ഗ്രന്ഥശാലകൾ—അറിവിന്റെ ലോകത്തിലേക്കുള്ള വാതായനങ്ങൾ
ഗ്രന്ഥശാലകൾ—അറിവിന്റെ ലോകത്തിലേക്കുള്ള വാതായനങ്ങൾ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
ഗ്രന്ഥശാലകളെ “മാനവ സംസ്കൃതിയുടെ നെടുന്തൂണുകളിലൊന്ന്” എന്നു വിളിച്ചിരിക്കുന്നു. അവ മാനവ സംസ്കാരത്തിന്റെയും സാങ്കേതികവിദ്യയുടെയും വികസനത്തിനു ചുക്കാൻ പിടിച്ച പ്രമുഖ ഘടകങ്ങളിൽ ഒന്നാണെന്ന് വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു. ജർമൻ കവിയായ ഗോഥെ ഗ്രന്ഥശാലകളെ മനുഷ്യവർഗത്തിന്റെ സ്മൃതിപഥം എന്നു വിശേഷിപ്പിച്ചു.
‘മാനവ സംസ്കൃതിയുടെ നെടുന്തൂണുകൾ’ എന്ന മുഖമുദ്ര ചാർത്തിനിന്നിട്ടുള്ള, അതിപ്രധാന ഗ്രന്ഥശാലകളിൽ ചിലത് ഏതൊക്കെയാണ്? ഗ്രന്ഥശാലകളുടെമേലും സാക്ഷരതയുടെ വ്യാപനത്തിലും ഏറ്റവുമധികം സ്വാധീനം ചെലുത്തിയിട്ടുള്ള ഗ്രന്ഥം ഏതാണ്? ഇന്നത്തെ ഏറ്റവും വലിയ ഗ്രന്ഥശാലയിൽ എത്ര ഗ്രന്ഥങ്ങളുണ്ട്? ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കുന്നതിന് നമുക്ക് ഭൂതകാലത്തിലേക്കു സഞ്ചരിക്കാം, അവിടെ മനുഷ്യവർഗത്തിന്റെ അതിപുരാതന ഗ്രന്ഥശാലകളിൽ ഒന്നിലേക്കു നമുക്കു കയറിച്ചെല്ലാം.
“മാനവവിജ്ഞാനത്തിന്റെ” ഒരു പൗരാണിക “വിശ്വവിജ്ഞാനകോശം”
നിങ്ങൾ മധ്യപൂർവ ദേശത്ത്, ഇന്ന് ഇറാഖ് എന്നറിയപ്പെടുന്ന രാജ്യത്ത് ആയിരിക്കുന്നതായി സങ്കൽപ്പിക്കുക. വർഷം പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) 650. നീനെവേ നഗരത്തിന്റെ (ഇന്നത്തെ മോസൂളിനടുത്ത്) ആകാശംമുട്ടെ നിൽക്കുന്ന മതിൽക്കെട്ടുകൾക്കുള്ളിലാണു നിങ്ങൾ. മുമ്പിൽ തലയെടുപ്പോടെ നിൽക്കുന്ന പടുകൂറ്റൻ കൊട്ടാരക്കെട്ടുകൾ. അസീറിയ, ഈജിപ്ത്, ബാബിലോണിയ എന്നീ ദേശങ്ങൾ അടക്കിവാഴുന്ന അശൂർബാനിപ്പാൽ രാജാവിന്റെ അരമനയാണത്. * കൊട്ടാരവാതിലുകൾക്കരികെ നിൽക്കുമ്പോൾ ആളുകൾ ഭാരമേറിയ മൺഭരണികൾ ഉന്തുവണ്ടിയിൽ കയറ്റി അകത്തേക്കു കൊണ്ടുപോകുന്നത് നിങ്ങൾക്കു കാണാം. ഈ പുരുഷന്മാർ അസീറിയൻ രാജ്യമാകെ ഒരു വിപുലമായ യാത്ര നടത്തിയിട്ടു വന്നിരിക്കുകയാണ്. അശൂർബാനിപ്പാലിന്റെ പ്രജകളുടെ സാമൂഹികവും സാംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങളെക്കുറിച്ചുള്ള അറിയപ്പെടുന്ന എല്ലാ രേഖകളും ശേഖരിക്കുകയെന്ന ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതാണിവർ. ഒരു മൺഭരണി തുറക്കുമ്പോൾ അതിൽ നിറയെ ദീർഘചതുരാകൃതിയുള്ള കളിമൺഫലകങ്ങൾ കാണാം. ഓരോന്നിനും ഏകദേശം പത്തു സെന്റിമീറ്റർ നീളവും എട്ടു സെന്റിമീറ്റർ വീതിയുമുണ്ട്.
