വിശ്വാസത്തിന്റെ പരിശോധന
വിശ്വാസത്തിന്റെ പരിശോധന
ഗ്രേറ്റ് ബ്രിട്ടനിലെ ഉണരുക! ലേഖകൻ
ഇംഗ്ലണ്ടിലെ നോർത്ത് യോക്ഷയറിലുള്ള പ്രകൃതിരമണീയമായ ഒരു പട്ടണമാണ് റിച്ച്മണ്ട്. 1066-ലെ നോർമൻ അധിനിവേശത്തെ തുടർന്ന് ഏറെ താമസിയാതെ പണികഴിപ്പിക്കപ്പെട്ടതാണ് അവിടെയുള്ള പ്രഭുമന്ദിരം. ആ ഹർമ്യത്തിൽനിന്നു നോക്കിയാൽ സ്വേൽ നദി ഒഴുകുന്ന താഴ്വാരത്തിന്റെയും അതു ചെന്ന് അവസാനിക്കുന്ന യോക്ഷയർ ഡേൽസ് നാഷണൽ പാർക്കിന്റെയും നല്ലൊരു വീക്ഷണം ലഭിക്കും.
ദ റിച്ച്മണ്ട് സിക്സ്റ്റീൻ എന്ന ടെലിവിഷൻ ഡോക്യുമെന്ററി ആ ഹർമ്യത്തിന്റെ ആധുനിക ചരിത്രവുമായി ബന്ധപ്പെട്ട ഒരു സുപ്രധാന കാര്യത്തിലേക്ക്—ഒന്നാം ലോകമഹായുദ്ധ കാലത്ത് മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിച്ചതിന് അവിടെ തടവിൽ പാർപ്പിക്കപ്പെട്ട 16 വ്യക്തികൾക്ക് ഉണ്ടായ അനുഭവങ്ങളിലേക്ക്—വെളിച്ചം വീശുന്നു. അവർക്ക് എന്താണു സംഭവിച്ചത്?
നിർബന്ധമായി സൈന്യത്തിൽ ചേർക്കുന്നു
1914-ൽ ബ്രിട്ടൻ യുദ്ധം പ്രഖ്യാപിച്ചതിനെ തുടർന്ന് രാജ്യത്ത് അലയടിച്ച ദേശഭക്തി അതിന്റെ സായുധ സേനയിൽ ചേരാൻ 25 ലക്ഷത്തോളം പുരുഷന്മാരെ പ്രേരിപ്പിച്ചു. എന്നാൽ യുദ്ധത്തിൽ കൂടുതൽ സൈനികർ നഷ്ടമാകാൻ തുടങ്ങുകയും രാഷ്ട്ര നേതാക്കന്മാർ ഉറപ്പു നൽകിയതുപോലെ യുദ്ധം അത്ര പെട്ടെന്ന് അവസാനിക്കാൻ പോകുന്നില്ലെന്നു തെളിയുകയും ചെയ്തതോടെ “സൈന്യത്തിൽ ചേരാനുള്ള അഭ്യർഥന കൽപ്പനയ്ക്കു വഴിമാറി” എന്ന് ചരിത്രകാരനായ അലൻ ലോയിഡ് പറയുന്നു. അങ്ങനെ, 1916 മാർച്ചിൽ ബ്രിട്ടീഷ് ചരിത്രത്തിൽ ആദ്യമായി നിർബന്ധിത സൈനിക സേവനം നിലവിൽവന്നു. വിവാഹിതരല്ലാത്ത പുരുഷന്മാരെയാണ് ഈ വിധത്തിൽ സൈന്യത്തിലേക്ക് എടുത്തിരുന്നത്.
ഇതുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാനായി രണ്ടായിരം നീതിന്യായ കോടതികൾ സ്ഥാപിച്ചു. എന്നാൽ മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചവരിൽ വളരെ കുറച്ചു പേരെ മാത്രമേ സൈനിക സേവനത്തിൽനിന്നു പൂർണമായും ഒഴിവാക്കിയുള്ളൂ. ബാക്കിയുള്ളവരിൽ മിക്കവരോടും യുദ്ധത്തിന് ഇറങ്ങാതെതന്നെ യുദ്ധസംരംഭങ്ങളെ പിന്തുണയ്ക്കുന്ന സേവനവിഭാഗങ്ങളിൽ ചേരാൻ ഉത്തരവിട്ടു. അതിനു സമ്മതിക്കാതിരുന്നവരെ നിർബന്ധിത സൈനിക സേവനത്തിന് എടുക്കപ്പെട്ടവരായി കണക്കാക്കി സൈനിക കോടതികളിൽ വിചാരണ ചെയ്ത് തടവുശിക്ഷയ്ക്കു വിധിച്ചു. വളരെ പരുഷമായ പെരുമാറ്റത്തിന് ഇവർ വിധേയരായി. കൂടാതെ ഇവരിൽ പലർക്കും അതിശോചനീയമായ അവസ്ഥകളിൽ കഴിയേണ്ടതായും വന്നു.
