വർഗീയ വിദ്വേഷം ന്യായീകരിക്കത്തക്കതോ?
ബൈബിളിന്റെ വീക്ഷണം
വർഗീയ വിദ്വേഷം ന്യായീകരിക്കത്തക്കതോ?
ഒരു പ്രത്യേക വർഗത്തിൽ a പെട്ടവനായതുകൊണ്ടുമാത്രം മറ്റുള്ളവർ നിങ്ങളെ ചതിയനും അക്രമാസക്തനും ഒന്നിനും കൊള്ളാത്തവനും അധർമിയും ആയി മുദ്രകുത്തുന്നെങ്കിൽ നിങ്ങൾക്കെന്തു തോന്നും? തീർച്ചയായും നിങ്ങൾക്ക് അതിൽ അമർഷം തോന്നും. സങ്കടകരമെന്നു പറയട്ടെ, ദശലക്ഷക്കണക്കിന് ആളുകളുടെ അനുഭവം അതായിരുന്നിട്ടുണ്ട്. അതിനുപുറമേ, ചരിത്രത്തിൽ ഉടനീളം നിരപരാധികളായ എണ്ണമറ്റ മനുഷ്യർ വംശത്തിന്റെയും ദേശത്തിന്റെയും പേരിൽ ചവിട്ടിമെതിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇന്നു നടമാടുന്ന രക്തപങ്കിലമായ പോരാട്ടങ്ങളിൽ ഏറിയകൂറും വർഗീയ വിദ്വേഷത്തിൽ വേരൂന്നിയിട്ടുള്ളവയാണ്. എന്നാൽ, അത്തരം അക്രമങ്ങളെ പിന്തുണയ്ക്കുന്ന അനേകരും തങ്ങൾ ദൈവത്തിലും ബൈബിളിലും വിശ്വസിക്കുന്നതായി അവകാശപ്പെടുന്നു. മനുഷ്യ സ്വഭാവത്തിന്റെ ഭാഗമെന്ന നിലയിൽ വർഗീയത എന്നും നമ്മോടൊപ്പം കാണും എന്ന് വാദിക്കുന്നവരും ഉണ്ട്.
ബൈബിൾ അത്തരം വർഗീയ വിദ്വേഷത്തെ അംഗീകരിക്കുന്നുണ്ടോ? മറ്റൊരു സംസ്കാരത്തിലോ വംശത്തിലോ പെട്ട ആളുകളെ വെറുക്കുന്നത് ന്യായീകരിക്കത്തക്കതായ സാഹചര്യങ്ങൾ എന്തെങ്കിലുമുണ്ടോ? വർഗീയ വിദ്വേഷം ഉണ്ടായിരിക്കുകയില്ലാത്ത ഒരു ഭാവി ആഗതമാകും എന്നു പ്രത്യാശിക്കാൻ എന്തെങ്കിലും കാരണമുണ്ടോ? എന്താണ് ബൈബിളിന്റെ വീക്ഷണം?
തങ്ങളുടെ പ്രവൃത്തികളാൽ ന്യായംവിധിക്കപ്പെടുന്നു
മനുഷ്യവർഗവുമായുള്ള ദൈവത്തിന്റെ ഇടപെടലുകളെ ഉപരിപ്ലവമായി വിലയിരുത്തുന്നത് ദൈവം വാസ്തവത്തിൽ വർഗീയ വിദ്വേഷത്തെ പിന്തുണച്ചു എന്ന തെറ്റായ നിഗമനത്തിലേക്ക് ഒരുവനെ നയിച്ചേക്കാം. മുഴു ഗോത്രങ്ങളുടെയും ജനതകളുടെയും സംഹാരകനായി പല ബൈബിൾ വിവരണങ്ങളും ദൈവത്തെ ചിത്രീകരിക്കുന്നില്ലേ? ഉണ്ട്, എന്നാൽ ദൈവം അവരെ ന്യായം വിധിച്ചത് ദൈവ നിയമങ്ങളോടുള്ള ഈ ജനതകളുടെ കൊടിയ അനാദരവു നിമിത്തമാണ്, അല്ലാതെ അവരുടെ വർഗീയ പശ്ചാത്തലം നിമിത്തമല്ല എന്ന് ശ്രദ്ധാപൂർവം അടുത്തു പരിശോധിക്കുമ്പോൾ കാണാൻ കഴിയും.