ആ പുരുഷന്മാരിൽ ഒരാളോടൊപ്പം നിങ്ങൾ കൊട്ടാരത്തിനകത്തേക്കു ചെല്ലുന്നു. അവിടെ പകർപ്പെഴുത്തുകാർ ഇരിപ്പുണ്ട്, അവർ എല്ലുകൊണ്ടുള്ള നാരായം ഉപയോഗിച്ച് നനവുള്ള ചെറിയ പച്ചക്കളിമൺഫലകങ്ങളിൽ ആപ്പിന്റെ ആകൃതിയിലുള്ള ചിഹ്നങ്ങൾ കോറിയിടുന്നതു നിങ്ങൾ കാണുന്നു. വിദേശഭാഷകളിലുള്ള രേഖകൾ അവർ അസീറിയൻ ഭാഷയിലേക്കു മൊഴിമാറ്റം നടത്തുകയാണ്. പിന്നീട്, ആ ഫലകങ്ങളെല്ലാം ചൂളയിൽ ചുട്ടെടുക്കുന്നു, അങ്ങനെ അവ ഏതാണ്ട് അക്ഷയരേഖകളായി അവശേഷിക്കുന്നു. ആ രേഖകൾ മുറികളിൽ സൂക്ഷിക്കുന്നു, അവിടെ ഷെൽഫുകളിൽ നൂറുകണക്കിനു ഭരണികൾ നിരത്തിവെച്ചിരിക്കുന്നു. മുറിയിൽ ഓരോ ഇടങ്ങളിലുമുള്ള രേഖകൾ ഏതു വിഷയത്തെക്കുറിച്ചുള്ളതാണെന്ന് കട്ടിളക്കാലുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രന്ഥശാലയിലെ 20,000-ത്തിലധികം വരുന്ന കളിമൺഫലകങ്ങളിൽ വ്യാപാര ഇടപാടുകൾ, മതാചാരങ്ങൾ, നിയമം, ചരിത്രം, വൈദ്യം, മനുഷ്യന്റെയും മൃഗങ്ങളുടെയും ശരീരധർമശാസ്ത്രം എന്നിവ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളുന്നു. അതേ, പിൽക്കാലത്ത് ഒരു പണ്ഡിതൻ വിശേഷിപ്പിച്ചതുപോലെ, “മാനവവിജ്ഞാനത്തിന്റെ ഒരു വിശ്വവിജ്ഞാനകോശം.”
നീനെവേയിലെ ഗ്രന്ഥശാലയ്ക്കു മുമ്പും പിമ്പും
നീനെവേയിലെ, അശൂർബാനിപ്പാലിന്റെ ഈ ഗ്രന്ഥശാലയ്ക്കു മുമ്പ് മറ്റു ചില മഹത്തായ ഗ്രന്ഥാലയങ്ങൾ ഉണ്ടായിരുന്നു. അശൂർബാനിപ്പാലിന്റെ കാലത്തിന് ആയിരം വർഷം മുമ്പ് ബാബിലോണിയയിലെ ബോർസിപ്പാ നഗരത്തിൽ ഹമുറാബി രാജാവ് ഒരു ഗ്രന്ഥാലയം പണികഴിപ്പിച്ചിരുന്നു. നീനെവേയിലേതിന് 700-ലേറെ വർഷം മുമ്പ് രമെസേസ് രണ്ടാമൻ, ഈജിപ്തിലെ തിബ്സ് നഗരത്തിൽ പ്രസിദ്ധമായ ഒരു ഗ്രന്ഥശാല സ്ഥാപിച്ചിരുന്നു. എന്നാൽ ശേഖരിക്കപ്പെട്ട വിവരങ്ങളുടെ വൈവിധ്യവും രേഖകളുടെ ബാഹുല്യവും അശൂർബാനിപ്പാലിന്റെ ഗ്രന്ഥശാലയ്ക്ക് “പുരാതന ലോകത്തെ ഏറ്റവും മഹത്തായത്” എന്ന ബഹുമതി നേടിക്കൊടുത്തു. 350 വർഷത്തിനു ശേഷമേ ഇതിനെ വെല്ലാൻ മറ്റൊന്നിനു കഴിഞ്ഞുള്ളൂ.
