മുയലുകളും തവളകളും—ഒരു ഭൂഖണ്ഡം വെട്ടിപ്പിടിച്ചവർ
മുയലുകളും തവളകളും—ഒരു ഭൂഖണ്ഡം വെട്ടിപ്പിടിച്ചവർ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
യുദ്ധഭൂമി പാഴ്നിലമായി തീർന്നിരിക്കുന്നു. ചെടികൾ തഴച്ചുവളർന്നിരുന്ന ഇവിടെ ഇപ്പോൾ നിറയെ ആഴത്തിലുള്ള കുഴികളാണ്. യോദ്ധാക്കളുടെ ശവശരീരങ്ങൾ യുദ്ധക്കളത്തിലെങ്ങും ചിതറിക്കിടക്കുന്നു. സൈനികർ സാധാരണ ധരിക്കാറുള്ള പച്ച നിറത്തിലുള്ള യൂണിഫാറമോ ബൂട്ടുകളോ ഒന്നുമല്ല ഇവർക്കുള്ളത്, പകരം മൃദുലമായ രോമക്കുപ്പായങ്ങളാണ്. ബയണറ്റുകളുടെ സ്ഥാനത്താകട്ടെ മൂർച്ചയുള്ള പല്ലുകളും. ഓസ്ട്രേലിയയെ വലച്ച കാട്ടുമുയലുകളാണ് ഈ യോദ്ധാക്കൾ.
മുയലുകൾ, മുയലുകൾ സർവത്ര മുയലുകൾ
1859-ലാണ്, യൂറോപ്യൻ മുയലുകൾ ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ മുനമ്പിൽ ആധിപത്യം ഉറപ്പിക്കാൻ തുടങ്ങിയത്. പ്രാദേശിക നായാട്ടുകാർക്ക് വേട്ടയാടി രസിക്കുന്നതിനായിരുന്നു തുടക്കത്തിൽ ഇവയെ കൊണ്ടുവന്നത്. പക്ഷേ പെട്ടെന്നുതന്നെ അവയെ കൂട്ടത്തോടെ വേട്ടയാടാൻ തുടങ്ങി, ഇപ്രാവശ്യം അത് നേരമ്പോക്കിനായിരുന്നില്ല മറിച്ച് ക്രമാതീതമായി പെറ്റുപെരുകാൻ തുടങ്ങിയ അവയുടെ എണ്ണം നിയന്ത്രിക്കുന്നതിനായിരുന്നു.
ബ്രിട്ടനെ തങ്ങളുടെ അധിവാസഭൂമിയാക്കുന്നതിന് യൂറോപ്യൻ മുയലുകൾക്ക് 900 വർഷം വേണ്ടിവന്നെങ്കിൽ യൂറോപ്പിന്റെ പകുതിയിലധികം വലുപ്പം വരുന്ന ഒരു ഓസ്ട്രേലിയൻ പ്രദേശം കയ്യടക്കുന്നതിന് അവയ്ക്കു വെറും 50 വർഷമേ വേണ്ടിവന്നുള്ളൂ. വളർച്ചയെത്തിയ പെൺ മുയലുകൾ ഒരു വർഷം 40 കുഞ്ഞുങ്ങളെവരെ പ്രസവിക്കുന്നു. അതുകൊണ്ടുതന്നെ വർഷത്തിൽ ഏകദേശം 100 കിലോമീറ്റർ എന്ന തോതിൽ ഭൂഖണ്ഡത്തെ കയ്യടക്കിക്കൊണ്ടു മുന്നേറാൻ മുയലുകൾക്കു കഴിഞ്ഞു. ബ്യൂറോ ഓഫ് റൂറൽ സയൻസസിന്റെ (ബിആർഎസ്) ഒരു റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “കുടിയേറി പാർക്കുന്ന സസ്തനികളുടെ വർധന നിരക്കിൽ ഏറ്റവും കൂടിയതായിരുന്നു ഇത്.” പരിണതഫലം വിനാശകരമായിരുന്നു.
