പൂമ്പൊടി അലോസരമോ അതോ അത്ഭുതമോ?
പൂമ്പൊടി അലോസരമോ അതോ അത്ഭുതമോ?
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഹാച്ഛീ! ദശലക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ആ തുമ്മൽ ശബ്ദവും അതോടൊപ്പമുള്ള കണ്ണുചൊറിച്ചിലും കണ്ണിൽ വെള്ളം നിറയലും മൂക്കുപിരുപിരുപ്പും മൂക്കൊലിപ്പുമെല്ലാം വസന്തം വരവായി എന്നതിന്റെ സൂചനകളാണ്. സാധാരണഗതിയിൽ, അന്തരീക്ഷത്തിൽ നിറഞ്ഞിരിക്കുന്ന പൂമ്പൊടിയാണ് അവരുടെ അലർജിക്കു കാരണം. വ്യവസായ രാജ്യങ്ങളിൽ 6-ൽ ഒരാൾ വീതം ഋതുഭേദങ്ങൾക്കനുസരിച്ച് ഉണ്ടാകുന്ന പൂമ്പൊടിയലർജി ഉള്ളവരാണെന്ന് ബിഎംജെ (മുമ്പത്തെ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ) കണക്കാക്കുന്നു. ചെടികൾ വായുവിലേക്കു നിക്ഷേപിക്കുന്ന പൂമ്പൊടിയുടെ അമ്പരപ്പിക്കുന്ന അളവിനോടുള്ള താരതമ്യത്തിൽ ഈ നിരക്ക് നിസ്സാരമാണ്.
സ്വീഡന്റെ മൂന്നിലൊരു ഭാഗത്തുള്ള പൈൻകാടുകൾ മാത്രം ഓരോ വർഷവും 75,000 ടൺ പൂമ്പൊടിയാണ് പുറത്തുവിടുന്നത്. ഡെയ്സി കുടുംബത്തിലെ ഒരൊറ്റ റാഗ്വീഡ് ചെടിക്ക് ദിവസേന പത്തു ലക്ഷം പരാഗരേണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയും. ഈ പൂമ്പൊടി വടക്കേ അമേരിക്കക്കാർക്കിടയിൽ നേത്രഗോളാവരണ വീക്കം ഉണ്ടാക്കുന്നു. കാറ്റുകൾ വഹിച്ചുകൊണ്ടുപോകുന്ന റാഗ്വീഡ് പരാഗങ്ങൾ ഭൗമോപരിതലത്തിനു 3 കിലോമീറ്റർ മുകളിലും കടലിൽ 600 കിലോമീറ്റർ ദൂരത്തും കണ്ടെത്തിയിട്ടുണ്ട്.
എന്നാൽ പരാഗങ്ങൾ ചിലരിൽ അലർജി ഉണ്ടാക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യത്തിന് ഉത്തരം കാണുന്നതിനു മുമ്പ് നമുക്കു പരാഗങ്ങളെ ഒന്ന് അടുത്തു പരിശോധിക്കാം, ഈ രേണുക്കളുടെ വിസ്മയിപ്പിക്കുന്ന രൂപകൽപ്പന ഒന്ന് അടുത്തു കാണാം.
ജീവവാഹകരായ രേണുക്കൾ
പരാഗത്തെ (പൂമ്പൊടി) കുറിച്ച് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇങ്ങനെ പറയുന്നു: “വിത്തുള്ള സസ്യങ്ങളിൽ ഇത് കേസരം അഥവാ ആൺ അവയവത്തിലാണു രൂപം കൊള്ളുന്നത്. കാറ്റ്, ജലം, പ്രാണികൾ മുതലായ പരാഗകാരികൾ ഇവയെ ജനി അഥവാ പെൺ അവയവത്തിൽ എത്തിക്കുന്നു, അവിടെവെച്ചാണു പരാഗണം നടക്കുന്നത്.”