ആ വലുപ്പമേറിയ ഗ്രസ്ഥശാല സ്ഥാപിച്ചത് മഹാനായ അലക്സാണ്ടറിന്റെ ജനറൽമാരിൽ ഒരാളായിരുന്ന ടോളമി ഒന്നാമൻ സോട്ടർ ആണ്, ഏകദേശം പൊ.യു.മു. 300-ൽ. ഈജിപ്തിലെ തുറമുഖനഗരമായ അലക്സാൻഡ്രിയയിലാണ് ഇതു പണികഴിച്ചത്. ഇവിടത്തെ ലൈബ്രേറിയന്മാർ ഭൂമുഖത്ത് മനുഷ്യവാസമുള്ള എല്ലായിടത്തും ഉണ്ടായിരുന്ന മിക്ക ലിഖിതങ്ങളുടെയും പകർപ്പുകൾ ശേഖരിക്കാൻ യത്നിച്ചു. * പരമ്പരാഗത വിശ്വാസമനുസരിച്ച്, അലക്സാൻഡ്രിയയിലെ ഈ ഗ്രന്ഥശാലയിൽ വെച്ചാണ് 70-ഓളം പണ്ഡിതന്മാർ തിരുവെഴുത്തുകളുടെ എബ്രായപാഠം ഗ്രീക്കിലേക്കു തർജമ ചെയ്യാൻ തുടങ്ങിയത്. ഈ പരിഭാഷ പിന്നീട് ഗ്രീക്ക് സെപ്റ്റുവജിന്റ എന്നറിയപ്പെട്ടു. ആദിമ ക്രിസ്ത്യാനികൾ ഈ പരിഭാഷ വ്യാപകമായി ഉപയോഗിച്ചുപോന്നു.
പൗരസ്ത്യ ഗ്രന്ഥശാലകൾ
അശൂർബാനിപ്പാൽ തന്റെ ഗ്രന്ഥാലയത്തിനു മികവു കൂട്ടിക്കൊണ്ടിരുന്ന കാലത്ത് ചൈന ഭരിച്ചിരുന്നത് ചൗ രാജവംശമായിരുന്നു. പൊ.യു.മു. 1122 മുതൽ പൊ.യു.മു. 256 വരെയുള്ള ഈ രാജവംശത്തിന്റെ ഭരണകാലത്ത് ഒരുകൂട്ടം പുസ്തകങ്ങൾ ഉത്പാദിപ്പിക്കുകയുണ്ടായി, അവ പിന്നീട് പഞ്ചശ്രേഷ്ഠകൃതികൾ എന്നറിയപ്പെട്ടു. അവയിൽ ഭാവികഥനത്തിനുള്ള ഒരു കൈപ്പുസ്തകം, ആദിമഭരണാധികാരികളുടെ പ്രഭാഷണങ്ങളുടെ ശേഖരം, കവിത, മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കുള്ള നിർദേശങ്ങൾ, പൊ.യു.മു. ഏകദേശം 722 മുതൽ പൊ.യു.മു. 481 വരെയുള്ള കാലത്തെ ലൂ എന്ന സംസ്ഥാനത്തെക്കുറിച്ചുള്ള ചരിത്രം എന്നിവ ഉൾപ്പെട്ടിരുന്നു. ഒടുവിൽ പറഞ്ഞ കൃതി ചൈനയിലെ തത്ത്വചിന്തകനായ കൺഫ്യൂഷ്യസിന്റേതാണെന്നു കരുതപ്പെടുന്നു. പഞ്ചശ്രേഷ്ഠകൃതികളും അവയെക്കുറിച്ചുള്ള നിരവധി ഭാഷ്യങ്ങളും ചൈനാക്കാരുടെ ചിന്താരീതിയെ സ്വാധീനിച്ചു. രണ്ടായിരത്തിലേറെ വർഷം രാജകീയ ഗ്രന്ഥശാലകളിലെയും സ്വകാര്യ ലൈബ്രറികളിലെയും മുഖ്യ ശേഖരം ഈ കൃതികളായിരുന്നു.