റിച്ച്മണ്ട് ഹർമ്യത്തിൽ തടവിലാക്കപ്പെട്ട പതിനാറു പേർ
ഇവിടത്തെ പ്രഭുമന്ദിരത്തിൽ തടവിലാക്കപ്പെട്ടവരിൽ അഞ്ച് അന്തർദേശീയ ബൈബിൾ വിദ്യാർഥികൾ—യഹോവയുടെ സാക്ഷികൾ അന്ന് അറിയപ്പെട്ടിരുന്നത് അങ്ങനെയാണ്—ഉണ്ടായിരുന്നു. 1905-ൽ 15-ാം വയസ്സിൽ ഒരു ബൈബിൾ വിദ്യാർഥി ആയിത്തീർന്ന ഹെർബർട്ട് സീനിയർ ഏതാണ്ട് 50 വർഷത്തിനു ശേഷം ഇങ്ങനെ എഴുതി: “സെല്ലുകളിലല്ല, ഇരുട്ടറകളിലാണു ഞങ്ങളെ പാർപ്പിച്ചിരുന്നത് എന്നു പറയുന്നതാവും കൂടുതൽ ശരി. വർഷങ്ങളായി അവ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു എന്നു തോന്നുന്നു, കാരണം നിലത്ത് [രണ്ടുമൂന്ന് ഇഞ്ച്] കനത്തിലാണ് ചപ്പുചവറുകൾ കിടന്നിരുന്നത്.” സെല്ലുകളിലെ വെള്ളപൂശിയ ഭിത്തികളിൽ തടവുകാർ കോറിയിട്ട ചിത്രങ്ങളും കുറിച്ചിട്ട എഴുത്തുകളും അടുത്തകാലത്ത് പരസ്യപ്പെടുത്തുകയുണ്ടായി. ഇവ ഇപ്പോൾ മങ്ങിപ്പോയിരിക്കുന്നു, ചില സ്ഥലങ്ങളിലെ എഴുത്തുകളും മറ്റും വായിച്ചെടുക്കാൻ കഴിയില്ല. പേരുകൾ, സന്ദേശങ്ങൾ, പ്രിയപ്പെട്ടവരുടെ ചിത്രങ്ങൾ, കൂടാതെ തങ്ങളുടെ വിശ്വാസങ്ങൾ പ്രകടമാക്കുന്ന പ്രസ്താവനകൾ എല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഒരു തടവുകാരൻ ഇങ്ങനെ എഴുതി: “തത്ത്വനിഷ്ഠയില്ലാത്തതിന്റെ പേരിൽ മരിക്കേണ്ടി വരുന്നതിനെക്കാൾ ഒരു തത്ത്വം മുറകെപ്പിടിക്കുന്നതിന്റെ പേരിൽ മരിക്കുന്നതാണ് നല്ലതെന്നു ഞാൻ കരുതുന്നു.” പല സന്ദേശങ്ങളിലും യേശുക്രിസ്തുവിനെയും അവന്റെ പഠിപ്പിക്കലുകളെയും കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടുന്നു. കൂടാതെ, അന്ന് അന്തർദേശീയ ബൈബിൾ വിദ്യാർഥി സംഘടന (ഐബിഎസ്എ) ഉപയോഗിച്ചിരുന്ന ചിഹ്നമായ ‘കുരിശും കിരീടവും’ ഭിത്തികളിൽ ശ്രദ്ധാപൂർവം വരച്ചിട്ടിട്ടുണ്ട്. യുഗങ്ങളുടെ ദൈവിക നിർണയം (ഇംഗ്ലീഷ്) എന്ന ബൈബിളധ്യയന സഹായിയിൽനിന്നുള്ള “യുഗങ്ങളുടെ ചാർട്ട്” തന്നെ പാർപ്പിച്ചിരുന്ന സെല്ലിന്റെ ഭിത്തിയിൽ താൻ വരച്ചതായി ഹെർബർട്ട് സീനിയർ പറഞ്ഞു. എന്നാൽ അത് ഇതുവരെ കണ്ടെത്താൻ ആയിട്ടില്ല. ഒരുപക്ഷേ പ്രധാന ബ്ലോക്കിന്റെയും മറ്റും ഭിത്തികളിലെ ചില എഴുത്തുകൾ പോലെ അതും മാഞ്ഞുപോയിരിക്കാം. മറ്റൊരിടത്ത്
ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ലിഡ്സിലെ ക്ലാരൻസ് ഹാൾ, ഐബിഎസ്എ. 1916 മേയ് 29. ഫ്രാൻസിലേക്ക് അയയ്ക്കപ്പെട്ടു.’ഫ്രാൻസിലേക്കും തിരിച്ചും!
