ആമാറ്റെ—മെക്സിക്കോയുടെ പപ്പൈറസ്
ആമാറ്റെ—മെക്സിക്കോയുടെ പപ്പൈറസ്
മെക്സിക്കോയിലെ ഉണരുക! ലേഖകൻ
മെക്സിക്കൻ ജനതയ്ക്ക് സമ്പന്നവും വശ്യവുമായ ഒരു ചരിത്രമുണ്ട്. ഭൂതകാലത്തിൽ മൺമറഞ്ഞുപോകാതെ സംരക്ഷിച്ചു വെച്ചിരിക്കുന്ന വിലയേറിയ സാംസ്കാരിക സമ്പത്തിൽപ്പെടുന്നവയാണ് “പ്രമാണപത്രങ്ങൾ”—ചിത്രലിപികൾകൊണ്ടുള്ള കൈയെഴുത്തു പ്രതികൾ അല്ലെങ്കിൽ കൈയെഴുത്തു പുസ്തകങ്ങൾ. ഇവ ചരിത്രം, ശാസ്ത്രം, മതം, കാലഗണന എന്നീ മേഖലകളെ കുറിച്ചും ആസ്ടെക്കുകൾ, മായകൾ എന്നീ ജനതകൾ ഉൾപ്പെടെ മെസോ-അമേരിക്കയിലെ വികസിത സംസ്കാരങ്ങളുടെ ദൈനംദിന ജീവിതചര്യയെ കുറിച്ചുമുള്ള അറിവിന്റെ ഭണ്ഡാരത്തിലേക്കു തുറക്കുന്ന വാതായനങ്ങളാണ്. അസാമാന്യ പ്രാവീണ്യമുള്ള റ്റ്ലാക്വീലോസ് അഥവാ പകർപ്പെഴുത്തുകാർ പല വസ്തുക്കളിൽ തങ്ങളുടെ ചരിത്രം കോറിയിട്ടു.
ഈ കൈയെഴുത്തു പുസ്തകങ്ങളിൽ ചിലത് തുണിക്കഷണങ്ങൾ, മാൻതോല്, മഗേ ചെടിയിൽനിന്ന് ഉണ്ടാക്കുന്ന കടലാസ് എന്നിവകൊണ്ട് നിർമിച്ചതാണെങ്കിലും ഇതിന് ഉപയോഗിച്ച മുഖ്യ പദാർഥം ആമാറ്റെ ആയിരുന്നു. നാവാറ്റ്ൽ ഭാഷയിലെ അമാറ്റ്ൽ എന്ന വാക്കിൽനിന്നാണ്, കടലാസ് എന്നർഥമുള്ള ആമാറ്റെ എന്ന പേരുവന്നത്. മോരേസ്യേ വൃക്ഷകുടുംബത്തിലെ ഫൈക്കസ് ജനുസ്സിൽപ്പെട്ട ഒരു അത്തിമരത്തിന്റെ പട്ടയിൽനിന്നാണ് ആമാറ്റെ ഉണ്ടാക്കിയിരുന്നത്. എൻസൈക്ലോപീഡിയ ഡെ മെക്സിക്കോ പറയുന്നതനുസരിച്ച്, “തായ്ത്തടി, ഇലകൾ, പൂക്കൾ, ഫലം എന്നിവ സൂക്ഷ്മമായി പരിശോധിക്കാതെ ഫൈക്കസ് മരങ്ങളുടെ വിവിധ ഇനങ്ങൾ തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്.” വിവിധതരം ഫൈക്കസുകളെ
വെള്ള ആമാറ്റെ, വെള്ള കാട്ടാമാറ്റെ, കടുംതവിട്ട് ആമാറ്റെ എന്നിങ്ങനെ തരംതിരിച്ചിരിക്കുന്നു.ഇതിന്റെ നിർമാണം
16-ാം നൂറ്റാണ്ടിൽ സ്പെയിൻകാരുടെ ജയിച്ചടക്കലിനെ തുടർന്ന് ആമാറ്റെയുടെ ഉത്പാദനത്തിനു തടയിടുന്നതിനുള്ള ഉദ്യമങ്ങൾ അരങ്ങേറുകയുണ്ടായി. എന്തുകൊണ്ട്? സ്പെയിൻകാരുടെ വീക്ഷണത്തിൽ ഇത് തങ്ങളുടെ അധിനിവേശത്തിനു മുമ്പുള്ളതും കത്തോലിക്ക സഭ കുറ്റംവിധിച്ചതുമായ മതാചാരങ്ങളുമായി അടുത്തു ബന്ധമുള്ളതായിരുന്നു. സ്പാനീഷ് കത്തോലിക്ക സന്ന്യാസിയായിരുന്ന