കാലാവസ്ഥ—അതിന്റെ താളം തെറ്റുകയാണോ?
കാലാവസ്ഥ—അതിന്റെ താളം തെറ്റുകയാണോ?
“രണ്ട് ഇംഗ്ലീഷുകാർ പരസ്പരം കണ്ടുമുട്ടുമ്പോൾ, ആദ്യം സംസാരിക്കുന്നത് കാലാവസ്ഥയെ കുറിച്ചാണ്.” പ്രശസ്ത എഴുത്തുകാരനായ സാമുവൽ ജോൺസൺ തമാശരൂപേണ പറഞ്ഞതാണ് ഇത്. എന്നാൽ അടുത്ത കാലങ്ങളിലെ അവസ്ഥ എടുത്താൽ, അതു സംഭാഷണം തുടങ്ങാനുള്ള ഒരു വിഷയം എന്നതിലുപരി ലോകമെമ്പാടുമുള്ള ആളുകളിൽ ഉത്കണ്ഠ ജനിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്നു. എന്തുകൊണ്ട്? കാലാവസ്ഥ മുമ്പും മുൻകൂട്ടി പറയാൻ കഴിയാത്തത് ആയിരുന്നെങ്കിലും ഇപ്പോൾ അത് അങ്ങേയറ്റം അസ്ഥിരമായിരിക്കുന്നു എന്നതാണു കാരണം.
ഉദാഹരണത്തിന്, 2002-ലെ വേനൽക്കാലത്ത് യൂറോപ്പിൽ അസാധാരണമായ പേമാരിയും കൊടുങ്കാറ്റും ആഞ്ഞടിച്ചു. അത് “ഒരു നൂറ്റാണ്ടിൽ അധികമായി മധ്യയൂറോപ്പിനെ ഗ്രസിച്ചിട്ടുള്ള പ്രളയങ്ങളിൽവെച്ച് ഏറ്റവും ഭയങ്കരം” എന്നു വർണിക്കപ്പെട്ടതിലേക്കു നയിച്ചു. പിൻവരുന്ന ചില വാർത്താ റിപ്പോർട്ടുകൾ ശ്രദ്ധിക്കുക:
ഓസ്ട്രിയ: “ഓസ്ട്രിയയിൽ പ്രത്യേകിച്ച് സോൾസ്ബർഗ്, കരിന്തിയ, റ്റിറോൾ എന്നിവിടങ്ങളിൽ അത്യുഗ്രമായ പേമാരിയും കൊടുങ്കാറ്റും വൻ നാശം വിതച്ചു. മിക്ക തെരുവുകളും ചേറിലും ചെളിയിലും പുതഞ്ഞുപോയി. മണ്ണും നാശാവശിഷ്ടങ്ങളും തെരുവുകളിൽ 15 മീറ്റർ ഉയരത്തിൽ കിടന്നിരുന്നു. വിയന്നയിലെ സുയെത്ബാങ്ഹോഫ് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ ഇടിമഴ ഒരു ട്രെയിൻ അപകടത്തിനു കാരണമാകുകയും അതിൽ നിരവധി ആളുകൾക്കു പരിക്കേൽക്കുകയും ചെയ്തു.”
ചെക്ക് റിപ്പബ്ലിക്ക്: “പ്രാഗിനെ സംബന്ധിച്ചിടത്തോളം അത് കിടിലം കൊള്ളിക്കുന്ന ഒരു അനുഭവമായിരുന്നു. എന്നാൽ മറ്റു പ്രവിശ്യകളിലെ ദുരന്തം ഏറെ കനത്തതാണ്. എതാണ്ട് 2,00,000 ആളുകൾക്ക് തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പോകേണ്ടിവന്നു. പ്രളയം ചില പട്ടണങ്ങളെ പൂർണമായും വെള്ളത്തിൽ ആഴ്ത്തിയിരിക്കുകയാണ്.”
ഫ്രാൻസ്: “ഇരുപത്തിമൂന്നു പേർ മരിച്ചു, 9 പേരെ കാണാനില്ല, ആയിരങ്ങൾ ദുരന്തബാധിതരാണ്. . . . തിങ്കളാഴ്ചത്തെ കൊടുങ്കാറ്റത്ത് ഉണ്ടായ ഇടിമിന്നലിൽ മൂന്നുപേർ കൊല്ലപ്പെട്ടു. . . . പ്രളയജലം കാറിനൊപ്പം ഒഴുക്കിക്കൊണ്ടുപോയ ദമ്പതികളെ രക്ഷപെടുത്തിയ ഒരു അഗ്നിശമന പ്രവർത്തകനും മരിച്ചവരിൽപ്പെടുന്നു.”
ജർമനി: “നൂറുവർഷത്തിനിടെ, ഫെഡറൽ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ പട്ടണങ്ങളും ഗ്രാമങ്ങളും ഇത്രമാത്രം ഒഴിപ്പിക്കേണ്ടി വന്നിട്ടുള്ള ഇത്ര വലിയൊരു പ്രളയം ഉണ്ടായിട്ടില്ല. ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പട്ടണങ്ങൾ വിട്ടു പലായനം ചെയ്തിരിക്കുന്നത്. മിക്കവരും അങ്ങനെ ചെയ്തിരിക്കുന്നത് ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ്. ചിലരെ അവസാന നിമിഷം ബോട്ടിലോ ഹെലികോപ്റ്ററിലോ രക്ഷപെടുത്തുകയായിരുന്നു.”
