ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
ദുശ്ശീലങ്ങൾ “ബൈബിളിന്റെ വീക്ഷണം: ദുശ്ശീലങ്ങളെ മറികടക്കാൻ സാധിക്കുമോ?” എന്ന ലേഖനത്തിനു നന്ദിപറയാൻ നിങ്ങൾക്കെഴുതിയേ തീരൂ എന്ന് എനിക്കു തോന്നി. (2004 മേയ് 8) കുറെനാളുകളായി ഞാൻ തൂക്കവുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തെ അഭിമുഖീകരിക്കുകയായിരുന്നു. എനിക്കു തൂക്കം കുറയും, പക്ഷേ പിന്നെയും കൂടും. ഈ ലേഖനം അതിനെക്കുറിച്ചുള്ളത് ആയിരുന്നില്ലെങ്കിലും ഇതിലെ വിവരങ്ങൾ എനിക്കു പ്രയോജനം ചെയ്തു. എന്റെ ദുശ്ശീലങ്ങളെക്കുറിച്ച് ഒരു വിശകലനം നടത്താനും അവ എന്റെ തൂക്കക്കൂടുതലിന് ഇടയാക്കിയിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാനും ലേഖനം എന്നെ സഹായിച്ചു. നമുക്കു പോരാടേണ്ടിവരുന്ന വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് യഹോവയ്ക്ക് അറിയാമെന്നും അവന് അതിൽ താത്പര്യമുണ്ടെന്നും ഓർമിപ്പിച്ചതിനു നിങ്ങൾക്കു വളരെ നന്ദി.
എം. എസ്., ഐക്യനാടുകൾ
പ്രത്യാശ “പ്രത്യാശ—നിങ്ങൾക്ക് അത് എവിടെ കണ്ടെത്താനാകും?” (2004 മേയ് 8) എന്ന ലേഖന പരമ്പരയ്ക്ക് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിച്ചുകൊണ്ടുള്ള ഹ്രസ്വമായ ഒരു കുറിപ്പാണിത്. ഞങ്ങൾ കുടുംബമൊന്നിച്ച് അതു വായിച്ചു. വായിച്ചുതീരാറായപ്പോൾ കണ്ണീരടക്കാൻ ഞങ്ങൾ പാടുപെട്ടു. ആ പൂവിന്റെ ചിത്രം മനോഹരമായ ഒരു ദൃശ്യപ്രതീകമായിരുന്നു.
എച്ച്. എച്ച്. & എൽ. എച്ച്., ഐക്യനാടുകൾ
മാസികയുടെ ഈ ലക്കം കിട്ടുന്നതിന് ഒരാഴ്ച മുമ്പ് എന്റെ അമ്മ മരിച്ചു. എന്നാൽ അതിലെ പിൻവരുന്ന വാക്കുകൾ എനിക്ക് ഏറെ സാന്ത്വനം പകർന്നു: “മരിച്ചുപോയവർ സങ്കൽപ്പിക്കാവുന്നതിൽവെച്ച് ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ്, അമ്മയുടെ ഉദരത്തിൽ സുരക്ഷിതനായിരിക്കുന്ന കുഞ്ഞിനെപ്പോലെ.” എന്റെ അമ്മയുടെ വേർപാടിൽ ഞാൻ ഇപ്പോഴും ദുഃഖിക്കുന്നു, എങ്കിലും അമ്മ യഹോവയുടെ സ്മരണയിൽ സുരക്ഷിതയാണല്ലോ എന്നോർക്കുമ്പോൾ എനിക്കു സന്തോഷം തോന്നുന്നു.
വി. എൽ., ഐക്യനാടുകൾ
ഞാൻ ഉണരുക! വായിക്കാൻ തുടങ്ങിയിട്ട് 50 വർഷത്തോളമായി. ഒരു കാര്യം എന്നെ എന്നും വിസ്മയിപ്പിക്കുന്നു: പലതവണ എഴുതിയിട്ടുള്ള ഒരു വിഷയത്തെക്കുറിച്ചുതന്നെ തികച്ചും പുതുമയോടെ വീണ്ടും എഴുതാനുള്ള നിങ്ങളുടെ കഴിവ്. അശുഭാപ്തിവിശ്വാസത്തെക്കുറിച്ചു നിങ്ങൾ അവതരിപ്പിച്ച വിവരങ്ങൾ ശരിക്കും പരിചിന്തനാർഹമായിരുന്നു.