മുയലുകൾ തദ്ദേശീയ മൃഗങ്ങളുടെ ആഹാരം തിന്നുതീർക്കുകയും മാളങ്ങൾ കയ്യേറുകയും ചെയ്യുന്നു. ആ പ്രദേശത്തിനു സ്വന്തമായിരുന്ന അനേകം ജീവിവർഗങ്ങളുടെ വംശനാശത്തിന് ഇവർ കാരണക്കാരായിട്ടുണ്ടെന്നു പറയപ്പെടുന്നു. വനനശീകരണത്തിനുപോലും ഇവർ
ഉത്തരവാദികളാണത്രേ. ഒരു ഗവേഷകൻ ഇങ്ങനെ വിശദീകരിക്കുന്നു, “അവ വൃക്ഷത്തൈകൾ തിന്നുമുടിക്കുന്നു. അങ്ങനെ, നശിച്ചുപോകുന്ന വലിയ വൃക്ഷങ്ങളുടെ സ്ഥാനത്ത് വളർന്നുവരാൻ പുതിയ വൃക്ഷങ്ങൾ ഇല്ലാതാകുന്നു.” ഈ മുയലുകൾ ഒരു ചെറിയ ദ്വീപിനെ കയ്യടക്കുമ്പോൾ, അതിന്റെ ഫലം വിനാശകരമാണ്. “1903-ൽ, ലെയ്സൻ ദ്വീപിൽ രംഗപ്രവേശം ചെയ്ത മുയലുകൾ 1936 ആയപ്പോഴേക്കും ആ പ്രദേശത്തു മാത്രമുണ്ടായിരുന്ന പക്ഷി വർഗങ്ങളിൽ മൂന്ന് ഇനത്തെയും 26 സസ്യവർഗങ്ങളിൽ 22 ഇനത്തെയും ദ്വീപിൽനിന്നു തുടച്ചുനീക്കി . . . 1923-ൽ ഈ ദ്വീപ് ഏതാനും മുരടിച്ച മരങ്ങൾ മാത്രമുള്ള ഒരു മണലാരണ്യമായിത്തീർന്നു” എന്ന് ഒരു ബിആർഎസ് റിപ്പോർട്ടു പറയുന്നു.കൂട്ടനശീകരണത്തിനായുള്ള ആയുധങ്ങൾ പ്രയോഗിക്കുന്നു
ഓസ്ട്രേലിയയിൽ മുയലുകളെ കെണിയിലാക്കിയും വെടിവെച്ചും വിഷംവെച്ചുമൊക്കെ കൊല്ലാൻ തുടങ്ങി. വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്തിലൂടെ കടന്നുപോകുന്ന 1,830 കിലോമീറ്റർ നീളമുള്ള പ്രശസ്തമായ ‘റാബിറ്റ് പ്രൂഫ് ഫെൻസ്’ മുയലുകളുടെ മുന്നേറ്റം തടയുന്നതിനുവേണ്ടി നിർമിക്കപ്പെട്ട വേലിയാണ്. * എന്നിരുന്നാലും ഈ അധിനിവേശ സൈന്യത്തിന്റെ മുന്നേറ്റം തടയാൻ യാതൊന്നിനും കഴിയാത്തതുപോലെ കാണപ്പെട്ടു.
