ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദമായ ഒരു വൃക്ഷഫലം
ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദമായ ഒരു വൃക്ഷഫലം
ലോകം ചുറ്റിയിട്ടുള്ള ഒരു അസാധാരണ വൃക്ഷഫലമുണ്ട്. അത് ഭക്ഷണവും പാനീയവും നൽകുന്നു. ഈ ഫലം കായ്ക്കുന്ന അതുല്യമായ ആകൃതിയോടു കൂടിയ ഈ വൃക്ഷം ഉഷ്ണമേഖലാ ദ്വീപുകളുടെ മുഖമുദ്രയുമാണ്. ഏതു ഫലത്തെ കുറിച്ചാണ് നാം സംസാരിച്ചു വരുന്നത്? ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദമായ വൃക്ഷഫലങ്ങളിൽ ഒന്നായ തേങ്ങതന്നെ.
ഉഷ്ണമേഖലയിൽനിന്ന് അല്ലാത്തവരെ സംബന്ധിച്ചിടത്തോളം തങ്ങൾ ഉഷ്ണമേഖലയിൽ ചെലവിടുന്ന ഒഴിവുദിനങ്ങളെ ഓർമയിലേക്ക് കൊണ്ടുവരുന്ന ഒരു വൃക്ഷം മാത്രമായിരിക്കാം തെങ്ങ്. എന്നാൽ, ഉഷ്ണമേഖലാ നിവാസികൾക്ക് ഈ വൃക്ഷം അതിനെക്കാളൊക്കെ മൂല്യവത്തായ ഒന്നാണ്. ഈ ഫലത്തിന് “ഒരു വർഷത്തിലെ ദിവസങ്ങളുടെ എണ്ണത്തോളംതന്നെ ഉപയോഗങ്ങളുണ്ടെ”ന്നാണ് ഇന്തൊനീഷ്യക്കാർ അവകാശപ്പെടുന്നത്. ഫിലിപ്പീൻസിൽ പിൻവരുന്ന വിധം ഒരു ചൊല്ലുണ്ട്: “തെങ്ങു നടുന്നവൻ പാത്രങ്ങളും വസ്ത്രവും ഭക്ഷണപാനീയങ്ങളും തനിക്ക് ഒരു പാർപ്പിടവും മക്കൾക്ക് ഒരു അവകാശവുമാണ് നടുന്നത്.”
ഈ ചൊല്ലിൽ പതിരില്ല. തെങ്ങ്—കൽപ്പവൃക്ഷം (ഇംഗ്ലീഷ്) എന്ന പുസ്തകമനുസരിച്ച്, “ഭക്ഷണവും
വെള്ളവും പാചക എണ്ണയും മാത്രമല്ല പുരമേയാനുള്ള ഓല, കയറും കയറ്റുപായും ഉണ്ടാക്കാനുള്ള നാര്, പാത്രങ്ങളായും അലങ്കാരവസ്തുക്കളായും ഉപയോഗിക്കാവുന്ന ചിരട്ട, പൂങ്കുലയിൽനിന്നുള്ള മധുരക്കള്ള്—ഇതിൽനിന്ന് പഞ്ചസാരയും ലഹരിപാനീയവും ഉണ്ടാക്കാം—എന്നിവയെല്ലാം തെങ്ങ് നൽകുന്നു.” ആ പുസ്തകം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ശരിയായ രീതിയിൽ അറുത്തെടുത്താൽ അതിന്റെ തടിപോലും ഉപയോഗിക്കാം.” ഇന്ത്യൻ മഹാസമുദ്രത്തിലെ മാലദ്വീപവാസികൾ തെങ്ങുത്പന്നങ്ങൾകൊണ്ട് ബോട്ടുകൾ നിർമിച്ച് അതിൽ അറേബ്യയിലേക്കും ഫിലിപ്പീൻസിലേക്കും യാത്ര ചെയ്തതായി പറയപ്പെടുന്നു. എന്നാൽ തെങ്ങു കൃഷിക്കാരെക്കാൾ കൂടുതൽ ദൂരം കടൽയാത്ര ചെയ്തിരിക്കുന്നത് തേങ്ങയാണ്.കടൽയാത്രചെയ്യുന്ന ഒരു വിത്ത്
വേണ്ടത്ര മഴ ലഭിക്കുന്നിടത്തോളം മിക്ക ഉഷ്ണമേഖലാ തീരങ്ങളിലും തെങ്ങ് നന്നായി വളരുന്നു. ബഹുമുഖോപയോഗമുള്ള തെങ്ങ് തദ്ദേശീയർ നട്ടുപിടിപ്പിച്ചേക്കാമെങ്കിലും, ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലേക്ക് തേങ്ങ സ്വയം യാത്ര ചെയ്തിരിക്കുന്നു. പലതരം വിത്തുകളുടെ വിതരണം പല വിധങ്ങളിലാണ് നടക്കുന്നത്. എന്നാൽ തെങ്ങ് വിത്തു വിതരണത്തിനായി കടലിനെ ഉപയോഗപ്പെടുത്തുന്നു. ഇതാണ് ലോകസഞ്ചാരി എന്ന നിലയിലുള്ള അതിന്റെ വിജയ രഹസ്യം.