ജപ്പാനിൽ, ഭരണസാരഥ്യം വഹിച്ചിരുന്ന ഒരു സമുറായി കുടുംബത്തിലെ അംഗമായ ഹോജോ സാനെട്ടോക്കി 1275-ൽ ഒരു ലൈബ്രറി സ്ഥാപിച്ചു. കനാസവയിലുള്ള (ഇപ്പോൾ യോക്കഹാമയുടെ ഭാഗം) തന്റെ കുടുംബ വീട്ടിലായിരുന്നു അദ്ദേഹം അതു സ്ഥാപിച്ചത്. ചൈനീസിലും ജാപ്പനീസിലും നിലവിലുള്ള സകല പുസ്തകങ്ങളും ശേഖരിക്കാൻ അദ്ദേഹം ശ്രമിച്ചു. ഇന്ന് അവിടെ ആദ്യത്തെ അത്രയും ഗ്രന്ഥങ്ങളില്ലെങ്കിലും ഈ പുസ്തകശേഖരം ഇപ്പോഴും അവിടെയുണ്ട്.
ബൈബിളും ആശ്രമ ഗ്രന്ഥശാലകളും പാശ്ചാത്യ സംസ്കാരവും
പാശ്ചാത്യ ലോകത്തെ ലൈബ്രറികളുടെ ചരിത്രം (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നു: “അച്ചടിച്ച വാക്കുകളുടെ പ്രഭാവവും ഗ്രന്ഥശാലയുടെ മൂല്യവും ഏറ്റവും നന്നായി ദൃശ്യമായിരിക്കുന്നത് ക്രിസ്തീയ മതത്തിന്റെ ഉദയം, വ്യാപനം, നിലനിൽപ്പ് എന്നീ മേഖലകളിലാണ്.” ഗ്രന്ഥശാലകളുടെ വികാസവും ക്രിസ്ത്യാനിത്വത്തിന്റെ വ്യാപനവും തമ്മിൽ എന്താണു ബന്ധം?
റോമാ സാമ്രാജ്യം ശിഥിലമായപ്പോൾ അവിടത്തെ മഹത്തായ ഗ്രന്ഥാലയങ്ങളിലെ ശേഖരങ്ങൾ നശിപ്പിക്കപ്പെടുകയോ അങ്ങുമിങ്ങും ചിതറിക്കപ്പെടുകയോ ചെയ്തു. അപ്പോൾ, യൂറോപ്പിലുടനീളം രൂപംകൊണ്ട ക്രൈസ്തവ ആശ്രമങ്ങൾ ഈ പൗരാണിക ഗ്രന്ഥശാലകളിൽ അവശേഷിച്ചിരുന്നതൊക്കെ ശേഖരിച്ചു സൂക്ഷിച്ചു. ബൈബിളിന്റെയും മറ്റു കൃതികളുടെയും കയ്യെഴുത്തുപ്രതികൾ പകർത്തിയെഴുതുക എന്നതായിരുന്നു മിക്ക ആശ്രമങ്ങളിലെയും ഒരു പ്രധാന ജോലി. ഉദാഹരണത്തിന്, പുസ്തകങ്ങൾ വായിക്കാനും പകർത്താനും അനുശാസിച്ചിരുന്ന “സെന്റ് ബെനഡിക്റ്റിന്റെ നിയമം” ബെനഡിക്റ്റൈൻ ആശ്രമങ്ങൾ അനുസരിച്ചിരുന്നു.
കോൺസ്റ്റാന്റിനോപ്പിളിലെ ഗ്രന്ഥശാലകൾ പുരാതന കയ്യെഴുത്തുപ്രതികൾ സൂക്ഷിച്ചുവെക്കുകയും അവയുടെ പകർപ്പുകൾ ഉണ്ടാക്കുകയും ചെയ്തു. ഇവ ക്രമേണ ഇറ്റലിയിൽ എത്തിച്ചേർന്നു. നവോത്ഥാനത്തിന് തിരികൊളുത്തുന്നതിൽ ഇവ ഒരു പ്രമുഖ പങ്കുവഹിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എൽമെർ ഡി. ജോൺസൺ എന്ന ചരിത്രകാരൻ പറയുന്നു: “പാശ്ചാത്യ സംസ്കാരത്തിന്റെ രക്ഷകർത്താവായി വർത്തിക്കുന്നതിൽ ആശ്രമ ഗ്രന്ഥശാലയ്ക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. ആയിരത്തോളം വർഷം അതായിരുന്നു യൂറോപ്പിന്റെ ബൗദ്ധികകേന്ദ്രം. അതില്ലായിരുന്നെങ്കിൽ പാശ്ചാത്യ സംസ്കാരം തികച്ചും വ്യത്യസ്തമായ ഒന്ന് ആയിരിക്കുമായിരുന്നു.”