ഡ്യേഗോ ഡൂറാൻ തന്റെ കൃതിയായ ഇസ്റ്റോറ്യാ ഡെ ലാസ് ഇൻഡ്യാസ് ഡെ ന്യൂവാ എസ്പാന്യാ എ ഇസ്ലാസ് ഡെ ലാ റ്റ്യെറാ ഫിർമെയിൽ (നവീന സ്പെയിൻ ഇൻഡീസിന്റെയും ടെറാ ഫേമാ ദ്വീപുകളുടെയും ചരിത്രം) പറയുന്നതനുസരിച്ച് തദ്ദേശവാസികൾ, “തങ്ങളുടെ പൂർവപിതാക്കന്മാരുടെ ചരിത്രം വളരെ വിശദമായി കുറിച്ചുവെച്ചിരുന്നു. അജ്ഞതയിൽനിന്ന് ഉടലെടുത്ത എരിവിൽ അവയെല്ലാം നശിപ്പിക്കപ്പെട്ടില്ലായിരുന്നെങ്കിൽ നമുക്കു വളരെയധികം വെളിച്ചം പകരാൻ ഇവയ്ക്കു കഴിയുമായിരുന്നു. കാരണം വകതിരിവില്ലാത്ത ചിലർ ഈ പ്രമാണങ്ങളെ വിഗ്രഹങ്ങൾ ആയി കണക്കാക്കുകയും അവയെ ചുട്ടെരിക്കുകയും ചെയ്തു. വാസ്തവത്തിൽ അവ ഓർമകളിൽ മങ്ങാതെ സൂക്ഷിക്കാൻ തക്ക മൂല്യമുള്ള ചരിത്ര വസ്തുതകൾ ആയിരുന്നു.”
എന്നിരുന്നാലും, പരമ്പരാഗതമായി തുടർന്നുപോന്ന ആമാറ്റെ കടലാസു നിർമാണം നിറുത്തലാക്കാൻ നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. സന്തോഷകരമെന്നു പറയട്ടെ ആ വിദ്യ ഇന്നുവരെയും അതിജീവിച്ചിരിക്കുന്നു. പ്വെബ്ല സംസ്ഥാനത്തുള്ള ഉത്തര സിയെറാ ഗിരിനിരകളിൽ സ്ഥിതിചെയ്യുന്ന പാവാറ്റ്ലാൻ മുനിസിപ്പാലിറ്റിയിലെ സാൻ പാബ്ലീറ്റോ പോലുള്ള സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള കടലാസ് നിർമാണം ഇപ്പോഴുമുണ്ട്. ഫിലിപ്പ് രണ്ടാമൻ രാജാവിന്റെ കൊട്ടാര വൈദ്യനായ ഫ്രാൻതിസ്കോ എർനാൻഡെത്ത് രേഖപ്പെടുത്തിയ വിവരങ്ങൾ ഉദ്ധരിച്ചുകൊണ്ട് ആർക്കേയോളോഹിയ മെഹികേനേ (മെക്സിക്കൻ പുരാവസ്തുശാസ്ത്രം) എന്ന മാസിക പറയുന്നതനുസരിച്ച്, “കടലാസു നിർമാതാക്കൾ ഇളംശാഖകൾ ഒഴിവാക്കി, വളർച്ചയെത്തിയ കട്ടിയുള്ള ശിഖരങ്ങൾ മാത്രമേ മുറിക്കുമായിരുന്നുള്ളൂ. എന്നിട്ട്, ഈ തടി മാർദവപ്പെടുത്തുന്നതിന് രാത്രിയിൽ ഇവ സമീപത്തുള്ള നദിയിലോ അരുവികളിലോ ഊറയ്ക്കിടുമായിരുന്നു. പിറ്റേദിവസം, മരപ്പട്ട തടിയുടെ കാതലിൽനിന്ന് പൊളിച്ചെടുത്തിട്ട് പുറംതോടും അകത്തെ തൊലിയും തമ്മിൽ വേർതിരിച്ച് അകംതൊലി ശേഖരിക്കും.” വൃത്തിയാക്കിയശേഷം അകംതൊലിയുടെ കനം കുറഞ്ഞ ചെറിയ പാളികൾ ഓരോന്നായി ഒരു പരന്ന പ്രതലത്തിൽ നിരത്തിയിട്ട് കൽച്ചുറ്റിക കൊണ്ട് ഇടിച്ചുറപ്പിച്ചിരുന്നു.
