നഗരങ്ങളെ തീറ്റിപ്പോറ്റൽ ഒരു വെല്ലുവിളി
നഗരങ്ങളെ തീറ്റിപ്പോറ്റൽ ഒരു വെല്ലുവിളി
“ലോകത്തിലെ നഗരങ്ങളെ വേണ്ടവിധം തീറ്റിപ്പോറ്റുക എന്നത് ഒരു വെല്ലുവിളിയാണ്. അതാകട്ടെ, അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയുമാണ്. ഭക്ഷ്യോത്പാദകർ, ഭക്ഷ്യവസ്തുക്കൾ ഉത്പാദകരിൽനിന്ന് വ്യാപാരികളുടെ പക്കൽ എത്തിക്കുന്നവർ, വിപണന മേഖലയുടെ ചുക്കാൻപിടിക്കുന്നവർ, അനവധി വരുന്ന ചില്ലറ വ്യാപാരികൾ എന്നിവരുടെ ഒറ്റക്കെട്ടായ പ്രവർത്തനം അത് ആവശ്യമാക്കിത്തീർക്കുന്നു.”—ഐക്യരാഷ്ട്ര ഭക്ഷ്യ, കാർഷിക സംഘടനയുടെ ഡയറക്ടർ ജനറലായ ഷാക്ക് ജൂഫ്.
നഗരങ്ങളിലെ ഭക്ഷ്യ ഭദ്രത “മാനവരാശിയുടെ ക്ഷേമത്തിൽ അതീവ തത്പരരായ ആളുകൾ” 21-ാം നൂറ്റാണ്ടിൽ നേരിടുന്ന “ഏറ്റവും വലിയ പ്രശ്നം” ആയിത്തീരാനിടയുണ്ടെന്നുപോലും ഭക്ഷ്യവിതരണ വിദഗ്ധർ പറയുന്നു.
“ആരോഗ്യത്തോടും ചുറുചുറുക്കോടും കൂടി ജീവിതം നയിക്കുന്നതിന് ആവശ്യമായ ആഹാരം എല്ലാവർക്കും എല്ലാ സമയത്തും ലഭ്യമായിരിക്കുന്നതിനെയാണ്” ഭക്ഷ്യ ഭദ്രത എന്നതുകൊണ്ട് അർഥമാക്കുന്നത്. ഇന്ന് ലോകവ്യാപകമായി ലഭ്യമായിട്ടുള്ള ഭക്ഷണം ആവശ്യാനുസരണം വിതരണം ചെയ്യുന്നപക്ഷം അത് ഭൂമിയിലെ എല്ലാവരെയും തീറ്റിപ്പോറ്റാൻ മാത്രമുണ്ട്. പക്ഷേ, 84 കോടിയോളം ആളുകളാണ് ഓരോ രാത്രിയും വയറുനിറയെ ഭക്ഷണം കഴിക്കാനില്ലാതെ കിടന്നുറങ്ങുന്നത്. ഇവരിൽ പലരും നഗരങ്ങളിലാണ് കഴിയുന്നത്. പ്രശ്നത്തിന്റെ ചില മുഖങ്ങൾ പരിചിന്തിക്കുക.
