വയറ് രക്ഷിച്ചേ!
വയറ് രക്ഷിച്ചേ!
ഒട്ടും വേഗത്തിലല്ല അവന്റെ സഞ്ചാരം. പലരുടെയും നോട്ടത്തിൽ ആൾ തീരെ സുന്ദരനുമല്ല. എന്നാൽ അവന്റെ വയറ്, അത് അപാരം തന്നെ! ആരാണവൻ? മറ്റാരുമല്ല, മുള്ളൻ പഫർ മത്സ്യം. ബലൂൺ മത്സ്യം എന്നും അതിനു പേരുണ്ട്. ആപത്സൂചന ഉണ്ടായാൽ ഈ ജീവിയുടെ “രൂപം പാടേ മാറും” എന്ന് നാച്ചുറൽ ഹിസ്റ്ററി മാസിക പറയുന്നു. 50 സെന്റിമീറ്ററോളം നീളം വരുന്ന അതിന്റെ ദേഹം വീർക്കുകയും “മത്സ്യം സാധാരണയിലും മൂന്നിരട്ടി വലുപ്പം വെക്കുകയും ചെയ്യും. കട്ടിയുള്ള ഒരു പന്തുപോലെ ആയിത്തീരുന്ന മത്സ്യം മുള്ളുകൊണ്ടുള്ള ഒരു പടച്ചട്ടയും അണിഞ്ഞിട്ടുണ്ടാകും—ഇത് നീന്താൻ അനുയോജ്യമായ രൂപഘടനയല്ലെങ്കിലും അക്രമികളെ തുരത്താൻ പറ്റിയ ഒന്നാണ്.”
വയറിനുള്ളിൽ വെള്ളം കയറ്റിയാണ് മത്സ്യം വീർക്കുന്നത്. വയറ് സാധാരണയിലും നൂറിരട്ടിയോളം വികസിക്കും! വളരെ ലളിതവും സമർഥവുമായ രീതിയിൽ ഈ അത്ഭുതം സാധ്യമാക്കുന്നത് പഫർ മത്സ്യത്തിന്റെ ദേഹത്തെ മടക്കുകളാണ്.
മടക്കുകളുടെ ഉള്ളിൽ മടക്കുകൾ—ഇതാണ് അവയുടെ വയറിന്റെ ഘടന, നാച്ചുറൽ ഹിസ്റ്ററി വിശദീകരിക്കുന്നു. ഏറ്റവും വലിയ മടക്കുകൾക്ക് ഏകദേശം മൂന്നു മില്ലിമീറ്റർ വീതി വരും. “അവയോരോന്നിലും കുറെ കൂടി ചെറിയ മടക്കുകൾ കാണും. ആ മടക്കുകളുടെ ഉള്ളിൽ അതിനെക്കാൾ വലുപ്പം കുറഞ്ഞ മടക്കുകൾ. അങ്ങനെ മടക്കുകളുടെ വലുപ്പം കുറഞ്ഞു കുറഞ്ഞ് ഒടുവിൽ സൂക്ഷ്മദർശിനിയിലൂടെ നോക്കിയാൽ മാത്രം കാണാവുന്നവ വരെയെത്തും” എന്ന് ലേഖനം പറയുന്നു.
പഫർ മത്സ്യത്തിന്റെ വയറ് വീർക്കുന്നതോടൊപ്പം രണ്ടു പാളികളുള്ള അതിന്റെ തൊലിയും വികസിക്കേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന രണ്ടു സംവിധാനങ്ങളാണ് ഉള്ളത്. തൊലിയുടെ ഉള്ളിലെ പാളിയിൽ വയറിൽ ഉള്ളതുപോലെ മടക്കുകൾ ഉണ്ട്. പുറംപാളി ആണെങ്കിൽ ഇലാസ്തികത ഉള്ളതാണ്. പഫർ പൂർവരൂപം കൈവരിക്കുമ്പോൾ തൊലിയിൽ ചുളിവുകൾ വീണ് അതിന്റെ ജലസഞ്ചാരം തടസ്സപ്പെടാതിരിക്കാൻ ഇലാസ്തികതയുള്ള ഈ ആവരണം സഹായിക്കുന്നു.
എന്നാൽ ഇരപിടിയന്മാരെ വിരട്ടിയോടിക്കാൻ പഫർ ദേഹം വീർപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. തൊലി വികസിക്കുന്നതോടെ ഈ വിരുതന്മാരുടെ ദേഹത്തെ മുള്ളുകൾ നിവർന്നുനിൽക്കുകയും ചെയ്യും. അതുകൊണ്ട് സ്നോർക്കലിങ്ങിൽ (പ്രാണവായു ലഭിക്കാൻ ഉതകുന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെ വെള്ളത്തിനടിയിൽ നീന്തൽ) ഏർപ്പെടുമ്പോഴോ മറ്റോ ഒരു പഫർ മത്സ്യത്തെ കാണാനിടയായാൽ അതിനെ തൊട്ടുനോക്കാൻ ഒരുമ്പെട്ടേക്കരുതേ! മത്സ്യത്തിന്റെ വായും അപകടകരമാണ്; ഒറ്റ കടിക്ക് പല്ല് മാംസം തുളച്ച് അസ്ഥിവരെ എത്തും!
തന്റെ സൃഷ്ടിക്രിയകളെ കുറിച്ചു ദൈവം ഇയ്യോബിനെ ചോദ്യം ചെയ്തപ്പോൾ ഇയ്യോബ് മറുപടി പറഞ്ഞു: “നിനക്കു സകലവും കഴിയുമെന്നും നിന്റെ ഉദ്ദേശമൊന്നും അസാദ്ധ്യമല്ലെന്നും ഞാൻ അറിയുന്നു.” (ഇയ്യോബ് 42:2) മുള്ളുകളുള്ള തടിച്ചുരുണ്ട കൊച്ചു പഫർ മത്സ്യങ്ങൾ നീന്തൽമത്സരങ്ങൾക്കോ സൗന്ദര്യമത്സരങ്ങൾക്കോ പോയാൽ വിജയിക്കുകയില്ലായിരിക്കാം. എന്നാൽ അവയും ദൈവത്തിന്റെ സർഗാത്മകതയ്ക്കും ജ്ഞാനത്തിനും മതിയായ സാക്ഷ്യം നൽകുന്നു.—റോമർ 1:20. (g03 3/22)
[24-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽ: Photo by John E. Randall; താഴെ: © Jeff Rotman