കടകളിൽനിന്നു കട്ടെടുക്കൽ വില ഒടുക്കുന്നത് ആരെല്ലാം?
കടകളിൽനിന്നു കട്ടെടുക്കൽ വില ഒടുക്കുന്നത് ആരെല്ലാം?
ജപ്പാനിലെ ഒരു കടയുടമ ഒരു കുട്ടിയെ മോഷണത്തിനു പിടികൂടിയിട്ടു പോലീസിനെ വിളിച്ചു. പോലീസ് വന്നപ്പോൾ അവൻ കുതറിയോടി. അവർ പിന്തുടർന്നു. ഓടുന്നവഴി ഒരു റെയിൽപ്പാളം കടക്കുമ്പോൾ അവൻ ട്രെയിൻതട്ടി കൊല്ലപ്പെട്ടു.
വാർത്ത പരന്നു. പോലീസിൽ വിവരം നൽകിയതിനു ചിലർ കടയുടമയെ കുറ്റപ്പെടുത്തി, ഒച്ചപ്പാട് കെട്ടടങ്ങുന്നതുവരെ അയാൾക്കു കച്ചവടം നിറുത്തിവെക്കേണ്ടിവന്നു. കട തുറന്നപ്പോൾ സാധനങ്ങൾ കട്ടെടുക്കാൻ ആളുകൾ വീണ്ടും കടയിലേക്ക് ഇരച്ചുകയറി. കഴിഞ്ഞ സംഭവവും അതേത്തുടർന്നുണ്ടായ കോലാഹലങ്ങളും ഓർത്തപ്പോൾ ഈ കള്ളന്മാരെ നേരിടാൻ അയാൾക്കു ഭയമായി. ആ കട മോഷ്ടാക്കളുടെ വിഹാരരംഗമായിത്തീർന്നു. അധികം താമസിയാതെ, കട എന്നെന്നേക്കുമായി അടച്ചുപൂട്ടേണ്ടിവന്നു.
മേൽവിവരിച്ചത് തികച്ചും ദാരുണമായ ഒരു സാഹചര്യം ആയിരുന്നേക്കാം. എന്നാൽ ഒരു സുപ്രധാന വസ്തുത ഇതിൽനിന്നു മനസ്സിലാക്കാൻ കഴിയും. കടകളിൽനിന്നു സാധനങ്ങൾ കട്ടെടുക്കുന്നതിനു വലിയ വില ഒടുക്കേണ്ടിവരുമെന്ന കാര്യം. അതു നിരവധി ആളുകളെ, നിരവധി വിധങ്ങളിൽ ബാധിക്കുന്നു. ഈ കുറ്റകൃത്യത്തിന് ഒടുക്കേണ്ടിവരുന്ന കനത്ത വിലയെക്കുറിച്ചു നമുക്ക് ഒന്ന് അടുത്തു പരിചിന്തിക്കാം.
കടയുടമകൾ ഒടുക്കേണ്ടിവരുന്നത്
കോടിക്കണക്കിനു രൂപയാണ് ലോകമൊട്ടാകെയുള്ള വ്യാപാരികൾക്കു വർഷംതോറും ഇതിലൂടെ നഷ്ടമാകുന്നത്. ഐക്യനാടുകളിൽ മാത്രം 1,80,000 കോടി രൂപയിലേറെ നഷ്ടം വരുന്നുണ്ടെന്നു ചിലർ കണക്കാക്കുന്നു. ഇത്രയും ഭീമമായ തുക നഷ്ടംവരുന്നത് എത്ര വ്യാപാരികൾക്കു താങ്ങാനാകും? നിരവധി കടകൾക്കു പിടിച്ചുനിൽക്കാൻ കഴിയുന്നില്ല. മോഷ്ടാക്കളുടെ ഈ വിളയാട്ടം മൂലം കടക്കാരനു ചിലപ്പോൾ നഷ്ടമാകുന്നത് ഒരായുഷ്കാലത്തേക്കായി പടുത്തുയർത്തിയ ഉപജീവനമാർഗമായിരിക്കും.
