അനുഭവസമ്പന്നനായ ഒരു വൈമാനികന്റെ യാത്രാനിർദേശങ്ങൾ
അനുഭവസമ്പന്നനായ ഒരു വൈമാനികന്റെ യാത്രാനിർദേശങ്ങൾ
വിമാനയാത്ര, അത് എനിക്ക് എത്ര ഇഷ്ടമാണെന്നോ! ഞാൻ എല്ലായ്പോഴും അത് ആസ്വദിച്ചിട്ടുണ്ട്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് അതിശീഘ്രം യാത്രചെയ്യാനും മൂടിക്കെട്ടിയ ഒരു ദിവസം മേഘക്കെട്ടുകൾ ഭേദിച്ച് വെട്ടിത്തിളങ്ങുന്ന സൂര്യപ്രകാശത്തിൽ മാനംമുട്ടെ ഉയർന്നു പറക്കാനും കഴിയുക എന്നത് ചില്ലറ കാര്യമാണോ! 1956-ൽ, കുട്ടിക്കാലത്ത് ആദ്യമായി വിമാനയാത്ര നടത്തിയതുമുതൽ ഇന്നോളം വ്യോമയാനത്തിന്റെ ഹരം ഞാൻ വളരെയധികം ആസ്വദിച്ചിരിക്കുന്നു. ഒടുവിൽ ഒരു വൈമാനികന്റെ ജീവിതവൃത്തി തിരഞ്ഞെടുക്കുന്നതിലേക്ക് ഈ ‘പറക്കൽ’ മോഹം എന്നെ നയിച്ചു. ഒരു വിമാനാപകട അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിലും ഞാൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വിമാനയാത്ര എത്ര സുരക്ഷിതമാണ്? വിമാനത്തിൽ യാത്രചെയ്യാൻ അവസരം ലഭിക്കുമ്പോൾ എന്തെല്ലാം മുൻകരുതലുകളാണ് നിങ്ങൾ എടുക്കേണ്ടത്?
സുരക്ഷിതമായ ഒരു യാത്രയെ ഏറെ സുരക്ഷിതമാക്കൽ
ലോകവ്യാപകമായി ഓരോ വർഷവും ഏതാണ്ട് 18,000 യാത്രാവിമാനങ്ങളാണ് ആയിരക്കണക്കിന് വിമാനത്താവളങ്ങളിൽ ക്രമമായി വന്നിറങ്ങുകയും അവിടെനിന്ന് പറന്നുയരുകയും ചെയ്യുന്നത്. ഇപ്രകാരം ഓരോ വർഷവും 160 കോടിയിലധികം യാത്രക്കാരെ അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നു—ഉണ്ടാകുന്ന അപകടങ്ങളാകട്ടെ വളരെ ചുരുക്കവും. കാറിൽ സഞ്ചരിക്കുന്നതിനെക്കാൾ 25 ഇരട്ടി സുരക്ഷിതമാണ് വിമാനത്തിൽ സഞ്ചരിക്കുന്നത് എന്ന് പേരുകേട്ട ഇൻഷ്വറൻസ് സ്ഥാപനമായ ലണ്ടനിലെ ലോയ്ഡ്സ് കണക്കാക്കുന്നു. അപ്പോൾ കണക്കുകൾ വെച്ചുനോക്കിയാൽ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള വാഹനയാത്രയാണ് നിങ്ങളുടെ യാത്രയിലെ ഏറ്റവും അപകടംപിടിച്ച ഭാഗം. എന്നിരുന്നാലും, വിമാനയാത്രയുടെ സമയത്ത് ഉചിതമായ ഏതാനും മുൻകരുതലുകൾ എടുക്കുന്നത് താരതമ്യേന സുരക്ഷിതമായ ആ യാത്രയെ ഏറെ സുരക്ഷിതമാക്കും.
● വിമാനക്കമ്പനി ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക: എല്ലാ വിമാനക്കമ്പനികൾക്കും സുരക്ഷയുടെ കാര്യത്തിൽ ഒരേ ചരിത്രമല്ല ഉള്ളത്. വ്യവസ്ഥാപിത വിമാനക്കമ്പനികൾ സാധാരണമായി സുരക്ഷിത യാത്ര പ്രദാനം ചെയ്യുന്നു. ആധുനിക വിമാനങ്ങളാണ് അവർക്കുള്ളത്. കൂടാതെ, സുരക്ഷയുടെയും ക്രമമായ കേടുപോക്കലിന്റെയും കാര്യത്തിൽ കാര്യക്ഷമത തെളിയിച്ചിരിക്കുന്നതിനാൽ അവർക്കു നല്ല പേരുമുണ്ട്.
