കടിഞ്ഞാണിടൽ കുതിരയ്ക്കും നാവിനും
കടിഞ്ഞാണിടൽ കുതിരയ്ക്കും നാവിനും
“കുതിരയെ യുദ്ധദിവസത്തേക്കു ചമയിക്കുന്നു,” പുരാതന ഇസ്രായേലിലെ ജ്ഞാനിയായ രാജാവായിരുന്ന ശലോമോൻ പറഞ്ഞു. (സദൃശവാക്യങ്ങൾ 21:31) കുതിരപ്പടകൾ ഏറെക്കാലം യുദ്ധവിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. പുരാതന കാലം മുതൽത്തന്നെ സൈന്യങ്ങൾ കുതിരയുടെ വീര്യവും ശക്തിയും നിയന്ത്രിക്കുന്നതിന് കടിഞ്ഞാൺ ഉപയോഗിച്ചിരുന്നു.
‘കുതിരയെ നിയന്ത്രിക്കുവാൻ അതിന്റെ വായിൽ കുറുകെയിടുന്ന ഇരുമ്പുകമ്പിയിൽ കെട്ടുന്ന വാറ്’ എന്ന് ഒരു നിഘണ്ടു അതിനെ നിർവചിക്കുന്നു. പുരാതനകാലത്തെ കടിഞ്ഞാണുകൾക്ക് ഇന്ന് ഉപയോഗത്തിലുള്ളവയുമായി ഏറെ വ്യത്യാസങ്ങളില്ല. കുതിരകളുടെമേൽ സവാരിചെയ്യാനും അവയെ മെരുക്കാനും അത് അനിവാര്യമായിരുന്നു.
“നിങ്ങൾ ബുദ്ധിയില്ലാത്ത കുതിരയെയും കോവർകഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയുംകൊണ്ടു അവയെ അടക്കിവരുന്നു” എന്നു പറഞ്ഞപ്പോൾ ശലോമോന്റെ പിതാവായ ദാവീദ് രാജാവ് കടിഞ്ഞാണിന്റെ പ്രാധാന്യത്തെ കുറിച്ചു സൂചിപ്പിച്ചു. (സങ്കീർത്തനം 32:9) ഒരിക്കൽ മെരുങ്ങിക്കഴിഞ്ഞാൽ കുതിര ഒരു വിശ്വസ്ത സഹചാരി ആയിരിക്കും. മഹാനായ അലക്സാണ്ടർ തന്റെ കുതിരയായ ബൂസിഫാലസിനെ അങ്ങേയറ്റം മൂല്യവത്തായി കരുതിയിരുന്നു. അതിന്റെ ബഹുമാനാർഥം ഇന്ത്യയിലെ ഒരു നഗരത്തിന് അദ്ദേഹം അതിന്റെ പേരു നൽകുക പോലുമുണ്ടായി.
മനുഷ്യൻ സഹസ്രാബ്ദങ്ങളോളം കുതിരകളെ മെരുക്കിയെടുക്കുന്നതിൽ വിജയിച്ചിട്ടുണ്ടെങ്കിലും നമ്മുടെ അപൂർണ പ്രകൃതത്തിന്റെ കാര്യം വ്യത്യസ്തമാണ്. “നാം എല്ലാവരും പലതിലും തെററിപ്പോകുന്നു,” ക്രിസ്തീയ ശിഷ്യനായ യാക്കോബ് പറഞ്ഞു. “ഒരുത്തൻ വാക്കിൽ തെററാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു.” (യാക്കോബ് 3:2) ‘ചിന്താരഹിതമോ വ്രണപ്പെടുത്തുന്നതോ കോപിഷ്ഠമോ ആയ രീതിയിൽ ഞാൻ ഒരിക്കലും സംസാരിച്ചിട്ടില്ല’ എന്നു പറയാൻ നമ്മിൽ ആർക്കു കഴിയും?
അപ്പോൾപ്പിന്നെ, ‘മനുഷ്യർക്കാർക്കും മെരുക്കാൻ കഴിയാത്ത’ നാവിനു കടിഞ്ഞാണിടാൻ നാമെന്തിനു ബുദ്ധിമുട്ടണം? (യാക്കോബ് 3:8) പരിശീലനം സിദ്ധിച്ച കുതിരയുടെ ഉപയോഗം നന്നായി അറിയാവുന്നതുകൊണ്ട് ആളുകൾ കുതിരയെ മെരുക്കാൻ സമയവും ശ്രമവും ചെലവഴിക്കാൻ സന്നദ്ധരാണ്. സമാനമായി, നാവിനെ നാം എത്രത്തോളം പരിശീലിപ്പിക്കുന്നുവോ അഥവാ നിയന്ത്രിക്കുന്നുവോ അത്രത്തോളം മെച്ചമായി നമുക്ക് അതിനെ ഉപയോഗിക്കാൻ കഴിയുന്നു.
പരിഗണനയോടെയുള്ള വാക്കുകൾക്ക് നമ്മുടെ സുഹൃത്തുക്കളെയും സഹജോലിക്കാരെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും കഴിയും. (സദൃശവാക്യങ്ങൾ 12:18) അത്തരം വാക്കുകൾക്ക് നമുക്കു ചുറ്റുമുള്ളവരുടെ ജീവിതം കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കാൻ കഴിയും. എന്നാൽ കടിഞ്ഞാണില്ലാത്ത നാവ് കുഴപ്പങ്ങൾക്ക് ഇടയാക്കുന്നു. “വായും നാവും സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കഷ്ടങ്ങളിൽനിന്നു സൂക്ഷിക്കുന്നു,” ബൈബിൾ മുന്നറിവു നൽകുന്നു. (സദൃശവാക്യങ്ങൾ 21:23) നാവിനു കടിഞ്ഞാണിടുന്നതിൽ നാം വിജയിക്കുന്ന അളവോളം നമ്മെത്തന്നെയും നമ്മെ ശ്രദ്ധിക്കുന്നവരെയും സഹായിക്കാൻ നമുക്കു കഴിയും. a(g04 5/22)
[അടിക്കുറിപ്പ്]
a സംസാരത്തെ ആരാധനയിൽനിന്നു വേർതിരിച്ചു നിറുത്താനാവില്ലെന്നു ബൈബിൾ ക്രിസ്ത്യാനികളെ ഓർമിപ്പിക്കുന്നു എന്നതു താത്പര്യജനകമാണ്. അത് ഇങ്ങനെ പറയുന്നു: “നിങ്ങളിൽ ഒരുവൻ തന്റെ നാവിന്നു കടിഞ്ഞാണിടാതെ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേ.”—യാക്കോബ് 1:26.
[31-ാം പേജിലെ ചിത്രം]
മഹാനായ അലക്സാണ്ടർ
[കടപ്പാട്]
Alinari/Art Resource, NY