നിങ്ങൾക്ക് അശുഭാപ്തിവിശ്വാസത്തെ തരണം ചെയ്യാനാകും
നിങ്ങൾക്ക് അശുഭാപ്തിവിശ്വാസത്തെ തരണം ചെയ്യാനാകും
ജീവിതത്തിൽ നേരിടേണ്ടിവരുന്ന തിരിച്ചടികളെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്? ഈ ചോദ്യത്തിനുള്ള ഉത്തരം, നിങ്ങൾക്ക് ശുഭാപ്തിവിശ്വാസമാണോ അശുഭാപ്തിവിശ്വാസമാണോ ഉള്ളത് എന്നു നിർണയിക്കാൻ വളരെ സഹായിക്കുമെന്ന് അനേകം വിദഗ്ധരും ഇപ്പോൾ വിശ്വസിക്കുന്നു. നമുക്കെല്ലാം ജീവിതത്തിൽ വിവിധതരം ക്ലേശങ്ങൾ സഹിക്കേണ്ടിവരുന്നു, ചിലരുടെ കാര്യത്തിൽ ഇതു മറ്റുള്ളവരുടേതിനെക്കാൾ കൂടുതലായിരിക്കും. എന്നാൽ ചിലയാളുകൾ കഠിനമായ പ്രാതികൂല്യങ്ങളെപ്പോലും തോൽപ്പിച്ചു ജീവിതത്തിലേക്കു മടങ്ങിവരുമ്പോൾ മറ്റു ചിലർ താരതമ്യേന നിസ്സാര വിഷമതകളുടെ മുന്നിൽ നിസ്സഹായരായി പകച്ചുനിൽക്കുന്നു. ഇത് എന്തുകൊണ്ടാണ്?
ഉദാഹരണത്തിന്, നിങ്ങൾ ഒരു ജോലി അന്വേഷിക്കുകയാണ് എന്നിരിക്കട്ടെ. നിങ്ങൾ ഒരു ഇന്റർവ്യൂവിനു പോകുന്നു, പക്ഷേ ജോലിക്ക് തിരഞ്ഞെടുക്കപ്പെടുന്നില്ല. ഇതേക്കുറിച്ച് പിന്നീടു നിങ്ങളുടെ മനസ്സിലൂടെ കടന്നുപോകുന്ന ചിന്തകൾ എന്തൊക്കെയായിരിക്കും? ഒരുപക്ഷേ ഈ സംഭവത്തെ തികച്ചും വ്യക്തിപരമായെടുക്കുകയും അതിനെ സ്ഥായിയായ ഒരു പ്രശ്നമായി കണക്കാക്കുകയും ചെയ്തുകൊണ്ട് നിങ്ങൾ ഇപ്രകാരം ആത്മഗതം ചെയ്തേക്കാം: ‘എന്നെപ്പോലെ ഒരാളെ ആരു ജോലിക്കെടുക്കാനാണ്? എനിക്ക് ഒരിക്കലും ഒരു ജോലി കിട്ടാൻ പോകുന്നില്ല.’ അല്ലെങ്കിൽ, കൂടുതൽ മോശമായി, ‘എന്നെ ഒന്നിനും കൊള്ളില്ല. ആർക്കും ഉപകാരമില്ലാത്ത ഒരു പാഴ്ജന്മം’ എന്നു സ്വയം പഴിച്ചുകൊണ്ട് ഈ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ജീവിതത്തിന്റെ സമസ്തതലങ്ങളെയും വിലയിരുത്താൻ തുടങ്ങിയേക്കാം. ഇതുപോലുള്ള ഓരോ ചിന്തയും തികഞ്ഞ അശുഭാപ്തിവിശ്വാസത്തിൽനിന്നു മുളപൊട്ടുന്നതാണ്.
അശുഭാപ്തിവിശ്വാസത്തോടു പോരാടൽ
നിങ്ങൾക്ക് എങ്ങനെയാണ് ഇതിനോടു പോരാടാൻ കഴിയുന്നത്? ഇത്തരം നിഷേധാത്മക ചിന്തകളെ തിരിച്ചറിയാൻ പഠിക്കുന്നതാണ് സുപ്രധാനമായ ആദ്യപടി. അടുത്തപടി അവയോടു പോരാടുക എന്നതും. ഒരു സംഭവത്തിന് ന്യായമായ മറ്റെന്തെല്ലാം കാരണങ്ങൾ ഉണ്ടായിരിക്കാം എന്നതിനെ കുറിച്ചു ചിന്തിക്കുക. ഉദാഹരണത്തിന് നിങ്ങൾക്കു ജോലി ലഭിക്കാതെ പോയത് വാസ്തവത്തിൽ ആർക്കും നിങ്ങളെ ജോലിക്കെടുക്കാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണോ? ഒരുപക്ഷേ ആ തൊഴിലുടമ മറ്റു യോഗ്യതകളുള്ള ആരെയെങ്കിലും തേടുകയായിരുന്നിരിക്കില്ലേ?
