പ്രാണികൾ പരത്തുന്ന രോഗങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം
പ്രാണികൾ പരത്തുന്ന രോഗങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നം
ഒരു ലാറ്റിൻ അമേരിക്കൻ ഭവനം. എല്ലാവരും ഉറങ്ങാൻപോകുന്ന നേരമായി. അമ്മ വാത്സല്യപൂർവം തന്റെ കുഞ്ഞുമകനെ പുതപ്പിച്ചുകിടത്തിയിട്ട് ‘ഗുഡ്നൈറ്റ്’ പറഞ്ഞു പിരിഞ്ഞു. അപ്പോഴതാ ഇരുട്ടിന്റെ മറവിൽ, മൂന്നു സെന്റിമീറ്ററോളം നീളമുള്ള തിളങ്ങുന്ന ഒരു കറുത്ത പ്രാണി കിടക്കയുടെ മീതെയുള്ള മച്ചിന്റെ വിള്ളലിൽനിന്നു പുറത്തുവരുന്നു. ‘ചുംബന പ്രാണി’ എന്നാണ് അതിന്റെ പേര്. അത് ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ മുഖത്തേക്കു വീഴുകയും അവന്റെ മൃദുലചർമം തുളച്ച് രക്തം ഊറ്റിക്കുടിക്കുകയും ചെയ്യുന്നു. എന്നാൽ ഇതൊന്നും ആരും അറിയുന്നില്ല. ആർത്തിയോടെ രക്തം വലിച്ചുകുടിക്കുന്നതിനിടയിൽ അത് പരാദങ്ങൾ അടങ്ങിയ വിസർജ്യം ചർമത്തിൽ നിക്ഷേപിക്കുന്നു. ഉറക്കത്തിൽത്തന്നെ കുട്ടി മുഖം ചൊറിയുന്നു. അങ്ങനെ പ്രാണി കുത്തിയ മുറിവിലാകെ രോഗാണുക്കൾ നിറഞ്ഞ വിസർജ്യം പടരുന്നു.
ഈ കീടത്തിന്റെ ഒറ്റത്തവണത്തെ ആക്രമണ ഫലമായി കുട്ടിക്ക് ഷാഗസ് രോഗം പിടിപെടുന്നു. ഒന്നോ രണ്ടോ ആഴ്ചയ്ക്കകം കുട്ടിയെ കടുത്തപനി ബാധിക്കുന്നു, ശരീരം നീരുവെക്കുന്നു. ഇതിനെ അതിജീവിച്ചാലും പരാദങ്ങൾ അവന്റെ ശരീരത്തിൽത്തന്നെ കുടിപാർക്കും. ഹൃദയം, നാഡികൾ, ആന്തരിക കലകൾ എന്നിവയെ എല്ലാം ഇവ ആക്രമിക്കുന്നു. രോഗലക്ഷണങ്ങൾ പുറത്തുവരാതെ 10 മുതൽ 20 വരെ വർഷങ്ങൾ ചിലപ്പോൾ കടന്നുപോയെന്നുവരാം. പക്ഷേ അതു കഴിയുമ്പോൾ മസ്തിഷ്ക അണുബാധ, ദഹനേന്ദ്രിയത്തിൽ വ്രണങ്ങൾ എന്നിവയെല്ലാം ഉണ്ടാകാൻ ഇടയുണ്ട്. ഒടുവിൽ ഹൃദയാഘാതം മൂലം മരണവും സംഭവിക്കും.
ഈ സാങ്കൽപ്പിക വിവരണം ഷാഗസ് രോഗം പിടിപെടുന്നത് എങ്ങനെയെന്ന് വ്യക്തമായി ചിത്രീകരിക്കുന്നു. ലാറ്റിൻ അമേരിക്കയിലുള്ള ദശലക്ഷങ്ങളെ ഈ ‘മരണചുംബനം’ ഏൽക്കാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ പെടുത്താം.
