ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
ചിരിമാഹാത്മ്യം
“ഉള്ളുതുറന്ന് വെറും അര മിനിട്ടു ചിരിക്കുന്നത് 45 മിനിട്ടു പൂർണവിശ്രമം എടുക്കുന്നതിന്റെ പ്രയോജനം ചെയ്യുമെന്നാണ് ശാസ്ത്രമതം,” പോളീഷ് ആഴ്ചപ്പതിപ്പായ പ്ഷിയാചൂകാ റിപ്പോർട്ടു ചെയ്യുന്നു. “പെട്ടെന്ന് ഉതിരുന്ന ഒരു പൊട്ടിച്ചിരി മൂന്നുമിനിട്ട് എയ്റോബിക് വ്യായാമം ചെയ്യുന്നതിനു തുല്യമാണ്. പത്തുപ്രാവശ്യം ഹൃദ്യമായി പുഞ്ചിരിക്കുന്നത് പത്തുമിനിട്ട് തുഴയൽ യന്ത്രത്തിൽ തീവ്രവ്യായാമം ചെയ്യുന്നതിനു തുല്യമാണ്.” മറ്റു പ്രയോജനങ്ങളുമുണ്ട്. പൊട്ടിച്ചിരിക്കുമ്പോൾ ശ്വാസകോശങ്ങളിലേക്കു കടക്കുന്ന വായുവിന്റെ അളവ് സാധാരണയിലും മൂന്നുമടങ്ങാണ്. അതുപോലെ രക്തചംക്രമണം, ദഹനം, ഉപാപചയപ്രവർത്തനങ്ങൾ, മസ്തിഷ്ക പ്രവർത്തനം, ഹാനികരമായ ഘടകങ്ങളുടെ നിർമാർജനം എന്നിവയുടെ തോതും വർധിക്കുന്നു. വാരിക നിർദേശിക്കുന്നതനുസരിച്ച്, നിങ്ങൾക്ക് പ്രസന്നമായ ഒരു മാനസികാവസ്ഥ ഉണ്ടായിരിക്കുന്നതിന് രാവിലെ ഉണർന്നെണീക്കുമ്പോൾ ആദ്യംതന്നെ നിങ്ങളെനോക്കി പുഞ്ചിരിക്കുക, ഒപ്പം ഇണയ്ക്കും മക്കൾക്കും പുഞ്ചിരി സമ്മാനിക്കുക. അത് ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “നിങ്ങളെത്തന്നെ നർമബോധത്തോടെ വീക്ഷിക്കാൻ പഠിക്കുക,” എന്നുവെച്ചാൽ നിങ്ങൾക്കുതന്നെ അമിത പ്രാധാന്യം കൽപ്പിക്കരുതെന്നു സാരം. “ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യങ്ങളിൽപ്പോലും കാര്യങ്ങളുടെ നല്ല വശം കണ്ടെത്താൻ ശ്രമിക്കുക.”
സുഖനിദ്രയ്ക്ക് സൂര്യാതപം
ജേർണൽ ഓഫ് സ്ലീപ് റിസേർച്ചിൽ ആരോഗ്യമുള്ള 56 കുഞ്ഞുങ്ങളുടെ ഉറക്കരീതികളെക്കുറിച്ച് അടുത്തകാലത്തു നടത്തിയ ഒരു പഠനം പ്രസിദ്ധീകരിക്കുകയുണ്ടായി. “രാത്രിയിൽ നന്നായി ഉറങ്ങിയ കുഞ്ഞുങ്ങളെ നല്ലൊരളവിൽ ഉച്ചകഴിഞ്ഞസമയത്തെ വെയിൽ കൊള്ളിച്ചിരുന്നു” എന്ന് പഠനം വ്യക്തമാക്കി. എന്നാൽ രാവിലെയും വൈകുന്നേരവും ഇളവെയിൽ കൊള്ളിക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരത്തിൽ വ്യത്യാസമൊന്നും വരുത്തിയില്ല. ഈ പഠനം നടത്തിയത് ബ്രിട്ടന്റെ ലിവർപൂൾ ജോൺ മൂർസ് സർവകലാശാലയിലെ ഡോ. ഇവോൻ ഹാരിസൺ എന്ന വനിതയാണ്. കൂടുതൽ സൂര്യപ്രകാശമേൽക്കുന്നത് പ്രായമായവരുടെ ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കുന്നുവെന്നു കാണിക്കുന്ന ഒരു മുൻ ഗവേഷണത്തിന്റെ പിൻബലത്തിലാണ് ഒരു മാതാവായ ഡോ. ഇവോൻ ഹാരിസൺ കുഞ്ഞുങ്ങളുടെ ഉറക്കത്തിന്മേൽ സൂര്യപ്രകാശത്തിനുള്ള ഫലത്തെക്കുറിച്ചു പഠിക്കാൻ തീരുമാനിച്ചത്.