വിപണിയിലെ “മത്സരത്തിനു പുറമേ സാധനങ്ങൾ മോഷ്ടിക്കാനെത്തുന്നവർ ഏറെ ആശങ്കയ്ക്കു വഴിയൊരുക്കുന്നു. എത്രനാൾ കച്ചവടം നടത്താൻ പറ്റുമെന്ന് എനിക്കറിയില്ല,” ന്യൂയോർക്ക് നഗരത്തിലെ ലൂക്ക് എന്ന കടയുടമ പറയുന്നു. സുരക്ഷ ഉറപ്പാക്കാൻ ഒരു ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്താനുള്ള സാമ്പത്തികശേഷി അദ്ദേഹത്തിനില്ല. മോഷ്ടാക്കൾ ആരാണ് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ അഭിപ്രായം ഇതാണ്: “ആരും അതു ചെയ്യുന്നുണ്ടാകും, എന്റെ സ്ഥിരം ഉപഭോക്താക്കൾപോലും.”
ലൂക്കിന്റേത് അത്ര വലിയ പ്രശ്നമൊന്നും അല്ലെന്നു ചിലർ കരുതുന്നുണ്ടാകും. ഈ “കടകളൊക്കെ എത്ര വലിയ ലാഭമാണു കൊയ്യുന്നത്, ഞാൻ എന്തെങ്കിലും അവിടെനിന്നു കൈക്കലാക്കിയെന്നുവെച്ച് അവർക്കു വലിയ നഷ്ടമൊന്നും വരാൻ പോകുന്നില്ല” എന്നായിരിക്കും അവരുടെ ചിന്ത. എന്നാൽ കടകൾക്കുള്ള ലാഭം അത്രയ്ക്കുണ്ടോ?
ചില കടകൾ ഒരു സാധനത്തിന് 30-ഓ 40-ഓ 50-ഓ ശതമാനം വില കൂട്ടി ഈടാക്കുന്നു. എന്നാൽ കൂട്ടിയ ഈ നിരക്ക് മുഴുവനും അവർക്കു തനിലാഭമായി കിട്ടുന്നില്ല. ഈ പണം വാടക, നികുതി, ജോലിക്കാരുടെ ശമ്പളവും ബോണസ്സും, കെട്ടിട മെയിന്റനൻസ്, ഉപകരണങ്ങൾ കേടുപോക്കൽ, ഇൻഷുറൻസ്, വൈദ്യുതി, വെള്ളം, ഇന്ധനം, ടെലിഫോൺ, സുരക്ഷാസംവിധാനം എന്നിങ്ങനെ കട നടത്തിക്കൊണ്ടുപോകുന്നതിന് ആവശ്യമായ ചെലവുകൾ നികത്താൻ കടയുടമ ഉപയോഗിക്കുന്നു. ഈ ചെലവുകളെല്ലാം കിഴിക്കുമ്പോൾ കടക്കാരന്റെ ലാഭം എന്നുപറയുന്നത് രണ്ടോ മൂന്നോ ശതമാനം ആയിരിക്കും. അങ്ങനെവരുമ്പോൾ ആരെങ്കിലും മോഷ്ടിക്കുകകൂടി ചെയ്താൽ കടക്കാരന്റെ ഉപജീവനമാർഗത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതുതന്നെ.
കൊച്ചുകൊച്ചു കളവുകളുടെ കാര്യമോ?
അമ്മയോടൊപ്പം കടയിൽ കയറിയ ഒരു കൊച്ചുബാലൻ മെല്ലെ മിഠായി വെച്ചിരിക്കുന്നിടത്തേക്കു നടന്നടുക്കുന്നു. എന്നിട്ട് ഒരു ചോക്കലേറ്റ് ബാറെടുത്തു സൂത്രത്തിൽ തന്റെ കീശയിലേക്കിടുന്നു. ഇത്തരത്തിൽ നിസ്സാരവിലയുള്ള സാധനങ്ങൾ കട്ടെടുക്കുന്നതു കച്ചവടത്തെ ബാധിക്കുമോ?