പെരുവയറന്മാരായ വൻനഗരങ്ങൾ
നഗരങ്ങൾ വളരുന്നതനുസരിച്ച് പുതിയ വീടുകളും വ്യവസായശാലകളും റോഡുകളും, മുമ്പ് കൃഷിക്കായി ഒഴിച്ചിട്ടിരുന്ന പ്രാന്തപ്രദേശങ്ങൾ കയ്യേറാൻ തുടങ്ങുന്നു. ഫലമോ? നഗരങ്ങളെ തീറ്റിപ്പോറ്റുന്ന കൃഷിയിടങ്ങൾ കൂടുതൽ അകലേക്കു പിൻവാങ്ങുന്നു. പലപ്പോഴും, നഗരങ്ങൾക്കുള്ളിൽ കാര്യമായ കൃഷിയൊന്നും നടക്കുന്നില്ല. ഒട്ടും കൃഷിയില്ലാത്ത നഗരങ്ങളും ധാരാളം. മാംസം വിപണിയിലെത്തുന്നത് അകലെയുള്ള നാട്ടിൻപുറങ്ങളിൽനിന്നാണ്. പല വികസ്വര രാജ്യങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൃഷിയിടങ്ങളിൽനിന്നു നഗരങ്ങളിൽ എത്തിക്കുന്നതിനുള്ള റോഡുസൗകര്യം കുറവാണ്. തത്ഫലമായി യാത്രയ്ക്ക് കൂടുതൽ സമയം വേണ്ടിവരുന്നുവെന്നു മാത്രമല്ല കൂടുതൽ ഭക്ഷ്യവസ്തുക്കൾ വഴിക്കു കേടായിപ്പോകാനും ഇടയാകുന്നു. ഇതിന്റെയെല്ലാം ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുന്നത് ഉപഭോക്താക്കളാണ്. ഭക്ഷ്യവസ്തുക്കൾ ഉയർന്നവിലയ്ക്ക് വാങ്ങേണ്ടിവരുന്ന
അവരിൽ പലരും ദാരിദ്ര്യത്താൽ നട്ടംതിരിയുന്നവരാണ്.വികസ്വര ലോകത്തിലെ ചില നഗരങ്ങൾ ഇപ്പോൾത്തന്നെ വലുതാണ്. അവ ഇനിയും വളരുമെന്ന് ഉറപ്പാണ്. 2015 ആകുമ്പോഴേക്ക് മുംബൈയിലെ ജനസംഖ്യ 2.26 കോടിയും ഡൽഹിയിലേത് 2.09 കോടിയും മെക്സിക്കോ സിറ്റിയിലേത് 2.06 കോടിയും സാവൊ പൗലോയിലേത് 2 കോടിയും ആയി ഉയരുമെന്ന് കരുതുന്നു. മനിലയോ റിയോ ഡി ജനീറോയോ പോലെ ഒരു കോടി നിവാസികളുള്ള ഒരു നഗരിക്ക് ദിവസേന 6,000 ടൺ ആഹാരമാണ് ഇറക്കുമതി ചെയ്യേണ്ടതായി വരുന്നത്.
അത് ഒരു ഭാരിച്ച സംരംഭം തന്നെയാണ്. അത് എളുപ്പമാക്കാൻ വഴിയൊട്ടു കാണുന്നുമില്ല, പ്രത്യേകിച്ചും ജനസംഖ്യ ത്വരിതഗതിയിൽ വർധിക്കുന്ന പ്രദേശങ്ങളിൽ. ഇത്തരം സ്ഥലങ്ങളിൽ ഒന്നാണ് പാക്കിസ്ഥാനിലെ ലാഹോർ. ഉയർന്ന ജനനനിരക്കും (2.8 ശതമാനം) ചില ഉറവിടങ്ങൾ പറയുന്നതുപോലെ നാട്ടിൻപുറങ്ങളിൽനിന്നുള്ള “ഞെട്ടിക്കുന്ന” നിരക്കിലുള്ള കുടിയേറ്റവും ചേർന്ന് ആ നഗരത്തെ ശ്വാസംമുട്ടിക്കുന്നു. പല വികസ്വര രാഷ്ട്രങ്ങളിലും ലക്ഷക്കണക്കിന് ആളുകൾ ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ നഗരങ്ങളിലേക്കു ചേക്കേറുന്നു. മെച്ചപ്പെട്ട ജീവിത ചുറ്റുപാടുകൾ, തൊഴിലുകൾ, സാധനസാമഗ്രികൾ, സേവനങ്ങൾ എന്നിവ സ്വപ്നം കണ്ടുള്ളതാണ് ജനപ്പെരുപ്പത്താൽ ഇപ്പോൾത്തന്നെ പൊറുതിമുട്ടുന്ന നഗരങ്ങളിലേക്കുള്ള ഈ കുടിയേറ്റം. ഇതിന്റെ ഇപ്പോഴത്തെ നിരക്കു വെച്ചു നോക്കുമ്പോൾ ബംഗ്ലാദേശിലെ ധാക്ക നഗരത്തിലെ ജനസംഖ്യ പ്രതിവർഷം പത്തു ലക്ഷമോ അതിലധികമോ കണ്ടു വർധിക്കാനാണു സാധ്യത. ചൈനയിലെ ജനങ്ങളിൽ മൂന്നിൽ രണ്ടും ഇപ്പോൾ നാട്ടിൻപുറങ്ങളിലാണു പാർക്കുന്നതെങ്കിൽ 2025 ആകുമ്പോഴേക്കും ഭൂരിപക്ഷം ആളുകളും നഗരങ്ങളിലായിരിക്കും പാർക്കുകയെന്നാണു പ്രവചനം. കണക്കുകൂട്ടൽ അനുസരിച്ച് അപ്പോഴേക്കും ഇന്ത്യയിലെ നഗരങ്ങളിലെ ജനസംഖ്യ 60 കോടി ആയിത്തീരും.
