ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ഹിപ്പൊപ്പൊട്ടാമസിനും സൺസ്ക്രീൻ ലോഷൻ
“ഹിപ്പോകൾ അവയുടെ രോമമില്ലാത്ത ശരീരം സൂര്യരശ്മികളിൽനിന്നു സംരക്ഷിക്കുന്നത് മനുഷ്യർ ഉപയോഗിക്കുന്ന സൺസ്ക്രീൻ ലോഷനുകൾക്കു സമാനമായ ഒരു തരം സ്രവം ഉത്പാദിപ്പിച്ചുകൊണ്ടാണ്” എന്ന് ലണ്ടനിലെ ദി ഇൻഡിപ്പെൻഡന്റ് റിപ്പോർട്ടു ചെയ്യുന്നു. ടോക്കിയോ മൃഗശാലയിലെ ഒരു ഹിപ്പോയുടെ ശരീരത്തിൽനിന്നുള്ള സ്രവം പരിശോധിച്ചതിൽനിന്നും അത് എങ്ങനെയാണ് ഈ മൃഗത്തിന്റെ ചർമത്തെ ഹാനികരമായ സൂര്യകിരണങ്ങളിൽനിന്നും അഴുക്കിൽനിന്നും സംരക്ഷിക്കുന്നതെന്ന് ജപ്പാനിലെ കിയോട്ടോയിലുള്ള ശാസ്ത്രജ്ഞർക്കു മനസ്സിലാക്കാൻ കഴിഞ്ഞു. കൊഴുത്ത, നിറമില്ലാത്ത സ്രവം ക്രമേണ ചെമപ്പും തുടർന്ന് തവിട്ടും നിറം കൈവരിക്കുന്നു, പിന്നെ അത് പ്ലാസ്റ്റിക് രൂപത്തിലുള്ള ഒരുതരം പദാർഥമായി മാറുന്നു. തവിട്ടു നിറമാകുമ്പോൾ ഈ സ്രവം ക്ഷാര സ്വഭാവംവിട്ട് അമ്ലസ്വഭാവം കൈവരിക്കുകയും അങ്ങനെ വീര്യമുള്ള അണുനാശിനിയായി വർത്തിക്കുകയും ചെയ്യുന്നു. സൺസ്ക്രീൻ ലോഷനുകൾ ചെയ്യുന്നതുപോലെതന്നെ അൾട്രാവയലറ്റ് കിരണങ്ങൾ ആഗിരണം ചെയ്തുകൊണ്ട് തവിട്ടുനിറമുള്ള ഈ ആവരണം സൂര്യരശ്മികളിൽനിന്ന് മൃഗത്തിന്റെ ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും സൗന്ദര്യവർധക വസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾ ഉടനെയൊന്നും ഈ ‘സൺസ്ക്രീൻ ലോഷന്റെ’ വിപണനം ഏറ്റെടുക്കുമെന്നു തോന്നുന്നില്ലെന്ന് പത്രം പറയുന്നു. കാരണം ഒന്നാമത് ലോകത്ത് ആകെ കുറച്ചു ഹിപ്പോകളെയുള്ളൂ, രണ്ടാമത് ഈ സ്രവത്തിനു വല്ലാത്ത ദുർഗന്ധവുമാണ്.
