ആറു ഭൂഖണ്ഡങ്ങൾ ഒന്നിക്കുന്നിടം
ആറു ഭൂഖണ്ഡങ്ങൾ ഒന്നിക്കുന്നിടം
യൂക്രെയിനിലെ ഉണരുക! ലേഖകൻ
പക്ഷികളെയും മൃഗങ്ങളെയും അവയുടെ സ്വാഭാവിക ചുറ്റുപാടുകളിൽ നിരീക്ഷിക്കുന്നത് നിങ്ങൾക്കിഷ്ടമാണോ? അങ്ങനെയാണെങ്കിൽ, ആഫ്രിക്കയും ഏഷ്യയും ഓസ്ട്രേലിയയും യൂറോപ്പും വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും സന്ദർശിക്കുന്നത്—എല്ലാം ഒരു സ്ഥലത്തുതന്നെ—നിങ്ങൾ തീർച്ചയായും ആസ്വദിക്കും. അത്തരമൊരു സന്ദർശനം എങ്ങനെയാണു സാധ്യമാകുന്നത്? തെക്കൻ യൂക്രെയിനിലെ പ്രകൃതി സംരക്ഷണ കേന്ദ്രമായ അസ്കാൻയാ-നോവാ ബയോസ്ഫിയർ റിസർവ് സന്ദർശിക്കുന്നതിലൂടെ. ഇവിടെയുള്ള സമതലങ്ങളിൽ ആറു ഭൂഖണ്ഡങ്ങളിൽനിന്നുള്ള വന്യജീവികൾ വിഹരിക്കുന്നു എന്നു മാത്രമല്ല അവ സമാധാനത്തോടും ഐക്യത്തോടും കൂടെ ജീവിക്കുകയും ചെയ്യുന്നു.
ഈ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ വേരുകൾ തേടിപ്പോകുകയാണെങ്കിൽ 1883-ൽ ചെന്നെത്തും. ആ വർഷം ഫ്രിഡ്രിച്ച് പിഫാൽറ്റ്സ്-പ്ഫൈൻ എന്ന ജർമൻ കുടിയേറ്റക്കാരൻ മനുഷ്യൻ കൈകടത്തിയിട്ടില്ലാത്ത വിശാലമായ ഒരു പുൽപ്രദേശം പ്രകൃതി സംരക്ഷണ കേന്ദ്രമാക്കുന്നതിനുവേണ്ടി തിരഞ്ഞെടുത്തു. അവിടെ അദ്ദേഹത്തിന് 50-ലധികം വർഗങ്ങളിൽപ്പെടുന്ന പക്ഷികളുടെയും സസ്തനികളുടെയും ഒരു സ്വകാര്യ മൃഗശാലയുണ്ടായിരുന്നു. പിന്നീട്, 1887-ൽ ഒരു സസ്യശാസ്ത്ര ഉദ്യാനവും കൂട്ടിച്ചേർക്കപ്പെട്ടു. ഇപ്പോൾ അസ്കാൻയാ-നോവാ ബയോസ്ഫിയർ റിസർവിൽ ഒരു സസ്യശാസ്ത്ര ഉദ്യാനവും 27,000 ഏക്കറിലധികംവരുന്ന സ്വാഭാവിക അവസ്ഥയിലുള്ള വിശാലമായ പുൽമേടും ഒരു മൃഗശാലയുമുണ്ട്.
പ്രകൃതി സംരക്ഷണ കേന്ദ്രത്തെ സമീപിക്കുമ്പോൾ, ആദ്യം കാണുന്നത് സസ്യശാസ്ത്ര ഉദ്യാനമാണ്. വർഷങ്ങളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നും നാനാതരം വൃക്ഷങ്ങൾ ശാസ്ത്രജ്ഞന്മാർ ഇവിടേക്കു കൊണ്ടുവന്നിട്ടുണ്ട്. പാർക്കിൽ ഏകദേശം 500 ഏക്കർ സ്ഥലത്തു മരങ്ങൾ വെച്ചുപിടിപ്പിച്ചിരിക്കുന്നു. ഈ കേന്ദ്രം വരണ്ട പ്രദേശത്തു സ്ഥിതിചെയ്യുന്നതിനാൽ മരങ്ങളും കുറ്റിച്ചെടികളും നനയ്ക്കുന്നതിനുവേണ്ടി കുഴൽക്കിണറുകളും നീർച്ചാലുകളും നിർമിച്ചിട്ടുണ്ട്. 1889-ൽ പാരീസ് ലോകമേളയിൽവെച്ച് ഈ ഉദ്യാനത്തിൽ ആദ്യമുണ്ടായിരുന്ന ഭൂപ്രകൃതിയും ജലസേചന സംവിധാനവും സ്വർണ മെഡലിന് അർഹമായി.
