വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പീലിക്കെട്ടിൽ നിറയെ കണ്ണുകളുമായി അഴകാർന്ന ഒരു പക്ഷി

പീലിക്കെട്ടിൽ നിറയെ കണ്ണുകളുമായി അഴകാർന്ന ഒരു പക്ഷി

പീലി​ക്കെ​ട്ടിൽ നിറയെ കണ്ണുക​ളു​മാ​യി അഴകാർന്ന ഒരു പക്ഷി

ഇന്ത്യയിലെ ഉണരുക! ലേഖകൻ

അതേ, നിങ്ങളു​ടെ ഊഹം ശരിയാണ്‌. മയിലി​നെ കുറിച്ച്‌, കൃത്യ​മാ​യി പറഞ്ഞാൽ ആൺമയി​ലി​നെ കുറി​ച്ചാണ്‌ ഞങ്ങൾ പറഞ്ഞു​വ​രു​ന്നത്‌. ആൺമയി​ലി​ന്റെ നീണ്ട പീലി​ക്കെട്ട്‌ ലോക​പ്ര​സി​ദ്ധ​മാ​ണ​ല്ലോ. a എന്നാൽ ഇത്ര ആഡംബ​ര​പൂർണ​വും സമൃദ്ധ​വു​മായ ഒരു തൂവൽജാ​ലം​കൊണ്ട്‌ എന്ത്‌ ഉദ്ദേശ്യ​മാണ്‌ സാധി​ക്കു​ന്ന​തെ​ന്നും അഴകിനു പുറമേ മറ്റെ​ന്തെ​ങ്കി​ലും സവി​ശേഷത ഈ പക്ഷിക്ക്‌ ഉണ്ടോ​യെ​ന്നും നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും ചിന്തി​ച്ചി​ട്ടു​ണ്ടോ?

മയിൽ, വാൻകോ​ഴി കുലത്തി​ലെ ഒരു അംഗമാണ്‌. മൂന്നു തരം മയിലു​കൾ ഉണ്ട്‌. ഇവിടെ നാം ചർച്ച​ചെ​യ്യാൻ പോകു​ന്നത്‌ ഇന്ത്യൻ, അതായത്‌ സാധാരണ, ആൺമയി​ലി​നെ കുറി​ച്ചാണ്‌. അതിന്റെ പ്രധാന നിറങ്ങൾ നീലയും പച്ചയു​മാണ്‌. അതിന്‌ 200 മുതൽ 235 വരെ സെന്റി​മീ​റ്റർ നീളം കണ്ടേക്കാം. പീലി​ക്കെ​ട്ടി​ന്റെ മാത്രം നീളം 150 സെന്റി​മീ​റ്റർ ആണ്‌. പച്ചനി​റ​വും സ്വർണ്ണ​നി​റ​വും കലർന്ന പീലി​ക​ളാണ്‌ അതിലു​ള്ളത്‌. അവയിൽ കണ്ണിന്റെ ആകൃതി​യിൽ നീലനി​റ​ത്തി​ലും പിച്ചള​നി​റ​ത്തി​ലും ഉള്ള അടയാ​ളങ്ങൾ ഉണ്ടാകും. ശരീര​ത്തി​ലെ തൂവലു​കൾക്ക്‌ പ്രധാ​ന​മാ​യും തിളക്ക​മാർന്ന പച്ച കലർന്ന നീല നിറമാണ്‌.

