മൊസെയ്ക് ശിലാശകലങ്ങൾകൊണ്ട് ഒരു ചിത്രവേല
മൊസെയ്ക് ശിലാശകലങ്ങൾകൊണ്ട് ഒരു ചിത്രവേല
ഇറ്റലിയിലെ ഉണരുക! ലേഖകൻ
“അനന്യസാധാരണമായ ഒരു കലാരൂപം,” “വിസ്മയാവഹമായ” അലങ്കാരവിദ്യ, “പൗരാണികതയിൽ നിന്ന് അതിജീവിച്ചിരിക്കുന്ന അലങ്കാരകലകളിൽവെച്ച് ഏറ്റവും ഈടുനിൽക്കുന്ന” ഒന്ന്. ഇതെല്ലാം മൊസെയ്ക്കിന്റെ വിശേഷണങ്ങളാണ്. 15-ാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരൻ ഡോമേനിക്കോ ഗിർലൻഡായോ ഇതിനെ വിളിച്ചത്, “ചിത്രം അനശ്വരമാക്കുന്നതിനുള്ള യഥാർഥ മാർഗം” എന്നാണ്. മൊസെയ്ക്കുകളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും ശരി, അവയ്ക്ക് തികച്ചും വശ്യമായ ഒരു ചരിത്രമുണ്ട്.
ഒരു പ്രതലത്തിൽ—തറ, ചുവർ, കമാനത്തട്ട് മുതലായവ—കല്ല്, ഗ്ലാസ്സ് അല്ലെങ്കിൽ ഓട് എന്നിവയുടെ ചെറിയ തുണ്ടുകൾ അടുത്തടുത്തു പതിച്ച് അലങ്കരിക്കുന്ന കല എന്നാണ് മൊസെയ്ക്കിനെ നിർവചിച്ചിരിക്കുന്നത്. പുരാതന കാലം മുതൽക്കേ, തറയും ചുവരുകളും അലങ്കരിക്കാൻ മൊസെയ്ക് ഉപയോഗിച്ചിരുന്നു. കുളിപ്പുരകൾ, കുളങ്ങൾ, ഫൗണ്ടനുകൾ എന്നിങ്ങനെ, ഈടുകുറഞ്ഞ മറ്റു കലാരൂപങ്ങൾക്ക് ഈർപ്പംനിമിത്തം കേടുവരാനിടയുള്ള സ്ഥലങ്ങളും മൊസെയ്ക്കുകൾ കൊണ്ട് അലങ്കരിച്ചിരുന്നു.
മൊസെയ്ക്കുകൾ പല രൂപത്തിലുണ്ട്. ഒറ്റനിറത്തിൽ ലളിതമായ പ്രതലമുള്ളവയും കറുപ്പും വെളുപ്പും ഡിസൈനുകൾ ഉള്ളവയും ഉണ്ട്. കൂടാതെ, സങ്കീർണമായ വർണവൈവിധ്യങ്ങളിൽ പുഷ്പമാതൃകകൾകൊണ്ട് അലംകൃതമായവ മുതൽ അതിവിദഗ്ധമായ കലാചാതുരി ആവശ്യമായ മനോജ്ഞമായ ചിത്രങ്ങളാൽ വിരചിതമായവവരെ.
കണ്ടുപിടിത്തവും വികാസവും
ആരാണു മൊസെയ്ക്കുകൾ കണ്ടുപിടിച്ചത് എന്നത് ഇന്നും അവ്യക്തമാണ്. പുരാതന ഈജിപ്തുകാരും സുമേരിയന്മാരും തങ്ങളുടെ കെട്ടിടങ്ങൾ ചിത്രഖചിതമായ വർണഭംഗിയുള്ള പ്രതലങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. എന്നിരുന്നാലും, ഈ കലാരൂപം അധികം വികാസം പ്രാപിക്കാതെ അസ്തമിച്ചെന്നു തോന്നുന്നു. ഏഷ്യാമൈനർ, കാർത്തേജ്, ക്രീറ്റ്, ഗ്രീസ്, സിസിലി, സിറിയ, സ്പെയിൻ എന്നീ സ്ഥലങ്ങൾക്കെല്ലാം മൊസെയ്ക്കിന്റെ ജന്മദേശമെന്ന കീർത്തിയുണ്ട്. അതിനാൽ, ഈ കലാവിദ്യ “ആദ്യം ആവിഷ്കരിക്കപ്പെട്ടു, പിന്നെ വിസ്മരിക്കപ്പെട്ടു. പിന്നെ പല കാലങ്ങളിലായി മെഡിറ്ററേനിയനു ചുറ്റും പലയിടത്തായി അതു വീണ്ടും കണ്ടുപിടിക്കപ്പെട്ടു” എന്ന് ഒരു എഴുത്തുകാരൻ നിഗമനം ചെയ്യുന്നു.