ഇന്ന്, ഈ പാളികൾക്കു മാർദവം വരുത്തുന്നതിനും ചില ഘടകങ്ങൾ നിർമാർജനം ചെയ്യുന്നതിനുമായി ഇവ ചാരവും ചുണ്ണാമ്പും ചേർത്ത് വലിയ ലോഹപാത്രങ്ങളിൽ ഇട്ടു തിളപ്പിക്കുന്നു. ഈ പ്രക്രിയ ആറു മണിക്കൂർവരെ നീണ്ടുനിൽക്കുന്നതാണ്. തുടർന്ന് ഇവ കഴുകി വെള്ളത്തിൽത്തന്നെ ഇടുന്നു. എന്നിട്ട്, പണിക്കാരൻ ഇവ ഓരോന്നായി തടികൊണ്ടുള്ള ഒരു പ്രതലത്തിൽ ചെസ്സ്ബോർഡിന്റെ മാതൃകയിൽ നെടുകയും കുറുകെയുമായി നിരത്തിവെക്കുന്നു. അതിനുശേഷം, പാളികൾ ഇഴചേർന്ന് ഒരു കടലാസുഷീറ്റ് ആയി രൂപം പ്രാപിക്കുന്നതുവരെ കൽച്ചുറ്റിക ഉപയോഗിച്ച് തുടർച്ചയായി ഇതിന്മേൽ മർദിക്കുന്നു. അവസാനം കടലാസിന്റെ അരികുകൾക്കു ദൃഢത വരുന്നതിനായി അവ അകത്തേക്കു ചുരുട്ടിവെച്ച് വെയിലത്തിട്ട് ഉണക്കുന്നു.
ആമാറ്റെ വ്യത്യസ്ത നിറങ്ങളിൽ ഉണ്ട്. പരമ്പരാഗത നിറം തവിട്ടാണ്. എന്നാൽ ഇവ ആനക്കൊമ്പിന്റെ നിറം, വെള്ള, മഞ്ഞ, നീല, റോസ്, പച്ച തുടങ്ങിയ നിറങ്ങളിലും ഉണ്ട്. തവിട്ടും വെള്ളയും ഇടകലർന്ന ആമാറ്റെയും ലഭ്യമാണ്.
