ഇന്റർനെറ്റ് അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?
ബൈബിളിന്റെ വീക്ഷണം
ഇന്റർനെറ്റ് അപകടങ്ങൾ എങ്ങനെ ഒഴിവാക്കാം?
ഇന്ത്യയിലെ ഒരു ഗ്രാമം, അവിടെ ഒരു കർഷകൻ സോയാബീൻസ് വിൽക്കാൻ പറ്റിയ സമയം നിശ്ചയിക്കുന്നതിനായി അമേരിക്കൻ ഐക്യനാടുകളിലെ ചിക്കാഗോയിൽ അതിന്റെ വിലയെന്താണെന്നു പരിശോധിക്കുന്നു. അതേസമയം, ജോലിയിൽനിന്നു വിരമിച്ച ഒരു സ്ത്രീ തന്റെ കൊച്ചുമകനിൽനിന്നു ലഭിച്ച ഇ-മെയിൽ വായിച്ചുകൊണ്ട് പുഞ്ചിരിതൂകുന്നു, ഒരു യാത്രക്കാരൻ തന്റെ ലക്ഷ്യസ്ഥാനത്തെ കാലാവസ്ഥ എന്താണെന്നു നോക്കുന്നു, ഇനിയും ഒരമ്മ തന്റെ കുട്ടിയുടെ ഗൃഹപാഠത്തിനു സഹായകമായ വിവരങ്ങൾ കണ്ടെത്തുന്നു—ഇതെല്ലാം സാധ്യമായത് ഇന്റർനെറ്റിലൂടെയാണ്. ലോകവ്യാപകമായി അറുപതു കോടിയിലേറെ ആളുകൾ ഇന്ന് ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ട്. ഇന്റർനെറ്റിന്റെ ഉപയോഗത്തിലുള്ള ശീഘ്ര വർധന ലോകത്തിന്റെ ആശയവിനിമയരീതികളെയും വ്യാപാരരീതികളെയും മാറ്റിമറിച്ചിരിക്കുന്നു.
പ്രത്യേകിച്ചും, സൈബർ തലമുറയെന്നു ചിലപ്പോഴൊക്കെ വിളിക്കപ്പെടുന്ന യുവതലമുറ ആവേശപൂർവം ഇൻറ്റർനെറ്റ് ഉപയോഗിക്കുന്നു. വാർത്തകൾക്കും ഗവേഷണത്തിനുമുള്ള പ്രധാന ഉറവിടമെന്നനിലയിൽ, വിദ്യാർഥികൾ ഇന്റർനെറ്റിനെ കൂടുതലായി ആശ്രയിക്കുന്നു. അതേ, ഗ്രന്ഥശാലയുടെ സ്ഥാനം ഇപ്പോൾ ഇന്റർനെറ്റ് കൈയടക്കിക്കൊണ്ടിരിക്കുകയാണ്. “ചുരുക്കിപ്പറഞ്ഞാൽ ഈ വിദ്യാർഥികൾ . . . തങ്ങളുടെ പഠനം മുഴുവൻതന്നെ ഇന്റർനെറ്റിലൂടെയാണു നടത്തുന്നത്” എന്ന് അമേരിക്കൻ ഐക്യനാടുകളിലെ മുതിർന്ന കോളെജ് വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു പഠനത്തിന്റെ ഡയറക്ടറായ ഡിയാന എൽ. റ്റില്ലിഷ് പറയുകയുണ്ടായി. അതേ, നമ്മുടെ ആധുനിക സമൂഹത്തിൽ ഇന്റർനെറ്റ് വിലപ്പെട്ട ഒന്നാണ്.
സാധാരണഗതിയിൽ, ഒരു ഉപകരണം എത്രയേറെ ശക്തമാണോ അത്രയേറെ അതിന് അപകടകാരിയായിരിക്കാനും കഴിയും. മോട്ടോർകൊണ്ട് പ്രവർത്തിക്കുന്ന ഒരു അറപ്പുവാളിന് സാധാരണ കൈവാളിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും, എന്നിരുന്നാലും അതു വളരെ സൂക്ഷിച്ചുവേണം ഉപയോഗിക്കാൻ. അതുപോലെ ഇന്റർനെറ്റും വളരെയധികം ശക്തവും ഉപകാരപ്രദവുമാണ്. എന്നാൽ അത് ഉപയോഗിക്കുമ്പോൾ നാം ശ്രദ്ധാലുക്കളായിരിക്കണം, അല്ലെങ്കിൽ അതിനും ഗുരുതരമായ അപകടങ്ങൾ വരുത്തിവെക്കാൻ സാധിക്കും. ഈ അപകടങ്ങളെക്കുറിച്ചുള്ള ഉത്കണ്ഠ, സൈബർ കുറ്റകൃത്യങ്ങളിൽനിന്നു സമൂഹത്തെ സംരക്ഷിക്കാൻ ഉതകുന്ന ഒരു അന്താരാഷ്ട്ര ഉടമ്പടിക്കു രൂപംകൊടുക്കാൻ യൂറോപ്യൻ കൗൺസിലിലെ 40-ലധികം അംഗരാജ്യങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നു.