ആദ്യകാല മൊസെയ്ക്കുകളിൽ ചിലതിന് പൊ.യു.മു. 9-ാം നൂറ്റാണ്ടോളം പഴക്കമുണ്ട്. ലളിതമായ മാതൃകകളിൽ മിനുസമുള്ള ചെറിയ ഉരുളൻ കല്ലുകൾ നിരത്തിയതായിരുന്നു ഇവ. പ്രാദേശികമായി കാണപ്പെടുന്ന കല്ലുകളുടെ നിറങ്ങൾ ആയിരുന്നു മൊസെയ്ക്കുകളുടെ നിറം നിശ്ചയിച്ചിരുന്നത്.
സാധാരണ ഈ കല്ലുകളുടെ വ്യാസം 10 മുതൽ 20 വരെ മില്ലിമീറ്ററായിരുന്നു. എന്നാൽ സവിസ്തരമായ ചില മാതൃകകളിൽ ഉപയോഗിച്ചത് വെറും അഞ്ചു മില്ലിമീറ്ററോളം വ്യാസമുള്ള തീരെ ചെറിയ കല്ലുകളായിരുന്നു. പൊ.യു.മു. നാലാം നൂറ്റാണ്ട് ആയപ്പോഴേക്കും കരവേലക്കാർ ഉരുളൻ കല്ലുകൾ ചെറുകഷണങ്ങളായി മുറിക്കാൻ തുടങ്ങി. ഇത് കൂടുതൽ കൃത്യത കൈവരിക്കാൻ അവരെ സഹായിച്ചു. ക്രമേണ ചെറിയ ചതുരക്കല്ലുകൾ അഥവാ ടെസറായ് ഉരുളൻ കല്ലുകളുടെ സ്ഥാനം കൈയടക്കി. ടെസറായ്, വർണവൈവിധ്യങ്ങളുടെ ഒരു ശ്രേണിതന്നെ കാഴ്ചവെച്ചു. ഇവ പ്രതലത്തിൽ പതിപ്പിക്കാൻ കൂടുതൽ എളുപ്പവും ആവശ്യമായ ഡിസൈൻ കൈവരിക്കുന്നതിൽ ഏറെ സഹായകവുമായിരുന്നു. ഈ ചെറു തുണ്ടുകൾ പ്രതലങ്ങളെ മിനുസമുള്ളതാക്കി. മാത്രമല്ല പ്രതലങ്ങൾ ഉരച്ചും മെഴുകു തേച്ചും മിനുക്കി നിറങ്ങളുടെ ശോഭ വർധിപ്പിക്കാനും കഴിയുമായിരുന്നു. പൊ.യു. രണ്ടാം നൂറ്റാണ്ട് ആയപ്പോഴേക്കും, നിറമുള്ള ചെറിയ ഗ്ലാസ്സ് കഷണങ്ങൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങി. ഇത് മൊസെയ്ക് ചിത്രകാരന്റെ മുന്നിൽ ഒരു വർണപ്രപഞ്ചം തുറന്നിട്ടു.യവന സംസ്കാരം പടർന്നു പന്തലിച്ച കാലഘട്ടം (പൊ.യു.മു. ഏകദേശം 300 മുതൽ പൊ.യു.മു. ഏകദേശം 30 വരെ) ചാരുതയാർന്ന ചിത്രഖചിത മൊസെയ്ക്കുകൾക്കു ജന്മമേകി. “ലഭ്യമായ എല്ലാ വർണവൈവിധ്യങ്ങളും ചേർത്ത്, ടെസറായുടെ വലുപ്പം ഒരു ക്യുബിക് മില്ലിമീറ്ററാക്കി കുറച്ച് . . . യവന മൊസെയ്ക് ചിത്രകാരന്മാരുടെ കൈകളിലൂടെ പിറവിയെടുത്ത മൊസെയ്ക്കുകൾ ചുവർച്ചിത്രങ്ങളോടു കിടപിടിക്കുന്നതായിരുന്നു” എന്ന് ഗ്ലോസാറിയോ ടെക്നിക്കോ-സ്റ്റോറിക്കോ ഡെൽ മോസായിക്കോ (ടെക്നിക്കൽ-ഹിസ്റ്റോറിക്കൽ ഗ്ലോസറി ഓഫ് മൊസെയ്ക് ആർട്ട്) എന്ന പുസ്തകം പറയുന്നു. വെളിച്ചം, നിഴൽ, ആഴം, ദ്രവ്യമാനം, ദൂരവ്യത്യാസം എന്നിവയുടെ
പ്രതീതിപോലും സൃഷ്ടിക്കുംവിധം അതീവ നൈപുണ്യത്തോടെയാണ് ഇവയിൽ നിറങ്ങൾ ഉപയോഗിച്ചിരുന്നത്.ഗ്രീക്ക് മൊസെയ്ക്കുകളുടെ പ്രത്യേകത, അവയുടെ മധ്യത്തിൽ മിക്കപ്പോഴും സവിസ്തരമായ ഒരു ഉൾച്ചിത്രം അഥവാ എംബ്ലെമാ—മിക്കപ്പോഴും ഈ ഉൾച്ചിത്രം പ്രസിദ്ധമായ ഒരു പെയിന്റിങ്ങിന്റെ, കലാപാടവം മുറ്റിനിൽക്കുന്ന പുനരാവിഷ്കരണമായിരിക്കും—ഉണ്ടായിരിക്കും എന്നതാണ്. അതിന്റെ അരികുകൾ ചുറ്റും അത്യലംകൃതവുമായിരിക്കും. ചില മൊസെയ്ക്കുകളിലെ ഉൾച്ചിത്രങ്ങൾ മെനയാൻ ഉപയോഗിച്ചിരിക്കുന്ന ടെസറായ് തീരെ ചെറുതും തികച്ചും അനുയോജ്യവുമായതിനാൽ, കല്ലിന്റെ ചെറുപരലുകൾ ചേർത്തുവെച്ച ഈ മൊസെയ്ക്കുകൾ ബ്രഷ് സ്പർശം കൊണ്ടു രചിച്ചതാണോ എന്നു തോന്നിപ്പോകും.
റോമൻ മൊസെയ്ക്കുകൾ
ഇറ്റലിയിലും റോമാസാമ്രാജ്യത്തിന്റെ പ്രവിശ്യകളിൽ ഉടനീളവും കാണപ്പെടുന്ന മൊസെയ്ക്കുകളുടെ ബാഹുല്യം നിമിത്തം, മൊസെയ്ക് മിക്കപ്പോഴും ഒരു റോമൻ കലയായി കണക്കാക്കപ്പെടുന്നു. “റോമൻ സാമ്രാജ്യകാലത്ത് ഉണ്ടായിരുന്ന കെട്ടിടങ്ങളിൽ ഇത്തരത്തിലുള്ള എണ്ണമറ്റ മൊസെയ്ക് തറകൾ ഉത്തര ബ്രിട്ടൻ മുതൽ ലിബിയവരെയും അറ്റ്ലാന്റിക് തീരം മുതൽ സിറിയൻ മരുഭൂമിവരെയും കണ്ടെത്തിയിട്ടുണ്ട്” എന്ന് ഒരു ഉറവിടം പറയുന്നു. “ഒരു പ്രദേശത്ത് റോമാക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി തിരിച്ചറിയിക്കുന്ന വ്യതിരിക്തമായ സവിശേഷതകളിൽ ഒന്നായി ഇവ കരുതപ്പെടുന്നു. കാരണം ഈ പ്രത്യേക കല റോമൻ സംസ്കാരത്തിന്റെ വ്യാപനവുമായി അത്ര അടുത്തു ബന്ധപ്പെട്ടിരിക്കുന്നു.”
