“കടലിലെ രത്നങ്ങൾ”
“കടലിലെ രത്നങ്ങൾ”
മനോഹരമായി രൂപകൽപ്പന ചെയ്യപ്പെട്ട, സങ്കീർണമായ ഡിസൈനുകളോടു കൂടിയ ഗ്ലാസ് കവചങ്ങൾക്കുള്ളിൽ കഴിയുന്ന അതിസൂക്ഷ്മ ആൽഗകളാണ് ഡയറ്റങ്ങൾ. സമുദ്രങ്ങളിലെല്ലാം ഇവയെ വൻതോതിൽ കാണാൻ കഴിയും. നൂറ്റാണ്ടുകളായി ഈ ജീവികൾ ശാസ്ത്രജ്ഞരിൽ കൗതുകമുണർത്തിയിട്ടുണ്ട്—വിശേഷിച്ചും, സൂക്ഷ്മദർശിനികൾ രംഗപ്രവേശം ചെയ്യുകയും ഡയറ്റങ്ങളുടെ മനോഹാരിത കടലാസ്സിലേക്കു പകർത്താൻ സാധിക്കുകയും ചെയ്തതിൽപ്പിന്നെ. കടലിലെ രത്നങ്ങൾ എന്ന വർണന ഡയറ്റങ്ങൾക്കു നന്നേ ചേരും.
1860-കളിൽ ഡൈനമൈറ്റ് കണ്ടുപിടിച്ച ആൽഫ്രഡ് നോബൽ, നൈട്രോഗ്ലിസറിനെ സ്ഥിരതയുള്ളതാക്കാൻ ഡയറ്റങ്ങളിൽനിന്നുള്ള സിലിക്ക ഉപയോഗിച്ചു. അങ്ങനെ, കൊണ്ടുനടക്കാവുന്ന ഡൈനമൈറ്റ് സ്റ്റിക്കുകൾ നിർമിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഡയറ്റങ്ങളുടെ, ഫോസിലുകളായി മാറിയ തോടുകൾ ഇന്ന് വാണിജ്യപരമായി പല വിധങ്ങളിൽ—റോഡടയാളങ്ങൾക്ക് ഉപയോഗിക്കുന്ന പെയിന്റിനു തിളക്കം നൽകാനും വീഞ്ഞ് ശുദ്ധീകരിക്കാനും നീന്തൽക്കുളങ്ങളിലെ ജലത്തിൽനിന്ന് മാലിന്യങ്ങൾ അരിച്ചെടുക്കാനുമൊക്കെ—ഉപയോഗിക്കുന്നുണ്ട്.
എങ്കിലും ഇതിലുമൊക്കെ പ്രധാനമായി, നമ്മുടെ ഗ്രഹത്തിലെ പ്രകാശസംശ്ലേഷണത്തിന്റെ നാലിൽ ഒരു ഭാഗവും നടക്കുന്നത് ഈ കൊച്ച് ഏകകോശ സസ്യങ്ങളിലാണ്. ഡയറ്റങ്ങളുടെ ഗ്ലാസ് കവചത്തിലെ സിലിക്ക, ഈ തോടിനകത്തുള്ള വെള്ളത്തിൽ രാസപരമായ മാറ്റങ്ങൾക്കിടയാക്കുന്നതായും അത് പ്രകാശസംശ്ലേഷണത്തിന് അനുയോജ്യമായ ഒരു പരിസ്ഥിതി സൃഷ്ടിക്കുന്നതായും യു.എസ്.എ.-യിലെ പ്രിൻസ്റ്റൻ യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ അലൻ മിലിഗണും ഫ്രാൻസ്വ മോറെലും കണ്ടെത്തിയിരിക്കുന്നു. ഡയറ്റങ്ങളുടെ പുറംതോടുകളിന്മേൽ ഇത്ര സങ്കീർണങ്ങളായ ഡിസൈനുകൾ ഉള്ളതു നിമിത്തം അവയുടെ പ്രതലത്തിന്റെ കൂടുതൽ ഭാഗം കോശത്തിനുള്ളിലെ വെള്ളവുമായി സമ്പർക്കത്തിൽ വരുന്നുവെന്നും അത് പ്രകാശസംശ്ലേഷണത്തെ കൂടുതൽ കാര്യക്ഷമമാക്കുന്നുവെന്നും ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. കടൽവെള്ളത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന സിലിക്കണിൽനിന്ന് മനോഹരമായ ഈ കൊച്ചു ഗ്ലാസ് കൂടുകൾ രൂപംകൊള്ളുന്നത് എങ്ങനെയാണെന്നത് ഇന്നും നിഗൂഢമാണ്. എന്നാൽ ശാസ്ത്രജ്ഞർക്ക് അറിയാവുന്ന ഒരു കാര്യമുണ്ട്—കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജൻ പുറന്തള്ളുകയും ചെയ്തുകൊണ്ട് ഡയറ്റങ്ങൾ ഭൂമിയിൽ ജീവൻ നിലനിറുത്തുന്നതിൽ ഒരു നിർണായക പങ്കു വഹിക്കുന്നു, ഒരുപക്ഷേ കരയിലെ സസ്യങ്ങളിൽ മിക്കവയെക്കാൾ പ്രാധാന്യമേറിയ ഒരു ധർമംതന്നെ.
മോറെൽ, ഡയറ്റങ്ങളെ “ഭൂമിയിലെ ഏറ്റവും അതിജീവനപ്രാപ്തിയുള്ള ജീവരൂപങ്ങളുടെ കൂട്ടത്തിൽ” പെടുത്തുന്നു. അവ ഇത്ര വലിയ അളവിൽ കാർബൺ ഡയോക്സൈഡ് ഉപയോഗിക്കുന്നില്ലായിരുന്നെങ്കിൽ “ഹരിതഗൃഹ പ്രഭാവം കൂടുതൽ രൂക്ഷമായിരിക്കുമായിരുന്നു” എന്ന് മിലിഗൺ കൂട്ടിച്ചേർക്കുന്നു.
ഡയറ്റങ്ങൾ ചാകുമ്പോൾ അവയുടെ കാർബൺ അവശിഷ്ടങ്ങൾ സമുദ്രത്തിന്റെ അടിത്തട്ടിലേക്കു താഴ്ന്ന് കാലക്രമത്തിൽ ഫോസിലുകളായി തീരുന്നു. ഫോസിലുകളായി മാറിയ ഈ ഡയറ്റങ്ങൾ ഉയർന്ന മർദത്തിൻ കീഴിൽ, ലോകത്തിലെ എണ്ണ ശേഖരങ്ങൾക്ക് സംഭാവന ചെയ്തിരിക്കുന്നതായി ചില ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. എന്നിരുന്നാലും, വർധിച്ച ആശങ്കയ്ക്ക് ഇടയാക്കുന്ന ഒരു കാര്യമുണ്ട്. ആഗോളതപനത്തിന്റെ ഫലമായി കടൽവെള്ളത്തിന്റെ താപനില വർധിക്കുന്നത് ഡയറ്റങ്ങളുടെ അവശിഷ്ടങ്ങൾ കടൽത്തട്ടിലേക്ക് താഴുന്നതിനു മുമ്പുതന്നെ ബാക്ടീരിയങ്ങൾ അവ ഭക്ഷിക്കാൻ ഇടയാക്കുന്നു, കാർബൺ തിരിച്ച് ഉപരിതലജലത്തിലേക്ക് പുറന്തള്ളപ്പെടുകയും ചെയ്യുന്നു. അതുകൊണ്ട്, വിസ്മയകരമായി രൂപകൽപ്പന ചെയ്യപ്പെട്ട ഒരു ജീവസന്ധാരണ വ്യവസ്ഥയുടെ ഭാഗമായ ‘കടലിലെ ഈ [കൊച്ചു] രത്നങ്ങൾ’ പോലും ഇപ്പോൾ അപകട ഭീഷണിയിലാണ്. (g04 6/22)
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
© Dr. Stanley Flegler/Visuals Unlimited