അശ്ലീലം ഇത്ര വ്യാപകം ആയിരിക്കുന്നത് എന്തുകൊണ്ട്?
അശ്ലീലം ഇത്ര വ്യാപകം ആയിരിക്കുന്നത് എന്തുകൊണ്ട്?
ലൈംഗികാനുഭൂതികളെ ആളിക്കത്തിക്കാനുള്ള ലക്ഷ്യത്തിൽ മെനഞ്ഞെടുക്കുന്ന കാമോദ്ദീപക വസ്തുക്കൾക്ക് സഹസ്രാബ്ദങ്ങളുടെതന്നെ ചരിത്രമുണ്ട്. എന്നാൽ അവ ഉത്പാദിപ്പിക്കുക എന്നത് കാലഘട്ടങ്ങളോളം ബുദ്ധിമുട്ടുള്ള ഒരു ഏർപ്പാടായിരുന്നതു നിമിത്തം പ്രധാനമായും ധനാഢ്യർക്കും അധികാരശ്രേണിയിൽ ഉള്ളവർക്കും മാത്രമായിരുന്നു അവ ലഭിച്ചിരുന്നത്. അച്ചടി, ഛായാഗ്രഹണം, ചലച്ചിത്രങ്ങൾ എന്നിവയുടെ വരവോടെ കഥയാകെ മാറി. അശ്ലീലം നിറഞ്ഞ കാര്യങ്ങൾ ഏതു സാധാരണക്കാരനും വാങ്ങാൻ കഴിയുംവിധം വ്യാപകമായി.
വീഡിയോ കാസെറ്റ് റെക്കോർഡറുകളുടെ രംഗപ്രവേശം ഈ നീലത്തരംഗത്തിന് അസാമാന്യ കുതിപ്പു നൽകി. സിനിമാ റീലുകളിൽനിന്നും പഴയ ഫോട്ടോകളിൽനിന്നും വ്യത്യസ്തമായി വീഡിയോ കാസെറ്റുകൾ സൂക്ഷിക്കാനും പകർപ്പെടുക്കാനും വിതരണം ചെയ്യാനും എളുപ്പമായിരുന്നു. വീടിന്റെ സ്വകാര്യതയിൽ ഇരുന്നു കാണാം എന്ന മെച്ചവും അതിനുണ്ടായിരുന്നു. അടുത്തകാലത്ത്, കേബിൾ ടിവിയും ഇന്റർനെറ്റും ലോകത്തിനു ചുറ്റും നൂലുപാകിയതോടെ ഇന്ന് അശ്ലീലം വിരൽത്തുമ്പിൽ ലഭ്യമാണ്. വീഡിയോ കടയുടെ നീലച്ചിത്ര വിഭാഗത്തിൽ ചുറ്റിത്തിരിയുന്നത് പരിചയക്കാർ ആരെങ്കിലും കണ്ടാലോ എന്നു പേടിച്ചിരുന്ന ഉപഭോക്താവിന്, ഇന്ന് “വീട്ടിലിരുന്ന് തന്റെ കേബിൾ സംവിധാനത്തിലെയോ ഡയറക്ട് ടിവിയിലെയോ ഒരു ബട്ടണിൽ വിരലമർത്തിയാൽമതി നീലച്ചിത്രങ്ങൾക്ക് ഓർഡർ നൽകാൻ” എന്ന് മാധ്യമ നിരൂപകനായ ഡെന്നിസ് മേക് ആൽപൈൻ പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ അനായാസം ലഭ്യമായ ഇത്തരം സംവിധാനങ്ങൾ അശ്ലീലത്തെ “ജനപ്രിയമാക്കുന്നതിൽ” വഹിച്ചിരിക്കുന്ന പങ്ക് കുറച്ചൊന്നുമല്ല.