നഗരങ്ങളിലേക്കുള്ള ആളുകളുടെ കുടിയേറ്റം ലോകത്തിന്റെ പല ഭാഗങ്ങളുടെയും മുഖച്ഛായതന്നെ മാറ്റിക്കളയുന്നു. ഉദാഹരണത്തിന്, പശ്ചിമാഫ്രിക്ക. 1960-ൽ അവിടത്തെ നഗരപ്രദേശങ്ങളിൽ പാർത്തിരുന്നത് ജനസംഖ്യയുടെ 14 ശതമാനം മാത്രമായിരുന്നെങ്കിൽ 1997 ആയപ്പോൾ നഗരങ്ങളിലെ ജനസംഖ്യ 40 ശതമാനമായി ഉയർന്നിരുന്നു. 2020 ആകുമ്പോഴേക്കും ഇത് 63 ശതമാനമായി
ഉയരുമെന്നാണ് കണക്കാക്കുന്നത്. ആഫ്രിക്കയുടെ ഏറ്റവും കിഴക്കേ അറ്റത്തോടു ചേർന്നു കിടക്കുന്ന ഭൂവിഭാഗത്തിലുള്ള നഗരങ്ങളിലെ ജനസംഖ്യ ഒരു പതിറ്റാണ്ടുകൊണ്ട് ഇരട്ടിയാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. വികസ്വര രാജ്യങ്ങളിൽ സമീപ ഭാവിയിൽ ഉണ്ടാകാൻ പോകുന്ന മൊത്തം ജനസംഖ്യാ വർധനയുടെ 90 ശതമാനവും പട്ടണങ്ങളിലും നഗരങ്ങളിലും ആയിരിക്കുമെന്നാണു പ്രവചനം.നഗര പ്രദേശങ്ങളിലേക്കു ഭക്ഷ്യവസ്തുക്കൾ വൻതോതിൽ എത്തിച്ചുകൊണ്ട് ഈ ആളുകളുടെയെല്ലാം വിശപ്പകറ്റുക എന്നത് ബൃഹത്തായ ഒരു സംരംഭം തന്നെയാണ്. ആയിരക്കണക്കിനു കർഷകർ, ഭക്ഷ്യവസ്തുക്കൾ പായ്ക്കു ചെയ്യുന്നവർ, ട്രക്ക് ഡ്രൈവർമാർ, വ്യാപാരികൾ, ചുമട്ടുതൊഴിലാളികൾ തുടങ്ങിയവർ കൈകോർത്തു പ്രവർത്തിച്ചാൽ മാത്രമേ ഇതു സാധ്യമാകൂ. ഒപ്പം ആയിരക്കണക്കിന് വാഹനങ്ങളും വേണം. എന്നാൽ ചില നഗരകേന്ദ്രങ്ങളിലെ വർധിച്ച ഭക്ഷണാവശ്യം അവയെ തീറ്റിപ്പോറ്റുന്ന ചുറ്റുമുള്ള പ്രദേശങ്ങളെ വീർപ്പുമുട്ടിക്കുകയാണ്. അവയുടെ വിശപ്പടക്കാൻ ഈ പ്രദേശങ്ങൾ അപര്യാപ്തമാണ്. കൂടാതെ, വികസ്വര നാടുകളിലെ മിക്ക നഗരങ്ങളിലും ഗതാഗതം പോലുള്ള സേവനങ്ങളും സംഭരണശാലകൾ, കമ്പോളങ്ങൾ, കശാപ്പുശാലകൾ തുടങ്ങിയവയും ഇപ്പോൾത്തന്നെ താങ്ങാവുന്നതിലേറെ ഭാരം പേറുന്നുണ്ട്.