മനുഷ്യന്റെ, അനേകം കാലുള്ള സഹജീവികൾ
“മനുഷ്യനു പിടിപെടുന്ന, പനി മുഖ്യ ലക്ഷണമായിട്ടുള്ള രോഗങ്ങളിൽ മിക്കവയും കീടങ്ങൾ പരത്തുന്ന സൂക്ഷ്മാണുക്കൾ മൂലം ഉണ്ടാകുന്നവയാണ്” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. “പ്രാണികൾ” എന്നു പൊതുവേ ആളുകൾ പറയുന്നത് ഈച്ച, കൊതുക്, പേൻ, വണ്ട് എന്നിങ്ങനെ ആറുകാലുള്ള പ്രാണികളെ ഉദ്ദേശിച്ചു മാത്രമല്ല, എട്ടുകാലുള്ളവയായ മൈറ്റുകൾ, ടിക്കുകൾ (വിവിധയിനം ചെള്ളുകൾ, വട്ടൻ എന്നിവ ഈ വിഭാഗങ്ങളിൽ പെടുന്നു) എന്നിവയെ എല്ലാം ഉദ്ദേശിച്ചാണ്. ശാസ്ത്രജ്ഞന്മാർ ഇവയെ എല്ലാം ആർത്രോപ്പോഡ് എന്ന വലിയ വിഭാഗത്തിൽ പെടുത്തിയിരിക്കുന്നു. ജന്തുലോകത്തിലെ ഏറ്റവും വലിയ ഫൈലമാണിത്. ഇതുവരെ അറിയപ്പെട്ടിട്ടുള്ള ജന്തുക്കളിൽ കുറഞ്ഞതു പത്തു ലക്ഷം സ്പീഷിസ് ഈ ഫൈലത്തിൽ ഉൾപ്പെടുന്നവയാണ്.
പ്രാണികളിൽ ഭൂരിപക്ഷവും മനുഷ്യന് ഉപദ്രവമൊന്നും ചെയ്യാത്തവയാണ്. ചിലതാണെങ്കിൽ വളരെ പ്രയോജനം ചെയ്യുന്നവയും. ഇവയില്ലാതെ മനുഷ്യനും മൃഗങ്ങളും ഭക്ഷണത്തിനായി ആശ്രയിക്കുന്ന പല വൃക്ഷലതാദികളിലും പരാഗണമോ ഫലോത്പാദനമോ നടക്കുകയില്ല. ചില കീടങ്ങൾ ചപ്പുചവറുകളുടെ പുനഃസംസ്കരണത്തിൽ സഹായിക്കുന്നു. ഇവയിൽ അനേകവും തികഞ്ഞ സസ്യഭുക്കുകളാണ്. എന്നാൽ ചിലവ മറ്റു കീടങ്ങളെ ഭക്ഷിച്ചു ജീവിക്കുന്നു.
എന്നിരുന്നാലും, മനുഷ്യനും മൃഗങ്ങൾക്കും ശല്യമുണ്ടാക്കുന്ന ക്ഷുദ്രകീടങ്ങൾ ഉണ്ട്. ഇവയുടെ കുത്തോ കടിയോ വേദനിപ്പിക്കുന്നതായിരിക്കാം. അല്ലെങ്കിൽ എണ്ണത്തിലെ പെരുപ്പംകൊണ്ടുതന്നെ അവ അസഹ്യത ഉളവാക്കിയേക്കാം. കാർഷിക
വിളകൾക്കു സമൂലനാശം വരുത്തുന്ന കീടങ്ങളും ഉണ്ട്. എന്നാൽ ചില കീടങ്ങൾ രോഗവും മരണവും വിതയ്ക്കുന്നു എന്നതാണ് ഏറ്റവും കഷ്ടം. “മറ്റെല്ലാ കാരണങ്ങളും ഒന്നിച്ചു നിരത്തിയാലും 17-ാം നൂറ്റാണ്ടു മുതൽ 20-ാം നൂറ്റാണ്ടിന്റെ തുടക്കം വരെ ഏറ്റവും കൂടുതൽ മനുഷ്യർ രോഗബാധിതരായിത്തീരുകയും മരിക്കുകയും ചെയ്തത്” കീടങ്ങൾ പരത്തുന്ന രോഗങ്ങളാൽ ആയിരുന്നു എന്ന് യു.എസ്. രോഗ നിയന്ത്രണ-പ്രതിരോധ കേന്ദ്രങ്ങളിലെ ഡ്വേൻ ഗുബ്ലെ പ്രസ്താവിക്കുന്നു.