതാപിതാക്കളിൽ നിന്നുള്ള നിരന്തര സമ്മർദവും ഉണ്ട്. അവരുടെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ തങ്ങൾക്കു വേറൊരു പോംവഴിയുമില്ലെന്നു കരുതി ഇക്കൂട്ടർ പരീക്ഷയുടെ സമയത്ത് കോപ്പിയടിക്കാൻ മുതിരുന്നു. 13 വയസ്സുള്ള സാം പറയുന്നു: “ഡാഡിക്കും മമ്മിക്കും മാർക്കാണ് പ്രധാനം. ‘കണക്കിന് എത്ര മാർക്ക് കിട്ടി? ഇംഗ്ലീഷിന് എത്ര മാർക്ക് കിട്ടി?’ എനിക്കതു കേൾക്കുന്നതേ ദേഷ്യമാണ്!”
ചിലരുടെ കാര്യത്തിൽ, നല്ല ഗ്രെയ്ഡുകൾ നേടാനുള്ള തുടർച്ചയായ സമ്മർദം കള്ളത്തരം കാണിക്കുന്നതിലേക്ക് അവരെ നയിച്ചേക്കാം. അമേരിക്കയിലെ കൗമാരപ്രായക്കാരുടെ സ്വകാര്യജീവിതം (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പഠനത്തിൽ സംതൃപ്തി കണ്ടെത്തുന്നതിനെ പ്രോത്സാഹിപ്പിക്കാതെ ഉയർന്ന ഗ്രെയ്ഡുകൾ വാരിക്കൂട്ടാൻ സമ്മർദം ചെലുത്തിക്കൊണ്ട് അസന്തുലിത വീക്ഷണം പുലർത്തുന്ന സമൂഹങ്ങളിൽ ബലികഴിക്കപ്പെടുന്നതു സത്യസന്ധതയാണ്.” മിക്ക വിദ്യാർഥികളും ഇതു ശരിവെക്കുന്നു. ഒരു വിഷയത്തിനു പോലും തോൽക്കാൻ ആരും ആഗ്രഹിക്കുകയില്ല. അപ്പോൾ പിന്നെ മുഴുവിഷയങ്ങൾക്കും തോറ്റാലുള്ള സ്ഥിതിയോ? “ചിലർക്കു തോൽക്കുന്ന കാര്യം ആലോചിക്കുന്നതേ പേടിയാണ്,” ഹൈസ്കൂൾ വിദ്യാർഥിയായ ജിമ്മി അഭിപ്രായപ്പെടുന്നു. “ഉത്തരം അറിയാമെങ്കിൽ പോലും അതു ശരിയാണെന്ന് ഉറപ്പാക്കാനായി അവർ കോപ്പിയടിക്കും.”
സത്യസന്ധതയുടെ നിലവാരങ്ങൾ ബലികഴിക്കാൻ തയ്യാറാകുന്ന ആളുകളുടെ എണ്ണം പെരുകി വരുന്നതിനാൽ ഇത്തരം കാര്യങ്ങൾ നിരുപദ്രവകരമായ സംഗതികളായി വീക്ഷിക്കപ്പെട്ടേക്കാം. ചിലപ്പോൾ അവ തികച്ചും പ്രയോജനകരമാണെന്നു പോലും തോന്നിയേക്കാം. “ഇന്നലെ പരീക്ഷയിൽ ഒരു കുട്ടി കോപ്പിയടിക്കുന്നതു ഞാൻ കണ്ടു,” 17 വയസ്സുള്ള ഗ്രെഗ് പറയുന്നു. “ഇന്നു പരീക്ഷ പേപ്പർ തിരിച്ചു കിട്ടിയപ്പോൾ ആ കുട്ടിക്കാണ് എന്നെക്കാൾ മാർക്ക്.” സമപ്രായക്കാർക്കിടയിൽ ഈ പ്രവണത സാധാരണമായതിനാൽ അങ്ങനെ ചെയ്യാൻ പലരും സ്വാധീനിക്കപ്പെടുന്നു. “മറ്റുള്ളവർ അതു ചെയ്യുന്നതുകൊണ്ടു താനും അങ്ങനെ ചെയ്യേണ്ടതാണ് എന്നു ചില വിദ്യാർഥികൾക്കു തോന്നുന്നു” എന്നു യൂജി പറയുന്നു. എന്നാൽ അതാണോ ശരി?
