പ്രകൃതി വിപത്തുകളും മനുഷ്യന്റെ പങ്കും
പ്രകൃതി വിപത്തുകളും മനുഷ്യന്റെ പങ്കും
ഒരു കാർ വേണ്ട വിധത്തിൽ സംരക്ഷിക്കപ്പെടുമ്പോൾ, അത് സുരക്ഷിതമായ യാത്രയ്ക്ക് ഉപകരിക്കും. എന്നാൽ അത് ദുരുപയോഗം ചെയ്യുകയും വേണ്ട വിധത്തിൽ സംരക്ഷിക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അതിലെ യാത്ര അപകടകരമായിരുന്നേക്കാം. ചില വിധങ്ങളിൽ നമ്മുടെ ഭൂഗ്രഹവും ഇങ്ങനെതന്നെയാണ്.
ഭൗമാന്തരീക്ഷത്തിലും സമുദ്രങ്ങളിലും മനുഷ്യൻ വരുത്തിയിട്ടുള്ള മാറ്റങ്ങൾ പ്രകൃതി വിപത്തുകളുടെ ആവൃത്തിയും തീവ്രതയും വർധിക്കുന്നതിന് ഇടയാക്കിയിരിക്കുന്നെന്നും അങ്ങനെ അവ നമ്മുടെ ഗ്രഹത്തെ അപകടമേഖലയാക്കി മാറ്റിയിരിക്കുന്നെന്നും പല ശാസ്ത്രജ്ഞരും പറയുന്നു. ഭാവിയിലെ കാര്യം അനിശ്ചിതമാണ്. “നമുക്കുള്ള ഒരേയൊരു ഗ്രഹത്തെ നാം തോന്നുന്നതുപോലെയൊക്കെ പരീക്ഷണവിധേയം ആക്കിക്കൊണ്ടിരിക്കുകയാണ്. അത് എവിടെച്ചെന്ന് അവസാനിക്കുമെന്നു നമുക്കു യാതൊരു നിശ്ചയവുമില്ല” എന്ന് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സയൻസ് മാസികയിൽ വന്ന ഒരു മുഖപ്രസംഗം പ്രസ്താവിക്കുകയുണ്ടായി.
മനുഷ്യന്റെ കൈകടത്തൽ പ്രകൃതി വിപത്തുകളുടെ ആവൃത്തിയെയും തീവ്രതയെയും ഏതു വിധത്തിലായിരിക്കാം സ്വാധീനിക്കുന്നതെന്നു കൂടുതൽ നന്നായി മനസ്സിലാക്കുന്നതിന്, ഉൾപ്പെട്ടിരിക്കുന്ന അടിസ്ഥാനപരമായ പ്രാകൃതിക പ്രതിഭാസങ്ങളെക്കുറിച്ചു നാം കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ചുഴലിക്കൊടുങ്കാറ്റുകൾ പോലെയുള്ള ശക്തമായ കാറ്റുകൾ രൂപംകൊള്ളാൻ ഇടയാക്കുന്നത് എന്താണ്?
ഗ്രഹത്തിലെ താപസംവാഹകർ
ഭൂമിയുടെ കാലാവസ്ഥാ സംവിധാനത്തെ ഉപമിച്ചിരിക്കുന്നത് സൗരോർജത്തിനു ഭേദഗതി വരുത്തി അതു * ദിനംതോറുമുള്ള ഭൂമിയുടെ ഭ്രമണം, ചലിച്ചുകൊണ്ടിരിക്കുന്ന ഈർപ്പം കലർന്ന ഈ വായുപിണ്ഡം ചുഴികളായി രൂപംകൊള്ളുന്നതിന് ഇടയാക്കുന്നു. ഇവയിൽ ചിലത് ന്യൂനമർദ മേഖലകൾ ആയിത്തീരുന്നു. ഈ ന്യൂനമർദങ്ങൾ ശക്തമായ കാറ്റുകളായി രൂപംപ്രാപിച്ചേക്കാം.
വിതരണം ചെയ്യുന്ന ഒരു യന്ത്രത്തോടാണ്. സൂര്യന്റെ ചൂടിലേറെയും ലഭിക്കുന്നത് ഉഷ്ണമേഖലാപ്രദേശങ്ങൾക്കാണ്. ഇത് താപനിലയിൽ ഉണ്ടാക്കുന്ന അസന്തുലനം അന്തരീക്ഷ വായുവിൽ ചലനങ്ങൾ സൃഷ്ടിക്കുന്നു.ഉഷ്ണമേഖലാ കൊടുങ്കാറ്റുകളുടെ പൊതുവായ സഞ്ചാരപഥം നിരീക്ഷിക്കുകയാണെങ്കിൽ അവ ഭൂമധ്യരേഖയിൽനിന്നു വടക്കോട്ടോ തെക്കോട്ടോ താപനില കുറഞ്ഞ പ്രദേശങ്ങളിലേക്ക് അകന്നുപോകുന്നതായി നിങ്ങൾ മനസ്സിലാക്കും. ഈ വിധത്തിൽ കൊടുങ്കാറ്റുകൾ ഭീമൻ താപസംവാഹകരായും വർത്തിക്കുന്നു. അങ്ങനെ അവ കാലാവസ്ഥയെ മയപ്പെടുത്താൻ സഹായിക്കുന്നു. എന്നാൽ കാലാവസ്ഥാ യന്ത്രത്തിന്റെ “ബോയിലർ റൂം” ആയി കരുതപ്പെടുന്ന ഉഷ്ണമേഖലാ സമുദ്രത്തിന്റെ മുകൾത്തട്ടിലെ താപനില ഏകദേശം 27 ഡിഗ്രി സെൽഷ്യസിനു മീതെയാകുമ്പോൾ ചുഴലിക്കൊടുങ്കാറ്റുകളായി രൂപംപ്രാപിക്കുന്നതിന് ആവശ്യമായ ഊർജം ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ ആർജിച്ചേക്കാം.