ഇന്ന്, ആറിൽ ഒരാൾ വീതം പ്രാണികൾ പരത്തുന്ന ഒരു രോഗത്തിന് അടിമയാണ്. മനുഷ്യനു ദുരിതം വരുത്തുന്നതു കൂടാതെ, ഇവ പരത്തുന്ന രോഗങ്ങൾ നിമിത്തം വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. പ്രത്യേകിച്ച്, ഇതിനായി പണം ചെലവഴിക്കാൻ കഴിവില്ലാത്ത വികസ്വര രാജ്യങ്ങളിൽ. ഒരൊറ്റത്തവണ ഇത്തരം ഒരു വ്യാധി പൊട്ടിപ്പുറപ്പെട്ടാൽ മതി ഭീമമായ തുക അതു വിഴുങ്ങിക്കളയും. അങ്ങനെയൊരു മഹാമാരി 1994-ൽ പശ്ചിമേന്ത്യയിൽ പടർന്നുപിടിച്ചപ്പോൾ, പ്രാദേശിക, ലോക ഖജനാവുകളിൽനിന്നും നൂറുകണക്കിനു കോടി ഡോളർ ചെലവഴിക്കേണ്ടി വന്നതായി പറയപ്പെടുന്നു. ഇത്തരം ആരോഗ്യപ്രശ്നങ്ങളെ വരുതിയിൽ നിറുത്താതെ ലോകത്തിലെ ദരിദ്ര രാഷ്ട്രങ്ങൾക്കു സാമ്പത്തിക പുരോഗതി നേടാനാവില്ല എന്നു ലോകാരോഗ്യ സംഘടന അഭിപ്രായപ്പെടുന്നു.
പ്രാണികൾ നമ്മെ രോഗബാധിതരാക്കുന്ന വിധം
മുഖ്യമായും രണ്ടു വിധങ്ങളിലാണ് പ്രാണികൾ രോഗാണുവാഹികൾ ആയി വർത്തിക്കുന്നത്. ഒന്ന്, യാന്ത്രിക സംക്രമണത്തിലൂടെ (mechanical transmission). ആളുകൾ ചെരിപ്പിലൂടെ പുറത്തെ അഴുക്കുകൾ വീട്ടിലേക്കു ചവിട്ടിക്കയറ്റി കൊണ്ടുവരുന്നതു പോലെ, “രോഗം വരുത്താൻ മതിയായ അളവിൽ, കോടിക്കണക്കിനു സൂക്ഷ്മജീവികളെ ഈച്ചകൾ അവയുടെ കാലുകളിൽ വഹിച്ചുകൊണ്ടുവന്നേക്കാം” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ഉദാഹരണത്തിന്, രോഗാണുക്കളുള്ള വിസർജ്യത്തിൽ പോയിരുന്നിട്ട് ഈച്ചകൾ നമ്മുടെ ഭക്ഷണപാനീയങ്ങളിൽ വന്നിരിക്കുമ്പോൾ അവ അവിടെ രോഗാണുക്കളെ നിക്ഷേപിക്കുന്നു. മനുഷ്യനെ തീർത്തും തളർത്തിക്കളയുന്ന മാരക രോഗങ്ങളായ ടൈഫോയ്ഡ്, വയറുകടി, കോളറ എന്നിവ ഇപ്രകാരം സംക്രമിക്കുന്നവയാണ്. ലോകത്തിൽ ഏറ്റവും അധികം അന്ധതയ്ക്കു കാരണമായ ട്രക്കോമ പരത്തുന്നതിലും ഈച്ചകൾ പങ്കുവഹിക്കുന്നു. നേത്രപടലത്തിൽ—ഐറിസിന്റെ മുന്നിലെ സുതാര്യമായ ഭാഗം—ക്ഷതം ഉണ്ടാകുന്നതാണ് ട്രക്കോമ രോഗികളിൽ അന്ധതയ്ക്ക് ഇടയാക്കുന്നത്. ഈ മഹാവ്യാധി പിടിപെട്ട ഏതാണ്ട് 50,00,00,000 ആളുകൾ ലോകമെമ്പാടുമായി ഉണ്ട്.