മൃഗലോകത്തിലെ ചങ്ങാതിമാർ
കുളമ്പുള്ള മൃഗങ്ങൾക്ക് തങ്ങളുടെ കൂട്ടത്തിലെ അല്ലെങ്കിൽ പറ്റത്തിലെ മറ്റ് അംഗങ്ങളുമായി അടുത്ത ചങ്ങാത്തം സ്ഥാപിക്കാൻ സാധിക്കുമോ? കർഷകർക്കും ഇടയന്മാർക്കും ദീർഘകാലമായി അങ്ങനെയൊരു സംശയമുണ്ടായിരുന്നു, എന്നാലിപ്പോൾ ജീവശാസ്ത്രജ്ഞയായ ആൻയാ വാസിലഫ്സ്കി നടത്തിയ ശാസ്ത്രീയ പഠനങ്ങൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. കുതിരകളെയും കഴുതകളെയും കന്നുകാലികളെയും ചെമ്മരിയാടുകളെയും നിരീക്ഷിച്ച വാസിലഫ്സ്കി പറയുന്നത്, മിക്കപ്പോഴും ഒരുമിച്ചായിരുന്നുകൊണ്ട്, വിശ്രമിക്കുമ്പോഴോ മേയുമ്പോഴോ തീറ്റ പങ്കുവെക്കുമ്പോഴോ പരസ്പരം ശരീരം വൃത്തിയാക്കി കൊടുക്കുമ്പോഴോ മുട്ടിയുരുമ്മിക്കൊണ്ട് അവ സൗഹൃദം പ്രകടിപ്പിക്കുന്നു എന്നാണ്. ഉദാഹരണത്തിന് ചെമ്മരിയാട് അതിന്റെ തല, മറ്റൊരു മൃഗവുമായി ഏറ്റുമുട്ടൽ നടത്തിവന്നിരിക്കുന്ന ചങ്ങാതിയുടെ തലയുമായി ഉരുമ്മാറുണ്ട്. ഈ പ്രകടനം മറ്റേ ആടിനെ ശാന്തമാക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നതായി തോന്നുന്നുവെന്ന് ജർമൻ വർത്തമാനപത്രമായ ഡി റ്റ്സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു. കഴുതകൾക്കു സാധാരണമായി ഒരു ചങ്ങാതി മാത്രമേ കാണുകയുള്ളൂ. പക്ഷേ അവയുടേത് ദീർഘകാലം നിലനിൽക്കുന്ന സൗഹൃദമാണ്. മൃഗങ്ങളും മനുഷ്യരെപ്പോലെയാണെന്ന വീക്ഷണം ഒഴിവാക്കാനുള്ള ശ്രമത്തിൽ ഇത്തരം സൗഹൃദ ബന്ധങ്ങളുടെ സ്വഭാവത്തെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും എന്തെങ്കിലും ഊഹാപോഹങ്ങൾ നടത്തുന്നതിനെതിരെ ഗവേഷകർ ജാഗ്രത പാലിക്കുന്നു.
ചൈനയിൽ കാറുകൾ സൈക്കിളുകളുടെ സ്ഥാനം കയ്യടക്കുന്നു
ചൈനയിലെ സമ്പദ്വ്യവസ്ഥ വളരുന്നതിനനുസരിച്ച്, സൈക്കിൾ ചവിട്ടുന്നതിനു പകരം മോട്ടോർവാഹനങ്ങൾ ഓടിക്കാനുള്ള ആളുകളുടെ താത്പര്യവും വർധിക്കുന്നു. ഉദാഹരണത്തിന്, ഇപ്പോൾ ബെയ്ജിങ് നിവാസികളിൽ 25 ശതമാനം മാത്രമേ യാത്ര ചെയ്യുന്നതിനുവേണ്ടി മുഖ്യമായും സൈക്കിളുകളെ ആശ്രയിക്കുന്നുള്ളൂ. 10 വർഷം മുമ്പുവരെ അത് 60 ശതമാനമായിരുന്നു. കാനഡയിലെ വർത്തമാനപത്രമായ ടൊറന്റോ സ്റ്റാർ പറയുന്നു: “ബെയ്ജിങ്ങിൽ മാത്രം, ഓരോ വർഷവും പുതുതായി 4,00,000-ത്തിലധികം വാഹനങ്ങൾ നിരത്തിലിറങ്ങുന്നു.” അതിന്റെ ഫലമായി, ആ നഗരത്തിലുള്ള “റോഡുകളിലെ വേഗം ഇപ്പോൾ മണിക്കൂറിൽ ശരാശരി 12 കിലോമീറ്റർ മാത്രമാണ്.” നാഷണൽ ജിയോഗ്രഫിക് റിപ്പോർട്ടു ചെയ്യുന്ന പ്രകാരം 2003-ൽ, ചൈനയിലെ “പുത്തൻപണക്കാർ ആയിത്തീർന്ന ഉദ്യോഗസ്ഥർ 20 ലക്ഷത്തിലേറെ കാറുകൾ വാങ്ങിക്കൂട്ടി2002-ൽ വാങ്ങിച്ചതിനെക്കാൾ 70 ശതമാനം കൂടുതൽ.” നിത്യേന യാത്രചെയ്യുന്നവർ സൈക്കിളുകൾക്കുപകരം പെട്രോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതിനാൽ “പെട്രോളിയം ഉപഭോഗത്തിന്റെ കാര്യത്തിൽ ലോകത്തിൽ രണ്ടാം സ്ഥാനമുണ്ടായിരുന്ന ജപ്പാനെ ഇപ്പോൾത്തന്നെ ചൈന കടത്തിവെട്ടിയിരിക്കാം” എന്ന് റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. എന്നിരുന്നാലും ഇപ്പോഴും ചൈനയിൽ ഏകദേശം 47 കോടി സൈക്കിളുകളുണ്ട്.
