ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ഉത്പാദനക്ഷമത വർധിച്ചിരിക്കുന്നുവോ?
“ഇപ്പോൾ നാലു കാനഡക്കാരിൽ ഒരാൾവീതം ആഴ്ചയിൽ 50 മണിക്കൂറിൽ അധികം ജോലി ചെയ്യുന്നു. എന്നാൽ ഒരു ദശകം മുമ്പ് 10 പേരിൽ ഒരാൾ മാത്രമാണ് അത്രയും മണിക്കൂർ ജോലി ചെയ്തിരുന്നത്,” വാൻകൂവർ സൺ വർത്തമാനപത്രം റിപ്പോർട്ടു ചെയ്യുന്നു. ജോലിക്കാരായ 31,500 കാനഡക്കാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സർവേ വെളിപ്പെടുത്തുന്നത്, “അവരിൽ പകുതിപ്പേരും വീട്ടിൽ വെച്ചോ വാരാന്തങ്ങളിലോ ആയി ഒരു മാസം 27 മണിക്കൂർ തങ്ങളുടെ തൊഴിലുടമയ്ക്ക് സൗജന്യമായി അധികജോലി ചെയ്തുകൊടുക്കുന്നു” എന്നാണ്. ഈ അധികജോലി ചെയ്യുന്നതിനുള്ള പ്രധാന കാരണം സാങ്കേതികവിദ്യയാണ്. “സർവേ കാണിക്കുന്നതനുസരിച്ച് ശമ്പളം പറ്റാതെ വീട്ടിൽവെച്ചു ചെയ്യുന്ന ഈ ഓവർടൈം ജോലികളിൽ ഏറെയും . . . കമ്പ്യൂട്ടർ സഹായത്തോടെ ചെയ്യുന്നവയാണ്” എന്ന് വർത്തമാനപത്രം പറയുന്നു. നാലു ദിവസം ജോലിയും കൂടുതൽ വിശ്രമവും കിട്ടുന്ന ഒരു പട്ടിക പ്രദാനം ചെയ്യുന്നതിനു പകരം “സാങ്കേതികവിദ്യ, ഉത്പാദനക്ഷമത കുറച്ചുകളയുംവിധം സമ്മർദത്തിനും രോഗത്തിനും തളർച്ചയ്ക്കും ജോലിക്കാർ ദീർഘകാലം തൊഴിലിൽനിന്നു വിട്ടുനിൽക്കുന്നതിനും പ്രധാനമായും ഇടയാക്കുന്നു.” പത്രം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “സാങ്കേതികവിദ്യ ജോലിചെയ്യാനുള്ള താത്പര്യവും ഉത്പാദനക്ഷമതയും വർധിപ്പിച്ചു എന്ന് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും സമ്മതിച്ചു. എന്നാൽ അത്, തങ്ങളുടെ ജോലിഭാരവും സമ്മർദവും കുറച്ചു എന്ന് ഒരാൾപോലും പറഞ്ഞില്ല.”(g03 5/22)
“സംസാരിക്കുന്ന” ചെടികൾ
ജർമനിയിലെ ബോൺ സർവകലാശാലയിലുള്ള പ്രായോഗിക ഊർജതന്ത്ര സ്ഥാപനത്തിലെ ഗവേഷകർ, ചെടികൾ “പറയുന്ന കാര്യങ്ങൾ കേൾക്കാനായി” ലേസർ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ഒരുതരം മൈക്രോഫോണുകൾ വികസിപ്പിച്ചെടുത്തിരിക്കുന്നു. ചെടികൾ സമ്മർദത്തിൻ കീഴിൽ ആയിരിക്കുമ്പോൾ എഥിലീൻ വാതകം