ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ചിറകു മുറിക്കപ്പെട്ട സ്രാവുകൾ
ലോകമൊട്ടാകെ, കച്ചവടക്കണ്ണുള്ള മത്സ്യബന്ധനക്കാർ സ്രാവുകൾക്കായി സമുദ്രങ്ങളിൽ പരതുകയാണ്, അവയുടെ ചിറകു മുറിച്ചെടുത്തിട്ടു ശരീരം വെള്ളത്തിലേക്ക് എറിയുന്നു. “ഇത്തരം കിരാതമായ അംഗവിച്ഛേദനം നടത്തുന്നതു സ്രാവിൻ ചിറകുകൊണ്ടുള്ള വിലകൂടിയ ഒരു സൂപ്പിനുവേണ്ടി മാത്രമാണ്” എന്നു സയൻസ് ന്യൂസ് റിപ്പോർട്ടു ചെയ്യുന്നു. 2002 ആഗസ്റ്റിൽ യു.എസ്. തീരസേന, മെക്സിക്കൻ തീരത്തിന് അടുത്തുവെച്ച് ഒരു ഹവായിയൻ കപ്പൽ പിടിച്ചെടുത്തു. അതിൽ 32 ടൺ സ്രാവിൻചിറക് ഉള്ളതായി അറിവു കിട്ടിയതിനെ തുടർന്നായിരുന്നു ഇത്. സ്രാവിന്റെ മറ്റു ശരീര ഭാഗങ്ങൾ ഒന്നും കപ്പലിൽ ഇല്ലായിരുന്നു. “ബീഭത്സമായ ഈ ചരക്ക് കുറഞ്ഞത് 30,000 സ്രാവുകളെ കശാപ്പു ചെയ്തതിന്റെ തെളിവായിരുന്നു. അതുവഴി, ഏതാണ്ട് 5,80,000 കിലോഗ്രാം മത്സ്യമാംസമാണ് ഉപയോഗ ശൂന്യമാക്കിയത്” എന്നു മാസിക പറയുന്നു. “ഗോളത്തിനു ചുറ്റും മീൻപിടുത്തക്കാർ ഏതാണ്ടു പത്തുകോടി സ്രാവുകളെ വർഷംതോറും കൊല്ലുന്നതായി കണക്കാക്കപ്പെടുന്നു.” സ്രാവിൻചിറകു വിൽക്കുന്നവർക്ക് 450 ഗ്രാമിന് 200 ഡോളർവരെ വില പരസ്യ വിപണിയിൽ വിലകിട്ടും. അതുകൊണ്ട് ഇതിനുവേണ്ടിയുള്ള ആവശ്യം നിലയ്ക്കുന്നില്ല. (g03 7/22)
സമയം ഉചിതമായി ചെലവഴിക്കൽ
“തങ്ങൾക്ക് ഒട്ടും സമയമില്ല എന്നു പരാതിപ്പെടുന്നവരുടെ ധാരണ വാസ്തവത്തിൽ തെറ്റാണ്” എന്ന് അടുത്തകാലത്തെ ഒരു പഠനം വെളിപ്പെടുത്തുന്നതായി ദ ഓസ്ട്രേലിയൻ റിപ്പോർട്ടു ചെയ്യുന്നു. ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയും ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയും നടത്തിയ ഒരു പഠനത്തെ കുറിച്ചു പത്രം ഇങ്ങനെ പറയുന്നു: “നമ്മിൽ പലരും തൊഴിലിനും വീട്ടുജോലികൾക്കുമായി ആവശ്യത്തിലധികം സമയം ചെലവഴിക്കുന്നു.” കുട്ടികളില്ലാത്ത, ജോലിക്കാരായ ദമ്പതികൾ തങ്ങളുടെ ജീവിതത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ എത്ര സമയം ചെലവഴിക്കേണ്ടതുണ്ടെന്നു ഗവേഷകർ കണക്കുകൂട്ടി. എന്നിട്ട് അതും അത്തരം