പാൻഡകളും മുളയും
“ചൈനയുടെയും വന്യജീവി സംരക്ഷണത്തിന്റെയും ചിഹ്നമായ ഭീമൻ പാൻഡ, വിചാരിച്ചത്ര വംശനാശഭീഷണി നേരിടുന്നില്ല,” എന്ന് ലണ്ടനിലെ ദ ഡെയിലി ടെലഗ്രാഫ് പറയുന്നു. 1,000-ത്തിനും 1,100-നും ഇടയ്ക്ക് പാൻഡകൾ മാത്രമേ വനങ്ങളിലുള്ളൂ എന്നാണ് മുമ്പ് കണക്കാക്കിയിരുന്നത്. എന്നാൽ 1,590-ലധികം പാൻഡകൾ ഉള്ളതായി ചൈനീസ് ഭരണകൂടവും ആഗോള പ്രകൃതി സംരക്ഷണ നിധിയും നടത്തിയ ഒരു ചതുർ-വർഷ പഠനം കണ്ടെത്തിയിരിക്കുന്നു. തിരച്ചിൽ നടത്തേണ്ട പ്രദേശങ്ങൾ തിട്ടപ്പെടുത്താൻ ഉപഗ്രഹ സ്ഥാനനിർണയ സംവിധാനം ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചതിനാലാണ് കൂടുതൽ കൃത്യമായ കണക്കു ലഭ്യമായത്. പഠനത്തിന്റെ കണ്ടെത്തലുകൾ പ്രകൃതി സംരക്ഷണവാദികൾക്കു സന്തോഷ വാർത്തയാണെങ്കിലും, ഭീമൻ പാൻഡയുടെ പ്രധാന ഭക്ഷണമായ മുള ഗുരുതരമായ നശീകരണ ഭീഷണി നേരിടുന്നതായി ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലുള്ള ലോക പ്രകൃതി സംരക്ഷണ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകുന്നു. “ഓരോ ഇനങ്ങളിലെയും മുളകൾ 20-100 വർഷത്തിനിടയ്ക്ക് ഒരുമിച്ച്, അതും ഒരിക്കൽ മാത്രം പൂക്കുകയും എന്നിട്ട് നശിക്കുകയും ചെയ്യുന്നു.” അതാണ് പ്രത്യേകിച്ച് മുളകൾ വേഗത്തിൽ നശിച്ചു പോകാൻ കാരണമെന്ന് ലണ്ടനിലെ ദ ഗാർഡിയൻ റിപ്പോർട്ടു ചെയ്യുന്നു.
