നിങ്ങളുടെ ഷൂസ് ധരിക്കാൻ സുഖപ്രദമാണോ?
നിങ്ങളുടെ ഷൂസ് ധരിക്കാൻ സുഖപ്രദമാണോ?
“ഷൂവിന്റെ ഏതു ഭാഗമാണ് ഇറുകിയിരിക്കുന്നതെന്ന് ഏറ്റവും നന്നായി അറിയാവുന്നത് അതു ധരിച്ചിരിക്കുന്ന ആൾക്കാണ്.”—ഒരു റോമൻ പണ്ഡിതന്റേതെന്നു കരുതപ്പെടുന്ന വാക്കുകൾ.
അവസാനമായി നിങ്ങൾ ഒരു ജോഡി ഷൂസ് വാങ്ങിയത് എപ്പോഴാണ്? അവ ധരിക്കാൻ സുഖപ്രദമായിരുന്നോ? അവ തിരഞ്ഞെടുക്കാൻ നിങ്ങൾ എത്ര നേരമെടുത്തു? കടയിലെ ജീവനക്കാരൻ അഥവാ ഫിറ്റർ നിങ്ങൾക്ക് എത്രത്തോളം സഹായമായിരുന്നു? ധരിക്കുമ്പോഴുള്ള സുഖത്തെക്കാൾ അവയുടെ സ്റ്റൈൽ നോക്കിയാണോ നിങ്ങൾ അവ വാങ്ങിയത്? കുറച്ചുനാൾ അത് ഉപയോഗിച്ച സ്ഥിതിക്ക് ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു? ഷൂസിന്റെ ഏതെങ്കിലും ഭാഗം ഇറുകിയിരിപ്പുണ്ടോ?
ഷൂസ് വാങ്ങുക എന്നത് ഒരു നിസ്സാര കാര്യമല്ല. ശരിയായ അളവിലുള്ളവ കണ്ടുപിടിക്കുക എന്നത് വളരെ സങ്കീർണവും ചിന്താക്കുഴപ്പം ഉണ്ടാക്കുന്നതുമായ കാര്യമാണ്. എന്തുകൊണ്ടാണത്?
ഒത്ത പാകമുള്ളത് വാങ്ങൽ
ഒന്നാമതായി, നിങ്ങളുടെ ഏതു പാദമാണ് വലുത്? ഇടത്തേതോ വലത്തേതോ? രണ്ടിനും ഒരേ വലിപ്പമാണെന്നു നിങ്ങൾ കരുതുന്നുണ്ടോ? എങ്കിൽ ഒരിക്കൽക്കൂടി ചിന്തിക്കുക! കണക്കിലെടുക്കേണ്ട മറ്റൊരു ഘടകം, ഓരോ പാദത്തിനും നാലു തരത്തിലുള്ള പാകം ഉണ്ടെന്നുള്ളതാണ്. വിശ്രമാവസ്ഥയിലുള്ളത്, ഭാരം താങ്ങുമ്പോഴുള്ളത്, ചലനാവസ്ഥയിലായിരിക്കുമ്പോഴുള്ളത്, താപനിലയ്ക്ക് അനുസരണമായിട്ടുള്ളത് എന്നിവയാണ് അവ. ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?
വിശ്രമാവസ്ഥയിലുള്ള പാകത്തെ കുറിച്ച് പ്രൊഫഷണൽ ഷൂ ഫിറ്റിങ് എന്ന പുസ്തകം ഇപ്രകാരം പറയുന്നു: “പാദം സ്വസ്ഥമായിരിക്കുമ്പോഴുള്ള (ഉപഭോക്താവ് ഇരിക്കുമ്പോഴുള്ള) ഷൂവിന്റെ പാകം ആണ് ഇത്.” “ഭാരം താങ്ങുമ്പോഴുള്ളത്” എന്ന പദം സൂചിപ്പിക്കുന്നതുപോലെ, ഒരു വ്യക്തി നിൽക്കുമ്പോഴാണ് ഇത് അളക്കുന്നത്. ഈ നില പാദത്തിന്റെ വലിപ്പത്തിനും ആകൃതിക്കും മാറ്റം വരുത്തുന്നു. മേലുദ്ധരിച്ച പരാമർശ ഗ്രന്ഥം ഇങ്ങനെ പ്രസ്താവിക്കുന്നു: “സ്വസ്ഥമായിരിക്കുന്ന ഒരു പാദം അസ്ഥികളും തരുണാസ്ഥികളും ഉള്ള ഒരു അയഞ്ഞ സഞ്ചിയാണ്. ഭാരം താങ്ങുമ്പോൾ പെട്ടെന്നുതന്നെ അത് വലിഞ്ഞുമുറുകി പാദത്തിന്റെ അളവിനു വ്യത്യാസം വരുന്നു.” എന്നാൽ ഇനിയുമുണ്ട് രണ്ടുതരം.