കുറ്റകൃത്യം വെട്ടിക്കുറയ്ക്കൽ—അകത്തും പുറത്തും (ഇംഗ്ലീഷ്) എന്ന തങ്ങളുടെ ലഘുപത്രികയിൽ യു.എസ്. സ്മോൾ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഇങ്ങനെ പറയുന്നു: “ഒരിടത്തുനിന്ന് ഒരു ബോൾപേനയും മറ്റൊരിടത്തുനിന്ന് ഒരു പോക്കറ്റ്സൈസ് കാൽക്കുലേറ്ററും ഒക്കെ കട്ടെടുക്കുന്നവർക്ക് ഇത്ര ചെറിയ കളവുകൾ ഒരു കുറ്റകൃത്യമായി തോന്നുകയില്ല. എന്നാൽ പച്ചപിടിക്കാൻ പാടുപെടുന്ന ചെറിയ വ്യാപാരികളെ സംബന്ധിച്ച് ഇത് അവരുടെ കച്ചവടത്തിന്റെ കഴുത്തറക്കുന്നതിനു തുല്യമാണ്.” ലാഭവിഹിതം തുലോം തുച്ഛമായതിനാൽ ഇത്തരം കളവുകളിലൂടെ കടക്കാരന് ഒരു വർഷം ഉണ്ടാകുന്ന 45,000 രൂപയുടെ നഷ്ടം നികത്തണമെങ്കിൽ അയാൾക്ക് ഓരോ ദിവസവും 900 ചോക്കലേറ്റ് ബാറുകൾ അധികം വിൽക്കേണ്ടതായി വരും. നിരവധി കുട്ടികൾ ഇതുപോലെ ചോക്കലേറ്റ് ബാറുകൾ മോഷ്ടിക്കുകയാണെങ്കിൽ കച്ചവടത്തിന് അതൊരു ആഘാതം തന്നെയായിരിക്കും. ഇത്തരത്തിൽ ഒരുപാടുപേർ കളവുനടത്തുന്നു എന്നതാണ് മുഖ്യ പ്രശ്നവും.
എല്ലാ വർഗത്തിൽനിന്നും പശ്ചാത്തലത്തിൽനിന്നും ഉള്ള യുവാക്കളും പ്രായമായവരും ധനികരും ദരിദ്രരും വിപണികളിൽനിന്നും കടകളിൽനിന്നും മോഷണം നടത്തുന്നു. ഇതിന്റെ ഫലമോ? ഐക്യനാടുകളിലെ ബിസിനസ്സുകളിൽ മൂന്നിലൊന്നോളം, ഇത്തരം മോഷണങ്ങളുടെ കെടുതികൾ കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്ന് യു.എസ്. ദേശീയ കുറ്റകൃത്യ നിരോധന കൗൺസിൽ റിപ്പോർട്ടു ചെയ്യുന്നു. മറ്റു രാജ്യങ്ങളിലെ വ്യാപാരങ്ങളും ഇതേ ഭീഷണിയിലാണ് എന്നതിനു സംശയമൊന്നുമില്ല.
ഉപഭോക്താക്കൾ ഒടുക്കേണ്ടിവരുന്ന വില
കടകളിൽ മോഷണം നടത്തുമ്പോൾ കടക്കാർ മറ്റുള്ളവർക്കു സാധനങ്ങൾ വിലകൂട്ടി വിൽക്കും. അങ്ങനെ, ചില സ്ഥലങ്ങളിൽ ഉപഭോക്താവ് വർഷത്തിൽ 13,500 രൂപ അധികം കൊടുക്കേണ്ടിവരുന്നു, മറ്റാരോ സാധനങ്ങൾ കട്ടെടുത്തതിന്റെ പേരിൽ. എന്നുവെച്ചാൽ, ദിവസം 2,700 രൂപ സമ്പാദിക്കുന്ന ഒരാളാണു നിങ്ങളെങ്കിൽ, മറ്റുള്ളവർ മോഷ്ടിച്ചതിന്റെ നഷ്ടം നികത്താൻ നിങ്ങൾ കടക്കാർക്ക് വർഷത്തിൽ ഒരാഴ്ചത്തെ നിങ്ങളുടെ വേതനം നൽകേണ്ടിവരുന്നു എന്നർഥം. ഇങ്ങനെ ചെലവഴിക്കാൻ മാത്രം പണം നിങ്ങൾക്കുണ്ടോ? ജോലിയിൽനിന്നു വിരമിച്ച് കഷ്ടിച്ചു പെൻഷനെ മാത്രം ആശ്രയിച്ചു കഴിയുന്നവരെയോ കുടുംബം പോറ്റാൻ ഒറ്റയ്ക്കു പാടുപെടുന്ന ഒരു മാതാവിനെയോ സംബന്ധിച്ചിടത്തോളം ഇത് അചിന്തനീയമാണ്. എന്നാൽ ഒടുക്കേണ്ടവില ഇതു മാത്രമല്ല.
