ജപ്പാനിലെ ഉഷ്ണജല ഉറവുകളിലേക്കൊരു സന്ദർശനം
ജപ്പാനിലെ ഉഷ്ണജല ഉറവുകളിലേക്കൊരു സന്ദർശനം
ജപ്പാനിലെ ഉണരുക! ലേഖകൻ
ജപ്പാനെ കുറിച്ചു ചിന്തിക്കുമ്പോൾ നിങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് എന്താണ്? തലയെടുപ്പോടെ നിലകൊള്ളുന്ന ഫ്യൂജി പർവതമാണോ? ചീറിപ്പാഞ്ഞു പോകുന്ന ബുള്ളറ്റ് ട്രെയിനാണോ? അതോ ടോക്കിയോ മഹാനഗരമാണോ? വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഈ വിഖ്യാത സവിശേഷതകൾക്കു പുറമേ, ഉദയസൂര്യന്റെ നാടിനു സ്വന്തമായി ഇനിയും പലതുണ്ട്. ചികിത്സാപരമായ ഉദ്ദേശ്യത്തിനായാലും ഉന്മേഷം ലഭിക്കാനായാലും വർഷംതോറും ദശലക്ഷങ്ങൾ ഓൺസെനുകൾ അഥവാ ജപ്പാനിലെ ഉഷ്ണജല ഉറവുകൾ സന്ദർശിക്കുന്നു. അടുത്തകാലത്ത്, പന്ത്രണ്ടു മാസത്തിനുള്ളിൽ ഏതാണ്ട് 14 കോടി ആളുകൾ ജപ്പാനിലെ ഒരു ഉഷ്ണജല ഉറവിനോടു ചേർന്നു
പണികഴിപ്പിക്കപ്പെട്ട ഹോട്ടലിൽ താമസിച്ചിട്ടു പോയതായി കണക്കാക്കപ്പെടുന്നു. പക്ഷേ ഈ സ്നാനകേന്ദ്രങ്ങൾ ഇത്ര ജന പ്രീതി ആർജിക്കാനുള്ള കാരണം?ഓൺസെൻ ചരിത്രം
നൂറ്റാണ്ടുകളായി ജപ്പാൻകാർ ഭൂഗർഭ ഉഷ്ണജലത്തിൽ കുളിക്കുന്നത് ആസ്വദിച്ചിട്ടുണ്ട്. പൊ.യു. എട്ടാം നൂറ്റാണ്ടിലെ ലിഖിതങ്ങൾ ഉഷ്ണജല ഉറവുകളുടെ ഉപയോഗത്തെ കുറിച്ചു പരാമർശിക്കുന്നു. പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റ്റാകെഡാ ഷിൻഗെൻ എന്ന ഫ്യൂഡൽ പ്രഭു, ധാതുജല ഉറവുകളുടെ ഔഷധ മൂല്യം തിരിച്ചറിയുകയും അവ ഉപയുക്തമാക്കുകയും ചെയ്തിരുന്നു. പോരാട്ടങ്ങൾക്കു ശേഷം വാളുകൊണ്ടേറ്റ മുറിവുകളും ഒടിവുകളും ചതവുകളുമൊക്കെ സുഖപ്പെടാനായി ഷിൻഗെനും അദ്ദേഹത്തിന്റെ സമുറായി യോദ്ധാക്കളും ഉഷ്ണജല ഉറവുകളിൽ കുളിക്കുമായിരുന്നു. കൂടാതെ, മനസ്സിന് അയവു വരുത്തുന്നതിനും യോദ്ധാക്കളെ അടുത്ത പോരാട്ടത്തിനായി സജ്ജരാക്കുന്നതിനും ഇത്തരം കുളി ഉപകരിച്ചിരുന്നു.