1900 സെപ്റ്റംബർ 8-ാം തീയതി ഒരു ചുഴലിക്കൊടുങ്കാറ്റ്, ടെക്സാസിലെ ദ്വീപനഗരമായ ഗാൽവിസ്റ്റെനെ ശക്തിയോടെ പ്രഹരിച്ചു. ആൾനാശം കണക്കിലെടുക്കുമ്പോൾ, ഐക്യനാടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു അത്. കൊടുങ്കാറ്റിനൊപ്പം അലറിപ്പാഞ്ഞെത്തിയ തിരമാലകൾ ആ നഗരത്തിൽനിന്ന് 6,000-ത്തിനും 8,000-ത്തിനും ഇടയ്ക്ക് ആളുകളുടെയും സമീപപ്രദേശങ്ങളിൽനിന്ന് 4,000-ത്തോളം പേരുടെയും ജീവനെടുത്തു. അവ 3,600-ഓളം വീടുകളെ നിലംപരിചാക്കി. വാസ്തവത്തിൽ, ആ ദുരന്തം പ്രഹരമേൽപ്പിക്കാത്ത ഒരൊറ്റ നിർമിതി പോലും ഗാൽവിസ്റ്റെനിൽ ഇല്ലായിരുന്നു.
ഇക്കഴിഞ്ഞ വർഷങ്ങളിൽ ശക്തമായ നിരവധി കൊടുങ്കാറ്റുകൾ ഉണ്ടായതായി കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടു. ആഗോളതപനവുമായി ഇതിനു ബന്ധമുണ്ടോയെന്നു ശാസ്ത്രജ്ഞർ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ആഗോളതപനം കൊടുങ്കാറ്റ് രൂപംകൊള്ളാൻ തക്കവണ്ണം കൂടുതൽ ഊർജം പ്രദാനം ചെയ്യുന്നുണ്ടാകാം. എന്നാൽ, കാലാവസ്ഥയുടെ താളം തെറ്റൽ ആഗോളതപനത്തിന്റെ ലക്ഷണങ്ങളിൽ ഒന്നുമാത്രം ആയിരിക്കാം. ആഗോളതപനത്തിന്റെ, വിപത്കരമായിത്തീർന്നേക്കാവുന്ന മറ്റൊരു ഭവിഷ്യത്ത് ഇതിനോടകംതന്നെ തലപൊക്കിയിട്ടുണ്ട്.
ഉയരുന്ന സമുദ്രനിരപ്പും വനനശീകരണവും
“കഴിഞ്ഞ നൂറ്റാണ്ടിൽ സമുദ്രങ്ങളിലെ ജലനിരപ്പിൽ 10 മുതൽ 20 വരെ സെന്റിമീറ്റർ [നാലുമുതൽ എട്ടുവരെ ഇഞ്ച്] വർധന ഉണ്ടായെന്നും അത് ഇനിയും ഉയരുമെന്നും” സയൻസ് മാസികയിൽ വന്ന ഒരു മുഖപ്രസംഗം പ്രസ്താവിച്ചു. ആഗോളതപനവുമായി ഇതിനു ബന്ധമുണ്ടായിരുന്നേക്കാവുന്നത് എങ്ങനെയാണ്? രണ്ടു സാധ്യതകളിലേക്കാണു ഗവേഷകർ വിരൽചൂണ്ടുന്നത്. ധ്രുവങ്ങളിലെ കരപ്രദേശങ്ങളെ മൂടിക്കിടക്കുന്ന ഹിമവും ഹിമാനികളും ഉരുകി സമുദ്രജലവിതാനം ഉയരാനുള്ള സാധ്യതയാണ് ഒന്ന്. താപീയ വികസനമാണ് മറ്റേത്. സമുദ്രങ്ങളിലെ ചൂടു കൂടുമ്പോൾ അവയുടെ വ്യാപ്തം വർധിക്കുന്ന പ്രക്രിയയാണ് ഇത്.