മാലിന്യം നിറഞ്ഞ ചുറ്റുപാടിൽ പെറ്റുപെരുകുന്ന പാറ്റയും മേൽപ്പറഞ്ഞ രീതിയിൽ രോഗാണുസംക്രമണം നടത്തുന്നുവെന്നു കരുതപ്പെടുന്നു. മാത്രമല്ല, അടുത്തകാലത്ത് ഉണ്ടായിട്ടുള്ള ആസ്തമ കേസുകളുടെ വർധനയെ—വിശേഷിച്ചും കുട്ടികളിൽ കണ്ടുവരുന്നു—പാറ്റയോടുള്ള അലർജിയുമായി വിദഗ്ധർ ബന്ധപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, 15 വയസ്സുകാരിയായ ആഷ്ലിയുടെ കാര്യമെടുക്കുക. ആസ്തമ നിമിത്തം പല രാത്രികളിലും അവൾക്കു വലിയ ശ്വാസതടസ്സം അനുഭവപ്പെട്ടിരുന്നു. ഡോക്ടർ അവളുടെ ശ്വാസോച്ഛ്വാസം ശ്രദ്ധിക്കാൻ ഒരുങ്ങവേ ഒരു പാറ്റ ആഷ്ലിയുടെ ഉടുപ്പിൽനിന്നും താഴെവീണ് ഓടിപ്പോയി.
പ്രാണികൾ രോഗാണുക്കളെ ഉള്ളിൽ വഹിക്കുമ്പോൾ
വൈറസുകൾ, ബാക്ടീരിയകൾ, പരാദങ്ങൾ എന്നിവയെ ശരീരത്തിൽ കുടിപാർപ്പിക്കുന്ന കീടങ്ങൾക്ക് മറ്റൊരു വിധത്തിൽ രോഗങ്ങൾ പരത്താൻ കഴിയും. അവയുടെ കുത്തോ കടിയോ ഏൽക്കുമ്പോഴോ മറ്റു വിധങ്ങളിലോ ആണ് ഇതു സംഭവിക്കുന്നത്. എന്നാൽ ഇത്തരത്തിൽ മനുഷ്യരിൽ രോഗം പരത്തുന്ന കീടങ്ങൾ ഒരു ചെറിയ ശതമാനമേ ഉള്ളൂ. ഉദാഹരണത്തിന്, കൊതുകുകൾ ആയിരക്കണക്കിന് ഇനങ്ങൾ ഉണ്ടെങ്കിലും മലമ്പനി പരത്തുന്നത് അനോഫിലസ് ജീനസിൽപ്പെട്ടവ മാത്രമാണ്. ക്ഷയരോഗം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും മാരകമായ സാംക്രമിക രോഗമാണ് ഇത്.
എന്നിരുന്നാലും, മറ്റു കൊതുകുകളും പലതരം വ്യാധികൾ പരത്തുന്നു. ലോകാരോഗ്യ സംഘടന ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “രോഗം പരത്തുന്ന പ്രാണികളിൽ ഏറ്റവും
ഭീഷണി ഉയർത്തുന്നത് കൊതുകുകളാണ്. മലമ്പനി, ഡെംഗിപ്പനി, മഞ്ഞപ്പനി എന്നിവയെല്ലാം പരത്തുന്നത് അവയാണ്. ഇവ മൂന്നുംകൂടി വർഷംതോറും ലക്ഷക്കണക്കിനു ജീവൻ അപഹരിക്കുകയും കോടിക്കണക്കിന് ആളുകളെ രോഗബാധിതരാക്കുകയും ചെയ്യുന്നു.” ഭൂമിയിലെ ജനസംഖ്യയുടെ കുറഞ്ഞത് 40 ശതമാനം മലമ്പനിയുടെ ഭീഷണിയിലാണ്. ഏതാണ്ട് അത്രയുംതന്നെ ഡെംഗിയുടെ ഭീഷണിയെയും നേരിടുന്നു. പല സ്ഥലങ്ങളിലും ഒരു വ്യക്തിക്കുതന്നെ ഈ രണ്ടു രോഗങ്ങളും പിടിപെട്ടേക്കാം.