ചലനാവസ്ഥയിൽ ആയിരിക്കുമ്പോൾ അതായത് നടക്കുകയും ഓടുകയും ചാടുകയും മറ്റു വ്യായാമങ്ങളിൽ ഏർപ്പെടുകയും ചെയ്യുമ്പോഴുള്ളതാണ് ചലനാവസ്ഥയിൽ ആയിരിക്കുമ്പോഴുള്ള പാകം. ഇതു “പാദത്തിന്റെ വലിപ്പത്തിലും ആകൃതിയിലും അനുപാതങ്ങളിലും വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ഈ വ്യതിയാനങ്ങൾ
ഓരോ ചലനാവസ്ഥയിലും വ്യത്യസ്തമായിരിക്കും.” നാലാമത്തേത് താപനിലയ്ക്ക് അനുസരണമായിട്ടുള്ള പാകം ആണ്. ചൂട്, നനവ്, അന്തരീക്ഷത്തിലെ ഈർപ്പം എന്നിവയുടെ ഫലമായി പാദത്തിനുണ്ടാകുന്ന വ്യതിയാനങ്ങളെയാണ് ഇതു പരാമർശിക്കുന്നത്. പാദം 5 ശതമാനം കണ്ട് വികസിക്കാൻ ഇവ ഇടയാക്കിയേക്കാം. ദിവസവും വൈകുന്നേരം കാലിൽനിന്ന് ഷൂസ് ഊരിക്കഴിയുമ്പോൾ നിങ്ങൾക്കു വലിയ ആശ്വാസം തോന്നുന്നെങ്കിൽ അതിശയിക്കാനില്ല, പ്രത്യേകിച്ചും പാദത്തിന് ഇണങ്ങാത്ത ഷൂസ് ആണ് ധരിക്കുന്നതെങ്കിൽ! മിക്കപ്പോഴും അതാണ് സംഭവിക്കുന്നതും.പാദം അളക്കുന്നത് എങ്ങനെ?
പത്തരയോ പതിനൊന്നോ സൈസിന്റെ ഇടത്തരം വീതിയുള്ള ഷൂസാണ് എറിക് വർഷങ്ങളായി വാങ്ങിച്ചുകൊണ്ടിരുന്നത്. ആ കാലമത്രയും അദ്ദേഹത്തിന് കീഴ്പോട്ടു മടങ്ങിയിരിക്കുന്ന ഒരു കാൽവിരലിൽ തഴമ്പ് ഉണ്ടായിരുന്നു. മാത്രമല്ല, ഇടതുപെരുവിരലിലെ നഖം അകത്തേക്കു വളരുകയും ചെയ്തിരുന്നു. ഒരു ഷൂ ഫിറ്ററെക്കൊണ്ട് പാദങ്ങളുടെ അളവ് എടുപ്പിക്കാൻ പാദരോഗഡോക്ടർ അദ്ദേഹത്തോടു നിർദേശിച്ചു. ഷൂസ് തനിക്ക് സുഖപ്രദമാകണമെങ്കിൽ 12 1/2 സൈസും A വീതിയും ഉള്ളതായിരിക്കണം എന്നു മനസ്സിലാക്കിയപ്പോൾ എറിക് അതിശയിച്ചുപോയി! വീതി കുറഞ്ഞ പാദത്തെയാണ് “A” സൂചിപ്പിക്കുന്നത്. എന്നാൽ ഷൂസ് സുഖപ്രദമാണെന്ന് ഉറപ്പുവരുത്താൻ രണ്ട് രേഖീയ അളവുകൾ, അതായത് നീളവും വീതിയും മാത്രം മതിയോ? പാദത്തിന്റെ അളവെടുക്കേണ്ടത് എങ്ങനെയാണ്?
