ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
വൃക്ഷങ്ങൾ നഗര മലിനീകരണം കുറയ്ക്കുന്നു
“വിവിധ വൃക്ഷയിനങ്ങൾക്ക് മലിനീകരണം എത്രമാത്രം കുറയ്ക്കാനാകുമെന്ന് അളക്കുന്നതിൽ വിദഗ്ധർ ആദ്യമായി വിജയിച്ചിരിക്കുന്നു,” ലണ്ടനിലെ ദ സൺഡേ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. പശ്ചിമ മിഡ്ലൻഡ്സ് പ്രദേശത്ത് മൂന്നു വർഷം നടത്തിയ പഠനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെയും സ്കോട്ട്ലൻഡിലെയും ശാസ്ത്രജ്ഞർ ഏതാണ്ട് 32,000 മരങ്ങൾക്കു ചുറ്റുമുള്ള മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കുകയുണ്ടായി. ദോഷകാരികളായ കണികകളെ ഏറ്റവുമധികം ആഗിരണം ചെയ്യുന്ന വൃക്ഷയിനം കണ്ടെത്തുകയായിരുന്നു ഉദ്ദേശ്യം. അന്തരീക്ഷത്തിലെ ഈ കണികകളുടെ നിരക്കും ഓസോൺ തോതും കൂടെ ഗവേഷകർ പരിശോധിച്ചു. മലിനീകരണം കുറയ്ക്കുന്നതിൽ ഏറ്റവും ഫലപ്രദം എന്നു തെളിഞ്ഞത് ആഷ്, ലാർച്ച്, സ്കോട്ട്സ് പൈൻ എന്നീ വൃക്ഷങ്ങളായിരുന്നു; ഫലപ്രദത്വം തീരെ കുറവുള്ളതായി കണ്ടെത്തിയത് ഓക്ക്, വിലോ, പോപ്ലർ എന്നിവയും. “അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിൽ പുൽമേടുകളെക്കാൾ മൂന്നിരട്ടി വരെ ഫലപ്രദമാണ് വൃക്ഷങ്ങൾ” എന്ന് പഠനം തെളിയിച്ചു. പശ്ചിമ മിഡ്ലൻഡ്സിലെ തുറസ്സായ പ്രദേശങ്ങളുടെ പകുതി ഭാഗത്തു വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുകയാണെങ്കിൽത്തന്നെ കണികകൾ മൂലമുണ്ടാകുന്ന വായുമലിനീകരണം 20 ശതമാനം കുറയ്ക്കാനാകുമെന്ന് ഒരു കമ്പ്യൂട്ടർ അവതരണത്തിലൂടെ കാണിച്ചു.(g03 3/22)
രക്തപ്പകർച്ച ശ്വാസകോശ തകരാറിന് ഇടയാക്കിയേക്കാം
“രക്തോത്പന്നങ്ങൾ, പ്രത്യേകിച്ച് പ്ലാസ്മ അടങ്ങിയ ഉത്പന്നങ്ങൾ സ്വീകരിക്കുന്ന വ്യക്തികൾക്ക് രക്തപ്പകർച്ചയുമായി ബന്ധപ്പെട്ട, കടുത്ത ലക്ഷണങ്ങളോടെ പ്രത്യക്ഷപ്പെടുന്ന ശ്വാസകോശ തകരാറ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്” എന്ന് യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പ്രസിദ്ധീകരണമായ എഫ്ഡിഎ കൺസ്യൂമർ പറയുന്നു. തിരിച്ചറിഞ്ഞ് വേണ്ടവിധം ചികിത്സിക്കാത്ത പക്ഷം മരണത്തിലേക്കു നയിച്ചേക്കാവുന്ന ഒരു സ്ഥിതിവിശേഷമാണ് ഇത്. “രക്തം നൽകുന്ന വ്യക്തിയുടെ രക്തത്തിലെ ശ്വേതരക്താണു പ്രതിവസ്തുക്കൾ (antibodies), രക്തം സ്വീകരിക്കുന്ന വ്യക്തിയുടെ ശ്വേതരക്താണുക്കളുമായി പ്രതിപ്രവർത്തിച്ച് ശ്വാസകോശ കലയിൽ പരിവർത്തനം ഉണ്ടാക്കുകയും തത്ഫലമായി ശ്വാസകോശത്തിന്റെ ഉള്ളിലേക്കു ദ്രാവകങ്ങൾ പ്രവേശിക്കുകയും ചെയ്യുമ്പോഴാണ് ഇതു സംഭവിക്കുന്നത്. രണ്ടിലധികം കുട്ടികളുള്ള സ്ത്രീകളും ഒന്നിലധികം രക്തപ്പകർച്ചകൾ സ്വീകരിച്ചിട്ടുള്ളവരും നൽകുന്ന രക്തം സ്വീകരിക്കുന്നവരിലാണ് ഒട്ടുമിക്കപ്പോഴും ഈ തകരാറ് കണ്ടുവരുന്നത്.” “പനി, കിതപ്പ്, രക്തസമ്മർദം കുറയൽ എന്നിവയാണ്” ലക്ഷണങ്ങൾ. “എക്സ്റേ പരിശോധനയിൽ മിക്കപ്പോഴും [രക്തം] സ്വീകരിച്ച വ്യക്തിയുടെ ശ്വാസകോശങ്ങൾ പൂർണമായും വെളുത്തു കാണപ്പെടും.” (g03 3/8)
കുട്ടികൾക്കിടയിൽ മരണത്തെ കുറിച്ച് അനിശ്ചിതത്വം
“ഒരു വ്യക്തി മരിച്ചാൽ അയാളെ വീണ്ടും ജീവിപ്പിക്കാൻ കഴിയുമോ?” ജപ്പാൻ വിമൻസ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഹീരോഷി നാക്കാമുര ആറാം ക്ലാസ്സിലെ 372 വിദ്യാർഥികളോട് ആ ചോദ്യം ചോദിച്ചു. മൂന്നിലൊന്ന് ഉവ്വ് എന്ന് ഉത്തരം പറഞ്ഞപ്പോൾ അത്രയുംതന്നെ കുട്ടികൾ അതു സംബന്ധിച്ച് തങ്ങൾക്ക് ഉറപ്പില്ല എന്നു പറഞ്ഞതായി ടോക്കിയോയിലെ സാൻകെയ് ഷിംബുൻ പത്രം റിപ്പോർട്ടു ചെയ്തു. “കമ്പ്യൂട്ടർ ഗെയിമുകൾ ആയിരിക്കാം ഇത്തരമൊരു ധാരണ ഉടലെടുക്കാൻ കാരണം. അതിലൊക്കെ നായകൻ മരിച്ചാലും ഒരു റീസെറ്റ് ബട്ടൻ അമർത്തിയാൽ എല്ലാം ആദ്യംതൊട്ട് തുടങ്ങാമല്ലോ,” പത്രം പറയുന്നു. “ഉയർന്ന പ്രൈമറി ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളിൽ ചിലർക്കു പോലും മരണം എന്നാൽ എന്താണെന്ന് കൃത്യമായി അറിയില്ല” എന്ന് സർവേ “വെളിപ്പെടുത്തുന്നതായി” പ്രൊഫസർ പറയുന്നു. ഓമനമൃഗങ്ങളുടെ മരണവുമായി സമ്പർക്കത്തിൽ വരാനും മരണാസന്നരായ ബന്ധുക്കളെ സന്ദർശിക്കാനും അനുവദിച്ചുകൊണ്ട് കുട്ടികളെ മരണത്തെ കുറിച്ചു പഠിപ്പിക്കാൻ അദ്ദേഹം മാതാപിതാക്കളോടു നിർദേശിക്കുന്നു. (g03 3/8)