ഈ കാലഘട്ടത്തിൽ “യൂറോപ്പിന്റെ ബൗദ്ധികകേന്ദ്ര”ത്തെ സജീവമാക്കി നിറുത്താൻ സഹായിച്ചത് ബൈബിൾ പകർത്തിയെഴുതുക എന്ന ജോലിയായിരുന്നു. മതനവീകരണം യൂറോപ്പിലാകമാനം അലയടിച്ചപ്പോൾ ബൈബിൾ വായിക്കാനുള്ള ആഗ്രഹം നിരക്ഷരതയുടെ ചങ്ങലകൾ ഭേദിച്ചു പുറത്തുവരാൻ സാധാരണക്കാരെ പ്രചോദിപ്പിച്ചു. ലൈബ്രറികളുടെ കഥ എന്ന പുസ്തകം പറയുന്നു: “സമൂഹത്തിലെ ഓരോ അംഗത്തിനും കുറഞ്ഞത് ബൈബിൾ വായിക്കാനുള്ള വിദ്യാഭ്യാസമെങ്കിലും ഉണ്ടായിരിക്കണം എന്ന ആശയത്തിന്റെ വേരുകൾ പ്രൊട്ടസ്റ്റന്റ് നവീകരണത്തിലാണ് ഞങ്ങൾക്കു കാണാൻ കഴിയുന്നത്. ദൈവശാസ്ത്രപരമായ വാദപ്രതിവാദങ്ങൾക്കു മൂർച്ചയേറിയപ്പോൾ മതപരമായ ലിഖിതങ്ങളുടെ വിപുലമായ വായനയ്ക്കുള്ള പ്രാപ്തി കൈവരിക്കുന്നതിനു പ്രാധാന്യം നൽകപ്പെട്ടു. ഇതു ചെയ്യണമെങ്കിൽ വായിക്കാൻ അറിഞ്ഞിരിക്കണമെന്നു മാത്രമല്ല, വായിക്കാൻ പുസ്തകങ്ങൾ ലഭ്യമാകുകയും വേണമായിരുന്നു.”
അതുകൊണ്ട്, പാശ്ചാത്യ ലോകത്താകമാനം ഗ്രന്ഥശാലകളുടെയും സാക്ഷരതയുടെയും വ്യാപനത്തിൽ ബൈബിളിനു കാതലായ ഒരു പങ്കുണ്ടായിരുന്നു. തുടർന്ന്, അച്ചടിയന്ത്രത്തിന്റെ കണ്ടുപിടിത്തത്തോടെ യൂറോപ്പിലെങ്ങും ഒട്ടനവധി വിഷയങ്ങളെക്കുറിച്ചുള്ള ഗ്രന്ഥശേഖരങ്ങൾ ഉൾക്കൊള്ളുന്ന സ്വകാര്യവും ദേശീയവുമായ വൻ ഗ്രന്ഥശാലകൾ രൂപംകൊണ്ടു. ക്രമേണ ഇത്തരം ഗ്രന്ഥശാലകൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഥാപിതമായി.