ഇത്രയധികം ഉത്കണ്ഠപ്പെടാൻ എന്താണുള്ളത്? ക്രിസ്ത്യാനികൾ പ്രത്യേകാൽ ശ്രദ്ധിക്കേണ്ട ചില അപകടങ്ങൾ ഏവ? ഈ അപകടങ്ങൾ നിമിത്തം നിങ്ങൾ ഇന്റർനെറ്റിന്റെ ഉപയോഗം ഒഴിവാക്കണമോ? ബൈബിൾ എന്തു മാർഗനിർദേശം നൽകുന്നു?
ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
“ദോഷം ചെയ്വാൻ നിരൂപിക്കുന്നവ”രെന്നും “ദുഷ്കർമ്മി”കളെന്നും വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ദുഷ്ടമനുഷ്യർ ഉയർത്തുന്ന അപകടങ്ങളെക്കുറിച്ചു നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ ബൈബിൾ മുന്നറിയിപ്പു നൽകി. സദൃശവാക്യങ്ങൾ 24:8) യിരെമ്യാ പ്രവാചകൻ അവരെ, തങ്ങളുടെ ‘വീട്ടിൽ വഞ്ചന നിറച്ചിരിക്കുന്ന ദുഷ്ടന്മാർ’ എന്നു വിളിച്ചു. മനുഷ്യരെ പിടിക്കാനും “ധനവാന്മാ”രാകാനും വേണ്ടി വേടന്മാരെപ്പോലെ അവർ നാശകരമായ ‘കുടുക്കുവെക്കുന്നു.’ (യിരെമ്യാവു 5:26, 27) ആധുനികകാല ‘ദുഷ്ടന്മാർക്ക്’ സാങ്കേതികവിദ്യ വഞ്ചനാത്മകമായ പുതിയപുതിയ കെണികൾ പ്രദാനം ചെയ്തിരിക്കുന്നു. ക്രിസ്ത്യാനികൾക്ക് ഗുരുതരമായ അപകടങ്ങളുണ്ടാക്കുന്ന ചില കുതന്ത്രങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം.
(ഇന്റർനെറ്റ് അശ്ലീല വ്യവസായത്തിൽ ഒരു വർഷം ഏകദേശം 12,000 കോടി രൂപയുടെ ബിസിനസ് നടക്കുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അശ്ലീല വെബ് പേജുകളുടെ എണ്ണം സ്ഫോടനാത്മകമായ തോതിൽ—ഏകദേശം 1800 ശതമാനം—വർധിച്ചിരിക്കുന്നു. ഇപ്പോൾ ഇത്തരത്തിലുള്ള 26 കോടിയിൽപ്പരം പേജുകളുണ്ടെന്നു കണക്കാക്കപ്പെടുന്നു, തന്നെയുമല്ല ഈ സംഖ്യ അഭൂതപൂർവകമായ നിരക്കിൽ വർധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സെന്റർ ഫോർ ഓൺ-ലൈൻ അഡിക്ഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ ഡോക്ടർ കിംബെർലി എസ്. യങ് പറഞ്ഞത് ഇപ്രകാരമാണ്: “ഇന്റർനെറ്റിൽ അശ്ലീലം വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ അത് ഒഴിവാക്കുന്നത് ഇപ്പോൾ ബുദ്ധിമുട്ടാണ്, ആഗ്രഹിക്കുന്നില്ലെങ്കിൽപ്പോലും നമുക്ക് അതു കാണേണ്ടിവരുന്നു. ഇത് സൈബർ സെക്സ് ആസക്തി ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.”
“ഓരോരുത്തൻ പരീക്ഷിക്കപ്പെടുന്നതു സ്വന്തമോഹത്താൽ ആകർഷിച്ചു വശീകരിക്കപ്പെടുകയാൽ ആകുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ് 1:14) ഓരോരുത്തരും “സ്വന്തമോഹത്താൽ” അതായത് “ജഡമോഹം, കണ്മോഹം” എന്നിവയാൽ വശീകരിക്കപ്പെടുന്നതിന് അശ്ലീല വാണിഭക്കാർ പലതരം തന്ത്രങ്ങൾ പയറ്റുന്നു. (1 യോഹന്നാൻ 2:16) കമ്പ്യൂട്ടറുള്ള ഏതൊരാളെയും ഇരയാകാൻ സാധ്യതയുള്ള വ്യക്തിയായി വീക്ഷിച്ചുകൊണ്ടാണ് അവർ ഈ തന്ത്രങ്ങൾ മെനയുന്നത്. അവരുടെ ഉദ്ദേശ്യം വശീകരിക്കുക അല്ലെങ്കിൽ വൈൻസ് എക്സ്പോസിറ്ററി ഡിക്ഷണറി ഓഫ് ബിബ്ലിക്കൽ വേർഡ്സ് വിശദീകരിക്കുന്നതനുസരിച്ച് “ഇര കാട്ടി കുരുക്കിൽ അകപ്പെടുത്തുക” എന്നതാണ്. ജാഗ്രതയില്ലാത്ത ഇന്റർനെറ്റ് ഉപയോക്താക്കളെയാണ് അവർ ‘വശീകരിക്കാൻ’ ശ്രമിക്കുന്നത്.—സദൃശവാക്യങ്ങൾ 1:10.
