ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ബാലവേശ്യാവൃത്തി “ബാലവേശ്യാവൃത്തി—ഒരു ദാരുണ യാഥാർഥ്യം” എന്ന ലേഖന പരമ്പരയെ പ്രതി നന്ദിപറയാൻ എനിക്കു വാക്കുകളില്ല. (മാർച്ച് 8, 2003) ഈ ലേഖനങ്ങൾ പ്രശ്നത്തിന്റെ വൃത്തികെട്ട മുഖം മറനീക്കിക്കാണിച്ചു. ഇത്തരം അടിമത്തം നിലനിൽക്കുന്നു എന്ന് കൂടുതൽ ആളുകൾ അറിയാൻ തക്കവണ്ണം അത് പത്രമാസികകളിലൂടെയും മറ്റും പൊതുജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ടെന്ന് എനിക്കു തോന്നുന്നു.
എം. കെ., ചെക്ക് റിപ്പബ്ലിക്ക് (g03 10/08)
ആരോഗ്യം നിലനിറുത്തൽ വ്യായാമത്തെ കുറിച്ചും തൂക്കം കുറയ്ക്കുന്നതിനെ കുറിച്ചും “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തിയിലൂടെ, ലഭ്യമാക്കിയിരിക്കുന്ന എല്ലാ നിർദേശങ്ങൾക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അതിൽ “ആരോഗ്യം നിലനിറുത്തൽ” എന്ന ഭാഗം ഞാൻ വിശേഷാൽ ആസ്വദിച്ചു. (മാർച്ച് 8, 2003) ലഘു വ്യായാമം പോലും ഒരുവന്റെ ആരോഗ്യം മെച്ചപ്പെടാൻ സഹായകമാണെന്ന് അതിൽ പറഞ്ഞിരുന്നു. എനിക്കതു വളരെ പ്രോത്സാഹനമായി, കാരണം, ഞാൻ കഴിക്കുന്ന ഒരു മരുന്ന് വളരെ പെട്ടെന്നു ക്ഷീണമുണ്ടാക്കുന്നത് ആയതിനാൽ അധികസമയം വ്യായാമം ചെയ്യാൻ എനിക്കാവില്ല. ആരോഗ്യപരിപാലനത്തിനുള്ള ഈ കുറിപ്പടികൾക്കു നന്ദി.
ജി. പി., ഐക്യനാടുകൾ (g03 10/08)
മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം ഞാൻ 15 വയസ്സുള്ള ഒരു പെൺകുട്ടിയാണ്. മറ്റുള്ളവരിൽ നിന്നുള്ള സമ്മർദം തരണം ചെയ്യുക വളരെ പ്രയാസമായി എനിക്കു തോന്നുന്നു. “യുവജനങ്ങൾ ചോദിക്കുന്നു . . . മറ്റുള്ളവരിൽ നിന്നുള്ള സമ്മർദത്തെ എനിക്ക് എങ്ങനെ തരണം ചെയ്യാൻ കഴിയും?” (ജനുവരി 8, 2003) എന്ന ലേഖനം വായിച്ചപ്പോൾ എനിക്കു വളരെ സന്തോഷം തോന്നി. ഇതേ പ്രശ്നത്തെ അഭിമുഖീകരിക്കുന്ന മറ്റു യുവജനങ്ങളെ കുറിച്ചു വായിച്ചപ്പോൾ ഇക്കാര്യത്തിൽ ഞാൻ ഒറ്റയ്ക്കല്ല എന്ന് മനസ്സിലായി. സർവശക്തനായ ഏക ദൈവത്തിനു മറ്റുള്ളവരിൽനിന്നുള്ള സമ്മർദത്തെ അതിജീവിക്കാനുള്ള സഹായം നമുക്കു നൽകാൻ കഴിയും. ഈ വിവരങ്ങൾക്ക് വളരെ നന്ദി. തക്കസമയത്താണ് അത് ലഭിച്ചത്.
കെ. ആർ., ഓസ്ട്രേലിയ (g03 9/08)
മ്യൂസിക് വീഡിയോകൾ യഹോവയുടെ സാക്ഷികളിൽപ്പെട്ട എന്റെ ഒരു പരിചയക്കാരനിൽനിന്ന് ചിലപ്പോഴൊക്കെ എനിക്കു നിങ്ങളുടെ മാസികകൾ ലഭിക്കാറുണ്ട്. “യുവജനങ്ങൾ ചോദിക്കുന്നു . . . ഞാൻ മ്യൂസിക് വീഡിയോകൾ കാണണമോ?” (മാർച്ച് 8, 2003) എന്ന ലേഖനം വളരെ നന്നായിരുന്നു. അതു വളരെ വ്യക്തമായിരുന്നു. ആധുനിക സംഗീതത്തിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ അതു തുറന്നുകാട്ടി.