ആറു ഭൂഖണ്ഡങ്ങളിൽനിന്നുള്ള മൃഗങ്ങളും പക്ഷികളും
തണൽവിരിച്ച പാർക്കിൽനിന്നു നാം വെയിലേറ്റുകിടക്കുന്ന പുൽമേടുകളിലേക്കു പോകുന്നു. 6,000-ത്തോളം ഏക്കർ വരുന്ന വേലികെട്ടിയ ഈ സമതലങ്ങളിൽ ഏകദേശം 50 വ്യത്യസ്ത വർഗങ്ങളിലുള്ള വന്യജീവികൾ പറ്റംപറ്റമായി വിഹരിക്കുന്നു. ആദ്യം നമുക്ക് ആഫ്രിക്കയിൽനിന്നുള്ള ചില മൃഗങ്ങളെ നിരീക്ഷിക്കാം.
വിനോദത്തിനായി വേട്ടയാടപ്പെടുന്ന വലിയ മൃഗങ്ങളിൽവെച്ച് ഏറ്റവും പേരുകേട്ടതും അങ്ങേയറ്റം അപകടകാരിയുമായ ഒരു മൃഗമാണ് കെയ്പ് പോത്ത്. അതിന് നല്ല വലുപ്പവും—തോളുയരം 1.7 മീറ്റർ—ഒരു മീറ്റർ നീളമുള്ള കൂറ്റൻ കൊമ്പുകളുമാണുള്ളത്. അങ്ങനെ ആരിലും മതിപ്പുണർത്താൻ പോന്നതാണ് അവയുടെ ആകെക്കൂടിയുള്ള രൂപം. കെയ്പ് പോത്തുകൾ പ്രവചനാതീതമായ പ്രകൃതമുള്ളവയും ആക്രമിക്കാൻ മുതിരുന്നവയുമായതുകൊണ്ട് അവയോട് അടുക്കുന്നത് അത്ര പന്തിയല്ല.
നമ്മുടെ ശ്രദ്ധ ആകർഷിക്കുന്ന മറ്റൊരു മൃഗം തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഇലൻഡ് എന്ന ഒരു തരം മാനാണ്. 1892-ലാണ് അവ ആദ്യമായി ഇവിടെ എത്തിച്ചേർന്നത്. പ്രകൃതി സംരക്ഷണ കേന്ദ്രത്തിൽ വേട്ടയാടൽ നിരോധിച്ചിരിക്കുന്നതിനാൽ അന്നുമുതൽ ഇലൻഡുകൾ ഇവിടെ സമാധാനത്തോടെ ജീവിക്കുന്നു. സന്ദർശകർ നോക്കിനിൽക്കെ അവ മേഞ്ഞുനടക്കുന്നു, അവയ്ക്ക് മനുഷ്യരെ തെല്ലും ഭയമില്ല. ഇലൻഡുകളിൽ ചിലതിനെ ഇണക്കിവളർത്തുകയും പശുക്കളുടെ പാൽ കറന്നെടുക്കുന്നതുപോലെ അവയുടെ പാൽ കറന്നെടുക്കുകയും ചെയ്യുന്നു. കൊഴുപ്പു കൂടുതലുള്ള പോഷകസമൃദ്ധമായ ഈ പാൽ ഉദരത്തിലെ അൾസർ പോലുള്ളവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.
