ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
മാലിന്യംകൊണ്ട് പ്രവർത്തിക്കുന്ന കാർ
ഫിൻലൻഡിലെ ഒരു ഫാം ഉടമസ്ഥന്റെ കാർ പ്രവർത്തിക്കുന്നത് മാലിന്യ വിഘടനം നടക്കുമ്പോൾ ഉണ്ടാകുന്ന വാതകങ്ങൾ ഉപയോഗിച്ചാണ്. “ശുദ്ധീകരിച്ചെടുത്ത ജൈവാവശിഷ്ടങ്ങൾ [അദ്ദേഹത്തിന്റെ] ഫാമിൽത്തന്നെയുള്ള ജൈവവാതക റിയാക്ടറിൽ, ഉന്നത മർദത്തിനു വിധേയമാക്കുമ്പോൾ ലഭിക്കുന്ന ജൈവവാതകമാണ് കാറിന്റെ ഇന്ധനം,” ഫിൻലൻഡിലെ ഒരു മാസികയായ സുവോമെൻ ലൂവോന്റോ റിപ്പോർട്ടു ചെയ്യുന്നു. ജൈവവാതകത്തിന്റെ മലിനീകരണ നിരക്ക് ഉപയോഗത്തിലുള്ള ഏതു വാഹന ഇന്ധനത്തിന്റേതിനെക്കാളും കുറവാണ്; മലിനാവശിഷ്ടങ്ങളുടെ പുനഃപര്യയന വേളയിൽ ഉത്പാദിപ്പിക്കാവുന്നതുകൊണ്ട്, പരിസ്ഥിതിക്കു തികച്ചും യോജിച്ചതുമാണ്. വാസ്തവത്തിൽ, ജൈവവാതക നിർമാണത്തിന്റെ ഉപോത്പന്നങ്ങളിലൊന്ന് വിലപ്പെട്ട വളം ആണ്. പ്രകൃതിവാതകം ഉപയോഗിച്ചു പ്രവർത്തിക്കാൻ നിർമിച്ചിട്ടുള്ള കാറുകൾ—ലോകത്തെമ്പാടുമായി ഏകദേശം 20 ലക്ഷം—ഓടിക്കുന്നതിനും ജൈവവാതകം ഉപയോഗിക്കാം. സ്വീഡനിൽ ധാരാളം സിറ്റി ബസ്സുകൾ ജൈവവാതകംകൊണ്ടാണു പ്രവർത്തിക്കുന്നത്, ചില പെട്രോൾ പമ്പുകളിൽ മറ്റ് ഇന്ധനങ്ങളോടൊപ്പം ജൈവവാതകവും ലഭ്യമാണ്. റിപ്പോർട്ട് അന്തിമമായ ഒരു പ്രയോജനം ചൂണ്ടിക്കാട്ടുന്നു: “പെട്രോളിനെയോ ഡീസലിനെയോ അപേക്ഷിച്ച് ജൈവവാതകത്തിനു വില വളരെ കുറവാണ്.” (g03 11/08)
പുരാതന ഈജിപ്തിൽനിന്നൊരു ടൂത്ത്പേസ്റ്റ്!