21-ാം നൂറ്റാണ്ടിലെ ഗ്രന്ഥശാലകൾ
ഇന്നത്തെ ചില ഗ്രന്ഥശാലകളുടെ വലുപ്പം നമ്മെ അമ്പരപ്പിക്കും. 2.9 കോടിയിലധികം പുസ്തകങ്ങൾ അടുക്കിവെച്ചിരിക്കുന്ന 850 കിലോമീറ്റർ നീളമുള്ള ഒരു ബുക്ക് ഷെൽഫിന്റെ അടുത്തു നിൽക്കുന്നതിനെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കൂ. ലോകത്തിലെ ഏറ്റവും വലിയ ലൈബ്രറിയുടെ ഏകദേശ വലുപ്പമാണിത്. ഇതാണ് ഐക്യനാടുകളിലെ ‘ലൈബ്രറി ഓഫ് കോൺഗ്രസ്.’ പുസ്തകങ്ങൾക്കു പുറമേ, ഇവിടെ ഏകദേശം 27 ലക്ഷം ഓഡിയോ-വീഡിയോ റെക്കോർഡിങ്ങുകൾ, 1.2
കോടി ഫോട്ടോഗ്രാഫുകൾ, 48 ലക്ഷം മാപ്പുകൾ, 5.7 കോടി കയ്യെഴുത്തുപ്രതികൾ എന്നിവയുമുണ്ട്. ഓരോ ദിവസവും ഈ വമ്പൻ ഗ്രന്ഥശാലയിലേക്ക് 7,000 വായനാസാമഗ്രികളാണ് കൂട്ടിച്ചേർക്കപ്പെടുന്നത്!പുസ്തകങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനം ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിക്കാണ്. ഇവിടെ 1.8 കോടിയിലധികം പുസ്തകങ്ങളുണ്ട്. മോസ്കോയിലെ റഷ്യൻ സ്റ്റേറ്റ് ലൈബ്രറിയിൽ 1.7 കോടി പുസ്തകങ്ങളുണ്ട്. വർത്തമാനപ്പത്രങ്ങളുടെ ഏകദേശം 6,32,000 സെറ്റ് പ്രതിവർഷ ശേഖരങ്ങൾ ഇവിടെയുണ്ട്. ഫ്രാൻസിലെ നാഷണൽ ലൈബ്രറി യൂറോപ്പിലെ നിലവിലുള്ള ഏറ്റവും പഴക്കംചെന്ന ദേശീയ ലൈബ്രറികളിൽ ഒന്നാണ്. ഇവിടെ 1.3 കോടി പുസ്തകങ്ങളുണ്ട്. കൂടാതെ, “ശേഖരങ്ങളുടെ വലിയൊരു പങ്കും മുഴുവനായി ഇന്റർനെറ്റിലൂടെ ലഭ്യമാക്കിയ ആദ്യ ഗ്രന്ഥശാലയാണ് ഫ്രഞ്ച് നാഷണൽ ലൈബ്രറി” എന്ന് ലൈബ്രറി വേൾഡ് റെക്കോർഡ്സ് എന്ന പുസ്തകം പറയുന്നു. ഇന്റർനെറ്റ്, കമ്പ്യൂട്ടറിന്റെ ഉപയോഗം സാധ്യമായവർക്കെല്ലാം മനുഷ്യവർഗത്തിന്റെ അറിവിന്റെ കലവറയിലേക്കുള്ള പ്രവേശനം മുമ്പെന്നത്തേതിലും എളുപ്പമാക്കിത്തീർത്തിരിക്കുന്നു.
മുമ്പൊരിക്കലുമില്ലാത്തവിധം, ലോകമെമ്പാടും പൊതുജനങ്ങൾക്കു ലഭ്യമാകുന്ന വിവരങ്ങളുടെ അളവ് ഭീമമായി വർധിക്കുകയാണ്. മാനവവിജ്ഞാനത്തിന്റെ ഈ ഭണ്ഡാരം ഓരോ നാലരവർഷം കൂടുന്തോറും ഇരട്ടിയാകുന്നുവെന്ന് കണക്കുകൾ കാണിക്കുന്നു. ഐക്യനാടുകളിൽ മാത്രം പ്രതിവർഷം 1,50,000-ത്തിലേറെ പുതിയ പുസ്തകങ്ങളാണു പുറത്തിറങ്ങുന്നത്.
ഇന്നത്തെ ഈ സാഹചര്യത്തിൽ പുരാതനകാലത്തെ പണ്ഡിതനും എഴുത്തുകാരനും രാജാവുമായിരുന്ന ശലോമോന്റെ വാക്കുകൾ തികച്ചും അന്വർഥമാകുന്നു. അവൻ എഴുതി: “പുസ്തകം ഓരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.” (സഭാപ്രസംഗി 12:12) എന്നിരുന്നാലും, വിവേചനയോടെ ഉപയോഗിച്ചാൽ യുനെസ്കോ (ഐക്യരാഷ്ട്ര വിദ്യാഭ്യാസ ശാസ്ത്രീയ സാംസ്കാരിക സംഘടന) വർണിക്കുന്നതുപോലെ ഓരോ ഗ്രന്ഥശാലയും “അറിവിന്റെ [ലോകത്തിലേക്കുള്ള] പ്രാദേശിക വാതായനങ്ങൾ” ആയി തുടരും.
[അടിക്കുറിപ്പുകൾ]
^ അശൂർബാനിപ്പാൽ യഹൂദ രാജാവായ മനശ്ശെയുടെ സമകാലികനായിരുന്നു. ബൈബിളിൽ എസ്രാ 4:10-ൽ പരാമർശിച്ചിരിക്കുന്ന അസ്നപ്പാർ ആണ് അശൂർബാനിപ്പാൽ എന്നു വിശ്വസിക്കപ്പെടുന്നു.
