ഹാൻബോക്ക്—കൊറിയയുടെ ദേശീയവേഷം
ഹാൻബോക്ക്—കൊറിയയുടെ ദേശീയവേഷം
കൊറിയൻ റിപ്പബ്ലിക്കിലെ ഉണരുക! ലേഖകൻ
കൊറിയക്കാർക്ക് വസ്ത്രങ്ങൾ ശരീരം മറയ്ക്കാനുള്ളവ മാത്രമല്ല. കൊറിയയുടെ ഹാൻബോക്ക് എന്ന പരമ്പരാഗത വേഷം അടുത്തുപരിശോധിച്ചാൽ നമുക്കതു മനസ്സിലാകും.
ഒരു അനുപമമായ ഡിസൈൻ
ബൊലേറോ സ്റ്റൈലിലുള്ള—അയഞ്ഞ, മുൻഭാഗം തുറന്ന—ബ്ലൗസും നീണ്ട പാവാടയും തനതായ, ആനുപാതികമായ അളവിൽ ഒത്തിണക്കി തയ്ച്ചെടുത്ത വേഷമാണ് ഹാൻബോക്ക്. a ചിലപ്പോൾ പാവാടയ്ക്ക് ബ്ലൗസിന്റെ നാലിരട്ടി നീളം കണ്ടേക്കാം. അതുകൊണ്ട് ഇതു ധരിക്കുന്ന പൊക്കം കുറഞ്ഞ സ്ത്രീകൾക്കും പൊക്കം തോന്നിക്കും.
ഹാൻബോക്കിന് അത്ര വ്യക്തമായി കാണാൻ പറ്റാത്ത നേർത്ത ചുളിവുകളും വരകളുമുണ്ട്. ബ്ലൗസിന്റെ കൈകൾ ചിറകുകൾപോലെ വിടരുന്ന തരത്തിലുള്ളതാണ്. മാറിടത്തിൽനിന്നു തറയിലൂടെ ഒഴുകിക്കിടക്കുന്ന രീതിയിലുള്ളതാണ് പാവാട. അതുപോലെത്തന്നെ ബ്ലൗസിന് മാറിന്റെ മധ്യഭാഗത്തായി റിബൺകൊണ്ടുള്ള മനോഹരമായ ഒരു പ്രത്യേകതരം കെട്ടുണ്ട്. റിബണിന്റെ രണ്ടറ്റങ്ങളും ഒരു വശത്തുകൂടെ താഴോട്ടു കണങ്കാൽ വരെ നീണ്ടുകിടക്കും. പല ഹാൻബോക്കുകളുടെയും പാവാടയിലും ബ്ലൗസിന്റെ കഴുത്തിലും കൈകളിലും മറ്റും പൂക്കളുടെ എംബ്രോയ്ഡറികളും ജ്യോമട്രിക് ഡിസൈനുകളും ഉണ്ട്. അതേ, പിഴവറ്റ അനുപാതവും വരകളും നിറങ്ങളും എല്ലാം കൂടി ഹാൻബോക്കിനെ നിശ്ചയമായും കമനീയമാക്കിയിരിക്കുന്നു!