● നിങ്ങൾ ധരിക്കുന്ന വസ്ത്രം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുക: വിമാനത്തകർച്ചയെ അതിജീവിക്കുന്നവർ തീയും പുകയും നിമിത്തമുള്ള അപകടത്തെ നേരിടാറുണ്ട്. അതുകൊണ്ട്, കൈനീളമുള്ള വസ്ത്രങ്ങൾക്കൊപ്പം ഇറക്കമുള്ള പാന്റ്സോ സ്കേർട്ടോ ധരിക്കുന്നത് തീയിൽനിന്നും ചൂടിൽനിന്നും നിങ്ങളുടെ ത്വക്കിനെ സംരക്ഷിക്കും. പ്രകൃതിജന്യ നാരുകൊണ്ടുള്ള വസ്ത്രങ്ങൾ നല്ല സംരക്ഷണം പ്രദാനം ചെയ്യുന്നു. അതേസമയം, കൃത്രിമ നാരുകൾകൊണ്ടുള്ള വസ്ത്രങ്ങൾ ചൂടേൽക്കുമ്പോൾ ത്വക്കിൽ ഉരുകിപ്പിടിക്കുകയും കൂടുതൽ മാരകമായി പൊള്ളലേൽക്കുന്നതിന് കാരണമായിത്തീരുകയും ചെയ്യാറുണ്ട്. തുകൽ വസ്ത്രങ്ങളും ചൂടേറ്റു ചുരുങ്ങാറുള്ളതിനാൽ അവ ധരിക്കുന്നതിനും ശുപാർശ ചെയ്യുന്നില്ല. ഒന്നിനുമുകളിൽ ഒന്നായി പല വസ്ത്രങ്ങൾ ധരിക്കുന്നത് ഒറ്റയൊരു വസ്ത്രം മാത്രം ധരിക്കുന്നതിനെക്കാൾ സുരക്ഷിതത്വം പ്രദാനം ചെയ്യുന്നു. ഇളംനിറങ്ങളിലുള്ള വസ്ത്രങ്ങൾ ഇരുണ്ടനിറങ്ങളിലുള്ളവയെക്കാൾ കൂടുതൽ നന്നായി ചൂട് പ്രതിഫലിപ്പിക്കുന്നു. പരന്ന ഷൂസ്—കെട്ടുള്ളതാണെങ്കിൽ ഏറെ നല്ലത്—ധരിക്കുന്നെങ്കിൽ അത് കാലിൽനിന്ന് ഊരിപ്പോകാതിരുന്നുകൊണ്ട് മുറിവുകളിൽനിന്നും പൊള്ളലിൽനിന്നും കാലിനെ സംരക്ഷിക്കാൻ കൂടുതൽ സാധ്യതയുണ്ട്. കമ്പിളി സോക്സാണ് കൃത്രിമ നൂൽകൊണ്ടുള്ളവയെക്കാൾ മെച്ചം.
● സുരക്ഷാ നിർദേശങ്ങൾ ശ്രദ്ധിച്ചുകേൾക്കുക: പറന്നുയരുന്നതിനുമുമ്പ് വിമാനജോലിക്കാർ സമഗ്രമായ സുരക്ഷാ നിർദേശങ്ങൾ നിങ്ങൾക്കു പറഞ്ഞുതരും. ഒരു അപകടം ഉണ്ടാകുന്നപക്ഷം—അതിനു സാധ്യത കുറവാണെങ്കിലും—ആ സംഗ്രഹത്തിൽനിന്ന് നിങ്ങൾക്ക് ഓർക്കാൻ കഴിയുന്ന നിർദേശങ്ങൾ ഉപയോഗിച്ചുവേണം വിമാനത്തിൽനിന്നു പുറത്തുകടക്കാൻ. അതുകൊണ്ട്, ആ വിവരങ്ങൾ ശ്രദ്ധിച്ചുകേൾക്കുക. വിമാനയാത്രക്കാരിൽ 29 ശതമാനം മാത്രമേ സുരക്ഷാ നിർദേശങ്ങൾ അടങ്ങിയ കാർഡ് വായിക്കുകയോ കുറഞ്ഞപക്ഷം അവയിൽ കണ്ണോടിക്കുക പോലുമോ ചെയ്യുന്നുള്ളു എന്ന് കനേഡിയൻ വിമാന യാത്രക്കാരുടെ ഇടയിൽ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു. സുരക്ഷാ നിർദേശങ്ങൾ വായിച്ചു മനസ്സിലാക്കാൻ കുറച്ചു സമയം എടുക്കുക, വിശേഷിച്ചും പുറത്തേക്കുള്ള വാതിൽ എങ്ങനെ തുറക്കാം എന്നു വിശദീകരിക്കുന്നവ. കാരണം ആദ്യം വാതിൽക്കൽ എത്തുന്നത് ഒരുപക്ഷേ നിങ്ങളായിരിക്കാം. ഇരുട്ടാണെങ്കിലോ പുകകാരണം ഒന്നും കാണാൻ സാധ്യമല്ലെങ്കിലോ പുറത്തേക്കുള്ള വാതിൽ നിങ്ങൾ എങ്ങനെ കണ്ടുപിടിക്കും എന്നതിനെ കുറിച്ചു ചിന്തിക്കുക. നിങ്ങൾക്കും വാതിലിനും ഇടയിൽ എത്രനിര സീറ്റുണ്ട് എന്ന് എണ്ണിവെക്കുന്നതാണ് ലളിതമായ ഒരു മാർഗം. അപ്പോൾപ്പിന്നെ, ഇരുട്ടത്തായാലും അടിയന്തിര രക്ഷാവാതിൽ കണ്ടെത്താനും തുറന്നു പുറത്തു കടക്കാനും നിങ്ങൾക്കു സാധിക്കും.