പുഷ്പിക്കുന്ന സസ്യങ്ങളുടെ പരാഗരേണുക്കൾക്കു മൂന്നു വ്യതിരിക്ത ഭാഗങ്ങൾ ഉണ്ട്—പുംബീജ മർമം, പരാഗരേണുവിന്റെ കവചമായി വർത്തിക്കുന്ന രണ്ട് പാളികൾ. അതിൽ, കട്ടിയുള്ള പുറംപാളി അഴുകിപ്പോകാത്തതും അത്യുഷ്ണം, രൂക്ഷതയേറിയ ആസിഡ്, ആൽക്കലി തുടങ്ങിയവയെ ചെറുത്തുനിൽക്കാൻ കെൽപ്പുള്ളതുമാണ്. എന്നിരുന്നാലും, ചില പരാഗങ്ങൾ ഒഴികെ മറ്റെല്ലാം ഏതാനും ദിവസങ്ങൾ മാത്രമേ പ്രവർത്തനക്ഷമമായിരിക്കൂ. ഇവയുടെ കട്ടിയുള്ള പുറന്തോട് ചിലപ്പോൾ ആയിരക്കണക്കിനു വർഷങ്ങൾ നശിക്കാതെ കിടന്നേക്കാം. അതുകൊണ്ട്, പരാഗരേണുക്കളെ മണ്ണിൽ ധാരാളമായി കണ്ടെത്താൻ കഴിയും. വാസ്തവത്തിൽ, ഭൂമിയിലെ സസ്യജീവന്റെ ചരിത്രത്തെ കുറിച്ച് ഒട്ടനവധി കാര്യങ്ങൾ ശാസ്ത്രജ്ഞർക്കു പഠിക്കാൻ കഴിഞ്ഞത്,
മണ്ണിന്റെ പല അടുക്കുകളിൽ നിന്നു കുഴിച്ചെടുത്തിരിക്കുന്ന പരാഗങ്ങൾ പഠന വിധേയമാക്കിയതിനാലാണ്.ഈ ചരിത്ര പഠനങ്ങളെ കൃത്യതയുള്ളതാക്കുന്നത് പരാഗരേണുക്കളുടെ പുറംതോടിൽ കാണപ്പെടുന്ന വ്യതിരിക്ത രൂപകൽപ്പനകളാണ്. ഏതുതരം പരാഗമാണ് എന്നതിനെ ആശ്രയിച്ച്, പുറംതോട് മിനുസമുള്ളതോ ചുളിവുകളുള്ളതോ ഡിസൈനുകളുള്ളതോ മുള്ളുകളും മുഴകളും നിറഞ്ഞതോ ഒക്കെ ആയിരിക്കും. “പരാഗങ്ങൾ ഏതു സ്പീഷിസിൽ പെട്ടവയാണെന്നു തിരിച്ചറിയാൻ കഴിയും. കാരണം അവ മനുഷ്യന്റെ വിരലടയാളംപോലെ വ്യത്യസ്തമാണ്” എന്നു നരവംശശാസ്ത്ര പ്രൊഫസറായ വൊൺ എം. ബ്രയന്റ് ജൂനിയർ പറയുന്നു.
ചെടികൾ പരാഗണം നടത്തുന്ന വിധം
പരാഗരേണുക്കൾ പെൺ ചെടികളിലെ ജനിയുടെ ഒരു ഭാഗമായ പരാഗണസ്ഥലവുമായി (കീലാഗ്രവുമായി) സമ്പർക്കത്തിൽ വന്നുകഴിയുമ്പോൾ ഒരു രാസപ്രക്രിയയുടെ ഫലമായി പരാഗരേണു വീർക്കുന്നു. തുടർന്ന് അത് ഒരു നാളമായി വളർന്ന് താഴെ ബീജാണ്ഡത്തിൽ എത്തുന്നു. പരാഗരേണുവിന്റെ ഉള്ളിലെ പുംബീജകോശങ്ങൾ ഈ പരാഗനാളത്തിലൂടെ ബീജാണ്ഡത്തിലേക്കു നീങ്ങുന്നു. അങ്ങനെ ഒടുവിൽ ബീജസങ്കലനം നടന്ന് വിത്ത് ഉണ്ടാകുന്നു. പാകമായ വിത്ത് അനുകൂലമായ സാഹചര്യങ്ങളിൽ മുളയ്ക്കുന്നു.