പറക്കാൻ കഴിവില്ലാത്ത, എമു പക്ഷി ഓസ്ട്രേലിയൻ സ്വദേശിയാണ്. വലുപ്പത്തിൽ ഒട്ടകപ്പക്ഷി കഴിഞ്ഞാൽ ലോകത്തിൽ അടുത്ത സ്ഥാനം എമുവിനാണ്. ചില എമു പക്ഷികൾക്ക് 1.8 മീറ്റർ ഉയരവും 59 കിലോഗ്രാം ഭാരവും കാണും. വലകൊണ്ടുള്ള ഒരു വേലി ഈ പക്ഷികളെ മറ്റു ജീവികളിൽനിന്നു വേർതിരിക്കുന്നുവെങ്കിലും സ്വതന്ത്രമായി ഓടിനടക്കാൻ പാകത്തിനു വലുതാണ് അവയുടെ പ്രദേശം.
എമു പക്ഷികളുടെ കൗതുകമുണർത്തുന്ന ഒരു പ്രത്യേകത, മുട്ട വിരിഞ്ഞു പുറത്തുവരുന്നതിനു മുമ്പ് പക്ഷിക്കുഞ്ഞുങ്ങൾ ആൺ എമു പക്ഷിയുടെ ശബ്ദത്തോടു പ്രതികരിക്കുന്നു എന്നുള്ളതാണ്. ഉദാഹരണത്തിന്, മുട്ട വിരിയുന്നതിനു കുറച്ചു മുമ്പായി ആൺ എമു പക്ഷിയുടെ റെക്കോർഡു ചെയ്ത ശബ്ദം കേൾപ്പിച്ചാൽ ഉള്ളിലുള്ള കുഞ്ഞുങ്ങളുടെ ചലനം നിമിത്തം മുട്ട മുമ്പോട്ടും പുറകോട്ടും ചലിക്കുമെന്നു പറയപ്പെടുന്നു. എന്നിരുന്നാലും പെൺപക്ഷിയുടെ ശബ്ദത്തോട് അവ പ്രതികരിക്കുന്നില്ല. എന്തുകൊണ്ട്?
മുട്ടയിടുന്നതു പെൺപക്ഷിയാണെങ്കിലും മുട്ടകൾക്ക് അടയിരിക്കുന്നത് ആൺപക്ഷിയാണ്. മുട്ട വിരിയുന്നതുവരെ ഏകദേശം 50 ദിവസം അവൻ അവയെ സംരക്ഷിക്കുന്നു. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങൾ പുറത്തു വന്നുകഴിഞ്ഞാൽ അവയെ പരിപാലിക്കുന്നതും അവനാണ്. അതുകൊണ്ട് മുട്ടയ്ക്കുള്ളിൽ ആയിരിക്കുമ്പോൾത്തന്നെ തങ്ങളെ ആരാണ് സംരക്ഷിക്കുന്നതെന്ന് കുഞ്ഞുങ്ങൾക്കു നല്ലവണ്ണം അറിയാം. ഇവ സാധാരണ മുട്ടകളല്ല കേട്ടോ, കടും പച്ച നിറവും നല്ല വലുപ്പവുമുള്ള ഈ മുട്ടകൾക്ക് ഏകദേശം 700 ഗ്രാം തൂക്കം വരും!
ഈ കേന്ദ്രത്തിൽ, പെഷെവാൽസ്കിസ് കുതിരകളുടെ കൂട്ടങ്ങളെയും കാണാം. 1899-ൽ അവയെ മംഗോളിയൻ പുൽപ്രദേശങ്ങളിൽനിന്നും കൊണ്ടുവന്നതാണ്. മേച്ചൽപ്പുറങ്ങളുടെ അഭാവവും വേട്ടയാടലും കാരണം 1960-കളിൽ ഈ കുതിരകൾക്ക് വന്യചുറ്റുപാടുകളിൽ വംശനാശം സംഭവിച്ചതായി കരുതപ്പെടുന്നു.