എന്നിരുന്നാലും, റോമാസാമ്രാജ്യത്തിലെമ്പാടും മൊസെയ്ക്കിനോടു പ്രിയം ഏറിവന്നതിനാൽ, നാനാവർണഖചിതമായ മൊസെയ്ക്കുകൾ ആവശ്യമനുസരിച്ചു ചെയ്തുകൊടുക്കാൻ എളുപ്പമല്ലായിരുന്നു. പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായ നാഗരിക വളർച്ച, വളരെ പെട്ടെന്നു രൂപം നൽകാവുന്നതും കുറഞ്ഞ വിലയ്ക്ക് കിട്ടുന്നതുമായ മൊസെയ്ക്കുകൾക്ക് ആവശ്യം വർധിപ്പിച്ചു. ഇത്, കറുപ്പും വെളുപ്പും ടെസറായ് മാത്രം ഉപയോഗിച്ച് രൂപംകൊടുക്കുന്ന മൊസെയ്ക്കുകൾ രംഗപ്രവേശം ചെയ്യാൻ ഇടയാക്കി. ഉത്പാദനം തകൃതിയായി വർധിച്ചു. എൻചിക്ലോപ്പാഡിയ ഡെലാർട്ടെ ആന്റികാ (എൻസൈക്ലോപീഡിയ ഓഫ് ഏൻഷ്യന്റ് ആർട്ട്) പറയുന്നത് അനുസരിച്ച്, “മൊ[സെയ്ക്കുകൾ] ഇല്ലാത്ത, സമ്പന്നരുടെ ഒറ്റവീടുപോലും ആ സാമ്രാജ്യത്തിലെ ഒരു നഗരത്തിലും ഇല്ലായിരുന്നു.”
ചില സ്ഥലത്തുള്ള ഡിസൈനുകളുടെ തനിപ്പകർപ്പുകൾ അവിടെനിന്നും വളരെ അകലത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലങ്ങളിലും കാണാൻ കഴിയും. ഇതു കാണിക്കുന്നത്, മൊസെയ്ക് പണിക്കാരുടെ സംഘങ്ങൾ ഒരു നിർമാണസ്ഥലത്തു നിന്നു മറ്റൊന്നിലേക്കു പോകുകയോ മൊസെയ്ക് മാതൃകകൾ അടങ്ങിയ പുസ്തകങ്ങൾ ഇത്തരത്തിൽ
കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ്. ആഗ്രഹിക്കുന്നെങ്കിൽ ഒരു എംബ്ലെമാ മുൻകൂട്ടി ആവശ്യപ്പെടാനും പണിക്കാരന്റെ പണിപ്പുരയിൽ വെച്ചുതന്നെ രൂപംനൽകിയ ശേഷം അത് ഒരു മാർബിൾ അല്ലെങ്കിൽ ടെറാക്കോട്ടാ ഫലകത്തിൽ കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്തേക്കു കൊണ്ടുവന്ന് പിടിപ്പിക്കാനും കഴിയുമായിരുന്നു. മറ്റു മൊസെയ്ക് പണികളെല്ലാം പണിസ്ഥലത്തുവെച്ചുതന്നെയാണ് ചെയിരുന്നത്.ഡിസൈനുകളും അവയുടെ അരികുകളും ഖചനവേല ചെയ്യാനുള്ള പ്രതലത്തിൽ കൊള്ളണമെങ്കിൽ വളരെ ശ്രദ്ധാപൂർവം കാര്യങ്ങൾ ആസൂത്രണം ചെയ്യണമായിരുന്നു. അടിത്തറയും അതിന്റെ പ്രതലവും മിനുസവും നിരപ്പും ഉള്ളത് ആണെന്ന് ഉറപ്പുവരുത്തിയിരുന്നു. എന്നിട്ട്, തരികളും കട്ടകളുമെല്ലാം നീക്കം ചെയ്ത കുമ്മായക്കൂട്ടിന്റെ ഒരു പാളി (ഖചനവേല ചെയ്യാനുള്ള പ്രതലം) അടിത്തറയിൽ വിരിക്കും. ഇത് ഉണങ്ങുന്നതിനു മുമ്പ് ഖചനവേല പൂർത്തിയാക്കേണ്ടതുള്ളതിനാൽ മിക്കപ്പോഴും ഒരു ചതുരശ്ര മീറ്ററിൽ കുറഞ്ഞ വിസ്തൃതിയിൽ മാത്രമേ പ്രതലത്തിൽ കുമ്മായക്കൂട്ട് വിരിക്കുമായിരുന്നുള്ളു. ഖചനവേല എളുപ്പമാക്കുന്നതിന് അതിൽ ഒരു രൂപരേഖ കോറിയിടുകയും ചെയ്തേക്കാം. എന്നിട്ട് അളവനുസരിച്ചു മുറിച്ച ടെസറായ്കൾ പണിക്കാരൻ അതിൽ യഥോചിതം പതിപ്പിച്ചു തുടങ്ങുമായിരുന്നു.
