ആണവ യുദ്ധം ഇന്നും ഒരു ഭീഷണിയോ?
ആണവ യുദ്ധം ഇന്നും ഒരു ഭീഷണിയോ?
ജപ്പാനിലെ ഉണരുക! ലേഖകൻ
“ചിന്തിക്കുന്ന ഏതൊരാളും ആണവ യുദ്ധത്തെ ഭയപ്പെടുന്നു, സാങ്കേതികവിദ്യ കൈവശമുള്ള ഏതൊരു രാജ്യവും അതിനായി ഒരുക്കങ്ങൾ നടത്തുന്നു. അതു വെറും ഭ്രാന്താണെന്ന് എല്ലാവർക്കും അറിയാം, എന്നാൽ ഓരോ രാജ്യത്തിനും നിരത്താൻ എന്തെങ്കിലും ന്യായമുണ്ട്.” —ജ്യോതിശ്ശാസ്ത്രജ്ഞനായ കാൾ സേഗാൻ.
1945 ആഗസ്റ്റ് 6, ഒരു അമേരിക്കൻ പോർവിമാനം ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബിട്ടു. നൊടിയിടയിൽ അത് ആ നഗരത്തെ ഒരു ശവപ്പറമ്പാക്കി മാറ്റി. വസ്തുവകകൾക്കു വൻനാശം സംഭവിച്ചു. യുദ്ധത്തിൽ ഉപയോഗിച്ച ആദ്യത്തെ അണുബോംബായിരുന്നു ഇത്. 3,43,000 നിവാസികൾ ഉണ്ടായിരുന്ന നഗരത്തിന്റെ 13 ചതുരശ്ര കിലോമീറ്റർ ഭാഗം സ്ഫോടനത്തിൽ നിശ്ശേഷം തകർന്നു. നഗരത്തിലെ നിർമിതികളുടെ മൂന്നിൽ രണ്ടു ഭാഗത്തിലധികവും നശിപ്പിക്കപ്പെട്ടു. കുറഞ്ഞപക്ഷം 70,000 പേർ മരിച്ചു, 69,000 പേർക്കു പരിക്കേറ്റു. മൂന്നു ദിവസത്തിനു ശേഷം മറ്റൊരു അണുബോംബ് നാഗസാക്കിയിൽ പതിച്ചു. ഏകദേശം 39,000 പേർ കൊല്ലപ്പെടുകയും 25,000 പേർക്കു പരിക്കേൽക്കുകയും ചെയ്തു. നഗരത്തിലെ പകുതിയോളം നിർമിതികൾ പൂർണമായോ ഭാഗികമായോ നശിച്ചു. മനുഷ്യ ചരിത്രത്തിൽ അതിനു മുമ്പ് ഒരിക്കലും അത്ര ശക്തമായ ഒരു ആയുധം പ്രയോഗിക്കപ്പെട്ടിരുന്നില്ല. ലോകം മാറിക്കഴിഞ്ഞിരുന്നു. അത് ആണവ യുഗത്തിലേക്കു പ്രവേശിച്ചിരുന്നു. ഏതാനും വർഷങ്ങൾക്കുള്ളിൽ ഐക്യനാടുകൾ, മുൻ സോവിയറ്റ് യൂണിയൻ, ഗ്രേറ്റ് ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ കുറെക്കൂടെ നശീകരണശേഷിയുള്ള ഹൈഡ്രജൻ ബോംബുകൾ വികസിപ്പിച്ചെടുത്തു.
ശീതയുദ്ധം—കമ്മ്യൂണിസ്റ്റ്, കമ്മ്യൂണിസ്റ്റേതര രാജ്യങ്ങൾ തമ്മിൽ നിലനിന്ന ശത്രുത—അത്യുഗ്രശേഷിയുള്ള ആണവായുധങ്ങളും വിക്ഷേപണ സംവിധാനങ്ങളും വികസിപ്പിച്ചെടുക്കുന്നതിനു വഴിതെളിച്ചു. ഐസിബിഎം-കളുടെ (ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ) വരവോടെ മുഴുലോകത്തെയും ഭീതി ഗ്രസിച്ചു. 5,600 കിലോമീറ്ററിലും അകലെ സ്ഥിതിചെയ്യുന്ന രാജ്യങ്ങളിലെ ലക്ഷ്യസ്ഥാനങ്ങളിൽ ആണവ ആക്രമണം നടത്താൻ കെൽപ്പുള്ളവയായിരുന്നു അവ, ലക്ഷ്യം കാണാൻ അവയ്ക്കു മണിക്കൂറുകൾ വേണ്ട മിനിട്ടുകൾ മതി. 192 വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങൾ തകർക്കാൻ ആവശ്യമായ ആണവ മിസൈലുകൾ സജ്ജീകരിച്ച അന്തർവാഹിനികൾ നിർമിക്കപ്പെട്ടു. ഒരു സമയത്ത്, 50,000-ത്തോളം പോർമുനകൾ വരെ ആണവായുധപ്പുരകളിൽ സംഭരിക്കപ്പെട്ടു! ഒരു ആണവ അർമഗെദോൻ എന്നു ചില ആളുകൾ വിശേഷിപ്പിച്ച, വിജയികൾ ഉണ്ടായിരിക്കുകയില്ലാത്ത ഒരു യുദ്ധത്തിന്റെ വക്കിലായിരുന്നു ശീതയുദ്ധകാലത്ത് ലോകം.