ബൈബിൾ കാലങ്ങളിലെ ദുഷ്ടമനുഷ്യരെപ്പോലെ, അശ്ലീലകാര്യങ്ങൾ പ്രചരിപ്പിക്കുന്നവർ മിക്കപ്പോഴും വഞ്ചന പ്രയോഗിക്കുന്നു. പുതിയ ഇടപാടുകാരെ ആകർഷിക്കാനുള്ള തീവ്രയത്നത്തിന്റെ ഭാഗമായി ഓരോ ദിവസവും ഏകദേശം 200 കോടി അശ്ലീല ഇ-മെയിലുകൾ അയയ്ക്കപ്പെടുന്നെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. പലപ്പോഴും ആവശ്യപ്പെടാതെ എത്തുന്ന ഈ ഇ-മെയിലുകളിൽ നിരുപദ്രവകരമെന്നു തോന്നിക്കുന്ന തരത്തിലുള്ള സബ്ജക്ട് ലൈനുകളാണുള്ളത് (സന്ദേശം എന്തിനെക്കുറിച്ചുള്ളതാണെന്നു സൂചിപ്പിക്കുന്ന ലൈൻ). എന്നാൽ, ഇത്തരത്തിലുള്ള ഒരു ഇ-മെയിൽ തുറന്നാൽ അധാർമിക ചിത്രങ്ങളുടെ ഒരു തോരാപ്രവാഹംതന്നെ ആയിരിക്കും കൺമുന്നിൽ വന്നുനിറയുക. മെയിലിങ് ലിസ്റ്റിൽനിന്നു നീക്കംചെയ്യണമെന്നുള്ള അഭ്യർഥനകൾ ഒരുപക്ഷേ അശ്ലീല സന്ദേശങ്ങളുടെ മറ്റൊരു പ്രളയത്തിൽ കലാശിച്ചേക്കാം.
വേടൻ ശ്രദ്ധാപൂർവം കുറെ ധാന്യങ്ങൾ വിതറുന്നു. കിളി യാതൊരു അപകടവും പ്രതീക്ഷിക്കാതെ ആ ധാന്യമണികൾ ഓരോന്നായി കൊത്തിത്തിന്നുന്നു. ഒടുവിൽ ഠപ്പ്! പക്ഷി കെണിയിലകപ്പെട്ടു. ഇതുപോലെ, ലൈംഗിക ഉത്തേജനം പകരുന്ന ദൃശ്യങ്ങൾ ഒന്നു കണ്ടുനോക്കാൻ പലരെയും പ്രേരിപ്പിക്കുന്നത് ജിജ്ഞാസയാണ്. തങ്ങൾ ചെയ്യുന്നത് ആരും കാണുന്നില്ലെന്ന് അവർ പ്രതീക്ഷിക്കുന്നു. കാണുന്ന കാര്യങ്ങൾ ലൈംഗിക ആവേശം പകരുന്നവയാണെന്നു മനസ്സിലാകുന്നതോടെ ചിലർ കൂടെക്കൂടെ ഇത്തരം സൈറ്റുകൾ സന്ദർശിക്കുകയായി. ലജ്ജയും കുറ്റബോധവും അവരെ വേട്ടയാടിയേക്കാം. സമയം കടന്നുപോകവേ, ഒരിക്കൽ ഞെട്ടൽ ഉളവാക്കിയത് സാധാരണ സംഭവമായി മാറുന്നു. അശ്ലീലം വീക്ഷിക്കാൻ ചായ്വു കാണിക്കുന്നവരെ സംബന്ധിച്ചിടത്തോളം, അവരുടെ ആഗ്രഹങ്ങളെ ത്വരിതഗതിയിൽ വളർത്തുന്ന വളംപോലെയാണ് ഇന്റർനെറ്റ്. ഈ ആഗ്രഹങ്ങൾ വേഗത്തിൽ വളർന്നു പാപപൂർണമായ പ്രവൃത്തികളായി മാറുന്നു. (യാക്കോബ് 1:15) അശ്ലീലത്തിന്റെ കെണിയിൽപ്പെട്ടുപോയ നൂറുകണക്കിനു രോഗികളെ ചികിത്സിച്ചിട്ടുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഡോ. വിക്റ്റർ ക്ലൈൻ റിപ്പോർട്ടു ചെയ്യുന്നതനുസരിച്ച് ഇത്തരം വ്യക്തികൾ ക്രമേണ “ഗൂഢവും അപകടകരവുമായ പെരുമാറ്റരീതികൾ” വളർത്തിയെടുത്തേക്കാം. “കടിഞ്ഞാണില്ലാത്ത ലൈംഗിക ആഗ്രഹങ്ങളാണ് അവരുടെ വ്യക്തിത്വത്തിന്റെ കാതൽ. മിക്ക മൂല്യങ്ങളെയും കാറ്റിൽ പറത്തുന്ന അവർ തങ്ങളെ മറ്റുള്ളവരിൽനിന്ന് ഒറ്റപ്പെടുത്തിക്കൊണ്ട് ആ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്നു.”
