നമുക്ക് പ്രത്യാശ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
നമുക്ക് പ്രത്യാശ ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
മുൻ ലേഖനത്തിന്റെ തുടക്കത്തിൽ പരാമർശിച്ച, കാൻസറിന് ഇരയായ കൊച്ചുഡാനിയേൽ തന്റെ പ്രതീക്ഷകൾ കൈവിടാതിരുന്നെങ്കിലോ? അവൻ കാൻസറിനെ ചെറുത്തു തോൽപ്പിക്കുമായിരുന്നോ? അവൻ ഇന്നും ജീവനോടെ ഇരിക്കുമായിരുന്നോ? പ്രത്യാശയുടെ ഏറ്റവും തീക്ഷ്ണരായ പ്രയോക്താക്കൾ പോലും ഇത്തരം അവകാശവാദങ്ങൾ ഉന്നയിക്കുമെന്നു തോന്നുന്നില്ല. അതേ, പ്രത്യാശയുടെ പ്രയോജനങ്ങളെ പെരുപ്പിച്ചുകാണുന്നത് ഒഴിവാക്കേണ്ടതു പ്രധാനമാണ്. അത് ഒരു സർവരോഗസംഹാരിയോ ഒറ്റമൂലിയോ അല്ല.
ഗുരുതരമായ രോഗാവസ്ഥയിൽ ആയിരിക്കുന്ന വ്യക്തികളോട് ഇടപെടുമ്പോൾ പ്രത്യാശയുടെ ശക്തി പെരുപ്പിച്ചു കാണിക്കുന്നതിന്റെ അപകടത്തെ കുറിച്ച് ഡോ. നേഥൻ ചെർനി, സിബിഎസ് ന്യൂസുമായുള്ള ഒരു അഭിമുഖത്തിൽ മുന്നറിയിപ്പു നൽകി. അദ്ദേഹം ഇപ്രകാരം പറഞ്ഞു: “ആവശ്യത്തിന് ധ്യാനിക്കുന്നില്ല, ക്രിയാത്മകമായ വിധത്തിൽ ചിന്തിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് തങ്ങളുടെ ഭാര്യമാരെ കുറ്റപ്പെടുത്തുന്ന ഭർത്താക്കന്മാരെ ഞങ്ങൾ കണ്ടിട്ടുണ്ട്.” അദ്ദേഹം തുടർന്ന് ഇങ്ങനെ പറഞ്ഞു: “ഈ ചിന്താരീതി കാൻസർ നിയന്ത്രണം സംബന്ധിച്ച് തെറ്റായ ഒരു ധാരണ ഉളവാക്കിയിരിക്കുന്നു. രോഗിയുടെ അവസ്ഥ വഷളാകുന്നത് അയാളുടെ കുറ്റം കൊണ്ടാണ്, അതായത് അയാൾ തന്റെ അർബുദ വളർച്ചയെ വേണ്ടവിധം നിയന്ത്രിക്കാത്തതുകൊണ്ടാണ് എന്നാണു ചിലരുടെ വിചാരം, അത് ശരിയല്ല.”
വാസ്തവത്തിൽ, ഒരു മാരക രോഗത്തോടു മല്ലിട്ടുകൊണ്ടിരിക്കുന്നവർ തങ്ങളുടെ ശക്തി മുഴുവനും ചോർത്തിക്കളയുന്ന പ്രയാസകരമായ ഒരു പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. കനത്ത ഭാരവുമായി കഴിയുന്ന അങ്ങനെയുള്ളവരുടെമേൽ കുറ്റബോധവുംകൂടെ അടിച്ചേൽപ്പിച്ച് കഷ്ടപ്പെടുത്താൻ പ്രിയപ്പെട്ടവർ തീർച്ചയായും ആഗ്രഹിക്കുകയില്ല. ഇതിന്റെ അർഥം പ്രത്യാശയ്ക്ക് യാതൊരു മൂല്യവുമില്ലെന്നാണോ?