ജോർജിയയിൽ മത അസഹിഷ്ണുത രൂക്ഷമാകുന്നു
“ഇന്ന്, ഇവിടെ ഒരു നീർച്ചാലിനു സമീപത്തുള്ള വയലിൽ ഒരു വേനൽക്കാല സുവിശേഷ യോഗം നടത്താൻ യഹോവയുടെ സാക്ഷികൾ പരിപാടിയിട്ടിരുന്നു. എന്നാൽ ഇന്നലെ രാത്രി ഒരു അക്രമിസംഘം എത്തിച്ചേർന്നു” എന്ന് ദ ന്യൂയോർക്ക് ടൈംസ റിപ്പോർട്ടു ചെയ്തു. “ജോർജിയൻ ഓർത്തഡോക്സ് സഭയുടെ കുരിശു ധരിച്ച രണ്ടു ഡസൻ പുരുഷന്മാർ ബസുകളിൽ എത്തി ഊഷാങ്ഗി ബുൺടൂരിയുടെ വീടാകെ പരിശോധിച്ചു; അവിടെയായിരുന്നു യോഗം നടത്താനിരുന്നത്. ബൈബിളുകളും മത ലഘുലേഖകളും ബുൺടൂരിയുടെ വസ്തുവകകളും അവർ മുറ്റത്ത് കൂട്ടിയിട്ട് കത്തിച്ചു . . . സ്നാപന കുളത്തിൽ അവർ ഡീസൽ നിറച്ചു. സ്ഥലത്തെ പോലീസ് ചീഫ് ഉൾപ്പെടെയുള്ള പോലീസുകാരും സംഭവസ്ഥലത്തെത്തി . . . ആരും അറസ്റ്റു ചെയ്യപ്പെട്ടില്ല. . . . അക്രമങ്ങൾ അരങ്ങേറിയ വിധം കണ്ടാൽ എല്ലാം മുൻകൂട്ടി ആസൂത്രണം ചെയ്തിരുന്നതുപോലെ തോന്നും.” “റഷ്യ ഉൾപ്പെടെയുള്ള സോവിയറ്റ് യൂണിയന്റെ പല മുൻ റിപ്പബ്ലിക്കുകളിലും” മത സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും “മത ന്യൂനപക്ഷങ്ങളുടെ നേർക്കുള്ള ഏറ്റവും കടുത്ത അക്രമവും അധികാരികൾ അക്രമങ്ങൾക്കു
കൂട്ടുനിൽക്കുന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവുകളും ഉള്ളത് ജോർജിയയിലാണ്. സോവിയറ്റ് യൂണിയൻ വിഭജിക്കപ്പെട്ട ശേഷം തയ്യാറാക്കിയ അതിന്റെ ഭരണഘടനയിൽ ജോർജിയ മതസ്വാതന്ത്ര്യം ഉറപ്പു നൽകുന്നുണ്ട്. എന്നാൽ അക്രമസംഭവങ്ങളുടെ എണ്ണം വർധിച്ചുവരികയാണ്. കൂട്ട അക്രമം, കൊള്ളിവെപ്പുകൾ, മർദനം എന്നിവ നടന്നതിന്റെ അനേകം റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്” എന്ന് ടൈംസ് പറയുന്നു. (g03 3/22)“പള്ളി മേള” യുവജനങ്ങളെ ആകർഷിക്കുന്നു
