ചെയ്യുന്നതെന്തും പരിപൂർണം ആയിരിക്കണമെന്ന് എനിക്കു തോന്നുന്നത് എന്തുകൊണ്ട്?
യുവജനങ്ങൾ ചോദിക്കുന്നു . . .
ചെയ്യുന്നതെന്തും പരിപൂർണ ആയിരിക്കണമെന്ന് എനിക്കു തോന്നുന്നത് എന്തുകൊണ്ട്?
“എന്റെ ഡാഡി ഒരു അധ്യാപകൻ ആയിരുന്നതുകൊണ്ട്, എല്ലാ വിഷയത്തിലും എനിക്ക് ‘എ’ ഗ്രേഡു കിട്ടാൻ എല്ലാവരും പ്രതീക്ഷിച്ചിരുന്നു. ചിലപ്പോഴൊക്കെ ഞാൻ കരഞ്ഞു കരഞ്ഞാണ് ഉറങ്ങിയിരുന്നത്.”—ലിയ. a
“ഞാനൊരു പരിപൂർണതാവാദിയാണ്. ഞാൻ എന്തുതന്നെ ചെയ്താലും അത് ഏറ്റവും മികച്ചതാവണം, അല്ലെങ്കിൽ മറ്റുള്ളവർ ചെയ്യുന്നതിൽനിന്നു തികച്ചും വ്യത്യസ്തമായിരിക്കണം, അല്ലാത്തപക്ഷം അതു ചെയ്യുന്നതുകൊണ്ട് യാതൊരു അർഥവുമില്ല എന്നൊക്കെയാണ് എനിക്കു തോന്നുന്നത്.”—കേലബ്.
നിങ്ങൾ ചെയ്യുന്നതെന്തും എല്ലായ്പോഴും പരിപൂർണമായിരിക്കണം എന്ന ചിന്ത നിങ്ങൾക്കുണ്ടോ? എത്ര കഠിനമായി പരിശ്രമിച്ചിട്ടും നിങ്ങളുടെ പ്രകടനം ഒട്ടും ശരിയായില്ല എന്നു വിചാരിച്ച് നിങ്ങൾ എല്ലായ്പോഴും വിഷമിക്കാറുണ്ടോ? ഒരുതരത്തിലുള്ള വിമർശനങ്ങളെയും നേരിടാൻ നിങ്ങൾക്കു കഴിയാതെ പോകുന്നുണ്ടോ? നിങ്ങളുടെ പ്രതീക്ഷപോലെ കാര്യങ്ങൾ നടക്കാതെ വരുമ്പോൾ, നിങ്ങളെത്തന്നെ മഠയൻ, കഴിവുകെട്ടവൻ, ഒന്നിനും കൊള്ളാത്തവൻ എന്നൊക്കെ സ്വയം വിളിച്ചു കുറ്റപ്പെടുത്താറുണ്ടോ? കാര്യങ്ങൾ ശരിയായി നടക്കണമെങ്കിൽ അതു നിങ്ങൾതന്നെ ചെയ്യണം എന്നു നിങ്ങൾ ചിന്തിക്കാറുണ്ടോ? ശരിയായില്ലെങ്കിലോ എന്ന പേടികൊണ്ടു ചിലപ്പോൾ കാര്യങ്ങൾ ചെയ്യുന്നതു നീട്ടിവെക്കാനോ അതു ചെയ്യാതിരിക്കാനോ നിങ്ങൾ ശ്രമിക്കാറുണ്ടോ?