ഒരിക്കലുമല്ല. ഉദാഹരണത്തിന്, മേൽ പരാമർശിച്ച ഡോക്ടർതന്നെ വേദന ലഘൂകരിക്കുന്നതിനുള്ള ചികിത്സയിൽ പ്രത്യേക വൈദഗ്ധ്യം നേടിയിട്ടുള്ള വ്യക്തിയാണ്. രോഗത്തെ കീഴ്പെടുത്തുന്നതിലോ ആയുസ്സു നീട്ടിക്കൊടുക്കുന്നതിലോ അല്ല, മറിച്ച് ജീവിച്ചിരിക്കുന്നിടത്തോളം കാലം രോഗിയുടെ ജീവിതം കൂടുതൽ സുഖപ്രദവും സന്തോഷകരവും ആക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഒരു ചികിത്സാ രീതിയാണ് ഇത്. ഗുരുതരാവസ്ഥയിലുള്ള രോഗിയിൽ പോലും ഒരു പ്രസന്നഭാവം സൃഷ്ടിക്കാൻ കഴിയുന്ന ചികിത്സകളുടെ മൂല്യത്തിൽ ഇത്തരം ചികിത്സകർ ഉറച്ചു വിശ്വസിക്കുന്നു. രോഗിയെ സന്തുഷ്ടചിത്തനാക്കാൻ, ഒരുപക്ഷേ അതിലും കൂടുതൽ ചെയ്യാൻ പ്രത്യാശയ്ക്കു കഴിയും എന്നതിനു മതിയായ തെളിവുകളുണ്ട്.
പ്രത്യാശയുടെ മൂല്യം
“പ്രത്യാശ അതിശക്തമായൊരു ചികിത്സാവിധിയാണ്” എന്ന് മെഡിക്കൽ ജേർണലിസ്റ്റായ ഡോ. ഡബ്ലിയു. ഗിഫർഡ്-ജോൺസ് പ്രസ്താവിക്കുന്നു. മാരകരോഗങ്ങൾ ഗ്രസിച്ച രോഗികൾക്കു
വൈകാരിക പിന്തുണ നൽകുന്നതിന്റെ മൂല്യം നിർണയിക്കാൻ ചെയ്ത നിരവധി പഠനങ്ങളുടെ ഫലങ്ങൾ അദ്ദേഹം പരിശോധിക്കുകയുണ്ടായി. ഇത്തരത്തിലുള്ള പിന്തുണ നൽകുന്നത് കൂടുതൽ ശുഭാപ്തിവിശ്വാസവും പ്രത്യാശയും ഉള്ളവരായിരിക്കാൻ ആളുകളെ സഹായിക്കുമെന്ന് അനുമാനിക്കപ്പെടുന്നു. അത്തരം വൈകാരിക പിന്തുണ ലഭിക്കുന്ന രോഗികൾ കൂടുതൽ കാലം ജീവിക്കുന്നു എന്നാണ് 1989-ലെ ഒരു പഠനം കാണിക്കുന്നത്. എന്നാൽ അടുത്തകാലത്തെ ഗവേഷണങ്ങൾ ഇക്കാര്യം സംബന്ധിച്ച് അത്ര ആധികാരികമായ നിഗമനങ്ങൾ നടത്തുന്നില്ല. എന്നിരുന്നാലും, വൈകാരിക പിന്തുണ ലഭിക്കുന്ന രോഗികൾ അതു ലഭിക്കാത്തവരെ അപേക്ഷിച്ച് വേദനയും വിഷാദവും കുറച്ചേ അനുഭവിക്കുന്നുള്ളു എന്ന് പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.