ശീതയുദ്ധത്തിന്റെ അന്ത്യം
“ഇരു വൻശക്തികളും തങ്ങളുടെ ആന്റിബാലിസ്റ്റിക് മിസൈലുകൾക്കും അണ്വായുധ വാഹകശേഷിയുള്ള തന്ത്രപ്രധാന മിസൈലുകൾക്കും പരിധികൾ ഏർപ്പെടുത്തിക്കൊണ്ട് ഉണ്ടാക്കിയ സാൾട്ട് (SALT) [സ്ട്രാറ്റജിക് ആംസ് ലിമിറ്റേഷൻ ടോക്സ്]1, സാൾട്ട് 2 കരാറുകളിൽ വ്യക്തമാകുന്നതുപോലെ” 1970-കളിൽ ശീതയുദ്ധത്തിന്റെ പിരിമുറുക്കത്തിന് അയവുവന്നു എന്ന് ദി എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക വിശദീകരിക്കുന്നു. തുടർന്ന്, 1980-കളുടെ അവസാനത്തോടെ ശീതയുദ്ധത്തിന്റെ മഞ്ഞുരുകുകയും ഒടുവിൽ അത് അലിഞ്ഞില്ലാതാവുകയും ചെയ്തു.
“ശീതയുദ്ധത്തിന്റെ സമാപനം ഐക്യനാടുകളും റഷ്യയും തമ്മിലുള്ള ആണവായുധ പന്തയത്തിന്റെയും ഏറ്റുമുട്ടലുകളുടെയും ദീർഘകാല ചരിത്രം അവസാനിക്കുകയാണെന്ന പ്രത്യാശ ഉണർത്തി” എന്ന് കാർണെഗി എൻഡോവ്മെന്റ് ഫോർ ഇന്റർനാഷണൽ പീസ് എന്ന സംഘടനയുടെ ഒരു റിപ്പോർട്ടു പറയുന്നു. ആണവ നിരായുധീകരണ ശ്രമങ്ങളുടെ ഫലമായി, അടുത്തകാലത്ത് നൂറുകണക്കിന് അണ്വായുധപ്പുരകൾ പൊളിച്ചുനീക്കുകയുണ്ടായി. 1991-ൽ സോവിയറ്റ് യൂണിയനും ഐക്യനാടുകളും തന്ത്രപ്രധാനമായ ആക്രമണായുധങ്ങളുടെ വെട്ടിച്ചുരുക്കലും നിയന്ത്രണവും സംബന്ധിച്ചുള്ള ഒരു ഉടമ്പടിയിൽ ഒപ്പുവെച്ചു. ഇത് ചരിത്രത്തിൽ ആദ്യമായി ഇരു ആണവശക്തികളെയും തങ്ങളുടെ തന്ത്രപ്രധാന പോർമുനകളുടെ എണ്ണം പരിമിതപ്പെടുത്താൻ മാത്രമല്ല യുദ്ധസജ്ജമായി വിന്യസിച്ചിരിക്കുന്നവയുടെ എണ്ണം 6,000 വീതമായി വെട്ടിച്ചുരുക്കാനുമുള്ള ബാധ്യതയിൻ കീഴിൽ കൊണ്ടുവന്നു. പരസ്പരം സമ്മതിച്ചിരുന്നതുപോലെതന്നെ തന്ത്രപ്രധാന ആണവ പോർമുനകളുടെ എണ്ണം വെട്ടിച്ചുരുക്കിക്കൊണ്ട് തങ്ങൾ ഉടമ്പടി അനുസരിച്ചു പ്രവർത്തിച്ചിരിക്കുന്നു എന്ന് 2001-ന്റെ അവസാനത്തോടെ ഇരു കക്ഷികളും പ്രഖ്യാപിച്ചു. തുടർന്ന്
2002-ൽ, അടുത്ത പത്തു വർഷങ്ങളിൽ പോർമുനകളുടെ എണ്ണം വീണ്ടും വെട്ടിച്ചുരുക്കി 1,700-നും 2,200-നും മധ്യേ ആക്കാൻ കടപ്പാടിലാക്കുന്ന മോസ്കോ ഉടമ്പടി അംഗീകരിക്കപ്പെട്ടു.അത്തരം സംഭവവികാസങ്ങൾ എല്ലാം ഉണ്ടായെങ്കിലും “ആണവ യുദ്ധ ഭീഷണിയുടെ കാര്യത്തിൽ ആശ്വസിക്കാൻ ഇനിയും സമയമായിട്ടില്ല” എന്നാണ് യുഎൻ സെക്രട്ടറി ജനറൽ കോഫി ആന്നന്റെ പക്ഷം. “21-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ ആണവ സംഘട്ടനം വളരെ യഥാർഥവും അതിഭയാനകവുമായ ഒരു സാധ്യതയായി നിലനിൽക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കടകരമെന്നു പറയട്ടെ, ഒരു ആണവ വിപത്ത്—ഹിരോഷിമയിലും നാഗസാക്കിയിലും സംഭവിച്ചതിനെക്കാൾ ഏറെ ഭീകരമായ ഒന്ന്—ഇന്നും ഒരു ഭീഷണി തന്നെയാണ്. ആരാണ് ഭീഷണി ഉയർത്തുന്നത്? അതിലും പ്രധാനമായി, അത് ഒഴിവാക്കാനാകുമോ? (g04 3/8)