സൗകര്യപ്രദമായ ഒരു വേഷവിധാനം
ഹാൻബോക്ക് പ്രായോഗികമായ വിധത്തിലാണു ഡിസൈൻ ചെയ്തിരിക്കുന്നത്. അത് ഈ വേഷത്തിന്റെ അഴകിനു മിഴിവേകുന്നു. ഇതു സാധാരണമായി പ്രകൃതിയിൽനിന്നു കിട്ടുന്ന നാരുകൾ ഉപയോഗിച്ചു നെയ്തെടുക്കുന്നത് ആയതിനാൽ വർഷത്തിലുടനീളം ഏതു കാലാവസ്ഥയിലും ധരിക്കാവുന്നതാണ്. ചൊറിയണത്തിന്റെ ജനുസ്സിൽപ്പെട്ട നാരുള്ള ഒരുതരം ചെടി, ചണം എന്നിവയിൽനിന്ന് എടുക്കുന്ന നാരുകൾകൊണ്ട് ഉണ്ടാക്കുന്ന ഹാൻബോക്ക് ധരിച്ചാൽ ശരീരത്തിൽ നല്ല വായുസഞ്ചാരം കിട്ടും. അതിനാൽ, ഈ വസ്ത്രം ശരീരം മുഴുവനും മൂടിക്കിടക്കുന്നതാണെങ്കിലും വേനൽക്കാലത്ത് അതു ധരിക്കുന്ന ആൾക്കു കുളിർമ തോന്നും. ഹാൻബോക്കുകൾ തയ്ക്കാൻ ഉപയോഗിക്കുന്ന മറ്റു ചിലയിനം തുണികൾ ശരീരത്തിന്റെ ചൂടു നിലനിറുത്തുന്നവ ആയതിനാൽ ശൈത്യകാലത്തിനു കൂടുതൽ അനുയോജ്യമാണ്.
ഹാൻബോക്ക് ധരിക്കാൻ സുഖകരമാണ്. ഇതിനു ഫാഷൻ ലോകവുമായി ബന്ധമൊന്നുമില്ല.
ഇതിന്റെ ഉത്ഭവം നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്നാണ്. ഈ പ്രദേശത്തു കുതിരകളെ വ്യാപകമായി ഉപയോഗിച്ചുവന്നിരുന്ന ഒരു കാലഘട്ടത്തിൽ കുതിരസവാരിക്കു പറ്റിയ തരത്തിൽ ഡിസൈൻ ചെയ്ത വസ്ത്രമാണിത്. സംസ്കാരവും ഞാനും (ഇംഗ്ലീഷ്) എന്ന മാസിക ഇപ്രകാരം പറയുന്നു: “അന്നത്തെ ശൈത്യകാലാവസ്ഥ, വേട്ടയാടൽ, നാടോടി ജീവിതം ഇവയോടൊക്കെ ചേർന്നുപോകത്തക്ക രീതിയിൽ രൂപപ്പെടുത്തിയതാണിത്.” കൊറിയയിലെ കുതിരസവാരിക്കാർ തങ്ങളുടെ ചലനസ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താത്ത തരത്തിലുള്ള വസ്ത്രങ്ങളാണു ധരിച്ചിരുന്നത്. ഇന്ന് ഹാൻബോക്ക് ധരിക്കാൻ ഇഷ്ടപ്പെടുന്ന കൊറിയക്കാർ ഈ വസ്ത്രത്തിന്റെ സൗകര്യത്തെയും സുഖത്തെയും പ്രതി തങ്ങളുടെ പൂർവികരോടു കടപ്പെട്ടിരിക്കുന്നു!ഹാൻബോക്കിന്റെ മറ്റൊരു രസകരമായ സവിശേഷത, ഒരു പൗരാണിക പാരമ്പര്യത്തോടു ബന്ധപ്പെട്ടതാണ്. ചില പ്രത്യേക കാര്യങ്ങൾ ദ്യോതിപ്പിക്കുന്നതിനായി അവർ വ്യത്യസ്ത നിറത്തിലുള്ള ഹാൻബോക്ക് ഉപയോഗിച്ചിരുന്നു. കഴിഞ്ഞ കാലങ്ങളിൽ, കൊറിയയുടെ ഭരണവർഗം തങ്ങളുടെ പ്രൗഢിയും പ്രതാപവും വിളിച്ചോതുന്ന തരത്തിലുള്ള നിറങ്ങളാണ് തിരഞ്ഞെടുത്തിരുന്നത്. കർഷകർ ധരിച്ചിരുന്ന ഹാൻബോക്കുകൾക്കാകട്ടെ മിക്കവാറും വെള്ളനിറമായിരുന്നു. ഇനി, മഞ്ഞയും ചുവപ്പും ഇടകലർന്ന വസ്ത്രം ധരിക്കുന്ന പെൺകുട്ടി അവിവാഹിതയാണെന്നു മനസ്സിലാക്കാൻ കഴിയുമായിരുന്നു. വിവാഹശേഷം അവളുടെ ഹാൻബോക്കിന്റെ നിറം ഭർത്താവിന്റെ നിലയും വിലയും അനുസരിച്ചുള്ളതായിരിക്കും. ഇന്ന്, വിവാഹവേളകളിൽ വധുവിന്റെ അമ്മ ഇളംറോസ് നിറമുള്ള ഹാൻബോക്ക് ധരിക്കാൻ പ്രതീക്ഷിക്കപ്പെടുന്നു. നീല നിറമുള്ളതാണ് സാധാരണ വരന്റെ അമ്മ ധരിക്കാറുള്ളത്. ഏതായാലും ഈ രീതിമൂലം അവരെ തിരിച്ചറിയാൻ വളരെ എളുപ്പമാണ്.