ഇന്ത്യയു​ടെ ദേശീ​യ​പക്ഷി എന്ന്‌ ഔദ്യോ​ഗി​ക​മാ​യി നാമക​രണം ചെയ്യ​പ്പെ​ട്ടി​ട്ടുള്ള മയിലിന്‌ തീർച്ച​യാ​യും രാജകീയ പ്രൗഢി​ത​ന്നെ​യുണ്ട്‌. അതു​കൊ​ണ്ടാ​യി​രി​ക്കാം ഒരുപക്ഷേ അഹങ്കാ​രി​ക​ളായ മനുഷ്യ​രെ വർണി​ക്കാൻ “മയിലി​നെ​പ്പോ​ലെ അഹങ്കാരി” എന്ന പ്രയോ​ഗം ചില ഭാഷക​ളിൽ ഉപയോ​ഗി​ച്ചു​വ​രു​ന്നത്‌. എങ്കിലും, കാണു​ന്ന​തു​പോ​ലെ അത്ര ഇണക്കമി​ല്ലാത്ത ഒരു പക്ഷിയല്ല ഇത്‌. മറിച്ച്‌ അതു വളരെ എളുപ്പ​ത്തിൽ ഇണങ്ങും എന്നതാണു വാസ്‌തവം. ചിലർ മയിലി​നെ വിശുദ്ധ പക്ഷിയാ​യി കരുതു​ന്നു. അതു​കൊ​ണ്ടാണ്‌ മയിലു​കൾ തങ്ങളുടെ ധാന്യ​വ​യ​ലു​കൾ ആക്രമി​ച്ചാ​ലും ഇന്ത്യയി​ലെ ഗ്രാമീണ കർഷകർ ചില​പ്പോൾ പരാതി​യൊ​ന്നും കൂടാതെ അതു സഹിക്കു​ന്നത്‌.

അവയുടെ ഗംഭീര പ്രകടനം

മയിലു​കളെ കുറിച്ചു കേൾക്കു​മ്പോൾ ഏറ്റവും ആദ്യം മനസ്സി​ലേക്ക്‌ ഓടി​യെ​ത്തു​ന്നത്‌ നീണ്ട പീലി​ക്കെട്ട്‌ അതിമ​നോ​ഹ​ര​മായ ഒരു വിശറി​പോ​ലെ പിടിച്ച്‌ ആൺമയി​ലു​കൾ കാഴ്‌ച​വെ​ക്കുന്ന ഗംഭീര പ്രകട​ന​മാണ്‌. ഈ ഉജ്ജ്വല പ്രദർശ​ന​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌? സാധ്യ​ത​യ​നു​സ​രിച്ച്‌, പിടയെ ആകർഷി​ക്കു​ന്ന​തി​നു വേണ്ടി​യാണ്‌ ഇതെല്ലാം.

പിടയ്‌ക്ക്‌ എല്ലാ പൂവന്മാ​രെ​യൊ​ന്നും അങ്ങനെ ഇഷ്ടമാ​കില്ല. എങ്കിലും ഗംഭീര പ്രകടനം കാഴ്‌ച​വെച്ച്‌ ശ്രദ്ധ ആകർഷി​ക്കാൻ ശ്രമി​ക്കു​ന്ന​വ​രു​ടെ മുമ്പിൽ അവൾ അറിയാ​തെ വീണു​പോ​കാ​റുണ്ട്‌. വർണശ​ബ​ള​മായ മയിൽപ്പീ​ലി​ക്ക​ണ്ണു​കൾ നിറഞ്ഞ, വിശറി​പോ​ലെ വിടർത്തി​പ്പി​ടി​ച്ചി​രി​ക്കുന്ന പീലി​ക്കെട്ട്‌ പിടയു​ടെ ശ്രദ്ധ അപ്പാടെ പിടി​ച്ചെ​ടു​ക്കു​ന്നു. ഏറ്റവും ഗംഭീ​ര​മായ പ്രദർശനം കാഴ്‌ച വെക്കുന്ന ആൺമയി​ലി​നെ ആയിരി​ക്കും അവൾ ഇണയായി തിര​ഞ്ഞെ​ടു​ക്കുക.