കാര്യങ്ങൾക്കായി അവർ സാധാരണ ചെലവഴിക്കുന്ന സമയവും തമ്മിൽ താരതമ്യം ചെയ്തു. പഠനം വെളിപ്പെടുത്തുന്നത് അനുസരിച്ച് കുട്ടികളില്ലാത്ത ദമ്പതികൾ “ആഴ്ചയിൽ 79 മണിക്കൂർ തൊഴിലിനും 37 മണിക്കൂർ വീട്ടുകാര്യങ്ങൾക്കും 138 മണിക്കൂർ വ്യക്തിപരമായ കാര്യങ്ങൾക്കും ചെലവഴിക്കുന്നു. പക്ഷേ, വാസ്തവത്തിൽ അവർക്കു തൊഴിൽ ചെയ്യാൻ 20 മണിക്കൂറും [ഒരാൾ 10 മണിക്കൂർ വീതം] വീട്ടുജോലികൾ ചെയ്യാൻ 18 മണിക്കൂറും വ്യക്തിപരമായ കാര്യങ്ങൾക്കായി [ഭക്ഷണം കഴിക്കാനും ഉറങ്ങാനും ഉൾപ്പെടെ] 116 മണിക്കൂറും മാത്രമേ ആവശ്യമുണ്ടായിരുന്നുള്ളൂ” എന്നു പത്രം പറയുന്നു. ദമ്പതികൾ തങ്ങളുടെ ജീവിതം ലളിതമാക്കുന്നെങ്കിൽ അവർക്ക് ആഴ്ചയിൽ കുറഞ്ഞതു 100 മണിക്കൂറെങ്കിലും ലാഭിക്കാൻ കഴിയും. പഠനത്തെ കുറിച്ച് ദ ഓസ്ട്രേലിയൻ പറയുന്നപ്രകാരം കുട്ടികളില്ലാത്ത, ജോലിക്കാരായ ദമ്പതികൾ തങ്ങൾക്കാണു “മറ്റാരെക്കാളും സമയമില്ലാത്തത് എന്ന് പരാതിപ്പെടുന്നെങ്കിലും, അവർക്കാണു മറ്റാരെക്കാളും സമയം ഉള്ളത്, മാതാപിതാക്കൾക്കാണു വാസ്തവത്തിൽ കൂടുതൽ സമയം ആവശ്യമായിരിക്കുന്നത്.” (g03 7/22)
ആനകളെ തുരത്തുന്ന തേനീച്ചകൾ
കെനിയയിൽ ആനകൾ പെരുകുന്നു. ഇതു ചില പ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. ചുറ്റിക്കറങ്ങുന്ന ആനക്കൂട്ടങ്ങൾ വൃക്ഷങ്ങളും വിളകളും മറ്റും നശിപ്പിക്കുന്നു. കൂടാതെ, ഓരോ രണ്ടാഴ്ചയിലും ഇവ ഒരാളെയെങ്കിലും വകവരുത്തും. എന്നിരുന്നാലും, ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ജീവശാസ്ത്രജ്ഞനായ ഫ്രിറ്റ്സ് വൊൾറാറ്റ് ഇവയെ തുരത്താൻ ഒരു വിദ്യ കണ്ടുപിടിച്ചിരിക്കുന്നു. ആനകൾ ഒരു തേനീച്ചക്കൂട് ഇളക്കുമ്പോൾ “സാധാരണപോലെയല്ല, അവയ്ക്ക് പേടിയുണ്ട്. അവ ഓടുന്നു, പുറകേ തേനീച്ചകളും, അവ കിലോമീറ്ററുകളോളം ആനകളെ പിൻചെല്ലുന്നു,” അദ്ദേഹം പറയുന്നു. തേനീച്ചകൾ ആനകളുടെ കണ്ണിനു ചുറ്റും ചെവിക്കു പുറകിലും തുമ്പിക്കൈയുടെ അടിവശത്തും വയറിലും എല്ലാം നല്ല കുത്തുകൊടുക്കും. വൊൾറാറ്റ് എന്തു ചെയ്തെന്നോ? ആഫ്രിക്കൻ തേനീച്ചകളുടെ, വാസമുള്ളതും ഇല്ലാത്തതുമായ കൂടുകൾ എടുത്ത് കാട്ടിൽ ആനകൾ പതിവു