ജർമൻ പത്രമായ നാസാവുയിഷെ നോയിയെ പ്രെസ്സെ “‘പള്ളി മേള’യ്ക്ക് യുവജനങ്ങളുടെ പിന്തുണ” എന്ന തലക്കെട്ടിനു കീഴിൽ ഹെസിയിലെയും നാസാവുവിലെയും പ്രൊട്ടസ്റ്റന്റ് സഭ സംഘടിപ്പിച്ച ആദ്യ സഭായുവജന മേളയെ കുറിച്ച് റിപ്പോർട്ടു ചെയ്തു. 4,400-ഓളം പേർ അഞ്ചു ദിവസത്തെ മേളയിൽ പങ്കെടുത്തു. മേളയുടെ ഭാഗമായി ശിൽപ്പശാലകൾ, സംഘ ചർച്ചകൾ, മെഴുകുതിരി വെളിച്ചവും പാട്ടുകളും സഹിതമുള്ള രാത്രി ആരാധന എന്നിവ നടത്തപ്പെട്ടു. കൂടാതെ ധാരാളം കായികവിനോദങ്ങളും പാർട്ടികളും സംഗീത അവതരണങ്ങളും ഉണ്ടായിരുന്നു. “220-ലധികം ഇനങ്ങൾ ഉണ്ടായിരുന്നെങ്കിലും പരമ്പരാഗത രീതിയിലുള്ള ബൈബിൾ ക്ലാസ്സുകളോ പള്ളി ശുശ്രൂഷകളോ ഒരു പ്രാവശ്യം പോലും നടത്തപ്പെട്ടില്ല” എന്ന് പത്രം പറഞ്ഞു. “ബോറടിപ്പിക്കുന്നതെന്നു പൊതുവേ കരുതപ്പെടുന്ന ബൈബിൾ ക്ലാസ്സുകൾ ചില യുവജനങ്ങൾ ആവശ്യപ്പെട്ടതിൽ” ഒരു യുവ പുരോഹിതൻ തികഞ്ഞ അതിശയം പ്രകടിപ്പിച്ചു. ഒരു കൗമാരപ്രായക്കാരൻ ഇങ്ങനെ പറഞ്ഞു: “വാസ്തവത്തിൽ ഈ പരിപാടിക്ക് പള്ളിയുമായി വലിയ ബന്ധമൊന്നുമില്ല, എങ്കിലും ഇവിടത്തെ അന്തരീക്ഷം രസകരമാണ്.” (g03 3/22)
മതവും യുദ്ധവും
“ഇന്ന് ഏറ്റവുമധികം രക്തച്ചൊരിച്ചിലിന് ഇടയാക്കുന്നതും അപകടകരവുമായ തർക്കങ്ങൾ . . . മതം ഉൾപ്പെട്ടവയാണ്” എന്ന് യുഎസ്എ ടുഡേ പറയുന്നു. അവ പരിഹരിക്കാനും വളരെ ബുദ്ധിമുട്ടാണ്. “ഇരുകൂട്ടരും ദൈവം തങ്ങളുടെ പക്ഷത്താണെന്ന് അവകാശപ്പെടുമ്പോൾ ഒത്തുതീർപ്പിന് സാധാരണ അവലംബിക്കുന്ന മാർഗങ്ങൾ—ഉദാഹരണത്തിന്, വിട്ടുവീഴ്ച ചെയ്യുക, പഴയ പ്രശ്നങ്ങൾ മറക്കുക എന്നിവയൊക്കെ—പ്രയോഗത്തിൽ കൊണ്ടുവരാൻ കൂടുതൽ ബുദ്ധിമുട്ടായിത്തീർന്നേക്കാം” എന്ന് പത്രം കൂട്ടിച്ചേർക്കുന്നു. “പ്രശ്നം മതവുമായി ബന്ധപ്പെട്ടതല്ലെങ്കിലും—ഉദാഹരണത്തിന് ഭൂമിയെയോ അധികാരത്തെയോ മറ്റോ ചൊല്ലിയുള്ള മതപരമല്ലാത്ത തർക്കങ്ങൾ—പിന്തുണ നേടാനായി മതത്തെ ഒരു ഉപകരണമായി ഉപയോഗിക്കുമ്പോഴും ഇതു സത്യമാണ്.” മത പഠിപ്പിക്കലുകളിലുള്ള