ടെസറായ്കൾ ഓരോന്നായി കുമ്മായക്കൂട്ടിൽ അമർത്തിവെക്കുമ്പോൾ ചെറുതുണ്ടുകളുടെ വശങ്ങൾക്കിടയിലൂടെ കുമ്മായക്കൂട്ട് ഞെങ്ങി പുറത്തുവരുമായിരുന്നു. ഒരു ഭാഗത്തെ ഖചനവേല പൂർത്തിയായിക്കഴിയുമ്പോൾ തൊട്ടടുത്ത ഭാഗത്ത് കുമ്മായക്കൂട്ടിന്റെ പാളിവിരിച്ച് പണിതുടങ്ങും, അങ്ങനെ ഓരോ ഭാഗത്തും തുടരും. അതിനിപുണരായ കലാകാരന്മാർ ഇതിന്റെ ഏറ്റവും സങ്കീർണമായ ഭാഗങ്ങൾ മാത്രം ചെയ്തിട്ട് എളുപ്പമുള്ള ഭാഗം പൂർത്തിയാക്കുന്നതിന് തങ്ങളുടെ സഹായികളെ ഏർപ്പെടുത്തുമായിരുന്നു.
ക്രൈസ്തവലോകത്തിന്റെ മൊസെയ്ക് ചിത്രവേല
പൊ.യു. നാലാം നൂറ്റാണ്ടിൽ ക്രൈസ്തവലോകത്തിന്റെ പള്ളികളിൽ മൊസെയ്ക് ഉപയോഗിക്കാൻ തുടങ്ങി. മിക്കപ്പോഴും അത്തരം മൊസെയ്ക്കുകളിലൂടെ ചിത്രീകരിക്കപ്പെട്ട ബൈബിൾ കഥകൾ ആരാധകർക്ക് അറിവുപകർന്നു. മിന്നിക്കത്തുന്ന ദീപനാളം സ്വർണവും നാനാവർണങ്ങളിലുള്ള ഗ്ലാസ്സ് ടെസറായ്കളും കൊണ്ടുതീർത്ത മൊസെയ്ക്കുകളിൽ പ്രതിഫലിക്കുമ്പോൾ അത് ഒരു അതീന്ദ്രിയ പരിവേഷം സൃഷ്ടിച്ചു. സ്റ്റോറിയ ഡെലാർട്ടെ ഇറ്റാല്യാനാ (ഇറ്റാലിയൻ കലയുടെ ചരിത്രം) ഇപ്രകാരം പറയുന്നു: “നവ പ്ലേറ്റോണിക വാദം . . . വമ്പിച്ച സ്വാധീനം ചെലുത്തിയ, അന്നു നിലവിലിരുന്ന പ്രത്യയശാസ്ത്രവുമായി തികച്ചും കൈകോർത്തുപോകുന്നതായിരുന്നു മൊസെയ്ക് കല. ഈ ഖചനവേലയിൽ ഒരു പ്രക്രിയ നടക്കുന്നു. അതിൽ, ഉപയോഗിക്കുന്ന ഭൗതികവസ്തുക്കളുടെ നിശ്ചേതനത്വം പോയ്മറഞ്ഞ്, അവയ്ക്ക് നിർമലമായ ആത്മീയസത്തയും പവിത്രമായ തേജസ്സും രൂപവും കൈവരുന്നു.” a ക്രിസ്ത്യാനിത്വത്തിന്റെ സ്ഥാപകനായ യേശുക്രിസ്തു പഠിപ്പിച്ച ലളിതമായ ആരാധനാ ക്രമത്തിൽനിന്ന് എത്ര സമൂലമായ വ്യതിചലനം!—യോഹന്നാൻ 4:21-24.
ബൈസാന്റിയൻ ദേവാലയങ്ങളിൽ മൊസെയ്ക് കലയുടെ മകുടോദാഹരണങ്ങളിൽ ചിലതുണ്ട്. ചില ആരാധനാലയങ്ങളുടെ ഭിത്തികളുടെയും കമാനത്തട്ടുകളുടെയും ഉൾഭാഗം എല്ലാംതന്നെ ടെസറായ്കൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. “ക്രൈസ്തവ മൊസെയ്ക്കിലെ ഉത്കൃഷ്ടസൃഷ്ടികൾ” എന്നു വർണിക്കപ്പെട്ടിരിക്കുന്ന ചിത്രവേല ഇറ്റലിയിലെ റാവെന്നായിൽ കാണാൻ കഴിയും. സ്വർണവർണത്തിലുള്ള പശ്ചാത്തലം ദിവ്യജ്യോതിസ്സിനെയും ദുർജ്ഞേയതയെയും ചിത്രീകരിക്കുന്നു.