റൊമേനിയ: “ജൂലൈ പകുതി മുതൽ ഇവിടെ ആഞ്ഞടിച്ച കൊടുങ്കാറ്റ് ഒരു ഡസനോളം പേരുടെ ജീവൻ അപഹരിച്ചു.”
റഷ്യ: “കരിങ്കടലിന്റെ തീരങ്ങളിൽ കുറഞ്ഞത് 58 പേർ മരിച്ചു. . . . ഏകദേശം 30 കാറുകളും ബസ്സുകളും ഇപ്പോഴും കരിങ്കടലിന്റെ അടിത്തട്ടിൽ ആഴ്ന്നുകിടക്കുകയാണ്. ഇനിയും കൊടുങ്കാറ്റ് ഉണ്ടാകാൻ ഇടയുണ്ടെന്ന മുന്നറിയിപ്പു ലഭിച്ചിട്ടുള്ളതിനാൽ അവയ്ക്കായുള്ള തിരച്ചിൽ അസാധ്യമായിരിക്കുകയാണ്.”
യൂറോപ്പിൽ മാത്രമല്ല
ജർമൻ ദിനപത്രമായ സ്യൂറ്റ്ഡോയിച്ച് റ്റ്സൈറ്റുങ് 2002 ആഗസ്റ്റിൽ ഇപ്രകാരം റിപ്പോർട്ടു ചെയ്തു: “മുമ്പത്തേതിൽനിന്നു വ്യത്യസ്തമായി ഇടയ്ക്കിടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന പേമാരിയും കൊടുങ്കാറ്റും ഏഷ്യ, യൂറോപ്പ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ കനത്ത നാശം വിതച്ചിരിക്കുന്നു. ബുധനാഴ്ച നേപ്പാളിൽ ഉണ്ടായ മണ്ണിടിച്ചിലിൽ കുറഞ്ഞത് 50 പേർ മരിച്ചു. ദക്ഷിണ ചൈനയിലുണ്ടായ ഒരു ചുഴലിക്കാറ്റ് എട്ടു പേരുടെ മരണത്തിനിടയാക്കുകയും മധ്യ ചൈനയിൽ കനത്ത മഴയ്ക്കു കാരണമാകുകയും ചെയ്തു. ചൈനയിലെ പ്രളയം മേകൊങ് നദിയിലെ വെള്ളം അസാധാരണമാം വിധം ഉയരാൻ ഇടയാക്കി, കഴിഞ്ഞ 30 വർഷത്തിൽ ജലനിരപ്പ് ഇത്രയും ഉയരുന്നത് ആദ്യമായാണ്. വടക്കു കിഴക്കൻ തായ്ലൻഡിൽ 100-ലേറെ വീടുകൾ വെള്ളത്തിനടിയിലായി. . . . അർജന്റീനയിലുണ്ടായ പേമാരിയിൽ കുറഞ്ഞത് അഞ്ചുപേർ മുങ്ങിമരിച്ചു. . . . അടുത്ത വേനൽക്കാലത്ത് ഉണ്ടായ മഴയിലും കൊടുങ്കാറ്റിലും ചൈനയിൽ ആയിരത്തിലേറെ പേർക്കു ജീവഹാനി സംഭവിച്ചു.”
ലോകത്തിന്റെ പല ഭാഗത്തും പ്രളയജലം മരണം വിതച്ചുകൊണ്ടിരുന്നപ്പോൾ ഐക്യനാടുകളിൽ കൊടും വരൾച്ച അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “രാജ്യത്താകമാനം കിണറുകളിലെ ജലനിരപ്പ് തീരെ താഴുകയും കിണറുകൾ വറ്റിവരളുകയും ചെയ്യുന്നതിൽ ആളുകൾ ആശങ്കാകുലരാണ്. അതുപോലെ മിക്ക നീർച്ചാലുകളിലെയും വെള്ളത്തിന്റെ ഒഴുക്ക് എക്കാലത്തേതിലും കുറഞ്ഞു, കാട്ടുതീ സാധാരണ ഉണ്ടാകാറുള്ളതിന്റെ ഇരട്ടിയിലേറെയാണ്. വിളകളും പുൽമേടുകളും ഉണങ്ങിക്കരിയുന്നു, കുടിവെള്ളം ആവശ്യത്തിനു ലഭ്യമല്ല, കാട്ടുതീ, മണൽക്കാറ്റ് എന്നിങ്ങനെ എല്ലാം കൂടി 2002-ലെ വരൾച്ച കോടിക്കണക്കിനു ഡോളറുകളാണ് സമ്പദ്വ്യവസ്ഥയ്ക്കു നഷ്ടം വരുത്തിവെക്കാൻ പോകുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.”
