നിങ്ങളുടെ ത്വക്ക് ഒരു “നഗര മതിൽ”
നിങ്ങളുടെ ത്വക്ക് ഒരു “നഗര മതിൽ”
പുരാതന നഗരങ്ങളിലെ നിവാസികൾ, പുറത്തുനിന്നുള്ള ആക്രമണകാരികളെ തടയാൻ പ്രതിരോധ മതിലുകൾ നിർമിച്ചിരുന്നു. മുന്നേറിക്കൊണ്ടിരിക്കുന്ന ശത്രുക്കളെ തടയാനും പ്രതിരോധകർക്ക് നിലയുറപ്പിച്ചുകൊണ്ട് നഗരത്തെ സംരക്ഷിക്കാനും ഉള്ള ശക്തമായ ഉപാധിയായി നഗര മതിൽ ഉതകി. സമാനമായി നിങ്ങളുടെ ശരീരത്തിലും ഒരു സംരക്ഷക “മതിൽ” ഉണ്ട്. അതാണു ത്വക്ക്. ആക്രമണകാരികളിൽനിന്ന് ത്വക്ക് എങ്ങനെയാണു നിങ്ങളെ സംരക്ഷിക്കുന്നത്?
നിങ്ങളുടെ ത്വക്കിന്റെ ഉപരിതലം ബാക്ടീരിയകൾ, മറ്റു സൂക്ഷ്മാണുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇവയിൽ ചിലത് അണുബാധയ്ക്കോ രോഗത്തിനോ ഇടയാക്കിയേക്കാം. നിങ്ങളുടെ ത്വക്ക് കേവലം നിഷ്ക്രിയമായ ഒരു പ്രതിരോധമല്ല. പ്രതിരോധകർ ആയി വർത്തിക്കുന്ന, സൂക്ഷ്മാണുപ്രതിരോധക മാംസ്യങ്ങൾ അഥവാ പെപ്റ്റൈഡുകൾ ഉത്പാദിപ്പിച്ചുകൊണ്ട് അത് ആക്രമണകാരികളെ തുരത്തുന്നതായും കാണുന്നു. ഇവയിൽ ചിലത് എപ്പോഴും ഡ്യൂട്ടിയിലായിരിക്കും. മറ്റു ചിലതാകട്ടെ, ത്വക്കിന് ഹാനി സംഭവിക്കുന്ന സമയത്ത് പ്രതിരോധത്തിനായി അണിനിരക്കും.
സൂക്ഷ്മാണുപ്രതിരോധക പെപ്റ്റൈഡുകളുടെ കണ്ടെത്തപ്പെട്ട ആദ്യത്തെ രണ്ടു കൂട്ടങ്ങൾ ഡിഫെൻസിൻസ് എന്നും കാത്തെലിസൈഡിൻസ് എന്നുമാണ് അറിയപ്പെടുന്നത്. ആവശ്യം വരുന്ന സമയത്തു പ്രതിരോധിക്കാൻ എത്തുന്നവയാണ് ഇവ. ത്വക്കിൽ ക്ഷതമോ വീക്കമോ ഉണ്ടാകുന്നതിനോടുള്ള പ്രതികരണമായി ത്വക്കിന്റെ ഉപരിപാളിയിലുള്ള കോശങ്ങളാണ് ഈ രണ്ടു കൂട്ടം പ്രതിരോധകങ്ങളെ സ്രവിപ്പിക്കുന്നത്. ഇവ ആക്രമണകാരികളുടെ കോശസ്തരത്തിൽ ദ്വാരങ്ങൾ വീഴ്ത്തിക്കൊണ്ട് അവയെ വകവരുത്തും.
രോഗാണുക്കളോട് ഏറ്റുമുട്ടുന്ന മറ്റൊരുതരം മാംസ്യത്തെ ജർമനിയിലെ ട്യൂബിങ്ഗൻ സർവകലാശാലയിലെ ഗവേഷകരുടെ ഒരു സംഘം 2001-ൽ കണ്ടെത്തുകയുണ്ടായി. ഡെർമിസൈഡിൻ എന്നു വിളിക്കുന്ന ഇത് സദാ പ്രവർത്തനനിരതമാണ്. മറ്റു രണ്ടു കൂട്ടങ്ങളിൽനിന്നു വ്യത്യസ്തമായി ഡെർമിസൈഡിൻ ഉത്പാദിപ്പിക്കപ്പെടുന്നത് ആരോഗ്യമുള്ള ത്വക്കിലെ സ്വേദ ഗ്രന്ഥികളിലാണ്. ഈ മാംസ്യത്തിന്റെ പ്രവർത്തന രീതി ഇപ്പോഴും അജ്ഞാതമാണ്. എന്നിരുന്നാലും, രോഗങ്ങളെ അകറ്റിനിറുത്താൻ സ്വേദനം അഥവാ വിയർക്കൽ സഹായിക്കുന്നു എന്ന വസ്തുത, ദേഹം അമിതമായി വൃത്തിയാക്കുന്നവർക്ക് ത്വക്കിൽ അണുബാധയും എക്സിമയും (ഒരുതരം ചർമരോഗം) ഉണ്ടാകാൻ സാധ്യത കൂടുതലുള്ളതിന്റെ കാരണം വിശദീകരിച്ചേക്കാം.
പുരാതന നഗര മതിൽ പോലെ നമ്മുടെ ത്വക്ക് ശത്രുക്കളായ ആക്രമണകാരികൾക്കെതിരെ ഒരു പ്രതിബന്ധമായി വർത്തിക്കുന്നു. തീർച്ചയായും സങ്കീർത്തനക്കാരന്റെ പിൻവരുന്ന വാക്കുകളോട് നിങ്ങൾ യോജിക്കും: “യഹോവേ, നിന്റെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു”—സങ്കീർത്തനം 104:24. (g03 01/08)