എന്നാൽ പീലി​ക്കെട്ട്‌ പ്രദർശി​പ്പി​ക്കു​ന്നത്‌ പ്രകട​ന​ത്തി​ന്റെ ഒരു ഭാഗം മാത്രമേ ആകുന്നു​ള്ളൂ. ആൺമയിൽ ആദ്യം അവന്റെ നീണ്ട പീലി​ക്കെട്ട്‌ വിശറി​പോ​ലെ വിടർത്തി​യിട്ട്‌ അതു മുന്നോ​ട്ടു കൊണ്ടു​വ​രും. തുടർന്ന്‌ അവന്റെ ഗംഭീര നൃത്തം ആരംഭി​ക്കു​ക​യാ​യി. ഈ സമയത്ത്‌ അവൻ തവിട്ടു​നി​റ​ത്തി​ലുള്ള ചിറകു​കൾ വശങ്ങളിൽ തൂക്കി​യിട്ട്‌ ശരീരം വിറപ്പി​ക്കു​ന്നു. അപ്പോൾ നിവർന്നു​നിൽക്കുന്ന പീലികൾ മർമര​ശബ്ദം ഉണ്ടാക്കു​ന്നു. പീലി​വി​രിച്ച്‌ ആടുന്ന​തോ​ടൊ​പ്പം അവൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കു​ക​യും ചെയ്യുന്നു. അത്‌ ശ്രുതി​മ​ധു​ര​മാ​ണെ​ന്നൊ​ന്നും പറയാൻ പറ്റില്ല. എങ്കിലും അതു​കൊണ്ട്‌ ഒരു പ്രയോ​ജനം ഉണ്ട്‌. അവൻ പിടയിൽ തത്‌പ​ര​നാ​ണെന്ന്‌ അവളെ അറിയി​ക്കാ​നാ​കു​ന്നു.

ചില​പ്പോൾ പിട, പൂവന്റെ ചേഷ്ടകൾ ചെറിയ തോതിൽ അനുക​രി​ക്കാൻ ശ്രമി​ച്ചെ​ന്നി​രി​ക്കും. എന്നാൽ ഒട്ടുമി​ക്ക​പ്പോ​ഴും, അവൾ പൂവന്റെ പ്രകട​ന​ത്തിൽ തത്‌പ​ര​യ​ല്ലാ​ത്ത​താ​യി കാണ​പ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, ഏറ്റവും മികച്ച പ്രകടനം കാഴ്‌ച​വെ​ക്കു​ന്നവൻ പിടയു​ടെ മനസ്സു കീഴട​ക്കു​ക​തന്നെ ചെയ്യും. അഞ്ചു പിടകളെ വരെ ‘വേൾക്കുന്ന’ പൂവൻ ഒരു വർഷം 25 മയിൽക്കു​ഞ്ഞു​ങ്ങൾക്കു വരെ ജന്മം നൽകി​യേ​ക്കാം.

മയിലി​ന്റെ കുടും​ബ​ജീ​വി​തം

പ്രജന​ന​കാ​ലം കഴിയു​ന്ന​തോ​ടെ പൂവൻ പീലികൾ പൊഴി​ക്കു​ക​യാ​യി. ഒരു മുതിർന്ന ആൺമയി​ലി​ന്റെ പീലി​ക്കെ​ട്ടിൽ ശരാശരി 200-ലധികം പീലികൾ ഉണ്ടാകും. പാശ്ചാത്യ നാടു​ക​ളി​ലേക്ക്‌ കയറ്റി അയയ്‌ക്കു​ന്ന​തി​നു വേണ്ടി ഇന്ത്യയി​ലെ ഗ്രാമ​വാ​സി​കൾ അവ ശേഖരി​ക്കാ​റു​ണ്ടാ​യി​രു​ന്നു. എന്നാൽ മയിലു​ക​ളു​ടെ സംരക്ഷ​ണ​ത്തി​നാ​യി ഇപ്പോൾ അത്തരം കയറ്റു​മതി നിരോ​ധി​ച്ചി​രി​ക്കു​ക​യാണ്‌. എന്നിരു​ന്നാ​ലും തദ്ദേശീ​യർ ഇപ്പോ​ഴും പീലികൾ ശേഖരിച്ച്‌ വിശറി​ക​ളും ആകർഷ​ക​മായ മറ്റു വസ്‌തു​ക്ക​ളും ഉണ്ടാക്കാ​റുണ്ട്‌.