ഒരു കട അടച്ചുപൂട്ടുമ്പോൾ അതിനു ചുറ്റുപാടുമുള്ള എല്ലാവരും ബുദ്ധിമുട്ടിലാകും. അമേരിക്കയിൽ ഒരു ഡ്രഗ്സ്റ്റോർ (മരുന്ന്, ഭക്ഷണസാധനങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ വിൽക്കുന്ന സ്റ്റോർ) അടച്ചുപൂട്ടാനിടയായത് ഇത്തരം കളവു മൂലമാണ്. ആ പ്രദേശത്തുള്ളവർക്ക് ഇതുമൂലം വലിയ അസൗകര്യം നേരിട്ടു. അവിടെയുള്ള പ്രായമായവരും രോഗികളും ആയ നിരവധിപ്പേർക്ക് ഇപ്പോൾ മരുന്നുവാങ്ങാൻ രണ്ടര കിലോമീറ്റർ ദൂരെയുള്ള ഒരു ഫാർമസിയിൽ പോകണം. “ഇത്രയും ദൂരം ഒരു വീൽചെയറിൽ ഒന്നു പോയിനോക്കൂ, അപ്പോഴറിയാം അതിന്റെ ബുദ്ധിമുട്ട്,” ഒരു ഉദ്യോഗസ്ഥൻ പറയുന്നു.
മാതാപിതാക്കൾ ഒടുക്കുന്ന കനത്തവില
ഉയർന്ന ധാർമിക നിലവാരങ്ങൾ പിൻപറ്റുന്ന, സത്യസന്ധരായിരിക്കാൻ മക്കളെ പഠിപ്പിക്കുന്ന ഒരാളാണു ബ്രൂസ്. ഒരുദിവസം അദ്ദേഹത്തിന്റെ മകൾ മോഷണത്തിനു പിടിയിലായി. “ഞാൻ ആകെ തകർന്നുപോയി” അദ്ദേഹം പറയുന്നു. “കടയിൽനിന്നു കട്ടെടുത്തതിന് മകൾ പിടിയിലായിരിക്കുന്നു എന്നൊരു ഫോൺകോൾ വരുന്നതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. അവളെ നല്ല ധാർമിക നിലവാരമുള്ള വ്യക്തിയായി വളർത്തിക്കൊണ്ടുവരാൻ ഞങ്ങൾ വർഷങ്ങൾ ചെലവിട്ടു. ഒടുവിൽ ഇങ്ങനെ സംഭവിച്ചു. അവൾ ഇത്തരത്തിൽ മത്സരിക്കുമെന്നു ഞങ്ങൾ സ്വപ്നേപി കരുതിയില്ല.”
മകളെയും അവളുടെ ഭാവിയെയും പ്രതി ബ്രൂസ് ആകെ ആശങ്കാകുലനായി. തുടർന്ന്, ഒരു സ്വമേധയാ മതാധ്യാപകൻ എന്ന നിലയിലുള്ള തന്റെ സ്ഥാനം അദ്ദേഹം രാജിവെച്ചു. “സഭയിൽ സ്റ്റേജിൽനിന്ന് എനിക്ക് എങ്ങനെ സദസ്സിനെ അഭിമുഖീകരിക്കാനാകും? അവരുടെ കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതു സംബന്ധിച്ച് മനസ്സാക്ഷിപൂർവം എനിക്കെങ്ങനെ അവരെ പ്രബോധിപ്പിക്കാനാകും? അത് ഉചിതമാണെന്ന് എനിക്കു തോന്നിയില്ല.” തന്റെ കുറ്റകൃത്യം പിതാവിനെ എങ്ങനെ ബാധിക്കുമെന്നു മകൾ ഒട്ടുംതന്നെ ചിന്തിച്ചിരുന്നില്ലെന്നു തോന്നുന്നു.