മറ്റുള്ളവരുമായുള്ള നിങ്ങളുടെ ബന്ധം എങ്ങനെയുള്ളതാണ്? ചുറ്റുമുള്ളവരൊന്നും നിങ്ങളുടെ അത്രയും തികഞ്ഞവർ അല്ലാത്തതിനാൽ ആരെയും കൂട്ടുകാരാക്കാൻ നിങ്ങൾക്കു കഴിയാതെ വരുന്നുണ്ടോ? മറ്റുള്ളവരുടെ പിഴവുകളും തെറ്റുകളും നിങ്ങളെ അമിതമായി വിഷമിപ്പിക്കുന്നുണ്ടോ? ഈ ചോദ്യങ്ങളിൽ ഏതിനെങ്കിലും ഉള്ള നിങ്ങളുടെ ഉത്തരം ഉവ്വ് എന്നാണെങ്കിൽ, പരിപൂർണരായിരിക്കാനുള്ള ഒരുതരം പ്രവണതയുമായി നിങ്ങൾ മല്ലിടുന്നുണ്ടെന്നായിരിക്കാം അതു കാണിക്കുന്നത്. അങ്ങനെയെങ്കിൽ ഇക്കാര്യത്തിൽ നിങ്ങൾ ഒറ്റയ്ക്കല്ല. ഇതു യുവജനങ്ങളിൽ സാധാരണമാണ്—പ്രത്യേകിച്ച്, സമർഥരോ നേട്ടങ്ങൾ കൊയ്യുന്നവരോ ആയ യുവജനങ്ങളിൽ. b
പരിപൂർണതാവാദത്തിനു കാരണമെന്താണ്? ഗവേഷകർക്ക് ഇതേക്കുറിച്ചു സിദ്ധാന്തങ്ങൾ മാത്രമേ ഉള്ളൂ. പരിപൂർണതാവാദം—പിഴവറ്റവർ ആയിരിക്കുന്നതിൽ എന്താണു തെറ്റ്? (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നതു ശ്രദ്ധിക്കുക: “പരിപൂർണതാവാദം ഒരു രോഗമല്ല; അതു പകരുന്ന ഒന്നല്ല. അതു പാരമ്പര്യമായി കിട്ടുന്നതല്ല; ജന്മനാലുള്ളതുമല്ല. അങ്ങനെയെങ്കിൽ നിങ്ങൾ എങ്ങനെയാണ് ഒരു പരിപൂർണതാവാദി ആയിത്തീർന്നത്? ബാല്യകാലത്താണ് ഇതു വികാസം പ്രാപിക്കുന്നത് എന്നാണു ചില വിദഗ്ധരുടെ അഭിപ്രായം. കുടുംബത്തിൽനിന്നുള്ള സമ്മർദം, സ്വയം അടിച്ചേൽപ്പിക്കുന്ന സമ്മർദം, സാമൂഹിക സമ്മർദം, മാധ്യമങ്ങളിൽനിന്നുള്ള സമ്മർദം, യാഥാർഥ്യവുമായി ബന്ധമില്ലാത്ത റോൾ മോഡലുകൾ ഇവയെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വലിയ സമ്മർദത്തിന്റെ തിരത്തള്ളലിൽപ്പെട്ട് ചിലയാളുകൾ ജീവിതകാലം മുഴുവനും വിഷണ്ണരും കുറ്റബോധമുള്ളവരും അമിതാധ്വാനികളും ആയി മാറുന്നു.”
കാരണം എന്തും ആയിക്കൊള്ളട്ടെ, എല്ലായ്പോഴും പിഴവറ്റവർ ആയിരിക്കണമെന്നുള്ള വാശി നിങ്ങളുടെ ജീവിതത്തെ തകരാറിലാക്കും. പരിപൂർണതാവാദം എന്താണെന്നും അതു നിങ്ങൾക്കു ദോഷം ചെയ്യുന്നത് എന്തുകൊണ്ടാണെന്നും നമുക്കൊന്ന് അടുത്തു പരിചിന്തിക്കാം.
എന്താണ് പരിപൂർണതാവാദം?
പരിപൂർണതാവാദം എന്നു പറയുന്നത് കേവലം, ഏറ്റവും നന്നായി കാര്യങ്ങൾ ചെയ്യുന്നതിനായി കഠിനശ്രമം ചെയ്യുന്നതോ നന്നായി ചെയ്തുതീർത്ത ഒരു ജോലിയെപ്രതി അഭിമാനം കൊള്ളുന്നതോ അല്ല. കാരണം, സദൃശവാക്യങ്ങൾ 22:29-ൽ, “പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ” ബൈബിൾ പ്രകീർത്തിക്കുന്നുണ്ട്. കൂടാതെ, പല മേഖലകളിലും അസാമാന്യ നൈപുണ്യം നേടിയിരുന്ന ചില വ്യക്തികളെ കുറിച്ചു ബൈബിൾ അനുകൂലമായി സംസാരിക്കുകയും ചെയ്യുന്നു. (1 ശമൂവേൽ 16:18; 1 രാജാക്കന്മാർ 7:13, 14) അതുകൊണ്ട്, വളരെ ശ്രേയസ്കരമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നതും ഉന്നതവും അതേസമയം എത്തിപ്പിടിക്കാൻ പറ്റുന്നതുമായ ചില ലക്ഷ്യങ്ങൾ ഉണ്ടായിരിക്കുന്നതും നല്ലതാണ്. അങ്ങനെ ഒരുവന് ‘തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കാൻ’ കഴിയും.—സഭാപ്രസംഗി 2:24.