ചാറ്റ് റൂമുകളുടെ അപകടങ്ങൾ
ഇന്റർനെറ്റ് ചാറ്റ് റൂമുകൾ ആളുകളുടെ സമയം പാഴാക്കുന്നു. കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതിൽ അതിനുള്ള പങ്കു വർധിച്ചുവരുകയുമാണ്. തന്റെ ഭാര്യ ഓൺ-ലൈനിൽ ചെലവഴിക്കുന്ന സമയത്തിന്റെ അളവിൽ ഉത്കണ്ഠ
പ്രകടിപ്പിച്ചുകൊണ്ട് ഒരാൾ എഴുതി: “ജോലി കഴിഞ്ഞ് വീട്ടിൽ വന്നാലുടനെ അവൾ പേഴ്സനൽ കമ്പ്യൂട്ടർ ഓൺ ചെയ്യും. പിന്നെ അഞ്ചോ അതിലധികമോ മണിക്കൂറുകൾ കഴിഞ്ഞു മാത്രമേ അവൾ അത് ഓഫ് ചെയ്യുകയുള്ളൂ. ഇത് ഞങ്ങളുടെ വിവാഹബന്ധത്തെ പ്രതികൂലമായി ബാധിക്കുന്നു.” അതേ, വിവാഹ ഇണയോടും കുടുംബത്തോടും ഒപ്പം ആയിരിക്കേണ്ട സമയമാണ് ഇന്റർനെറ്റിൽ ചെലവഴിക്കപ്പെടുന്നത്.ഇന്റർനെറ്റ് “മറ്റു ബന്ധങ്ങളിലേക്കു നയിക്കുന്ന കവാടമാണ്. ഓൺ ലൈൻ ബന്ധങ്ങൾക്കു വളരെ ശക്തമായിരിക്കാനും നിലവിലുള്ള ബന്ധങ്ങളെ തകർക്കാനും കഴിയും” എന്ന് വിവാഹജീവിതത്തെക്കുറിച്ചു മാർഗനിർദേശങ്ങൾ നൽകുന്ന റിലേറ്റ് എന്ന സ്ഥാപനത്തിന്റെ ചീഫ് എക്സിക്യൂട്ടീവായ ആൻജെല സിബ്സൻ പറയുന്നു. സൗഹൃദസംഭാഷണമെന്ന നിലയിൽ തുടങ്ങുന്നത് പെട്ടെന്നുതന്നെ ഗുരുതരമായ മറ്റെന്തെങ്കിലുമായി പരിണമിച്ചേക്കാം. അധാർമിക ബന്ധങ്ങളിൽ ഏർപ്പെടുകയെന്ന ഉദ്ദേശ്യത്തോടെ “ഹൃദയത്തിൽ ഉപായം” നിരൂപിക്കുന്നവർ തങ്ങളുടെ ഇരകളാകാൻ സാധ്യതയുള്ളവരോട് “ചക്കരവാക്ക്” അല്ലെങ്കിൽ അവർ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ പറയുന്നു. (സദൃശവാക്യങ്ങൾ 6:24; 7:10) ഇത്തരം വഞ്ചനയ്ക്ക് ഇരയായ ബ്രിട്ടനിൽനിന്നുള്ള 26 വയസ്സുകാരി നിക്കോളാ വിശദീകരിക്കുന്നു: “എന്നെ സ്നേഹിക്കുന്നെന്നും ഞാനെത്ര നല്ലവളാണെന്നും അയാൾ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു. അതിൽ ഞാൻ വീണുപോയി.” സെക്സ് ആൻഡ് ദി ഇന്റർനെറ്റ്: എ ഗൈഡ്ബുക്ക് ഫോർ ക്ലിനിഷ്യൻസ് എന്ന പുസ്തകത്തിന്റെ എഡിറ്ററായ ഡോക്ടർ അൽ കൂപ്പർ പറയുന്നു, “ഓൺലൈൻ ശൃംഗാരത്തിൽ ഏർപ്പെടുന്നവർ വഴുവഴുപ്പിലാണെന്നും അത് ഒട്ടുമിക്കപ്പോഴും വിവാഹമോചനത്തിൽ കലാശിക്കുമെന്നും ഉള്ള മുന്നറിയിപ്പ് ആളുകൾക്കു നൽകേണ്ടിയിരിക്കുന്നു.”