കട്ടെടുക്കുന്നവർ ഒടുക്കുന്ന വില
മുമ്പൊക്കെ ഇങ്ങനെയുള്ളവരെ പിടികൂടുമ്പോൾ പലപ്പോഴും കടക്കാർ ശക്തമായ ഒരു താക്കീതുനൽകി വിട്ടയയ്ക്കുകയാണു ചെയ്തിരുന്നത്. എന്നാൽ ഇന്ന് കടയുടമകൾ മിക്കപ്പോഴും ആദ്യമായി കളവു നടത്തുന്നവരെപ്പോലും അറസ്റ്റുചെയ്യിപ്പിക്കുന്നു. തങ്ങളുടെ ചെയ്തിക്കു ഗുരുതരമായ പരിണതഫലമുണ്ടെന്നു മോഷ്ടാക്കൾ തിരിച്ചറിയുന്നത് അപ്പോഴാണ്. തന്റെ കാര്യത്തിൽ ഇതു ശരിയായിരുന്നെന്ന് നഥാലി എന്ന യുവതി പറയുന്നു.
“എത്ര പ്രാവശ്യം മോഷ്ടിച്ചോ അത്രയും ആത്മവിശ്വാസം എനിക്കു കിട്ടി,” അവൾ പറഞ്ഞു. “പിടിയിലായാൽത്തന്നെ വക്കീലിനും കോടതിഫീസ് ഇനത്തിലും ചെലവാകുന്ന തുക, ഈ ഒന്നാന്തരം ഉടയാടകൾക്കു ഞാൻ നൽകേണ്ടിയിരുന്ന തുകയിലും കുറച്ചേ വരികയുള്ളല്ലോ എന്നു ഞാൻ ചിന്തിച്ചു.” പക്ഷേ നഥാലിക്കു തെറ്റുപറ്റി.
വസ്ത്രങ്ങൾ മോഷ്ടിക്കുന്നതിനിടയിൽ നഥാലി പിടിയിലായി, പോലീസ് അവളെ വിലങ്ങുവെച്ചു കൊണ്ടുപോയി. പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ അവളുടെ വിരലടയാളമെടുത്തിട്ട് മറ്റു കുറ്റവാളികളോടൊപ്പം അഴിക്കുള്ളിലാക്കി. മാതാപിതാക്കൾ വന്ന് അവളെ ജാമ്യത്തിലിറക്കുന്നതുവരെ മണിക്കൂറുകളോളം അവൾക്ക് അവിടെ കഴിയേണ്ടിവന്നു.
മോഷ്ടിക്കാൻ പരിപാടിയിടുന്ന സകലരോടും നഥാലിക്കു പറയാനുള്ളത് ഇതാണ്: “ഞാൻ പറയുന്നതു കേൾക്കൂ, ഉടുപ്പും ജീൻസും ഒക്കെ വിലകൊടുത്തുതന്നെ വാങ്ങിക്കൂ.” മോഷ്ടിക്കുകയാണെങ്കിൽ “പിന്നെ നിങ്ങൾ ഏറെക്കാലത്തേക്കു ദുഃഖിക്കേണ്ടിവരും,” അവൾ പറയുന്നു.