എന്നാൽ, ഒരു പരിപൂർണതാവാദി അത്തരം സംതൃപ്തി ആസ്വദിക്കാൻ പറ്റിയ മനോനിലയിൽ ആയിരിക്കില്ല. നേട്ടങ്ങളെ കുറിച്ചുള്ള ആ വ്യക്തിയുടെ വീക്ഷണം ഒട്ടും ആരോഗ്യകരമല്ല. പരിപൂർണതാവാദത്തിൽ, “എത്തിപ്പിടിക്കാൻ കഴിയാത്ത ലക്ഷ്യങ്ങളും (അതായത് പരിപൂർണത) എത്ര നന്നായി പരിശ്രമിച്ചാലും സംതൃപ്തിയടയാനാകാത്ത മാനസികാവസ്ഥയും” ഉൾപ്പെട്ടിരിക്കുന്നതായി ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഫലമോ? അത് ഒരു വ്യക്തിയെ “സമ്മർദത്തിന് അടിമയാക്കുന്നു, താൻ ഒരു സമ്പൂർണ പരാജയമാണെന്നുള്ള ചിന്തയിലേക്ക് അവനെ/അവളെ തള്ളിവിടുന്നു.” അതുകൊണ്ട്, ഒരു ഉറവിടം പരിപൂർണതാവാദത്തെ ഇപ്രകാരം നിർവചിക്കുന്നു: “നിങ്ങളും ചുറ്റുപാടുകളും അല്ലെങ്കിൽ നിങ്ങളോ ചുറ്റുപാടുകളോ തികച്ചും പിഴവറ്റതായിരിക്കണം എന്ന യുക്തിബോധമില്ലാത്ത വിശ്വാസം” “ജീവിതത്തിൽ നിങ്ങൾ ചെയ്യുന്നത് എന്തും അണുവിട വ്യതിചലിക്കാതെ, പിശകോ ചേർച്ചയില്ലായ്മയോ ഒന്നും ഇല്ലാതെ അടിമുടി തികവുറ്റതായിരിക്കണം എന്നുള്ള പ്രബലമായ മനോഭാവമാണ്” അത്.
അങ്ങനെയെങ്കിൽ, “നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ” എന്ന് യേശു പറഞ്ഞില്ലേ? (മത്തായി 5:48) ഉവ്വ്, പക്ഷേ ഒരു വ്യക്തി പരിപൂർണൻ ആയിരിക്കണം എന്ന് പറയുകയായിരുന്നില്ല യേശു. വാസ്തവത്തിൽ “എല്ലാവരും പാപം ചെയ്തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്നാണു ബൈബിൾ പറയുന്നത്. (റോമർ 3:23) അങ്ങനെയെങ്കിൽ യേശു എന്താണ് അർഥമാക്കിയത്? “പൂർണത” എന്ന പദത്തിന് തികഞ്ഞതായിരിക്കുക എന്ന അർഥം ബൈബിൾ നൽകുന്നു. (മത്തായി 19:21) സ്നേഹത്തെ കുറിച്ചു സംസാരിക്കുമ്പോഴാണ് നാം പൂർണരായിരിക്കണം എന്ന് യേശു പറഞ്ഞത്, സ്നേഹം പ്രകടമാക്കുന്നതിൽ കൂടുതൽ തികഞ്ഞവരായിരിക്കാൻ അവൻ തന്റെ അനുഗാമികളെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. എങ്ങനെ? ശത്രുക്കളെപ്പോലും സ്നേഹിച്ചുകൊണ്ടു സ്നേഹം വ്യാപിപ്പിക്കുന്നതിലൂടെ. ബൈബിൾ എഴുത്തുകാരനായ ലൂക്കൊസ് യേശുവിന്റെ ഈ വാക്കുകൾ രേഖപ്പെടുത്തി: “അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവൻ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവർ ആകുവിൻ.”—ലൂക്കൊസ് 6:36.
