ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പ്രസവാനന്തര വിഷാദം “പ്രസവാനന്തര വിഷാദവുമായുള്ള പോരാട്ടത്തിൽ ഞാൻ വിജയിച്ചു” (സെപ്റ്റംബർ 8, 2002) എന്ന ലേഖനത്തിന് എന്റെ ഹൃദയംഗമമായ നന്ദി. ഒരു വർഷവും മൂന്നുമാസവും മുമ്പാണ് ഞാൻ പ്രസവിച്ചത്. പെട്ടെന്ന്, ഞാൻ തികച്ചും വ്യത്യസ്തയായ ഒരു വ്യക്തിയായി മാറി. എനിക്ക് എന്താണു സംഭവിക്കുന്നതെന്ന് എനിക്കുതന്നെ മനസ്സിലായില്ല. ചിലപ്പോഴൊക്കെ എന്റെ പെരുമാറ്റം പ്രിയപ്പെട്ടവരെ മുറിപ്പെടുത്തിയിരുന്നു. ഇപ്പോൾ അവസ്ഥ മെച്ചപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഈ ലേഖനം എന്നെ സഹായിച്ചു.
എ. പി., റൊമേനിയ (g03 3/08)
ഈ ലേഖനം വായിച്ചശേഷം തനിക്ക് ഈ രോഗമുള്ള വിവരം എന്റെ ബൈബിൾ വിദ്യാർഥിനി തുറന്നു പറഞ്ഞു. ഇപ്പോൾ അവൾ എല്ലാ ആഴ്ചയും ആശുപത്രിയിൽ പോകുന്നുണ്ട്, മരുന്നു കഴിക്കുന്നതുമൂലം അവളുടെ ഉത്തരവാദിത്വങ്ങൾ സന്തോഷത്തോടെ ചെയ്യാൻ അവൾക്കു കഴിയുന്നു.
എ. എം., ജപ്പാൻ (g03 3/08)
ഈ ലേഖനം എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായിരുന്നു. പ്രിയ സഹോദരന്മാരേ, നിങ്ങളുടെ സഹോദരിമാരുടെ ആവശ്യങ്ങൾ നിങ്ങൾ എത്ര കൃത്യമായി തിരിച്ചറിയുന്നു! ഈ ലേഖനം യഹോവയിൽ നിന്നും അവന്റെ സംഘടനയിൽനിന്നും ലഭിച്ച വാത്സല്യം നിറഞ്ഞ ഒരു ആശ്ലേഷംപോലെ ആയിരുന്നു.
സി. ഡബ്ലിയു., ഐക്യനാടുകൾ (g03 3/08)
പ്രസവാനന്തര വിഷാദത്തിൽ നിന്നു ഞാൻ കരകയറിക്കൊണ്ടിരിക്കുകയാണ്. ഈ ലേഖനം എന്നെ ശക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ഒരാൾക്കു മാത്രം മുഴുവനായി മനസ്സിലാക്കാൻ കഴിയുന്ന വിശദീകരണങ്ങൾ നിങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഉണരുക!യുടെ ഈ ലക്കം ഞാൻ സൂക്ഷിച്ചുവെക്കും. എനിക്ക് പ്രോത്സാഹനം വേണ്ടിവരുമ്പോഴെല്ലാം ഇതിലുള്ള സഹായകമായ നിർദേശങ്ങൾ എടുത്തു നോക്കാമല്ലോ.
ഇ. വി. എഫ്., ബ്രസീൽ (g03 3/08)
ഈ ലേഖനം പോലെ, എന്റെ ഹൃദയത്തെ സ്പർശിച്ച മറ്റൊരു ലേഖനവും ഞാൻ ഒരിക്കലും വായിച്ചിട്ടില്ല. എനിക്കുണ്ടായ പ്രസവാനന്തര വിഷാദം മൂലം എന്റെ വിവാഹം തകർന്നു. ആ അവസ്ഥയിൽനിന്നു പുറത്തുകടക്കാൻ എനിക്ക് മൂന്നു വർഷം വേണ്ടിവന്നു. എന്റെ മോൾക്ക് ഇപ്പോൾ അഞ്ചു വയസ്സുണ്ട്. ഞാൻ അവളെ അതിയായി സ്നേഹിക്കുന്നു.