ഈ ഉറവുകളിൽ കുളിക്കുന്നത് യോദ്ധാക്കൾക്ക് അപകടം ഉയർത്തിയിരുന്നു, എന്തെന്നാൽ, പെട്ടെന്ന് എന്തെങ്കിലും ആക്രമണം ഉണ്ടാകുന്നപക്ഷം അവർ നിരായുധർ ആയിരിക്കുമായിരുന്നു. എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിനായി റ്റാകെഡാ ഷിൻഗെൻ ഉൾപ്രദേശങ്ങളിലുള്ള, പെട്ടെന്ന് ആരുടെയും കണ്ണിൽപ്പെടാത്ത കുറെ ഉറവുകളാണ് കുളിക്കാൻ ഉപയോഗിച്ചിരുന്നത്. ഇവ പിന്നീട് ഷിൻഗെന്റെ ഒളിസ്നാനകേന്ദ്രങ്ങൾ എന്ന് അറിയപ്പെടാൻ ഇടയായി. രസകരമെന്നു പറയട്ടെ, ഇതേ ഉറവുകൾ ഇന്ന് സുമോ ഗുസ്തിക്കാരും ബേസ്ബോൾ കളിക്കാരും ഉൾപ്പെടെയുള്ള പ്രൊഫഷണൽ കായികാഭ്യാസികൾ ഉപയോഗപ്പെടുത്തുന്നുണ്ട്, കായികമത്സരങ്ങളിൽ പങ്കെടുക്കാൻ വേണ്ട ഉന്മേഷം ലഭിക്കുമെന്ന പ്രതീക്ഷയിൽ.
അനുപമമായ ഭൂമിശാസ്ത്ര സവിശേഷതകൾ
ജപ്പാന്റെ ഭൂമിശാസ്ത്ര പ്രത്യേകതകൾ ഉഷ്ണജല ഉറവുകൾക്കു വിശേഷിച്ചും യോജിച്ചതാണ്. ഈ ദ്വീപസമൂഹത്തിൽ എങ്ങുമായി ഏതാണ്ട് 245 അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്നുണ്ട്, ഇവയിൽ 86 എണ്ണം സജീവമാണ്. ഭൂഗർഭത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വിസ്മയജനകമായ പ്രതിഭാസങ്ങളുടെ ജ്ഞാപകങ്ങളായി ഈ ജ്വാലാമുഖികൾ നിലകൊള്ളുന്നു. ഭൂഗർഭത്തിൽ എന്താണു നടക്കുന്നത്?
ഭൂമിയുടെ ലിഥോസ്ഫെറിക് ഫലകങ്ങൾ അതായത് ഭൂവൽക്ക ഫലകങ്ങൾ ഒത്തുചേരുന്നതിന്റെ മുകളിലായാണ് ജാപ്പനീസ് ദ്വീപുകൾ സ്ഥിതി ചെയ്യുന്നത്. ഈ കൂറ്റൻ ഫലകങ്ങൾ ചേരുന്നിടത്ത് മാഗ്മ അഥവാ ദ്രവശില ഉത്പാദിപ്പിക്കപ്പെടുന്നതായി കരുതപ്പെടുന്നു. ഇതിനു നേർ മുകളിൽ ദൃശ്യ ബഹിർഗമന മാർഗങ്ങളായി വർത്തിച്ചുകൊണ്ട് അഗ്നിപർവതങ്ങൾ നിലകൊള്ളുന്നു. ഈ ഭൂഗർഭ ഉഷ്ണമേഖല ഭൂമിക്കടിയിൽനിന്നു വരുന്ന ഉറവുകൾക്കുള്ള ഒരു താപസ്രോതസ്സായും ഉതകുന്നു. ചുട്ടുപൊള്ളുന്ന മാഗ്മയുമായി സമ്പർക്കത്തിൽ വരുന്ന ഭൂഗർഭജലം ചൂടാകുകയും ധാതുക്കൾ വലിച്ചെടുക്കുകയും ചെയ്യുന്നു. ഇങ്ങനെയാണ് ഓൺസെനുകൾ രൂപംകൊള്ളുന്നത്. “ജപ്പാനെ പോലെ ഇത്രയധികം പ്രകൃതിദത്ത ഉഷ്ണജല ഉറവുകളാൽ അനുഗൃഹീതമായ മറ്റൊരു രാജ്യം ലോകത്തില്ല” എന്ന് ജപ്പാനിലെ ഉഷ്ണജല ഉറവുകൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറഞ്ഞത് നല്ല കാരണത്തോടെയാണ്. ജപ്പാനിൽ 2,839 ഉഷ്ണജല ഉറവുകൾ ഉള്ളതായി 1998-ലെ ഒരു പഠനം വെളിപ്പെടുത്തുന്നു.