പിന്നീട് 1950-ൽ മിക്സൊമറ്റോസിസ് വൈറസ് എന്ന ജൈവായുധം ഉപയോഗിച്ച് ഒരു പ്രത്യാക്രമണം അഴിച്ചുവിട്ടു. അന്ന് അവിടെ ഏതാണ്ട് 60 കോടി മുയലുകൾ ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു! ഈ ആയുധപ്രയോഗം അവയുടെ എണ്ണം ശ്രദ്ധേയമാംവിധം കുറയ്ക്കുകയുണ്ടായി. കൊതുകുകളും ചെള്ളുകളും ആണ് മിക്സൊമറ്റോസിസ് വൈറസിന്റെ വാഹകരായി വർത്തിച്ചത്. മുയലുകളെ മാത്രമേ ഈ വൈറസ് ബാധിക്കുകയുള്ളൂ. വെറും രണ്ടു വർഷംകൊണ്ട് 50 കോടി മുയലുകളെ വകവരുത്താൻ ഈ വൈറസിനു കഴിഞ്ഞു. എന്നാൽ മുയലുകൾ പെട്ടെന്നുതന്നെ പ്രതിരോധശേഷി വീണ്ടെടുത്തു എന്നുമാത്രമല്ല അതിജീവകർ ക്രമാതീതമായി പെറ്റുപെരുകാൻ തുടങ്ങുകയും ചെയ്തു. അങ്ങനെ 1990-ഓടെ അവയുടെ സംഖ്യ ഏകദേശം 30 കോടിയായി ഉയർന്നു. അടിയന്തിരമായി മറ്റൊരു പ്രതിരോധനടപടി ആവശ്യമായി വന്നു.
ചിലർക്ക് സന്തോഷവാർത്ത, മറ്റു ചിലർക്ക് ദുഃഖവാർത്ത
1995-ൽ ഓസ്ട്രേലിയയിൽ രണ്ടാമത്തെ ജൈവായുധം, മുയലുകളിൽ രക്തസ്രാവമുണ്ടാക്കുന്ന റാബിറ്റ് ഹെമൊറെജിക് ഡിസീസ് (ആർഎച്ച്ഡി), പ്രയോഗിക്കപ്പെട്ടു. 1984-ൽ ചൈനയിലാണ് ആർഎച്ച്ഡി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. 1998 ആയപ്പോഴേക്കും അത് യൂറോപ്പിലേക്കു വ്യാപിക്കുകയും അധികം കഴിയുന്നതിനുമുമ്പ് ഇറ്റലിയിലെ മൂന്നു കോടി വളർത്തു മുയലുകളെ കൊന്നൊടുക്കുകയും ചെയ്തു. ഈ രോഗം യൂറോപ്യൻ മുയൽ വ്യവസായത്തിന് ദുഃഖവാർത്തയായപ്പോൾ ഓസ്ട്രേലിയയിലെ കർഷകർക്ക് അത് സന്തോഷവാർത്തയായിരുന്നു. കാരണം രോഗം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യത്തെ രണ്ടു മാസത്തിനകംതന്നെ ഒരു കോടി മുയലുകൾ ചത്തൊടുങ്ങിയിരുന്നു. രോഗത്തിനു കാരണമായ വൈറസ് മുയലുകളെ മാത്രം ബാധിക്കുന്ന ഒന്നായി കാണപ്പെടുന്നു. വേദനയുടേതായ ലക്ഷണങ്ങളൊന്നും കാണിക്കാതെ, രോഗപ്പകർച്ചയുണ്ടായി 30-40 മണിക്കൂറിനകം മുയലുകൾ ചാകും. 2003 ആയപ്പോഴേക്കും ഓസ്ട്രേലിയയുടെ പല വരണ്ട പ്രദേശങ്ങളിലും മുയലുകളുടെ എണ്ണം 85 ശതമാനമോ അതിലധികമോ കുറയ്ക്കാൻ ആർഎച്ച്ഡി-ക്കു സാധിച്ചു.