പസിഫിക്കിലെ ദ്വീപരാജ്യമായ ടുവാലുവിലെ കൊച്ചു ദ്വീപുകൾ സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഫലങ്ങൾ ഇപ്പോൾത്തന്നെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. പവിഴദ്വീപായ ഫൂനഫൂട്ടിയിലെ സമുദ്രനിരപ്പ് “കഴിഞ്ഞ ദശകത്തെ അപേക്ഷിച്ചു വർഷംതോറും ശരാശരി 5.6 മില്ലിമീറ്റർ” വർധിച്ചിരിക്കുന്നതായി അവിടെനിന്നു ശേഖരിച്ച വിവരങ്ങൾ കാണിക്കുന്നുവെന്ന് സ്മിത്സോണിയൻ മാസിക പറയുന്നു.
നാട്ടിൻപുറങ്ങളിലേക്കുള്ള നഗരപ്രദേശങ്ങളുടെ വ്യാപനം, ചേരിപ്പട്ടണങ്ങളുടെ എണ്ണത്തിലും പരിസ്ഥിതി വിനാശത്തിന്റെ തോതിലും ഉള്ള വർധന എന്നിവ ജനസംഖ്യ വർധിക്കുമ്പോൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സംഭവിക്കുന്ന കാര്യങ്ങളാണ്. ഈ സംഭവവികാസങ്ങൾ പ്രകൃതി ദുരന്തങ്ങളുടെ തീവ്രത വർധിപ്പിച്ചേക്കാം. ചില ഉദാഹരണങ്ങൾ പരിചിന്തിക്കുക.
ഹെയ്റ്റി ഉയർന്ന ജനസംഖ്യയും വനനശീകരണത്തിന്റെ
ചരിത്രവും ഉള്ള ഒരു ദ്വീപരാഷ്ട്രമാണ്. അത് സാമ്പത്തികമായും രാഷ്ട്രീയമായും സാമൂഹികമായും ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു രാഷ്ട്രമാണെങ്കിലും വനനശീകരണത്തെക്കാൾ ആ രാജ്യത്തിന്റെ നിലനിൽപ്പിനു ഭീഷണി ഉയർത്തുന്ന മറ്റൊന്നുമില്ലെന്ന് അടുത്തകാലത്തെ ഒരു വാർത്താ റിപ്പോർട്ട് പ്രസ്താവിക്കുകയുണ്ടായി. 2004-ൽ, കോരിച്ചൊരിയുന്ന മഴയെ തുടർന്ന് മണ്ണ് കുത്തിയൊലിച്ചിറങ്ങി ആയിരങ്ങളെ ജീവനോടെ കുഴിച്ചുമൂടിയപ്പോൾ ആ ഭീഷണി ദാരുണമായ വിധത്തിൽ തലപൊക്കി.“ആഗോളതപനം, അണക്കെട്ടുകളുടെ നിർമാണം, വനനശീകരണം, മരങ്ങൾ മുറിച്ചു തീയിട്ട ശേഷമുള്ള കൃഷിചെയ്യൽ” എന്നിവയിലേക്കാണ് ദക്ഷിണേഷ്യയെ വേട്ടയാടിയിട്ടുള്ള പ്രകൃതി ദുരന്തങ്ങളുടെ ആക്കം വർധിപ്പിക്കുന്ന ഘടകങ്ങളെന്ന നിലയിൽ ടൈം ഏഷ്യ വിരൽചൂണ്ടുന്നത്. ഇനിയും, വനനശീകരണത്തിനു തികച്ചും വ്യത്യസ്തമായ മറ്റൊരു മുഖമുണ്ട്. അതിന് മണ്ണിലെ ജലാംശം കൂടുതൽ വേഗത്തിൽ നഷ്ടപ്പെടാൻ ഇടയാക്കിക്കൊണ്ട് വരൾച്ചയുടെ രൂക്ഷത വർധിപ്പിക്കാനും കഴിയും. ഇക്കഴിഞ്ഞ വർഷങ്ങളിൽ, ഇന്തൊനീഷ്യയിലും ബ്രസീലിലും ഉണ്ടായ വരൾച്ചകൾ കാട്ടുതീ ഉണ്ടാകുന്നതിന് ഇടയാക്കിയിരിക്കുന്നു. മുമ്പ് ഉണ്ടായിട്ടുള്ളവയെക്കാളൊക്കെ വിനാശകമായിരുന്ന ആ അഗ്നിബാധകൾ, ജലാംശം കാരണം സാധാരണഗതിയിൽ തീ വിഴുങ്ങാത്ത കാടുകളെയാണു ചുട്ടുചാമ്പലാക്കിയത്. എന്നാൽ, രൂക്ഷമായ കാലാവസ്ഥ മാത്രമല്ല പ്രകൃതിദുരന്തങ്ങൾക്ക് ഇടയാക്കുന്നത്. പല ദേശങ്ങളും ഭൂമിയുടെ ഉള്ളറയിൽ രൂപമെടുക്കുന്ന വിപത്തുകൾക്ക് ഇരകളാണ്.