അശ്ലീലം മുഖ്യധാരയിലേക്ക്
അശ്ലീലം ഇന്ന് മുഖ്യധാരയിലേക്കു കടന്നു വന്നിരിക്കുന്നതിനാൽ അതിനുനേരെ പലർക്കും സമ്മിശ്ര വികാരങ്ങളാണുള്ളത്. “ഓപ്പറ, ബാലേ നൃത്തങ്ങൾ, നാടകം,
സംഗീതം മറ്റു സുകുമാര കലകൾ എന്നിവയെല്ലാം ഒത്തുചേർന്നാൽപ്പോലും ചെലുത്താനാവാത്തത്ര സ്വാധീനമാണ് അതിന് ഇപ്പോൾത്തന്നെ നമ്മുടെ സംസ്കാരത്തിന്മേലുള്ളത്” എന്ന് ജെർമേയ്ൻ ഗ്രിർ എന്ന എഴുത്തുകാരി പറയുന്നു. പല പ്രശസ്ത വ്യക്തികളും അണിയുന്ന, അഭിസാരികകളെ അനുസ്മരിപ്പിക്കുന്ന തരം വേഷവിധാനങ്ങൾ, ലൈംഗിക ദൃശ്യങ്ങൾ കുത്തിനിറച്ച മ്യൂസിക് വീഡിയോകൾ, പരസ്യ മാധ്യമങ്ങളിലെ അശ്ലീലതയുടെ അതിപ്രസരം എന്നിവയിലെല്ലാം അശ്ലീലം സംബന്ധിച്ചുള്ള ആധുനിക മനോഭാവങ്ങൾ പ്രതിഫലിക്കുന്നു. “ഒഴിച്ചുകൊടുക്കുന്നതെന്തും വലിച്ചുകുടിക്കുകയാണ് സമൂഹം . . . ,” മേക് ആൽപൈൻ അഭിപ്രായപ്പെടുന്നു. “ഇതിനൊന്നും യാതൊരു കുഴപ്പവുമില്ല എന്നൊരു കാഴ്ചപ്പാടു വളർന്നു വരാൻ അത് ഇടയാക്കുന്നു.” തത്ഫലമായി, “ആളുകളിൽ ധാർമിക രോഷത്തിന്റെ ലാഞ്ചന പോലും ഉള്ളതായി തോന്നുന്നില്ല, ഇതൊന്നും അത്ര കാര്യമല്ലാത്ത മട്ടാണ് അവർക്ക്,” എഴുത്തുകാരിയായ ആൻഡ്രിയാ ഡ്വോർകിൻ പരിതപിക്കുന്നു.അശ്ലീലത്തിന്റെ പിന്നാമ്പുറം
പലരും “പ്രശ്നത്തിന്റെ ഗൗരവവും അതു വരുത്തിവെക്കുന്ന വിനകളും കാണുന്നില്ല” എന്ന് ഡ്വോർകിന്നിന്റെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ട് റിട്ടയർഡ് എഫ്ബിഐ ഏജന്റ് റോജർ യങ് ചൂണ്ടിക്കാട്ടുന്നു. അശ്ലീല ചിത്രങ്ങൾ ആളുകളെ പ്രതികൂലമായി ബാധിക്കുന്നു എന്നതിന് യാതൊരു തെളിവുമില്ല എന്ന് അവകാശപ്പെട്ടുകൊണ്ട് ചിലർ അശ്ലീലത്തെ അനുകൂലിക്കുന്നവരുടെ സ്വാധീനത്തിന് വശംവദരാകുന്നു. “അശ്ലീലം വെറും മിഥ്യാസങ്കൽപ്പത്തിൽ മുഴുകുന്ന ഒരു പ്രക്രിയ മാത്രമാണ്, അതിനെ എതിർക്കുന്നവർക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ളതായി തോന്നുന്ന ഒരു വസ്തുതയാണ് അത്” എന്ന് എഴുത്തുകാരനായ എഫ്. എം. ക്രിസ്റ്റെൻസെൻ എഴുതുന്നു. പക്ഷേ, ഈ മിഥ്യാസങ്കൽപ്പത്തിന് യാതൊരു പ്രഭാവവും ഇല്ലെങ്കിൽ, പിന്നെ എന്തിന്മേലാണ് പരസ്യ വ്യവസായം ചുവടുറപ്പിച്ചിരിക്കുന്നത്? കച്ചവട പരസ്യങ്ങൾ, വീഡിയോകൾ, അച്ചടിച്ച പരസ്യങ്ങൾ എന്നിവയ്ക്ക് ആളുകളിൽ നീണ്ടുനിൽക്കുന്ന യാതൊരു പ്രഭാവവും ചെലുത്താൻ കഴിയില്ലെങ്കിൽ കമ്പനികൾ അവ നിർമിക്കുന്നതിനായി ദശലക്ഷക്കണക്കിനു ഡോളർ വാരിയെറിയുന്നത് പിന്നെ എന്തിനാണ്?
