പ്രമേഹം എന്ന “നിശ്ശബ്ദ ഘാതകൻ”
പ്രമേഹം എന്ന “നിശ്ശബ്ദ ഘാതകൻ”
ഇരുപത്തൊന്നു വയസ്സുള്ളപ്പോഴായിരുന്നു കെന്നിന്റെ പ്രശ്നങ്ങളുടെ തുടക്കം. സംഭ്രമം, അമിത ദാഹം, കൈകാൽ തളർച്ച, വിട്ടുമാറാത്ത ക്ഷീണം. ഇതിനു പുറമേ കൂടെക്കൂടെയുള്ള മൂത്രശങ്കയും—ക്രമേണ ഓരോ 20 മിനിട്ടിലും അത് അനുഭവപ്പെടാൻ തുടങ്ങി. അവന്റെ കാഴ്ചയും മങ്ങി.
ഒരു വൈറസ് ബാധയെ തുടർന്ന് വൈദ്യസഹായം തേടിയപ്പോഴാണു കാര്യം മനസ്സിലായത്. അവനു പനി മാത്രമല്ല, ടൈപ്പ് 1 ഡയബറ്റിസ് മെല്ലിറ്റസ് അഥവാ പ്രമേഹവും ഉണ്ടെന്നു ഡോക്ടർ വ്യക്തമാക്കി. ശരീരത്തിന്റെ രാസപ്രക്രിയയിലെ ഈ ക്രമക്കേട്, രക്തത്തിലെ ഒരു പഞ്ചസാരയായ ഗ്ലൂക്കോസ് പോലുള്ള ചില മുഖ്യ പോഷകങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താനുള്ള ശരീരത്തിന്റെ പ്രാപ്തിക്കു ഭംഗം വരുത്തുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമപ്പെടുത്തുന്നതിന് കെന്നിന് ആറ് ആഴ്ച ആശുപത്രിയിൽ കിടക്കേണ്ടിവന്നു.
കെന്നിന് ഇതു സംഭവിച്ചിട്ട് 50-ലധികം വർഷം പിന്നിട്ടിരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടുകൊണ്ട് ചികിത്സാരംഗത്ത് ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. പക്ഷേ, കെൻ ഇപ്പോഴും പ്രമേഹത്തിന്റെ പിടിയിൽനിന്നു രക്ഷപെട്ടിട്ടില്ല. ഇക്കാര്യത്തിൽ അദ്ദേഹം ഒറ്റയ്ക്കല്ല. ലോകമൊട്ടാകെ, 14 കോടിയിൽ അധികം ആളുകൾക്കു പ്രമേഹം ഉള്ളതായി കണക്കാക്കപ്പെടുന്നു. 2025-ാമാണ്ട് ആകുമ്പോഴേക്ക് പ്രമേഹരോഗികളുടെ എണ്ണം ഇരട്ടിയായേക്കും എന്നു ലോകാരോഗ്യ സംഘടന പറയുന്നു. പ്രമേഹത്തിന്റെ വ്യാപ്തി സംബന്ധിച്ച് വിദഗ്ധർക്കു ഭയാശങ്കയുള്ളത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഐക്യനാടുകളിലെ ഒരു പ്രമേഹ ചികിത്സാ കേന്ദ്രത്തിന്റെ സഹഡയറക്ടർ ആയ ഡോ. റോബിൻ എസ്. ഗോല്ലൻഡ് ഇപ്രകാരം പറയുന്നു: “പ്രമേഹരോഗികളുടെ എണ്ണം കണ്ടിട്ട്, ഇത് ഒരു മഹാമാരിയുടെ തുടക്കമാണെന്നു തോന്നുന്നു.”
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽനിന്നുള്ള, പിൻവരുന്ന റിപ്പോർട്ടുകൾ പരിചിന്തിക്കുക:
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ ഇന്റർനാഷണൽ ഡയബറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് അഭിപ്രായപ്പെടുന്ന പ്രകാരം, “21-ാം നൂറ്റാണ്ടിലെ ഏറ്റവും വെല്ലുവിളി ഉയർത്തുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണു പ്രമേഹം.”
ഇന്ത്യ: കുറഞ്ഞപക്ഷം മൂന്നുകോടി പേർക്കു പ്രമേഹമുണ്ട്. “15 വർഷം മുമ്പ്, 40 വയസ്സിൽ താഴെയുള്ള പ്രമേഹരോഗികൾ തീരെ വിരളമായിരുന്നു” എന്ന് ഒരു ഡോക്ടർ പറയുന്നു. എന്നാൽ “ഇന്ന് രണ്ടു പ്രമേഹരോഗികളിൽ ഒരാൾവീതം ഈ പ്രായപരിധിക്കുള്ളിൽ വരും.”
സിംഗപ്പൂർ: ജനസംഖ്യയിൽ 30-നും 69-നും ഇടയ്ക്കു പ്രായമുള്ളവരിൽ ഏതാണ്ടു മൂന്നിൽ ഒരു ഭാഗത്തിനും പ്രമേഹമുണ്ട്. നിരവധി കുട്ടികൾക്ക്—പത്തു വയസ്സുകാർക്കു പോലും—പ്രമേഹമുള്ളതായി കണ്ടെത്തിയിരിക്കുന്നു.
ഐക്യനാടുകൾ: ഏകദേശം 1.6 കോടി ആളുകളെ പ്രമേഹം ബാധിച്ചിരിക്കുന്നു. ഓരോ വർഷവും ഏതാണ്ട് 8,00,000 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെടുന്നു. രോഗമുണ്ടെങ്കിലും അതു തിരിച്ചറിഞ്ഞിട്ടില്ലാത്ത ദശലക്ഷക്കണക്കിന് ആളുകൾ വേറെയുമുണ്ട്.
പ്രമേഹത്തിനു പ്രതിവിധി ചെയ്യുക മിക്കപ്പോഴും വളരെ ബുദ്ധിമുട്ടാണ്, എന്തുകൊണ്ടെന്നാൽ രോഗം പിടിപെട്ട് ദീർഘനാൾ കഴിഞ്ഞായിരിക്കും പലപ്പോഴും അതു കണ്ടുപിടിക്കപ്പെടുക. “ഇതിന്റെ പ്രാരംഭ ലക്ഷണങ്ങൾ താരതമ്യേന നിസ്സാരമായിരിക്കും എന്നതാണ് അതിനു കാരണം” എന്ന് ഏഷ്യാവീക്ക് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഫലമോ, “പ്രമേഹം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.” അതുകൊണ്ടാണ് പ്രമേഹത്തെ നിശ്ശബ്ദ ഘാതകൻ എന്നു വിളിക്കുന്നത്.
ഈ രോഗത്തിന്റെ വ്യാപ്തിയും ഗുരുതരാവസ്ഥയും കണക്കിലെടുത്തുകൊണ്ട്, തുടർന്നുവരുന്ന ലേഖനങ്ങളിൽ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ പരിചിന്തിക്കുന്നതായിരിക്കും:
● പ്രമേഹത്തിന്റെ കാരണങ്ങൾ എന്തെല്ലാമാണ്?
● ഈ ക്രമക്കേടുള്ളവർക്ക് ഇതുമായി എങ്ങനെ പൊരുത്തപ്പെടാൻ കഴിയും? (g03 5/08)
[4-ാം പേജിലെ ചതുരം/ചിത്രം]
പേരിന്റെ ഉത്ഭവം
“ഡയബറ്റിസ് മെല്ലിറ്റസ്” എന്ന പദം എടുത്തിരിക്കുന്നത്, “സൈഫൺ കുഴലിലൂടെ ദ്രാവകങ്ങൾ പകരുക” എന്നർഥം വരുന്ന ഒരു ഗ്രീക്കു പദത്തിൽനിന്നും, “തേൻപോലെ മധുരമുള്ള” എന്നർഥം വരുന്ന ഒരു ലാറ്റിൻ പദത്തിൽനിന്നും ആണ്. ഈ ക്രമക്കേടിനെ വർണിക്കാൻ തികച്ചും അനുയോജ്യമായ പദങ്ങൾതന്നെ. അതായത്, പ്രമേഹമുള്ള ഒരു വ്യക്തിയുടെ ശരീരത്തിൽനിന്ന് വെള്ളം പുറത്തു പോകുന്നതിനെ, വായിൽനിന്ന് വെള്ളം ഒരു സൈഫൺ കുഴലിലൂടെ എന്നപോലെ നേരെ മൂത്രനാളം വഴി അപ്പോൾത്തന്നെ ശരീരത്തിനു പുറത്തു പോകുന്നതിനോട് ഉപമിച്ചിരിക്കുന്നു. കൂടാതെ, ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിരിക്കുന്നതിനാൽ മൂത്രത്തിനു മധുരവും ഉണ്ടായിരിക്കും. ചികിത്സാരംഗത്ത് ഫലപ്രദമായ കണ്ടുപിടിത്തങ്ങൾ ഒക്കെ നടത്തുന്നതിനു മുമ്പ് ആളുകൾക്കു പ്രമേഹരോഗം ഉണ്ടോ എന്നു കണ്ടുപിടിച്ചിരുന്നത്, രോഗിയുടെ മൂത്രം ഉറുമ്പിൻ കൂടിനു സമീപം ഒഴിച്ചായിരുന്നു. മധുരം നിമിത്തം ഉറുമ്പുകൾ ആകർഷിക്കപ്പെട്ടാൽ മൂത്രത്തിൽ പഞ്ചസാര ഉള്ളതായി കണക്കാക്കിയിരുന്നു.