ഹൃദയധമനീ രോഗം (coronary heart disease) ഉണ്ടാകുന്നതിൽ ശുഭാപ്തിവിശ്വാസത്തിനും അശുഭാപ്തിവിശ്വാസത്തിനും ഉള്ള പങ്കിനെ സംബന്ധിച്ച് നടത്തിയ മറ്റൊരു പഠനത്തെ കുറിച്ചു പരിചിന്തിക്കുക. 1,300-ലധികം പുരുഷന്മാർ ഉൾപ്പെട്ട ഒരു കൂട്ടത്തെയാണ് അവധാനപൂർവമുള്ള പഠനത്തിനു വിധേയരാക്കിയത്. അവർക്കു ജീവിതത്തെ കുറിച്ച് ശുഭാപ്തിവിശ്വാസമാണോ അശുഭാപ്തിവിശ്വാസമാണോ ഉള്ളത് എന്നതു സംബന്ധിച്ച് പഠനം നടത്തി. പത്തുവർഷം കഴിഞ്ഞ് ആ പുരുഷന്മാരിൽ 12 ശതമാനത്തിലധികം പേർക്ക് ഏതെങ്കിലും തരത്തിലുള്ള ഹൃദയധമനീ രോഗം പിടിപെട്ടതായി കണ്ടെത്തി. 1,300-ലധികം പേരടങ്ങിയ ഈ കൂട്ടത്തിൽ അശുഭാപ്തിവിശ്വാസം ഉള്ളവർ ശുഭാപ്തിവിശ്വാസം ഉള്ളവരെക്കാൾ കൂടുതലായിരുന്നു, ഏതാണ്ട് 2:1 എന്ന അനുപാതത്തിൽ. പൊതുജനാരോഗ്യത്തിനായുള്ള ഹാർവാഡ് സ്കൂളിലെ, ആരോഗ്യ-സാമൂഹിക പെരുമാറ്റ വിഭാഗത്തിന്റെ അസിസ്റ്റന്റ് പ്രൊഫസറായ ലോറാ കുബ്സാൻസ്കി ഇപ്രകാരം അഭിപ്രായപ്പെട്ടു: “‘ക്രിയാത്മക ചിന്ത’ നിങ്ങളുടെ ആരോഗ്യത്തിനു നല്ലതാണ് എന്ന അഭിപ്രായം ഇതുവരെ, കേട്ടറിഞ്ഞ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളത് മാത്രമായിരുന്നു. എന്നാൽ ഈ പഠനം ഹൃദ്രോഗ രംഗത്ത് പ്രസ്തുത ആശയത്തിന് ചില ഈടുറ്റ വൈദ്യശാസ്ത്ര തെളിവുകൾ നിരത്തുന്ന ആദ്യ പഠനങ്ങളിൽ ഒന്നാണ്.”
ഇനി, തങ്ങളുടെ ആരോഗ്യം ഒട്ടും മെച്ചമല്ല എന്നു കരുതുന്നവർ, തങ്ങൾക്കു മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നു ചിന്തിക്കുന്നവരെ അപേക്ഷിച്ച് ശസ്ത്രക്രിയയ്ക്കു ശേഷം സാവധാനമേ സുഖം പ്രാപിക്കാറുള്ളു എന്നു ചില പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. എന്തിന്, ദീർഘായുസ്സിനെപ്പോലും ശുഭാപ്തിവിശ്വാസത്തോടു ബന്ധപ്പെടുത്തിയിരിക്കുന്നു. വാർധക്യം സംബന്ധിച്ച ക്രിയാത്മകവും നിഷേധാത്മകവുമായ വീക്ഷണങ്ങൾ പ്രായമായവരെ എങ്ങനെ ബാധിക്കുന്നുവെന്ന് ഒരു പഠനം നിരീക്ഷിക്കുകയുണ്ടായി. വാർധക്യം ചെല്ലുന്നതിനെ ജ്ഞാനത്തോടും അനുഭവപരിചയത്തോടും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സന്ദേശങ്ങൾ കമ്പ്യൂട്ടർ സ്ക്രീനിൽ മിന്നിമറയുന്നത് പ്രായമായവർ കാണാനിടയായപ്പോൾ അവരുടെ നടപ്പിന് കൂടുതൽ ഊർജസ്വലതയും ഉത്സാഹവും കൈവന്നതായി നിരീക്ഷിക്കാൻ കഴിഞ്ഞു. 12 ആഴ്ച വ്യായാമം ചെയ്യുന്നതിനു തുല്യമായ നേട്ടം വാസ്തവത്തിൽ ഇതുകൊണ്ട് ഉണ്ടായി!