ജപ്പാനിലെ ഉഷ്ണജല ഉറവുകൾ പലതരത്തിൽ ഉള്ളവയാണ്. വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമൊക്കെ അവ വൈവിധ്യം പുലർത്തുന്നു. ഈ ഉറവുകളുടെ ഔഷധമൂല്യം നിർണയിക്കാൻ സഹായകമായ വിധത്തിൽ ജലത്തിന്റെ രാസഗുണത്തെ അടിസ്ഥാനമാക്കി ജാപ്പനീസ് പരിസ്ഥിതി ഏജൻസി ഇവയെ ഒമ്പതു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. മിക്കപ്പോഴും, ഉഷ്ണജല ഉറവുകൾക്കു നൽകിയിരിക്കുന്ന പേരുകൾ
അവയുടെ സവിശേഷതകളെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇരുമ്പിനാൽ സമ്പുഷ്ടമായ ഉറവുകൾ നിങ്ങളുടെ തോർത്തിന്റെ നിറം ചുവപ്പുകലർന്ന ഓറഞ്ച് ആക്കി മാറ്റും. അതുകൊണ്ട് അവയുടെ പേരുകളിൽ “ചുവപ്പ്” എന്ന വാക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന അളവിൽ ലവണം (salt) അടങ്ങിയിട്ടുള്ള ഉറവുകളെ സോൾട്ട് ബാത്തുകൾ എന്നാണു വിളിക്കുന്നത്. ഇനി, ഒരു ‘ഈൽ ബാത്തിൽ’ മുങ്ങിക്കുളിക്കുന്നതിനെ കുറിച്ച് എന്തു പറയുന്നു? അത് അത്ര ആകർഷകമായി തോന്നുന്നില്ല, അല്ലേ? പക്ഷേ വിഷമിക്കേണ്ട. ഈ ഉറവുകളിൽ ഈൽ മത്സ്യങ്ങൾ ഇല്ലെന്നുള്ളതാണ് സത്യം. ഇങ്ങനെയൊരു പേരിടാനുള്ള കാരണം, ആളുകൾ ഈ ഉറവുകളിൽ മുങ്ങിക്കുളിച്ചുവരുമ്പോൾ ജലത്തിന്റെ ക്ഷാരസ്വഭാവം നിമിത്തം അവരുടെ ചർമത്തിന് ഈൽ മത്സ്യത്തിന്റേതുപോലെ വഴുവഴുപ്പ് അനുഭവപ്പെടാറുണ്ട് എന്നതാണ്.പ്രകൃതിരമണീയമായ ചുറ്റുപാടുകളിൽ. . .
പർവതങ്ങളും താഴ്വാരങ്ങളും നദികളും കടൽത്തീരവും സമതലങ്ങളും ഒരുക്കുന്ന നയനമോഹന ദൃശ്യങ്ങൾ ആസ്വദിച്ചുകൊണ്ട് ഉഷ്ണജല ഉറവുകളിൽ മുങ്ങിക്കുളിക്കുന്നത് ഹൃദ്യമായ ഒരനുഭവം തന്നെയാണ്, മനസ്സിൽനിന്ന് പെട്ടെന്നു മാഞ്ഞുപോകുകയില്ലാത്ത ഒരതുല്യ അനുഭവം. ജപ്പാന്റെ ഉഷ്ണജല ഉറവുകളിൽ പലതും തുറസ്സായ സ്ഥലത്തായതുകൊണ്ട് കുളിക്കുന്നവർക്ക് പ്രകൃതിഭംഗി ആവോളം നുകരാൻ കഴിയും. മുകളിൽ മേൽക്കൂര തീർക്കുന്ന നീലാകാശം. ചുറ്റും മതിൽക്കെട്ടുകൾ പോലെ നിലകൊള്ളുന്ന പർവതനിരകൾ. കുളിക്കുന്നതിനിടെ വേണമെങ്കിൽ, മന്ദമായി ഒഴുകുന്ന അരുവിയുടെ താളാത്മക സംഗീതത്തിനു കാതോർക്കാം. നേരം വെളുത്തുവരുന്നതേ ഉള്ളുവെങ്കിൽ പക്ഷികളൊരുക്കുന്ന സംഗീതവിരുന്നുകൂടെ ആസ്വദിക്കാം. കണ്ണിനും കാതിനും അനുഭൂതി പകരുന്ന സവിശേഷതകൾ ഇനിയുമുണ്ട്.
