ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
യുവജനങ്ങൾ ചോദിക്കുന്നു “യുവജനങ്ങൾ ചോദിക്കുന്നു . . . മാതാപിതാക്കൾ എന്നെ സ്നേഹിക്കാത്തത് എന്തുകൊണ്ട്?” എന്ന ലേഖനത്തിനു നന്ദി. (ഒക്ടോബർ 8, 2002) എനിക്ക് 16 വയസ്സുണ്ട്. നാലു വയസ്സിനു ശേഷം ഞാൻ എന്റെ പിതാവിനെ കണ്ടിട്ടില്ല. ഈ ലേഖനം എന്റെ വികാരങ്ങളെ അതേപടി പ്രതിഫലിപ്പിച്ചു. മാതാപിതാക്കളിൽനിന്നുള്ള അവഗണനയെക്കാൾ വൈകാരിക വേദന ഉളവാക്കുന്ന മറ്റൊരു സംഗതിയില്ല എന്നത് തികച്ചും സത്യമാണ്. തക്കസമയത്തെ ഈ ആത്മീയ ആഹാരത്തിനു നന്ദി.
ജെ. ജെ., ഐക്യനാടുകൾ (g03 5/08)
പതിമൂന്നു വർഷം വേർപിരിഞ്ഞുനിന്നതിനു ശേഷം എന്റെ മാതാപിതാക്കൾ വിവാഹമോചനം നേടാൻ തീരുമാനിച്ചു. ഈ സാഹചര്യം നിമിത്തം ഉണ്ടായ മാനസികാഘാതവുമായി ദീർഘനാളുകൾക്കു മുമ്പേ ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞു എന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അതുകൊണ്ട് എനിക്ക് ഇത്രത്തോളം വൈകാരിക വേദന അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലായില്ല. എന്റെ തീവ്ര ദുഃഖത്തിന്റെ കാരണം മനസ്സിലാക്കിയത്, പ്രാർഥനയിൽ ഈ പ്രത്യേക സംഗതി ഉൾപ്പെടുത്തുന്നതിനും ഈ ഭാരം യഹോവയുടെമേൽ ഇടുന്നതിനും എന്നെ സഹായിച്ചിരിക്കുന്നു.
എം. ഡി., ഇറ്റലി (g03 5/08)
എനിക്ക് ആറു വയസ്സുള്ളപ്പോൾ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചുപോയി. അതിൽപ്പിന്നെ ഞാനും അച്ഛനും തമ്മിൽ കാര്യമായ സമ്പർക്കമൊന്നും ഉണ്ടായിട്ടില്ല. വർഷങ്ങളോളം എനിക്കു കുറ്റബോധവുമായി മല്ലിടേണ്ടിവന്നു. തത്ഫലമായി, എന്റെ വികാരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ തക്കവണ്ണം ഒരു നല്ല ആശയവിനിമയം നടത്താൻ എനിക്കു കഴിഞ്ഞിരുന്നില്ല. നിങ്ങളുടെ ലേഖനങ്ങളിലെ അനുഭവങ്ങൾ എന്റെ ഹൃദയത്തെ സ്പർശിച്ചു, ഇത്തരം അനുഭവങ്ങൾ ഉള്ളത് എനിക്കു മാത്രമല്ല എന്നറിയാൻ അവ എന്നെ സഹായിച്ചു. ഈ ലേഖനങ്ങളിൽനിന്നു വായനക്കാരായ ഞങ്ങൾക്കു ലഭിക്കുന്ന പ്രയോജനങ്ങളും അവയോടുള്ള ഞങ്ങളുടെ നന്ദിയും ദയവായി കുറച്ചുകാണരുത്!
എ. എച്ച്., ഇംഗ്ലണ്ട് (g03 5/08)
എനിക്കു 16 വയസ്സുണ്ട്. എന്റെ അച്ഛൻ അമ്മയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയത് അടുത്തകാലത്താണ്. അനുജനും ചേച്ചിയും ഞാനും ആകെ തകർന്നിരിക്കുകയായിരുന്നു. അതുകൊണ്ട് ഈ ലേഖനം കിട്ടിയപ്പോൾ ഞങ്ങൾക്കുണ്ടായ വികാരം പറഞ്ഞറിയിക്കാനാവില്ല. ഇതു വായിക്കാൻ തുടങ്ങിയ നിമിഷം മുതൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. എന്റെ ഉള്ളിലെ വികാരങ്ങൾ മുഴുവൻ അതിൽ പകർത്തിയിരിക്കുന്നതായി തോന്നി. അതിലെ വാക്കുകൾ ആർദ്രവും വാത്സല്യം നിറഞ്ഞതുമായിരുന്നു. വായിക്കുന്തോറും അത് എന്റെ ഹൃദയത്തെ സ്പർശിച്ചു. എന്റെ അച്ഛന്റെ സ്നേഹത്തിനു ഞാൻ യഥാർഥത്തിൽ യോഗ്യയായിരുന്നോ എന്നു പലതവണ ഞാൻ ചിന്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഈ ലേഖനം വായിച്ചപ്പോൾ എനിക്കു വളരെ ആശ്വാസം തോന്നിയത്. എന്റെ അച്ഛൻ എന്നെ സ്നേഹിക്കുന്നില്ലെങ്കിലും യഹോവ എല്ലായ്പോഴും എന്നെ സ്നേഹിക്കും എന്നറിയുന്നത് എനിക്ക് ഒരുപാടു സാന്ത്വനമേകുന്നു. യഹോവ ഒരു ദിവസം പെട്ടെന്ന് എന്നെ ഉപേക്ഷിക്കും എന്നു വിചാരിച്ച് എനിക്ക് ആകുലപ്പെടേണ്ടതില്ല.