ഉത്പാദിപ്പിക്കുന്നു. വാതകം പുറത്തുവിടുന്ന ശബ്ദതരംഗങ്ങളെ ഈ മൈക്രോഫോണുകൾ പിടിച്ചെടുക്കുന്നു. ബോൺ സർവകലാശാലയിലെ ശാസ്ത്രജ്ഞനായ ഡോ. ഫ്രാങ്ക് ക്യീന്നമാൻ ഇങ്ങനെ പറയുന്നു: “സസ്യം എത്രയധികം സമ്മർദത്തിലാകുന്നുവോ അത്രയധികം ഉച്ചത്തിലുള്ള സിഗ്നലുകൾ ഞങ്ങൾക്കു മൈക്രോഫോണിലൂടെ കിട്ടുന്നു.” ഒരു സന്ദർഭത്തിൽ ഈ ഉപകരണത്തിൽനിന്നു ലഭിച്ച സിഗ്നൽ അനുസരിച്ച്, കാഴ്ചയിൽ ആരോഗ്യമുണ്ടെന്നു തോന്നിയ ഒരു വെള്ളരി “അക്ഷരാർഥത്തിൽ നിലവിളിക്കുകയായിരുന്നു.” “ചെടിയെ കുറേക്കൂടി അടുത്തു പരിശോധിച്ചപ്പോൾ അതിനു പൂപ്പൽബാധ ഉണ്ടായിരിക്കുന്നതായി കണ്ടെത്തി, എന്നാൽ അതിന്റെ ലക്ഷണങ്ങൾ ഒന്നും പുറമേ കാണാനില്ലായിരുന്നു.” എന്നാൽ, പൂപ്പൽബാധ തുടങ്ങി എട്ടോ ഒൻപതോ ദിവസം കഴിഞ്ഞാലേ പുറത്തു പുള്ളികൾ പ്രത്യക്ഷപ്പെടുകയുള്ളൂ. അപ്പോൾ മാത്രമേ കർഷകർക്കു പ്രശ്നം മനസ്സിലാകൂ. ലണ്ടന്റെ ദ ടൈംസ് ഇപ്രകാരം പറയുന്നു: “ചെടികൾ പറയുന്നതു സൂക്ഷ്മമായി ശ്രദ്ധിച്ചാൽ കീടബാധയുടെയോ മറ്റ് രോഗങ്ങളുടെയോ ലക്ഷണങ്ങൾ വളരെ നേരത്തേ കണ്ടുപിടിക്കാൻ കഴിയും. ചെടികളിൽ ആയിരിക്കെ പഴങ്ങൾക്കും പച്ചക്കറികൾക്കും എത്രത്തോളം സമ്മർദം അനുഭവപ്പെടുന്നു എന്നറിയുന്നത് അവയെ ഫലപ്രദമായി ശേഖരിച്ചുവെക്കുന്നതിലും കയറ്റി അയയ്ക്കുന്നതിലും സഹായകമായിരിക്കും.”(g03 5/08)
ഇന്ത്യയിൽ മാധ്യമങ്ങൾ വളരുന്നു
ഇന്ത്യയിൽ പത്രവായനക്കാരുടെ എണ്ണം 1999 മുതൽ 2002 വരെയുള്ള മൂന്നു വർഷത്തെ കാലയളവുകൊണ്ട് 13.1 കോടിയിൽനിന്ന് 15.1 കോടിയായി വർധിച്ചിരിക്കുന്നു. നാഷണൽ റീഡർഷിപ്പ് സ്റ്റഡീസ് കൗൺസിൽ നടത്തിയ ഒരു സർവേയിൽനിന്നു വെളിപ്പെട്ടതാണ് ഇത്. വർത്തമാനപത്രങ്ങളും മാസികകളും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും ഒരുമിച്ചു ചേർത്താൽ, അച്ചടിച്ച പ്രസിദ്ധീകരണങ്ങളുടെ വായനക്കാർ മൊത്തം 18 കോടിയുണ്ട്. 100 കോടിയിൽ അധികം വരുന്ന ഇന്ത്യയുടെ ജനസംഖ്യയിൽ 65 ശതമാനത്തിലധികം പേർ സാക്ഷരരാണ്. അതുകൊണ്ട് വായനക്കാരുടെ എണ്ണം ഇനിയും വർധിക്കാനുള്ള സാധ്യതയുണ്ട്. ടെലിവിഷൻ കാണുന്നവരുടെ എണ്ണം 38.36 കോടിയാണ്. റേഡിയോ കേൾക്കുന്നവരുടേത് 68.06 കോടിയും. ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നവരുടെ എണ്ണം, 1999-ൽ 14 ലക്ഷം ആയിരുന്നത് ഇന്ന് 60 ലക്ഷത്തിൽ അധികമാണ്. ഇന്ത്യയിൽ ടെലിവിഷൻ ഉള്ള വീടുകളിൽ ഏതാണ്ട് പകുതിക്കും ഇപ്പോൾ കേബിളും സാറ്റലൈറ്റു മുഖേനയുള്ള പ്രക്ഷേപണം ശ്രദ്ധിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. ഇതു മൂന്നു വർഷംകൊണ്ടുണ്ടായ 31 ശതമാനം വർധനയാണ്. (g03 5/08)
വിവാഹത്തകർച്ചയ്ക്ക് ഒടുക്കേണ്ടിവരുന്ന വില
“‘തകർന്ന കുടുംബങ്ങളിലെ’ നിരവധി അമ്മമാർക്കും അച്ഛന്മാർക്കും കുട്ടികൾക്കും ദാരിദ്ര്യം, വൈകാരിക വേദന, അനാരോഗ്യം, അവസരനഷ്ടം, സ്ഥിരതയില്ലായ്മ” എന്നിവ അനുഭവിക്കേണ്ടിവരുന്നു. 20-ലധികം വർഷത്തെ ഗവേഷണങ്ങളുടെ ഫലമായി തയ്യാറാക്കപ്പെട്ട 100-ൽപ്പരം ലേഖനങ്ങൾ വിശകലനം ചെയ്തശേഷം സിവിറ്റാസ് ഫാമിലി സ്റ്റഡി യൂണിറ്റിലെ പ്രൊജക്ട് മാനേജരായ റിബെക്കാ ഒനീൽ ആണ് അപ്രകാരം റിപ്പോർട്ടു ചെയ്തത്. ഒനീലിന്റെ അഭിപ്രായത്തിൽ തകർന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് “ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 50 ശതമാനം കൂടുതലാണ്. അതുപോലെ അവർ വീടുവിട്ടുപോകാനുള്ള സാധ്യത ഇരട്ടിയും ശാരീരിക ദുഷ്പെരുമാറ്റത്തിന് ഇരയാകാനുള്ള സാധ്യത അഞ്ച് ഇരട്ടിയും ആണ്” എന്ന് ലണ്ടന്റെ ദ സൺഡേ ടെലഗ്രാഫ് പറയുന്നു. പത്രം ഇങ്ങനെ തുടരുന്നു: “സ്വന്തം പിതാവിന്റെ സംരക്ഷണത്തണൽ ഇല്ലാതെ ജീവിക്കേണ്ടിവരുന്ന കുട്ടികൾക്കു മറ്റുള്ളവരുമായി സൗഹൃദത്തിൽ വരുന്നതിനുള്ള ബുദ്ധിമുട്ട് മൂന്നിരട്ടിയാണ്. സ്കൂളിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും മൂന്നിരട്ടിതന്നെ. കൗമാരപ്രായക്കാരായ ഇത്തരം കുട്ടികൾ മദ്യപാനം, പുകവലി, മയക്കുമരുന്നു ദുരുപയോഗം . . . എന്നീ ദുശ്ശീലങ്ങളിലും കുറ്റകൃത്യം, ഇളം പ്രായത്തിലുള്ള ലൈംഗികത എന്നിവയിലും ഏർപ്പെടാനും കൗമാരപ്രായത്തിൽത്തന്നെ മാതാപിതാക്കൾ ആയിത്തീരാനും ഉള്ള സാധ്യത ഇരട്ടിയാണ്.” എന്നാൽ ദരിദ്രരും സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരുംആണെങ്കിലും ഒരുമിച്ചു കഴിയുന്ന ദമ്പതികളുടെ കുട്ടികൾ ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കാനുള്ള സാധ്യത വളരെ കുറവാണ്. (g03 5/22)