എം. എം., ജപ്പാൻ (g03 10/22)
ഈ ലേഖനം കിട്ടിയപാടേ ഞാൻ അതു മുഴുവനും വായിച്ചു. എന്റെ ഒരുപാടു സുഹൃത്തുക്കൾ മ്യൂസിക് വീഡിയോകൾ കാണാറുണ്ട്, അതിനെ കുറിച്ചു സംസാരിക്കാൻ അവർക്കു വലിയ ഇഷ്ടവുമാണ്. എന്നാൽ അവ കാണുന്നതിനുള്ള പ്രലോഭനത്തിൽ വീണുപോകാതിരിക്കാൻ ഈ ലേഖനം എന്നെ സഹായിച്ചു. എനിക്ക് 12 വയസ്സുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഈ ലേഖനം വന്നതു തക്കസമയത്താണ്.
കെ. ഡബ്ലിയു., ഐക്യനാടുകൾ (g03 10/22)
ഈ ലേഖനം ഞാൻ വളരെ ആസ്വദിച്ചു. ഞാൻ ഒരു മുഴുസമയ സുവിശേഷകയാണ്. അതുകൊണ്ട് മറ്റു യുവജനങ്ങൾക്ക് ഞാൻ ഒരു നല്ല മാതൃകവെക്കേണ്ടതു പ്രധാനമാണെന്ന് എനിക്കറിയാം. ഒരു പ്രത്യേക മ്യൂസിക് വീഡിയോ കാണാതിരുന്നത് എന്തുകൊണ്ടാണെന്ന് മറ്റു യുവജനങ്ങൾ ചോദിക്കുമ്പോൾ, യഹോവയുമായുള്ള ബന്ധം നശിപ്പിക്കാൻ ആഗ്രഹിക്കാത്തതുകൊണ്ടാണെന്ന് എനിക്കിപ്പോൾ പറയാൻ കഴിയും. “യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പംക്തിയിൽ വിജ്ഞാനപ്രദമായ ലേഖനങ്ങൾ ഇനിയും പ്രസിദ്ധീകരിക്കുമല്ലോ.
ആർ. ബി., ഐക്യനാടുകൾ (g03 10/22)
എനിക്ക് 21-നോടടുത്ത് പ്രായമുണ്ട്, മ്യൂസിക് വീഡിയോകൾ കാണുന്നത് ഞാൻ ആസ്വദിക്കുന്നു. എന്നിരുന്നാലും, വീഡിയോകൾ അവ വീക്ഷിക്കുന്നവരിൽ സ്വാധീനം ചെലുത്തും എന്നു നിങ്ങൾ പറഞ്ഞ വസ്തുത ശരിയാണ്. മിക്കപ്പോഴും ഒരു ഗാനശകലത്തിന്റെ ശ്രുതിമാധുര്യമോ താളലയമോ ആണ് യുവജനങ്ങളെ ആകർഷിക്കുന്നത്. അതിലെ വാക്കുകളൊന്നും അവർ ഗൗനിച്ചെന്നുവരില്ല. അറിയാൻ പാടില്ലാത്ത ഒരു ഭാഷയിലാണെങ്കിൽ പ്രത്യേകിച്ചും. ഒരു ഗാനത്തിന്റെ യഥാർഥ ആത്മാവ് പലപ്പോഴും വീഡിയോയിലൂടെ വെളിവാകുന്നു. നല്ല ഒരു ഗാനമാണെന്നു ഞാൻ കരുതിയതിന്റെ വീഡിയോ കാണുമ്പോൾ ചിലപ്പോൾ ഞാൻ അതിശയിച്ചുപോകാറുണ്ട്! തരംതാഴ്ന്ന വീഡിയോകൾ സ്ക്രീനിൽ തെളിയുമ്പോൾ ഞാൻ ചാനൽ മാറ്റും, പിന്നീട് ഒരിക്കലും ആ പാട്ട് കേൾക്കാതിരിക്കാനും ശ്രദ്ധിക്കും.
റ്റി. ജി., ഫ്രാൻസ് (g03 10/22)