ഭയത്തിൽനിന്നുള്ള മോചനം അതു സാധ്യമോ?
ഭയത്തിൽനിന്നുള്ള മോചനം അതു സാധ്യമോ?
അപകടകരമായ ഈ ലോകത്തിൽ ജീവിക്കുന്ന ആർക്കെങ്കിലും ഭയത്തിൽനിന്നു പൂർണമായി സ്വതന്ത്രനായിരിക്കാൻ കഴിയുമോ? അതിനു സാധ്യത തീരെ കുറവാണ്. ദൈവവിശ്വാസം ഉള്ളവർപോലും ഉത്കണ്ഠപ്പെടുത്തുന്ന അപകടങ്ങൾ അഭിമുഖീകരിക്കുന്നു. ഉദാഹരണത്തിന്, പൊതുയുഗം ഒന്നാം നൂറ്റാണ്ടിൽ വളരെയേറെ യാത്രകൾ നടത്തിയ അപ്പൊസ്തലനായ പൗലൊസ്, തനിക്കു കപ്പൽച്ചേതവും നദികളിലെ ആപത്തും കള്ളന്മാരിൽനിന്നും പട്ടണങ്ങളിൽനിന്നും ഉള്ള ആപത്തും നേരിട്ടതായി ചൂണ്ടിക്കാട്ടി. (2 കൊരിന്ത്യർ 11:25-28) സമാനമായി ഇന്നു നമ്മിൽ മിക്കവർക്കും അപകടകരമായ സാഹചര്യങ്ങൾ നേരിടേണ്ടതായിവരുന്നു.
എന്നിരുന്നാലും ജ്ഞാനപൂർവം ചില മുൻകരുതലുകൾ എടുക്കാൻ നമുക്കു കഴിയും. അങ്ങനെ അപകടസാധ്യതകൾ പരിമിതപ്പെടുത്തിക്കൊണ്ട് ഉത്കണ്ഠ ലഘൂകരിക്കാവുന്നതാണ്. ബൈബിൾ ഇങ്ങനെ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) നമുക്കു സ്വീകരിക്കാൻ കഴിയുന്ന ചില പ്രായോഗിക നടപടികൾ ഏവയാണ്?
മുൻകരുതൽ നടപടികൾ
ബൈബിൾ എഴുതപ്പെട്ടതു വളരെക്കാലംമുമ്പ് ആയിരുന്നെങ്കിലും, അപകടങ്ങൾ ഒഴിവാക്കുന്നതിൽ ഇന്നും പ്രായോഗികമായ അനേകം തത്ത്വങ്ങൾ അതിൽ ഉണ്ടെന്നതു ശ്രദ്ധേയമാണ്. ഉദാഹരണത്തിന് “ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു” എന്ന് അതു പറയുന്നു. (സഭാപ്രസംഗി 2:14) ആരൊക്കെയാണു സമീപത്തുള്ളത് എന്നതു സംബന്ധിച്ചു ശ്രദ്ധയുള്ളവർ ആയിരിക്കുന്നതും സാധ്യമാകുന്നിടത്തോളം ഇരുട്ടുള്ള സ്ഥലങ്ങൾ ഒഴിവാക്കുന്നതും ബുദ്ധിയാണ്. ഉള്ളതിൽ ഏറ്റവുമധികം വെളിച്ചമുള്ള വഴികളിലൂടെ വീട്ടിലേക്കു നടക്കാൻ നിങ്ങൾക്കു കഴിഞ്ഞേക്കും—അത് അൽപ്പം ദൂരക്കൂടുതൽ ആണെങ്കിൽപ്പോലും. “ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലതു; . . . ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോടു എതിർത്തുനില്ക്കാം” എന്നും ബൈബിൾ പറയുന്നു. (സഭാപ്രസംഗി 4:9, 12) നിങ്ങൾ പാർക്കുന്നത് അപകടകരമായ ഒരു സ്ഥലത്താണെങ്കിൽ വീട്ടിലേക്കു നടക്കുന്നതിനു മറ്റൊരാളുടെ കൂട്ടു തരപ്പെടുത്താൻ നിങ്ങൾക്കു കഴിയുമോ?
