കീടപ്രതിരോധകം കുരങ്ങന്മാർക്ക്!
കീടപ്രതിരോധകം കുരങ്ങന്മാർക്ക്!
വെനെസ്വേലയുടെ ഉഷ്ണമേഖലാ വനങ്ങൾ, അതിബുദ്ധിമാന്മാരായ ഒരുതരം പ്രൈമേറ്റുകളുടെ ആവാസകേന്ദ്രമാണ്. കാഴ്ചയ്ക്ക് കൂർത്ത തൊപ്പി ധരിച്ചതുപോലെ തോന്നിക്കുന്ന കപ്പൂച്ചിൻ കുരങ്ങാണ് അത്. ഈ വാനരന്മാരുടെ കാനന വസതിയിൽ വർഷകാലമെത്തുമ്പോൾ, രൂക്ഷമായ ആക്രമണം നടത്തുന്ന കൊതുകുകളുടെ ഒരു വൻപടയും കൂടെ എത്താറുണ്ട്. ഒരു ശല്യം എന്നതിലുപരി ഈ കൊതുകുകൾ മഹാ അപകടകാരികളാണ്. മിക്കപ്പോഴും ഇവ ഒരുതരം പരാദ ഈച്ചയായ ബോട്ട് ഫ്ളൈയുടെ മുട്ടകൾ വഹിക്കുന്നു. ഈ പരാദങ്ങൾ കുരങ്ങന്മാരുടെ തൊലിക്കടിയിൽ എത്തിപ്പെടാനിടയായാൽ അവയെ തീർത്തും തളർത്തിക്കളയുന്ന പഴുപ്പ് നിറഞ്ഞ വ്രണങ്ങൾക്ക് ഇതു കാരണമാകുന്നു.
കൊതുകുകളുടെ ആക്രമണത്തിൽനിന്നു രക്ഷനേടാനാകണം ഈ കുരങ്ങന്മാർ തങ്ങളുടെ ശരീരമാകെ ഒരുതരം ശക്തിയേറിയ പ്രകൃതിദത്ത കീടപ്രതിരോധകം തേച്ചുപിടിപ്പിക്കുന്നു. എന്താണെന്നോ? കാട്ടിലുള്ള ഒരുതരം തേരട്ടയുടെ സ്രവം. കീടങ്ങളെ തുരത്താനുള്ള ഫലപ്രദമായ രണ്ട് ഘടകങ്ങൾ ഈ തേരട്ടയുടെ സ്രവത്തിൽ അടങ്ങിയിട്ടുണ്ട്. വാസ്തവത്തിൽ, ഇത് പട്ടാളക്കാർ ഉപയോഗിക്കുന്ന മനുഷ്യനിർമിത കീടപ്രതിരോധകങ്ങളെക്കാൾ ശക്തിയേറിയതാണ്!
അതുകൊണ്ട്, മഴക്കാലത്ത് ഈ തൊപ്പിക്കാരൻ കുരങ്ങച്ചൻ മരപ്പട്ടയിലും ചിതൽപ്പുറ്റുകളുടെ സമീപത്തും മറ്റും ഈ തേരട്ടയെ—ഇതിന് പത്തു സെന്റിമീറ്റർ നീളമുണ്ട്—അന്വേഷിച്ചു നടക്കും. ഒരെണ്ണത്തെ കിട്ടിക്കഴിഞ്ഞാൽ ഇഷ്ടൻ അതിനെ ദേഹത്താകമാനം, അടിമുടി ഉരയ്ക്കും. “ഈ സ്രവം അങ്ങേയറ്റം വിലപ്പെട്ടതായതിനാൽ ഒരൊറ്റ തേരട്ടയുടെ സ്രവം നാലു കുരങ്ങന്മാർവരെ പങ്കുവെക്കും” എന്ന് ജേർണൽ ഓഫ് കെമിക്കൽ ഇക്കോളജി പറയുന്നു. തീറ്റതിന്നുമ്പോഴും മറ്റു സന്ദർഭങ്ങളിലുമെല്ലാം വാനരക്കൂട്ടം അവയ്ക്കിടയിലെ ‘അധികാര ശ്രേണി’ മാനിക്കാറുണ്ട്. എന്നാൽ തേരട്ടപ്രയോഗത്തിന്റെ കാര്യത്തിൽ ഇവ അതുപോലും ഗൗനിക്കില്ല. (g03 8/22)
[13-ാം പേജിലെ ചിത്രം]
തേരട്ടയുടെ സ്രവം
[കടപ്പാട്]
Thomas Eisner/Cornell University
[13-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Dr. Zoltan Takacs