ഒരിക്കൽ ഇല്ലാഞ്ഞ മോഹങ്ങൾ ജനഹൃദയങ്ങളിൽ സൃഷ്ടിച്ചെടുക്കുകയാണ് വിജയപ്രദമായ എല്ലാ പരസ്യങ്ങളെയും പോലെ അശ്ലീലത്തിന്റെയും പ്രഥമ ലക്ഷ്യം. “അശ്ലീലത്തിന് ആധാരം ലാഭക്കൊതിയല്ലാതെ മറ്റൊന്നുമല്ല” എന്ന് ഗവേഷകരായ സ്റ്റീവൻ ഹില്ലും നീനാ സിൽവറും
എഴുതുന്നു. “കച്ചവടചിന്ത തലയ്ക്കുപിടിച്ചിരിക്കുന്ന ഈ കമ്പോളത്തിൽ എന്തും ഏതും വിറ്റഴിക്കാനും പണംകൊയ്യാനുമുള്ള ചരക്കു മാത്രമാണ്, വിശേഷിച്ചും സ്ത്രീശരീരവും മനുഷ്യന്റെ ലൈംഗിക ബന്ധങ്ങളും.” രുചിവർധക പദാർഥങ്ങളും രാസവസ്തുക്കളും മേമ്പൊടിചേർത്ത, പോഷണരഹിതവും ആസക്തി ഉളവാക്കുന്നതുമായ ഫാസ്റ്റ് ഫുഡിനോടാണ് ജെർമേയ്ൻ ഗ്രിർ അശ്ലീലത്തെ ഉപമിക്കുന്നത്. അവർ ഇങ്ങനെ തുടരുന്നു: “ചൂടപ്പം പോലെ ലഭ്യമായ നീലച്ചിത്രങ്ങൾ അയഥാർഥമായ രതിതന്നെയാണ്. . . ഭക്ഷണപാനീയങ്ങളുടെ പരസ്യം കാൽപ്പനിക ഭക്ഷണങ്ങൾ വിറ്റഴിക്കുന്നതുപോലെ നീലപ്പരസ്യങ്ങൾ കാൽപ്പനിക രതി വിറ്റഴിക്കുന്നു.”മയക്കുമരുന്ന് ആസക്തിയെക്കാൾ ശക്തമായി പിടിമുറുക്കുന്ന ഒരുതരം ആസക്തിക്ക് തിരികൊളുത്തുന്ന ഒന്നാണ് അശ്ലീലം എന്ന് ചില ഡോക്ടർമാർ അവകാശപ്പെടുന്നു. ആസക്തി ഉളവാക്കിയ വസ്തുവിന്റെ ശകലങ്ങൾ ശരീരത്തിൽനിന്നു പാടേ നിർമാർജനം ചെയ്യുന്ന വിഷനിർഹരണ നടപടിയോടെയാണ് മയക്കുമരുന്ന് ആസക്തരിൽ ചികിത്സ തുടങ്ങാറ്. എന്നാൽ അശ്ലീലാസക്തി “ഉപഭോക്താവിന്റെ മനസ്സിൽ സ്ഥിരമായ മാനസിക ചിത്രങ്ങൾ എന്നേക്കുമായി കോറിയിടുന്നു, അത് അയാളുടെ മസ്തിഷ്ക രസതന്ത്രത്തിന്റെ ഭാഗമായി മാറുന്നു” എന്ന് പെൻസിൽവേനിയ യൂണിവേഴ്സിറ്റിയിലെ ഡോക്ടർ മേരി ആൻ ലേഡൻ വിശദീകരിക്കുന്നു. അതുകൊണ്ടാണ് വർഷങ്ങൾക്കു മുമ്പു കണ്ട നഗ്നചിത്രങ്ങൾ പോലും ആളുകൾക്ക് വ്യക്തമായി ഓർത്തിരിക്കാൻ കഴിയുന്നത്. “വിഷനിർഹരണം സാധ്യമല്ലാത്തതായി കണ്ടെത്തിയ, ആസക്തിയുളവാക്കുന്ന ആദ്യത്തെ സാധനമാണ് ഇത്” എന്ന് പറഞ്ഞുകൊണ്ട് അവർ ഉപസംഹരിക്കുന്നു. അശ്ലീലത്തിന്റെ സ്വാധീന ശക്തിയിൽനിന്ന് വിമോചനം സാധ്യമല്ല എന്നാണോ ഇതിനർഥം? കൃത്യമായി പറഞ്ഞാൽ അശ്ലീലം വരുത്തിവെക്കുന്ന ദോഷങ്ങൾ എന്തൊക്കെയാണ്? (g03 7/22)