ഒരു പിടിച്ചുപറിക്കാരൻ നിങ്ങളെ ആക്രമിക്കുന്നപക്ഷം, വസ്തുവകകളെക്കാൾ ജീവൻ വിലയേറിയതാണെന്ന കാര്യം ഓർക്കുന്നതു ജ്ഞാനമാണ്. (മത്തായി 16:26) തന്നെയുമല്ല, കോപാകുലരായ ആളുകൾ തടിച്ചുകൂടുമ്പോൾ സാഹചര്യം അപകടകരം ആണെന്നും അവർ എന്തും ചെയ്തേക്കാമെന്നും ഓർത്തിരിക്കുന്നതു മൂല്യവത്താണ്.—പുറപ്പാടു 23:2.
അശ്ലീലച്ചുവയുള്ള പ്രസ്താവനകൾ നടത്തിക്കൊണ്ടോ അസഭ്യമായ തമാശകൾ ഉല്പത്തി 39:12) മാറിപ്പോകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ “അരുത്,” “കയ്യെടുക്ക്,” “ഇത്തരം സംസാരം എനിക്കിഷ്ടമല്ല” എന്നൊക്കെ നിങ്ങൾക്കു പറയാവുന്നതാണ്. കഴിയുമെങ്കിൽ, ശല്യമുണ്ടെന്ന് അറിയാവുന്ന സ്ഥലങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.
പറഞ്ഞുകൊണ്ടോ അനുചിതമായി ദേഹത്തു സ്പർശിക്കാൻ ശ്രമിച്ചുകൊണ്ടോ ആരെങ്കിലും നിങ്ങളെ ഉപദ്രവിക്കുന്നപക്ഷം ദൃഢമായി അയാളെ ചെറുക്കുന്നതാണ് ഏറ്റവും ഉചിതം. ഒരു അധാർമിക സ്ത്രീ യോസേഫിനെ കടന്നുപിടിച്ചപ്പോൾ അവൻ അവിടെനിന്നു മാറിപ്പോയതുപോലെ നിങ്ങളും ചെയ്യേണ്ടതുണ്ടായിരിക്കാം. അവൻ “പുറത്തേക്കു ഓടിക്കള”യുകയാണു ചെയ്തത്. (വീട്ടിലെ ഭയം നേരിടൽ
ഭർത്താവ് അക്രമാസക്തനാണെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? നിങ്ങളുടെയോ മക്കളുടെയോ ആരോഗ്യത്തിനോ ജീവനോ അയാൾ പെട്ടെന്നു ഭീഷണിയായിത്തീരുന്നപക്ഷം വീട്ടിൽനിന്നു രക്ഷപ്പെടാൻ ഒരു മാർഗം നേരത്തേതന്നെ ആലോചിച്ചുവെക്കുന്നതു ബുദ്ധിയായിരുന്നേക്കാം. * തന്റെ സഹോദരനായ ഏശാവ് അക്രമാസക്തനായിത്തീർന്നാൽ പിൻപറ്റാനായി യാക്കോബ് ഒരു പദ്ധതി സുസൂക്ഷ്മം ആസൂത്രണം ചെയ്തതായി ബൈബിൾ വിവരിക്കുന്നു. ആ പദ്ധതി പ്രാവർത്തികമാക്കേണ്ടിവന്നില്ലെങ്കിലും ജ്ഞാനപൂർണമായ ഒരു മുൻകരുതൽ ആയിരുന്നു അത്. (ഉല്പത്തി 32:6-8) ഒരു അടിയന്തിരഘട്ടത്തിൽ നിങ്ങൾക്ക് അഭയം നൽകാൻ മനസ്സൊരുക്കമുള്ള ഒരാളെ കണ്ടുപിടിക്കുന്നത് രക്ഷാമാർഗം ആസൂത്രണം ചെയ്യുന്നതിൽ ഉൾപ്പെട്ടേക്കാം. നിങ്ങൾക്ക് എന്തു സഹായം ആവശ്യമായി വന്നേക്കാം എന്നതു സംബന്ധിച്ച് അദ്ദേഹവുമായി നേരത്തേതന്നെ ചർച്ചചെയ്യാൻ കഴിയും. പ്രധാനപ്പെട്ട പ്രമാണങ്ങളും മറ്റ് അത്യാവശ്യ സംഗതികളും എളുപ്പത്തിൽ എടുക്കാവുന്ന ഒരു സ്ഥലത്തു സൂക്ഷിക്കുന്നതും സഹായകം ആയിരുന്നേക്കാം.