പ്രത്യാശ, ശുഭാപ്തിവിശ്വാസം, ക്രിയാത്മക വീക്ഷണം എന്നീ വികാരങ്ങൾ ആരോഗ്യത്തിനു പ്രയോജനം ചെയ്യുന്നതായി കാണുന്നത് എന്തുകൊണ്ടാണ്? ഇതിനു വ്യക്തമായ ഉത്തരം നൽകാൻ തക്കവണ്ണം ഒരുപക്ഷേ ശാസ്ത്രജ്ഞന്മാരും ഡോക്ടർമാരും ഇതുവരെ മനുഷ്യ മനസ്സിനെയും ശരീരത്തെയും വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലായിരിക്കാം. എന്നിരുന്നാലും, പ്രസ്തുത വിഷയത്തെ കുറിച്ചു പഠിക്കുന്ന വിദഗ്ധർക്ക് ചില വസ്തുതകളും വിവരങ്ങളും അപഗ്രഥിച്ച് അനുമാനങ്ങളിലെത്താൻ കഴിയും. ഉദാഹരണത്തിന്, ഒരു നാഡീശാസ്ത്ര പ്രൊഫസർ ഇപ്രകാരം പറയുന്നു: “സന്തുഷ്ടരും പ്രത്യാശയുള്ളവരും ആയിരിക്കുന്നത് സുഖമുള്ള ഒരു അനുഭവമാണ്. സമ്മർദം വളരെക്കുറഞ്ഞ ആനന്ദകരമായ അവസ്ഥയാണത്. ആ അവസ്ഥകളിൽ ശരീരം പുഷ്ടിപ്പെടുന്നു. ആരോഗ്യത്തോടെയിരിക്കാൻ ആളുകൾക്കു സ്വയം ചെയ്യാവുന്ന കാര്യങ്ങളുടെ പട്ടികയിൽ വരുന്ന ഒരു സംഗതി കൂടെ ആണിത്.”
ഈ ആശയം ചില ഡോക്ടർമാർ, മനശ്ശാസ്ത്രജ്ഞർ, ശാസ്ത്രജ്ഞർ എന്നിവർക്ക് തികച്ചും പുതുമയായി തോന്നിയേക്കാം. എന്നാൽ ബൈബിളിന്റെ പഠിതാക്കൾക്ക് ഇതു പുതുമയല്ല. ഏകദേശം 3,000 വർഷങ്ങൾക്കു മുമ്പ്, ജ്ഞാനിയായ ശലോമോൻ രാജാവ് പിൻവരുന്ന ദിവ്യനിശ്വസ്ത വചനങ്ങൾ രേഖപ്പെടുത്തി: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” (സദൃശവാക്യങ്ങൾ 17:22) ബൈബിളിന്റെ സമനിലയോടുകൂടിയ വീക്ഷണം ശ്രദ്ധിക്കുക. സന്തുഷ്ട ഹൃദയം ഏതു രോഗത്തിനുമുള്ള പ്രതിവിധിയാണെന്ന് ഈ വാക്യം പറയുന്നില്ല. മറിച്ച് അത് “നല്ലോരു ഔഷധമാകുന്നു” എന്നാണു പറഞ്ഞിരിക്കുന്നത്.
അപ്പോൾ ന്യായമായ ഒരു ചോദ്യം ഇതാണ്: പ്രത്യാശ ഒരു ഔഷധമാണെങ്കിൽ ഏതു ഡോക്ടർമാരാണ് അതു നിർദേശിക്കാതിരിക്കുക? അതിലുമുപരി, പ്രത്യാശയുടെ പ്രയോജനങ്ങൾ ആരോഗ്യത്തിന്റെ മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല.