ചെയ്യുന്ന എന്തിലും പരിപൂർണത കൈവരിക്കുക സാധ്യമാണ് എന്ന മിഥ്യാധാരണയിലാണു പൂർണതാവാദികൾ കിണഞ്ഞു ശ്രമിക്കുന്നത്. അതുകൊണ്ട് അവർ മറ്റുള്ളവരിൽനിന്നും അമിതമായി പ്രതീക്ഷിച്ചേക്കാം. ഒരിക്കലും സംതൃപ്തരല്ലാത്തവർ—പരിപൂർണതാവാദത്തിന്റെ ബന്ധനത്തിൽനിന്നു നിങ്ങളെത്തന്നെ മോചിതരാക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്ന പ്രകാരം, ഇക്കൂട്ടർ “മറ്റുള്ളവർ ചെയ്യുന്ന ജോലിയുടെ നിലവാരം കണ്ട് ആകെ നിരാശരാകുന്നവരാണ് . . . അവരുടെ അഭിപ്രായത്തിൽ, അവർക്കു ചുറ്റുമുള്ള ആളുകൾ ജോലി നന്നായി ചെയ്യുന്നതിൽ ശ്രദ്ധിക്കുന്നില്ല, ചെയ്ത ജോലിയിൽ അഭിമാനം കൊള്ളുന്നുമില്ല.”
കാർലിയുടെ ഉദാഹരണമെടുക്കുക. അവൾ പഠിക്കാൻ മിടുക്കിയാണ്, മാത്രമല്ല സമർഥരായ കുട്ടികൾക്കുള്ള ഒരു പ്രത്യേക പരിപാടിയിൽ അവൾ ചേർന്നു പ്രവർത്തിക്കുന്നുമുണ്ട്. എന്നിരുന്നാലും, വ്യക്തിപരമായ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിൽ അവൾ പിന്നോക്കമാണ്. എല്ലാം പിഴവറ്റ വിധത്തിൽ ചെയ്യാൻ ആഗ്രഹിക്കുന്നതിനാൽ അവൾക്കു മിക്ക കൂട്ടുകാരെയും നഷ്ടപ്പെട്ടു. “അവർ ചെയ്യുന്നതൊന്നും ശരിയാകുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്,” അവൾ വിശദീകരിക്കുന്നു.
മറ്റുചിലർ പൂർണത പ്രതീക്ഷിക്കുന്നതു മറ്റുള്ളവരിൽനിന്നല്ല തങ്ങളിൽനിന്നുതന്നെയാണ്. ഒരിക്കലും സംതൃപ്തരല്ലാത്തവർ എന്ന പുസ്തകം പറയുന്ന പ്രകാരം, ഇത്തരക്കാർ വിചാരിക്കുന്നത് “തങ്ങളും തങ്ങളുടെ പ്രവർത്തനങ്ങളും ഒന്നിനും കൊള്ളില്ല എന്നാണ് . . . മറ്റുള്ളവർ തങ്ങളെപ്പറ്റി എന്തു വിചാരിക്കും എന്നതിനെ കുറിച്ച് അവർ അമിതമായി ഉത്കണ്ഠപ്പെടുന്നു.”
പരിപൂർണരായിരിക്കാൻ ശ്രമിക്കുന്നതിന്റെ കുഴപ്പം
പിഴവറ്റവർ ആയിരിക്കാനുള്ള ത്വര ആരോഗ്യകരമോ ഗുണം ചെയ്യുന്നതോ അല്ല. മറിച്ച്, ഇതു തികച്ചും അനാരോഗ്യകരവും ഹാനികരവുമാണ്. ഏറ്റവും മെച്ചമായി കാര്യങ്ങൾ ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിനു സദൃശവാക്യങ്ങൾ 19:20) എന്നാൽ, അവന്റെ പുരോഗതിയെ ലക്ഷ്യമാക്കി നൽകിയ ഗുണദോഷങ്ങൾ സ്വീകരിക്കുന്നതിനു പകരം, താനൊരു ദയനീയ പരാജയമാണെന്ന് അവനു തോന്നി. “എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടാൻ ഞാൻ ആഗ്രഹിച്ചു,” അവൻ പറയുന്നു. ഉറക്കമില്ലാതെ അവൻ ആഴ്ചകൾ തള്ളിനീക്കി.