ഇന്ന്, ഈ ഇനത്തിൽപ്പെട്ട 1,100-ഓളം കുതിരകൾ വിവിധ മൃഗശാലകളിലും വന്യജീവിസങ്കേതങ്ങളിലുമായി സംരക്ഷിക്കപ്പെടുന്നുണ്ട്. അതിൽ നൂറോളം എണ്ണം അസ്കാൻയാ-നോവാ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലാണ്. ഈ മൃഗങ്ങളെ കാടുകളിൽ പുനരവതരിപ്പിക്കാനുള്ള ഉദ്യമത്തിലാണ് ശാസ്ത്രജ്ഞർ. അതിന്റെ ഭാഗമായി ഇത്തരം 21 കുതിരകളെ 1992/93-ൽ മംഗോളിയയിലേക്കു തിരികെ കൊണ്ടുപോയി.
ഈ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലെ ജീവിവർഗങ്ങളിൽ എണ്ണത്തിൽ ഏറ്റവും കൂടുതലുള്ളത് ചൈനയിൽനിന്നും ജപ്പാനിൽനിന്നുമുള്ള പുള്ളിമാനാണ്. ഇതിന്റെ ശരീരത്തിൽ പുള്ളികളുള്ളതിനാൽ ഇതിനെ പൂമാൻ എന്നും വിളിക്കുന്നു. മെലിഞ്ഞൊതുങ്ങിയ ശരീരവും ചെറിയ തലയിലെ പ്രൗഢിയുള്ള കൊമ്പുകളും ഈ ജീവിയെ അഴകേറിയതാക്കുന്നു.
ഭാഗികമായി വന്യമൃഗങ്ങളുടെ ഗണത്തിൽപ്പെടുത്താൻ കഴിയുന്ന കൂറ്റൻ ഇന്ത്യൻ കാളയാണ് ഗായൽ. അവയും പുൽമേടുകളിൽ ശാന്തമായി മേയുന്നതു കാണാം. ഇന്ത്യയിലാണെങ്കിൽ പകൽസമയത്ത് ഇവ കാട്ടിൽ മേയാൻ പോകും, രാത്രിയിൽ ഗ്രാമത്തിലേക്കു മടങ്ങുകയും ചെയ്യും. അസ്കാൻയാ-നോവായിൽ കാടോ ഗ്രാമമോ ഇല്ലെങ്കിലും മറ്റു മൃഗപറ്റങ്ങളോടൊപ്പം ഇവിടത്തെ പുൽമേടുകളിൽ അവ സ്വൈരമായി വിഹരിക്കുന്നു.
അമേരിക്കൻ ബൈസണിന്റെ അല്ലെങ്കിൽ കാട്ടുപോത്തിന്റെ ശക്തിയും വലുപ്പവും അപാരംതന്നെയാണ്. ഏകദേശം 150 വർഷംമുമ്പ്, കോടിക്കണക്കിനുവരുന്ന ഈ ഭീമന്മാർ വടക്കേ അമേരിക്കൻ പുൽപ്രദേശങ്ങളിൽ വിഹരിച്ചിരുന്നു, എന്നാൽ വേട്ടയാടലിന്റെ ഫലമായി അവ വംശനാശത്തിന്റെ വക്കോളമെത്തി. യൂറോപ്പിൽ ഇവിടെ മാത്രമേ ഇപ്പോൾ അമേരിക്കൻ കാട്ടുപോത്തുകളുടെ പറ്റത്തെ കാണാൻ സാധിക്കുകയുള്ളൂ. വേനൽക്കാലത്തായാലും ശൈത്യകാലത്തായാലും ഈ പുൽമേടുകൾ തങ്ങളുടെ സ്വാഭാവിക വാസമേഖലകളാണെന്ന പ്രതീതിയാണ് കാട്ടുപോത്തുകൾക്കുള്ളത്.