പാദങ്ങളുടെ സൈസ് നിശ്ചയിക്കാനായി ചില രാജ്യങ്ങളിൽ സാധാരണമായി ഉപയോഗിച്ചുവരുന്നത് ബ്രാന്നോക് എന്ന ഉപകരണമാണ്. (ചിത്രം കാണുക.) പിൻവരുന്ന മൂന്ന് അടിസ്ഥാന അളവുകൾ എടുക്കാനായി ഇത് ഉപയോഗിക്കാവുന്നതാണ്: പാദത്തിന്റെ ആകമാന നീളം, ഉപ്പൂറ്റി മുതൽ ഗോളസന്ധി (ball joint) വരെയുള്ള അകലം, പാദ ഗോളത്തിന്റെ വീതി (ball width). എന്നാൽ ഓരോ പാദത്തിനും തനതായ ആകൃതിയും വ്യാപ്തവുമുണ്ട്. വ്യക്തമായ ആ കാരണത്താൽത്തന്നെയാണ് വാങ്ങുന്നതിനു മുമ്പ് നാം ഷൂസ് ഇട്ടുനോക്കുന്നത്. ഇവിടെ ഒരു കെണി ഒളിഞ്ഞിരിപ്പുണ്ട്. വളരെ ഇഷ്ടപ്പെട്ട ഷൂസ് ഇട്ടുനോക്കുമ്പോൾ അൽപ്പം ഇറുകിയിരിക്കുന്ന അനുഭവം നിങ്ങൾക്ക് എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? “അവ അയഞ്ഞുകൊള്ളും” എന്നു കടക്കാരൻ പറയുന്നു. നിങ്ങൾ അവ വാങ്ങുന്നു. എന്നാൽ ഏതാനും ദിവസമോ ആഴ്ചയോ ഉപയോഗിച്ചു കഴിയുമ്പോൾ അതു വാങ്ങേണ്ടായിരുന്നു എന്നു നിങ്ങൾക്ക് തോന്നിത്തുടങ്ങുന്നു. ഈ ഷൂസ് നിങ്ങളുടെ അടുത്ത തഴമ്പിനോ പെരുവിരൽ വീക്കത്തിനോ തുടക്കമിടുകയോ നഖം അകത്തേക്കു വളരാൻ ഇടയാക്കുകയോ ചെയ്യും!
പൂർണമായും ചേരുന്നത് നിങ്ങൾക്കു ലഭിക്കുന്നുണ്ടോ?
പൂർണമായും ചേരുന്ന ഷൂസ് കണ്ടെത്തുക സാധ്യമാണോ? ‘അല്ല’ എന്ന് പ്രൊഫഷണൽ ഷൂ ഫിറ്റിങ് എന്ന ഗ്രന്ഥം തുറന്നു പറയുന്നു. എന്തുകൊണ്ടാണത്? “തരണം ചെയ്യാനാവാത്ത നിരവധി പ്രതിബന്ധങ്ങളാണ് അതിനു കാരണം. . . . ആരുടെയും കാര്യത്തിൽ രണ്ടു പാദങ്ങളുടെയും വലിപ്പവും ആകൃതിയും അനുപാതങ്ങളും പ്രവർത്തനവിധവും ഒരിക്കലും ഒരുപോലെയല്ല.” അതുകൊണ്ട് നിങ്ങളുടെ വലിയ പാദത്തിന് ഒരു ഷൂ പൂർണമായി ചേരുന്നതാണെങ്കിൽ മറ്റേ പാദത്തിന് അങ്ങനെ ആയിരിക്കില്ല. “അതിന്റെ അർഥം നല്ല പാകമുള്ള ഷൂസ് ലഭിക്കുകയില്ലെന്നല്ല, പകരം ‘പൂർണമായും’ ചേരുന്ന എന്ന പ്രയോഗം അഥവാ ആശയം സംബന്ധിച്ച് നാം കൂടുതൽ ജാഗ്രതയുള്ളവർ ആയിരിക്കണമെന്നു മാത്രമാണ്.”
നിങ്ങളുടെ പാദം ഷൂസിൽ എവിടെയൊക്കെയാണ് മർദം ചെലുത്തുന്നതെന്ന് അറിയണമെന്നുണ്ടെങ്കിൽ പഴയ, ഉപയോഗിച്ച ചിലവ എടുത്തു നോക്കുക. ഷൂവിന്റെ അകവശത്തുള്ള ലൈനിങ്ങിൽ നോക്കുക. എവിടെയാണ് ഏറ്റവും കൂടുതൽ തേയ്മാനമുള്ളത്? പലപ്പോഴും അത് ഷൂവിനകത്ത് ഉപ്പൂറ്റിയുടെ ഭാഗത്തും അതിന്റെ പുറകിലും പാദ ഗോളം കൊള്ളുന്നിടത്തുമായിരിക്കും. ഇത് എന്താണു സൂചിപ്പിക്കുന്നത്? “ഷൂസിന്റെ ചില ഭാഗങ്ങൾക്കു പാദത്തിന്റെ പ്രസ്തുത ഭാഗങ്ങളുമായി വേണ്ടവിധം ചേർച്ചയില്ലെന്ന്.” “ചില ഭാഗങ്ങൾക്ക് കൂടുതൽ തേയ്മാനം സംഭവിക്കുന്നു എന്നാൽ മറ്റു ചിലയിടങ്ങളിൽ യാതൊരു തേയ്മാനവുമില്ലതാനും.”
ഷൂസ് സുഖപ്രദമായിരിക്കുന്നതിൽ അതിന്റെ ത്രോട്ട് പോലും സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. വിവിധ ത്രോട്ട്-ലൈൻ സ്റ്റൈലുകൾ ഉണ്ടെന്നുള്ളത് നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ? ബാൽ സ്റ്റൈൽ അനുസരിച്ച്, മേൽപ്പാളികൾ രണ്ടിനെയും കാൽവിരലുകൾക്ക് ഏറ്റവും അടുത്തുള്ള ലേസ് പോയിന്റിൽവെച്ച് വലിച്ചടുപ്പിക്കുന്നു. എന്നാൽ, നിങ്ങളുടെ കാൽപ്പാദങ്ങൾ വണ്ണമുള്ളതാണെങ്കിൽ ബ്ലൂച്ചർ സ്റ്റൈൽ ആണ് കൂടുതൽ സുഖപ്രദം. കാരണം, ഇതിൽ കാൽവിരലുകൾക്ക് ഏറ്റവും അടുത്തുള്ള ലേസ് പോയിന്റിൽ ഇരുവശങ്ങളും അകന്നാണ് നിൽക്കുന്നത്. (ചിത്രം നോക്കുക.) ഈ വിശദാംശം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? മേൽ പ്രസ്താവിച്ച ഗ്രന്ഥം പറയുന്നു: “ഷൂസിന്റെ ത്രോട്ട് വരിഞ്ഞുമുറുകി ഇരിക്കുന്നതിനാൽ ഉപ്പൂറ്റി പുറകിലേക്കു തള്ളുന്നതാണ് ഷൂ കാരണമുണ്ടാകുന്ന ഉപ്പൂറ്റി സംബന്ധമായ മിക്ക അസ്വസ്ഥതകൾക്കും നേരിട്ടുള്ള കാരണം.”
സ്ത്രീകളുടെ ഉപ്പൂറ്റിപൊങ്ങിയ ഷൂസുകളോ?
ഉപ്പൂറ്റിപൊങ്ങിയ പാദരക്ഷകളോടാണ് സ്ത്രീകൾക്കു പൊതുവേ കമ്പം. എന്നാൽ അവ ശരീരത്തിന്മേൽ പല തരത്തിലുള്ള സമ്മർദം ചെലുത്തുന്നു. ഉപ്പൂറ്റിപൊങ്ങിയ ചെരുപ്പുകൾ മിക്കപ്പോഴും മുമ്പോട്ട് ഒരു ചെരിവിന് ഇടയാക്കിക്കൊണ്ട് ശാരീരിക നിലയ്ക്ക് മാറ്റംവരുത്തുന്നു. തത്ഫലമായി ശരീരത്തെ നേരെ നിറുത്താൻ മുട്ട് കൂടുതൽ മടക്കേണ്ടതായി വരുന്നു. കൂടാതെ, ഉപ്പൂറ്റിപൊങ്ങിയ ചെരുപ്പുകൾ ചെറുവണ്ണത്തുടയിലെ പേശികൾ സങ്കോചിക്കാനും അങ്ങനെ അവ കൂടുതൽ തള്ളിനിൽക്കാനും ഇടയാക്കുന്നു.