മധ്യകാലഘട്ടത്തിലുടനീളം പശ്ചിമ യൂറോപ്യൻ പള്ളികളിൽ മൊസെയ്ക്
മുഖ്യസവിശേഷതയായി ഉപയോഗിച്ചുപോന്നു. ഇസ്ലാമികലോകവും അത് അതീവചാതുര്യത്തോടെ ഉപയോഗിച്ചു. നവോത്ഥാന ഇറ്റലിയിൽ, വെനീസിലെ സെന്റ് മാർക്ക്സ്, റോമിലെ സെന്റ് പീറ്റേഴ്സ് എന്നിവപോലുള്ള വലിയ കത്തീഡ്രലുകളോടു ചേർന്ന് സ്ഥാപിച്ച പണിപ്പുരകൾ മൊസെയ്ക്കുകളുടെ ഉത്പാദനകേന്ദ്രങ്ങളായി മാറി. ഏതാണ്ട്, 1775-ൽ റോമിലെ കരവേലക്കാർ സങ്കൽപ്പിക്കാവുന്ന എല്ലാ നിറങ്ങളിലുമുള്ള ഉരുകിയ ഗ്ലാസ്സ് നൂലുകൾ തീരെച്ചെറിയ ടെസറായ്കളായി മുറിച്ചെടുക്കേടുക്കേണ്ട വിധം പഠിച്ചു. ഇത് പെയിന്റിങ്ങുകൾ കൊച്ചുകൊച്ചു മൊസെയ്ക്കുകളിലൂടെ പുനരാവിഷ്കരിക്കുക സാധ്യമാക്കി.
ആധുനിക രീതികളും ഉപയോഗവും
ആധുനിക മൊസെയ്ക് പണിക്കാർ പരോക്ഷരീതി എന്നു വിളിക്കപ്പെടുന്ന ഒന്നാണ് ഉപയോഗിക്കുന്നത്. പണിപ്പുരയിൽവെച്ച്, യഥാർഥ വലുപ്പത്തിൽ രൂപരേഖ വരച്ച ഒരു കടലാസിൽ ടെസറായ്കളുടെ നല്ലവശം പശവെച്ച് ഒട്ടിക്കുന്നു. ടെസറായുടെ മറുവശമാണ് പുറമേ കാണുക. എന്നിട്ട് ഇതിനെ ഓരോരോ ഭാഗങ്ങളായി പണിസ്ഥലത്തു കൊണ്ടുവരുന്നു. അവിടെവെച്ച്, ടെസറായുടെ ഒട്ടിക്കാത്തവശം പാളിയായി വിരിച്ച കുമ്മായക്കൂട്ടിൽ അമർത്തിവെക്കുന്നു. കുമ്മായക്കൂട്ട് ഉണങ്ങുമ്പോൾ മറുവശത്തെ കടലാസും പശയും കഴുകിക്കളയുന്നു. അപ്പോൾ ടെസറായുടെ നല്ല വശം ദൃശ്യമായിരിക്കും. ഈ രീതി സമയവും അധ്വാനവും കുറയ്ക്കുന്നു. എന്നാൽ, പ്രതലത്തിന് മധ്യകാലഘട്ടത്തിലെ മൊസെയ്ക്കുകളുടെ തിളക്കം ഉണ്ടായിരിക്കില്ല.
എന്നിരുന്നാലും, 19-ാം നൂറ്റാണ്ടിലെ എണ്ണമറ്റ സിറ്റി ഹാളുകൾ, ഓപ്പറാ ഹൗസുകൾ, പള്ളികൾ, അതുപോലുള്ള മറ്റുകെട്ടിടങ്ങൾ എന്നിവ ഈ രീതി ഉപയോഗിച്ച് അലങ്കരിച്ചിരുന്നു. മാത്രമല്ല, മെക്സിക്കോ നഗരം മുതൽ മോസ്കോവരെയും ഇസ്രായേൽമുതൽ ജപ്പാൻ വരെയും മ്യൂസിയങ്ങൾ, ഭൂഗർഭ സ്റ്റേഷനുകൾ, ഷോപ്പിങ് സെന്ററുകൾ, പാർക്കുകൾ, കളിസ്ഥലങ്ങൾ എന്നിവിടങ്ങളിൽ എല്ലാം ഈ രീതി ഉപയോഗിച്ചിരിക്കുന്നു. ചെറുശകലങ്ങളാൽ തീർക്കുന്നതെങ്കിലും മിനുസമേറിയ മൊസെയ്ക് പ്രതലങ്ങൾ ആധുനിക കെട്ടിടങ്ങളുടെ മുഖപ്പുകൾ ഒന്നാകെ അലങ്കരിക്കാൻ തികച്ചും അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു.