ഇന്നത്തെ ഹാൻബോക്ക്
കൊറിയൻ യുദ്ധത്തെ (1950-53) തുടർന്ന് ഒരു ആധുനികവത്കരണ സംരംഭം അരങ്ങേറുകയുണ്ടായി. ഫലമോ? 1970-കളിൽ നമ്മുടെ ഹാൻബോക്കിനെ പഴഞ്ചനായി തള്ളിക്കളഞ്ഞു. പകരം പാശ്ചാത്യ വസ്ത്രധാരണരീതികൾ സ്ഥാനംപിടിച്ചു. അങ്ങനെ, ഒരിക്കൽ നിത്യജീവിതത്തിന്റെ ഭാഗമായ ഈ വസ്ത്രം അലമാരയിൽ ഒതുങ്ങിക്കൂടി, വല്ലപ്പോഴും വിവാഹങ്ങൾക്കോ ഉത്സവങ്ങളിലോ വിശേഷദിവസങ്ങളിലോ ഒന്നു മുഖം കാണിച്ചാലായി.
എന്നാൽ, അടുത്തകാലത്തായി ഹാൻബോക്ക് ഒരു തിരിച്ചുവരവു നടത്തുകയാണ്. ഉദാഹരണത്തിന് 1996-ൽ, എല്ലാ മാസത്തിന്റെയും ആദ്യശനിയാഴ്ചയെ “ഹാൻബോക്ക് ധരിക്കാനുള്ള ദിവസമാക്കി.” ഈ വസ്ത്രധാരണ രീതിക്കു ജനസമ്മിതി നേടിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്. വസ്ത്രനിർമാതാക്കൾ യുവഹൃദയങ്ങൾക്ക് ഇഷ്ടപ്പെടുന്ന രൂപത്തിലും ഭാവത്തിലും പുതിയ ഹാൻബോക്കുകൾ വിപണിയിലിറക്കി. പഴമയിലേക്കു തിരിച്ചുപോകുന്നതിൽ ആളുകൾക്ക് എന്തോ ഒരു വൈകാരിക സംതൃപ്തി ഉണ്ടെന്നുതോന്നുന്നു. കാരണം ഹാൻബോക്കിനെ ആളുകൾ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആധുനിക ഫാഷൻ വസ്ത്രങ്ങളിൽ മിക്കവയും ലൈംഗികവികാരം ഉണർത്തുന്ന തരത്തിലുള്ളത് ആയിരിക്കെ, ഹാൻബോക്ക് മാന്യവും മനോഹരവുമായ ഉടയാടകൾക്കൊരു മകുടോദാഹരണമായി നിലകൊള്ളുന്നു.—1 തിമൊഥെയൊസ് 2:9. (g04 11/8)
[അടിക്കുറിപ്പ്]
a പുരുഷന്മാർ ധരിക്കുന്നവയും സ്ത്രീകൾ ധരിക്കുന്നവയും ഉണ്ട്, ഈ ലേഖനം സ്ത്രീകൾ ധരിക്കുന്ന ഹാൻബോക്കിനെക്കുറിച്ചുള്ളതാണ്.