ചെണ്ടകൊട്ടി നികുതിപിരിവ്
സർക്കാരിലേക്ക് അടച്ചുതീർക്കാത്ത 5 കോടി രൂപയുടെ സ്വത്തുനികുതി അടയ്ക്കാൻ തദ്ദേശവാസികളെ പ്രോത്സാഹിപ്പിക്കാനായി ഇന്ത്യയിലെ രാജമണ്ട്രിയിലുള്ള നഗരമേധാവികൾ ആദ്യം പിഴ ഈടാക്കുന്നതും പലിശ ചുമത്തുന്നതും പിൻവലിച്ചു, റോയിറ്റേഴ്സ് വാർത്താ സർവീസിന്റെ റിപ്പോർട്ടാണിത്. ആ സമീപനം ഫലം കാണാഞ്ഞതിനെത്തുടർന്ന് അധികൃതർ ചെണ്ടകൊട്ടുകാരുടെ 20 സംഘങ്ങളെ കൂലിക്കെടുത്തു. എന്നിട്ട് നികുതി അടയ്ക്കുന്നതിൽ അനാസ്ഥ കാണിക്കുന്നവരുടെ വീട്ടുപടിക്കൽ ചെന്ന് ചെണ്ടകൊട്ടാൻ ആവശ്യപ്പെട്ടു. ചെണ്ടക്കാർ “വീട്ടുപടിക്കൽ ചെന്ന് ഒരു തായമ്പകയൊരുക്കും, അതു കേട്ട് വീട്ടുകാർ പുറത്തിറങ്ങും. അപ്പോൾ എത്രരൂപയാണ് നികുതി അടയ്ക്കാനുള്ളതെന്ന് ചെണ്ടക്കാർതന്നെ വീട്ടുകാരെ അറിയിക്കും. അത് അടച്ചുതീർക്കേണ്ടതിന്റെ അടിയന്തിരതയും അവർ വ്യക്തമാക്കും,” മുനിസിപ്പൽ കമ്മീഷണർ ടി.എസ്.ആർ. ആൻജാനെയൂലൂ പറഞ്ഞു. “കുടിശ്ശിക അടച്ചുതീർക്കാമെന്ന് ആളുകൾ സമ്മതിക്കുന്നതുവരെ അവർ കൊട്ടുതുടരും.” ഈ അസാധാരണ രീതിക്ക് ഫലമുണ്ടായി. വെറും ഒരാഴ്ച നിറുത്താതെ ചെണ്ടകൊട്ടു തുടർന്നപ്പോൾ നഗരത്തിൽ 18 ശതമാനം സ്വത്തുനികുതി പിരിഞ്ഞുകിട്ടി.