കുട്ടികൾ “കമ്പ്യൂട്ടർ-ലൈംഗിക കുറ്റവാളികളു”ടെ ചൂഷണത്തിനും ദ്രോഹത്തിനും വശംവദരാകാൻ അതിലേറെ സാധ്യതയുണ്ട്. “വായുടെ വക്രത”യും “അധരങ്ങളുടെ വികട”വും ഉപയോഗിച്ച് ബാലരതിപ്രിയർ അനുഭവപരിചയമില്ലാത്ത കുട്ടികളെ കുടുക്കിലാക്കുന്നു. (സദൃശവാക്യങ്ങൾ 4:24; 7:7) താൻ വളരെ വിലപ്പെട്ടവനാണെന്ന തോന്നൽ കുട്ടിയിൽ ഉളവാക്കുന്നതിനുവേണ്ടി അവർ അവനു വളരെയധികം ശ്രദ്ധയും വാത്സല്യവും നൽകുകയും ദയാവായ്പോടെ ഇടപെടുകയും ചെയ്യുന്നു. ഇതിന് ഗ്രൂമിങ് എന്നാണു പറയുന്നത്. ഇഷ്ടപ്പെട്ട സംഗീതം, ഹോബികൾ തുടങ്ങി കുട്ടിയുടെ താത്പര്യങ്ങളെക്കുറിച്ചെല്ലാം അവർക്കറിയാം. കുട്ടിക്കും കുടുംബത്തിനുമിടയിൽ വിടവുണ്ടാക്കുന്നതിനുവേണ്ടി വീട്ടിലെ ചെറിയ പ്രശ്നങ്ങൾപോലും വലുതാക്കുന്നതിന് അവർ ശ്രമിക്കുന്നു. തങ്ങളുടെ ദുഷ്ട ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തിൽ ഈ ഇരപിടിയന്മാർ അവർ ലക്ഷ്യമിടുന്ന ഇരകൾക്കു മറ്റൊരു രാജ്യത്തേക്കു സഞ്ചരിക്കാനുള്ള ടിക്കറ്റ്പോലും അയച്ചുകൊടുത്തേക്കാം. ഇതിന്റെ പരിണതഫലങ്ങൾ ഭയാനകമാണ്.
ബൈബിൾ തത്ത്വങ്ങൾക്കു നിങ്ങളെ സംരക്ഷിക്കാനാകും
അപകടങ്ങളെ വിലയിരുത്തിയശേഷം, ഇന്റർനെറ്റിന്റെ ഉപയോഗം പാടെ ഒഴിവാക്കുന്നതാണു നല്ലതെന്നു ചിലർ തീരുമാനിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഇന്റർനെറ്റിലെ ഒരു ചെറിയ ശതമാനം സൈറ്റുകൾ മാത്രമാണ് അപകടകാരികളെന്നും മിക്ക ഉപയോക്താക്കളും ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചിട്ടില്ലെന്നും സമ്മതിക്കേണ്ടിയിരിക്കുന്നു.
സന്തോഷകരമെന്നു പറയട്ടെ, അപകടങ്ങളിൽനിന്നു നമ്മെ സംരക്ഷിക്കാൻ ആവശ്യമായ മാർഗനിർദേശങ്ങൾ തിരുവെഴുത്തുകൾ പ്രദാനംചെയ്യുന്നു. പരിജ്ഞാനം, ജ്ഞാനം, വകതിരിവ് അല്ലെങ്കിൽ ചിന്താപ്രാപ്തി എന്നിവ ആർജിക്കാൻ അതു നമ്മെ പ്രോത്സാഹിപ്പിക്കുന്നു. അത്തരം ഗുണങ്ങൾ ‘നമ്മെ കാക്കുകയും’ ‘ദുഷ്ടന്റെ വഴിയിൽനിന്നു വിടുവിക്കുകയും’ ചെയ്യും. (സദൃശവാക്യങ്ങൾ 2:10-12) പുരാതന കാലത്തെ ദൈവദാസനായ ഇയ്യോബ് ഇപ്രകാരം ചോദിച്ചു: “ജ്ഞാനം എവിടെനിന്നു വരുന്നു?” അതിന്റെ ഉത്തരം ഇതാണ്: “കർത്താവിനോടുള്ള [“യഹോവയോടുള്ള,”] ഭക്തി തന്നേ ജ്ഞാനം.”—ഇയ്യോബ് 28:20, 28
“യഹോവാഭക്തി” അതായത് ‘ദോഷത്തെ വെറുക്കുന്നത്’ ആണ് ദൈവിക ഗുണങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള അടിസ്ഥാനം. (സദൃശവാക്യങ്ങൾ 1:7; 8:13; 9:10) ദൈവത്തോടുള്ള സ്നേഹവും ഭക്തിയും അവന്റെ ശക്തിയോടും അധികാരത്തോടും ഉള്ള ആരോഗ്യാവഹമായ ആദരവും അവൻ വെറുക്കുന്ന മോശമായ കാര്യങ്ങളെ വെറുക്കാനും ഒഴിവാക്കാനും നമ്മെ സഹായിക്കും. നമ്മുടെ മനസ്സിനെയും ഹൃദയത്തെയും വിഷലിപ്തമാക്കുകയും ആത്മീയതയെ ദുഷിപ്പിക്കുകയും ചെയ്യുന്ന അപകടങ്ങളെ തിരിച്ചറിയാൻ വ്യക്തമായ ചിന്താപ്രാപ്തിയും ദൈവിക പരിജ്ഞാനവും നമ്മെ സഹായിക്കും. നമ്മുടെ കുടുംബത്തെ തകർക്കുകയും യഹോവയുമായുള്ള ബന്ധത്തെ നശിപ്പിക്കുകയും ചെയ്യുന്ന സ്വാർഥതയെയും അത്യാർത്തി പൂണ്ട മനോഭാവങ്ങളെയും വെറുക്കുന്നതിന് അവ ഇടയാക്കും.