സന്ധ്യയാ​കു​ന്ന​തോ​ടെ മയിലു​കൾ ചേക്കേ​റു​ന്ന​തി​നു പറ്റിയ സ്ഥാനം അന്വേ​ഷിച്ച്‌ മെല്ലെ പൊക്ക​മുള്ള മരങ്ങളിൽ കയറി​പ്പ​റ്റു​ന്നു. രാവിലെ അവ മരങ്ങളു​ടെ മുകളിൽനി​ന്നു പതുക്കെ താഴേക്ക്‌ ഇറങ്ങി​വ​രു​ന്നു. ഈ ജീവി​ക​ളു​ടെ സൗന്ദര്യം നിങ്ങളു​ടെ കണ്ണുകൾക്കു വിരു​ന്നൊ​രു​ക്കി​യേ​ക്കാം, എന്നാൽ അവയുടെ പാട്ടിന്‌ അതേ നിലവാ​രം നിങ്ങൾ പ്രതീ​ക്ഷി​ക്ക​രുത്‌. മയിലു​ക​ളു​ടെ വിഷാ​ദാ​ത്മ​ക​മായ കരച്ചിൽ സായാ​ഹ്ന​ത്തി​ന്റെ പ്രശാ​ന്ത​തയെ ഭഞ്‌ജി​ക്കു​ന്നു. അവ തീറ്റ തേടാൻ തുടങ്ങി​യാ​ലേ അന്തരീക്ഷം ഒന്നു പ്രശാ​ന്ത​മാ​കൂ.

മയിലു​കൾ സർവാ​ഹാ​രി​ക​ളാണ്‌, അതായത്‌ പലതരം വിത്തുകൾ, ധാന്യങ്ങൾ, പയറുകൾ, വിളക​ളു​ടെ മാർദ​വ​മുള്ള വേരുകൾ, ഷഡ്‌പ​ദങ്ങൾ, പല്ലികൾ, ചെറിയ പാമ്പുകൾ എന്നു വേണ്ട എന്തും അവ തിന്നും.

മട്ടും ഭാവവും ഒക്കെ കണ്ടാൽ തന്റെ സൗന്ദര്യ​ത്തിൽ അഹങ്കരി​ക്കു​ന്ന​വ​നാ​ണെന്നു തോന്നി​യേ​ക്കാ​മെ​ങ്കി​ലും മറ്റു മയിലു​ക​ളു​ടെ സുരക്ഷ​യു​ടെ കാര്യ​ത്തിൽ പൂവൻ ശ്രദ്ധാ​ലു​വാണ്‌. അപകടം ‘മണത്തറി​യാ​നുള്ള’ ഒരു പ്രത്യേക കഴിവ്‌ ആൺമയി​ലി​നുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഒരു പൂച്ചയോ മറ്റോ ഇരതേടി പരിസ​ര​ത്തു​കൂ​ടെ പാത്തും പതുങ്ങി​യും നടപ്പു​ണ്ടെ​ങ്കിൽ ആൺമയിൽ അത്‌ ഉടനടി മനസ്സി​ലാ​ക്കു​ക​യും അപകടത്തെ കുറിച്ചു മുന്നറി​യി​പ്പു നൽകാ​നാ​യി ഉച്ചത്തിൽ കരഞ്ഞു​കൊണ്ട്‌ കാട്ടി​ലൂ​ടെ ഓടു​ക​യും ചെയ്യുന്നു. മറ്റ്‌ ആൺമയി​ലു​ക​ളും കൂട്ടത്തിൽ കൂടും. ഒന്നിനു പുറകേ ഒന്നായി അമ്പരപ്പി​ക്കുന്ന വേഗത്തി​ലാണ്‌ അവയുടെ ഓട്ടം. എന്നാൽ എത്ര വലിയ അപകട​മാ​ണെന്നു പറഞ്ഞാ​ലും പിട കുഞ്ഞു​ങ്ങളെ വിട്ട്‌ എങ്ങോ​ട്ടും പോകാൻ തയ്യാറാ​കില്ല.