അതുകൊണ്ടുതന്നെ, മിക്കപ്പോഴും സ്ത്രീകളുടെ ഷൂസിന്റെ നിർണായക ഭാഗവും അവൾക്ക് സുഖമോ അസ്വസ്ഥതയോ കൈവരുത്തുന്ന മുഖ്യ ഘടകവും ഷൂസിന്റെ ഹീൽ അഥവാ ഉപ്പൂറ്റിയാണ്. ഷൂസിന് ഉയർന്ന ഉപ്പൂറ്റിയുള്ളതിനു പ്രധാനപ്പെട്ട മൂന്നു കാരണങ്ങളുണ്ടെന്നു പ്രൊഫഷണൽ ഷൂ ഫിറ്റിങ് പറയുന്നു: ‘(1) അത് പൊക്കം കൂട്ടുകയും മറ്റും ചെയ്തുകൊണ്ട് “സ്റ്റാറ്റസ്” വർധിപ്പിക്കുന്നു, (2) ഷൂവിലെ കൂടുതലായ ഒരു ഡിസൈനോ സ്റ്റൈലോ അതിനു മോടി കൂട്ടുന്നു, (3) ഉപ്പൂറ്റിപൊങ്ങിയ ഷൂസ് സ്ത്രീകളുടെ കാലുകൾക്ക് കൂടുതൽ ആകാരവടിവ് നൽകുകയും മറ്റും ചെയ്തുകൊണ്ട് അവരുടെ ആകർഷകത്വം വർധിപ്പിക്കുന്നു.’
ഹീലിന്റെ ഏതു ഭാഗത്തുകൂടെയാണ് ശരീരഭാരത്തിന്റെ രേഖ (the line of the body weight) കടന്നുപോകുന്നതെന്നു നിർണയിക്കുന്ന അതിന്റെ മുന്നോട്ടുള്ള ചെരിവ് സംബന്ധിച്ച് സ്ത്രീകൾ പ്രത്യേകിച്ച് ശ്രദ്ധാലുക്കൾ ആയിരിക്കണം. ഹീലിന്റെ മുന്നരികിലോ പിന്നരികിലോ ആയാണ് ആ രേഖ വരുന്നതെങ്കിൽ, അത് അപകടകരമാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ഹീൽ വളഞ്ഞ് ആൾ നിലത്തുവീഴാൻ അത് ഇടയാക്കിയേക്കാം.
ഹ്രസ്വമായ ഈ ചർച്ചയിൽനിന്നും ഒരു കാര്യം വ്യക്തമാണ്. ഒത്ത പാകമുള്ള ഷൂസ് ലഭിക്കണമെങ്കിൽ സമയം വേണം. ഒരുപക്ഷേ അതിന് കൂടുതൽ പണച്ചെലവും വന്നേക്കാം. കാരണം, നല്ല ഷൂസ് നിർമിക്കുന്നതിന് കൂടുതൽ സമയം വേണം. എങ്കിലും, നിങ്ങളുടെ പൊതുവിലുള്ള സുഖത്തിന്റെയും ആരോഗ്യത്തിന്റെയുംമേൽ വലിയ ഫലം ഉളവാക്കാൻ ധരിക്കുന്ന ഷൂസിനു കഴിയും. അതുകൊണ്ട് ഷൂസ് തിരഞ്ഞെടുക്കുമ്പോൾ സമയമെടുക്കുക. ശരിയായി അളവെടുക്കുക. ക്ഷമ പ്രകടമാക്കുക. ഫാഷനോ പുറംമോടിയോ നിങ്ങളെ മയക്കരുത്. (g03 3/8)
[19-ാം പേജിലെ ചതുരം]
ഷൂസ് തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ പിടിക്കേണ്ട കാര്യങ്ങൾ
വില്യം എ. റോസ്സിയും റോസ് റ്റെനന്റും പ്രൊഫഷണൽ ഷൂ ഫിറ്റിങ് എന്ന തങ്ങളുടെ പുസ്തകത്തിൽ പിൻവരുന്ന നിർദേശങ്ങൾ നൽകുന്നു:
“പാദത്തിന്റെ അളവെടുക്കുന്നതിന്റെ ഉദ്ദേശ്യം ആളുകൾ വിചാരിക്കുന്നതുപോലെ ആവശ്യമായ ഷൂസിന്റെ കൃത്യമായ സൈസ് നിർണയിക്കുകയല്ല.” എന്തുകൊണ്ടാണത്? കാരണം, ഉപ്പൂറ്റിയുടെ ഉയരം, സ്റ്റൈൽ, പാറ്റേണുകൾ, ഉപയോഗിച്ചിരിക്കുന്ന വസ്തു, കമ്പനി എന്നിവപോലുള്ള അനേക ഘടകങ്ങൾ ഷൂസിന്റെ സൈസിനെ സ്വാധീനിച്ചേക്കാം. നിരവധി രാജ്യങ്ങളിൽ വ്യത്യസ്തങ്ങളായ നിലവാരങ്ങളിൽ പാദരക്ഷകൾ നിർമിക്കപ്പെടുന്ന ഇക്കാലത്ത് അത് പ്രത്യേകിച്ചും സത്യമാണ്.