അതുകൊണ്ട് ഇന്റർനെറ്റ് ഉപയോഗിക്കുന്നെങ്കിൽ അപകടങ്ങളെക്കുറിച്ചു ജാഗ്രതയുള്ളവരായിരിക്കുക. ദൈവിക കൽപ്പനകൾ അനുസരിക്കാൻ ദൃഢചിത്തരായിരിക്കുക, നിങ്ങളെ കുഴപ്പത്തിലേക്കു തള്ളിവിട്ടേക്കാവുന്ന കാര്യങ്ങളിൽ ഉപരിപ്ലവമായ താത്പര്യംപോലും കാണിക്കാതിരിക്കുക, അത് തീക്കളിയാണ്. (1 ദിനവൃത്താന്തം 28:7) അങ്ങനെയാകുമ്പോൾ, ഇന്റർനെറ്റ് അപകടങ്ങളെ അഭിമുഖീകരിക്കുന്നപക്ഷം ജ്ഞാനപൂർവം നിങ്ങൾ അവയെ വിട്ടോടും.—1 കൊരിന്ത്യർ 6:18.
[19-ാം പേജിലെ ചതുരം]
അശ്ലീലം വിട്ടകലുക!
“ദുർന്നടപ്പും യാതൊരു അശുദ്ധിയും അത്യാഗ്രഹവും നിങ്ങളുടെ ഇടയിൽ പേർ പറകപോലും അരുതു; അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം.”—എഫെസ്യർ 5:3, 4
“ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.”—കൊലൊസ്സ്യർ 3:5.
“ദൈവത്തിന്റെ ഇഷ്ടമോ . . . ഓരോരുത്തൻ ദൈവത്തെ അറിയാത്ത ജാതികളെപ്പോലെ കാമവികാരത്തിലല്ല, വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടിക്കൊള്ളട്ടെ.”—1 തെസ്സലൊനീക്യർ 4:3-5.
[20, 21 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
ഇന്റർനെറ്റ് ചാറ്റ്റൂമുകളെ സൂക്ഷിക്കുക!
ഇന്റർനെറ്റ് കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന ഒരു വനിതാ പോലീസ് ഡിറ്റെക്റ്റിവ്, ഇന്റർനെറ്റ് ചാറ്റ്റൂമുകളുടെ അപകടങ്ങൾ നേരിട്ടുകാണുന്നതിന് ഉണരുക!യെ ക്ഷണിക്കുകയുണ്ടായി. അവർ ഒരു 14-വയസ്സുകാരിയായ പെൺകുട്ടിയായി നടിച്ചുകൊണ്ട് ചാറ്റ്റൂമിൽ പ്രവേശിച്ചു. ഏതാനും നിമിഷങ്ങൾക്കകം നിരവധി ആളുകൾ ബന്ധപ്പെടാൻ തുടങ്ങി. “നിങ്ങൾ എവിടെനിന്നാണ്?” “നിങ്ങൾ ആൺകുട്ടിയാണോ പെൺകുട്ടിയാണോ?” “നമുക്ക് അൽപ്പനേരം സംസാരിക്കാമോ?” തുടങ്ങിയ ചോദ്യങ്ങൾ ആ അപരിചിതർ ചോദിച്ചു. പോലീസ് നിരീക്ഷണത്തിൻ കീഴിലായിരുന്ന, ലൈംഗിക ഇരപിടിയന്മാരെന്നു സംശയിക്കപ്പെടുന്നവരിൽ നിന്നായിരുന്നു പല ചോദ്യങ്ങളും. ഒരു ബാലരതിപ്രിയന് നിങ്ങളുടെ കുട്ടിയുമായി ചാറ്റ്റൂമിലൂടെ ബന്ധപ്പെടാൻ എത്ര എളുപ്പമാണെന്നാണ് ഇതു കാണിക്കുന്നത്.