അപകടം പതിയിരിക്കുന്ന ഗോവണിപ്പടികൾ
ഗോവണിപ്പടികൾ “ഓരോവർഷവും മരണകരമല്ലാത്ത ഒട്ടേറെ പരിക്കുകൾക്കു കാരണമാകുന്നു, മോട്ടോർവാഹന അപകടങ്ങൾമൂലം സംഭവിക്കുന്നതിനെക്കാൾ കൂടുതലാണിത്” എന്ന് യു.എസ്. മാസികയായ ദ വീക്ക് പറയുന്നു. റിപ്പോർട്ട് ഇങ്ങനെ തുടരുന്നു: “അമേരിക്കയിൽ വർഷംതോറും 1,091 പേർ ഗോവണിപ്പടികളിൽനിന്നു മരണത്തിലേക്ക് ഇടറിവീഴുന്നു. 7,69,400 പേർക്കു പരിക്കേൽക്കുന്നു.” കാലിടറിവീഴാൻ ഇടയാക്കുന്നത് എന്താണ്? “കാലെടുത്തുവെക്കുമ്പോൾ, അകലംസംബന്ധിച്ച കണക്കുകൂട്ടൽ പിഴയ്ക്കുന്നതാണ് പൊതുവേയുള്ള കാരണം,” ദ വീക്ക് പറയുന്നു. മുകളിലേക്കോ താഴേക്കോ?
വ്യായാമം ചെയ്യുമ്പോൾ കുത്തനെയുള്ള ഒരു ചെരിവിലൂടെ നടന്നുകയറുന്നതും അതുപോലെ താഴേക്ക് നടന്നിറങ്ങുന്നതും ആരോഗ്യപരമായ എന്തെങ്കിലും വ്യത്യാസമുളവാക്കുമോ? ചില വിധങ്ങളിൽ അതു വ്യത്യാസമുളവാക്കിയേക്കാമെന്ന് ഗവേഷകർ പറയുന്നു. ആൽപ്സിലെ പർവതങ്ങളിലൊന്നിൽ ഇതിനായുള്ള ഒരു പഠനം നടത്തി. പഠനത്തിനായി സ്വയം മുന്നോട്ടുവന്ന 45 പേർ രണ്ടുമാസം 30 ഡിഗ്രി ചെരിവിലൂടെ മുകളിലേക്കു നടന്നുകയറി, തിരിച്ചിറങ്ങുന്നതിന് അവർ ഒരു കേബിൾ കാർ ഉപയോഗിച്ചു. അടുത്ത രണ്ടുമാസം നേരെ തിരിച്ചും. നടന്നു കയറുകയും നടന്ന് ഇറങ്ങുകയും ചെയ്തത് ഹാനികരമായ കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാൻ സഹായിച്ചു. എന്നാൽ “ട്രൈഗ്ലിസറൈഡുകൾ എന്ന കൊഴുപ്പു കുറയ്ക്കാൻ നടന്നുകയറുന്നതായിരുന്നു കൂടുതൽ ഫലപ്രദം, രക്തത്തിലെ പഞ്ചസാരയുടെ അളവുകുറയ്ക്കാനും ഗ്ലൂക്കോസ് ഉപാപചയം മെച്ചപ്പെടുത്താനും കുന്നു നടന്നിറങ്ങുന്നത് കൂടുതൽ പ്രയോജനം ചെയ്തു” എന്ന് ടഫ്റ്റ്സ് യൂണിവേഴ്സിറ്റി ഹെൽത്ത് & നൂട്രിഷൻ ലെറ്റർ പഠനഫലത്തെക്കുറിച്ചു പറയുന്നു. അതുകൊണ്ട് കുന്നു നടന്നിറങ്ങുന്നത് പ്രമേഹരോഗികൾക്കു ഗുണംചെയ്തേക്കാം, അതുപോലെ വ്യായാമത്തിനു തുടക്കമിടുന്നവർക്ക് എളുപ്പവുമായിരിക്കും. നഗരവാസികൾക്ക് ഇതു ചെയ്യാൻ ബഹുനിലക്കെട്ടിടങ്ങളെ ആശ്രയിക്കാം. ലിഫ്റ്റിൽ കയറി മുകളിലെത്തിയിട്ട് നടന്നു ഗോവണിപ്പടികളിറങ്ങി താഴെയെത്തുക. അല്ലെങ്കിൽ ഒരു കുന്നിൻ മുകളിലേക്ക് കാറിൽ പോകണം, തിരിച്ച് നടന്നിറങ്ങണം. താഴെ കാറുമായി ആരെങ്കിലും കാത്തുനിൽക്കട്ടെ. എന്നാൽ ശ്രദ്ധിക്കുക: കുന്നു നടന്നിറങ്ങുന്ന വ്യായാമം കാൽമുട്ടുകളിൽ കൂടുതൽ സമ്മർദം ചെലുത്തും.