^ അലക്സാൻഡ്രിയയിലെ പുരാതനവും ആധുനികവും ആയ ലൈബ്രറികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 2005 ജനുവരി 8 ഇംഗ്ലീഷ് ലക്കം ഉണരുക! കാണുക
[18-ാം പേജിലെ ചതുരം/ചിത്രം]
ലൈബ്രേറിയന്റെ പങ്ക്
നിങ്ങൾക്കാവശ്യമുള്ള പുസ്തകം ലൈബ്രറിയുടെ കാറ്റലോഗിൽ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വിഷമിക്കേണ്ട, ലൈബ്രേറിയനോടു ചോദിക്കുകയേ വേണ്ടൂ. ലൈബ്രേറിയന്റെ വൈദഗ്ധ്യം പലപ്പോഴും വിലതീരാത്തതാണ്. 20 വർഷമായി ഒരു ലൈബ്രേറിയനായി ജോലിനോക്കുന്ന റോഡെറിക് പറയുന്നു: “ആളുകൾക്കു പലപ്പോഴും ലൈബ്രറികളെയും ലൈബ്രേറിയന്മാരെയും ഭയമാണ്. അവർ പലപ്പോഴും ഇങ്ങനെ പറഞ്ഞുകൊണ്ടാണു തുടങ്ങുക, ‘ഞാൻ ചോദിക്കുന്നത് ഒരു മണ്ടൻ ചോദ്യമായിരിക്കാം, എനിക്ക് . . .’ എന്നാൽ മണ്ടൻ ചോദ്യം എന്നൊന്നില്ല. ഒരു വിദഗ്ധനായ ലൈബ്രേറിയന്റെ കഴിവ് നിങ്ങൾ ഉദ്ദേശിച്ചത് എന്താണെന്നു കണ്ടുപിടിച്ചുതരിക എന്നതാണ്, ആ പുസ്തകത്തെക്കുറിച്ച് എങ്ങനെ ചോദിക്കണമെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽപ്പോലും.”
[19-ാം പേജിലെ ചതുരം/ചിത്രം]
നമ്പറുകളുടെ അർഥമെന്താണ്? → 225.7
ഡ്യൂയിയുടെ ദശാംശ സംവിധാനം
പല ലൈബ്രറികളും ഡ്യൂയിയുടെ ദശാംശവിഭാഗീകരണ സംവിധാനം (Dewey decimal classification system) ഉപയോഗിക്കുന്നു. ഇതനുസരിച്ച് കാറ്റലോഗിലും പുസ്തകങ്ങളുടെ പുറംചട്ടയിലെ വീതികുറഞ്ഞ ഭാഗത്തും നമ്പറുകൾ ഉണ്ടായിരിക്കും. സ്വാധീനശക്തിയുള്ള ഒരു അമേരിക്കൻ ലൈബ്രേറിയനായിരുന്ന മെൽവിൽ ഡ്യൂയി 1876-ലാണ് ഈ രീതി ആവിഷ്കരിച്ചത്. ഡ്യൂയിയുടെ സംവിധാനപ്രകാരം പത്തു മുഖ്യ ഗ്രൂപ്പുകളിലായി എല്ലാം വിഷയാനുസൃതം തരംതിരിക്കാൻ 000 മുതൽ 999 വരെയുള്ള നമ്പറുകൾ ഉപയോഗിക്കും.