ശുഭാപ്തിവിശ്വാസവും അശുഭാപ്തിവിശ്വാസവും നിങ്ങളുടെ ജീവിതവും
ശുഭാപ്തിവിശ്വാസമുള്ളവർ തങ്ങളുടെ ക്രിയാത്മക വീക്ഷണഗതി മുഖാന്തരം നിരവധി വിധങ്ങളിൽ പ്രയോജനം അനുഭവിക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സ്കൂളിലും, തൊഴിലിലും, കായികരംഗത്തും അവർ വിളങ്ങാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഒരു വനിതാ അത്ലറ്റിക് ടീമിനെ കുറിച്ച് നടത്തിയ ഒരു പഠനത്തെ സംബന്ധിച്ചു പരിചിന്തിക്കുക. പരിശീലകർ വനിതകളുടെ കായിക പ്രാപ്തികളെ കുറിച്ചു മാത്രം സമഗ്രമായ ഒരു വിലയിരുത്തൽ നടത്തി റിപ്പോർട്ടു നൽകി. അതേസമയം താരങ്ങളെ സർവേ ചെയ്ത് അവർക്ക് എത്രമാത്രം പ്രത്യാശയുണ്ട് എന്നത് സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തു. പരിശീലകരുടെ വിലയിരുത്തലിനെക്കാൾ വനിതകൾക്ക് ഉണ്ടായിരുന്ന പ്രത്യാശയുടെ അളവാണ് അവരുടെ പ്രകടനം സംബന്ധിച്ചു കൂടുതൽ കൃത്യമായി പ്രവചിക്കാൻ സഹായിച്ചത് എന്നു പഠനം വെളിപ്പെടുത്തി. പ്രത്യാശയ്ക്ക് ഇത്ര ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നത് എന്തുകൊണ്ടാണ്?
ശുഭാപ്തിവിശ്വാസത്തിന്റെ വിപരീതമായ അശുഭാപ്തിവിശ്വാസത്തെ കുറിച്ചു പഠിക്കുകവഴി വളരെയധികം സംഗതികൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. 1960-കളിലെ ഗവേഷണങ്ങളിൽ ജന്തുക്കളുടെ പെരുമാറ്റരീതി സംബന്ധിച്ച് ഒരു അപ്രതീക്ഷിത കണ്ടുപിടിത്തമുണ്ടായി. അതു ശാസ്ത്രജ്ഞർ, “ആർജിത നിസ്സഹായത” എന്ന ഒരു പദപ്രയോഗത്തിനുതന്നെ രൂപം നൽകുന്നതിലേക്കു നയിച്ചു. ഈ സിൻഡ്രോമിന്റെ ഒരു രൂപം മനുഷ്യർക്കും ഉണ്ടാകാമെന്ന് അവർ കണ്ടെത്തി. ഉദാഹരണത്തിന്, പഠനത്തിനായി തിരഞ്ഞെടുത്ത ഒരു കൂട്ടം ആളുകളെ അരോചകമായ ഒരു ശബ്ദം കേൾപ്പിച്ചു, എന്നിട്ട് ഏതാനും ബട്ടണുകൾ അമർത്തി അതു നിറുത്തുന്നത് എങ്ങനെയെന്ന് അവർക്കുതന്നെ പഠിച്ചെടുക്കാമെന്നും പറഞ്ഞു. അവർ ശബ്ദം നിറുത്തുന്നതിൽ വിജയിച്ചു.
അടുത്തതായി, രണ്ടാമതൊരു കൂട്ടത്തോടും ഇതേ സംഗതികൾ തന്നെ ആവർത്തിച്ചു. പക്ഷേ അവർ ബട്ടണുകൾ അമർത്തിയെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. നിങ്ങൾക്ക് ഊഹിക്കാവുന്നതുപോലെ, രണ്ടാമത്തെ കൂട്ടത്തിലെ അനേകരുടെയും മനസ്സിൽ ഒരുതരം നിസ്സഹായതാ ബോധം ഉടലെടുത്തു. തുടർന്നു നടത്തിയ മറ്റു പരീക്ഷണങ്ങളിൽ എന്തെങ്കിലും ശ്രമം ചെലുത്താൻ പോലും അവർ മടിച്ചു. തങ്ങൾ എന്തു ചെയ്താലും അത് യാതൊരു വ്യത്യാസവും വരുത്താൻ പോകുന്നില്ല എന്ന ചിന്തയായിരുന്നു അവർക്ക്. എന്നിരുന്നാലും, രണ്ടാമത്തെ കൂട്ടത്തിൽ പോലും, ശുഭാപ്തിവിശ്വാസം ഉണ്ടായിരുന്ന ചിലർ നിസ്സഹായതയ്ക്കു കീഴ്പെടാൻ വിസമ്മതിച്ചു.