വസ്തുതകൾക്കു ശ്രദ്ധകൊടുത്തുകൊണ്ട് അമിത വൈകാരിക പ്രതികരണങ്ങളാകുന്ന അശുഭചിന്തകളെ പുറത്തുകൊണ്ടുവരിക. ഒരിക്കൽ തിരസ്കരിക്കപ്പെട്ടു എന്ന സംഗതി, നിങ്ങൾ ഒരു സമ്പൂർണ പരാജയമാണെന്ന് അർഥമാക്കുന്നുണ്ടോ? നിങ്ങൾ ഒരളവോളം വിജയം നേടിയിരിക്കുന്ന, ജീവിതത്തിന്റെ മറ്റു വശങ്ങളെ കുറിച്ച്—അതായത് ആത്മീയ ഉദ്യമങ്ങൾ, കുടുംബബന്ധങ്ങൾ, സുഹൃദ്ബന്ധങ്ങൾ തുടങ്ങിയവയെ കുറിച്ച്—നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ? എന്തുതന്നെ ചെയ്താലും വരുന്നതെല്ലാം “അനർഥങ്ങളായിരിക്കും” എന്ന ചിന്താഗതിയെ മനസ്സിൽനിന്നു തൂത്തെറിയാൻ പഠിക്കുക. വാസ്തവത്തിൽ, ഒരിക്കലും ഒരു ജോലി കണ്ടെത്താൻ കഴിയില്ലെന്ന് ഉറപ്പായിട്ടും
നിങ്ങൾക്ക് പറയാൻ കഴിയുമോ? നിഷേധാത്മക ചിന്തകളെ പിഴുതെറിയാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന കൂടുതൽ കാര്യങ്ങളുണ്ട്.ക്രിയാത്മകവും ലക്ഷ്യോന്മുഖവുമായ ചിന്തകൾ
അടുത്ത കാലത്ത്, ഗവേഷകർ പ്രത്യാശയ്ക്ക് ഏറെക്കുറെ സങ്കുചിതമെങ്കിലും താത്പര്യജനകമായ ഒരു നിർവചനം രൂപപ്പെടുത്തിയെടുത്തിരിക്കുന്നു. നിങ്ങൾക്ക് ലക്ഷ്യപ്രാപ്തിയിൽ എത്തിച്ചേരാനാകും എന്ന വിശ്വാസമാണ് പ്രത്യാശയിൽ ഉൾപ്പെടുന്നതെന്ന് അവർ പറയുന്നു. അടുത്ത ലേഖനം വിശദീകരിക്കുന്നതുപോലെ പ്രത്യാശയിൽ ഇതിനെക്കാൾ അധികം ഉൾപ്പെടുന്നുണ്ടെങ്കിലും മേൽപ്പറഞ്ഞ നിർവചനം ഒട്ടനവധി വിധങ്ങളിൽ പ്രയോജനകരമെന്നു കാണുന്നു. വ്യക്തിഗത പ്രത്യാശയുടെ ഈ വശത്ത് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നമ്മിൽ കൂടുതൽ ക്രിയാത്മകവും ലക്ഷ്യോന്മുഖവുമായ ചിന്തകൾ ഉരുത്തിരിയാൻ സഹായിക്കും.
ലക്ഷ്യങ്ങൾ വെക്കുകയും അതിൽ എത്തിച്ചേരുകയും ചെയ്തതിന്റെ ചരിത്രം നമുക്ക് ഉണ്ടെങ്കിൽ മാത്രമേ ഭാവി ലക്ഷ്യങ്ങളും നിറവേറ്റാൻ കഴിയുമെന്ന ഒരു വിശ്വാസം നമ്മിൽ ഉണ്ടാകുകയുള്ളൂ. അത്തരമൊരു ചരിത്രം നിങ്ങൾക്കില്ലെന്നു തോന്നുന്നെങ്കിൽ, സ്വന്തം ലക്ഷ്യങ്ങളെ കുറിച്ചു നിങ്ങൾ ഗൗരവപൂർവം ചിന്തിക്കുന്നത് മൂല്യവത്തായിരുന്നേക്കാം. അതിരിക്കട്ടെ, നിങ്ങൾക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടോ? വാസ്തവത്തിൽ നാം ജീവിതത്തിൽനിന്ന് എന്ത് ആഗ്രഹിക്കുന്നുവെന്നോ നമുക്ക് ഏറ്റവും പ്രധാനപ്പെട്ടത് എന്താണെന്നോ ചിന്തിക്കാൻപോലും സമയമില്ലാത്ത യാന്ത്രികമായ ഒരു ജീവിതചര്യയിലേക്കു വഴുതിവീഴാൻ വളരെ എളുപ്പമാണ്. ഈ കാര്യത്തിലും ബൈബിൾ പ്രായോഗികമായ ഒരു തത്ത്വം നൽകിയിരിക്കുന്നതായി കാണാം. വ്യക്തമായ മുൻഗണനകൾ ഉണ്ടായിരിക്കുന്നതു സംബന്ധിച്ച് ദീർഘനാൾ മുമ്പു ബൈബിളിൽ ഇപ്രകാരം രേഖപ്പെടുത്തിയിരുന്നു: ‘കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ തിട്ടപ്പെടുത്തുക.’—ഫിലിപ്പിയർ 1:10, NW.