നായ്ക്കൾക്ക് ചോക്ലേറ്റ് മാരകം
ചോക്ലേറ്റ്, “നായ്ക്കളിൽ ഛർദിയും ജന്നിയുടേതുപോലുള്ള ലക്ഷണങ്ങളും ഉണ്ടാക്കുന്നു,” “ഗണ്യമായ അളവ് അകത്തുചെന്നാൽ [അവ] ചത്തുപോയെന്നിരിക്കും,” ബിബിസി ന്യൂസ് മുന്നറിയിപ്പു നൽകുന്നു. ചോക്ലേറ്റിൽ തിയൊബ്രോമിൻ എന്ന ഒരു രാസവസ്തുവുണ്ട്, ഇവ നായ്ക്കളുടെ ഉള്ളിൽ ചെന്നാൽ വിഷമാണ്. അത് അവയുടെ ഹൃദയം, വൃക്കകൾ, കേന്ദ്രനാഡീവ്യൂഹം എന്നിവയെ ബാധിക്കും. “ഇരുണ്ടനിറമുള്ള [200 ഗ്രാം] ചോക്ലേറ്റ്, പെൺ ലാബ്രഡോർ നായ പോലെ [25 കിലോഗ്രാം] തൂക്കമുള്ള ഒരു നായയ്ക്ക് മരണകരമായിരുന്നേക്കാം” എന്ന് റിപ്പോർട്ടു പറയുന്നു. ബേക്കിങ്ങിന് ഉപയോഗിക്കുന്ന മധുരമില്ലാത്ത ചോക്ലേറ്റ് വെറും 30 ഗ്രാം അകത്തുചെന്നാൽ മതി ഒരു ചെറിയ നായ ചത്തുപോകാൻ. എന്നാൽ, ഓമനനായ്ക്കൾക്കുവേണ്ടി വാങ്ങാൻ കിട്ടുന്ന കൃത്രിമ ചോക്ലേറ്റുകൾക്കു കുഴപ്പമില്ല.
വാഹനം മോഷ്ടിക്കപ്പെടുമ്പോൾ
മെക്സിക്കോ നഗരത്തിൽ വാഹനമോഷണം വൻ ബിസിനസ് ആയി മാറിയിരിക്കുകയാണെന്ന് എൽ യൂണിവെഴ്സാൽ റിപ്പോർട്ടു ചെയ്യുന്നു. ദിവസവും ശരാശരി 80 വാഹനങ്ങൾ മോഷ്ടിക്കുകയും മറിച്ചു വിൽക്കുകയും ചെയ്യുന്നു. ഒരു പ്രോസിക്യൂട്ടറുടെ അഭിപ്രായത്തിൽ, ഒറ്റയ്ക്കു വണ്ടിയോടിച്ചുപോകുന്ന പുരുഷന്മാരാണ് കൂടുതലും ഇതിന്റെ ഇരകൾ. വാഹനം മോഷ്ടിക്കാൻ ശ്രമിക്കുമ്പോൾ സ്ത്രീകൾ ഉച്ചത്തിൽ നിലവിളിക്കുന്നതും പലപ്പോഴും കുട്ടികൾ കൂടെയുള്ളതും മോഷണശ്രമം പാളിപ്പോകാനിടയാക്കുന്നതായി മോഷ്ടാക്കൾ മനസ്സിലാക്കുന്നു. അറസ്റ്റിലാകുന്ന മോഷ്ടാക്കളിൽ 85 ശതമാനവും 18-നും 25-നും ഇടയ്ക്കു പ്രായമുള്ളവരാണ്. ട്രാഫിക് സിഗ്നലിൽ വണ്ടിനിറുത്തുമ്പോൾ തോക്കുചൂണ്ടി ഡ്രൈവറെ പുറത്തിറക്കുക, മോഷ്ടാക്കൾ അവരുടെ വാഹനംകൊണ്ട് മറ്റേ വാഹനത്തിൽ ഇടിച്ച് ഡ്രൈവറെ പുറത്തിറങ്ങാൻ നിർബന്ധിതനാക്കുക, ഗരാജ് തുറക്കുമ്പോൾ ഡ്രൈവറെ ആക്രമിക്കുക എന്നിവ സാധാരണ ഉപയോഗിക്കുന്ന മോഷണതന്ത്രങ്ങളിൽ പെടുന്നു. ഇങ്ങനെ സംഭവിക്കുമ്പോൾ ചെറുത്തുനിൽക്കരുതെന്ന് പത്രം ഡ്രൈവർമാരോടു നിർദേശിക്കുന്നു. പകരം ശാന്തത പാലിക്കുക, പ്രത്യേകിച്ച് അക്രമികളുടെ കൈയിൽ ആയുധമുണ്ടെങ്കിൽ. എന്നിട്ട് അവരെക്കുറിച്ച് കഴിയുന്നത്ര വിവരങ്ങൾ ഓർമിച്ചുവെക്കാൻ ശ്രമിക്കുക. വാഹനം തിരിച്ചുകിട്ടുക എളുപ്പമാക്കാൻ ഉടമ തന്റെ വണ്ടിയുടെ നമ്പർ, നിറം തുടങ്ങിയവ അറിഞ്ഞിരിക്കണം. ഇതും മറ്റു പ്രധാനപ്പെട്ട വിവരങ്ങളും ഉടൻതന്നെ പോലീസിനു കൈമാറുകയും വേണം.
ടീനേജ് ഡ്രൈവർമാർ
കൗമാരപ്രായത്തിലുള്ള മക്കൾ വാഹനമോടിക്കുന്നത് ഒന്നു നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആശിച്ചിരിക്കാനിടയുള്ള മാതാപിതാക്കൾക്ക് ഇപ്പോൾ കൂടുതൽ പിന്തുണ ലഭ്യമാണ്. “സാഹസിക പെരുമാറ്റങ്ങളെ തടയുന്ന മസ്തിഷ്കഭാഗം 25 വയസ്സുവരെ പൂർണവളർച്ച പ്രാപിക്കുന്നില്ലെന്ന്” യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിന്റെ അടുത്ത കാലത്തെ ഗവേഷണഫലം വെളിപ്പെടുത്തുന്നതായി ദ മിയാമി ഹെറാൾഡിന്റെ അന്താരാഷ്ട്ര പതിപ്പ് റിപ്പോർട്ടു ചെയ്യുന്നു. കുറഞ്ഞത് 18 വയസ്സ് ആകുന്നതോടെ ഇന്ദ്രിയഗ്രഹണപ്രാപ്തികളും അനൈച്ഛിക പ്രവർത്തനങ്ങളും വളർച്ചാപൂർത്തിയുടെ പാരമ്യത്തിലെത്തുന്നതിനാൽ അപ്പോൾ മസ്തിഷ്കം പക്വമായിത്തീരുമെന്നാണ് മുമ്പു മനസ്സിലാക്കിയിരുന്നത്. എന്നാൽ, ഹൈവേ സേഫ്റ്റിക്കുവേണ്ടിയുള്ള ഇൻഷ്വറൻസ് സ്ഥാപനത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് “മുതിർന്ന ഡ്രൈവർമാരെക്കാളും വണ്ടിയിടിപ്പിക്കാനുള്ള സാധ്യത കൗമാരക്കാരിൽ നാലുമടങ്ങ് കൂടുതലാണെന്നാണ്. അത്തരം കൂട്ടിയിടികളിലൊന്നിൽ മരണമടയാനുള്ള സാധ്യത മൂന്നിരട്ടിയും.” അവരുടെ ശ്രദ്ധപതറാൻ എളുപ്പമാണെന്നും സാഹസികമായി വണ്ടിയോടിക്കാനുള്ള പ്രവണത അവർക്ക് ഉണ്ടെന്നും ഇതു സ്ഥിരീകരിക്കുന്നു.