സന്ദർശനത്തിന് എത്തുന്ന ഭാഗത്തെ മരങ്ങളിൽ വെച്ചു. തേനീച്ചകൾ ഉള്ള കൂടുകൾ വെച്ച ഒരു മരംപോലും ആനകൾ തൊട്ടില്ല. ഒഴിഞ്ഞ കൂടുകൾ വെച്ച മരങ്ങളിൽ മൂന്നിലൊന്നേ അവ ആക്രമിച്ചുള്ളൂ എന്നു ന്യൂ സയന്റിസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. എന്നാൽ കൂടുകൾ ഇല്ലാതിരുന്ന 10 മരങ്ങളിൽ 9 എണ്ണത്തിലും അവ കൈയേറ്റം നടത്തി. ദേഷ്യം മൂത്ത തേനീച്ചകളുടെ ശബ്ദം ഉച്ചഭാഷിണികളിലൂടെ കേൾപ്പിച്ചാലും ആനകൾ സ്ഥലംവിടുമെന്ന് വൊൾറാറ്റ് കണ്ടെത്തി. (g03 7/08)
ജോലിസ്ഥലത്തെ സമ്മർദം
“കാനഡക്കാരിൽ അഞ്ചിൽ ഒരാൾ വീതം പറയുന്നത് തങ്ങൾ ഭാരിച്ച സമ്മർദം അനുഭവിക്കുന്നതിനാൽ അതിൽനിന്നു മോചനം നേടാനായി ആത്മഹത്യയെ കുറിച്ചുവരെ ചിന്തിക്കുന്നു എന്നാണ്.” ദ ഗ്ലോബ് ആൻഡ് മെയ്ൽ ആണ് ഇതു റിപ്പോർട്ടു ചെയ്തത്. എന്താണു സമ്മർദത്തിനു കാരണം? 1,002 വ്യക്തികളെ ഉൾപ്പെടുത്തിയ സർവേയിൽ 43 ശതമാനം പേരും പറഞ്ഞത് ഇതിനു കാരണം ജോലിസ്ഥലത്തെ സമ്മർദമാണെന്നാണ്. “ഇന്നത്തെ തൊഴിൽ സ്ഥലങ്ങളിൽ നാം ആളുകളുടെ ശാരീരികവും മാനസികവുമായ പ്രാപ്തികളുടെ അങ്ങേയറ്റം പോകാൻ അവരുടെമേൽ സമ്മർദം ചെലുത്തുന്നു” എന്നു മൊൺട്രിയൽ സർവകലാശാലയിലെ പ്രൊഫസറും സാമൂഹിക മനശ്ശാസ്ത്രജ്ഞനുമായ ഷിമൊൺ ഡോളൻ പറയുന്നു. “നല്ല പ്രകടനം കാഴ്ചവെക്കാനുള്ള സമ്മർദം വളരെ വലുതാണ്. അതോടൊപ്പം അനിശ്ചിതത്വവുമുണ്ട്, കാരണം നാളെ നിങ്ങൾക്കവിടെ ജോലി ഉണ്ടാകുമോ എന്നുള്ളതിനു യാതൊരു ഉറപ്പുമില്ല.” കാനഡക്കാർ ഈ സമ്മർദത്തെ എങ്ങനെയാണു നേരിടുന്നത്? വ്യായാമമാണ് ആളുകൾ പൊതുവേ സ്വീകരിച്ചിരിക്കുന്ന മാർഗം എന്ന് ഗ്ലോബ് പറയുന്നു. “പുസ്തകവായന, ഹോബികൾ, കളികളിൽ ഏർപ്പെടൽ, സാമൂഹിക കൂടിവരവുകൾ, കുടുംബത്തോടൊത്തു സമയം ചെലവഴിക്കൽ എന്നിവയും ഉൾപ്പെടുന്നു.” (g03 7/08)
മാതാപിതാക്കളോടൊത്തുള്ള വായന കുട്ടികളെ ശാന്തരാക്കുന്നു