ഒരിക്കൽ നാം നമ്മുടെ മുൻഗണനകൾ തിട്ടപ്പെടുത്തി കഴിഞ്ഞാൽ, നമ്മുടെ ആത്മീയവും കുടുംബപരവും ലൗകികവുമായ ജീവിതത്തിന്റെ വിവിധ മേഖലകളിൽ ചില പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ വെക്കാൻ നമുക്ക് എളുപ്പമായിത്തീരുന്നു. എന്നിരുന്നാലും, തുടക്കത്തിൽത്തന്നെ നിരവധി ലക്ഷ്യങ്ങൾ വെക്കാതിരിക്കാൻ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അതുപോലെ, അനായാസേന നേടിയെടുക്കാൻ കഴിയുന്ന തരത്തിലുള്ളതായിരിക്കണം നമ്മുടെ ഓരോ ലക്ഷ്യവും. നാം വെച്ചിരിക്കുന്ന ലക്ഷ്യം, കൈവരിക്കാൻ ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിൽ അത് ഉത്കണ്ഠയ്ക്കു വഴിതെളിക്കുകയും നാം അതിൽ എത്തിച്ചേരാനുള്ള ശ്രമം ഉപേക്ഷിക്കുകയും ചെയ്തേക്കാം. അതുകൊണ്ട്, വലിയ, ദീർഘകാല ലക്ഷ്യങ്ങളെ ചുരുങ്ങിയ കാലം കൊണ്ടു നേടിയെടുക്കാൻ പറ്റുന്ന ചെറിയവയാക്കി വിഭജിക്കുന്നതാണ് പലപ്പോഴും നല്ലത്.
“വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും” എന്ന ചൊല്ല് കേട്ടിട്ടില്ലേ? മനസ്സുണ്ടെങ്കിൽ മാർഗവുമുണ്ട് എന്ന് അർഥം. അതിൽ അൽപ്പം കഴമ്പുള്ളതായി തോന്നുന്നു. പ്രധാന ലക്ഷ്യങ്ങൾ വെച്ചുകഴിഞ്ഞാൽ അതു കൈവരിക്കാനുള്ള ഇച്ഛാശക്തി—തീവ്രമായ ആഗ്രഹവും നിശ്ചയദാർഢ്യവും—നമുക്ക് ഉണ്ടായിരിക്കണം. നമ്മൾ വെച്ച ലക്ഷ്യങ്ങളുടെ മൂല്യത്തെയും അവ നമുക്കു നൽകുന്ന പ്രതിഫലങ്ങളെയും കുറിച്ചു പരിചിന്തിച്ചുകൊണ്ട് നമുക്ക് ആ നിശ്ചയദാർഢ്യം ബലിഷ്ഠമാക്കാനാകും. പ്രതിബന്ധങ്ങൾ തീർച്ചയായും ഉണ്ടാകും, എന്നാൽ അവയുടെ മുന്നിൽ വഴിമുട്ടിയതുപോലെ പകച്ചുനിൽക്കാതെ അവയെ വെല്ലുവിളികളായി വീക്ഷിക്കാൻ പഠിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, നമ്മുടെ ലക്ഷ്യങ്ങൾ നേടുന്നതിനുള്ള പ്രായോഗിക മാർഗങ്ങളെ കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്. പ്രത്യാശയുടെ മൂല്യത്തെ കുറിച്ച് വിപുലമായ പഠനങ്ങൾ നടത്തിയ എഴുത്തുകാരനായ സി. ആർ. സ്നൈഡറുടെ നിർദേശം, ഒരു ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിനുള്ള വ്യത്യസ്തങ്ങളായ നിരവധി മാർഗങ്ങളെ കുറിച്ചു ചിന്തിക്കേണ്ടതുണ്ട് എന്നാണ്. അങ്ങനെയാകുമ്പോൾ ഒരു മാർഗം വിഫലമായാൽത്തന്നെയും മറ്റൊന്ന് പരീക്ഷിക്കാനാകും.