● കൈയിൽ കൊണ്ടുപോകുന്ന ലഗേജ് പരിമിതപ്പെടുത്തുക: “സാധനങ്ങൾ സൂക്ഷിക്കുന്നതിന് തലയ്ക്കു മുകളിൽ സജ്ജീകരിച്ചിരിക്കുന്ന അറകൾ നന്നായി അടയ്ക്കാതിരിക്കുകയോ യാത്രക്കിടയിൽ ആരെങ്കിലും അതു തുറക്കുകയോ ചെയ്യുന്നതു നിമിത്തം മുകളിൽനിന്ന് സാധനങ്ങൾ വന്നു വീണ് പലപ്പോഴും [യാത്രക്കാർക്ക്] തലയ്ക്കു മാരകമായ ക്ഷതമേൽക്കുകയോ മരണം സംഭവിക്കുകയോ പോലും ചെയ്തിട്ടുണ്ട്” എന്ന് ഫ്ളൈറ്റ് ഇന്റർനാഷണൽ എന്ന പത്രിക പ്രസ്താവിക്കുന്നു. അതിനാൽ ഓർമിക്കുക, ഭാരമുള്ള സാധനങ്ങൾ കൈയിൽ കൊണ്ടുപോകുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അതുകൊണ്ട്, രക്ഷപെടാൻ ശ്രമിക്കുന്ന ഒരു സാഹചര്യത്തിൽ സകല സാധനങ്ങളും പിന്നിൽ വിട്ടേക്കുക. രക്ഷപെടുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക! ലഗേജിന്റെ കാര്യം പിന്നെ.
അടിയന്തിര സാഹചര്യത്തിൽ
വിമാനത്തിൽനിന്നു പുറത്തുകടക്കാൻ ശ്രമിക്കുന്നവർ ഏറ്റവും വലിയ അപകടത്തെ നേരിടുന്നത് തീയും പുകയും വാതകങ്ങളും തിങ്ങിയ ഒരു സാഹചര്യത്തിലാണ്. ഒരു അപകട റിപ്പോർട്ട് ഇപ്രകാരം പറഞ്ഞു: “വിമാനം നിലത്തിറങ്ങുമ്പോൾ ക്യാബിന്റെ തറനിരപ്പിൽനിന്നും [30 സെന്റിമീറ്റർ] കഴിഞ്ഞ് മുകളിലേക്കുള്ള യാതൊന്നും [പുക കാരണം] ക്യാബിനുള്ളിൽ കാണാൻ സാധിക്കുമായിരുന്നില്ല. പുറത്തേക്കുള്ള വാതിൽക്കൽ എത്തിപ്പെടാനുള്ള ശക്തിയോ മാനസിക ശേഷിയോ തങ്ങൾക്കില്ലായിരുന്നു എന്ന് അതിജീവകർ പറഞ്ഞു.” കഴിവതും വേഗം വിമാനത്തിൽനിന്നു പുറത്തുകടക്കുന്നതിനെ ആശ്രയിച്ചിരുന്നു അതിജീവനം.
വേഗത്തിൽ, എന്നാൽ സുരക്ഷിതമായി വിമാനത്തിൽനിന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ വിമാന ജോലിക്കാർ പരിശീലിപ്പിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട്, അവരുടെ നിർദേശങ്ങൾ ഉടനടി പിൻപറ്റുക. എന്നുവരികിലും, കാര്യങ്ങൾ എല്ലായ്പോഴും സുഗമമായി നീങ്ങണം എന്നില്ല. തകരാറിലായ ഉച്ചഭാഷിണി, പരുക്കേറ്റ വിമാന ജോലിക്കാർ, സംഭ്രാന്തി, ഒച്ച, ബഹളം, ചൂട്, പുക എന്നിവ നിമിത്തം വിമാനജോലിക്കാരുടെ എത്രനല്ല പരിശ്രമവും ഫലംകാണാതെ വന്നേക്കാം. നിങ്ങൾ കയറിയിരിക്കുന്ന വിമാനത്തിലുള്ള ജോലിക്കാർ നിങ്ങളുടെ മാതൃഭാഷ ഉപയോഗിക്കുന്നവർ ആയിരിക്കണമെന്നില്ല, നിങ്ങളും വിമാന ജോലിക്കാരും തമ്മിലുള്ള ആശയവിനിമയത്തിന് ഇതും വിഘാതം സൃഷ്ടിച്ചേക്കാം.