ആദ്യകാലങ്ങളിലെ ഇത്തരം പരീക്ഷണങ്ങൾക്കു രൂപം നൽകാൻ സഹായിച്ച ഡോ. മാർട്ടിൻ സെലിഗ്മൻ ശുഭാപ്തിവിശ്വാസത്തെയും അശുഭാപ്തിവിശ്വാസത്തെയും കുറിച്ചു പഠിക്കുന്നതു തന്റെ ജീവിത വൃത്തിയാക്കാൻ പ്രചോദിതനായി. നിസ്സഹായരായി സ്വയം വീക്ഷിക്കാൻ ചായ്വുള്ളവർ ഏതുതരം ചിന്താഗതി പ്രതിഫലിപ്പിക്കും എന്നതിനെ പറ്റി അദ്ദേഹം അവധാനപൂർവം പഠിച്ചു. അദ്ദേഹത്തിന്റെ നിഗമനത്തിൽ, അശുഭാപ്തിവിശ്വാസം നിഴലിക്കുന്ന ചിന്തകൾ ആളുകളുടെ പല ജീവിതോദ്യമങ്ങൾക്കും പ്രതിബന്ധം സൃഷ്ടിക്കുകയും ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങൾക്കുവരെ തടസ്സമാകുകയും ചെയ്യുന്നു. അശുഭാപ്തിവിശ്വാസത്തെയും അതിന്റെ ഫലങ്ങളെയും അദ്ദേഹം ഇപ്രകാരം സംഗ്രഹിക്കുന്നു: “ഒരു അശുഭാപ്തിവിശ്വാസിയെപ്പോലെ, അനർഥങ്ങൾ സംഭവിക്കുന്നത് നമ്മുടെ കുറ്റമാണെന്നും അതു നമ്മുടെമേൽ പിടിമുറുക്കിയിരിക്കുന്നുവെന്നും നാം ചെയ്യുന്ന എന്തിനും അതു തുരങ്കം വെക്കുമെന്നും വിശ്വസിക്കുന്നത് നാം ഒരു ശീലമാക്കുന്നെങ്കിൽ ഇങ്ങനെ വിശ്വസിക്കാത്തവരെക്കാൾ കൂടുതൽ അനർഥങ്ങൾ നമുക്കു വന്നുഭവിക്കുകതന്നെ ചെയ്യും എന്ന് 25 വർഷത്തെ പഠനംകൊണ്ട് എനിക്കു ബോധ്യമായിരിക്കുന്നു.”
ഇതും ഇന്നു ചിലർക്ക് ഒരു നവീന ആശയമായി തോന്നിയേക്കാം. എന്നാൽ ബൈബിൾ പഠിതാക്കൾക്ക് ഇതു സുപരിചിതമാണ്. പിൻവരുന്ന സദൃശവാക്യം ശ്രദ്ധിക്കുക: “കഷ്ടകാലത്തു നീ കുഴഞ്ഞുപോയാൽ [“നിരുത്സാഹിതനായാൽ,” NW] നിന്റെ ബലം നഷ്ടം തന്നേ.” (സദൃശവാക്യങ്ങൾ 24:10) അതേ, നിരുത്സാഹവും അതിന്റെ ഫലമായി ഉണ്ടാകുന്ന നിഷേധാത്മക ചിന്തകളും, പ്രവർത്തിക്കാനുള്ള നിങ്ങളുടെ ബലം കെടുത്തിക്കളയും എന്നു ബൈബിൾ വ്യക്തമാക്കുന്നു. അങ്ങനെയെങ്കിൽ, അശുഭാപ്തിവിശ്വാസത്തെ തരണം ചെയ്യാനും കൂടുതൽ ശുഭാപ്തിവിശ്വാസവും പ്രത്യാശയും ജീവിതത്തിലേക്ക് ആനയിക്കാനും നിങ്ങൾക്ക് എന്തുചെയ്യാൻ കഴിയും? (g04 4/22)
[4, 5 പേജുകളിലെ ചിത്രം]
പ്രത്യാശയ്ക്ക് വളരെയധികം പ്രയോജനം ചെയ്യാൻ കഴിയും