തേങ്ങ പഴുത്ത് പാകമാകുമ്പോൾ അത് കൊഴിഞ്ഞുവീഴുന്നു. ഇങ്ങനെ വീഴുന്ന തേങ്ങ ചിലപ്പോൾ കടൽത്തീരത്തുകൂടെ വെള്ളത്തിനടുത്തേക്ക് ഉരുണ്ടുപോകുന്നു. തുടർന്ന് വേലിയേറ്റത്തിൽപ്പെട്ട് അത് കടലിലേക്കു പോയേക്കാം. തേങ്ങയുടെ ചകിരിനിറഞ്ഞ തൊണ്ടിൽ ധാരാളം വായു ഉള്ളതിനാൽ അതു വെള്ളത്തിൽ പൊങ്ങിക്കിടക്കുന്നു. തേങ്ങ ഒരു പസിഫിക് പ്രവാളദ്വീപവലയത്തിലാണെങ്കിൽ (Pacific atoll) അത് ലഗൂണിന്റെ മറുകരയിലേക്ക് ഒഴുകിപ്പോകുക മാത്രമേയുള്ളായിരിക്കാം. എന്നാൽ പുറംകടലിൽ എത്തിയാൽ അതിന് വളരെദൂരം സഞ്ചരിക്കാനാകും.
മിക്ക വിത്തുകളെയും നശിപ്പിക്കുന്ന ഉപ്പുവെള്ളം തേങ്ങയുടെ ബലിഷ്ഠമായ തൊണ്ടിലൂടെ ഉള്ളിൽ കടക്കാൻ വളരെ സമയമെടുക്കും. തേങ്ങ മൂന്നു മാസം വരെ കടൽവെള്ളത്തിൽ കിടന്നാലും അതിന് ഒന്നും സംഭവിക്കില്ല. ചിലപ്പോൾ ആ സമയംകൊണ്ട് അത് കടലിലൂടെ ആയിരക്കണക്കിനു കിലോമീറ്റർ സഞ്ചരിച്ചേക്കാം. ഇതെല്ലാം കഴിഞ്ഞ് അനുയോജ്യമായ തീരത്തടിഞ്ഞാൽ അത് മുളയ്ക്കുകയും ചെയ്യും. ഒരുപക്ഷേ ഇങ്ങനെ ആയിരിക്കാം ലോകത്തിലെ പല ഉഷ്ണമേഖലാ തീരങ്ങളിലും തെങ്ങ് കൂട്ടത്തോടെ വളരാൻ ഇടയായത്.