ഭീകര മരണങ്ങളിൽ ഒന്നാം സ്ഥാനം ആത്മഹത്യയ്ക്ക്
“ലോകമൊട്ടാകെ നടക്കുന്ന ഭീകര മരണങ്ങളിൽ ആത്മഹത്യ മുന്നിട്ടു നിൽക്കുന്നു” എന്ന് ലണ്ടന്റെ വർത്തമാനപത്രമായ ദി ഇൻഡിപ്പെൻഡന്റ് പറയുന്നു. ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ലേഖനം പറയുന്നതനുസരിച്ച് 2000-ത്തിൽ 16 ലക്ഷം ഭീകര മരണങ്ങൾ സംഭവിച്ചു. ആ വർഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം 8,15,000 ആയിരുന്നു. നരഹത്യയിൽ 5,20,000 പേരും യുദ്ധങ്ങളിലും സംഘട്ടനങ്ങളിലും 3,10,000 പേരും കൊല്ലപ്പെട്ടു. 2000-ത്തിൽ സംഭവിച്ച മരണങ്ങളിൽ അധികവും “വികസ്വര രാജ്യങ്ങളിൽ ആയിരുന്നു. ഇതിന്റെ 10 ശതമാനത്തിൽ കുറവേ വികസിത രാജ്യങ്ങളിൽ സംഭവിച്ചുള്ളു” എന്ന് വർത്തമാനപത്രം പറയുന്നു. ബിലേറസ്, എസ്തോണിയ, ലിത്വാനിയ എന്നിവിടങ്ങളിലെ ആത്മഹത്യാനിരക്ക് ബ്രിട്ടനിലേതിന്റെ നാലിരട്ടിയിൽ അധികം ആയിരുന്നു. ആഫ്രിക്കയിലും വടക്കേ-തെക്കേ അമേരിക്കകളിലും ആത്മഹത്യയെക്കാൾ മുൻപന്തിയിലായിരുന്നു നരഹത്യ. എന്നാൽ ഓസ്ട്രേലിയ, യൂറോപ്പ്, വിദൂരപൗരസ്ത്യദേശം എന്നിവിടങ്ങളിൽ ആത്മഹത്യാനിരക്കാണു മുന്നിട്ടുനിന്നത്. (g03 5/22)
ഉറക്കം മതിയാകാത്ത കുട്ടികൾ
ആവശ്യത്തിന് ഉറക്കം കിട്ടാത്തതു കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും എന്ന് യു.എസ്. ന്യൂസ് & വേൾഡ് റിപ്പോർട്ട് മാസിക പറയുന്നു. കുട്ടികൾക്കു വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുമ്പോൾ അവരുടെ പഠനപ്രാപ്തിയും കൂട്ടുകാരെ സമ്പാദിക്കാനുള്ള കഴിവും കുറഞ്ഞുപോകുന്നു. “ഉറക്കം കടം കിടക്കുന്ന കുട്ടികൾക്ക് അധികസമയം ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയില്ല. അവർ അസ്വസ്ഥരും സംഭ്രാന്തരും അക്ഷമരും