പാദങ്ങളുടെ അളവെടുക്കുന്ന സമയത്ത് വിരലുകൾ മടങ്ങിയിരുന്ന് അളവ് തെറ്റാതിരിക്കാൻ സോക്സിന്റെ മുൻഭാഗം വലിച്ചിടുക.
അളവ് എടുക്കുമ്പോൾ നിങ്ങൾ ഏതു നിലയിലായിരിക്കണം? ഇരിക്കണോ അതോ നിൽക്കണോ? “ഷൂസ് വാങ്ങുന്ന ആളിനെ ഇരുത്തിക്കൊണ്ട് അളവെടുക്കുന്നതാകാം എളുപ്പം.” എന്നാൽ ഇത് തെറ്റായ അളവ് കാണിച്ചേക്കാം. അതുകൊണ്ട് അളവെടുക്കുമ്പോൾ എഴുന്നേറ്റു നിൽക്കുക. രണ്ടും പാദത്തിന്റെയും അളവെടുക്കുക. ഇടത്തേ പാദം വലുതായിരിക്കുമെന്നു വെറുതേ അനുമാനിക്കരുത്. അതേ, രണ്ടിന്റെയും അളവെടുക്കുക!
“വിദഗ്ധമായ ഷൂ ഫിറ്റിങ്ങിന്റെ പ്രാധാന്യം മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്യുന്ന വിശിഷ്ട വ്യാപാരികളോടൊത്ത് പ്രവർത്തിക്കുന്ന നല്ല പരിശീലനം സിദ്ധിച്ച നിപുണരായ ഒരു കൂട്ടം ആളുകളുടേതു മാത്രമായ ഒരു വൈദഗ്ധ്യവും സേവനവുമാണ് പ്രൊഫഷണൽ ഷൂ ഫിറ്റിങ്.”
[18-ാം പേജിലെ രേഖാചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഒരു ഷൂവിന്റെ ഭാഗങ്ങൾ
സോൾ
വാംപ്
ത്രോട്ട്
സോക് ലൈനിംങ്
ഹീൽ ബ്രസ്റ്റ്
ടോപ്പ് ലിഫ്റ്റ്
ടോ ക്യാപ്
ഔട്ട്സോൾ
വെൽറ്റ്
വാംപ്
ത്രോട്ട് ലൈൻ
ടങ് ബാർ
ക്വർട്ടർ
ഹീൽ പാഡ്
ഹീൽ
[19-ാം പേജിലെ ചിത്രങ്ങൾ]
ബ്രാന്നോക് ഉപകരണം
[20-ാം പേജിലെ ചിത്രം]
ഈ ഏഴ് അടിസ്ഥാന സ്റ്റൈലുകളെ ആധാരമാക്കിയുള്ളതാണ് എല്ലാ ഷൂ ഡിസൈനുകളും
[20-ാം പേജിലെ ചിത്രങ്ങൾ]
ത്രോട്ട്-ലൈൻ സ്റ്റൈലുകൾ
ബ്ലൂച്ചർ
ബാൽ