ഇലകൾ കടിച്ചുതിന്നാൻ മുയലുകൾ ഇല്ലാത്തതിനാൽ, ദക്ഷിണ ഓസ്ട്രേലിയയിലെ ഒരു ദേശീയ ഉദ്യാനത്തിലുള്ള തദ്ദേശ ഓർക്കിഡുകൾ അഞ്ചു വർഷത്തിനകം എട്ട് ഇരട്ടിയായി വർധിച്ചു. ആ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ “രോഗം കൂടെക്കൂടെ പൊട്ടിപ്പുറപ്പെട്ടിടങ്ങളിൽ, മുരടിച്ചുപോയ തദ്ദേശ കുറ്റിച്ചെടികൾ . . . വളരെ വേഗത്തിൽ വീണ്ടും തഴച്ചുവളർന്ന”തായി ഇക്കോസ് മാസിക പറയുന്നു. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് ഓസ്ട്രേലിയയിലേക്കു കൊണ്ടുവരപ്പെട്ട കുറുക്കന്മാർ, കാട്ടുപൂച്ചകൾ തുടങ്ങിയ ഇരപിടിയന്മാരുടെ എണ്ണം ചില സ്ഥലങ്ങളിൽ, മുയലുകളുടെ അഭാവംമൂലം കുറഞ്ഞിട്ടുമുണ്ട്. പരിസ്ഥിതിവാദികളും കർഷകരും ഈ പുതിയ ആയുധത്തിന്റെ ഫലപ്രദത്വത്തിൽ സന്തുഷ്ടരാണ്. കാരണം മുയലുകൾ ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥയ്ക്ക് വർഷത്തിൽ 2,000 കോടി രൂപയുടെവരെ
നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. എന്നിരുന്നാലും, അനുകൂലക്ഷമതയുള്ള ഓസ്ട്രേലിയൻ മുയലുകളുടെമേൽ ഈ രോഗത്തിന്റെ ദീർഘകാല പ്രഭാവം എന്തായിരിക്കുമെന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.ഒരിക്കൽ നായകൻ ഇപ്പോൾ വില്ലൻ
ശാസ്ത്രജ്ഞന്മാർക്ക് കാട്ടുമുയലുകളെ ജയിച്ചടക്കാൻ കഴിഞ്ഞിരിക്കാമെങ്കിലും കുറച്ചുകൂടെ അടുത്ത കാലത്ത് അധിനിവേശം ഉറപ്പിക്കാൻ തുടങ്ങിയ കെയിൻ റ്റോഡുകളെ കീഴടക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. മുയലുകളുടെ കാര്യത്തിലെന്നതുപോലെ തന്നെ ഈ വില്ലനും ഓസ്ട്രേലിയയിലേക്ക് കൗശലപൂർവം നുഴഞ്ഞുകയറിയതല്ല, മറിച്ച് അവയെ ഒരു ഉദ്ദേശ്യത്തോടെ അവിടെ കൊണ്ടുവന്നതാണ്. എന്തായിരുന്നു ആ ഉദ്ദേശ്യം?
20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, ഷുഗർകെയ്ൻ ബീറ്റിൽ എന്നറിയപ്പെടുന്ന വണ്ടുകളുടെ രണ്ടിനങ്ങൾ ഓസ്ട്രേലിയയിലെ കരിമ്പ് വ്യവസായത്തിന്റെ നിലനിൽപ്പിനു ഭീഷണി ഉയർത്തി. ഇപ്പോഴത്തെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പറയുകയാണെങ്കിൽ, അന്ന് ഈ വ്യവസായം വർഷംതോറും സമ്പദ്വ്യവസ്ഥയ്ക്ക് 6,400 കോടി രൂപ സംഭാവന ചെയ്തിരുന്നു. 1935-ൽ, ബഫൊ മാരിനസ് അഥവാ കെയിൻ റ്റോഡ്—വണ്ടുകളെ തിന്നുമുടിക്കുന്നതിന് കേൾവികേട്ടിരുന്ന മുഷ്ടിവലുപ്പത്തിലുള്ള തവള—കരിമ്പു കർഷകരുടെ രക്ഷകനായി കണക്കാക്കപ്പെട്ടു. ചില ശാസ്ത്രജ്ഞന്മാരുടെ വിയോജിപ്പുകൾ അവഗണിച്ചുകൊണ്ട് ദക്ഷിണ അമേരിക്കയിൽനിന്ന് ഹവായ് വഴി തവളകളെ കൊണ്ടുവരുകയും ക്വീൻസ്ലാൻഡിലെ കരിമ്പിൻ പാടങ്ങളിലേക്കു വിടുകയും ചെയ്തു.