“മാതാപിതാക്കളോടൊപ്പം ഇരുന്നു കുട്ടികൾ ക്രമമായി വായിക്കുന്നത്, വഴക്കുണ്ടാക്കുകയും മോഷ്ടിക്കുകയും നുണപറയുകയും ചെയ്യുന്ന, മോശമായ പ്രവണതകളുള്ള കുട്ടികൾക്കിടയിലെ സാമൂഹ്യവിരുദ്ധ പെരുമാറ്റം ശ്രദ്ധേയമായ വിധത്തിൽ കുറയ്ക്കുന്നു” എന്നു ലണ്ടന്റെ വർത്തമാനപത്രമായ ദ ടൈംസ് പറയുന്നു. ലണ്ടൻ നഗരത്തിന്റെ ഉൾഭാഗത്തുനിന്നുള്ള അഞ്ചും ആറും വയസ്സുകാരായ 100 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് മനോരോഗ ചികിത്സാ സ്ഥാപനം പത്ത് ആഴ്ചത്തെ ഒരു പഠനം നടത്തി. അതിൽ, “കുട്ടികളോടൊപ്പം വായിക്കാൻ ഇരിക്കുന്നതിനു മുമ്പ് തങ്ങളുടെ മൊബൈൽ ഫോൺ ഓഫ് ചെയ്യാനും വായിക്കാൻ തുടങ്ങുന്നതിനു മുമ്പ് കഥയുടെ മുഖ്യ സവിശേഷതകൾ പറയാനും പേജുകൾ മറിച്ച് ചിത്രങ്ങൾ നോക്കാൻ വേണ്ടത്ര സമയമെടുക്കാനും” മാതാപിതാക്കളോടു നിർദേശിച്ചിരുന്നു. ഫലമോ? “കുട്ടികൾക്കു നന്നായി ശ്രദ്ധ കൊടുത്തുകൊണ്ടുള്ള മാതാപിതാക്കളുടെ പരിപാലന പരിപാടി എന്ന ലളിതമായ ഈ സംരംഭം ചെറുപ്രായത്തിൽത്തന്നെ കുട്ടികളുടെ പെരുമാറ്റ രീതികൾ മെച്ചപ്പെടുത്തുന്നതിൽ വളരെ ഫലപ്രദമായിരിക്കും എന്നു വ്യക്തമായി തെളിഞ്ഞിരിക്കുന്നു” എന്ന് പത്രം റിപ്പോർട്ടു ചെയ്തു. “കുട്ടികൾക്കു വേണ്ടത് മാതാപിതാക്കളുടെ ശ്രദ്ധയാണ്,” ഗവേഷകസംഘത്തിന്റെ തലവൻ ഡോ. സ്റ്റീഫൻ സ്കോട്ട് പറയുന്നു. “തങ്ങളുടെ മാതാപിതാക്കളോപ്പം ഇരുന്നു പുസ്തകങ്ങൾ വായിക്കുമ്പോൾ അവർക്ക് അതു കിട്ടും.” (g03 7/08)
ഇന്ത്യയിൽ പ്രമേഹം വർധിക്കുന്നു
ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ലോകമൊട്ടാകെ 17 കോടിയിൽ അധികം ആളുകൾക്കു പ്രമേഹമുണ്ട്. പ്രമേഹരോഗികൾ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്, 3.2 കോടി. 2005 ആകുമ്പോഴേക്ക് ഈ സംഖ്യ 5.7 കോടി കവിയാൻ ഇടയുണ്ടെന്ന് ഡെക്കാൻ ഹെറാൾഡ് പത്രം റിപ്പോർട്ടു ചെയ്യുന്നു. ഏഷ്യയിലെ പ്രമേഹരോഗത്തെ കുറിച്ച്, ശ്രീലങ്കയിൽ വെച്ച് ഒരു അന്തർദേശീയ സമ്മേളനം നടത്തുകയുണ്ടായി. അതിൽ, ഭക്ഷണത്തിലും ജീവിതരീതിയിലും വന്ന മാറ്റങ്ങളാണ് ഈ രോഗത്തിന്റെ കുതിച്ചു കയറ്റത്തിനു പ്രഥമ കാരണമായി പറഞ്ഞത്. അതോടൊപ്പം, സമ്മർദം, ജനിതക ഘടകങ്ങൾ, നവജാത ശിശുക്കൾക്കുള്ള തൂക്കക്കുറവ് എന്നിവയും കുഞ്ഞുങ്ങൾക്ക് അമിതമായി ഭക്ഷണം നൽകുന്നതും ഇതിനു കാരണമായിത്തീരുന്നു. ലോകത്ത് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രമേഹചികിത്സ ലഭ്യമാകുന്ന സ്ഥലങ്ങളിലൊന്ന് ഇന്ത്യയാണ്. എന്നിട്ടും, പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങളും മരണ നിരക്കും ഇവിടെ ഉയർന്നുകാണുന്നു. അറിവില്ലായ്മയും രോഗനിർണയം നടത്തുന്നതിൽ വരുത്തുന്ന താമസവുമാണ് ഒരു പരിധിവരെ ഇതിനു കാരണം. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നടത്തിയ ഒരു പഠനം അനുസരിച്ച്, അവിടത്തെ മുതിർന്നവരിൽ 12 ശതമാനം പ്രമേഹരോഗികളാണ്. 14 ശതമാനത്തിന് ഗ്ലൂക്കോസിന്റെ പ്രവർത്തനം ശരിയായി നടക്കുന്നില്ല, ഇതു ക്രമേണ പ്രമേഹരോഗത്തിലേക്കു നയിക്കുകയും ചെയ്യും. (g03 7/22)
ലൈംഗിക വിദ്യാഭ്യാസം എന്നത്തേതിലും ആവശ്യം
ജർമനിയിലെ ഔദ്യോഗിക കണക്കനുസരിച്ച്, 1996-നും 2001-നും ഇടയ്ക്ക് 15 മുതൽ 17 വരെ പ്രായമുള്ള കുട്ടികളുടെ ഇടയിലെ ഗർഭച്ഛിദ്രങ്ങളുടെ എണ്ണം 60 ശതമാനം വർധിക്കുകയുണ്ടായി, ഇതിലും കുറഞ്ഞ പ്രായക്കാരിലാകട്ടെ 90 ശതമാനവും എന്ന് ഡെർ ഷ്പീഗെൽ റിപ്പോർട്ടു ചെയ്യുന്നു. കോബ്ലെൻസ് ലാൻഡൗ സർവകലാശാലയിലെ നോർബെർട്ട് ക്ലൂഗെ പറയുന്നതനുസരിച്ച്, മുമ്പത്തെ അപേക്ഷിച്ച് കുട്ടികൾ ഇളം പ്രായത്തിൽ ലൈംഗിക പക്വതയിൽ എത്തിച്ചേരുന്നു. അതേസമയം അവർക്ക് ‘ലൈംഗിക കാര്യങ്ങളെ കുറിച്ച് ഉചിതമായ വിദ്യാഭ്യാസം ലഭിക്കുന്നുമില്ല, പ്രത്യേകിച്ച് വേണ്ടത്ര നേരത്തേ.’ പത്തു വയസ്സ് ആകുന്നതിനു മുമ്പുതന്നെ കുട്ടികളെ ലൈംഗികതയെയും പുനരുത്പാദനത്തെയും കുറിച്ചു നന്നായി പറഞ്ഞു മനസ്സിലാക്കേണ്ടതാണ്. എന്നാൽ, മിക്ക മാതാപിതാക്കൾക്കും അതിനു മടിയാണ്, അവർ തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുന്നു എന്നു ക്ലൂഗെ പറയുന്നു. കുട്ടികൾക്കു ലൈംഗിക വിദ്യാഭ്യാസം നൽകുമ്പോൾ ജീവശാസ്ത്രപരമായ കാര്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നതിനു പകരം, “സ്നേഹവും ബന്ധങ്ങളും” പോലുള്ള വൈകാരിക വശങ്ങൾക്ക് അധികം ഊന്നൽ നൽകാൻ ബോണിലെ ഫെഡറൽ പേരന്റ്സ് കൗൺസിലിന്റെ ഡയറക്ടർ മാതാപിതാക്കളോടു നിർദേശിക്കുകയുണ്ടായി എന്നു ബർളിനാർ മോർഗൻപോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. (g03 7/22)
രണ്ടു കൂട്ടം നാഡികളോ?