ദൃഷ്ടാന്തത്തിന്, യഹോവയാം ദൈവം കനാന്യരുടെ അധഃപതിച്ച ലൈംഗികവും പൈശാചികവുമായ ആചാരങ്ങൾ നിമിത്തമാണ് അവരെ കുറ്റംവിധിച്ചത്. അവർ തങ്ങളുടെ മക്കളെ അഗ്നിയിൽ വ്യാജദൈവങ്ങൾക്ക് ബലികഴിക്കുകപോലും ചെയ്തു! (ആവർത്തനപുസ്തകം 7:5; 18:9-12) എന്നിരുന്നാലും, ചില സന്ദർഭങ്ങളിൽ കനാന്യരിൽ ചിലർ ദൈവത്തിൽ വിശ്വാസം പ്രകടമാക്കിക്കൊണ്ട് അനുതപിച്ചു. തത്ഫലമായി യഹോവ അവരെ നാശത്തിൽനിന്ന് ഒഴിവാക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. (യോശുവ 9:3, 25-27; എബ്രായർ 11:31) രാഹാബ് എന്ന കനാന്യസ്ത്രീ, വാഗ്ദത്ത മിശിഹായായ യേശുക്രിസ്തുവിന്റെ ഒരു പൂർവിക പോലും ആയിത്തീർന്നു.—മത്തായി 1:5.
ദൈവത്തിന് പക്ഷപാതം ഇല്ലെന്ന് ഇസ്രായേല്യർക്ക് അവൻ നൽകിയ ന്യായപ്രമാണം വ്യക്തമാക്കുന്നു. നേരെ മറിച്ച്, സകല ജനതകളുടെയും ക്ഷേമത്തിൽ അവൻ യഥാർഥ താത്പര്യം പ്രകടമാക്കുന്നു. ലേവ്യപുസ്തകം 19:33, 34-ൽ ഇസ്രായേല്യരോടുള്ള ദൈവത്തിന്റെ അനുകമ്പാർദ്രമായ ഈ കൽപ്പന നാം കാണുന്നു: “പരദേശി നിന്നോടുകൂടെ നിങ്ങളുടെ ദേശത്തു പാർത്താൽ അവനെ ഉപദ്രവിക്കരുതു. നിങ്ങളോടുകൂടെ പാർക്കുന്ന പരദേശി നിങ്ങൾക്കു സ്വദേശിയെപ്പോലെ ഇരിക്കേണം. അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.” സമാനമായ കൽപ്പനകൾ പുറപ്പാടു പുസ്തകത്തിലും ആവർത്തനപുസ്തകത്തിലും കാണാൻ കഴിയും. വ്യക്തമായും, യഹോവ വർഗീയ വിദ്വേഷത്തെ സാധൂകരിച്ചില്ല. അവൻ വർഗമൈത്രിയാണ് നിഷ്കർഷിച്ചത്.
യേശു വർഗീയ സഹിഷ്ണുത പ്രോത്സാഹിപ്പിച്ചു
യേശു ഭൂമിയിൽ ആയിരുന്നപ്പോൾ, യഹൂദന്മാരും ശമര്യക്കാരും പരസ്പരം അവജ്ഞയോടെ വീക്ഷിക്കാൻ ചായ്വു കാട്ടിയിരുന്നു. ഒരു സന്ദർഭത്തിൽ ശമര്യയിലെ ഒരു ഗ്രാമത്തിലെ ആളുകൾ, യേശു യെരൂശലേമിലേക്കു പോകുന്ന ഒരു യഹൂദൻ ആയിരുന്നു എന്നതുകൊണ്ടു മാത്രം അവനെ കൈക്കൊള്ളാൻ വിസമ്മതിച്ചു. അത്തരം തിരസ്കരണത്തോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുമായിരുന്നു? യേശുവിന്റെ ശിഷ്യന്മാർ പിൻവരുന്ന പ്രകാരം അവനോടു ചോദിച്ചപ്പോൾ അവർ അക്കാലത്തെ മുൻവിധികൾ പ്രതിഫലിപ്പിക്കുക ആയിരുന്നിരിക്കണം: “കർത്താവേ, ആകാശത്തുനിന്നു തീ ഇറങ്ങി അവരെ നശിപ്പിപ്പാൻ ഞങ്ങൾ പറയുന്നതു നിനക്കു സമ്മതമോ?” (ലൂക്കൊസ് 9:51-56) തന്റെ ശിഷ്യന്മാരുടെ മുൻവിധിയോടുകൂടിയ മനോഭാവം തന്നെ സ്വാധീനിക്കാൻ യേശു അനുവദിച്ചോ? അതിനു പകരം അവൻ അവരെ ശാസിക്കുകയും സമാധാനപൂർവം മറ്റൊരു പട്ടണത്തിൽ താമസസൗകര്യം അന്വേഷിക്കുകയും ചെയ്തു. അതിനുശേഷം അധികംവൈകാതെ അയൽസ്നേഹിയായ ശമര്യക്കാരന്റെ ഉപമ യേശു പറഞ്ഞു. ഒരു മനുഷ്യന്റെ വർഗീയ പശ്ചാത്തലം അതിൽത്തന്നെ അയാളെ ഒരു ശത്രു ആക്കുന്നില്ല എന്ന് ഇത് ശക്തമായി വരച്ചുകാട്ടി. ആവശ്യ സമയത്ത് അയാൾ ഒരു നല്ല അയൽക്കാരൻ ആണെന്നു തെളിഞ്ഞേക്കാം!