വെള്ളച്ചാട്ടത്തിനടിയിൽനിന്നു കുളിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണോ? ആണെങ്കിൽ അതുമാവാം. ആ കുളി നല്ലൊരു ഉഴിച്ചിലിന്റെ
ഫലം ചെയ്യും. മാത്രമല്ല, ജാപ്പനീസ് ശൈലിയിലുള്ള കുളിക്ക് അത് പുതിയൊരു മാനവും കൈവരുത്തും. ഗുഹകളിലും കുളിക്കാൻ സൗകര്യമുണ്ട്, ഇവിടെ പാറകളിൽനിന്ന് ധാതുക്കൾ അടങ്ങിയ ഉഷ്ണജലം പുറപ്പെടുന്നു. ചില ഉറവുകൾ സ്ഥിതി ചെയ്യുന്നത് കടലോരങ്ങളിലാണ്. ഇവിടെ വന്നു കുളിക്കുന്നവർക്ക് മനോഹരമായ സൂര്യാസ്തമയ ദൃശ്യം കൺനിറയെ കാണാനാകുമെന്ന വിശേഷതകൂടെയുണ്ട്. മറ്റുചില ഉറവുകൾ സ്ഥിതി ചെയ്യുന്നത് നദീതീരങ്ങളിലാണ്.ഉഷ്ണജല ഉറവുകൾ എവിടെ സ്ഥിതി ചെയ്യുന്നവ ആയാലും ശരി, ഏതു വിഭാഗത്തിൽപ്പെട്ടവ ആയാലും ശരി, ഒരു കാര്യം തീർച്ചയാണ്: അഗ്നിപർവതങ്ങൾക്ക് അടിയിൽനിന്ന് താപം ആഗിരണം ചെയ്ത് ചൂടുള്ളതായിത്തീർന്നിരിക്കുന്ന ഈ ഉറവുകളിൽ മുങ്ങിക്കുളിക്കുന്നത് ഒരു പുതുപുത്തൻ ഉണർവും ഒരു നിമിഷത്തേക്കെങ്കിലും, നിത്യജീവിതത്തിന്റെ പിരിമുറുക്കങ്ങളിൽനിന്ന് ആശ്വാസവും പ്രദാനം ചെയ്യും. തന്നെയുമല്ല, അത് ജാപ്പനീസ് ജീവിതശൈലി അൽപ്പംകൂടെ അടുത്തറിയാൻ കഴിഞ്ഞുവെന്ന തോന്നൽ ഉളവാക്കുകയും ചെയ്തേക്കാം. അതുകൊണ്ട്, ലോകത്തിന്റെ ഈ ഭാഗം സന്ദർശിക്കാൻ ഒരവസരം ലഭിച്ചാൽ ജപ്പാന്റെ ഉഷ്ണജല ഉറവുകളിൽ—ഓൺസെനുകളിൽ—മുങ്ങിക്കുളിക്കാൻ മറക്കരുതേ! (g03 01/08)
[16-ാം പേജിലെ ചതുരം/ചിത്രം]
ഉഷ്ണജല ഉറവുകളും ഷോഗുനുകളും
എദോ കാലഘട്ടത്തിൽ (1603-1867) ധാതു ജലത്തിന് വലിയ മൂല്യം കൽപ്പിക്കപ്പെട്ടിരുന്നു. ഷോഗുനുകൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സൈനിക ഏകാധിപതികൾക്ക് ചുമട്ടുകാർ, ആറ്റാമിയിൽനിന്ന് എദോ (ടോക്കിയോ) വരെ 110 കിലോമീറ്റർ ദൂരം യാത്ര ചെയ്താണ് ഈ ജലം ചുമന്നു കൊണ്ടുവന്നു കൊടുത്തിരുന്നത്. വഴിയിൽ നിർദിഷ്ട ഇടങ്ങളിലായി ചുമട്ടുകാരുടെ കൂട്ടങ്ങൾ നിൽക്കും. വിലയേറിയ ജലം, നീണ്ട കോലുകളിൽ തൂക്കിയിട്ട തടികൊണ്ടുള്ള വീപ്പകളിൽ ചുമലിലേറ്റി കൊണ്ടുവന്ന് ഒരു കൂട്ടം മറ്റേ കൂട്ടത്തിനു കൈമാറും. ഈ രീതിയിൽ, ധാതുജലം വേഗത്തിൽ സ്ഥലത്തെത്തിക്കാൻ കഴിഞ്ഞിരുന്നു. ഉറവിൽനിന്നു ശേഖരിക്കുമ്പോൾ വെള്ളം ഏതാണ്ട് തിളയ്ക്കുന്ന അവസ്ഥയിലായിരിക്കും. എന്നാൽ ഏതാണ്ട് 15 മണിക്കൂർ ദൈർഘ്യമുള്ള ദുഷ്കരമായ യാത്രയുടെ അവസാനം ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ എദോയിലെ അരമനയിൽ ഷോഗുനിന് നീരാടാൻ പാകത്തിനുള്ള ചൂടായിരിക്കും വെള്ളത്തിന്!
[കടപ്പാട്]
A Chronological Table of the History of Atami
[18-ാം പേജിലെ ചതുരം/ചിത്രം]
ഓൺസെൻ സ്നാനം—ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആദ്യംതന്നെ ഉഷ്ണജല ഉറവുകൾക്കു വെളിയിൽവെച്ച് സോപ്പുതേച്ചു നന്നായി കുളിക്കണം, ശരീരത്തിൽ സോപ്പിന്റെ അംശം ഒട്ടും അവശേഷിക്കാൻ പാടില്ല. ഇനി, തെളിഞ്ഞ, ധാതുക്കൾ നിറഞ്ഞ വെള്ളത്തിൽ മുങ്ങാവുന്നതാണ്. a ചില ഉറവുകളിലെ വെള്ളത്തിനു പൊള്ളുന്ന ചൂടായതിനാൽ മെല്ലെ മെല്ലെ മുങ്ങുന്നതാണു നല്ലത്. വെള്ളത്തിൽനിന്നു പുറത്തുവരുമ്പോൾ ശരീരത്തിൽ പറ്റിയിരിക്കുന്ന ധാതുക്കൾ അടങ്ങിയ വെള്ളം കഴുകിക്കളയരുത്. തോർത്തുകൊണ്ട് ശരീരം തുടയ്ക്കുകയേ ആകാവൂ. ശരീരത്തിൽ പറ്റിയിരിക്കുന്ന ധാതുക്കൾ നിങ്ങളുടെ ചർമത്തെ മൃദുവാക്കിയേക്കാമെന്നു കരുതപ്പെടുന്നു.
[അടിക്കുറിപ്പ്]
a പുരുഷന്മാർക്കും സ്ത്രീകൾക്കും വേണ്ടി പ്രത്യേകം വേർതിരിച്ച കുളിസ്ഥലങ്ങളിലെ പൊതുസ്നാനമാണ് ഓൺസെന്റെ മറ്റൊരു സവിശേഷത.
[19-ാം പേജിലെ ചിത്രങ്ങൾ]
വർഷത്തിന്റെ ഏതു സമയത്തും ആളുകൾ ഉഷ്ണജല ഉറവുകളിലെ കുളി ആസ്വദിക്കുന്നു
[കടപ്പാട്]
ശരത്കാലം: Yubara, Okayama Prefecture; ശൈത്യകാലം: The Mainichi Newspapers
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Hakkoda Onsen Yusen