എ. എം., ഐക്യനാടുകൾ (g03 5/08)
ഞങ്ങളുടെ പിതാവ് ഒരു മദ്യപാനിയായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് ഒരുപാടു കഷ്ടം സഹിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടികളായ ഞങ്ങൾക്ക് അധികം ശ്രദ്ധയൊന്നും കിട്ടിയിരുന്നില്ല. വിലകെട്ടവളാണെന്ന തോന്നൽ എനിക്കുണ്ടായി, മരിക്കാൻപോലും ഞാൻ ആഗ്രഹിച്ചു. എന്നാൽ പ്രാർഥനയിൽ ഞാൻ സഹായത്തിനായി യാചിച്ചു. ഈ ലേഖനത്തിനു ഞാൻ വളരെ നന്ദിയുള്ളവളാണ്. ബൈബിൾ തത്ത്വങ്ങൾ പിൻപറ്റുന്നതിലൂടെ ഇത്തരമൊരു സാഹചര്യത്തിൽ ആയിരിക്കുന്നവർക്കും സന്തോഷകരവും വിജയപ്രദവുമായ ജീവിതം ആസ്വദിക്കാൻ കഴിയും എന്ന ആശയം തികച്ചും ആശ്വാസകരമായിരുന്നു. എനിക്കും സന്തോഷവതിയായിരിക്കാൻ കഴിയും എന്നു ഞാൻ തിരിച്ചറിഞ്ഞു!
എ. ഐ., ജപ്പാൻ (g03 5/08)
വാനില “വാനില—നീണ്ട ചരിത്രമുള്ള ഒരു സുഗന്ധവ്യഞ്ജനം” എന്ന ലേഖനത്തെ കുറിച്ച് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. (ഒക്ടോബർ 8, 2002) വർഷങ്ങൾക്കുമുമ്പ് മെക്സിക്കോയിൽനിന്നുള്ള, വിഷാംശം അടങ്ങിയ ഒരുതരം വാനിലയെ കുറിച്ച് ഒരു ലേഖനം ഞാൻ വായിക്കുകയുണ്ടായി. നിരവധി പേർ അതു വാങ്ങുന്നുണ്ട്, പക്ഷേ അതു വിഷാംശമുള്ളതാണ് എന്നു തിരിച്ചറിയുന്നില്ല.
പി. ഡി., ഐക്യനാടുകൾ (g03 5/08)
“ഉണരുക!”യുടെ പ്രതികരണം: മെക്സിക്കോയിലും മറ്റുചില രാജ്യങ്ങളിലും ഉത്പാദിപ്പിക്കുന്ന ചില വാനിലകളിൽ ടോങ്കാ കുരുവിന്റെ സത്ത് അടങ്ങിയിട്ടുണ്ട്. ഇതിൽ ഉയർന്ന അളവിൽ കൗമാറിൻ എന്ന രാസവസ്തു ഉണ്ട്. ഈ രാസവസ്തു വിഷാംശമുള്ളത് ആയതിനാൽ യു.എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ ഇതു നിരോധിച്ചിരിക്കുന്നു. എന്നാൽ വാനിലയിൽ കൗമാറിൻ അടങ്ങിയിട്ടുണ്ടോ എന്ന് കണ്ടോ മണത്തോ അറിയാൻ കഴിയാത്തതിനാൽ വിശ്വാസയോഗ്യമായ ഉറവുകളിൽനിന്നു മാത്രമേ വാനില വാങ്ങാവൂ എന്ന് ഉപഭോക്താക്കൾക്കു നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, ശുദ്ധമായ വാനില സത്ത് അതിന്റെ ഉത്പാദന ചെലവു മൂലം വിലപിടിപ്പുള്ളതുമാണ്. അതുകൊണ്ട് “വിലപേശി” “തീരെ കുറഞ്ഞ വിലയ്ക്ക്” വാനില കിട്ടുന്നെങ്കിൽ സൂക്ഷിക്കുക.