സ്നേഹവും ആർദ്രതയും അനുഭവിച്ചറിയാൻ മനുഷ്യർക്ക് ഒരു പ്രത്യേക നാഡീവ്യവസ്ഥ നൽകപ്പെട്ടിരിക്കുന്നു എന്നു ജർമൻ സയന്റിഫിക് ജേർണലായ ബിൽറ്റ് ഡേർ വിസ്സെൻഷാഫ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. പ്രധാന സ്പർശന ഗ്രാഹിയുടെ പ്രവർത്തനം തീരെ നിലച്ചുപോയ ഒരു സ്ത്രീയെ മൃദുവായ ഒരു പെയിന്റ് ബ്രഷുകൊണ്ടു തഴുകിയപ്പോൾ ഹൃദ്യമായ ഒരു അനുഭൂതി അവർക്ക് അനുഭവപ്പെട്ടതായി സ്വീഡിഷ് ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതിനു കാരണമായത് ത്വക്കിലെ മറ്റൊരു നാഡീശൃംഖല ആയിരുന്നെന്ന് അവർ മനസ്സിലാക്കി. വളരെ സാവധാനം പ്രവർത്തിക്കുന്ന, സ്പർശനത്തോടു സംവേദകത്വമുള്ള സി തന്തുക്കളാണിവ. വളരെ മൃദുവായ സ്പർശനത്തോടു മാത്രമാണ് ഈ ശൃംഖല പ്രതികരിക്കുന്നത്, എന്നിട്ട് അതു വികാരങ്ങൾ കൈകാര്യം ചെയ്യുന്ന തലച്ചോറിന്റെ ഭാഗത്തെ ഉത്തേജിപ്പിക്കുന്നു. മനുഷ്യർക്ക് ഇങ്ങനെ രണ്ടു നാഡീവ്യവസ്ഥ ഉള്ളത് എന്തിനാണ് എന്നതിനെ കുറിച്ച് ഇന്റർനാഷണൽ ഹെറാൾഡ് ട്രിബ്യൂൺ ഇപ്രകാരം പറയുന്നു: “സാവധാനം പ്രവർത്തിക്കുന്ന തന്തുക്കൾ ജീവന്റെ ആദിമഘട്ടത്തിൽ, ഒരു പക്ഷേ അമ്മയുടെ വയറ്റിൽ ആയിരിക്കുമ്പോൾത്തന്നെ പ്രവർത്തനം ആരംഭിക്കുന്നു. എന്നാൽ ത്വരിതഗതിയിൽ സംവേദനക്ഷമമാകുന്ന തന്തുക്കൾ ജനനശേഷം സാവധാനത്തിലാണു വികാസം പ്രാപിക്കുന്നത്. നവജാതശിശുക്കൾക്ക് ഒരുപക്ഷേ മാതാപിതാക്കളുടെ സ്പർശനം അനുഭവിച്ചറിയാൻ കഴിയുന്നതിനു മുമ്പുതന്നെ മാതാവിന്റെയോ പിതാവിന്റെയോ സ്പർശനത്തിലെ സ്നേഹം അനുഭവിച്ചറിയാൻ കഴിഞ്ഞേക്കും.” (g03 7/22)