പതിനാറാം നൂറ്റാണ്ടിലെ ഇറ്റാലിയൻ ചിത്രകാരനും കലാ ചരിത്രകാരനുമായിരുന്ന ജോർജോ വസാരി ഇപ്രകാരം എഴുതി: “ഏറ്റവും അധികം ഈടുനിൽക്കുന്ന ചിത്രമാണ് മൊസെയ്ക്. കാലം കടന്നുപോകുന്തോറും മറ്റു ചിത്രങ്ങൾക്കു മങ്ങലേൽക്കുന്നു. എന്നാൽ മൊസെയ്ക് കാലാന്തരങ്ങളിലൂടെ ഉജ്ജ്വലമാകുന്നു.” ശരിയാണ്, പല മൊസെയ്ക്കുകളിലും നിഴലിക്കുന്ന കലാചാതുരി നമ്മുടെ കണ്ണുകൾക്കു വിരുന്നേകുന്നു. അതേ, ശിലാശകലങ്ങൾകൊണ്ടുള്ള വിസ്മയമുണർത്തുന്ന ചിത്രങ്ങളാണു മൊസെയ്ക്കുകൾ! (g03 10/08)
[അടിക്കുറിപ്പ്]
a മറ്റു പല വിശ്വാസങ്ങളോടൊപ്പം നവ പ്ലേറ്റോണിക തത്ത്വശാസ്ത്രങ്ങൾ ഉന്നമിപ്പിച്ച ഒന്നാണ് അമർത്യ ആത്മാവിലുള്ള വിശ്വാസം.
[16-ാം പേജിലെ ചിത്രം]
യെരൂശലേമിന്റെ ഭൂപടം (പൊ.യു. ആറാം നൂറ്റാണ്ട്)
[കടപ്പാട്]
Garo Nalbandian
[16-ാം പേജിലെ ചിത്രം]
മഹാനായ അലക്സാണ്ടർ (പൊ.യു.മു. രണ്ടാം നൂറ്റാണ്ട്)
[കടപ്പാട്]
Erich Lessing/Art Resource, NY
[16, 17 പേജുകളിലെ ചിത്രങ്ങൾ]
ഡോം ഓഫ് ദ റോക്ക്, യെരൂശലേം (പൊ.യു. 685-691-ൽ പണികഴിപ്പിക്കപ്പെട്ടത്)
[17-ാം പേജിലെ ചിത്രം]
“ഡയോനിസസ്,” അന്ത്യോക്യ (പൊ.യു. ഏകദേശം 325)
[കടപ്പാട്]
Museum of Art, Rhode Island School of Design, by exchange with the Worcester Art Museum, photography by Del Bogart
[18-ാം പേജിലെ ചിത്രം]
ആധുനിക മൊസെയ്ക്കുകളിലും ടെസറായ്, നിറമുള്ള ഗ്ലാസ്സ്, ഉരുളൻകല്ലുകൾ, എന്നിവ ഉപയോഗിക്കുന്നു
[18-ാം പേജിലെ ചിത്രം]
മസാച്ചുസെറ്റ്സിലെ ലിൻ ഹെറിറ്റേജ് സ്റ്റേറ്റ് പാർക്കിൽ പ്രദർശിപ്പിച്ചിരിക്കുന്ന മൊസെയ്ക്
[കടപ്പാട്]
Kindra Clineff/Index Stock Photography
[18-ാം പേജിലെ ചിത്രങ്ങൾ]
ബാർസിലോണായിലെ അന്റോണി ഗൗഡി രൂപംനൽകിയ മൊസെയ്ക്കുകൾ (1852-1926)
[കടപ്പാട്]
ഫോട്ടോ: Por cortesía de la Fundació Caixa Catalunya ▸