ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
സാങ്കേതികവിദ്യ സംഭാഷണത്തെ കുറയ്ക്കുന്നു
“ആധുനിക സാങ്കേതികവിദ്യയെ കൂടുതലായി ആശ്രയിക്കുന്നതിനാൽ മുഖാമുഖം സംഭാഷണം നടത്തുക എന്ന ചിന്തതന്നെ പല ബ്രിട്ടീഷുകാരെയും ഭയപ്പെടുത്തുന്നു” എന്ന് ലണ്ടനിലെ ദ ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. ഒരു സാധാരണ വ്യക്തി, ദിവസവും, ഉണർന്നിരിക്കുന്ന സമയത്തിൽ ഏകദേശം നാല് മണിക്കൂർ, “ആളുകളുടെ സമയം ലാഭിക്കുക എന്ന ഉദ്ദേശ്യത്തോടെ രംഗപ്രവേശം ചെയ്ത സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നു” എന്ന് 1,000 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ബ്രിട്ടീഷ് ഗ്യാസ് എന്ന കമ്പനി നടത്തിയ ഒരു സർവേ കണ്ടെത്തി. ഈ റിപ്പോർട്ടനുസരിച്ച്, “ഒരു ശരാശരി ബ്രിട്ടീഷുകാരൻ ഒരു ദിവസം 88 മിനിട്ട് ഫോൺവിളിക്കുന്നതിനും വേറൊരു 62 മിനിട്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും 53 മിനിട്ട് ഇ-മെയിൽ അയയ്ക്കുന്നതിനും 22 മിനിട്ട് മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയയ്ക്കുന്നതിനും ചെലവഴിക്കുന്നു.” മുഖാമുഖം സംസാരിക്കുന്നതുപോലുള്ള ആശയവിനിമയ പ്രാപ്തികൾ തകരാറിലായിരിക്കുന്നു എന്ന് സർവേ ചൂണ്ടിക്കാട്ടി. “മാന്യമായ ഒരു സംഭാഷണം നടത്തുന്നതിനു വേണ്ടിവരുന്ന സമയം ലാഭിക്കുന്നതിനോ സംഭാഷണം പാടേ ഒഴിവാക്കുന്നതിനോ വേണ്ടിയാണ്” തങ്ങൾ മൊബൈൽ ഫോണിൽ സന്ദേശങ്ങൾ അയയ്ക്കുന്നതെന്ന് സർവേയിൽ പങ്കെടുത്ത പലരും സമ്മതിച്ചു പറഞ്ഞു.
ചിലന്തികൾ ഗുരുത്വാകർഷണത്തെ ചെറുക്കുന്നത് എങ്ങനെ?
“ചിലന്തികൾക്ക് മച്ചുകളിലും ഭിത്തികളിലും പറ്റിപ്പിടിച്ചിരിക്കാനാകുന്നതിന്റെ രഹസ്യം എന്താണെന്ന് ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയിരിക്കുന്നു” എന്ന് ലണ്ടനിലെ ദ ടൈംസ് പറയുന്നു. ചിലന്തിക്ക് എട്ടു കാലുകളുണ്ട്. ഓരോ കാലിന്റെയും അറ്റത്ത് ഒരു കൂട്ടം സൂക്ഷ്മ രോമങ്ങളും, ഈ രോമങ്ങളെ പൊതിഞ്ഞ് സിറ്റ്യൂൽസ് എന്നു വിളിക്കുന്ന അതിലും ചെറിയ 6,24,000 രോമങ്ങളുമുണ്ട്. ഇവ പ്രയോഗിക്കുന്ന ബലം (adhesive force), സ്വന്തം ശരീരഭാരത്തിന്റെ ഏതാണ്ട് 170 ഇരട്ടി ഭാരവും വഹിച്ചുകൊണ്ട് ചുവരിലോ മച്ചിലോ പറ്റിപ്പിടിച്ചിരിക്കാൻ ചിലന്തിയെ സഹായിക്കുംവിധം അത്ര ശക്തമാണ്. ജർമനിയിലെയും സ്വിറ്റ്സർലൻഡിലെയും ഗവേഷകർ സ്കാനിങ് ഇലക്ട്രോൺ മൈക്രോസ്കോപ്