വിത്തുള്ള ചില ചെടികൾ ആൺചെടികളോ പെൺചെടികളോ ആയി വളരുന്നു എങ്കിലും ചെടികളിൽ മിക്കവയും പരാഗവും ബീജാണ്ഡവും ഉത്പാദിപ്പിക്കുന്നവയാണ്. ചില ചെടികൾ സ്വപരാഗണം നടത്തുന്നു. മറ്റു ചിലതു പരപരാഗണം നടത്തുന്നു. ഒരു ചെടിയിലുള്ള പൂവിന്റെ പരാഗം അതേ വർഗത്തിലുള്ള മറ്റു ചെടികളിലോ അതേ കുലത്തോട് ഏറ്റവും അടുത്തുള്ളവയിലോ പതിക്കുന്നതിനെയാണ് പരപരാഗണം എന്നു പറയുന്നത്. പരപരാഗണം നടത്തുന്ന ചെടികൾ “സ്വപരാഗണം ഒഴിവാക്കാനായി, അവയുടെ പരാഗണസ്ഥലം പരാഗരേണുക്കൾ സ്വീകരിക്കാൻ പാകമാകുന്ന സമയത്തിനു മുമ്പോ അതിനു ശേഷമോ പരാഗങ്ങൾ പൊഴിച്ചുകളയുന്നു” എന്ന് ബ്രിട്ടാനിക്ക പറയുന്നു. മറ്റു ചില ചെടികൾ ചില രാസസൂത്രങ്ങൾ ഉപയോഗിച്ചു സ്വന്തം പരാഗങ്ങളെയും അതേ വർഗത്തിൽപ്പെട്ട മറ്റു ചെടികളുടെ പരാഗങ്ങളെയും തിരിച്ചറിയുന്നു. ചെടികൾ സ്വന്തം പരാഗങ്ങളെ തിരിച്ചറിയുമ്പോൾ അവയെ നിർവീര്യമാക്കുന്നു. പലപ്പോഴും പരാഗനാളത്തിന്റെ വളർച്ച തടസ്സപ്പെടുത്തിക്കൊണ്ടാണ് ഇതു ചെയ്യുന്നത്.
നാനാതരം സസ്യങ്ങളുള്ള ഒരു സ്ഥലത്തെ വായു വിവിധതരം പരാഗങ്ങളുടെ സമ്മിശ്രമായിരിക്കും. തങ്ങൾക്ക് ആവശ്യമുള്ള പരാഗങ്ങളെ ചെടികൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? ചില ചെടികൾ സങ്കീർണമായ വ്യോമാഭ്യാസ തത്ത്വങ്ങൾതന്നെ പ്രയോഗിച്ചുകളയും. ഉദാഹരണത്തിന് പൈൻമരങ്ങളുടെ കാര്യമെടുക്കുക.
കാറ്റിനെ കൊയ്യുന്നു
പൈൻമരത്തിന്റെ ആൺ രേണുശങ്കുക്കൾ (pinecones) കുലകളായാണ് കാണപ്പെടുന്നത്. ഇവ പാകമാകുമ്പോൾ ഭീമമായ അളവിൽ പരാഗങ്ങളെ കാറ്റിൽ നിക്ഷേപിക്കുന്നു. അപ്പോൾ പെൺ രേണുശങ്കുക്കൾ, അവയ്ക്കു ചുറ്റുമുള്ള സൂച്യാകാര ഇലകളുടെ സഹായത്തോടെ വായുവിന്റെ ഒഴുക്കിനെ തിരിച്ചുവിടുന്നു. ഇങ്ങനെ അന്തരീക്ഷത്തിലുള്ള പരാഗങ്ങൾ വായുവിൽ ചുഴറ്റപ്പെട്ട് പുനരുത്പാദനത്തിനു തയ്യാറായിരിക്കുന്ന പെൺ രേണുശങ്കുക്കളുടെ പ്രതലത്തിൽ വീഴാൻ ഇടയാകുന്നു. പാകമായ