കൊതുകുതിരികൾക്കെതിരെ ജാഗ്രത
കൊതുകുകളെ തുരത്തുന്നതിനുവേണ്ടി ഏഷ്യയിൽ വ്യാപകമായി ഉപയോഗിക്കുന്ന കൊതുകുതിരികൾ ഹാനികരമായേക്കാം, പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്ക് എന്ന് ഡൗൺ ടു എർത്ത് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഐക്യനാടുകളിലെ കാലിഫോർണിയ സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നത്, തിരികളിൽനിന്ന് ഉയരുന്ന പുക ശ്വസിക്കുന്നത് അർബുദവളർച്ചയ്ക്ക് പ്രേരകമായ മാരക രാസവസ്തുക്കൾ ശ്വാസകോശത്തിൽ എത്താനിടയാക്കുമെന്നാണ്. വികസ്വര രാജ്യങ്ങളിലെ അനേകം കുടുംബങ്ങൾ തങ്ങളുടെ കൊച്ചു വീട്ടിനുള്ളിൽ കൊതുകുതിരികൾ ഉപയോഗിക്കുന്നു. “തന്നെയുമല്ല, ഉറങ്ങുന്ന സമയത്ത് ജനലുകളെല്ലാം അടച്ചിടുകയും ചെയ്യും” എന്ന് പഠനം നടത്തിയവർ പറയുന്നു. എട്ടു മണിക്കൂർ കത്തിയെരിയുന്ന ഒരു തിരി “75 മുതൽ 137 വരെ സിഗരറ്റുകൾ വിടുന്ന അത്രയുംതന്നെ കണികാപദാർഥങ്ങൾ പുറത്തുവിടു”ന്നതായി മലേഷ്യയിലും ഐക്യനാടുകളിലുമുള്ള ശാസ്ത്രജ്ഞർ നടത്തിയ രണ്ടാമത്തെ പഠനം വെളിപ്പെടുത്തി. കൊതുകുതിരികൾക്കു പകരം വേപ്പു മരത്തിൽനിന്ന് ഉണ്ടാക്കുന്നതുപോലുള്ള, സസ്യഉത്പന്നങ്ങൾ ഉപയോഗിക്കാനാണ് വിദഗ്ധർ ശുപാർശ ചെയ്യുന്നത്. “അവ ആരോഗ്യത്തിനു നല്ലതും ഫലപ്രദവുമാണെന്നു മാത്രമല്ല ചെലവു കുറഞ്ഞതുമാണ്,” എന്ന് റിപ്പോർട്ടു പ്രസ്താവിക്കുന്നു.
വൃദ്ധരുടെ വിഷാദം കുറയ്ക്കാൻ ഭാരോദ്വഹനം
“പ്രായമായവർ അനുഭവിക്കുന്ന വിഷാദം 50 ശതമാനംവരെ കുറയ്ക്കാൻ ഭാരോദ്വഹനത്തിനു കഴിയും” എന്ന് ഒരു പഠനം കണ്ടെത്തിയതായി വർത്തമാനപത്രമായ ദി ഓസ്ട്രേലിയൻ റിപ്പോർട്ടു ചെയ്യുന്നു. സിഡ്നിയിലെ റോയൽ പ്രിൻസ് ആൽഫ്രെഡ് ആശുപത്രിയിലെ വാർധക്യരോഗ ചികിത്സാവിദഗ്ധനായ ഡോ. നളിൻ സിങ്ങിന്റെ അഭിപ്രായത്തിൽ വൃദ്ധജനങ്ങൾക്കിടയിലെ വിഷാദം കുറയ്ക്കുന്നതിൽ ഭാരോദ്വഹനം ഔഷധ ചികിത്സയോളംതന്നെ ഗുണം ചെയ്തേക്കാം. ശരാശരി 72 വയസ്സുള്ള 60 സ്ത്രീപുരുഷന്മാരെ ഉൾപ്പെടുത്തിക്കൊണ്ടു നടത്തിയ പഠനത്തിൽ ലളിതമായ വ്യായാമങ്ങൾ ചെയ്തവർക്കുപോലും “വിഷാദം 30 