ഉപയോഗിച്ച്, ചാടുന്ന ഇനം ചിലന്തികളുടെ കാലുകളെക്കുറിച്ചു പഠനം നടത്തി. “ഈർപ്പത്തെ അതിജീവിക്കുന്ന” “പുതിയതും അത്യന്തം ശക്തിയുള്ളതുമായ പശകളും മറ്റും നിർമിക്കാൻ സമാനമായ വിദ്യകൾ ഉപയോഗിക്കാൻ കഴിയേണ്ടതാണ്” എന്ന് അവരുടെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതായി ദ ടൈംസ് വിശദീകരിക്കുന്നു. ഗവേഷണ സംഘത്തിനു നേതൃത്വം നൽകിയ പ്രൊഫസർ ആന്റോണിയാ കെസൽ കൂട്ടിച്ചേർക്കുന്നു: “ബഹിരാകാശപേടകത്തിന്റെ ഭിത്തികളിൽ ഒട്ടിപ്പിടിച്ചിരിക്കാൻ യാത്രികരെ സഹായിക്കുന്ന സ്പേസ് സ്യൂട്ടുകൾ കണ്ടുപിടിക്കുന്നതിനെക്കുറിച്ചും നിങ്ങൾക്കു സങ്കൽപ്പിക്കാവുന്നതാണ്.”
നഷ്ടം വരുത്തിവെക്കുന്ന ശീലം
പുകവലി, പുകവലിക്കുന്നവർക്കു മാത്രമല്ല അവരുടെ തൊഴിലുടമകൾക്കും പുകവലിക്കാത്തവർക്കും നഷ്ടം വരുത്തിവെക്കുന്നുവെന്ന് ഫിന്നിഷ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ഓക്യുപേഷനൽ ഹെൽത്തിലെ പ്രൊഫസർ കാരി റെയ്യൂലാ പറയുന്നു. പുകവലിക്കുന്നതിനുവേണ്ടിയെടുക്കുന്ന സമയംമൂലം പാഴാകുന്ന ജോലിസമയത്തിന്റെ കാര്യം മാത്രമെടുക്കുകയാണെങ്കിൽ അത് “രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് ഒരു വർഷം ഏകദേശം 1 കോടി 66 ലക്ഷം യൂറോയുടെ [21 ദശലക്ഷം ഡോളർ] നഷ്ടം വരുത്തിവെക്കുന്നു”വെന്ന് ഫിന്നിഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി വെബ് സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു. “ദിവസം ഒരു പായ്ക്കറ്റ് സിഗരറ്റ് വലിക്കുന്ന ജോലിക്കാർ വർഷത്തിൽ 17 പ്രവൃത്തി ദിവസങ്ങൾക്കു തുല്യമായ സമയം ജോലിക്ക് ഹാജരാകാതിരിക്കുന്നു” എന്നു കണക്കാക്കപ്പെടുന്നു. രോഗം മൂലം എടുക്കുന്ന അവധികൾ നഷ്ടത്തിന്റെ തോത് വർധിപ്പിക്കുന്നു. റെയ്യൂലാ പറയുന്നു: “പുകവലിക്കുന്ന ജോലിക്കാർക്ക് ഉണ്ടാകുന്ന അപകടങ്ങളുടെ നിരക്കും കൂടുതലാണെന്ന് പഠനങ്ങൾ കാണിക്കുന്നു.” ഇതിനു പുറമേ, റിപ്പോർട്ടു പറയുന്നപ്രകാരം “വായു ശുദ്ധീകരിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങൾ ഏറ്റവും കൂടിയ വേഗത്തിൽ പ്രവർത്തിപ്പിക്കേണ്ടിവരുന്നതിനാൽ” വൈദ്യുതിക്കും അതുപോലെതന്നെ ശുചിയാക്കുന്നതിനും വേണ്ടിവരുന്ന ചെലവും വർധിക്കുന്നു. “ജോലിസമയത്തോ ഒഴിവു സമയങ്ങളിലോ മറ്റുള്ളവർ വലിച്ചുവിടുന്ന പുക ശ്വസിക്കുന്നതുമൂലം ഉണ്ടാകുന്ന രോഗങ്ങൾ കാരണം ഓരോ വർഷവും 250 ഫിൻലൻഡുകാർ മരണമടയുന്നു” എന്നതാണ് ഇതിനെക്കാളൊക്കെ ഗൗരവമർഹിക്കുന്ന വസ്തുത.