പെൺ രേണുശങ്കുക്കളുടെ ശല്ക്കങ്ങൾ അല്പം അകന്ന് പ്രതലം തുറന്നിരിക്കും.പൈൻ രേണുശങ്കുക്കൾ വായുവിൽ നടത്തുന്ന ഈ മാസ്മരവിദ്യയെ കുറിച്ച് ഗവേഷകനായ കാൾ ജെ. നിക്ലാസ് വിപുലമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. സയന്റിഫിക് അമേരിക്കൻ എന്ന മാസികയിൽ അദ്ദേഹം ഇപ്രകാരം എഴുതി: “പൈൻമരങ്ങളുടെ ഓരോ സ്പീഷിസിനും വ്യതിരിക്തമായ രേണുശങ്കുക്കളാണ് ഉള്ളത്. അവയാകട്ടെ കാറ്റിന്റെ ഗതിയിൽ തനതായ രൂപാന്തരം വരുത്തുകയും ചെയ്യുന്നു എന്ന് ഞങ്ങളുടെ പഠനം വെളിപ്പെടുത്തുന്നു . . . സമാനമായി, ഓരോ തരം പരാഗത്തിന്റെയും വലുപ്പവും ആകൃതിയും ഘനവും വ്യത്യസ്തമാണ്. അതിനാൽ, കാറ്റിന്റെ പ്രക്ഷുബ്ധ ചലനത്തിന് അനുസരിച്ച് ഇവയോരോന്നും തനതായ വിധങ്ങളിലാണ് പ്രവർത്തിക്കുന്നത്.” ഈ സൂത്രങ്ങൾ എത്രത്തോളം ഫലപ്രദമാണ്? നിക്ലാസ് പറയുന്നതു ശ്രദ്ധിക്കുക: “ഞങ്ങൾ പഠനവിധേയമാക്കിയ മിക്ക രേണുശങ്കുക്കളും വായുവിൽ ഉണ്ടായിരുന്ന മറ്റു സ്പീഷിസുകളിൽപ്പെട്ട രേണുശങ്കുക്കൾക്കിടയിൽനിന്ന് അവയുടെ ‘സ്വന്തം’ പൂമ്പൊടി അരിച്ചെടുക്കുകയായിരുന്നു.”
അലർജിക്കാർക്ക് ഒരു ആശ്വാസ വാർത്ത! പൂമ്പൊടി കാറ്റിൽ വിതറിയല്ല എല്ലാ ചെടികളും പരാഗണം നടത്തുന്നത്, പല ചെടികളും പക്ഷിമൃഗാദികളുടെ സഹകരണം തേടുന്നു.
പ്രലോഭിപ്പിക്കുന്ന പൂന്തേൻ
പക്ഷികൾ, ചെറിയ സസ്തനികൾ, പ്രാണികൾ മുതലായവയുടെ സഹായത്തോടെ പരാഗണം നടത്തുന്ന ചെടികൾ സാധാരണമായി കൊളുത്തുകൾ, മുള്ളുകൾ അല്ലെങ്കിൽ ഒട്ടുന്ന നൂലുപോലെയുള്ള ഭാഗങ്ങൾ എന്നിവ ഉപയോഗിച്ചാണു സൂത്രങ്ങൾ ഒപ്പിക്കുന്നത്. തീൻശേഖരണം നടത്തുന്ന പരാഗകാരികളുടെ ശരീരത്തിൽ പൂമ്പൊടി പറ്റിക്കാനാണിത്. രോമാവൃതമായ ശരീരമുള്ള, മൂളിപ്പറക്കുന്ന ബംബിൾബീയുടെ കാര്യമെടുക്കുക. ഈ ഈച്ച ഒറ്റത്തവണ വഹിച്ചുകൊണ്ടുപോകുന്ന പരാഗരേണുക്കൾ എത്രയെന്നറിയാമോ? ഏതാണ്ട്, 15,000 എണ്ണം!