ഒരു ലക്ഷ്യം ഉപേക്ഷിച്ച് മറ്റൊന്നു വെക്കേണ്ടത് എപ്പോഴാണെന്നു മനസ്സിലാക്കിയിരിക്കാനും സ്നൈഡർ നിർദേശിക്കുന്നുണ്ട്. ലക്ഷ്യപ്രാപ്തി തീർത്തും അസാധ്യമായിത്തീരുന്ന അവസരങ്ങളിൽ അതേപ്പറ്റി ചിന്തിച്ചുവശാകുന്നത് നമ്മെ നിരുത്സാഹിതരാക്കുകയേ ഉള്ളൂ. മറിച്ച്, കൂടുതൽ യാഥാർഥ്യബോധത്തോടെയുള്ള മറ്റൊരു ലക്ഷ്യം നാം പകരം വെക്കുന്നെങ്കിൽ തുടർന്നും നമുക്കു പ്രത്യാശയ്ക്കു വക ഉണ്ടായിരിക്കും.
ഈ വസ്തുത കൂടുതൽ വ്യക്തമാക്കുന്ന ഒരു ദൃഷ്ടാന്തം ബൈബിളിലുണ്ട്. തന്റെ ദൈവമായ യഹോവയ്ക്ക് ഒരു ആലയം പണിയുകയെന്നത് ദാവീദ് രാജാവിന്റെ വലിയൊരു ആഗ്രഹമായിരുന്നു. അവൻ അതിനു ലക്ഷ്യവും വെച്ചു. എന്നാൽ ആ പദവി ദാവീദിനായിരിക്കില്ല മറിച്ച്, അവന്റെ പുത്രനായ ശലോമോനായിരിക്കും ലഭിക്കുക എന്നു ദൈവം ദാവീദിനോടു പറഞ്ഞു. അത് ഇച്ഛാഭംഗത്തിനിടയാക്കിയെങ്കിലും അതിൽ നീരസപ്പെടുകയോ യഹോവയുടെ തീരുമാനത്തെ എതിർക്കാൻ തുനിഞ്ഞിറങ്ങുകയോ ചെയ്യുന്നതിനു പകരം ദാവീദ് തന്റെ ലക്ഷ്യങ്ങൾ മാറ്റുകയാണു ചെയ്തത്. തന്റെ പുത്രന് ആലയം പണി പൂർത്തിയാക്കാൻ ആവശ്യമായ നിർമാണവസ്തുക്കളും മൂലധനവും സ്വരുക്കൂട്ടുന്നതിലേക്ക് അവൻ തന്റെ മുഴു ശ്രദ്ധയും തിരിച്ചുവിട്ടു.—1 രാജാക്കന്മാർ 8:17-19; 1 ദിനവൃത്താന്തം 29:3-7.
അശുഭാപ്തിവിശ്വാസത്തോടു പൊരുതുകയും ക്രിയാത്മകവും ലക്ഷ്യോന്മുഖവുമായ ചിന്താഗതി വികസിപ്പിച്ചെടുക്കുകയും ചെയ്തുകൊണ്ട് വ്യക്തിഗത പ്രത്യാശയുടെ നിലവാരം വർധിപ്പിക്കുന്നതിൽ വിജയിക്കുന്നെങ്കിൽപ്പോലും വലിയ അളവിലുള്ള നിരാശ അപ്പോഴും ബാക്കിനിന്നേക്കാം. അത് എന്തുകൊണ്ടാണ്? ഈ ലോകത്തിൽ നിരാശയ്ക്ക് ഇടയാക്കുന്ന പല കാര്യങ്ങളും നമ്മുടെ വരുതിക്കുള്ളിൽ നിൽക്കുന്നവയല്ല. ദാരിദ്ര്യം, യുദ്ധങ്ങൾ, അനീതി, രോഗത്തിന്റെയും മരണത്തിന്റെയും നിരന്തര ഭീഷണി എന്നിങ്ങനെ മനുഷ്യരാശിയെ വരിഞ്ഞുമുറുക്കുന്ന ദുരിതങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ നമുക്കെങ്ങനെ പ്രത്യാശ നിലനിറുത്താനാകും? (g04 4/22)
[7-ാം പേജിലെ ചിത്രം]
ഒരു ജോലിക്കു ശ്രമിച്ചിട്ട് അതു കിട്ടാതെപോയാൽ ‘എനിക്ക് ഒരിക്കലും ഒരു ജോലി കിട്ടുകയില്ല’ എന്നു നിങ്ങൾ നിഗമനം ചെയ്യുമോ?
[8-ാം പേജിലെ ചിത്രം]
ലക്ഷ്യങ്ങൾ വെക്കുന്ന കാര്യത്തിൽ ദാവീദ് രാജാവ് വഴക്കം പ്രകടമാക്കി