തെക്കേ അമേരിക്കയെ പ്രതിനിധീകരിക്കുന്നത് പറക്കാൻ കഴിവില്ലാത്ത റിയ (അല്ലെങ്കിൽ നന്ദു) എന്ന വലിയ പക്ഷിയാണ്. ഓസ്ട്രേലിയൻ എമുവിനോട് സാമ്യമുള്ള ഈ പക്ഷികൾക്ക് 1.5 മീറ്റർ ഉയരവും 50 കിലോഗ്രാം ഭാരവും കണ്ടേക്കാം. എമുവിനെപ്പോലെ ആൺ റിയയാണ് മുട്ടയ്ക്ക് അടയിരിക്കുന്നത്. എന്നാൽ എമു പക്ഷികൾക്ക് ഒരു ഇണയെ ഉള്ളുവെങ്കിൽ റിയകൾക്ക് ഒന്നിലേറെ ഇണകളുണ്ടെന്നുള്ളതാണ് പ്രകടമായ ഒരു വ്യത്യാസം. അതുകൊണ്ട് മൂന്നുമുതൽ അഞ്ചുവരെ പെൺ റിയകൾ ഒരു കൂട്ടിൽത്തന്നെ മുട്ടകൾ ഇട്ടേക്കാം.
ചെമന്ന മാനും റോ മാനും യൂറോപ്പിൽനിന്നുള്ളവയാണ്. പുൽമേടുകളിൽ സുഖമായി ജീവിക്കുന്ന അസാമാന്യ പൊരുത്തപ്പെടൽ പ്രാപ്തിയുള്ള ഈ മൃഗങ്ങൾക്ക് ചൂടിനെയും തണുപ്പിനെയും ഒരുപോലെ ചെറുത്തുനിൽക്കാനുള്ള കഴിവുണ്ട്. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളിലുള്ള വന്യജീവി സങ്കേതങ്ങളിലും അതുപോലെതന്നെ വേട്ടയാടലിനായി വേർതിരിച്ചിട്ടുള്ള പ്രദേശങ്ങളിലും വംശവർധന നടത്തുന്നതിനുവേണ്ടി ഇവിടെയുള്ള മാനുകളെ ഉപയോഗിക്കുന്നു. ഷെറ്റ്ലാൻഡ് പോണികൾ എന്ന ചെറിയ ഇനം കുതിരകൾ 1960-ലാണ് വടക്കൻ യൂറോപ്പിൽനിന്നും അസ്കാൻയാ-നോവായിലെത്തിച്ചേർന്നത്. അപ്പോൾമുതൽ അവയുടെ സംഖ്യ ഗണ്യമായി വർധിച്ചിരിക്കുന്നു.
ഈ പ്രകൃതി സംരക്ഷണ കേന്ദ്രം വരയൻ കുതിരകളുടെയും ബ്ലൂ വിൽഡെബിസ്റ്റുകളുടെയും (വലിയ ആഫ്രിക്കൻ ആന്റലോപ്) ഏഷ്യൻ കാട്ടു കഴുതകളുടെയും സൈഗകളുടെയും (യുറേഷ്യൻ ആന്റലോപ്) അതുപോലെതന്നെ വൈവിധ്യമാർന്ന ഒട്ടനവധി പക്ഷികളുടെയും സങ്കേതവും കൂടിയാണ്. ചില ജീവികൾ വർഷം മുഴുവനും പുൽമേടുകളിൽ കഴിയുമ്പോൾ മറ്റു ചിലതിനെ ശൈത്യകാലത്ത് ഫാം കെട്ടിടങ്ങളിലേക്കു മാറ്റിപ്പാർപ്പിക്കുന്നു.
പ്രകൃതി സംരക്ഷണ മേഖല പരിരക്ഷിക്കപ്പെടുന്നു
ഇപ്പോൾ, യൂക്രേനിയൻ ശാസ്ത്ര ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പഠനകേന്ദ്രമാണ് അസ്കാൻയാ-നോവാ.