ഭർത്താവിന്റെ ഉപദ്രവത്തെക്കുറിച്ച് അധികാരികളോടു റിപ്പോർട്ടു ചെയ്യുന്നതും അവരുടെ സംരക്ഷണം തേടുന്നതും മറ്റൊരു മാർഗമാണ്. * സകലരും സ്വന്തം പ്രവൃത്തിയുടെ അനന്തരഫലം അനുഭവിക്കുമെന്നു ബൈബിൾ പഠിപ്പിക്കുന്നു. (ഗലാത്യർ 6:7) ഗവൺമെന്റ് അധികാരികളെ സംബന്ധിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “നിന്റെ നന്മെക്കായിട്ടല്ലോ അവൻ ദൈവശുശ്രൂഷക്കാരനായിരിക്കുന്നതു. നീ തിന്മ ചെയ്താലോ ഭയപ്പെടുക.” (റോമർ 13:4) വീട്ടിനുള്ളിലെ അക്രമം തെരുവിൽ നടക്കുന്ന അക്രമം പോലെതന്നെയുള്ള ഒരു കുറ്റകൃത്യമാണ്. പല രാജ്യങ്ങളിലും, ദ്രോഹിക്കാൻവേണ്ടി ആളുകളെ പിന്തുടരുന്നതും കുറ്റകരമാണ്.
നാം ചർച്ച ചെയ്തുകഴിഞ്ഞ നടപടികൾ കൈക്കൊള്ളുന്നതു ഭയത്തെ ഒരളവോളം ദൂരീകരിച്ചേക്കാം. എന്നാൽ ബൈബിൾ നമുക്കു നീട്ടിത്തരുന്നത് പ്രായോഗിക ബുദ്ധിയുപദേശം മാത്രമല്ല. ദൈവം ഇപ്പോൾ എന്തു ചെയ്തുകൊണ്ടിരിക്കുന്നുവെന്നും ഭാവിയിൽ എന്തു ചെയ്യുമെന്നും വെളിപ്പെടുത്തുന്ന പിഴവറ്റ ഒരു പ്രവചന പുസ്തകമാണ് അത്. ഭയത്തിൽ ജീവിക്കുകയല്ലാതെ മറ്റു മാർഗമില്ലാത്തവർക്കു ബൈബിൾ എന്തു പ്രത്യാശയാണു നൽകുന്നത്?
ഭയത്തിന്റെ അന്തരീക്ഷം എന്ത് അർഥമാക്കുന്നു?
ശ്രദ്ധേയമായി, അപ്പൊസ്തലനായ പൗലൊസ് ഇങ്ങനെ എഴുതി: ‘അന്ത്യകാലത്തു ദുർഘടസമയങ്ങൾ വരും എന്നറിക. മനുഷ്യർ സ്വസ്നേഹികളും വാത്സല്യമില്ലാത്തവരും [സ്വാഭാവിക പ്രിയം ഇല്ലാത്തവരും] ഇണങ്ങാത്തവരും ഏഷണിക്കാരും അജിതേന്ദ്രിയന്മാരും [ആത്മനിയന്ത്രണം ഇല്ലാത്തവരും] ഉഗ്രന്മാരും സൽഗുണദ്വേഷികളും ആയിരിക്കും.’ (2 തിമൊഥെയൊസ് 3:1-5) എത്രമാത്രം പേടിപ്പെടുത്തുന്ന ഒരു കാലഘട്ടത്തെയാണ് ആ വാക്കുകൾ വരച്ചുകാട്ടുന്നത്!