അപകടകരമായ ഒരു ശീലം
കോപ്പിയടിക്കുന്നതിനെ മോഷണത്തോട് ഉപമിക്കുക. പലരും മോഷ്ടിക്കുന്നു എന്നതുകൊണ്ട് അതു സ്വീകാര്യമായ ഒരു സംഗതി ആയിത്തീരുന്നുണ്ടോ? ‘തീർച്ചയായും ഇല്ല,’ പ്രത്യേകിച്ച് പണം നഷ്ടപ്പെടുന്നത് നിങ്ങൾക്കാണെങ്കിൽ മോഷണത്തെ നിങ്ങൾ ഒരിക്കലും അംഗീകരിക്കില്ല. കോപ്പിയടിക്കുന്നതിലൂടെ നമുക്ക് അർഹമല്ലാത്ത കാര്യങ്ങൾക്കുള്ള ബഹുമതിയാണ് നാം നേടുന്നത്—ഒരുപക്ഷേ, സത്യസന്ധമായി അധ്വാനിക്കുന്നവരെ മുതലെടുത്തുകൊണ്ടുപോലും. (എഫെസ്യർ 4:28) “അത് ഒട്ടും ശരിയല്ല,” അടുത്തയിടെ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ടോമി പറയുന്നു. “വാസ്തവത്തിൽ, [കോപ്പിയടിക്കുമ്പോൾ] അറിയില്ലാത്ത ഒരു കാര്യം അറിയാം എന്നു നാം പറയുകയാണു ചെയ്യുന്നത്. അതുകൊണ്ടുതന്നെ നമ്മൾ കള്ളം പറയുകയാണ്.” ഇതു സംബന്ധിച്ച ബൈബിളിന്റെ വീക്ഷണം കൊലൊസ്സ്യർ 3:9-ൽ വ്യക്തമായി കാണാവുന്നതാണ്. ‘അന്യോന്യം ഭോഷ്കു പറയരുത്’ എന്നു നാം അവിടെ വായിക്കുന്നു.
കോപ്പിയടി, മാറ്റാൻ ബുദ്ധിമുട്ടുള്ള ഒരു ദുശ്ശീലമായി മാറാനിടയുണ്ട്. “പരീക്ഷ ജയിക്കാൻ, പഠിക്കേണ്ട ആവശ്യം പോലുമില്ലെന്ന് ഇങ്ങനെയുള്ളവർ വിചാരിക്കുന്നു” എന്ന് ജെന്ന പറയുന്നു. “അവർ കോപ്പിയടിയിൽ ആശ്രയിക്കുന്നു, എന്നാൽ സ്വന്തം കാലിൽ നിൽക്കേണ്ട സാഹചര്യം വരുമ്പോൾ എന്തു ചെയ്യണം എന്ന് ഇക്കൂട്ടർക്ക് നിശ്ചയമില്ലാതെ വരുന്നു” അവൾ കൂട്ടിച്ചേർക്കുന്നു.
ഗലാത്യർ 6:7-ലെ തത്ത്വം ചിന്താർഹമാണ്: “മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.” സ്കൂളിൽ കോപ്പിയടിക്കുന്നതിന്റെ പരിണതഫലങ്ങൾ പലതാണ്. അതു മനസ്സാക്ഷിക്കുത്തിന് ഇടയാക്കും, കൂട്ടുകാർക്കു നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടും, പഠിക്കാനുള്ള അവസരങ്ങളൊന്നും നിങ്ങൾ ഉപയോഗിക്കാത്തതിനാൽ പഠനപ്രാപ്തികൾ മുരടിക്കും. കാൻസർ ക്രമേണ ഒരുവനെ മരണത്തിലേക്കു നയിക്കുന്നതു പോലെ, കള്ളത്തരം കാട്ടാനുള്ള ഈ പ്രവണത ജീവിതത്തിന്റെ മറ്റു തലങ്ങളിലേക്കും പടരും. മാത്രമല്ല, മറ്റുള്ളവരുമായുള്ള നിങ്ങളുടെ വിലയേറിയ ബന്ധത്തെ അതു മുറിപ്പെടുത്തും. അതിലുപരി, കള്ളത്തരത്തെ വെറുക്കുന്ന യഹോവയാം ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ അതു പ്രതികൂലമായി ബാധിക്കും.—സദൃശവാക്യങ്ങൾ 11:1.
കോപ്പിയടിക്കുന്നവർ സ്വയം വഞ്ചിക്കുകയാണ്. (സദൃശവാക്യങ്ങൾ 12:19) ഇക്കൂട്ടർ തങ്ങളുടെ പ്രവൃത്തികളാൽ പുരാതന യെരൂശലേമിലെ അഴിമതിക്കാരായ ഭരണാധികാരികളെ അനുകരിക്കുകയാണു ചെയ്യുന്നത്: “ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു.” (യെശയ്യാവു 28:15) എന്നിരുന്നാലും, കള്ളത്തരം കാണിക്കുന്നവനു തന്റെ പ്രവൃത്തി ദൈവദൃഷ്ടിയിൽ നിന്ന് ഒളിക്കാൻ സാധ്യമല്ല.—എബ്രായർ 4:13.