പുൽമേടുകളെ അവയുടെ സ്വാഭാവിക അവസ്ഥയിൽ നിലനിറുത്തുന്നതിനും പുതിയ ചുറ്റുപാടുമായി ഇണങ്ങിച്ചേരാൻ ജീവിവർഗങ്ങളെ സഹായിക്കുന്നതിനുംവേണ്ടി ഇൻസ്റ്റിറ്റ്യൂട്ടിലുള്ള ജോലിക്കാർ കഠിനമായി യത്നിക്കുന്നു. മറ്റു രാജ്യങ്ങളിൽനിന്നു കൊണ്ടുവന്നതും അപൂർവവുമായ ജീവികളുടെ ഇപ്പോഴുള്ള ശേഖരത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താൻ ശാസ്ത്രജ്ഞരും പരിശ്രമിക്കുന്നു.പ്രകൃതി സംരക്ഷണ മേഖലകൾ ഭൂമിയുടെ പല ഭാഗങ്ങളിലുമുണ്ട്. നിങ്ങൾക്ക് അവ വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും പ്രെയറികളിലും പാംപകളിലും ആഫ്രിക്കയിലെ സാവന്നകളിലും ഓസ്ട്രേലിയയിലെ പുൽപ്രദേശങ്ങളിലും ഏഷ്യയിലെയും യൂറോപ്പിലെയും സ്റ്റെപ്പികളിലും കാണാൻ സാധിക്കും. തനതായ സവിശേഷതകളോടുകൂടിയ അവയിൽ ഓരോന്നിലും വിവിധ ഇനങ്ങളിലുള്ള സസ്യങ്ങളും ജന്തുജാലങ്ങളുമുണ്ട്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ജീവിവർഗങ്ങൾക്ക് അവയുടെ ചുറ്റുപാടുകളുമായി ഇഴുകിച്ചേരാനും സമാധാനത്തോടെ ഒരുമിച്ചു കഴിയാനും ആകുമെന്നാണ് അസ്കാൻയാ-നോവാ പ്രകൃതി സംരക്ഷണ കേന്ദ്രത്തിന്റെ അന്താരാഷ്ട്ര സ്വഭാവം കാണിക്കുന്നത്.
ദൈവരാജ്യം മനുഷ്യർക്കിടയിൽ മാത്രമല്ല ഭൂമിയിലുള്ള നാനാതരം ജന്തുക്കൾക്കിടയിലും സമാധാനം കൊണ്ടുവരുമെന്ന് ബൈബിൾ പ്രവചിച്ചിരിക്കുന്ന സമയത്തിനായി അനേകം ആളുകൾ വലിയ ആകാംക്ഷയോടെ നോക്കിപ്പാർത്തിരിക്കുന്നു.—യെശയ്യാവു 11:6-9; ഹോശേയ 2:18; പ്രവൃത്തികൾ 10:34, 35.
[14-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അസ്കാൻയാ-നോവാ ബയോസ്ഫിയർ റിസർവ്
[15-ാം പേജിലെ ചിത്രം]
ഇലൻഡ്
[15-ാം പേജിലെ ചിത്രം]
കെയ്പ് പോത്ത്
[15-ാം പേജിലെ ചിത്രം]
എമു
[16-ാം പേജിലെ ചിത്രം]
പുള്ളിമാൻ
[16-ാം പേജിലെ ചിത്രം]
പെഷെവാൽസ്കിസ് കുതിര
[16-ാം പേജിലെ ചിത്രം]
അമേരിക്കൻ കാട്ടുപോത്ത്
[16, 17 പേജുകളിലെ ചിത്രം]
റിസർവ് വൈവിധ്യമാർന്ന ഒട്ടനവധി പക്ഷികളുടെ സങ്കേതവുമാണ്
[17-ാം പേജിലെ ചിത്രം]
റിയ
[17-ാം പേജിലെ ചിത്രം]
റോ മാൻ
[17-ാം പേജിലെ ചിത്രം]
ചെമന്ന മാൻ
[17-ാം പേജിലെ ചിത്രം]
സസ്യശാസ്ത്ര ഉദ്യാനം
[15-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഇലൻഡും എമുവും: Biosphere Reserve “Askaniya-Nova,” Ukraine; ഗ്ലോബുകൾ: Mountain High Maps® Copyright © 1997 Digital Wisdom, Inc.
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മാൻ: Biosphere Reserve “Askaniya-Nova,” Ukraine; ഗ്ലോബുകൾ: Mountain High Maps® Copyright © 1997 Digital Wisdom, Inc.
[17-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
പക്ഷികൾ: Biosphere Reserve “Askaniya-Nova,” Ukraine; പുഷ്പങ്ങളും ഉദ്യാനവും: Olha Dvorna/ Biosphere Reserve “Askaniya-Nova,” Ukraine; ഗ്ലോബുകൾ: Mountain High Maps® Copyright © 1997 Digital Wisdom, Inc.