യുദ്ധത്തിന്റെ നൂറ്റാണ്ട്
“20-ാം നൂറ്റാണ്ടിനെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ നൂറ്റാണ്ടാക്കിത്തീർത്തതിൽ വംശോന്മൂലനം ഒരു പങ്കുവഹിച്ചിരിക്കുന്നു” എന്ന് ബ്യൂനസ് ഐറിസ് ഹെറാൾഡ റിപ്പോർട്ടു ചെയ്യുന്നു. വംശോന്മൂലനത്തെ നിർവചിക്കുന്നത്, ദേശീയമോ വർഗീയമോ രാഷ്ട്രീയമോ വംശീയമോ ആയ ഒരു കൂട്ടത്തെ ഒന്നാകെ ക്രമീകൃതവും ആസൂത്രിതവുമായ രീതിയിൽ ഉന്മൂലനം ചെയ്യുന്ന പ്രക്രിയ എന്നാണ്. 20-ാം നൂറ്റാണ്ടിൽ 4.1 കോടിയിലധികം ആളുകൾ കശാപ്പു ചെയ്യപ്പെട്ടതായി കണക്കാക്കപ്പെടുന്നു. സമീപകാലത്തെ ഒരു ഉദാഹരണം റുവാണ്ടയാണ്. അവിടെ 1994-ൽ 8,00,000-ത്തോളം പേർ കൊല്ലപ്പെട്ടു. “വിദ്വേഷം നിറഞ്ഞ പ്രചാരണങ്ങളാൽ സ്വാധീനിക്കപ്പെട്ട സാധാരണ പൗരന്മാരാണ്” മിക്കവരെയും വധിച്ചത്. വിദഗ്ധർ പറയുന്നത് 100 ദിവസംകൊണ്ട് ദിവസവും ശരാശരി 8,000 എന്ന നിരക്കിൽ ആളുകൾ കൊല്ലപ്പെട്ടുവെന്നാണ്. ഈ നിരക്ക് “രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികൾ ഉപയോഗിച്ച ഗ്യാസ് ചേമ്പറുകളെക്കാൾ അഞ്ചിരട്ടി വേഗമുള്ളതാ”ണെന്ന് ഹെറാൾഡ് പറയുന്നു.