സ്വന്തം പേരിൽ ഒരു കുറ്റകൃത്യരേഖ ഉള്ളത് ദുഃഖിക്കാൻ വകനൽകുന്ന ഒരു കാര്യമാണ്. കട്ടെടുത്തതിനു പിടിയിലായ പലരുടെയും ഉറക്കം കെടുത്തിക്കൊണ്ട് ആ ഓർമകൾ അവരെ വേട്ടയാടുന്നു. ഒരു വസ്ത്രത്തിലെ കറപോലെ, അതു പെട്ടെന്നൊന്നും മനസ്സിൽനിന്നു മാഞ്ഞെന്നുവരില്ല. ഇത്തരക്കാർ ഒരു സർവകലാശാലയിൽ പ്രവേശനത്തിനു ശ്രമിക്കുമ്പോൾ തന്റെ കുറ്റം എന്താണെന്നു വെളിപ്പെടുത്തേണ്ടിവന്നേക്കാം. ഡെന്റിസ്ട്രി, മെഡിസിൻ, ആർക്കിടെക്ചർ എന്നീ തൊഴിൽ മേഖലകളിലേക്കുള്ള പ്രവേശനത്തിനു ബുദ്ധിമുട്ടു നേരിട്ടേക്കാം. ഇവർക്ക് ഒരു തൊഴിൽ നൽകുന്നതിനുമുമ്പ് കമ്പനികൾ രണ്ടുവട്ടം ചിന്തിക്കും. കോടതി ചുമത്തിയ പിഴ ഒടുക്കുകയും വീണ്ടും മോഷ്ടിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽക്കൂടി ഈ പറഞ്ഞ പ്രശ്നങ്ങൾ ഉടലെടുത്തേക്കാം.
പിടിക്കപ്പെട്ട് ശിക്ഷകിട്ടിയില്ലെങ്കിൽപ്പോലും ഈ പ്രവണതയ്ക്കു കടുത്ത വിലയൊടുക്കേണ്ടിവരും. ഈ ലേഖന പരമ്പരയിൽ പരാമർശിച്ച ഹെക്ടറിന് അതു ബോധ്യമായി. “കടക്കാരുടെ കണ്ണുവെട്ടിക്കാൻ എനിക്കു എപ്പോഴും കഴിഞ്ഞിരുന്നു,” “മോഷണത്തിന് എന്നെ ഒരിക്കലും പിടികൂടിയില്ല” അദ്ദേഹം പറയുന്നു. എങ്കിലും അതിന് അദ്ദേഹത്തിനു കനത്ത വിലയൊടുക്കേണ്ടിവന്നു. അക്കാര്യങ്ങൾ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: “യുവജനങ്ങൾ ഒരു കാര്യം മനസ്സിലാക്കണം: നിങ്ങൾ വിതയ്ക്കുന്നതു തന്നെ കൊയ്യും. നിങ്ങൾ ഒരിക്കലും പോലീസ് പിടിയിലായില്ലെങ്കിലും ചെയ്യുന്നതിന്റെ ഫലം നിങ്ങൾ അനുഭവിക്കും.”
കടയിൽനിന്നു സാധനങ്ങൾ കട്ടെടുക്കുന്നത് ഒരു കുറ്റകൃത്യംതന്നെയാണ്. അതേ, പലർക്കും ദോഷം വരുത്തിവെക്കുന്ന ഒരു കുറ്റകൃത്യം. കൂടാതെ മോഷ്ടിക്കപ്പെടുന്ന സാധനങ്ങൾ വിലയുള്ളതുമാണ്. ഈ സ്വഭാവമുള്ളവർ ഇതു പൂർണമായി ഉപേക്ഷിക്കണം. എന്നാൽ ഇത്തരം മോഷണപരിപാടി നിശ്ശേഷം നിറുത്താൻ കഴിയുന്നത് എങ്ങനെ? ഈ കുറ്റകൃത്യം ഭൂമുഖത്തുനിന്ന് എന്നെങ്കിലും തുടച്ചുനീക്കപ്പെടുമോ?
[7-ാം പേജിലെ ചിത്രം]
കട്ടെടുക്കൽ, ബിസിനസുകളുടെ കടയ്ക്കൽ കത്തിവെക്കുന്നു
[7-ാം പേജിലെ ചിത്രം]
ഈ ചെയ്തിക്ക് എല്ലാവരും വിലയൊടുക്കേണ്ടിവരുന്നു
[8-ാം പേജിലെ ചിത്രങ്ങൾ]
ഈ ശീലം നിങ്ങളുടെ ഭാവിക്കു ദോഷം ചെയ്യും
[കടപ്പാട്]
വിരലടയാളങ്ങൾ: © Morocco Flowers/ Index Stock Imagery