000-099 പൊതുവിഷയങ്ങൾ
100-199 തത്ത്വശാസ്ത്രം, മനശ്ശാസ്ത്രം
200-299 മതം
300-399 സാമൂഹികശാസ്ത്രം
400-499 ഭാഷ
500-599 പ്രകൃതിശാസ്ത്രം, ഗണിതം
600-699 സാങ്കേതിക വിദ്യ (പ്രയുക്തശാസ്ത്രം)
700-799 കലകൾ
800-899 സാഹിത്യം, ആശയപ്രകടനകല
900-999 ഭൂമിശാസ്ത്രം, ചരിത്രം
ഈ മുഖ്യ ഗ്രൂപ്പുകൾ ഓരോന്നും പത്ത് ഉപഗ്രൂപ്പുകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം പ്രത്യേകം തലക്കെട്ടുകൾ നൽകും. ഉദാഹരണത്തിന്, 200 (മതം) എന്നതിൻ കീഴിൽ 220 ആണ് ബൈബിളിന്റെ നമ്പർ. ബൈബിളിനെക്കുറി ച്ചുള്ള നിശ്ചിത വിഷയങ്ങളെ പിന്നെയും തരംതിരിക്കും. 225 എന്ന സംഖ്യ “പുതിയ നിയമ”ത്തെ (ഗ്രീക്ക് തിരുവെഴുത്തുകൾ) സൂചിപ്പിക്കുന്നു. ഏതുതരം പുസ്തകമാണെന്നു തിരിച്ചറിയിക്കാൻ കൂടുതലായ അക്കങ്ങൾ ചേർക്കുന്നു:
01 തത്ത്വശാസ്ത്രവും സിദ്ധാന്തവും
02 പലവക
03 നിഘണ്ടുക്കൾ, എൻസൈക്ലോപീഡിയകൾ, കോൺകോർഡൻസുകൾ
04 പ്രത്യേക വിഷയങ്ങൾ
05 തുടർച്ചയായി പ്രസിദ്ധീകരിക്കുന്നവ
06 സംഘടനകളും മാനേജ്മെന്റും
07 വിദ്യാഭ്യാസം, ഗവേഷണം, ബന്ധപ്പെട്ട വിഷയങ്ങൾ
08 ശേഖരണങ്ങൾ
09 -ന്റെ/ടെ ചരിത്രം
ഇതനുസരിച്ച്, സമ്പൂർണ ബൈബിളിനെക്കുറിച്ചുള്ള ഒരു എൻസൈക്ലോപീഡിയയുടെ നമ്പർ 220.3 ആണ്. ഗ്രീക്കു തിരുവെഴുത്തുകളുടെ ഒരു വ്യാഖ്യാനകൃതിയുടെ നമ്പർ 225.7 ആയിരിക്കും.
ലൈബ്രറി ഓഫ് കോൺഗ്രസിന്റെ വർഗീകരണ രീതിയും സമാനമാണ്, എങ്കിലും അക്ഷരങ്ങളുടെയും അക്കങ്ങളുടെയും ഒരു മിശ്രണമാണ് അവിടെ ഉപയോഗിക്കുന്നത്. ഗ്രന്ഥകാരനെ തിരിച്ചറിയിക്കുന്നതിന് മിക്ക പുസ്തകങ്ങളിലും അക്കങ്ങളും അക്ഷരങ്ങളും മറ്റു ചിഹ്നങ്ങളുമുൾപ്പെട്ട ഒരു കോഡും ഉണ്ടായിരിക്കും. മറ്റു ദേശങ്ങളിൽ ഇതിൽനിന്നു വ്യത്യസ്തമായ വർഗീകരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു.
[16-ാം പേജിലെ ചിത്രം]
അസീറിയൻ രാജാവായ അശൂർബാനിപ്പാൽ, പൊ.യു.മു. 650. അദ്ദേഹത്തിന്റെ ഗ്രന്ഥശാലയിൽ ക്യൂനിഫോം കളിമൺഫലകങ്ങൾ ഉണ്ടായിരുന്നു
[16-ാം പേജിലെ ചിത്രം]
ഇംഗ്ലണ്ടിലെ ലണ്ടനിലുള്ള ബ്രിട്ടീഷ് ലൈബ്രറി
[16-ാം പേജിലെ ചിത്രം]
സ്വിറ്റ്സർലൻഡിലുള്ള ഒരു ആശ്രമത്തിലെ ഗ്രന്ഥശാല, 1761
[17-ാം പേജിലെ ചിത്രം]
ഈജിപ്തിലുള്ള അലക്സാൻഡ്രിയയിലെ ഗ്രന്ഥശാല, ഏകദേശം പൊ.യു.മു. 300
[കടപ്പാട്]
From the book Ridpath’s History of the World (Vol. II)
[18, 19 പേജുകളിലെ ചിത്രം]
യു.എസ്. ലൈബ്രറി ഓഫ് കോൺഗ്രസ്, ലോകത്തിലെ ഏറ്റവും വലുത്
[കടപ്പാട്]
From the book Ridpath’s History of the World (Vol. IX)
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
മുകളിൽ ഇടത്തും താഴെയുമുള്ള ചിത്രങ്ങൾ: Erich Lessing/Art Resource, NY; ഫലകം: Photograph taken by courtesy of the British Museum