“കോൾഗേറ്റ് 1873-ൽ ആദ്യമായി ടൂത്ത്പേസ്റ്റ് വിപണിയിൽ ഇറക്കുന്നതിന് 1,500-ലധികം വർഷം മുമ്പു നിലവിലിരുന്ന ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ടൂത്ത്പേസ്റ്റു നിർമാണരീതി, വിയന്നയിലെ ഒരു മ്യൂസിയത്തിന്റെ നിലവറയിൽ പൊടിപിടിച്ചു കിടന്നിരുന്ന ഒരു തുണ്ടു പപ്പൈറസിൽ കണ്ടെത്തിയിരിക്കുന്നു,” ഇലക്ട്രോണിക് ടെലിഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. “ഇല്ലറക്കരിയും വേലമരപ്പശയും വെള്ളവും ചേർത്തുണ്ടാക്കിയ മങ്ങിയ കറുത്ത മഷികൊണ്ട്, പുരാതന ഈജിപ്തിലെ ഒരു പകർപ്പെഴുത്തുകാരൻ ‘വെണ്മയേറിയ ഉത്തമ പല്ലുകൾക്കുള്ള ചൂർണത്തെ’ പറ്റി വിശദീകരിച്ചിരിക്കുന്നു. ഉമിനീരുമായി ചേരുമ്പോൾ അത് ‘ശരിക്കും ടൂത്ത്പേസ്റ്റ്’ ആയി മാറുന്നു.” പൊ.യു. നാലാം നൂറ്റാണ്ടിലെ ഈ രേഖ പ്രകാരം കല്ലുപ്പ്, പുതിന, ഉണങ്ങിയ ഐറിസ് പൂവ്, കുരുമുളകിന്റെ തരികൾ എന്നിവ പൊടിച്ചു ചേർത്താണ് ഇതു നിർമിക്കുന്നത്. ഈ കണ്ടെത്തൽ വിയന്നയിൽ നടന്ന ദന്തവൈദ്യന്മാരുടെ ഒരു സമ്മേളനത്തെ ആവേശഭരിതമാക്കി. “ഇത്ര മേന്മയേറിയ ഒരു ടൂത്ത്പേസ്റ്റ് നിർമാണവിദ്യ അതിപ്രാചീന കാലത്തു സ്ഥിതി ചെയ്തിരുന്നു എന്നത് ദന്തവൈദ്യന്മാർക്കെല്ലാം തികച്ചും പുതിയ അറിവായിരുന്നു” എന്ന് അതു പരീക്ഷിച്ചുനോക്കി “ഉന്മേഷദായകവും ശുചികരവും” എന്നു കണ്ടെത്തിയ ഡോക്ടർ ഹൈന്റ്സ് നോയ്മൊൻ പറയുന്നു. ലേഖനം തുടരുന്നു: “ഐറിസിന്റെ ഗുണവിശേഷങ്ങൾ ദന്തവൈദ്യന്മാർ അടുത്തകാലത്ത് മനസ്സിലാക്കിയിട്ടുണ്ട്. മോണരോഗത്തെ തടയുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്ന് [ടൂത്ത്പേസ്റ്റ് നിർമാണത്തിൽ] അതു വീണ്ടും ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നു.” (g03 11/22)
വീഡിയോ ഗെയിമുകൾ ഉളവാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ
വീഡിയോ ഗെയിമുകൾക്കു തങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തിന് എത്രത്തോളം അപകടം വരുത്താൻ കഴിയുമെന്നു മാതാപിതാക്കൾ തിരിച്ചറിയുന്നില്ലായിരിക്കാം എന്ന് മെക്സിക്കോ സിറ്റിയിലെ ഒരു വർത്തമാനപത്രമായ എൽ യൂണിവെഴ്സാൽ റിപ്പോർട്ടു ചെയ്യുന്നു. മെക്സിക്കോയിലെ കാർഡിയോളജി സൊസൈറ്റിയുടെ പ്രസിഡന്റായ ആന്റോണ്യോ ഗോൺസാലെസ് എർമോസീയോ പറയുന്നത്, സ്ഥിരമായി വീഡിയോ ഗെയിമുകൾ കളിക്കുന്ന കുട്ടികളിൽ 