പുഷ്പിക്കുന്ന ചെടികളുടെ മുഖ്യ പരാഗണകാരി തേനീച്ചകൾതന്നെയാണ്. ചെടികൾ ഇവയ്ക്കു പകരം നൽകുന്നതോ, മധുരമൂറുന്ന പൂന്തേനും പൂമ്പൊടിയും. മാംസ്യങ്ങൾ, ജീവകങ്ങൾ,
ലവണങ്ങൾ, കൊഴുപ്പുകൾ എന്നിവകൊണ്ടു സമ്പുഷ്ടമാണ് പൂമ്പൊടി. ഈ അസാധാരണ സഹവർത്തിത്ത്വത്തിന്റെ ഭാഗമായി, തേനീച്ചകൾ ഒറ്റ പര്യടനത്തിൽത്തന്നെ 100-ലധികം പൂക്കൾ സന്ദർശിച്ചേക്കാം. എന്നാൽ അവ പൂമ്പൊടിയും പൂന്തേനും അഥവാ രണ്ടും ഒരൊറ്റ സ്പീഷിസിലെ ചെടികളിൽ നിന്നു മാത്രമേ ശേഖരിക്കൂ, ഒന്നുകിൽ മതിയാകുവോളം അല്ലെങ്കിൽ പൂക്കളിലെ കലവറ കാലിയാകുവോളം. ശ്രദ്ധേയമായ ഈ സഹജവാസന ഫലപ്രദമായ പരാഗണം ഉറപ്പുവരുത്തുന്നു.കബളിപ്പിക്കുന്ന പൂക്കൾ
മധുരംകൊണ്ടു വിരുന്നൂട്ടുന്നതിനു പകരം ചില ചെടികൾ സങ്കീർണമായ സൂത്രങ്ങൾ കാട്ടി പ്രാണികളെ വശത്താക്കിയാണ് പരാഗണം നടത്തുന്നത്. പശ്ചിമ ഓസ്ട്രേലിയയിൽ വളരുന്ന ഹാമർ ഓർക്കിഡിന്റെ കാര്യമെടുക്കുക. ഈ ഓർക്കിഡിന്റെ പൂവിന് അടിഭാഗത്തായി ഒരു ദളമുണ്ട്. മനുഷ്യനേത്രങ്ങൾക്കുപോലും അതൊരു ചിറകില്ലാത്ത തൈനിഡ് പെൺ കടന്നൽ ആണെന്നേ തോന്നൂ. ഈ പൂക്കൾ, പെൺ കടന്നൽ ഇണയെ ആകർഷിക്കാൻ ഉപയോഗിക്കുന്ന ഒരു രാസവസ്തുവായ ഫെറോമോൺ പോലുള്ള ഒരു ദ്രാവകം പുറപ്പെടുവിക്കുകപോലും ചെയ്യുന്നു! കാമുകി ചമയുന്ന പുഷ്പദളത്തിന്റെ തൊട്ടുമുകളിൽ സ്ഥിതിചെയ്യുന്ന ഒട്ടുന്ന സഞ്ചിനിറയെ പൂമ്പൊടിയാണ്.
വ്യാജ ഫെറോമോണിന്റെ ഗന്ധത്താൽ വശീകരിക്കപ്പെടുന്ന ആൺ കടന്നൽ ഇണചമയുന്ന പുഷ്പദളത്തിന്മേൽ പിടിമുറുക്കി “അവളെ” കരവലയത്തിലാക്കി പറന്നുപൊങ്ങാൻ ശ്രമിക്കുന്നു. പക്ഷേ, അവൻ മുകളിലേക്കു കുതിക്കുന്ന ആക്കം പാളിയിട്ട് അവനും പ്രതിശ്രുത വധുവും തലയുംകുത്തി പൂമ്പൊടി നിറഞ്ഞ ഒട്ടുന്ന സഞ്ചിയിലേക്കു വീഴുന്നു. അമളിപറ്റിയെന്നു മനസ്സിലാകുന്നതോടെ ഇഷ്ടൻ ‘വധുവിനെ’ ഉപേക്ഷിച്ച്—പുഷ്പദളത്തിന് വിജാഗരിപോലെ ഒരു ബന്ധം ഉള്ളതിനാൽ അത് പൂർവസ്ഥിതിപ്രാപിക്കുന്നു—തന്റെ പാട്ടിനുപോകുന്നു, മറ്റൊരു ഹാമർ ഓർക്കിഡിലേക്ക്, വീണ്ടും കബളിപ്പിക്കപ്പെടാനായി മാത്രം. a എന്നിരുന്നാലും, ഇത്തവണ മുമ്പത്തെ സംഗമത്തിൽനിന്നു കിട്ടിയ പൂമ്പൊടി നൽകി അവൻ ഓർക്കിഡുകളിൽ പരാഗണം നടത്തുന്നു.