സംഭാഷണം നടത്തിക്കൊണ്ടിരിക്കുമ്പോൾ ചാറ്റ്റൂമിലുള്ള മറ്റെല്ലാവരും അതു കാണുന്നതുകൊണ്ട്, ചാറ്റ്റൂമുകളിൽ തങ്ങളുടെ മക്കൾ സുരക്ഷിതരാണെന്നാണ് ചില മാതാപിതാക്കൾ വിചാരിക്കുന്നത്. എന്നിരുന്നാലും ചാറ്റ്റൂമിൽ പ്രവേശിച്ചുകഴിഞ്ഞാൽ മറ്റാരും കാണാതെ ഒരൊറ്റ വ്യക്തിയുമായി നേരിട്ടുള്ള സംഭാഷണവും സാധ്യമാണ്. സ്വകാര്യം പറച്ചിലെന്നു ചിലപ്പോഴൊക്കെ വിളിക്കപ്പെടുന്ന ഈ രീതിയെ പരാമർശിച്ചുകൊണ്ട് ബ്രിട്ടനിലെ ഇന്റർനെറ്റ് ടാസ്ക്ഫോഴ്സ് ഓൺ ചൈൽഡ് പ്രൊട്ടക്ഷൻ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “വളരെയധികം ആളുകൾ ഒരുമിച്ചുകൂടിയിരിക്കുന്ന ഒരു സ്ഥലത്തുനിന്നു മാറി ഒരു സ്വകാര്യ മുറിയിൽ പോയി ഒരു അപരിചിതനുമായി ഒറ്റയ്ക്കു സംഭാഷണത്തിൽ ഏർപ്പെടുന്നതുപോലെയാണത്.”
മിക്ക ബാലരതിപ്രിയരും കുട്ടികളുമായി സല്ലപിക്കുന്നതിലധികം ചെയ്യാൻ ആഗ്രഹിക്കുന്നു എന്നുള്ള കാര്യവും മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതു പ്രധാനമാണ്. ഇന്റർനെറ്റ് കുറ്റകൃത്യ ഫോറം തയ്യാറാക്കിയ ഒരു രേഖ ഇപ്രകാരം റിപ്പോർട്ടു ചെയ്യുന്നു: “ചാറ്റ്റൂമിൽ തുടങ്ങുന്ന ബന്ധം [അവർ] മറ്റു മാധ്യമങ്ങളായ ഇ-മെയിൽ, (മൊബൈൽ) ഫോൺ എന്നിവയിലൂടെ വളർത്തിയെടുത്തേക്കാം.” യു.എസ്. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ ഒരു റിപ്പോർട്ടു പറയുന്നു: “തന്റെ ഇരയായിരിക്കുന്ന കുട്ടിയോട് ഓൺ-ലൈനിൽ സംസാരിക്കുന്നത് കമ്പ്യൂട്ടർ-ലൈംഗിക കുറ്റവാളിക്ക് ഒരു ഹരമാണെങ്കിലും അതു കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. മിക്കവർക്കും കുട്ടികളോടു ടെലിഫോണിൽ സംസാരിക്കാനാണു താത്പര്യം. അവർ പലപ്പോഴും കുട്ടികളുമായി ‘ഫോൺ ലൈംഗികത’യിൽ ഏർപ്പെടുകയും യഥാർഥ ലൈംഗികതയിലേർപ്പെടാൻ കൂടിക്കാഴ്ചയ്ക്ക് ഏർപ്പാടാക്കുകയും ചെയ്യുന്നു.”
ഇത് സാധിക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ-ലൈംഗിക കുറ്റവാളികൾ അവരുടെ ഫോൺ നമ്പർ നൽകുന്നു. നിങ്ങളുടെ കുട്ടി അവരെ വിളിക്കുകയാണെങ്കിൽ ഫോണിലെ ഒരു പ്രത്യേക സംവിധാനത്തിൽനിന്ന് (കോളർ ഐഡി) അവർക്കു കുട്ടിയുടെ ഫോൺ നമ്പർ മനസ്സിലാക്കാൻ സാധിക്കും. മറ്റ് ഇരപിടിയന്മാർക്കു സൗജന്യമായി വിളിക്കാവുന്ന നമ്പറുകൾ കാണും, അല്ലെങ്കിൽ സ്വീകർത്താവു പണമടയ്ക്കുന്ന സൗകര്യം ഉപയോഗപ്പെടുത്താൻ അവർ കുട്ടികളോട് ആവശ്യപ്പെടും. ചിലർ കുട്ടികൾക്ക് സെൽഫോൺപോലും അയച്ചുകൊടുത്തിട്ടുണ്ട്. കുറ്റവാളികൾ കത്തുകൾ, ഫോട്ടോകൾ, സമ്മാനങ്ങൾ എന്നിവയും അയച്ചുകൊടുത്തേക്കാം.