വ്യത്യാസങ്ങൾ യുദ്ധം താത്കാലികമായി അവസാനിപ്പിക്കുന്നതു പോലും പ്രയാസകരമാക്കുന്നു. ഒരു ഉദാഹരണം അടുത്തകാലത്ത് കോസോവോയിൽ നടന്ന യുദ്ധമാണ്. ഈസ്റ്ററിന്റെ സമയത്ത് യുദ്ധം നിറുത്തിവെക്കുന്നതിനെ കുറിച്ച് ചിന്തിച്ചെങ്കിലും കത്തോലിക്കരും ഓർത്തഡോക്സുകാരും ഈസ്റ്റർ ആഘോഷിക്കുന്ന തീയതികൾ വ്യത്യാസപ്പെട്ടിരുന്നതിനാൽ അതു നടപ്പാക്കാൻ കഴിഞ്ഞില്ല. യുദ്ധം “ഒടുവിൽ നിറുത്തലില്ലാതെ തുടർന്നു” എന്ന് യുഎസ്എ ടുഡേ പറയുന്നു. (g03 3/22)
എച്ച്ഐവി/എയ്ഡ്സ് വ്യാപനം “നിയന്ത്രണാതീതം”
“ലോകവ്യാപകമായി എച്ച്ഐവി ബാധിതരായ നാലു കോടി ജനങ്ങളുണ്ട്, രണ്ടു കോടി ജനങ്ങൾ എയ്ഡ്സിന്റെ ഫലമായി മരണമടഞ്ഞിരിക്കുന്നു, ഓരോ വർഷവും 7,50,000 കുഞ്ഞുങ്ങൾ എച്ച്ഐവി ബാധിതരായി ജനിക്കുന്നു,” ബ്രിട്ടനിലെ വൈദ്യശാസ്ത്ര മാസികയായ ദ ലാൻസെറ്റ് റിപ്പോർട്ടു ചെയ്യുന്നു. 2001-ൽ മാത്രം പുതുതായി 50 ലക്ഷം പേർ എച്ച്ഐവി ബാധിതരാകുകയും 30 ലക്ഷം പേർ എയ്ഡ്സ് നിമിത്തം മരണമടയുകയും ചെയ്തു. എച്ച്ഐവി/എയ്ഡ്സ് സംയുക്ത ഐക്യരാഷ്ട്ര പരിപാടിയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ പീറ്റർ പ്യോ പറയുന്നതനുസരിച്ച് ഈ വ്യാപനം “നിയന്ത്രണാതീതം” ആയിത്തീർന്നിരിക്കുന്നു. എന്നാൽ ഈ പകർച്ചവ്യാധി ഇപ്പോഴും അതിന്റെ “പ്രാരംഭ ഘട്ടങ്ങളിലാണ്.” അടുത്ത 20 വർഷത്തിനുള്ളിൽ എയ്ഡ്സിന്റെ ഫലമായി ഏഴു കോടി ജനങ്ങൾ മരിക്കുമെന്ന് അദ്ദേഹം കണക്കാക്കുന്നു. സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ നാടുകളിലെ ചില നഗരങ്ങളിൽ 30 മുതൽ 50 വരെ ശതമാനം ആളുകൾ എച്ച്ഐവി ബാധിതരാണ്. പ്രായപൂർത്തിയായ വളരെയധികം ചെറുപ്പക്കാർ മരിക്കുന്നതു കാരണം 2020 ആകുമ്പോഴേക്കും തൊഴിൽ ചെയ്യാൻ പ്രാപ്തരായവരുടെ 25 ശതമാനത്തിലധികം നഷ്ടപ്പെട്ടിരിക്കുമെന്ന ഉത്കണ്ഠ ഉയർന്നിരിക്കുന്നു. “ഭാവി സമ്പദ്വ്യവസ്ഥയെ ഏറ്റവും അധികം ബാധിക്കുന്നത് കുട്ടികളുടെ മേലുള്ള ഇതിന്റെ ഫലങ്ങളാണ്, ഒരുപക്ഷേ പുനരുദ്ധാരണം ഒരിക്കലും സാധ്യമാകാത്തവിധം അതു താറുമാറായേക്കാം” എന്ന് ദ ലാൻസെറ്റ് പറയുന്നു. സിംബാബ്വേയിൽ “കൗമാരത്തിന്റെ പ്രാരംഭ ഘട്ടത്തിൽ എത്തുമ്പോഴേക്കും അഞ്ചുപേരിൽ ഒരാൾക്ക് മാതാപിതാക്കളിൽ ഒരാളെയെങ്കിലും നഷ്ടപ്പെടാൻ സാധ്യതയുണ്ട്.” (g03 3/22)
