മുറിവേറ്റ കുരുവിക്ക് ഒരു പുതിയ വീട്
മുറിവേറ്റ കുരുവിക്ക് ഒരു പുതിയ വീട്
“ഉള്ള ജോലിയൊക്കെ പോരാഞ്ഞിട്ടാണോ ഇനി ഇതുകൂടെ?” കൂട്ടിൽനിന്നു താഴെവീണ ഒരു കൊച്ചുകുരുവിയെ ഭാര്യ വീട്ടിലേക്ക് എടുത്തുകൊണ്ടുവന്നപ്പോൾ എന്റെ ആദ്യപ്രതികരണം അതായിരുന്നു. എങ്കിലും, വിറച്ചുകൊണ്ടിരുന്ന ആ പക്ഷിയെ അടുത്തു നിരീക്ഷിച്ചപ്പോൾ എന്റെ മനസ്സലിഞ്ഞു. ‘മൃതപ്രായമായ ഈ മിണ്ടാപ്രാണി എങ്ങനെ രക്ഷപ്പെടാനാണ്,’ ഞാൻ ചിന്തിച്ചു. *
കുഴമ്പുപരുവത്തിലുള്ള കുറച്ചു തീറ്റ മുമ്പിൽവെച്ചുകൊടുത്തെങ്കിലും അതു തിന്നാൻ ഞങ്ങളുടെ അതിഥി കൂട്ടാക്കിയില്ല. തൊട്ടും തലോടിയും, അതിൽനിന്ന് ഒരൽപ്പം ഞങ്ങൾ ആ പക്ഷിയെക്കൊണ്ടു തീറ്റിച്ചു. പക്ഷേ പിറ്റേ ദിവസം മുതൽ അതു തീറ്റയ്ക്കായി ബഹളംവെക്കാൻ തുടങ്ങി. അതിന്റെ ചിലപ്പ് ഞങ്ങളുടെ ഫ്ളാറ്റിന്റെ ഇരട്ടപ്പാളികളുള്ള വാതിൽ തുളച്ച് താഴെ ഗോവണിച്ചുവട്ടിൽപ്പോലും എത്തുമായിരുന്നു!
ഞങ്ങളുടെ അതിഥിയുടെ തൂവൽക്കുപ്പായം അത് ഒരു പെൺപക്ഷിയാണെന്നു വ്യക്തമാക്കി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതിന് ഓജസ്സു വീണ്ടുകിട്ടി, പറക്കാമെന്നായി. എന്നാൽ അതിനെ പുറത്തുവിടാനുള്ള ഞങ്ങളുടെ ശ്രമം വിജയിച്ചില്ല! ‘ഒരുപക്ഷേ വീടുവിട്ടു പോകാൻ അതിന് ധൈര്യമില്ലായിരിക്കും,’ ഞങ്ങൾ കരുതി. അതുകൊണ്ട് ഒരു പക്ഷിക്കൂടു വാങ്ങിക്കൊണ്ടുവന്ന് ആ കുരുവിയെ അതിലിട്ടു വളർത്താൻ ഞങ്ങൾ തീരുമാനിച്ചു, അങ്ങനെ അത് ഞങ്ങളുടെ ഓമനയായി. ഞങ്ങൾ അതിന് ഷ്പാറ്റ്സി എന്നു പേരിട്ടു. “കുരുവി” എന്ന് അർഥം വരുന്ന ജർമൻ വാക്കിന്റെ, ഓമനത്തം തുളുമ്പുന്ന ഒരു പദരൂപമാണ് അത്.
ഒരു ദിവസം ഞങ്ങൾ ഷ്പാറ്റ്സിയുടെ ഇഷ്ടഭക്ഷണമായ ചോറുണ്ടാക്കി. ചൂടാറിയിട്ടില്ലാതിരുന്നതിനാൽ എന്റെ ഭാര്യ അതു മാറ്റിവെച്ച് ഷ്പാറ്റ്സിക്ക് കുറച്ചു ധാന്യമണികൾ ഇട്ടുകൊടുത്തു. ഞങ്ങളുടെ ഓമനച്ചങ്ങാതി പ്രതികരിച്ചത് എങ്ങനെയാണെന്നോ? തല ചെരിച്ചുപിടിച്ച് കൊക്കുകൊണ്ട് അത് ആ ധാന്യമണികളെല്ലാം മേശയുടെ വക്കിലേക്കു തള്ളിനീക്കി! ഞാനും ഭാര്യയും അത്ഭുതത്തോടെ പരസ്പരം നോക്കി, പിന്നെ പൊട്ടിച്ചിരിച്ചു. ഉടനെ ഞങ്ങൾ, ചൂടാറിയ ചോറ് അൽപ്പം എടുത്ത് ഷ്പാറ്റ്സിയുടെ മുമ്പിൽ വെച്ചുകൊടുത്തു. വളരെ ഇഷ്ടത്തോടെ ഷ്പാറ്റ്സി അത് അകത്താക്കുകയും ചെയ്തു!
ഈ കൊച്ചുസുന്ദരിയെ പരിപാലിക്കുമ്പോൾ, യേശു ശിഷ്യന്മാരോടു പറഞ്ഞ വാക്കുകളാണ് മനസ്സിലേക്ക് ഓടിയെത്തുന്നത്: “കാശിന്നു രണ്ടു കുരികിൽ വില്ക്കുന്നില്ലയോ? അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവു സമ്മതിക്കാതെ നിലത്തു വീഴുകയില്ല.” തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “ഭയപ്പെടേണ്ടാ; ഏറിയ കുരികിലുകളെക്കാളും നിങ്ങൾ വിശേഷതയുള്ളവരല്ലോ.”—മത്തായി 10:29-31.
നമ്മുടെ കഷ്ടതകൾ യഹോവ കാണുന്നുവെന്നും നമ്മുടെ സഹിഷ്ണുത അവൻ ഓർമിക്കുന്നുവെന്നും ഉള്ള അറിവ് എത്ര ആശ്വാസദായകമാണ്! (യെശയ്യാവു 63:9; എബ്രായർ 6:10.) അതേ, ഒരു കൊച്ചുപക്ഷിയോടു നമുക്കു തോന്നുന്ന അനുകമ്പ, തന്നെ സേവിക്കുന്നവരോടു യഹോവയാം ദൈവത്തിനുള്ള സ്നേഹത്തിന്റെ ഒരു നുറുങ്ങു പ്രതിഫലനം മാത്രമാണ്.—സംഭാവന ചെയ്യപ്പെട്ടത്.
[അടിക്കുറിപ്പ്]
^ ചില സാഹചര്യങ്ങളിൽ, രോഗംബാധിച്ചതോ മുറിവേറ്റതോ ആയ ഒരു പക്ഷിയെ ശുശ്രൂഷിക്കുന്നത് മനുഷ്യരിൽ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കിയേക്കാം. കൂടാതെ, ചിലയിടങ്ങളിൽ അത് പ്രാദേശിക നിയമത്തിന്റെ ലംഘനവുമായിരിക്കാം.