ഇതിന്റെ ആധുനിക ഉപയോഗം
മനോഹരമായ മെക്സിക്കൻ കരകൗശലവസ്തുക്കൾ ആമാറ്റെകൊണ്ട് ഉണ്ടാക്കാറുണ്ട്. ഈ കടലാസിലെ ചില പെയിന്റിങ്ങുകൾക്ക് മതപരമായ പ്രാധാന്യം ഉണ്ടെന്നുവരികിലും മറ്റുള്ളവയെല്ലാം വ്യത്യസ്ത മൃഗങ്ങളുടെയും ഉത്സവങ്ങളുടെയും മെക്സിക്കൻ ജനതയുടെ സന്തോഷകരമായ ജീവിതത്തിന്റെയും ദൃശ്യങ്ങൾ പ്രതിഫലിപ്പിക്കുന്നവ ആണ്. നാനാവർണങ്ങളിലുള്ള ചേതോഹരങ്ങളായ ചിത്രങ്ങൾ കൂടാതെ ആശംസാ കാർഡുകൾ, ബുക്ക് മാർക്കുകൾ, മറ്റ് കരകൗശലവസ്തുക്കൾ തുടങ്ങിയവയെല്ലാം ആമാറ്റെകൊണ്ട് ഉണ്ടാക്കാറുണ്ട്. ഇവ അലങ്കാരവസ്തുക്കളായി വാങ്ങുന്ന സ്വദേശികളെയും വിദേശികളെയും ഇത് ഒരുപോലെ മോഹിപ്പിക്കുന്നു. ഈ കലാവിരുത് മെക്സിക്കോയുടെ അതിർത്തികൾക്കപ്പുറത്തേക്കു വ്യാപിച്ചിരിക്കുന്നു. ഈ കരകൗശലവസ്തുക്കൾ ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും കയറ്റി അയയ്ക്കപ്പെടുന്നുണ്ട്. ഇന്ന്, പുരാതന കൈയെഴുത്തു പുസ്തകങ്ങളുടെ പുനഃസൃഷ്ടി നടത്തിയിട്ടുണ്ട്. ഈ കലാസൃഷ്ടി സ്പാനീഷുകാർ ആദ്യമായി നിരീക്ഷിച്ചപ്പോൾ അവർക്ക് എന്തുമാത്രം കൗതുകം തോന്നിയിരിക്കണം! വാസ്തവത്തിൽ, മുമ്പ് പരാമർശിച്ച ഡോമിനിക്കൻ സന്ന്യാസി ഡ്യേഗോ ഡൂറാന്റെ അഭിപ്രായത്തിൽ, തദ്ദേശവാസികൾ “സകലതും പുസ്തകങ്ങളിലും നീണ്ട കടലാസു കഷണങ്ങളിലും കുറിച്ചും വരച്ചും വെച്ചിരുന്നു. ഇവയെല്ലാം സംഭവിച്ച വർഷങ്ങളും മാസങ്ങളും ദിവസങ്ങളും കാലഗണനയനുസരിച്ച് രേഖപ്പെടുത്തിയിരുന്നു. അവരുടെ നിയമങ്ങൾ, ഉത്തരവുകൾ, സെൻസസ് പട്ടിക മുതലായവയെല്ലാം ചിത്രലിപികളാൽ രേഖപ്പെടുത്തിയിരുന്നു, എല്ലാം ഏറെ അടുക്കും ചിട്ടയുമായി ക്രമീകരിച്ചതായിരുന്നു.”
ആമാറ്റെ നിർമാണവിദ്യയുടെ പാരമ്പര്യം നമ്മുടെ നാളുകൾവരെ അതിജീവിച്ചിരിക്കുന്നത് എത്ര സന്തോഷകരമാണ്! മെക്സിക്കോയുടെ മനോഹരമായ പൈതൃകം നഷ്ടപ്പെടാതിരിക്കാൻ അത് ഇടയാക്കിയിരിക്കുന്നു. പൗരാണിക കാലത്തെ റ്റ്ലാക്വീലോസ് അല്ലെങ്കിൽ പകർപ്പെഴുത്തുകാരെപ്പോലെതന്നെ ആധുനികനാളിലെ കരകൗശലപ്പണിക്കാരുടെ ഹൃദയം കവരാൻ മെക്സിക്കോയുടെ പപ്പൈറസ് എന്നു വിശേഷിപ്പിക്കാവുന്ന ആമാറ്റെക്കു കഴിഞ്ഞിരിക്കുന്നു. (g04 3/8)
[18-ാം പേജിലെ ചിത്രം]
കനംകുറഞ്ഞ ചെറിയ പാളികൾ ഇടിച്ചുപതിപ്പിക്കുന്നു