ചീങ്കണികൾ ഇരപിടിക്കുന്ന വിധം
വിദഗ്ധർക്ക് നേരത്തേ പിടികിട്ടാതിരുന്ന ഒരു കാര്യം മേരിലാൻഡ് സർവകലാശാലയിൽ ഡോക്ടറേറ്റിനു പഠിക്കുന്ന ഒരു വിദ്യാർഥിനി കണ്ടുപിടിച്ചു—ചീങ്കണികളുടെ മോന്തയിലുള്ള മർദഗ്രാഹികൾ. വെള്ളത്തിൽ ഇരയുടെ നീക്കം തിരിച്ചറിയാൻ ഈ ഗ്രാഹികൾ അവയെ സഹായിക്കുന്നു. ചീങ്കണികളുടെയും മുതല കുടുംബത്തിലെ മറ്റ് ഉരഗങ്ങളുടെയും താടിയെല്ലുകളുടെ ഉൾവശത്ത് മൊട്ടുസൂചി മുനയോളംമാത്രം വലുപ്പമുള്ള മുഴകളുണ്ട്. ഇവ മർദം സംവേദിച്ചറിയുന്നതിനുള്ള ഗ്രാഹികളാണെന്നും ജലോപരിതലത്തിൽ ഉണ്ടാകുന്ന ചെറിയ അനക്കങ്ങൾ മനസ്സിലാക്കാൻ ഇവ ഈ ഉരഗങ്ങളെ സഹായിക്കുന്നുവെന്നും ജീവശാസ്ത്രജ്ഞയായ ഡാഫ്നി സോർസ് കണ്ടെത്തി. “മുതലകൾ രാത്രിയിലാണ് ഇരപിടിക്കുന്നത്. താടിയെല്ല് ജലോപരിതലത്തിൽ ആയിരിക്കുംവിധം വെള്ളത്തിൽ പകുതി മുങ്ങിക്കിടക്കുന്ന ഇവ, ഇര ജലോപരിതലത്തിൽ അനക്കം വരുത്തുന്നതിനുവേണ്ടി കാത്തുകിടക്കുന്നു,” സോർസ് വിശദീകരിക്കുന്നു. “വിശന്നിരിക്കുമ്പോൾ ജലോപരിതലത്തിൽ അനക്കമുണ്ടാക്കുന്ന എന്തിനെയും അവ സത്വരം ആക്രമിക്കുന്നു.” താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ഈ മർദഗ്രാഹികൾ—സോർസ് അവയെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്—ഒരു തുള്ളി വെള്ളം ജലോപരിതലത്തിൽ വീഴുന്നതുമൂലമുണ്ടാകുന്ന അനക്കംപോലും തിരിച്ചറിയാൻ തക്ക സംവേദനക്ഷമതയുള്ളവയാണ്.
എയ്ഡ്സ് കേസുകൾ സർവകാല അത്യുച്ചത്തിലെത്തിയിരിക്കുന്നു
2003-ൽ അമ്പതു ലക്ഷം പേർ എയ്ഡ്സ് വൈറസ് ബാധിതരായി, “രണ്ടു ദശകങ്ങൾക്കുമുമ്പ് ഈ പകർച്ചവ്യാധി ആദ്യമായി റിപ്പോർട്ടു ചെയ്യപ്പെട്ടതിൽപ്പിന്നെ ഒരൊറ്റ വർഷത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഏറ്റവും കൂടിയ നിരക്ക്” എന്ന് ദ വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ടു ചെയ്യുന്നു. “വികസ്വര രാജ്യങ്ങളിലെ എച്ച്ഐവി ബാധയ്ക്കെതിരെ പോരാടാൻ ലോകവ്യാപകമായി വമ്പിച്ച ശ്രമം നടക്കുന്നുണ്ടെങ്കിലും വർഷംതോറും എയ്ഡ്സ് വൈറസ് കൂടുതൽ ആളുകളിലേക്കു പകരുകയും ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്നു.” ഓരോ വർഷവും ഏകദേശം 30 ലക്ഷം പേർ എയ്ഡ്സ് മൂലം മരിക്കുന്നതായും 1981-ൽ ഈ രോഗം ആദ്യമായി കണ്ടുപിടിക്കപ്പെട്ടതുമുതൽ 2 കോടിയിലധികം ആളുകൾക്ക് ജീവഹാനി സംഭവിച്ചിരിക്കുന്നതായും ഐക്യരാഷ്ട്രങ്ങളും മറ്റു ചില സംഘങ്ങളും സ്പോൺസർ ചെയ്യുന്ന എയ്ഡ്സ് പരിപാടിയായ യുഎൻഎയ്ഡ്സ് പ്രസിദ്ധീകരിച്ച കണക്കുകൾ വെളിപ്പെടുത്തുന്നു. നിലവിൽ 3.8 കോടി ആളുകൾ എച്ച്ഐവി ബാധിതരാണെന്ന് ഈ യുഎൻ ഏജൻസി കണക്കാക്കുന്നു. 2.5 കോടി എച്ച്ഐവി കേസുകളുള്ള, സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ പ്രദേശങ്ങളാണ് ഏറ്റവും രൂക്ഷമായി ബാധിക്കപ്പെട്ടിരിക്കുന്നത്. 65 ലക്ഷം കേസുകൾ റിപ്പോർട്ടുചെയ്യപ്പെട്ടിരിക്കുന്ന ദക്ഷിണേഷ്യയും ദക്ഷിണപൂർവേഷ്യയും ആണ് രണ്ടാം സ്ഥാനത്ത്. “ലോകത്താകമാനമുള്ള പുതിയ എച്ച്ഐവി ബാധിതരിൽ ഏതാണ്ട് പകുതിയും 15 മുതൽ 24 വരെ വയസ്സുള്ള യുവ പ്രായക്കാരാണ്” എന്ന് പത്രം പറയുന്നു.