ഉഷ്ണമേഖലാ ഭോജ്യങ്ങളിലെ ഒരു സാധാരണ ചേരുവ
ഉഷ്ണമേഖലയ്ക്ക് പുറത്തുള്ളവർക്ക് മിഠായിയിലും ബിസ്കറ്റിലും മറ്റും ചേർക്കുന്ന ഒരു സ്വാദുവർധിനി മാത്രമായിരിക്കാം തേങ്ങ. എന്നാൽ തെക്കുകിഴക്കൻ ഏഷ്യയിലേക്ക് ചെന്നാൽ തേങ്ങയ്ക്ക് നിരവധി ഉപയോഗങ്ങളുണ്ടെന്ന് നിങ്ങൾക്കു മനസ്സിലാകും. പസിഫിക്കിലെയും തെക്കുകിഴക്കൻ ഏഷ്യയിലെയും പാചകം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നപ്രകാരം, “ഹവായ് മുതൽ ബാങ്കോക്ക് വരെയുള്ള സകല രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും ദ്വീപുകളിലെയും പാചകത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് തേങ്ങ.” അവിടത്തെ നിവാസികളെ സംബന്ധിച്ചിടത്തോളം “വൈവിധ്യമാർന്ന അസംഖ്യം ഭക്ഷ്യവിഭവങ്ങളിലൂടെയും വ്യത്യസ്ത സ്വാദിലും രൂപങ്ങളിലും . . . പോഷണം പ്രദാനം ചെയ്യുന്ന ജീവിതത്തിലെ ഒരു അവശ്യഘടകമാണ് തേങ്ങ” എന്നും ആ പുസ്തകം പ്രസ്താവിക്കുന്നു.
ഉഷ്ണമേഖലകളിലെ അടുക്കളകളിൽ തേങ്ങയ്ക്ക് ഇത്ര ആദരണീയമായ സ്ഥാനം ലഭിക്കാനുള്ള കാരണം ലളിതമാണ്: അത് വെള്ളവും പാലും പാചക എണ്ണയും നൽകുന്നു. വിളയാത്ത തേങ്ങയിലെ തെളിഞ്ഞ, മധുരമുള്ള നീരിന് കരിക്കിൻവെള്ളം എന്നാണ് പറയുന്നത്. രുചികരമായ, ഉന്മേഷദായകമായ ഈ പാനീയം മിക്കപ്പോഴും ഉഷ്ണമേഖലാ പ്രദേശങ്ങളിലെ പാതയോരങ്ങളിലുള്ള കടകളിൽ വിൽപ്പനയ്ക്കു വെക്കാറുണ്ട്. എന്നാൽ ചിരകിയെടുത്ത തേങ്ങയിൽ വെള്ളം ചേർത്ത് പിഴിഞ്ഞാണ് തേങ്ങാപ്പാൽ എടുക്കുന്നത്. സൂപ്പിന്റെയും കറികളുടെയും കുഴച്ചമാവിന്റെയും സ്വാദും കൊഴുപ്പും വർധിപ്പിക്കാൻ തേങ്ങാപ്പാൽ ഉപയോഗിക്കുന്നു.
തേങ്ങയിൽനിന്ന് പാചകഎണ്ണ എടുക്കുന്നതിന്, കർഷകൻ മൂപ്പെത്തിയ തേങ്ങ ഉടച്ച് തേങ്ങാമുറികൾ വെയിലത്തുവെച്ച് ഉണക്കുന്നു. ഉണങ്ങിക്കഴിഞ്ഞാൽ, തേങ്ങയുടെ പരിപ്പ്—കൊപ്ര—ചിരട്ടയിൽനിന്ന് വേർപെടുത്തിയെടുത്ത് ആട്ടി എണ്ണ എടുക്കാവുന്നതാണ്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വെളിച്ചെണ്ണ മുഖ്യമായും പാചകത്തിനാണ് ഉപയോഗിക്കുന്നതെങ്കിൽ പാശ്ചാത്യ രാജ്യങ്ങളിൽ ഇത് മാർജരിൻ, ഐസ്ക്രീം, ബിസ്കറ്റുകൾ എന്നിവയിലാണ് ഉപയോഗിച്ചുവരുന്നത്.