എ. ഒ., പോർട്ടറിക്കോ (g03 3/08)
മൂന്നു മാസമായി പ്രസവാനന്തര വിഷാദവുമായി ഞാൻ മല്ലിടുകയായിരുന്നു. ഏറ്റവും പുതിയ ഉണരുക!യിൽ ഈ വിഷയത്തെ കുറിച്ച് ഒരു ലേഖനം ഉണ്ടെന്ന് അറിഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞുപോയി. പ്രസവാനന്തര വിഷാദത്തെ കുറിച്ച് ഞാൻ വായിച്ചിട്ടുള്ളതിലേക്കും ഏറ്റവും നല്ല ലേഖനമായിരുന്നു ഇത്. നമുക്കായി ഇത്രമാത്രം കരുതുന്നതിൽ യഹോവയോടും അവന്റെ സംഘടനയോടും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്.
എ. എൽ., കാനഡ (g03 3/08)
തലമുടി “നിങ്ങൾ തലമുടിയെ കുറിച്ച് ഉത്കണ്ഠപ്പെടുന്നുവോ?” (സെപ്റ്റംബർ 8, 2002) എന്ന ലേഖനം ഞാൻ ആസ്വദിച്ചു. 14 വർഷമായി ഞാൻ ഒരു ബ്യൂട്ടീഷ്യനാണ്. ആരോഗ്യം കുറഞ്ഞ മുടി ചീകുന്നതു സംബന്ധിച്ചു നിങ്ങൾ പറഞ്ഞ രീതിതന്നെയാണ് ഞങ്ങളും പിൻപറ്റുന്നത്. നിങ്ങളുടെ ലേഖനങ്ങൾ എത്ര വിദഗ്ധമായിട്ടാണ് എഴുതിയിരിക്കുന്നത്. എനിക്കു വളരെ മതിപ്പുതോന്നി.
കെ. കെ., ജപ്പാൻ (g03 4/08)
ഉണരുക!യുടെ ഉത്സാഹിയായ ഒരു വായനക്കാരനെന്ന നിലയിൽ ഈ ലേഖനത്തോടുള്ള എന്റെ വിലമതിപ്പു പ്രകടിപ്പിക്കാതിരിക്കാൻ വയ്യാ. കൗമാരത്തിന്റെ തുടക്കത്തിൽത്തന്നെ എന്റെ മുടി നരയ്ക്കാൻ തുടങ്ങി. കൗമാര വർഷങ്ങളുടെ അവസാനമായപ്പോഴേക്കും, ദൂരെനിന്നു നോക്കിയാൽത്തന്നെ കാണത്തക്കവിധം എന്റെ മുടി നരച്ചുകഴിഞ്ഞിരുന്നു. ഇത് എനിക്കു വളരെ വിഷമം ഉണ്ടാക്കി. എന്നാൽ എന്റെ ശാരീരിക ആകാരം സംബന്ധിച്ച് എളിമയുള്ള ഒരു വീക്ഷണം വെച്ചുപുലർത്താനും ദൈവിക ഗുണങ്ങൾ വളർത്തിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ലേഖനം എന്നെ സഹായിച്ചു.
ഇ. ജെ., നൈജീരിയ (g03 4/08)
പ്രാർഥന “ബൈബിളിന്റെ വീക്ഷണം: ദൈവം കേൾക്കുന്ന പ്രാർഥനകൾ” (ഒക്ടോബർ 8, 2002) എന്ന ലേഖനത്തിന് എന്റെ ഹൃദയം നിറഞ്ഞ നന്ദി. കടുത്ത നിരാശയിലായിരുന്ന ഒരു ദിവസമാണ് ഞാൻ അതു വായിച്ചത്. യെശയ്യാവു 41:10-ലെ വാക്കുകൾ എന്നെ വളരെ ശക്തീകരിച്ചു. യഹോവ എന്നെയും അതുപോലെ മറ്റുള്ളവരെയും ബലപ്പെടുത്തുന്നതിൽ ഞാൻ എത്ര സന്തോഷിക്കുന്നുവെന്നോ! മാത്രമല്ല, അവൻ നമ്മുടെ പ്രാർഥനകൾ എല്ലാം കേൾക്കുന്നു, നമ്മുടെ ചിന്തകൾ പോലും! മതപരമായി വിഭജിതമായ ഒരു കുടുംബത്തിലാണ് 20 വർഷമായി ഞാൻ താമസിക്കുന്നത്. അത് അത്ര എളുപ്പമല്ല, മാത്രവുമല്ല കഴിഞ്ഞ 30 വർഷമായി എനിക്കു വിട്ടുമാറാത്ത രോഗവുമുണ്ട്. ഈ വിശിഷ്ട മാസികകൾക്കു നന്ദി. അവ എനിക്ക് മുന്നോട്ടു പോകാനുള്ള ശക്തി നൽകുന്നു.
ഡി. ജി., ജർമനി (g03 4/22)