നീണ്ട പീലി​ക്കെട്ട്‌ ആൺമയി​ലിന്‌ വേഗത്തിൽ ഓടു​ന്ന​തി​നും മറ്റും ഒരു തടസ്സമാ​യി​രി​ക്കു​ന്ന​താ​യി കാണു​ന്നില്ല. പറന്നു​യ​രാൻ തുടങ്ങു​മ്പോൾ മാത്രം അത്‌ ഒരൽപ്പം അസൗക​ര്യം സൃഷ്ടി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം. എങ്കിലും നിലത്തു​നി​ന്നു പൊങ്ങി​ക്ക​ഴി​ഞ്ഞാൽപ്പി​ന്നെ ചിറകു​കൾ ദ്രുത​ഗ​തി​യിൽ അടിച്ച്‌ അവ വളരെ വേഗത്തിൽ പറന്നു​കൊ​ള്ളും.

എട്ടു മാസം പ്രായ​മാ​കു​ന്ന​തോ​ടെ കുഞ്ഞുങ്ങൾ കൂടു വിട്ടു​പോ​യി ‘സ്വന്തം കാലിൽ നിൽക്കാൻ’ തുടങ്ങു​ന്നു. അതോടെ തള്ളപ്പക്ഷി വീണ്ടും കുഞ്ഞു​ങ്ങൾക്കു ജന്മം നൽകി അവയെ പോറ്റി​പ്പു​ലർത്താ​നുള്ള തയ്യാ​റെ​ടുപ്പ്‌ തുടങ്ങു​ക​യാ​യി. ഏതാണ്ട്‌ എട്ടുമാ​സം പ്രായ​മാ​കു​ന്ന​തോ​ടെ ആൺമയിൽക്കു​ഞ്ഞു​ങ്ങ​ളിൽ പീലി​ക്കെട്ട്‌ വളർന്നു​തു​ട​ങ്ങു​ന്നു. എന്നാൽ മുഴുവൻ തൂവലു​ക​ളും ഉണ്ടാക​ണ​മെ​ങ്കിൽ അവയ്‌ക്ക്‌ നാലു വയസ്സാ​കണം. അപ്പോ​ഴേ​ക്കും സ്വന്തം കുടും​ബം തുടങ്ങാൻ അവർ സജ്ജരാ​യി​രി​ക്കും.

മയിൽ ചരി​ത്ര​ത്തിൽ

ജീവനുള്ള ആൺമയി​ലു​കൾ പുരാതന ഇന്ത്യയി​ലെ​യും ഗ്രീസി​ലെ​യും റോമി​ലെ​യും ഉദ്യാ​ന​ങ്ങളെ അലങ്കരി​ച്ചി​രു​ന്നു. ഇന്ത്യയി​ലെ രാജ​കൊ​ട്ടാ​ര​ങ്ങളെ അലങ്കരി​ച്ചു​കൊണ്ട്‌ മയിലു​ക​ളു​ടെ രൂപങ്ങൾ സഹസ്രാ​ബ്ദ​ങ്ങ​ളോ​ളം ചിത്ര​ങ്ങ​ളി​ലും കൊത്തു​പ​ണി​ക​ളി​ലും മറ്റ്‌ അലങ്കാര വസ്‌തു​ക്ക​ളി​ലും സ്ഥാനം പിടി​ച്ചി​രു​ന്നു. മയൂര സിംഹാ​സനം ഇന്ത്യയു​ടെ ധനമാ​ഹാ​ത്മ്യ​ത്തി​ന്റെ ഏറ്റവും പ്രധാ​ന​പ്പെട്ട തെളി​വു​ക​ളിൽ ഒന്നായി വീക്ഷി​ക്ക​പ്പെ​ട്ടി​രു​ന്നു. നിരവധി രത്‌നങ്ങൾ പതിച്ചി​രുന്ന ആ സിംഹാ​സ​ന​ത്തിൽ 108 പത്മരാ​ഗ​ക്ക​ല്ലു​ക​ളും 116 മരതക​ക്ക​ല്ലു​ക​ളും ഉണ്ടായി​രു​ന്ന​ത്രേ. സിംഹാ​സ​ന​ത്തി​ന്റെ മേൽഭാ​ഗത്ത്‌ ഒരു സ്വർണ മയിൽ ഉണ്ടായി​രു​ന്നു. മയൂര സിംഹാ​സനം എന്ന പേരു ലഭിക്കാൻ കാരണം അതാണ്‌. സുപ്ര​ധാന ആഘോഷ വേളക​ളിൽ മാത്രമേ പല ഭാഗങ്ങ​ളുള്ള സിംഹാ​സനം ഒരുമി​ച്ചു ചേർത്തു​വെ​ക്കു​ക​യും അതിൽ ആരെങ്കി​ലും ഇരിക്കു​ക​യും ചെയ്‌തി​രു​ന്നു​ള്ളൂ.