രംഗപ്രവേശം ചെയ്ത ഉടനെതന്നെ ഈ തവളകൾ വിശ്വാസവഞ്ചന കാണിക്കാൻ തുടങ്ങി. അവ കെയിൻ ബീറ്റിലുകളെ തിരിഞ്ഞുനോക്കിയില്ല. ഈ ജീവിയുടെ ശരീരം വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും അതായത് മുട്ടയ്ക്കുള്ളിൽ കഴിയുന്ന അവസ്ഥമുതൽ വളർച്ചയെത്തുന്നതുവരെ വിഷം ഉത്പാദിപ്പിക്കുന്നു. വാൽമാക്രിയിൽനിന്ന് തവളയായി രൂപാന്തരം പ്രാപിക്കുമ്പോൾ അവയുടെ ത്വക്കിനു താഴെയായി ചില പ്രത്യേക ഗ്രന്ഥികൾ വളർന്നുവരുന്നു. ഉപദ്രവിക്കപ്പെടുമ്പോൾ ഈ ഗ്രന്ഥികൾ അത്യന്തം വിഷാംശമുള്ള ഒരുതരം വെളുത്ത ശ്ലേഷ്മം പുറപ്പെടുവിക്കുന്നു. തവളകൾ, അവയെ പിടിച്ചുതിന്നുന്ന ജീവികൾക്കെല്ലാം—പല്ലികൾ, പാമ്പുകൾ, കാട്ടുനായ്ക്കൾ എന്തിന് മുതലകൾക്കുപോലും—ഭീഷണിയാണ്. ഈ തവളകൾ വേഗത്തിൽ പെരുകുന്നവയാണ്. ഇപ്പോൾ അവ, തുടക്കത്തിൽ കൊണ്ടുവിട്ട സ്ഥലത്തുനിന്നു 900 കിലോമീറ്ററിലധികംവരുന്ന പ്രദേശത്തേക്കു വ്യാപിച്ചിരിക്കുന്നു. ഓസ്ട്രേലിയയിലുള്ള തവളകളുടെ സംഖ്യാസാന്ദ്രത (population density) അവയുടെ സ്വദേശമായ വെനെസ്വേലയിൽ ഉള്ളതിന്റെ പത്തിരട്ടിവരെ ആയിത്തീർന്നിരിക്കുന്നു. ബൈബിൾ കാലത്തുണ്ടായ തവള ബാധപോലെയാണ് ഇപ്പോഴത്തെ അവസ്ഥ. അവ കൃഷിയിടങ്ങൾ കയ്യേറുകയും വീടുകളിൽ കയറി ഉപദ്രവമുണ്ടാക്കുകയും ചെയ്യുന്നു, ടോയ്ലറ്റ് ബൗളുകളാണ് ഇവയുടെ ഒളിത്താവളം. വർഷം 30 കിലോമീറ്റർ എന്ന കണക്കിൽ ആക്രമിച്ചു മുന്നേറിക്കൊണ്ട് ഇപ്പോൾ അവ തവളകളുടെ പറുദീസ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഒരു സ്ഥലത്ത് പ്രവേശിച്ചിരിക്കുകയാണ്—ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓസ്ട്രേലിയയുടെ വടക്കൻ പ്രദേശത്തുള്ള കക്കാഡു നാഷണൽ പാർക്കിൽ. തവളകളുടെ മുന്നേറ്റത്തിനു തടയിടുക എന്ന ലക്ഷ്യത്തിൽ നടത്തപ്പെടുന്ന ഗവേഷണങ്ങൾക്കായി ഓസ്ട്രേലിയൻ ഭരണകൂടം ലക്ഷക്കണക്കിനു ഡോളർ ചെലവഴിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഫലപ്രദമായ മാർഗങ്ങളൊന്നും കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ല. യുദ്ധം അവസാനിച്ചിട്ടില്ല, എന്നാൽ ഇതുവരെയും തവളകളാണു ജയിച്ചു മുന്നേറുന്നത്.
ഏറ്റുമുട്ടൽ എന്തുകൊണ്ട്?