“ലോകാവസാന”ത്തെക്കുറിച്ചു സംസാരിച്ചപ്പോൾ യേശു ഇങ്ങനെ പറയുകയുണ്ടായി: “ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിർക്കും. വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കരകാഴ്ചകളും ആകാശത്തിൽ മഹാലക്ഷ്യങ്ങളും ഉണ്ടാകും.” (മത്തായി 24:3, 7, 8; ലൂക്കൊസ് 21:10, 11) അതുകൊണ്ട് നാം പരിചിന്തിച്ചുകഴിഞ്ഞതും ഇന്നുള്ള ഭീതിയുടെ അന്തരീക്ഷത്തിന് ഇടയാക്കുന്നതും ആയ “ഭയങ്കരകാഴ്ച”കൾ നമ്മെ ആശ്ചര്യപ്പെടുത്തരുത്. എന്നാൽ അവ എന്താണ് അർഥമാക്കുന്നത്?
യേശു ഇങ്ങനെ പറഞ്ഞു: “ഇതു സംഭവിക്കുന്നതു കാണുമ്പോൾ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിൻ.” (ലൂക്കൊസ് 21:31) നമ്മുടെ കാലത്ത് ദൈവത്തിന്റെ ഒരു ഗവൺമെന്റ് സ്വർഗത്തിൽനിന്നു മുഴു മനുഷ്യവർഗത്തെയും ഭരിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാൻ കഴിയും. (ദാനീയേൽ 2:44) അന്നു ജീവിതം എങ്ങനെയുള്ളത് ആയിരിക്കും?
ഭയത്തിൽനിന്നു മോചനം!
യുദ്ധങ്ങൾ ഇല്ലാത്ത, ദുഷ്ടന്മാർ ഇല്ലാത്ത, ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യരാൽ ഭൂമി നിറയുന്ന സമാധാനപൂർണമായ ഒരു ഭാവികാലത്തെക്കുറിച്ചു ബൈബിൾ വർണിക്കുന്നു. “ന്യായവിധിയും ഭക്തികെട്ട മനുഷ്യരുടെ നാശവും സംഭവിപ്പാനുള്ള ദിവസ”ത്തെക്കുറിച്ച് യേശുവിന്റെ ഒരു അപ്പൊസ്തലനായ പത്രൊസ് എഴുതി. ഭൂമിയിൽ “നീതി വസിക്കുന്ന”തിനാൽ ഭയപ്പെടാൻ യാതൊരു ദുഷ്ടനും അവിടെ ഉണ്ടായിരിക്കില്ല. (2 പത്രൊസ് 3:7, 9, 13) ആശ്രയയോഗ്യരും പരസ്പരം ആത്മാർഥമായി സ്നേഹിക്കുന്നവരും ആയ ആളുകളോടൊപ്പം ജീവിക്കുന്നത് എത്ര ആശ്വാസപ്രദം ആയിരിക്കുമെന്നു ചിന്തിച്ചുനോക്കൂ! ഇന്നത്തെ അപകടകരമായ കാലഘട്ടത്തെ മറ്റൊരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടു വീക്ഷിക്കാൻ ഈ പ്രത്യാശ നമ്മെ സഹായിക്കുന്നു. ഇന്നുള്ള സ്ഥിതിവിശേഷം ശാശ്വതമായി തുടരുകയില്ല.—സങ്കീർത്തനം 37:9-11.