കള്ളത്തരം കാണിക്കരുത്!
കോപ്പിയടി പോലുള്ള കള്ളത്തരം കാണിക്കുന്നതിനു മിക്ക ചെറുപ്പക്കാരും നല്ല ശ്രമം ചെയ്യുന്നു, അവർക്കതിനു സാമർഥ്യവും ഉണ്ട്. എന്നാൽ ഈ സംഗതികൾ സത്യസന്ധമായി പഠനകാര്യങ്ങളിലേക്കു തിരിച്ചു വിടുകയാണെങ്കിൽ അത് എത്ര നന്നായിരിക്കും. 18 വയസ്സുള്ള എബി പറയുന്നു: “കോപ്പിയടിക്കാൻ കാട്ടുന്ന ശ്രദ്ധ പഠിക്കാൻ കാട്ടിയിരുന്നെങ്കിൽ ഇവർക്കു വളരെ നല്ല ഗ്രെയ്ഡുകൾ കരസ്ഥമാക്കാനാകുമായിരുന്നു.”
കോപ്പിയടിക്കാനുള്ള പ്രലോഭനം ശക്തമായിരിക്കാമെന്നതു ശരിതന്നെ. പക്ഷേ, ധാർമികതയെ അപകടപ്പെടുത്തുന്ന ഈ ചതിക്കുഴി നിങ്ങൾ ഒഴിവാക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 2:10-15) നിങ്ങൾക്ക് അത് എങ്ങനെ ചെയ്യാൻ കഴിയും? ഒന്നാമതായി, നിങ്ങൾ എന്തിനാണു സ്കൂളിൽ ആയിരിക്കുന്നത് എന്നു ചിന്തിക്കുക. പഠിക്കാനാണ് അല്ലേ? ഭാവിയിൽ നമുക്ക് ആവശ്യമില്ലാത്ത പല കാര്യങ്ങളും നാം സ്കൂളിൽ പഠിക്കുന്നുണ്ടായിരിക്കാം. അതുകൊണ്ട് അതെല്ലാം ഞാൻ എന്തിനു പഠിക്കണം, വെറുതേ കോപ്പിയടിച്ചാൽ പോരേ എന്നു വിചാരിക്കുന്നത് ഉചിതമല്ല. കാരണം പുതിയ കാര്യങ്ങൾ പഠിക്കാനും പഠിച്ച കാര്യങ്ങൾ പ്രായോഗികമാക്കാനും ഉള്ള പ്രാപ്തിയെ ആണ് നാം അതിലൂടെ തടസ്സപ്പെടുത്തുന്നത്. കാര്യങ്ങൾ നന്നായി ഗ്രഹിക്കണമെങ്കിൽ ശ്രമം കൂടിയേ തീരൂ. അതിനു ചില കാര്യങ്ങൾ ചെയ്യേണ്ടതുമുണ്ട്. ബൈബിൾ ഇപ്രകാരം പറയുന്നു: “സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.” (സദൃശവാക്യങ്ങൾ 23:23) പഠനത്തെയും പരീക്ഷയ്ക്കു തയ്യാറാകുന്നതിനെയും ഗൗരവത്തോടെ എടുക്കുക. “പരീക്ഷയ്ക്കു മുമ്പു നന്നായി പഠിക്കുക, അങ്ങനെയാകുമ്പോൾ ഉത്തരം അറിയാം എന്നുള്ള ആത്മവിശ്വാസം നിങ്ങൾക്കുണ്ടാകും,” ജിമ്മി പറയുന്നു.
ചിലപ്പോൾ എല്ലാ ഉത്തരവും നിങ്ങൾക്കറിയില്ലായിരിക്കാം, തത്ഫലമായി മാർക്കു കുറഞ്ഞു പോകുകയും ചെയ്തേക്കാം. എന്നിരുന്നാലും, നിങ്ങളുടെ തത്ത്വങ്ങളിൽ നിങ്ങൾ വിട്ടുവീഴ്ച കാണിക്കുന്നില്ലെങ്കിൽ, പുരോഗതി കൈവരിക്കാൻ എന്തു ചെയ്യണമെന്നു നിങ്ങൾക്കു കാണാൻ കഴിഞ്ഞേക്കും.—സദൃശവാക്യങ്ങൾ 21:5.