ഒരു അടിയന്തിര സാഹചര്യത്തിൽ നിങ്ങൾ അതിജീവിക്കുമോ എന്നത് പ്രധാനമായും അതിജീവിക്കാനുള്ള നിങ്ങളുടെ നിശ്ചയദാർഢ്യത്തെ ആശ്രയിച്ചിരിക്കുന്നു എന്ന് അപകടങ്ങളെ കുറിച്ചു നടത്തിയ വിശകലനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. എന്തുചെയ്യണം എന്നതു സംബന്ധിച്ച് വ്യക്തമായ ആസൂത്രണവും സ്വയം രക്ഷപെടുത്തുന്നതിന്റെ ചുമതല ഏറ്റെടുക്കാനുള്ള ഒരുക്കവും നിങ്ങൾക്ക് ഉണ്ടായിരിക്കണം. നിങ്ങളോടൊപ്പം യാത്രചെയ്യുന്ന ആരെയും, വിശേഷിച്ചും കുട്ടികളെയും പ്രായമായവരെയും കുറിച്ചും പുറത്തുകടക്കേണ്ട സാഹചര്യം വന്നാൽ അന്യോന്യം സഹായിച്ചുകൊണ്ട് ഒരുമിച്ചു പ്രവർത്തിക്കാനുള്ള മാർഗങ്ങളെ കുറിച്ചും മുൻകൂട്ടി ചിന്തിച്ചിരിക്കണം. വിമാനയാത്രാ സുരക്ഷ (ഇംഗ്ലീഷ്) എന്ന മാസിക ഇങ്ങനെ ശുപാർശ ചെയ്യുന്നു: “പുകപടലങ്ങൾക്ക് ഇടയിലൂടെ വിമാനത്തിനു പുറത്തു കടക്കേണ്ടി വരുന്നെങ്കിൽ, കൂടെ യാത്രചെയ്യുന്നവർ അന്യോന്യം പിടിച്ചുകൊള്ളാൻ ശ്രദ്ധിക്കണം. നിങ്ങളുടെ ബെൽറ്റിൽ അവർ പിടിച്ചുകൊള്ളുന്നത് സുരക്ഷിതമായ ഒരു ജീവരക്ഷാ ചങ്ങല തീർക്കാൻ സഹായിച്ചേക്കും.” ഒരു അടിയന്തിര സാഹചര്യം സംജാതമാകുന്നപക്ഷം രക്ഷപെടുന്നതിനായി നിങ്ങൾ തയ്യാറാക്കിയിരിക്കുന്ന പദ്ധതി സംബന്ധിച്ച് നിങ്ങളോടൊപ്പം യാത്ര ചെയ്യുന്നവരോട് പറയുക.
ഏതുതരം യാത്രയിലും കുറേയൊക്കെ അപകട സാധ്യത ഉണ്ടായിരിക്കും, എങ്കിലും ആധുനിക യാത്രാവിമാനങ്ങൾ പല അപകടങ്ങളും ഒഴിവാക്കാൻ നമ്മെ സഹായിക്കുന്നു. ജോലിക്കായാലും വിനോദത്തിനായാലും, സുഖമായി, ക്ഷീണമറിയിക്കാതെ അവ നമ്മെ നമ്മുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നു. വേണ്ട തയ്യാറെടുപ്പുകൾ നടത്തുക, എന്നാൽ ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ല. സുഖമായിരുന്ന് നിങ്ങളുടെ യാത്ര ആസ്വദിക്കുക, ഞാൻ എല്ലായ്പോഴും അങ്ങനെയാണ്.—സംഭാവന ചെയ്യപ്പെട്ടത്. (g03 7/08)
[25-ാം പേജിലെ ചിത്രം]
അടിയന്തിരമായി യാത്രക്കാരെ ഒഴിപ്പിക്കുന്നതിൽ പരിശീലനം
[25-ാം പേജിലെ ചിത്രം]
സുരക്ഷാ നിർദേശങ്ങൾ പറഞ്ഞുതരുന്നത് സശ്രദ്ധം കേൾക്കുക