ഭൂമി ആടിയുലയുമ്പോൾ
ഭൂവൽക്കം വ്യത്യസ്ത വലുപ്പത്തിലുള്ള ഫലകങ്ങളാൽ നിർമിതമാണ്. ഈ ഫലകങ്ങൾ പരസ്പരം അകലുകയോ അടുക്കുകയോ ഉരസിനീങ്ങുകയോ ഒക്കെ ചെയ്യുന്നു. വാസ്തവത്തിൽ, വർഷംതോറും ലക്ഷക്കണക്കിനു ഭൂകമ്പങ്ങൾ ഉണ്ടാകത്തക്കവിധം ഭൂവൽക്കത്തിലെ ഫലകങ്ങളുടെ സ്ഥാനഭ്രംശം അത്രയധികമാണ്. ഈ ഭൂകമ്പങ്ങളിൽ പലതും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഭൂകമ്പങ്ങളുടെ ഏകദേശം 90 ശതമാനവും ഫലകങ്ങളുടെ വിളുമ്പിലുള്ള വിള്ളലുകളിലാണ് ഉണ്ടാകുന്നതെന്നു പറയപ്പെടുന്നു. അപൂർവമായിട്ടാണെങ്കിലും ചിലപ്പോഴൊക്കെ വളരെ വിനാശകമായ ഭൂകമ്പങ്ങൾ ഫലകങ്ങൾക്കുള്ളിലും സംഭവിക്കാറുണ്ട്. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽവെച്ച് ഏറ്റവുമധികം മരണം വിതച്ച ഭൂകമ്പം 1556-ൽ ചൈനയിലെ മൂന്നു പ്രവിശ്യകളെ കശക്കിയെറിഞ്ഞ ഭൂകമ്പമാണെന്നു കണക്കുകൾ കാണിക്കുന്നു. സാധ്യതയനുസരിച്ച് 8,30,000 പേരാണ് അന്നു മരണത്തിനു കീഴടങ്ങിയത്!
ഭൂകമ്പങ്ങളെ തുടർന്ന് മാരകമായ മറ്റു ദുരന്തങ്ങളും ഉണ്ടാകാം. ഉദാഹരണത്തിന്, 1755 നവംബർ 1-ന് ഒരു ഭൂകമ്പം 2,75,000 പേർ പാർക്കുന്ന പോർച്ചുഗലിലെ ലിസ്ബൺ നഗരത്തെ തകർത്തുതരിപ്പണമാക്കി. എന്നാൽ അവിടംകൊണ്ടു തീർന്നില്ല. ഭൂകമ്പത്തെ തുടർന്ന്
തീപിടിത്തങ്ങളും കടലാക്രമണവും ഉണ്ടായി. അടുത്തുള്ള അറ്റ്ലാന്റിക് സമുദ്രത്തിൽനിന്ന് അലറിപ്പാഞ്ഞെത്തിയ രാക്ഷസത്തിരമാലകൾ തീരങ്ങളെ വിഴുങ്ങി. അവയ്ക്ക് 15 മീറ്റർ വരെ ഉയരം ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഭൂകമ്പവും അഗ്നിനാവുകളും കൊലയാളിത്തിരമാലകളും ചേർന്ന് ആ നഗരത്തിലെ 60,000-ത്തിലധികം പേരെ കൊന്നൊടുക്കി.എന്നാൽ, ഇവിടെയും വിപത്തുകളുടെ വ്യാപ്തി ഒരു പരിധിവരെ മനുഷ്യരുടെ പ്രവർത്തനങ്ങളെ ആശ്രയിച്ചിരിക്കുന്നു. വിപത്സാധ്യതയേറിയ പ്രദേശങ്ങളിലെ വർധിച്ച ജനസാന്ദ്രതയാണ് ഒരു ഘടകം. “ലോകത്തിലെ വൻനഗരങ്ങളിൽ പകുതിയോളവും ഇപ്പോൾ ഭൂകമ്പസാധ്യതയുള്ള മേഖലകളിലാണു സ്ഥിതിചെയ്യുന്നത്” എന്ന് ഗ്രന്ഥകാരനായ ആൻഡ്രൂ റോബിൻസൺ പറയുന്നു. കെട്ടിടങ്ങൾ—അവ നിർമിക്കാൻ ഉപയോഗിക്കുന്ന പദാർഥങ്ങളും ഘടനയുടെ ഗുണനിലവാരവും—ആണ് മറ്റൊരു ഘടകം. “ഭൂകമ്പങ്ങൾ ആളുകളെ കൊല്ലുന്നില്ല; കെട്ടിടങ്ങളാണു കൊല്ലുന്നത്” എന്ന പഴമൊഴി ഒട്ടുമിക്കപ്പോഴും ശരിയെന്നു തെളിയുകയാണ്. എന്നാൽ ഭൂകമ്പത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങൾ പണിയാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവർ എന്തു ചെയ്യാനാണ്?