ഫ്രാൻസിലും ബെൽജിയത്തിലും യുദ്ധത്തിൽ കൊല്ലപ്പെടുന്ന സൈനികരുടെ എണ്ണം ആശങ്കാജനകമാം വിധം കുതിച്ചുയർന്നു. യുദ്ധകാര്യങ്ങൾക്കു മേൽനോട്ടം വഹിച്ചിരുന്ന മന്ത്രി ഹൊറേഷോ ഹെർബർട്ട് കിച്ച്നറിനും ബ്രിട്ടീഷ് ജനറലായിരുന്ന ഡഗ്ലസ് ഹേഗിനും അടിയന്തിരമായി കുറെ സൈനികരുടെകൂടെ ആവശ്യമുണ്ടെന്നു തോന്നി. തുടർന്ന് വിവാഹിതരായ പുരുഷന്മാരെ കൂടെ 1916 മേയ് മാസത്തോടെ നിർബന്ധമായി സൈന്യത്തിലേക്ക് എടുത്തു തുടങ്ങി. യുദ്ധത്തിൽ ചേരാൻ ആളുകളുടെ മേൽ സമ്മർദം ചെലുത്തുന്നതിനായി അവർ ഒരു തന്ത്രം ആവിഷ്കരിച്ചു, മനസ്സാക്ഷിപരമായ കാരണങ്ങളാൽ യുദ്ധത്തിനു ചേരാൻ വിസമ്മതിച്ചവരെ മറ്റുള്ളവർക്കുള്ള ഒരു താക്കീത് എന്ന നിലയിൽ ശിക്ഷിക്കുക. അങ്ങനെ റിച്ച്മണ്ട് ഹർമ്യത്തിൽ പാർപ്പിച്ചിരുന്ന പതിനാറു തടവുകാരെ കൈകളിൽ വിലങ്ങണിയിച്ച് തോക്കുധാരികളായ സൈനികരുടെ അകമ്പടിയോടെ നിയമവിരുദ്ധമായി ഒരു ട്രെയിനിൽ കയറ്റി ഫ്രാൻസിലേക്കു കൊണ്ടുപോയി. രഹസ്യമായി ഒരു വളഞ്ഞവഴിയിലൂടെയാണ് അവരെ കൊണ്ടുപോയത്. അവിടെ ബൂലോൻ ബീച്ചിൽ, “ഈ പുരുഷന്മാരെ ക്രൂശിലേറ്റുന്നതുപോലെ പോസ്റ്റുകളിൽ വേലിക്കമ്പികൊണ്ട് കെട്ടിയിട്ടു”വെന്ന് ഹെറിറ്റേജ് മാസിക പറയുന്നു. ഓടിപ്പോയ ഒരു ബ്രിട്ടീഷ് സൈനികനെ അവരുടെ കൺമുമ്പിൽവെച്ച് വെടിവെച്ചുകൊന്നു. കൽപ്പനകൾ അനുസരിച്ചില്ലെങ്കിൽ അവരുടെയും ഗതി അതുതന്നെയായിരിക്കുമെന്ന് അവർക്കു മുന്നറിയിപ്പു ലഭിച്ചു.
1916 ജൂൺ മധ്യത്തിൽ ഈ തടവുകാരെ അവരുടെ മരണവിധി കേൾപ്പിക്കാനായി 3,000 പേരടങ്ങുന്ന ഒരു സൈന്യത്തിന്റെ മുന്നിലൂടെ മാർച്ച് ചെയ്യിച്ചു. എന്നാൽ ഈ സമയമായപ്പോഴേക്കും കിച്ച്നർ മരണമടയുകയും ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രശ്നത്തിൽ ഇടപെടുകയും ചെയ്തിരുന്നു. കോഡ് ഭാഷയിലുള്ള സന്ദേശം അടങ്ങിയ ഒരു പോസ്റ്റ്കാർഡ് ലണ്ടനിലെ അധികാരികൾക്കു ലഭിച്ചതിനെ തുടർന്ന് സൈനിക ഉത്തരവ് പിൻവലിക്കപ്പെട്ടിരുന്നു. അങ്ങനെ മരണശിക്ഷകളെല്ലാം പത്തു വർഷത്തെ കഠിനതടവായി ഇളച്ചുകൊടുക്കാനുള്ള ഉത്തരവ് ജനറൽ ഹേഗിനു ലഭിച്ചു.