40 ശതമാനംവരെ ഉയർന്ന രക്തസമ്മർദം വികസിപ്പിച്ചെടുക്കുന്നതിന്റെ അപകടമുണ്ട് എന്നാണ്. എന്തുകൊണ്ട്? വ്യായാമത്തിന്റെ അഭാവം മാത്രമല്ല, ആക്രമണങ്ങളും കാൽപ്പനിക പോരാട്ടങ്ങളും മറ്റു സംഘർഷങ്ങളും നിറഞ്ഞ അപകടകരമെന്നു തോന്നിക്കുന്ന സാഹചര്യങ്ങളിൽ ഏറെ ഉൾപ്പെടുന്നതിന്റെ ഫലമായുണ്ടാകുന്ന സമ്മർദവും ഇതിനു കാരണമാകുന്നു. “ഇത് മെക്സിക്കോയിലെ പ്രാഥമിക മരണകാരണമായ ഹൃദയ-രക്തക്കുഴൽ സംബന്ധമായ രോഗങ്ങളുടെ നിരക്ക് കുതിച്ചുയരാൻ ഇടയാക്കുമെന്ന് വിദഗ്ധൻ മുന്നറിയിപ്പു നൽകി,” പത്രം കൂട്ടിച്ചേർത്തു. (g03 11/22)
ഭൂമിയിൽ പകുതി മനുഷ്യൻ കയ്യേറാത്തത്
“ഒരു നൂറ്റാണ്ടു കാലത്തെ വർധിച്ച പാരിസ്ഥിതിക ഭീഷണികളുടെ നടുവിലും ഭൂമിയുടെ കരഭാഗത്തിന്റെ 46 ശതമാനം മനുഷ്യവാസത്തിനോ കൃഷിക്കോ വേണ്ടി കയ്യേറാത്തതായിത്തന്നെ നിലകൊള്ളുന്നു എന്നു പറയാം” വേൾഡ് വാച്ച് എന്ന പ്രസിദ്ധീകരണം റിപ്പോർട്ടു ചെയ്യുന്നു. 200 ശാസ്ത്രജ്ഞർ ഉൾപ്പെട്ട ഒരു ആഗോള പഠനം “കരപ്രദേശത്തിന്റെ 68 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന ഭാഗം ‘മനുഷ്യവാസമോ കൃഷിയോ ഇല്ലാത്തത്’ എന്ന വിഭാഗത്തിൽപ്പെടുന്നു എന്നു കണ്ടെത്തി. അതായത്, സ്വാഭാവിക സസ്യങ്ങളുടെ 70 ശതമാനം നിലനിൽക്കുന്ന, പട്ടണ പ്രദേശങ്ങൾക്കു പുറത്ത് ചതുരശ്ര കിലോമീറ്ററിന് 5-ൽ താഴെ ജനസാന്ദ്രതയുള്ള, 10,000 ചതുരശ്ര കിലോമീറ്ററിൽ കുറയാത്ത വിസ്തീർണമുള്ള പ്രദേശങ്ങൾ.” ഈ 37 പ്രദേശങ്ങൾ ലോകജനസംഖ്യയുടെ 2.4 ശതമാനത്തെ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ—പട്ടണ പ്രദേശങ്ങൾ ഒഴിച്ചു നിറുത്തിയാൽ 144 ദശലക്ഷം ആളുകൾ. പക്ഷേ ഈ പ്രദേശങ്ങൾ ഐക്യനാടുകൾ, ചൈന, ഓസ്ട്രേലിയ, കാനഡ, ബ്രസീൽ, റഷ്യ എന്നീ ലോകത്തിലെ വലിപ്പമേറിയ ആറു രാജ്യങ്ങളുടെ ആകെ ഭൂപ്രദേശത്തിനു തുല്യമാണ്. എന്നിരുന്നാലും, ഈ “പ്രദേശങ്ങളുടെ മൂന്നിലൊരു ഭാഗത്തിലേറെയും ദക്ഷിണ ധ്രുവത്തിലെ മഞ്ഞു മൂടിക്കിടക്കുന്ന പ്രദേശങ്ങളോ ഉത്തര ധ്രുവത്തിലെ തുന്ദ്രകളോ [സമതലങ്ങൾ] ആണ്. മാത്രമല്ല 37 പ്രദേശങ്ങളിൽ 5 എണ്ണം മാത്രമാണ് പരിപാലന-മുൻഗണനാ പ്രദേശങ്ങൾ—1,500-ലേറെ സ്വദേശീയ ജീവിവർഗങ്ങളെയും വൻതോതിലുള്ള ജൈവ വൈവിധ്യത്തെയും ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥകൾ” എന്ന് വേൾഡ് വാച്ച് പ്രസ്താവിക്കുന്നു. (g03 11/22)