എന്നാൽ ശരീരത്തിനുള്ളിൽ രോഗാണുക്കളെ വഹിക്കുന്നത് കൊതുകുകൾ മാത്രമല്ല. സെസി ഈച്ചകൾ പരത്തുന്ന പ്രോട്ടോസോവ മൂലം ലക്ഷങ്ങൾക്കു നിദ്രാരോഗം പിടിപെടുന്നു. ഈ ഈച്ചകളെ പേടിച്ച്, തങ്ങളുടെ ഫലഭൂയിഷ്ഠമായ വയലുകൾ ഉപേക്ഷിച്ചു പോകാൻ ചില സമൂഹങ്ങൾ നിർബന്ധിതരായിത്തീർന്നിട്ടുണ്ട്. നദിയന്ധത ഉളവാക്കുന്ന പരാദത്തെ പരത്തിക്കൊണ്ട് കറുത്തീച്ചകൾ ഏതാണ്ട് 4,00,000 ആഫ്രിക്കക്കാരെ ഇരുട്ടിൽ ആഴ്ത്തിയിരിക്കുന്നു. മണൽ ഈച്ച പരത്തുന്ന പ്രോട്ടോസോവ, ആളുകളിൽ വൈകല്യവും വൈരൂപ്യവും വരുത്തിവെക്കുന്ന, പലപ്പോഴും മരണത്തിന് ഇടയാക്കുന്ന ലിഷ്മനൈയാസിസ് എന്ന വിഭാഗത്തിൽ പെടുന്ന വ്യാധികൾക്കു കാരണമാകുന്നു. ഇത് ഇന്നു പ്രായഭേദമന്യേ ലോകമൊട്ടാകെയുള്ള ദശലക്ഷക്കണക്കിന് ആളുകളെ പിടികൂടിയിരിക്കുന്നു. വ്യാപകമായി കണ്ടുവരുന്ന ചെള്ളിന്റെ ശരീരത്തിൽ നാടവിര കുടിപാർക്കുന്നു. മസ്തിഷ്ക വീക്കം, ടുലാറീമിയ എന്നിവ പരത്താനും, മധ്യകാലഘട്ടത്തിൽ യൂറോപ്പിലെ ജനസംഖ്യയുടെ മൂന്നിലൊന്നോ അതിലധികമോ വരുന്ന ജനതതിയെ ആറു വർഷംകൊണ്ട് ഭൂമുഖത്തു നിന്നു തുടച്ചുമാറ്റിയ കറുത്ത മരണം പോലുള്ള പ്ലേഗുകൾ പരത്താനും ഇവയ്ക്കു കഴിയും.
പേൻ, മൈറ്റുകൾ, ടിക്കുകൾ എന്നിവ മറ്റു പല രോഗങ്ങളോടൊപ്പം പലതരം ടൈഫസും പരത്തുന്നു. മിതോഷ്ണ മേഖലയിലുള്ള ടിക്കിന് മനുഷ്യനെ തളർത്തിക്കളയാനാകുന്ന ലൈം രോഗം പരത്തുന്നതിനു കഴിയും. യൂറോപ്പിലും ഐക്യനാടുകളിലും രോഗാണുവാഹികൾ പരത്തുന്ന ഏറ്റവും സാധാരണമായ രോഗമാണിത്. ദേശാടനപ്പക്ഷികൾ ഇവയെ ആയിരക്കണക്കിനു കിലോമീറ്റർ അകലെയുള്ള പുതിയ പ്രദേശങ്ങളിൽ എത്തിക്കുകയും അങ്ങനെ അവിടങ്ങളിലും രോഗങ്ങൾ പകരാൻ ഇടയാക്കുകയും ചെയ്തേക്കാം എന്ന് ഒരു സ്വീഡിഷ് പഠനം വെളിപ്പെടുത്തുന്നു. “മറ്റെല്ലാ ആർത്രൊപ്പോഡുകളെക്കാളും (കൊതുക് ഒഴിച്ച്) അധികം രോഗങ്ങൾ മനുഷ്യനിൽ പരത്തുന്നത് ടിക്കുകളാണ്” എന്ന് ബ്രിട്ടാനിക്ക പറയുന്നു. വാസ്തവത്തിൽ,
ഒരൊറ്റ ടിക്കിന് രോഗകാരികളായ മൂന്നുതരം സൂക്ഷ്മാണുക്കളെ ഒരേസമയം അതിന്റെ ശരീരത്തിൽ വഹിക്കാൻ കഴിയും. ഒറ്റത്തവണത്തെ കടിയിലൂടെ ഇവയെല്ലാം മനുഷ്യ ശരീരത്തിലേക്കു സംക്രമിക്കുകയും ചെയ്തേക്കാം!രോഗങ്ങൾക്ക് “അവധി”