തെങ്ങിന്റെ വിളവെടുപ്പ് അത്ര എളുപ്പമല്ല. മിക്കപ്പോഴും, ആളെ തെങ്ങിൽ കയറ്റി തേങ്ങ വെട്ടിയിടീക്കുകയാണ് ചെയ്യുന്നത്. ചിലരാകട്ടെ കത്തി വെച്ചുകെട്ടിയ നീളമുള്ള തോട്ടിയാണ് തേങ്ങ ഇടാൻ ഉപയോഗിക്കുന്നത്. ഇന്തൊനീഷ്യയിൽ ഈ പണിക്കായി കുരങ്ങുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. ഏറ്റവും ലളിതമായ രീതി, തേങ്ങ തനിയെ കൊഴിഞ്ഞു വീഴുന്നതുവരെ കാത്തിരിക്കുക എന്നതാണ്. വിളഞ്ഞ തേങ്ങതന്നെ വേണമെന്നുള്ളവർക്ക് ഇതാണ് ഇഷ്ടം.
എങ്ങനെ വിളവെടുത്താലും ശരി, തേങ്ങയുടെ ബഹുമുഖോപയോഗം ഇതിനെ ഒന്നാന്തരം ഒരു നാണ്യവിളയും അതുപോലെതന്നെ അനേകർക്കും അമൂല്യമായ ഒരു ഭക്ഷ്യ ഉറവിടവും ആക്കിത്തീർത്തിരിക്കുന്നു. അതുകൊണ്ട് നേരിട്ടോ ചിത്രത്തിലോ ഇനി ഒരു തെങ്ങ് കാണുമ്പോൾ ഉഷ്ണമേഖലാ തീരങ്ങൾക്ക് മോടി കൂട്ടുന്ന വെറും ഒരു അലങ്കാര വൃക്ഷമല്ല അതെന്ന് ഓർമിക്കുക. ഭൂമിയിലെ ഏറ്റവും ഉപയോഗപ്രദമായ ഫലങ്ങളിലൊന്ന് ഉത്പാദിപ്പിക്കുന്ന ഒരു വൃക്ഷമാണ് നിങ്ങളുടെ കൺമുന്നിൽ. (g03 3/22)
[22-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
തേങ്ങാ വിശേഷങ്ങൾ
തേങ്ങാഞണ്ട് തെങ്ങിന്റെ ഫലം ആസ്വദിക്കുന്നത് മനുഷ്യൻ മാത്രമല്ല. പകൽസമയത്ത് നിലത്തെ കുഴികളിൽ കഴിഞ്ഞുകൂടുന്ന തേങ്ങാഞണ്ടുകൾ രാത്രികാലങ്ങളിൽ തേങ്ങ തിന്നുന്നു. തേങ്ങ ഉടയ്ക്കാൻ മനുഷ്യർ വാക്കത്തി ഉപയോഗിക്കുന്നു. എന്നാൽ കാര്യപ്രാപ്തിയുള്ള ഈ ഞണ്ടുകൾ വളരെ പണിപ്പെട്ട് പാറയിൽ ഇടിച്ചാണ് തേങ്ങ ഉടയ്ക്കുന്നത്. തേങ്ങ അടങ്ങിയ ഭക്ഷണക്രമം ഈ ജീവിക്ക് ഇണങ്ങുന്നതാണെന്നുതോന്നുന്നു—30-ലേറെ വർഷം അതു ജീവിച്ചിരിക്കുന്നുണ്ട്!
സൗന്ദര്യവർധകങ്ങളിൽ വെളിച്ചെണ്ണ ചർമത്തിന് ഉത്തമമായതുകൊണ്ട് നിർമാതാക്കൾ ലിപ്സ്റ്റിക്കിലും സൂര്യസ്നാനം ചെയ്യുമ്പോൾ പൊള്ളാതിരിക്കാൻ തേക്കുന്ന ലോഷനിലും അതു ചേർക്കുന്നു. ജൈവവിഘടനം സംഭവിക്കുന്ന നല്ല പതയുള്ള സോപ്പോ ഷാമ്പൂവോ ആണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ സർവസാധ്യതയുമനുസരിച്ച് അതിൽ വെളിച്ചെണ്ണ അടങ്ങിയിട്ടുണ്ട്.
[ചിത്രങ്ങൾ]
കടൽയാത്രയെ അതിജീവിക്കാൻ തേങ്ങയ്ക്ക് കഴിയും
തേങ്ങാഞണ്ട്
തെങ്ങിൻതൈ
[കടപ്പാട്]
Godo-Foto
[21-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽ വലതുവശത്തെ ഇൻസെറ്റ്: Godo-Foto