അഗ്നിപർവതങ്ങൾ—സൃഷ്ടിയിലും സംഹാരത്തിലും
“നിങ്ങൾ ഈ വാക്കുകൾ വായിക്കുന്ന സമയത്ത് 20 അഗ്നിപർവതങ്ങളെങ്കിലും പൊട്ടിത്തെറിക്കുന്നുണ്ടാകാം” എന്ന് ഐക്യനാടുകളിലെ സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു റിപ്പോർട്ട് പറയുന്നു. പൊതുവേ പറഞ്ഞാൽ, ഭൂകമ്പങ്ങളും അഗ്നിപർവതങ്ങളും സമാനമായ സ്ഥാനങ്ങളിലാണ് ഉണ്ടാകുന്നതെന്നു ഫലകചലന സിദ്ധാന്തം പറയുന്നു. വിള്ളലുകൾ പ്രത്യേകിച്ചും കടൽത്തറയിലെ വിള്ളലുകൾ, ബഹിരാവരണത്തിൽനിന്ന് (mantle) ദ്രവശില പുറത്തേക്കു വരുന്ന ഭൂവൽക്കത്തിലെ വിടവുകൾ, ഒരു ഫലകം മറ്റൊന്നിന് അടിയിലേക്കു താഴ്ന്നുപോകുന്ന മേഖലകൾ (സബ്ഡക്ഷൻ സോണുകൾ) എന്നിവയാണ് ആ സ്ഥാനങ്ങൾ.
സബ്ഡക്ഷൻ സോണുകളിൽ നടക്കുന്ന അഗ്നിപർവത പ്രവർത്തനമാണ് ആളുകൾക്ക് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത്. അവയുടെ സ്ഫോടന നിരക്ക് കൂടുതലാണ് എന്നതും ജനവാസമുള്ള പ്രദേശങ്ങൾക്ക് അരികെ അവ ഉണ്ടാകുന്നു എന്നതുമാണു കാരണം. അഗ്നിവളയം എന്നു വിളിക്കപ്പെടുന്ന പസിഫിക് റിമ്മിൽ അത്തരം നൂറുകണക്കിന് അഗ്നിപർവതങ്ങളുണ്ട്. ചെറിയ ഒരു സംഖ്യ, ഫലകങ്ങളുടെ അതിരുകളിൽനിന്ന് അകലെയുള്ള ഉഷ്ണസ്ഥാനങ്ങളിലും (hot spots) കാണപ്പെടുന്നു. ഹവായ് ദ്വീപുകൾ, ഏസോർസ്, ഗാലപഗോസ് ദ്വീപുകൾ, സൊസൈറ്റി ദ്വീപുകൾ ഇവയെല്ലാം ഉഷ്ണസ്ഥാനങ്ങളിലെ അഗ്നിപർവത പ്രവർത്തനത്തിന്റെ ഫലമായി ഉണ്ടായതാണെന്നു കരുതപ്പെടുന്നു.
വാസ്തവത്തിൽ, അഗ്നിപർവതങ്ങൾ ഭൗമചരിത്രത്തിൽ സുദീർഘവും ക്രിയാത്മകവുമായ ഒരു പങ്കു വഹിച്ചിട്ടുണ്ട്. ഒരു യൂണിവേഴ്സിറ്റി വെബ് സൈറ്റ് പറയുന്നതനുസരിച്ച് “എല്ലാ ഭൂഖണ്ഡങ്ങളുടെയും കടൽത്തട്ടുകളുടെയും 90 ശതമാനം അഗ്നിപർവത പ്രവർത്തനത്തിന്റെ സംഭാവനയാണ്.” എന്നാൽ, ചില സ്ഫോടനങ്ങൾ അങ്ങേയറ്റം രൗദ്രഭാവം കൈക്കൊള്ളുന്നത് എന്തുകൊണ്ടാണ്?
ഭൂമിയുടെ ചുട്ടുപഴുത്ത ഉള്ളറയിൽനിന്നു ദ്രവശില പുറത്തുചാടുന്നതോടെയാണ് സ്ഫോടനത്തിന്റെ തുടക്കം. ചില അഗ്നിപർവതങ്ങളിൽനിന്നു ലാവ സാവധാനമാണു പുറത്തു ചാടുന്നത്, അതുകൊണ്ടുതന്നെ അത് കുത്തിയൊഴുകിച്ചെന്ന് ആളുകളെ അവർ പ്രതീക്ഷിക്കാത്ത നേരത്തു വിഴുങ്ങിക്കളയുന്നില്ല. എന്നാൽ മറ്റുചിലത് ഒരു അണുബോംബിനെക്കാൾ ശക്തിയോടെയാണു പൊട്ടിത്തെറിക്കുന്നത്! അഗ്നിപർവതങ്ങൾ പൊട്ടിത്തെറിക്കാൻ ഇടയാക്കുന്ന ദ്രവപദാർഥങ്ങളുടെ ചേരുവയും അവയുടെ കൊഴുത്ത് ഒട്ടുന്ന ഘടനയും ആ പദാർഥങ്ങളിൽ അലിഞ്ഞുചേർന്നിരിക്കുന്ന വാതകങ്ങളുടെയും തിളച്ചുമറിയുന്ന ജലത്തിന്റെയും അളവുമാണ് ഇതു നിർണയിക്കുന്ന ഘടകങ്ങൾ. ദ്രവശില ഉപരിതലത്തോട് അടുക്കുമ്പോൾ അതിലുള്ള വെള്ളവും വാതകവും ദ്രുതഗതിയിൽ വികസിക്കുന്നു. ദ്രവശിലയുടെ ചേരുവ അനുയോജ്യമാണെങ്കിൽ, സോഡാക്കുപ്പി തുറക്കുമ്പോൾ അതിലുള്ള സോഡാ ശക്തിയോടെ പുറത്തേക്കു ചീറ്റുന്നതുപോലെയായിരിക്കും അഗ്നിപർവത മുഖത്തുനിന്നു ദ്രവശില പുറത്തേക്ക് ഒഴുകുന്നത്.