ശലോ​മോൻ രാജാവ്‌ ഇറക്കു​മതി ചെയ്‌തി​രുന്ന വിലപ്പെട്ട വസ്‌തു​ക്ക​ളു​ടെ കൂട്ടത്തിൽ മയിലു​ക​ളും ഉണ്ടായി​രു​ന്നു എന്ന്‌ ബൈബിൾ ചരിത്രം കാണി​ക്കു​ന്നു. ശലോ​മോ​ന്റെ കൊട്ടാര ഉദ്യാ​ന​ങ്ങ​ളി​ലൂ​ടെ മയിലു​കൾ ഗമയിൽ നടന്നു നീങ്ങുന്ന രംഗം വിഭാ​വ​ന​ചെ​യ്യാൻ രസമാണ്‌. (1 രാജാ​ക്ക​ന്മാർ 10:22, 23) ബുദ്ധി​മാ​നായ ഒരു രൂപസം​വി​ധാ​യകൻ ഉണ്ടെന്ന്‌ ഈ പക്ഷികൾ തീർച്ച​യാ​യും നമ്മോടു പറയുന്നു. വർണശ​ബ​ള​മായ പീലി​ക്കെട്ട്‌ വിടർത്തി​പ്പി​ടിച്ച്‌ നൃത്തമാ​ടുന്ന മയിലി​നെ കാണു​മ്പോൾ “സർവ്വവും സൃഷ്ടിച്ച” യഹോ​വ​യു​ടെ കലാവി​രു​തിൽ നാം അത്ഭുതം കൂറി​പ്പോ​കു​ന്നു.—വെളി​പ്പാ​ടു 4:11. (g03 6/22)

[അടിക്കു​റിപ്പ്‌]

a ഇതിലെ പീലികൾ പക്ഷിയു​ടെ പൃഷ്‌ഠ​ഭാ​ഗ​ത്തു​നി​ന്നാണ്‌ വളരു​ന്നത്‌, അല്ലാതെ അതിന്റെ വാലിൽനി​ന്നല്ല. ആൺമയിൽ പീലി​ക്കെട്ട്‌ ഉയർത്തി നിറു​ത്തു​ന്ന​തി​നാ​യി അതിന്റെ വാലിലെ തൂവലു​കൾ ഉപയോ​ഗി​ക്കു​ന്നു.

[18-ാം പേജിലെ ചിത്രം]

പിട എല്ലായ്‌പോ​ഴും പൂവന്റെ നൃത്തത്തിൽ ആകൃഷ്ട​യാ​യി​ത്തീ​രു​ന്നില്ല

[കടപ്പാട്‌]

© D. Cavagnaro/Visuals Unlimited

[19-ാം പേജിലെ ചിത്രം]

പിടകൾ കുഞ്ഞു​ങ്ങളെ നന്നായി സംരക്ഷിച്ച്‌ പരിപാ​ലി​ക്കു​ന്നു

[കടപ്പാട്‌]

◀ © 2001 Steven Holt/stockpix.com

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

മയിൽ: Lela Jane Tinstman/Index Stock Photography

[18-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

John Warden/Index Stock Photography