യഥാർഥ പെൺ തൈനിഡ് കടന്നലുകൾ ഉണ്ടെങ്കിൽ ആൺ കടന്നലുകൾ ചതിയിൽ പെടില്ല, മറിച്ച് അവരിൽ ഒരാളെ തിരഞ്ഞെടുക്കും. രസാവഹമായി, ഓർക്കിഡുകൾ പുഷ്പിക്കുന്നത്, പെൺ കടന്നലുകൾ ഭൂഗർഭത്തിലെ പ്യൂപ്പാവസ്ഥയിൽനിന്നും പുറത്തു വരുന്നതിന് ആഴ്ചകൾക്കു മുമ്പാണ്. അങ്ങനെ അവ പൂവിന് ഒരു താത്കാലിക ആനുകൂല്യം നൽകുന്നു.
അലർജി എന്തുകൊണ്ട്?
ചിലർക്ക് പൂമ്പൊടി അലർജിയായിരിക്കുന്നത് എന്തുകൊണ്ട്? തീരെ ചെറിയ പരാഗരേണുക്കൾ മൂക്കിനുള്ളിൽ കയറിപ്പറ്റുമ്പോൾ അവ ഒട്ടുന്ന ശ്ലേഷ്മസ്തരത്തിൽ അകപ്പെട്ടുപോകുന്നു. അവിടെനിന്ന് അവ തൊണ്ടയിലേക്കു നീങ്ങുന്നു. അവിടെ വെച്ച് അവയെ വിഴുങ്ങുകയോ ചുമച്ചു പുറന്തള്ളുകയോ ചെയ്യുന്നു. സാധാരണമായി പൂമ്പൊടി പ്രശ്നമൊന്നും ഉണ്ടാക്കാറില്ല. എന്നാൽ ചിലപ്പോൾ ഇവ പ്രതിരോധവ്യവസ്ഥയെ ഉദ്ദീപിപ്പിക്കുന്നു.
പൂമ്പൊടിയിലെ മാംസ്യമാണ് കുഴപ്പക്കാരൻ. ചില കാരണങ്ങളാൽ, അലർജിയുള്ള വ്യക്തിയുടെ പ്രതിരോധവ്യവസ്ഥ ചില പൂമ്പൊടികളിൽ അടങ്ങിയിരിക്കുന്ന മാംസ്യത്തെ ഒരു ഭീഷണിയായി വീക്ഷിക്കുന്നു. ഒരു പ്രവർത്തന പരമ്പരയ്ക്കു തുടക്കമിട്ടുകൊണ്ടാണ് ശരീരം ഇതിനോട് പ്രതികരിക്കുന്നത്. തത്ഫലമായി കോശങ്ങളിലെ യോജകകലകൾ ഭീമമായ അളവിൽ ഹിസ്റ്റമിൻ ഉത്പാദിപ്പിക്കുന്നു. ഈ ഹിസ്റ്റമിൻ രക്തക്കുഴലുകളെ വികസിപ്പിക്കുകയും സുതാര്യമാക്കുകയും ചെയ്യുന്നു, അങ്ങനെ പ്രതിരോധ കോശങ്ങൾ ധാരാളം അടങ്ങിയ ദ്രാവകം സ്രവിച്ചുകൊണ്ടിരിക്കാൻ ഇടയാക്കുന്നു. സാധാരണഗതിയിൽ, ഈ പ്രതിരോധ കോശങ്ങൾ ശരീരത്തിൽ മുറിവോ രോഗബാധയോ ഉള്ള ഭാഗത്തേക്കു നീങ്ങുകയും പുറത്തുനിന്നു രോഗാണുക്കൾ കടക്കാതെ ശരീരത്തെ സഹായിക്കുകയുമാണു ചെയ്യാറ്. എന്നാൽ അലർജിക്കാരിൽ പൂമ്പൊടി പ്രവേശിക്കുമ്പോൾ ശരീരം വ്യാജ അലാറം മുഴക്കുന്നു. ഫലമോ? അസ്വസ്ഥത, മൂക്കൊലിപ്പ്, കലകൾക്കു വീക്കം, കണ്ണിൽ വെള്ളം നിറയൽ അങ്ങനെ പലതും.