സന്തോഷകരമെന്നു പറയട്ടെ, അഗ്നിപർവതങ്ങൾ പലപ്പോഴും പൊട്ടിത്തെറിക്കുന്നതിനു മുമ്പ് ‘അപായമണി’ മുഴക്കാറുണ്ട്. 1902-ൽ പൊട്ടിത്തെറിച്ച, മൗണ്ട് പെലേയുടെ കാര്യത്തിൽ അതു സത്യമായിരുന്നു. കരീബിയൻ ദ്വീപായ മാർട്ടിനിക്കിൽ സ്ഥിതിചെയ്യുന്ന ആ പർവതം ചാരം തുപ്പുന്നുണ്ടായിരുന്നു. സ്ഫോടനത്തിന്റെ ലക്ഷണങ്ങൾ ആളുകളെ രോഗാതുരരാക്കി, നഗരം ഭീതിയുടെ പിടിയിലമർന്നു. കടകൾ മിക്കതും ദിവസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. ഇതൊക്കെയാണെങ്കിലും, സമീപത്തുള്ള സെന്റ് പിയറിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോകുകയായിരുന്നതിനാൽ നഗരത്തിൽത്തന്നെ തങ്ങാൻ രാഷ്ട്രീയക്കാർ ആളുകളെ പ്രോത്സാഹിപ്പിച്ചു.
മേയ് 8-ന് യേശുവിന്റെ സ്വർഗാരോഹണത്തിരുന്നാൾ ആയിരുന്നു. അഗ്നിപർവതത്തിന്റെ നീരാളിക്കൈകളിൽനിന്നു തങ്ങളെ വിടുവിക്കണമേയെന്ന് പ്രാർഥിക്കാനായി അനേകരും കത്തോലിക്കാ കത്തീഡ്രലിലേക്കു പോയി. അന്നു രാവിലെ 8 മണിയാകാറായപ്പോൾ ചാരവും അഗ്നിപർവതശിലകളും ചുട്ടുപഴുത്ത വാതകങ്ങളും തുപ്പിയെറിഞ്ഞുകൊണ്ട് മൗണ്ട് പെലേ പൊട്ടിത്തെറിച്ചു. പർവതത്തിന്റെ ഉള്ളറയിൽനിന്നു പുറത്തുവന്ന ഈ പദാർഥങ്ങളുടെ താപനില 200 മുതൽ 500 വരെ ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഭൂമിയെ പൊതിഞ്ഞു കിടന്ന മരണത്തിന്റെ കരിമേഘം പർവതച്ചെരിവുകളിലൂടെ അതിവേഗം ഒഴുകിയിറങ്ങി നഗരത്തെ വിഴുങ്ങി. 30,000-ത്തോളം പേർ അന്നു മരണത്തിനു കീഴടങ്ങി. കൂടാതെ, അത് പള്ളിമണി ഉരുക്കിക്കളയുകയും തുറമുഖത്തെ കപ്പലുകളെ അഗ്നിക്കിരയാക്കുകയും ചെയ്തു. 20-ാം നൂറ്റാണ്ടിൽ ഏറ്റവുമധികം മരണം വിതച്ച അഗ്നിപർവത സ്ഫോടനമായിരുന്നു അത്. എങ്കിലും, മുന്നറിയിപ്പിൻ സൂചനകൾക്കു ചെവികൊടുത്തിരുന്നെങ്കിൽ അത്രയധികം ആളുകളെ മരണം തട്ടിയെടുക്കില്ലായിരുന്നു.
പ്രകൃതി വിപത്തുകൾ കൂടുതലായി ആഞ്ഞടിക്കുമോ?