ആയിരിക്കും” എന്ന് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഈ പ്രശ്നത്തിനു കാരണക്കാർ മാതാപിതാക്കൾതന്നെ ആണെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളുടെ ഫിസിയോതെറാപ്പിസ്റ്റായ ബാർബറാ ബ്രൗൺ മക്ഡൊണാൾഡ് ഇപ്രകാരം പറയുന്നു: “കുടുംബത്തോടൊപ്പം സമയം ചെലവിടാൻ നിങ്ങൾ കുട്ടിയെ രാത്രി 11 മണിവരെ ഉറക്കാതെ ഇരുത്തുന്നു എങ്കിൽ, നിങ്ങൾ നിങ്ങളുടെ ജീവിതം ഒന്നു പുനഃപരിശോധിക്കേണ്ടതുണ്ട്.” ആരോഗ്യകരമായ ഉറക്കശീലങ്ങൾ വളർത്താൻ, ഉറങ്ങാൻ പോകുന്നതിനും ഉണർന്ന് എഴുന്നേൽക്കുന്നതിനും ഒരു കൃത്യസമയം ചിട്ടപ്പെടുത്താൻ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു. വാരാന്തങ്ങളിലും ഈ പട്ടിക പിൻപറ്റേണ്ടതാണ്. ഉറങ്ങാൻ പോകുന്നതിനു മുമ്പ് എന്തു ചെയ്യുന്നു എന്നതും പ്രാധാന്യമർഹിക്കുന്നു. കിടക്കുന്നതിനു മുമ്പ് കുളിക്കാൻ ആവശ്യപ്പെടുന്നതും കുട്ടികളെ ആശ്ലേഷിക്കുന്നതും കഥാപുസ്തകങ്ങളിൽനിന്നു കഥകൾ വായിച്ചുകൊടുക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. അതുപോലെ ഉറങ്ങാൻ പോകുന്നതിനു മുമ്പുള്ള ഒരു മണിക്കൂർ സമയം ടെലിവിഷൻ കാണാനും കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാനും അവരെ അനുവദിക്കാതിരിക്കുക. (g03 5/22)
പാപ്പാസ്മരണികകളുടെ വിൽപ്പന മന്ദീഭവിക്കുന്നു
വർഷങ്ങളോളം “മതപരമായ വസ്തുക്കളുടെ വിൽപ്പന [പോളണ്ടിൽ] വളരെ വരുമാനം നേടിത്തന്നിരുന്നു” എന്ന് ന്യൂസ് വീക്കിന്റെ പോളീഷ് പതിപ്പ് റിപ്പോർട്ടു ചെയ്യുന്നു. പക്ഷേ അടുത്തകാലത്തായി വിശുദ്ധ പ്രതിമകളുടെ വിൽപ്പന ഒരു “പ്രതിസന്ധി”യെ നേരിടുന്നു. 2002-ൽ പാപ്പാ പോളണ്ടു സന്ദർശിക്കും എന്നു വ്യാപകമായ പരസ്യം ഉണ്ടായിരുന്നു എങ്കിലും പരമ്പരാഗത മതസാമഗ്രികളായ ആഭരണങ്ങൾക്കും പെയിന്റിങ്ങുകൾക്കും ആവശ്യം തീരെ കുറവായിരുന്നു. “പ്ലാസ്റ്റർ ഓഫ് പാരീസും ലോഹവും കൊണ്ടുള്ള പാപ്പായുടെ അർധകായ പ്രതിമകളും ചെറുപ്രതിമകളും പാപ്പായുടെ ചിത്രമുള്ള കയറ്റുപായ്കളും പെയിന്റിങ്ങുകളുംകൊണ്ട്” വിപണി നിറഞ്ഞിരുന്നു എന്നു മാസിക പറയുന്നു. പക്ഷേ “ഉപഭോക്താക്കൾ കണ്ണുമടച്ച് ഒന്നും വാങ്ങുന്നില്ല.” എന്നിരുന്നാലും അവയിൽ ഒന്നു വളരെ ജനശ്രദ്ധ പിടിച്ചുപറ്റി. ഒരു വശത്ത് “വിശുദ്ധ രൂപങ്ങളും” മറുവശത്ത് “പ്ലാസ്റ്റിക്കിനോട് ഉരുക്കിച്ചേർത്ത സ്വർണ കൊന്തമണികളും” ഉള്ള ഒരു പ്ലാസ്റ്റിക് കാർഡ് ആയിരുന്നു അത്. ഈ “റോസറി കാർഡ്” ആണ് ഏറ്റവും പുതിയതും ജനശ്രദ്ധ പിടിച്ചുപറ്റിയതുമായ പാപ്പാ സ്മരണിക എന്ന് പോളീഷ് വാരികയായ പ്റോസ്റ്റ് പറയുന്നു. (g03 5/22)
“വിനോദം, ലഘുഭക്ഷണം, രക്തം”
ജപ്പാനിലെ യുവജനങ്ങൾ, “സൗജന്യ വീഡിയോകളും കമ്പ്യൂട്ടർ ഗെയിമുകളും ലഘുഭക്ഷണവും തിരുമ്മുചികിത്സയുമൊക്കെ ലഭ്യമായ വിശാലമായ എയർകണ്ടീഷൻ മുറികൾ” കൂടെക്കൂടെ സന്ദർശിക്കുന്നു എന്ന് ഐഎച്ച്റ്റി ആസാഹി ഷിംബുൻ റിപ്പോർട്ടു ചെയ്യുന്നു. “പക്ഷേ ഒരു വ്യവസ്ഥയുണ്ട്: രക്തം ഒഴുക്കണം” കാരണം എന്താണെന്നോ? ഈ സൗകര്യങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത് ജപ്പാനിലെ റെഡ്ക്രോസ് സൊസൈറ്റിയുടെ രക്തദാന കേന്ദ്രങ്ങളാണ്. “വലിയ പാർട്ടി നടക്കുന്നതുപോലുള്ള ചുറ്റുപാടിൽ ആണ് ആളുകൾ രക്തദാനം ചെയ്യുന്നത്” എന്ന് ഒരു വർത്തമാനപത്രം പറയുന്നു. “രക്തദാനത്തിനുശേഷം അനേകം യുവജനങ്ങളും അവിടെത്തന്നെ ചുറ്റിപ്പറ്റിനിൽക്കുന്നു, വെറുതെ കിട്ടുന്ന ഡോനട്ട്സും ജ്യൂസും കമ്പ്യൂട്ടർ ഗെയിമുകളും ഒക്കെ ആസ്വദിക്കാൻ. ആഴ്ചയിൽ പലതവണ നടത്തുന്ന ഭാവികഥനങ്ങളാണ് ഇവിടത്തെ മറ്റൊരു ആകർഷണം.” കൂടാതെ, മേക്കപ്പ് ക്ലാസ്സുകൾ, ഷെയ്ത്സു അഥവാ അക്യുപ്രഷർ ചികിത്സ, സംഗീതപരിപാടികൾ, ഉപയോഗിച്ച സാധനങ്ങളുടെ വിൽപ്പന എന്നിവയും ഉണ്ടായിരിക്കും. രക്തദാനം നടത്തുന്നതിൽ ഉള്ള മന്ദീഭാവം കുറയ്ക്കുന്നതിന് റെഡ്ക്രോസ് ഇത്തരത്തിൽ, രാജ്യമൊട്ടാകെയുള്ള തങ്ങളുടെ രക്തദാന കേന്ദ്രങ്ങളുടെ മോടികൂട്ടിക്കൊണ്ടിരിക്കുകയാണ്. ഒരിക്കൽ “ഭയപ്പെടുത്തുന്ന, മ്ലാനമായ അന്തരീക്ഷം മുറ്റിനിന്നിരുന്ന” രക്തദാന കേന്ദ്രങ്ങൾ ഇപ്പോൾ “കൗമാരപ്രായക്കാരും 20-കളിലുള്ളവരും പതിവായി സന്ദർശിക്കുന്ന” ഇടമായി മാറിയിരിക്കുന്നു എന്ന് വർത്തമാനപത്രം പറയുന്നു. (g03 5/22)