അലർജി മാതാപിതാക്കൾവഴി കിട്ടുന്നതാണ് എന്ന് ഗവേഷകർ വിശ്വസിക്കുന്നു, അത് ഒരു പ്രത്യേക വസ്തുവിനോടുള്ള അലർജി ആയിരിക്കണം എന്നില്ല. മലിനീകരണവും അലർജിക്കു കാരണമായേക്കാം. “ജപ്പാനിൽ, പൂമ്പൊടിയോടുള്ള അലർജിയും ഉയർന്ന അളവിൽ ഡീസൽ കണങ്ങൾ തങ്ങിനിൽക്കുന്ന അന്തരീക്ഷവും തമ്മിൽ നേരിട്ടു ബന്ധമുള്ളതായി കണ്ടെത്തിയിരിക്കുന്നു” എന്ന് ബിഎംജെ പറയുന്നു. “ഈ കണങ്ങൾ, അലർജി വർധിപ്പിക്കുമെന്ന് മൃഗങ്ങളിൽ നടത്തിയ പഠനം വെളിപ്പെടുത്തുന്നു.”
എന്നാൽ ആന്റിഹിസ്റ്റമീനുകൾ അഥവാ അലർജിപ്രതിരോധ ഔഷധങ്ങൾ ഉപയോഗിക്കുമ്പോൾ മിക്ക അലർജിക്കാർക്കും ശമനം കിട്ടുന്നു എന്നുള്ളത് ആശ്വാസകരമാണ്. b പേരു സൂചിപ്പിക്കുന്നതുപോലെ ഈ മരുന്നുകൾ ഹിസ്റ്റമിന്റെ പ്രവർത്തനത്തെ പ്രതിരോധിക്കുന്നു. പൂമ്പൊടി അസ്വസ്ഥത ഉളവാക്കുമെങ്കിലും, ജീവവാഹകരായ ഈ രേണുക്കളുടെ രൂപകൽപ്പനയിലും വിതരണത്തിലും പ്രതിഫലിക്കുന്ന അസാധാരണ പാടവം ഒരുവന് അംഗീകരിക്കാതെ വയ്യ. ഇവ ഇല്ലായിരുന്നെങ്കിൽ നമ്മുടെ ഗ്രഹം ഒരു ഊഷര ഭൂമിയായിരുന്നേനേ. (g03 7/22)
[അടിക്കുറിപ്പുകൾ]
a ഹാമർ ഓർക്കിഡ് എന്ന പേര് ഈ പൂക്കൾക്ക് തികച്ചും അനുയോജ്യമാണ്. കാരണം ഇവയുടെ താഴത്തെ പുഷ്പദളത്തിന് ഒരു വിജാഗരിയിൽ ഉറപ്പിച്ചാലെന്നവണ്ണം മുകളിലേക്കും താഴേക്കും ചലിക്കാനാകുന്നു, ഒരു ചുറ്റിക പോലെ.
b മുമ്പൊക്കെ, ആന്റിഹിസ്റ്റമിനുകൾ കഴിക്കുന്നവർക്ക് മന്ദതയും വായ് വരൾച്ചയും അനുഭവപ്പെടുമായിരുന്നു. എന്നാൽ പുതിയ ഔഷധങ്ങളിൽ ഈ പാർശ്വഫലങ്ങൾ കുറവാണ്.
[24, 25 പേജുകളിലെ രേഖാചിത്രം]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ജനി
ബീജാണ്ഡം
അണ്ഡാശയം
പരാഗനാളം
പരാഗണസ്ഥലം
പരാഗരേണു
കേസരം
പരാഗ കോശം
ദളം
[കടപ്പാട്]
NED SEIDLER/NGSImage Collection
[25-ാം പേജിലെ ചിത്രങ്ങൾ]
പലതരം പരാഗങ്ങളെ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിക്കുമ്പോൾ
[കടപ്പാട്]
പരാഗരേണുക്കൾ: © PSU Entomology/PHOTO RESEARCHERS, INC.
[26-ാം പേജിലെ ചിത്രങ്ങൾ]
ഹാമർ ഓർക്കിഡ് പുഷ്പത്തിന്റെ, പെൺകടന്നലായി തോന്നിക്കുന്ന ഭാഗം
[കടപ്പാട്]
ഹാമർ ഓർക്കിഡിന്റെ ചിത്രങ്ങൾ: © BERT & BABS WELLS/OSF
[24-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പരാഗരേണുക്കൾ: © PSU Entomology/PHOTO RESEARCHERS, INC.
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പരാഗരേണുക്കൾ: © PSU Entomology/PHOTO RESEARCHERS, INC.