ക്രിസ്തീയ സഭയിലെ വർഗീയ കൂട്ടങ്ങൾ
യേശു തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്, സ്വന്തം ജനതയിൽനിന്ന് ശിഷ്യരെ ഉളവാക്കുന്നതിലാണ് മുഖ്യമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ കാലാന്തരത്തിൽ മറ്റുള്ളവരും തന്റെ അനുഗാമികൾ ആയിത്തീരും എന്ന് അവൻ സൂചിപ്പിച്ചു. (മത്തായി 28:19, 20) സകല വർഗങ്ങളിൽനിന്നുമുള്ള വ്യക്തികളെ സ്വീകരിക്കുമായിരുന്നോ? ഉവ്വ്! അപ്പൊസ്തലനായ പത്രൊസ് ഇങ്ങനെ പ്രസ്താവിച്ചു: “ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യഥാർത്ഥമായി ഗ്രഹിക്കുന്നു.” (പ്രവൃത്തികൾ 10:34, 35) ക്രിസ്തീയ സഭയിൽ, ഒരു വ്യക്തിയുടെ വർഗീയ പശ്ചാത്തലത്തിന് യാതൊരു പ്രാധാന്യവും ഇല്ല എന്നു വ്യക്തമായി പ്രസ്താവിച്ചുകൊണ്ട് പിന്നീട് അപ്പൊസ്തലനായ പൗലൊസ് ഈ ആശയത്തെ പിന്താങ്ങുകയുണ്ടായി.—കൊലൊസ്സ്യർ 3:11.
സകല വർഗങ്ങളിൽനിന്നും ഉള്ളവരെ ദൈവം സ്വീകരിക്കുന്നു എന്നതിന്റെ മറ്റൊരു സൂചന വെളിപ്പാട് എന്ന ബൈബിൾ പുസ്തകത്തിൽ കാണാൻ കഴിയും. ദിവ്യ നിശ്വസ്തമായ ഒരു ദർശനത്തിൽ, ദൈവത്തിൽ നിന്നു രക്ഷ നേടുന്ന “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആർക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം” നിൽക്കുന്നതായി അപ്പൊസ്തലനായ യോഹന്നാൻ കണ്ടു. (വെളിപ്പാടു 7:9, 10) ഈ “മഹാപുരുഷാരം,” എല്ലാ പശ്ചാത്തലങ്ങളിൽനിന്നുമുള്ള ആളുകൾ ദൈവസ്നേഹത്താൽ ഏകീകൃതരായി സമാധാനത്തോടെ ഒരുമിച്ചു കഴിയുന്ന ഒരു നൂതന മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാനം ആയിത്തീരും.
അതിനിടെ, മറ്റുള്ളവരെ അവരുടെ വർഗീയ പശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിൽ വിധിക്കാനുള്ള പ്രവണതയെ ക്രിസ്ത്യാനികൾ ചെറുക്കണം. ആളുകളെ ഏതെങ്കിലും പ്രത്യേക വർഗത്തിൽ പെട്ടവർ എന്ന നിലയിലല്ല, മറിച്ച് ദൈവം വീക്ഷിക്കുന്നതുപോലെ വേറിട്ട വ്യക്തികളായി വീക്ഷിക്കുന്നത് നീതിയും സ്നേഹവും ആയിരിക്കും. അങ്ങനെ വീക്ഷിക്കപ്പെടാനല്ലേ നിങ്ങൾ ആഗ്രഹിക്കുന്നത്? യേശു ഉചിതമായി നമ്മെ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതു ഒക്കെയും നിങ്ങൾ അവർക്കും ചെയ്വിൻ.” (മത്തായി 7:12) വർഗീയ വിദ്വേഷം കൂടാതെ ജീവിക്കുന്നത് തികച്ചും ആഹ്ലാദകരമാണ്. അത് വർധിച്ച മനസ്സമാധാനവും മറ്റുള്ളവരുമായുള്ള സമാധാനവും കൈവരുത്തുന്നു. എല്ലാറ്റിലുമുപരി, അത് മുഖപക്ഷമില്ലാത്ത നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവവുമായുള്ള നല്ല ബന്ധത്തിൽ കലാശിക്കുന്നു. വർഗീയ വിദ്വേഷം തള്ളിക്കളയാനുള്ള എത്ര ശക്തമായ കാരണം! (g03 8/08)
[അടിക്കുറിപ്പ്]
a ഈ ലേഖനത്തിൽ “വർഗം” എന്ന പദം സമാനമായ വംശം, ദേശം, ഗോത്രം, സംസ്കാരം എന്നിവ പങ്കിടുന്നവരെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.