ബ്രിട്ടനിൽ തിരിച്ചെത്തിയപ്പോൾ ഈ 16 തടവുകാരിൽ ചിലരെ സ്കോട്ട്ലൻഡിലെ ഒരു കരിങ്കൽമടയിലേക്കു കൊണ്ടുപോയി. ഒരു ഔദ്യോഗിക റിപ്പോർട്ട് പറയുന്നതുപോലെ, ഭയാനകമായ ചുറ്റുപാടിൽ “ദേശീയ പ്രാധാന്യമുള്ള വേല” ചെയ്യാൻ. ഹെർബർട്ട് സീനിയർ ഉൾപ്പെടെയുള്ള ശേഷിച്ചവരെ സൈനികേതര ജയിലുകളിലേക്ക് അയച്ചു.
പിൻതലമുറകളുടെ മേലുള്ള സ്വാധീനം
ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടനയുടെ മേൽനോട്ടത്തിൽ റിച്ച്മണ്ട് ഹർമ്യത്തിൽ ഇപ്പോൾ ഒരു സമഗ്ര എക്സിബിഷൻ പരിപാടി നടക്കുന്നുണ്ട്. അറകളുടെ ഭിത്തികൾ ദുർബലാവസ്ഥയിൽ ആയിരിക്കുന്നതിനാൽ ചില പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടർ സ്ക്രീനിൽ തൊടുമ്പോൾ അറകളുടെയും ഭിത്തികളുടെയുമൊക്കെ ത്രിമാന ചിത്രങ്ങൾ തെളിഞ്ഞുവരും. അങ്ങനെ അറകൾക്കും ഭിത്തികളിലെ ചിത്രങ്ങൾക്കും എഴുത്തുകൾക്കുമൊന്നും കുഴപ്പംവരാതെതന്നെ അവയൊക്കെ അടുത്തുനിരീക്ഷിക്കാൻ സന്ദർശകർക്കു കഴിയുന്നു. മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിച്ച വ്യക്തികൾ തങ്ങൾ ആത്മാർഥമായി വിശ്വസിച്ചിരുന്ന കാര്യങ്ങളുടെ പേരിൽ ശിക്ഷകളും ജയിൽവാസവും വേണ്ടിവന്നാൽ വധശിക്ഷപോലും ഏറ്റുവാങ്ങാൻ ഒരുക്കമായിരുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാക്കാൻ വിദ്യാർഥികളുടെ കൂട്ടങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു.
“മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിക്കുക എന്ന നിലപാട് പൊതുജനത്തിന്റെ ശ്രദ്ധയിലേക്കു കൊണ്ടുവരുന്നതിലും ആ നടപടിക്ക് അംഗീകാരവും ബഹുമതിയും നേടിക്കൊടുക്കുന്നതിലും” റിച്ച്മണ്ട് ഹർമ്യത്തിൽ തടവിലാക്കപ്പെട്ട 16 പേർ വിജയിച്ചു. ഇത് രണ്ടാം ലോകമഹായുദ്ധകാലത്ത് മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈനിക സേവനത്തിനു വിസമ്മതിക്കുന്നവരെന്ന നിലയിൽ പേർ രജിസ്റ്റർ ചെയ്തവരോട് അധികാരികൾ കൂടുതൽ പരിഗണനയോടെയുള്ള സമീപനം കൈക്കൊള്ളുന്നതിന് ഇടയാക്കി.
റിച്ച്മണ്ട് പ്രഭുമന്ദിരത്തിൽ തടവിലാക്കപ്പെട്ടവരുടെ ധാർമിക വിശ്വാസങ്ങൾക്കുള്ള ബഹുമതി എന്ന നിലയിൽ 2002-ൽ ഹർമ്യത്തിന്റെ അങ്കണത്തിൽ മനോഹരമായ ഒരു പൂങ്കാവനം ഭാഗികമായി അവരുടെ സ്മരണയ്ക്കായി സമർപ്പിക്കപ്പെട്ടു. (g04 2/22)
[12, 13 പേജുകളിലെ ചിത്രങ്ങൾ]
ഇടത്തുനിന്ന്: 12-ാം നൂറ്റാണ്ടിലെ റിച്ച്മണ്ട് ഹർമ്യ ഗോപുരം, തടവുപുള്ളികളെ പാർപ്പിച്ചിരുന്ന സെല്ലുകളുള്ള ബ്ലോക്ക്
ഹെർബർട്ട് സീനിയർ, പതിനാറു പേരിൽ ഒരാൾ
പതിനാറു തടവുകാരിൽ ചിലരെ പാർപ്പിച്ചിരുന്ന ഒരു സെൽ
പശ്ചാത്തലത്തിൽ: പോയ വർഷങ്ങളിൽ തടവുകാർ അറകളുടെ ഭിത്തിയിൽ കോറിയിട്ട ചിത്രങ്ങളും എഴുത്തുകളും