നിദ്രാഭാരം പേറിയ കണ്ണുകളുമായി കുട്ടികൾ
“ഉറങ്ങുന്നത് സമയം പാഴാക്കലായി വീക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു” എന്ന് സ്പാനീഷ് ദിനപത്രമായ എബിസി റിപ്പോർട്ടു ചെയ്യുന്നു. “തീരെ ചെറിയ കുട്ടികൾപോലും, മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യകരമായ വളർച്ചയ്ക്ക് ആവശ്യമായതിലും കുറച്ചു സമയം മാത്രമേ ഉറങ്ങുന്നുള്ളൂ.” ബാർസലോണയിലുള്ള ഡെക്സേയുസ് ആശുപത്രിയിലെ നിദ്രാ വിഭാഗം പറയുന്നത്, കുട്ടികളുടെ ഉറക്കമില്ലായ്മ ഉത്കണ്ഠ, ശുണ്ഠി, മോശമായ പഠനശീലങ്ങൾ, വിഷാദം എന്നിവയ്ക്ക് ഇടയാക്കുകയും വളർച്ചയെ മുരടിപ്പിക്കുകയുംപോലും ചെയ്തേക്കാം എന്നാണ്. ഉറങ്ങാൻ പോകുന്നതിനു തൊട്ടുമുമ്പ് കമ്പ്യൂട്ടർ, ടെലിവിഷൻ, സെൽ ഫോണുകൾ, വീഡിയോ ഗെയിമുകൾ എന്നിവ ഉപയോഗിക്കുന്നതാണ് പല കുട്ടികളുടെയും ഉറക്കക്കുറവിനു കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇവ ഉറങ്ങാനുള്ള സമയം കവർന്നെടുക്കുന്നു എന്നു മാത്രമല്ല ഉറക്കം വരുന്നതിന് ആവശ്യമായ മാനസിക സ്വസ്ഥത നൽകാതിരിക്കുകയും ചെയ്യുന്നു. “പുകവലി ഹാനികരമാണെന്ന് എല്ലാ കുട്ടികൾക്കും അറിയാം, എന്നാൽ വേണ്ടത്ര സമയം ഉറങ്ങേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി ആരും അവരോടു പറയുന്നില്ല” എന്ന് മനഃശാസ്ത്രജ്ഞയായ ബിക്ടോറിയാ ഡെ ലാ ഫ്വേൺറ്റെ പറയുന്നു. ഇതു സംബന്ധിച്ച് “നമ്മൾ നടപടി സ്വീകരിച്ചില്ലെങ്കിൽ, പ്രായപൂർത്തിയാകുമ്പോൾ അവർ നിദ്രാവിഹീനരായിത്തീരാൻ സാധ്യതയുണ്ട്.”