വടക്കേ ആഫ്രിക്കയുടെ ചില ഭാഗങ്ങളിൽ 1960-കൾ മുതൽ കൊടിയ വരൾച്ച അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ടുകൾ പറയുന്ന പ്രകാരം, “20-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ ഉണ്ടായ വർഷപാതത്തെക്കാൾ ഇപ്പോൾ 20 മുതൽ 49 വരെ ശതമാനം വർഷപാതം കുറവാണ്, ഇത് വ്യാപകമായ ക്ഷാമത്തിനും മരണത്തിനും ഇടയാക്കുന്നു.”
കിഴക്കൻ പസിഫിക്കിലെ സമുദ്ര ജലം ചൂടുപിടിച്ച് ഉണ്ടാകുന്ന എൽ നിന്യോ എന്ന ഒരു കാലാവസ്ഥാ പ്രതിഭാസം ഇടയ്ക്കിടെ വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലും വെള്ളപ്പൊക്കത്തിനും കാലാവസ്ഥാ വ്യതിചലനത്തിനും കാരണമാകുന്നു. a 1983/84-ൽ ഉണ്ടായ എൽ നിന്യോ “കാലാവസ്ഥയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ഏതാണ്ട് എല്ലാ ഭൂഖണ്ഡങ്ങളിലും വിപത്തു വിതയ്ക്കുകയും 1,000-ത്തിലധികം പേരുടെ മരണത്തിനിടയാക്കുകയും ചെയ്തു. ഇതിൽ മൊത്തം 1,000 കോടി ഡോളറിന്റെ വസ്തുവകകളും മൃഗങ്ങളും നശിച്ചു” എന്ന് സിഎൻഎൻ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. 19-ാം നൂറ്റാണ്ടിൽ എൽ നിന്യോ എന്ന പ്രതിഭാസത്തെ തിരിച്ചറിഞ്ഞതു മുതൽ, ഇതു ക്രമമായ ഇടവേളകളിൽ (ഏതാണ്ട് ഓരോ നാലുവർഷത്തിലും) സംഭവിക്കാറുണ്ട്. എന്നാൽ എൽ നിന്യോ അതിന്റെ സന്ദർശനങ്ങളുടെ എണ്ണം ഇപ്പോൾത്തന്നെ വർധിപ്പിച്ചിരിക്കുന്നുവെന്നും ഭാവിയിൽ അത് ഇനിയും വർധിക്കുമെന്നും ചില വിദഗ്ധർ അഭിപ്രായപ്പെടുന്നു.
യു.എസ്. നാഷണൽ എയ്റോനോട്ടിക്ക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ പ്രസിദ്ധപ്പെടുത്തിയ ഒരു ലേഖനം പിൻവരുന്നപ്രകാരം ഉറപ്പു നൽകുന്നു: “അസാധാരണ ചൂടും അസാധാരണമായ വർഷപാതമുള്ള ശൈത്യകാലവും പോലെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന ‘വിചിത്രമായ’ കാലാവസ്ഥയ്ക്ക് എറെയും കാരണം കാലാവസ്ഥയിൽ പ്രാദേശികമായി ഉണ്ടാകുന്ന സാധാരണ മാറ്റങ്ങളാണ്.” എന്നിരുന്നാലും ഗുരുതരമായ ഒരു പ്രശ്നം സ്ഥിതിചെയ്യുന്നുണ്ടാകാം എന്നു വിശ്വസിക്കുന്നതിനുള്ള അടയാളങ്ങളും ദൃശ്യമാകുന്നുണ്ട്. ഒരു പരിസ്ഥിതിവാദി സംഘടനയായ ‘ഗ്രീൻപീസ്’ ഇപ്രകാരം പ്രവചിക്കുന്നു: “പൂർവാധികം ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റും പേമാരിയും ഉൾപ്പെട്ട അപകടകരമായ കാലാവസ്ഥ ഈ ഗ്രഹത്തിലൊട്ടാകെ സംഹാര താണ്ഡവമാടുന്നതിൽ തുടരും. കാഠിന്യമേറിയ വരൾച്ചയും പ്രളയവും ഈ ഭൂമിയുടെ മുഖച്ഛായ അക്ഷരാർഥത്തിൽത്തന്നെ മാറ്റിമറിക്കും. അത് തീരദേശങ്ങൾ നഷ്ടമാകുന്നതിനും വനങ്ങൾ നശിക്കുന്നതിനും കാരണമാകും.” ഈ അവകാശവാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ? ഉണ്ടെങ്കിൽ മേൽപ്പറഞ്ഞ “അപകടകരമായ കാലാവസ്ഥയ്ക്ക്” കാരണം എന്തായിരിക്കും? (g03 8/08)
[അടിക്കുറിപ്പ്]
a ഉണരുക!യുടെ 2000 മാർച്ച് 22 ലക്കത്തിലെ “എൽ നിന്യോ—അത് എന്താണ്?” എന്ന ലേഖനം കാണുക.
[2, 3 പേജുകളിലെ ചിത്രങ്ങൾ]
ജർമനിയിലെയും (മുകളിൽ) ചെക്ക് റിപ്പബ്ലിക്കിലെയും (ഇടത്ത്) പ്രളയം