റ്റി. എച്ച്., ഐക്യനാടുകൾ
എനിക്കൊരു മാരകരോഗമുണ്ട്. ക്രിയാത്മക ചിന്താഗതി നിലനിറുത്താൻ ഞാൻ ശ്രമിക്കാറുണ്ട്, പക്ഷേ ഇന്ന് എഴുന്നേറ്റപ്പോൾ എനിക്ക് ആകെപ്പാടെ നിരാശതോന്നി. അതുകൊണ്ട് ഞാൻ ഈ ലേഖനങ്ങൾ വീണ്ടും വീണ്ടും വായിച്ചു. സാഹചര്യങ്ങളെ ശരിക്കും മനസ്സിലാക്കി എഴുതിയിരിക്കുന്ന ഈ ലേഖനങ്ങളിൽനിന്ന് ഞാൻ ഒരുപാട് ആശ്വാസം നേടി.
ബി. ജെ., ബ്രിട്ടൻ
എന്റെ ഭർത്താവിനു കാൻസറാണ്. ഞങ്ങളുടെ കുട്ടികളെ പരിപാലിക്കുന്നതിൽ എനിക്കു വളരെയധികം സമ്മർദം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കൂടാതെ, എന്റെ ജോലിയും നഷ്ടപ്പെട്ടു. എന്നാൽ “പ്രത്യാശയ്ക്കുള്ള കാരണങ്ങൾ” എന്ന ഭാഗം എനിക്കു ശക്തിപകർന്നു. കഴിയുന്നത്ര ആളുകളെ ഈ ലേഖനം പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
വൈ. എൻ., ജപ്പാൻ
എന്തെങ്കിലും അരുതാത്തതു സംഭവിച്ചാൽ ഞാൻ ആകെപ്പാടെ പരിഭ്രമിക്കാൻ തുടങ്ങും. ഈ ലേഖനങ്ങൾ എന്റെ പ്രാർഥനയുടെ ഉത്തരമാണ്! അശുഭാപ്തിവിശ്വാസം നിഴലിക്കുന്ന വീക്ഷണത്തെ തരണംചെയ്യുന്നതിനുള്ള പടികൾ അതിൽ എത്ര വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അത്തരം ചിന്തകൾ മനസ്സിൽ പ്രവേശിക്കുമ്പോൾത്തന്നെ അവയെ ഇറക്കിവിടാനുള്ള പടികൾ ഒന്നൊന്നായി അവലംബിക്കാൻ എനിക്കു കഴിയുന്നു. ഈ മാസിക എന്റെ കിടക്കയ്ക്കരികിൽത്തന്നെയാണ് ഞാൻ വെച്ചിരിക്കുന്നത്, എന്നും എടുത്തു നോക്കുകയും ചെയ്യുന്നു.
എസ്. റ്റി., ജപ്പാൻ
ഡാൻസ് ക്ലബ്ബുകൾ “യുവജനങ്ങൾ ചോദിക്കുന്നു . . .യുവജന ഡാൻസ് ക്ലബ്ബുകളെ എങ്ങനെ വീക്ഷിക്കണം?” (2004 മേയ് 8) എന്ന ലേഖനത്തിനു നന്ദി. അത്തരം ക്ലബ്ബുകൾ ക്രിസ്ത്യാനികൾക്കുള്ളതല്ല എന്നതിനോടു ഞാൻ യോജിക്കുന്നു. ഞാൻ അത്തരം ക്ലബ്ബുകളിൽ പോകാറുണ്ടായിരുന്നു. അന്നൊന്നും ഞാൻ യഹോവയെ അറിയാനിടയായില്ലല്ലോ എന്നോർക്കുമ്പോൾ എനിക്കു ദുഃഖമുണ്ട്.
എൽ., ഇന്തൊനീഷ്യ
സത്യം പറഞ്ഞാൽ, പോകരുതാത്ത സ്ഥലങ്ങളിൽ ഞാൻ പോയിട്ടുണ്ട്. ഡാൻസ് എനിക്കു ജീവനാണ്. അതിൽ പങ്കെടുക്കാനും മറ്റും പോകുന്നതിന് എപ്പോഴും ഞാൻ ഓരോ ന്യായങ്ങൾ കണ്ടെത്തും. പിറ്റേദിവസം ഞാൻ അതിനെക്കുറിച്ച് ഓർത്തു വിഷമിക്കുകയും ചെയ്യും. ഞാൻ എന്തെങ്കിലും അരുതാത്തതു ചെയ്തിട്ടല്ല, എന്റെ കൂടെയുള്ള ആളുകളുടെയെല്ലാം മോശമായ സ്വഭാവം നിമിത്തമാണ് എനിക്ക് വല്ലായ്മ തോന്നുന്നത്! ഈ ലേഖനം ഡാൻസ് ക്ലബ്ബുകളുടെ തനിനിറം വെളിച്ചത്തു കൊണ്ടുവന്നു. അതേ, അവയിൽ അനേകവും അപകടകരവും അധാർമികവുമാണ്.
ഡി. കെ., ഓസ്ട്രേലിയ