പ്രാണികൾ രോഗം പരത്തുന്നുവെന്ന് ശാസ്ത്രീയമായി തെളിഞ്ഞത് 1877-ൽ മാത്രം ആയിരുന്നു. അന്നുമുതൽ, രോഗവാഹികളായ പ്രാണികളെ നിയന്ത്രിക്കുന്നതിനോ നിർമാർജനം ചെയ്യുന്നതിനോ വേണ്ടി ബൃഹത്തായ ശ്രമങ്ങൾ നടത്താൻ തുടങ്ങി. 1939-ൽ പ്രാണികളോടു പൊരുതുന്നതിനുള്ള ശക്തിയേറിയ ഒരു ആയുധമെന്ന നിലയിൽ ഡിഡിറ്റി എന്ന കീടനാശിനി രംഗത്തെത്തി. 1960-കൾ ആയപ്പോഴേക്കും ആഫ്രിക്കയ്ക്കു പുറത്ത്, കീടങ്ങൾ പരത്തുന്ന രോഗങ്ങൾ മേലാൽ പൊതുജനാരോഗ്യത്തിന് ഒരു വൻ ഭീഷണി അല്ലാതായിത്തീർന്നു. രോഗവാഹികളെ നിയന്ത്രിക്കുന്ന കാര്യത്തിലുള്ള ശ്രദ്ധ കുറയുകയും അടിയന്തിര സാഹചര്യങ്ങളിൽ മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തുന്നതിലേക്കു ശ്രദ്ധ തിരിയുകയും ചെയ്തു. പ്രാണികളെ കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെ കുറിച്ചും പഠിക്കുന്നതിലുള്ള താത്പര്യം ക്ഷയിച്ചു. പുതിയ മരുന്നുകളും കണ്ടുപിടിക്കുകയുണ്ടായി. ഏതുതരം രോഗത്തിനും പറ്റിയ ഒരു “ഒറ്റമൂലി” ശാസ്ത്രം കണ്ടുപിടിച്ചേക്കും എന്ന പ്രതീക്ഷ ഉണർന്നു. സാംക്രമിക രോഗത്തിന് ലോകം “അവധി” പ്രഖ്യാപിച്ചു. പക്ഷേ ആ അവധി ഏറെക്കാലം നീണ്ടുനിന്നില്ല. എന്തുകൊണ്ടെന്ന് പിൻവരുന്ന ലേഖനം വ്യക്തമാക്കും. (g03 5/22)
[3-ാം പേജിലെ ആകർഷക വാക്യം]
ഇന്ന്, ആറിൽ ഒരാൾ വീതം പ്രാണികൾ പരത്തുന്ന ഒരു രോഗത്തിന് അടിമയാണ്
[3-ാം പേജിലെ ചിത്രം]
ചുംബന പ്രാണി
[4-ാം പേജിലെ ചിത്രം]
ഈച്ച അതിന്റെ കാലുകളിൽ രോഗകാരികളെ വഹിക്കുന്നു
[5-ാം പേജിലെ ചിത്രങ്ങൾ]
പല പ്രാണികളും രോഗാണുക്കളെ അവയുടെ ശരീരത്തിനുള്ളിൽ വഹിക്കുന്നു
കറുത്തീച്ച നദിയന്ധത പരത്തുന്നു
മലമ്പനി, ഡെംഗി, മഞ്ഞപ്പനി എന്നിവ പരത്തുന്നത് കൊതുകുകളാണ്
പേൻ ടൈഫസ് പരത്തിയേക്കാം
ചെള്ളുകൾ മസ്തിഷ്കവീക്കവും മറ്റുരോഗങ്ങളും പരത്തുന്നു
സെസി ഈച്ചകൾ നിദ്രാരോഗം പരത്തുന്നു
[കടപ്പാട്]
WHO/TDR/LSTM
CDC/James D. Gathany
CDC/Dr. Dennis D. Juranek
CDC/Janice Carr
WHO/TDR/Fisher
[4-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Clemson University - USDA Cooperative Extension Slide Series, www.insectimages.org