മുലയൂട്ടുന്നതിന്റെ പ്രയോജനങ്ങൾ
“നവജാതശിശുക്കൾക്ക്” മുലപ്പാലിനെക്കാൾ “മെച്ചമായ ഒരു ആഹാരവുമില്ല” എന്ന് നാഡീശസ്ത്രക്രിയാ വിദഗ്ധനായ ഡോ. സഞ്ജയ് ഗുപ്ത ടൈം മാസികയിൽ എഴുതുകയുണ്ടായി. “കുപ്പിപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ അപേക്ഷിച്ച് മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്നതും അവർക്ക് ചെവിയിൽ പഴുപ്പ്, വയറിളക്കം, ദേഹത്ത് തടിപ്പുകൾ, അലർജികൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതും ചുരുക്കമാണ്.” മുലപ്പാൽ കൊടുക്കുന്നത് ശ്വാസകോശ രോഗങ്ങളിൽനിന്നു സംരക്ഷണം നൽകുന്നതായും റിപ്പോർട്ടു ചെയ്യപ്പെടുന്നു. ഡെന്മാർക്കിൽ മുതിർന്നവരിൽ നടത്തിയ ഒരു പഠനം “കുഞ്ഞുങ്ങളായിരുന്നപ്പോൾ ഏഴു മുതൽ ഒമ്പതു വരെ മാസം മുലപ്പാൽ കുടിച്ചവരുടെ ബുദ്ധിയുടെ നിലവാരം രണ്ടാഴ്ചയോ അതിൽ കുറവോ മുലപ്പാൽ കുടിച്ചവരുടേതിനെക്കാൾ ഉയർന്നതായിരുന്നു” എന്നു വെളിപ്പെടുത്തി. കുഞ്ഞുങ്ങൾക്ക് ആറുമാസമോ സാധ്യമെങ്കിൽ ഒരു വർഷമോ അതിലധികമോ മുലപ്പാൽ കൊടുക്കാൻ അമേരിക്കൻ ശിശുരോഗ അക്കാദമി ശുപാർശ ചെയ്യുന്നു. “മുലയൂട്ടലിൽനിന്ന് പ്രയോജനം ലഭിക്കുന്നത് യഥാർഥത്തിൽ കുഞ്ഞുങ്ങൾക്കു മാത്രമല്ല” എന്ന് യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് പറയുന്നു. 30 രാജ്യങ്ങളിൽനിന്നുള്ള 1,50,000 സ്ത്രീകളിൽ നടത്തിയ ഒരു പഠനം “ഒരു സ്ത്രീ മുലയൂട്ടുന്ന ഓരോ വർഷവും അവൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 4.3 ശതമാനം കുറയുന്നു” എന്നു വെളിപ്പെടുത്തി. എന്നിരുന്നാലും “അമേരിക്കയിലെ അമ്മമാരിൽ പകുതി പേർ മാത്രമേ മുലയൂട്ടുന്നുള്ളൂ, അതും ശരാശരി രണ്ടോ മൂന്നോ മാസം.” (g03 3/22)