ചാറ്റ്റൂം അപകടങ്ങൾക്ക് ഇരയാകുന്നവരിൽ കുട്ടികൾ മാത്രമല്ല ഉൾപ്പെടുന്നത്. സ്ത്രീകളോട്, അവർ കേൾക്കാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ വളരെ ഇമ്പമായി സംസാരിച്ചുകൊണ്ട്, അടുത്തകാലത്ത് ഒരാൾ ബ്രിട്ടനിലെ ആറ് സ്ത്രീകളെ ഒരേ സമയം താനുമായുള്ള പ്രണയക്കുരുക്കിൽ അകപ്പെടുത്തി. ചതിക്ക് ഇരയായവരിൽ ഒരാളായ, 27 വയസ്സുള്ള സുന്ദരിയും ബിരുദാനന്തര വിദ്യാർഥിനിയുമായ ഷെറിൽ ഇപ്രകാരം പറയുന്നു: “അത് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. എന്റെ മുഴുജീവിതത്തെയും നിയന്ത്രിക്കത്തക്കവിധം അത്ര ശക്തമായിത്തീർന്നു അയാളുമായുള്ള എന്റെ ഓൺ-ലൈൻ ബന്ധം.”
“ഇന്റർനെറ്റിൽ ശാരീരിക സൗന്ദര്യത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തൽ നടക്കാത്തതുകൊണ്ട് അത് ആശ്വാസത്തിനു വക നൽകുന്നതായി സ്ത്രീകൾ കണ്ടെത്തുന്നു” എന്ന് വിമൻ ഇൻ സൈബർസ്പേസിന്റെ സ്ഥാപക ജെനി മാഡൻ പറയുന്നു. “എന്നിരുന്നാലും കുറച്ചുസമയത്തിനുള്ളിൽത്തന്നെ തങ്ങളെക്കുറിച്ചുള്ള വളരെയധികം വിവരങ്ങൾ വെളിപ്പെടുത്താനുള്ള ചായ്വ്, പ്രത്യേകിച്ചും ചാറ്റ്റൂമുകളിൽ, സ്ത്രീകൾ കാണിക്കുന്നതിനാൽ അവർ തങ്ങളെത്തന്നെ അപകടത്തിന് അങ്ങേയറ്റം വശംവദരാക്കുകയാണ്.”
ഫ്ളോറിഡ സർവകലാശാലയ്ക്കു വേണ്ടി ബിയാട്രിസ് ആവിലാ മൈൽഹാം നടത്തിയ ഒരു ഗവേഷണ പഠനത്തിന്റെ ഭാഗമായി ചോദിച്ചപ്പോൾ ഒരാൾ പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ കമ്പ്യൂട്ടർ ഓൺ ചെയ്യുകയേ വേണ്ടൂ, എനിക്കു തിരഞ്ഞെടുക്കാൻ ആയിരക്കണക്കിനു സ്ത്രീകളുണ്ടാകും.” ബിയാട്രിസ് പറയുന്നു, “സമീപഭാവിയിൽ ദാമ്പത്യ അവിശ്വസ്തതയുടെ ഏറ്റവും സാധാരണ രൂപം ഇന്റർനെറ്റായിരിക്കും, ഒരുപക്ഷേ ഇപ്പോൾത്തന്നെ അത് അങ്ങനെയായിരിക്കാം.” സെക്സ് ആൻഡ് ദി ഇന്റർനെറ്റ്: എ ഗൈഡ്ബുക്ക് ഫോർ ക്ലിനിഷ്യൻസ് എന്ന പുസ്തകത്തിന്റെ എഡിറ്ററായ ഡോ. അൽ കൂപ്പർ പറയുന്നു, “വൈവാഹിക പ്രശ്നങ്ങളുടെ ഒരു മുഖ്യ കാരണം ഓൺ-ലൈൻ ലൈംഗിക പ്രവർത്തനങ്ങളാണെന്നാണ് രാജ്യമെമ്പാടുമുള്ള ചികിത്സകരിൽനിന്നു ഞങ്ങൾക്കു കേൾക്കാൻ കഴിയുന്നത്.”
ആരെയും ഇരുത്തി ചിന്തിപ്പിക്കാൻ പോന്ന ഈ വസ്തുതകളുടെ വെളിച്ചത്തിൽ, ഇൻറ്റർനെറ്റ് ഉപയോഗിക്കുമ്പോൾ ഉചിതമായ മുൻകരുതലുകളെടുക്കുന്നത് ജ്ഞാനമാണ്. കുട്ടികളോടു സംസാരിക്കുകയും എങ്ങനെ അപകടങ്ങളിൽനിന്നും തങ്ങളെത്തന്നെ സംക്ഷിക്കാമെന്നു അവരെ പഠിപ്പിക്കുകയും ചെയ്യുക. ശരിയായ പരിജ്ഞാനം ആർജിക്കുകവഴി നിങ്ങൾക്ക് ഇന്റർനെറ്റ് അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കും.—സഭാപ്രസംഗി 7:12.