യഹോവ തന്റെ പ്രവാചകനോട് അരുളിച്ചെയ്ത പിൻവരുന്ന വാക്കുകൾ, കടുത്ത ഉത്കണ്ഠ അനുഭവിക്കുന്നവർക്ക് ആശ്വാസം പ്രദാനം ചെയ്യുന്നു: “മനോഭീതിയുള്ളവരോടു: ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ടാ; ഇതാ, നിങ്ങളുടെ ദൈവം! പ്രതികാരവും ദൈവത്തിന്റെ പ്രതിഫലവും വരുന്നു! അവൻ വന്നു നിങ്ങളെ രക്ഷിക്കും എന്നു പറവിൻ.” (യെശയ്യാവു 35:4) അതുകൊണ്ട് സത്യദൈവത്തിന്റെ ദാസർക്ക് ശുഭാപ്തിവിശ്വാസത്തോടെ ഭാവിയിലേക്കു നോക്കാൻ കഴിയും. (ഫിലിപ്പിയർ 4:6, 7) ദൈവത്തെ അറിയുന്നവരും അവന്റെ സ്നേഹനിർഭരമായ ഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നവരും ആയവരെക്കൊണ്ട് ഭൂമി നിറയ്ക്കാനുള്ള തന്റെ ആദിമ ഉദ്ദേശ്യം യഹോവ തള്ളിക്കളഞ്ഞിട്ടില്ലെന്ന് അറിയുന്നത്, ഭയത്തിന്റെ തടവറയിൽ കഴിയേണ്ടി വന്നിട്ടുള്ളവർക്ക് എന്തെന്നില്ലാത്ത ആശ്വാസം പകരുന്നു.—ഉല്പത്തി 1:26-28; യെശയ്യാവു 11:9.
മനുഷ്യവർഗത്തെ സംബന്ധിച്ചുള്ള സ്നേഹനിർഭരമായ തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിൽനിന്നു യഹോവയെ തടയാൻ യാതൊന്നിനും കഴിയില്ലെന്നു നമുക്കറിയാം. (യെശയ്യാവു 55:10, 11; റോമർ 8:35-39) ഇതു നാം തിരിച്ചറിയുമ്പോൾ, സുപ്രസിദ്ധമായ ഒരു സങ്കീർത്തനത്തിലെ വാക്കുകൾക്കു സവിശേഷ അർഥം കൈവരുന്നു. അവിടെ നാം ഇപ്രകാരം വായിക്കുന്നു: “യഹോവ എന്റെ ഇടയനാകുന്നു; . . . എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. കൂരിരുൾതാഴ്വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ.” (സങ്കീർത്തനം 23:1-4) ഭീതിദമായ സമയങ്ങൾ ഏറെ വഷളായിത്തീർന്നേക്കാമെങ്കിലും ഭയത്തിൽനിന്നു മുക്തമായ ഒരു ലോകം സമീപമാണ്, അതു വരുമെന്ന് ഉറപ്പാണ്.
[അടിക്കുറിപ്പുകൾ]
^ വിവാഹ ഇണകൾ വേർപിരിയുന്നതു ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ചയിലായിരിക്കുന്നത് ഏതു സാഹചര്യങ്ങളിലാണെന്നു മനസ്സിലാക്കാൻ 2002 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 10-ാം പേജു കാണുക.
^ വീട്ടിനുള്ളിലെ അക്രമത്തിന് ഇരയാകുന്നവരെക്കുറിച്ചുള്ള വിവരത്തിന് 2001 ഡിസംബർ 8 ലക്കം ഉണരുക!യുടെ 3-11 പേജുകളും 1993 മേയ് 8 ലക്കം ഉണരുക!യുടെ 3-14 പേജുകളും കാണുക.
[8-10 പേജുകളിലെ ചിത്രങ്ങൾ]
ദൈവം ഉടൻതന്നെ ഭയരഹിതമായ ഒരു ലോകം ആനയിക്കും