ശതമാനം കുറഞ്ഞതായി” അനുഭവപ്പെട്ടുവെന്ന് ദി ഓസ്ട്രേലിയൻ പറയുന്നു. “ഇത് ഭാരോദ്വഹനം ചെയ്യാത്ത എന്നാൽ നിലവാരമുള്ള വൈദ്യചികിത്സ ലഭിച്ചവരുടേതിനു തുല്യമായിരുന്നു” എന്ന് പത്രം കൂട്ടിച്ചേർത്തു. വിഷാദത്തെ ചെറുക്കാൻ പ്രാപ്തരാക്കുന്നതിനു പുറമേ ഭാരോദ്വഹനം “ദുർബലമായ അസ്ഥികളെയും പേശികളെയും” ബലപ്പെടുത്തുകയും “വീഴ്ച ഒഴിവാക്കാൻ വൃദ്ധരെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അത് സന്ധിവീക്കം, പ്രമേഹം, ഉയർന്ന രക്തസമർദം എന്നിവ നിയന്ത്രിക്കുന്നതിനും സഹായകമാണ്” എന്ന് പത്രം പറയുന്നു. “വിശേഷിച്ചും വൃദ്ധജനങ്ങൾക്ക്, വിഷാദത്തിനുള്ള പ്രാഥമിക ചികിത്സയെന്ന നിലയിൽ ഭാരോദ്വഹനം നിർദേശിക്കണമെന്ന്” സിങ് അഭിപ്രായപ്പെടുന്നു.
ശരവേഗത്തിൽ പ്രവർത്തിക്കുന്ന നാക്ക്
ഇരയെ പിടിക്കാനായി ഓന്തിന് അതിന്റെ നാക്ക് വളരെ വേഗത്തിൽ നീട്ടാൻ കഴിയുന്നത് എങ്ങനെയാണ്? “[നാക്കിലുള്ള ഒരു പ്രത്യേക] സംവിധാനമാണ് ഇതിനു പിന്നിലെ രഹസ്യം. തൊടുക്കാറായ ഒരു കവിണയുടെ ഇലാസ്റ്റിക്കിൽ സംഭരിക്കപ്പെട്ടിരിക്കുന്ന ഊർജം പെട്ടെന്നു പുറന്തള്ളപ്പെടുമ്പോൾ ഉണ്ടാകുന്നതെന്തോ അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്,” ന്യൂ സയന്റിസ്റ്റ് മാസിക റിപ്പോർട്ടു ചെയ്യുന്നു. ഓന്തിന്റെ നാക്കിന് അതിന്റെ ഉൾഭാഗത്തുള്ള അസ്ഥികളെ ആവരണം ചെയ്യുന്ന ഉറകൾ ഉള്ളതായും അവയെ ചുറ്റിക്കൊണ്ട് ഒരു “ആക്സെലറേറ്റർ പേശി” ഉള്ളതായും ശാസ്ത്രജ്ഞർക്ക് അറിയാമായിരുന്നു. ഇപ്പോൾ സ്ലോ-മോഷൻ വീഡിയോയുടെ സഹായത്താൽ ഡച്ച് ഗവേഷകർ ഒരു പുതിയ സംഗതി കണ്ടെത്തിയിരിക്കുന്നു. അതായത്, ഇരയെ പിടിക്കാൻ നാക്ക് നീട്ടുന്നതിന് വെറും 200 മില്ലിസെക്കൻഡ് മുമ്പ്, “ആക്സെലറേറ്റർ പേശി ഉപയോഗിച്ച് ഓന്ത് അതിന്റെ നാക്കിലെ ഉറകളിൽ ഊർജം സംഭരിച്ച് . . . ഒന്നിനുള്ളിലൊന്നായി അവയെ അടുക്കിവെക്കുന്നു. ഓന്ത് നാക്കു നീട്ടുമ്പോൾ, സംഭരിച്ചുവെച്ചിരിക്കുന്ന ഊർജം വെറും 20 മില്ലിസെക്കൻഡിനുള്ളിൽ പുറത്തുവിടപ്പെടുന്നു.” അങ്ങനെ ഓന്തിന് കുശാലായൊരു ശാപ്പാട് തരപ്പെടുന്നു.