കഴിഞ്ഞ ദശകത്തിൽ ഭൂഘടനയുടെ ഭൗതിക മാറ്റങ്ങളോടും കാലാവസ്ഥയോടും ബന്ധപ്പെട്ട വിപത്തുകളിൽ 60 ശതമാനത്തിലേറെ വർധനയുണ്ടായെന്ന് റെഡ്ക്രോസ്, റെഡ് ക്രെസന്റ് സൊസൈറ്റികളുടെ അന്താരാഷ്ട്ര ഫെഡറേഷൻ അവരുടെ ലോക വിപത്ത് റിപ്പോർട്ട് 2004-ൽ (ഇംഗ്ലീഷ്) പറയുന്നു. “ഇത് ദീർഘകാല പ്രവണതകളെ പ്രതിഫലിപ്പിക്കുന്നു” എന്ന് ഡിസംബർ 26-ന് ഇന്ത്യൻ മഹാസമുദ്രത്തിൽ വിനാശകാരികളായ രാക്ഷസത്തിരമാലകൾ രൂപംകൊള്ളുന്നതിനു മുമ്പു പ്രസിദ്ധീകരിച്ച ആ റിപ്പോർട്ട് പറയുന്നു. വിപത്സാധ്യത കൂടുതലുള്ള പ്രദേശങ്ങളിലെ ജനസംഖ്യ ഇനിയും ഉയർന്നുകൊണ്ടിരിക്കുകയും വനങ്ങൾ തുടർന്നും വെട്ടിവെളുപ്പിക്കുകയും ആണെങ്കിൽ തീർച്ചയായും പ്രതീക്ഷയ്ക്ക് ഒട്ടുംതന്നെ വകയില്ല.
കൂടാതെ, പല വ്യവസായവത്കൃത രാജ്യങ്ങളും അന്തരീക്ഷത്തിലേക്കു കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്. സയൻസ് മാസികയിൽ വന്ന ഒരു മുഖപ്രസംഗം പറയുന്നതനുസരിച്ച്, ഉത്സർജിക്കപ്പെടുന്ന ഈ വാതകങ്ങളുടെ അളവു കുറയ്ക്കാനുള്ള ശ്രമങ്ങൾ നീട്ടിവെക്കുന്നത് “രോഗബാധ ഉണ്ടാകുമ്പോൾത്തന്നെ മരുന്നു കഴിക്കാതിരിക്കുന്നതു പോലെയാണ്. പിന്നീട് വലിയ വില ഒടുക്കേണ്ടിവരുമെന്ന് ഉറപ്പാണ്.” ഒടുക്കേണ്ടിവരുന്ന വലിയ വിലയിലേക്കു വിരൽ ചൂണ്ടിക്കൊണ്ട് വിപത്തുകളുടെ രൂക്ഷത കുറയ്ക്കുന്നതിനെ പറ്റിയുള്ള ഒരു കനേഡിയൻ റിപ്പോർട്ട് ഇങ്ങനെ പ്രസ്താവിച്ചു: “സാർവദേശീയ [മനുഷ്യ]സമുദായം കൈകാര്യം ചെയ്തിട്ടുള്ളതിൽവെച്ച് ഏറ്റവും വ്യാപകവും അങ്ങേയറ്റം സ്വാധീനം ചെലുത്തുന്നതുമായ പാരിസ്ഥിതിക പ്രശ്നമാണ് കാലാവസ്ഥാ വ്യതിയാനം.”
എന്നിരുന്നാലും, സാർവദേശീയ മനുഷ്യസമുദായത്തിന് ഇപ്പോൾ മനുഷ്യന്റെ പ്രവർത്തനങ്ങൾ ആഗോളതപനത്തിന് ഇടയാക്കുന്നുണ്ടോയെന്ന കാര്യത്തിൽപ്പോലും യോജിക്കാനാകുന്നില്ല. അപ്പോൾപ്പിന്നെ അത് എങ്ങനെ നിയന്ത്രിക്കാം എന്നതിന്റെ കാര്യം പറയാനുണ്ടോ? ഈ സ്ഥിതിവിശേഷം ബൈബിൾ ചൂണ്ടിക്കാണിക്കുന്ന പിൻവരുന്ന വസ്തുത മനസ്സിലേക്കു കൊണ്ടുവരുന്നു: ‘മനുഷ്യന്നു തന്റെ കാലടികളെ നേരെ ആക്കുന്നതു സ്വാധീനമല്ല.’ (യിരെമ്യാവു 10:23) എന്നിരുന്നാലും, നാം അടുത്ത ലേഖനത്തിൽ കാണാൻ പോകുന്നതുപോലെ സാഹചര്യം ആശയറ്റതല്ല. മനുഷ്യസമൂഹത്തിലെ പ്രക്ഷുബ്ധ സാഹചര്യങ്ങൾ ഉൾപ്പെടെയുള്ള ഇന്നത്തെ കഷ്ടപ്പാടുകൾ, അവയിൽനിന്നെല്ലാമുള്ള മോചനം ആസന്നമാണ് എന്നതിന്റെ കൂടുതലായ തെളിവാണ്. (g05 7/22)
[അടിക്കുറിപ്പ്]
^ സൂര്യതാപത്തിന്റെ വിതരണത്തിലുള്ള വ്യത്യാസം സമുദ്രജലപ്രവാഹങ്ങൾ രൂപംകൊണ്ടിട്ട് താപനില കുറഞ്ഞ പ്രദേശങ്ങളിലേക്ക് ഊർജം കൈമാറപ്പെടുന്നതിനും ഇടയാക്കുന്നു.