താളംതെറ്റാത്ത പരിസ്ഥിതിവ്യൂഹത്തിൽ, ഓരോ ജീവിവർഗത്തിനും അവയുടെ എണ്ണം നിയന്ത്രിച്ചുനിറുത്തുന്ന പ്രകൃതിജന്യ നിയന്ത്രണ സംവിധാനങ്ങളുണ്ട്. എന്നാൽ സ്വാഭാവിക പരിസ്ഥിതിയുടെ നിയന്ത്രണത്തിൽനിന്നു വിമുക്തമാകുമ്പോൾ, നിരുപദ്രവകാരികളായി കാണപ്പെടുന്ന ജീവികൾ വളരെ വേഗം പെരുകുകയും ഉഗ്രനാശം വരുത്തിവെക്കുകയും ചെയ്യുന്നു.
മൃഗങ്ങളെയും ചെടികളെയും അവയുടെ സ്വാഭാവിക വാസസ്ഥലത്തുനിന്ന് മറ്റൊരിടത്തേക്കു പറിച്ചുനടുമ്പോൾ ചിലപ്പോൾ അവ നിയന്ത്രണമില്ലാതെ പെരുകുമെന്നും വമ്പിച്ച നാശം വരുത്തിവെക്കുമെന്നും മുൻകൂട്ടി കാണാൻ ഓസ്ട്രേലിയയിലെ ആദിമ യൂറോപ്യൻ കുടിയേറ്റക്കാർക്കു കഴിഞ്ഞില്ല. മറ്റിടങ്ങളിൽനിന്നു കൊണ്ടുവരുന്ന പല മൃഗങ്ങളും സസ്യങ്ങളും പ്രയോജനമുള്ളവയെന്നു തെളിഞ്ഞിട്ടുണ്ട് എന്നതു ശരിയാണ്. വാസ്തവത്തിൽ, ഓസ്ട്രേലിയക്കാർ ഇപ്പോൾ പൂർണമായും മറ്റു രാജ്യങ്ങളിൽനിന്നു കൊണ്ടുവന്നിട്ടുള്ള ജീവിവർഗങ്ങളെയും സസ്യവർഗങ്ങളെയുമാണ് ആശ്രയിക്കുന്നത്. ചെമ്മരിയാടുകളും കന്നുകാലികളും ഗോതമ്പ്, അരി തുടങ്ങിയ പ്രധാന ആഹാരപദാർഥങ്ങളുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. എന്തായാലും, ഭൂമിയിലെ അമ്പരപ്പിക്കുന്ന അതിസങ്കീർണ ജീവജാലികയിൽ വളരെ സൂക്ഷിച്ചേ എന്തെങ്കിലും മാറ്റം വരുത്താവൂ എന്നതിന്റെ ഗൗരവമുള്ള ഓർമിപ്പിക്കലുകളാണ് മുയലുകളും കെയ്ൻ റ്റോഡുകളും.
[അടിക്കുറിപ്പ്]
^ 2003 മാർച്ച് 8 ലക്കം ഉണരുക!-യുടെ 14-ാം പേജ് കാണുക.
[26-ാം പേജിലെ ചിത്രം]
വില്ലനായിത്തീർന്ന നായകൻ—കെയിൻ റ്റോഡിന്റെ മുന്നേറ്റം തുടരുന്നു
[കടപ്പാട്]
U.S. Geological Survey/photo by Hardin Waddle
[26-ാം പേജിലെ ചിത്രം]
ദാഹിച്ചുവലഞ്ഞ അധിനിവേശകർ ഒരു വെള്ളക്കുഴിക്കരികിൽ. സ്ഥലം: ദക്ഷിണ ഓസ്ട്രേലിയയിലെ സ്പെൻസർ ഗൾഫിലുള്ള വോർഡങ് ദ്വീപ്
[കടപ്പാട്]
By courtesy of the CSIRO
[25-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുയലുകൾ: Department of Agriculture, Western Australia; തവള: David Hancock/© SkyScans