പകരം ഈ വീക്ഷണം പരാജയത്തിൽ കൊണ്ടെത്തിക്കും. ഒരു ക്രിസ്ത്യാനിയായ ഡാനിയേലിന്റെ കാര്യം പരിചിന്തിക്കുക. യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിലെ ഒരു ക്ലാസ്സിൽവെച്ച് നടത്താനുള്ള ഒരു പ്രസംഗ നിയമനം അവനു കിട്ടി, കഠിനശ്രമം ചെയ്ത് മണിക്കൂറുകൾ ചെലവഴിച്ചാണ് താൻ അതു തയ്യാറായി അവതരിപ്പിച്ചതെന്ന് അവൻ ഓർക്കുന്നു. സദസ്സിലുണ്ടായിരുന്ന പലരും അവന്റെ നല്ല അവതരണത്തെ അഭിനന്ദിച്ചു. പിന്നീട് ഡാനിയേലിന് പ്രബോധകനിൽനിന്ന് നയപരവും സഹായകവുമായ ചില നിർദേശങ്ങളും കിട്ടി. ബൈബിൾ നമ്മോടു പറയുന്നതു ശ്രദ്ധിക്കുക: “ആലോചന കേട്ടു പ്രബോധനം കൈക്കൊൾക.” (പരിപൂർണതാവാദത്തിന് ഒരുവന്റെ പഠന പ്രാപ്തികൾക്കു വിഘാതം സൃഷ്ടിക്കാൻ കഴിയും. യുവജനങ്ങൾക്കുള്ള വിവരങ്ങൾ പ്രദാനം ചെയ്യുന്ന ഒരു വെബ്സൈറ്റിൽ വന്ന ഒരു ലേഖനത്തിൽ റെയ്ച്ചൽ എന്നു പേരുള്ള പെൺകുട്ടി ഇങ്ങനെ എഴുതി: “ഹൈസ്കൂളിൽ പ്രവേശിച്ചപ്പോൾ നന്നായി പഠിക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നു. എല്ലായ്പോഴും എനിക്ക് ഏറ്റവും ഉയർന്ന ഗ്രേഡുതന്നെ കിട്ടി. തുടർന്നും അത് അങ്ങനെതന്നെയായിരിക്കും എന്നു ഞാൻ കരുതി.” എന്നാൽ റെയ്ച്ചലിന് കണക്കിലെ അങ്കഗണിതം അത്ര എളുപ്പമല്ലായിരുന്നു. അതിന് അവൾക്ക് ‘ബി-പ്ലസ്’ ഗ്രേഡാണു കിട്ടിയത്. “മറ്റെല്ലാവർക്കും ഇത് ഒരു നല്ല ഗ്രേഡ് ആയിരിക്കാം, പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം . . . അത് എത്ര നാണക്കേടായിരുന്നെന്നോ. എനിക്ക് ആകെ പരിഭ്രമവും ആശങ്കയും തോന്നി . . . ടീച്ചറിന്റെ സഹായം തേടാനും എനിക്കു മടിയായിരുന്നു, കാരണം ഗൃഹപാഠം ചെയ്യാൻ എനിക്കു സഹായം വേണം എന്നു പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല എന്നല്ലേ ടീച്ചർ കരുതുക . . . തോൽക്കുന്നതിനെക്കാൾ ഭേദം ചത്തുകളയുന്നതാണ് എന്നുപോലും ചിലപ്പോൾ എനിക്കു തോന്നി,” അവൾ അനുസ്മരിക്കുന്നു.
പരാജയഭീതി നിമിത്തം ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചിട്ടുള്ള യുവജനങ്ങളുണ്ട്. എന്നിരുന്നാലും, അത്തരമൊരു കടുംകൈ ചെയ്യുന്നതിനെ കുറിച്ച് ബഹുഭൂരിപക്ഷം യുവജനങ്ങളും ചിന്തിക്കാറില്ല എന്നത് ആശ്വാസകരമാണ്. എന്നാൽ, മാനസികാരോഗ്യ വിദഗ്ധയായ സിൽവിയ റിം പറയുന്നത്, അത്തരക്കാർ നിയമനങ്ങൾ ഒന്നും ഏറ്റെടുക്കാതിരുന്നേക്കാം എന്നാണ്, അപ്പോൾ പിന്നെ പരാജയഭീതി വേണ്ടല്ലോ. റിം തുടർന്നു പറയുന്ന പ്രകാരം ചില പരിപൂർണതാവാദികൾ “തങ്ങൾ ചെയ്തുതീർത്ത നിയമനങ്ങൾ തിരികെ ഏൽപ്പിക്കാറില്ല, അവർ തങ്ങളുടെ ജോലിയിൽ അഭിമാനം കണ്ടെത്തുന്നില്ല, അവർ ഗൃഹപാഠങ്ങൾ മറക്കുന്നു. ഓരോ ഒഴികഴിവുകൾ നിരത്തുന്നു.”
ഇനി ഇതിന്റെ മറുവശം ചിന്തിച്ചാൽ, ചില യുവജനങ്ങൾ വിജയം ഉറപ്പാക്കാൻ തക്കവണ്ണം അങ്ങേയറ്റം വരെ പോകും. “ഞാൻ രാത്രി വളരെ വൈകിവരെ ഇരുന്ന് സ്കൂളിലെ പാഠ്യവിഷയങ്ങൾ കിറുകൃത്യമായി ചെയ്യാൻ ശ്രമിക്കും” എന്ന് ഡാനിയേൽ സമ്മതിക്കുന്നു. പക്ഷേ, ഇത്തരം അതിരുകവിഞ്ഞ പ്രവൃത്തികൾക്ക് അതിന്റേതായ ഭവിഷ്യത്തുകളും ഉണ്ട്. അതായത്, ക്ലാസ്സിൽ ഇരുന്ന് ഉറക്കം തൂങ്ങും, പഠിത്തത്തിൽ പിന്നോക്കമാകുകയും ചെയ്യും.
പരിപൂർണതാവാദത്തിന്റെ കൈപിടിച്ചെത്തുന്ന മറ്റുചിലതും കൂടിയുണ്ട്. എപ്പോഴുമുള്ള ദേഷ്യം, വിലകെട്ടവനാണെന്ന തോന്നൽ, കുറ്റബോധം, ശുഭാപ്തിവിശ്വാസമില്ലായ്മ, ഭക്ഷണക്രമക്കേടുകൾ, വിഷാദം എന്നിവ. പരിപൂർണതാവാദത്തിന് ഒരുവനെ ആത്മീയമായി അപകടത്തിലാക്കാൻ കഴിയും എന്നതാണ് ഇതിൽ ഏറ്റവും ഗുരുതരമായ സംഗതി. ഉദാഹരണത്തിന്, തങ്ങളുടെ വിശ്വാസം മറ്റുള്ളവരുടെ മുമ്പിൽ പ്രകടിപ്പിക്കാൻ ബൈബിൾ ക്രിസ്ത്യാനികളോടു പറയുന്നു. (റോമർ 10:10; എബ്രായർ 10:24, 25) എന്നിരുന്നാലും, വിവിയൻ എന്നു പേരുള്ള ഒരു പെൺകുട്ടി ക്രിസ്തീയ യോഗങ്ങളിൽ ഉത്തരങ്ങൾ പറയുന്നതിൽനിന്നു വിട്ടുനിന്നു. തനിക്ക് കാര്യങ്ങൾ വ്യക്തമായി പറയാൻ കഴിയാതെ പോയാലോ എന്നായിരുന്നു അവളുടെ പേടി. ലിയ എന്ന യുവതിക്കും ഇത്തരം ഭയമുണ്ടായിരുന്നു. അവൾ പറയുന്നു: “ഞാൻ എന്തെങ്കിലും തെറ്റു പറയുകയാണെങ്കിൽ മറ്റുള്ളവർക്ക് എന്നെപ്പറ്റിയുള്ള ധാരണയ്ക്ക് മങ്ങലേൽക്കും. അതുകൊണ്ടു ഞാൻ മിണ്ടാതിരിക്കും.”
അതേ, പരിപൂർണരാകാൻ ശ്രമിക്കുന്നത് അപകടകരവും അനാരോഗ്യകരവും ആണെന്നു വ്യക്തമായിരിക്കുന്നു. ഈ ലേഖനത്തിൽ വിവരിച്ച ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങളുടെ മനോഭാവത്തിനു ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് നിങ്ങൾക്കു തോന്നിയേക്കാം. അത് എങ്ങനെ സാധിക്കും എന്ന് ഒരു ഭാവി ലേഖനം ചർച്ച ചെയ്യുന്നതായിരിക്കും. (g03 7/22)
[അടിക്കുറിപ്പുകൾ]
a ചില പേരുകൾക്കു മാറ്റം വരുത്തിയിരിക്കുന്നു.
b ഒരു സ്കൂളിലെ മിടുക്കരായ 87.5 ശതമാനം കുട്ടികളിലും പരിപൂർണതാവാദവുമായി ബന്ധപ്പെട്ട പ്രവണതകൾ ഉണ്ടായിരുന്നു എന്ന് ഒരു പഠനം വെളിപ്പെടുത്തി.
[12-ാം പേജിലെ ചിത്രം]
പരാജയഭീതി നിമിത്തം ചില യുവജനങ്ങൾ തങ്ങളുടെ നിയമനങ്ങൾ ചെയ്തു തീർക്കാറില്ല
[13-ാം പേജിലെ ചിത്രം]
പരിപൂർണതാവാദം വിഷാദവും ആത്മാഭിമാനക്കുറവും ഉളവാക്കിയേക്കാം