[5-ാം പേജിലെ ചതുരം]
ഇന്റർനെറ്റ് അശ്ലീലം—ചില വസ്തുതകൾ
◼ ഇന്റർനെറ്റ് അശ്ലീലത്തിൽ ഏതാണ്ട് 75 ശതമാനത്തിന്റെയും പണിപ്പുര ഐക്യനാടുകളാണ്, 15 ശതമാനത്തോളം പുറത്തുവരുന്നത് യൂറോപ്പിൽ നിന്നും.
◼ ആഴ്ചതോറും ഏതാണ്ട് 7 കോടി ആളുകൾ അശ്ലീല വെബ് സൈറ്റുകൾ സന്ദർശിക്കുന്നതായി കണക്കാക്കപ്പെടുന്നു. ഈ ഉപഭോക്താക്കളിൽ രണ്ടുകോടിയോളം കാനഡയിലും ഐക്യനാടുകളിലും ഉള്ളവരാണ്.
◼ അടുത്തയിടെ കഴിഞ്ഞ ഒരു മാസ കാലയളവിൽ ഓൺ-ലൈൻ അശ്ലീലത്തിന് യൂറോപ്പിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഉണ്ടായിരുന്നത് ജർമനിയിലായിരുന്നു എന്ന് ഒരു പഠനം വെളിപ്പെടുത്തി. ബ്രിട്ടൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾ തൊട്ടുപിന്നാലെയും.
◼ ജർമനിയിൽ, ഇന്റർനെറ്റ് അശ്ലീലം വീക്ഷിക്കുന്നവർ ഓരോ മാസവും ശരാശരി 70 മിനിട്ട് അത്തരം സൈറ്റുകളിൽ ചെലവഴിക്കുന്നു.
◼ ഇന്റർനെറ്റ് അശ്ലീലം വീക്ഷിക്കുന്ന യൂറോപ്യൻ പ്രേക്ഷകരിൽ, 50 വയസ്സിനുമേൽ പ്രായമുള്ളവരാണ് ‘അശ്ലീല സൈറ്റുകളിൽ’ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത്.
◼ ഇന്റർനെറ്റ് അശ്ലീലത്തിന്റെ 70 ശതമാനം ഒഴുകുന്നത് പകൽസമയത്താണ് എന്ന് ഒരു മാസിക റിപ്പോർട്ടു ചെയ്തു.
◼ ഒരു ലക്ഷം ഇന്റർനെറ്റ് സൈറ്റുകൾ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലം ഉൾപ്പെടുത്തുന്നവയാണെന്ന് ചിലർ കണക്കാക്കുന്നു.
◼ വാണിജ്യാടിസ്ഥാനത്തിൽ കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലത്തിന്റെ 80 ശതമാനത്തോളം ഇന്റർനെറ്റിലെത്തുന്നത് ജപ്പാനിൽനിന്നാണ്.
[4-ാം പേജിലെ ചിത്രങ്ങൾ]
അശ്ലീലം ഇന്നു വിരൽത്തുമ്പിൽ