കോപ്പിയടിക്കുന്നതിനു കൂട്ടുനിൽക്കാൻ സഹപാഠികൾ സമ്മർദം ചെലുത്തുമ്പോൾ യഹോവയുടെ സാക്ഷികളിൽ ഒരാളായ യൂജി എന്തു ചെയ്യുന്നു എന്നു ശ്രദ്ധിക്കുക: “ഞാൻ ഒരു സാക്ഷിയാണെന്ന് ആദ്യംതന്നെ അവരോടു പറയും.” അവൻ തുടരുന്നു. “അതെന്നെ വളരെ സഹായിച്ചു. കാരണം യഹോവയുടെ സാക്ഷികൾ സത്യസന്ധരാണെന്ന് അവർക്ക് അറിയാം. പരീക്ഷയ്ക്കിടയിൽ ആരെങ്കിലും ഉത്തരം പറഞ്ഞുതരാൻ ആവശ്യപ്പെട്ടാൽ, അപ്പോൾത്തന്നെ ഞാൻ ഇല്ല എന്നു പറയും. പിന്നീട്, ഞാൻ അങ്ങനെ ചെയ്യാത്തത് എന്തുകൊണ്ടാണെന്നു വിശദീകരിക്കും.”
എബ്രായർക്കുള്ള അപ്പൊസ്തലനായ പൗലൊസിന്റെ വാക്കുകളോടു യൂജി യോജിക്കുന്നു: ‘ഞങ്ങൾ സകലത്തിലും നല്ലവരായി നടപ്പാൻ ഇച്ഛിക്കുന്നു.’ (എബ്രായർ 13:18) സത്യസന്ധതയുടെ ഉന്നത നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുകയും കോപ്പിയടിയിലൂടെ തത്ത്വങ്ങളിൽ വിട്ടുവീഴ്ച കാണിക്കാതിരിക്കുകയും ചെയ്യുന്നു എങ്കിൽ, അതു നിങ്ങൾക്കു കിട്ടുന്ന ഗ്രെയ്ഡുകൾക്ക് യഥാർഥ മൂല്യം നൽകും. അങ്ങനെ, സ്കൂളിൽനിന്നു നിങ്ങൾ കൊണ്ടുവരുന്ന, ക്രിസ്തീയ നിഷ്പക്ഷതയ്ക്കുള്ള ആ തെളിവാണ് മാതാപിതാക്കൾക്കു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം. (3 യോഹന്നാൻ 4) മാത്രമല്ല, നിങ്ങൾക്ക് ഒരു ശുദ്ധമനസ്സാക്ഷി ആസ്വദിക്കാനാകും, ഒപ്പം, യഹോവയാം ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു എന്ന് അറിയുന്നതിന്റെ ആനന്ദവും നിങ്ങൾക്ക് ഉണ്ടായിരിക്കും.—സദൃശവാക്യങ്ങൾ 27:11.
കോപ്പിയടി എത്ര സർവസാധാരണമാണെങ്കിലും അത് ഒഴിവാക്കുക. അങ്ങനെ ചെയ്യുമ്പോൾ മറ്റുള്ളവരുമായി നിങ്ങൾക്കുള്ള ആ നല്ല ബന്ധത്തെ നിലനിറുത്താൻ നിങ്ങൾക്കു കഴിയും. ഏറ്റവും പ്രധാനമായി, സത്യത്തിന്റെ ദൈവമായ യഹോവയുമായുള്ള നിങ്ങളുടെ ബന്ധവും സുദൃഢമാകും.—സങ്കീർത്തനം 11:7; 31:5. (g03 1/22)
[14-ാം പേജിലെ ആകർഷക വാക്യം]
കോപ്പിയടിക്കുന്ന വ്യക്തി താൻ മോഷ്ടിക്കുകയാണ് എന്നു പലപ്പോഴും തിരിച്ചറിയുന്നില്ല
[14-ാം പേജിലെ ആകർഷക വാക്യം]
കോപ്പിയടി കൂടുതൽ ഗൗരവമേറിയ കള്ളത്തരങ്ങൾ കാണിക്കുന്നതിലേക്കു നയിച്ചേക്കാം
[15-ാം പേജിലെ ആകർഷക വാക്യം]
കള്ളത്തരം കാണിക്കുന്ന വ്യക്തിക്കു ദൈവമുമ്പാകെ ഒന്നും ഒളിക്കാൻ സാധ്യമല്ല
[15-ാം പേജിലെ ചിത്രം]
പരീക്ഷയ്ക്കു മുമ്പ് നന്നായി പഠിക്കുന്നത് നിങ്ങൾക്ക് ആത്മവിശ്വാസം നൽകും