[6-ാം പേജിലെ ചതുരം/ചിത്രം]
ഒരു ചോളവയലിൽ അഗ്നിപർവതം മുളച്ചപ്പോൾ
വർഷം 1943. മെക്സിക്കോയിലെ ഒരു ചോള കർഷകൻ തന്റെ വയലിൽ ചോളത്തിനു പുറമെ മറ്റൊന്നുകൂടെ വളർന്നുവരുന്നതു കണ്ടു. വയലിൽ ആയിരിക്കെ നിലത്തു വിള്ളലുകൾ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. പിറ്റേന്നായപ്പോഴേക്കും വിള്ളലുകൾ ഒരു ചെറിയ അഗ്നിപർവതമായി മാറിയിരുന്നു. പിറ്റേ ആഴ്ചയിൽ കോണാകൃതിയിലുള്ള ആ കുന്ന് 150 മീറ്റർ ഉയരം പ്രാപിച്ചു. ഒരു വർഷം കഴിഞ്ഞപ്പോൾ അതിന്റെ ഉയരം 360 മീറ്റർ ആയി. ഒടുവിൽ അത് 430 മീറ്റർ ഉയരത്തിലെത്തി. സമുദ്രനിരപ്പിൽനിന്നുള്ള അതിന്റെ ഉയരം 2,775 മീറ്ററാണ്. പാരികൂട്ടിൻ എന്നു പേരുള്ള ആ ജ്വാലാമുഖി 1952-ൽ പെട്ടെന്നു സുഷുപ്തിയിലാണ്ടു. പിന്നെ അത് പൊട്ടിത്തെറിച്ചിട്ടേയില്ല.
[കടപ്പാട്]
U. S. Geological Survey/Photo by R. E. Wilcox
[8-ാം പേജിലെ ചതുരം/ചിത്രം]
ദൈവം ജനതകളെ വിപത്തിൽനിന്നു രക്ഷിച്ചപ്പോൾ
പ്രകൃതി വിപത്തുകളുടെ ഒരു രൂപമാണ് ക്ഷാമം. രേഖപ്പെടുത്തിയിരിക്കുന്ന ആദ്യകാല ക്ഷാമങ്ങളിലൊന്ന് പുരാതന ഈജിപ്തിലാണ് ഉണ്ടായത്. യാക്കോബിന്റെ അഥവാ ഇസ്രായേലിന്റെ മകനായ യോസേഫിന്റെ കാലത്താണ് അവിടെ ക്ഷാമമുണ്ടായത്. ഏഴു കൊല്ലം നീണ്ടുനിന്ന ആ ക്ഷാമം ഈജിപ്തിനെയും കനാനെയും മറ്റു ദേശങ്ങളെയും ബാധിച്ചു. എന്നാൽ ആളുകൾ കൂട്ടത്തോടെ പട്ടിണി കിടക്കാൻ അത് ഇടയാക്കിയില്ല. എന്തുകൊണ്ടെന്നാൽ ക്ഷാമം ഉണ്ടാകുന്നതിന് ഏഴു വർഷം മുമ്പുതന്നെ യഹോവയാം ദൈവം അതേക്കുറിച്ചു മുന്നറിയിപ്പു നൽകിയിരുന്നു. ക്ഷാമത്തിനു മുമ്പുള്ള ആ വർഷങ്ങൾ ഈജിപ്തിൽ സമൃദ്ധിയുടെ കാലമായിരിക്കുമെന്നും യഹോവ വെളിപ്പെടുത്തി. ദൈവത്തിന്റെ ഇടപെടലിലൂടെ പ്രധാനമന്ത്രിയും ഭക്ഷ്യ കാര്യവിചാരകനും ആയിത്തീർന്നിരുന്ന ദൈവഭക്തനായ യോസേഫിന്റെ നേതൃത്വത്തിൽ ഈജിപ്തുകാർ ‘അളപ്പാൻ കഴിയാത്തത്ര’ ധാന്യം സംഭരിച്ചുവെച്ചു. അങ്ങനെ ഈജിപ്തിന്, അവിടെയുള്ളവരെ മാത്രമല്ല, യോസേഫിന്റെ കുടുംബം ഉൾപ്പെടെ ‘സകലദേശക്കാരെയും’ തീറ്റിപ്പോറ്റാൻ കഴിഞ്ഞു.—ഉല്പത്തി 41:49, 57; 47:11, 12.
[7-ാം പേജിലെ ചിത്രങ്ങൾ]
ഹെയ്റ്റി 2004 വെള്ളംകയറിയ തെരുവുകളിലൂടെ ആൺകുട്ടികൾ കുടിവെള്ളം ചുമന്നുകൊണ്ടുപോകുന്നു. കനത്ത വനനശീകരണം വൻതോതിൽ മണ്ണ് കുത്തിയൊലിച്ചിറങ്ങുന്നതിന് ഇടയാക്കി
[കടപ്പാട്]
പശ്ചാത്തലം: Sophia Pris/EPA/Sipa Press; ഉൾച്ചിത്രം: Carl Juste/Miami Herald/Sipa Press
[9-ാം പേജിലെ ചിത്രം]
പല രാഷ്ട്രങ്ങളും അന്തരീക്ഷത്തിലേക്കു ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളിക്കൊണ്ടിരിക്കുകയാണ്
[കടപ്പാട്]
© Mark Henley/Panos Pictures