ദാരിദ്ര്യം കൊടികുത്തിവാഴുമ്പോൾ
ദാരിദ്ര്യം കൊടികുത്തിവാഴുമ്പോൾ എണ്ണത്തിൽ പെരുകിക്കൊണ്ടിരിക്കുന്ന ജനതതിയെ തീറ്റിപ്പോറ്റുക എന്ന വെല്ലുവിളി ഒന്നുകൂടി സങ്കീർണമായിത്തീരുന്നു. ഗ്വാട്ടിമാല സിറ്റി, ധാക്ക, ഫ്രീടൗൺ, ലാഗോസ്, ലാ പാസ് തുടങ്ങി വികസ്വര നാടുകളിലെ പല വൻനഗരങ്ങളിലും ദാരിദ്ര്യത്തിന്റെ നിരക്ക് ഇപ്പോൾത്തന്നെ 50 ശതമാനമോ അതിലേറെയോ ആണ്.
അത്തരം സ്ഥലങ്ങളിലേക്കുള്ള ഭക്ഷ്യ വിതരണത്തെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ വിശകലന വിദഗ്ധർ ലഭ്യതയും പ്രാപ്യതയും തമ്മിൽ വ്യത്യാസം കൽപ്പിക്കുന്നു. ഭക്ഷ്യവസ്തുക്കൾ നഗരത്തിലെ വിപണികളിൽ ഉണ്ടായിരിക്കാം, അതായത് അവ ലഭ്യമായിരിക്കാം. എന്നാൽ അവയുടെ വില അവിടത്തെ ദരിദ്രജനതയ്ക്ക് താങ്ങാവുന്നതിലേറെ ആണെങ്കിൽ അതുകൊണ്ട് അവർക്ക് ഒരു പ്രയോജനവുമില്ല. വരുമാനം വർധിക്കുന്നതനുസരിച്ച് ചില നഗരവാസികൾ വൈവിധ്യമേറിയ ആഹാരസാധനങ്ങൾ ഉയർന്ന അളവിൽ വാങ്ങി ഭക്ഷിക്കുന്നതായി കാണുന്നു. അതേസമയം, അവിടത്തെതന്നെ നിർധനരായ ആളുകൾ തങ്ങളുടെ ആവശ്യങ്ങൾക്കും ഇഷ്ടങ്ങൾക്കും അനുസൃതമായി വേണ്ടത്ര ആഹാരം വാങ്ങാനാകാതെ ബുദ്ധിമുട്ടുന്നു. അത്തരം ദരിദ്ര കുടുംബങ്ങൾക്ക് തങ്ങളുടെ മൊത്തം വരുമാനത്തിന്റെ 60 മുതൽ 80 വരെ ശതമാനം ഭക്ഷണത്തിനായി ചെലവാക്കേണ്ടിവന്നേക്കാം.
ഭക്ഷ്യവസ്തുക്കൾ കുറേശ്ശെയായി വാങ്ങുന്നതിനു പകരം കുറെയേറെ ഒന്നിച്ചുവാങ്ങുകയാണെങ്കിൽ ഒരുപക്ഷേ ചെലവ് കുറവായിരുന്നേക്കാം. എന്നാൽ ആവശ്യത്തിനു പണം കയ്യിൽ ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം ഇത് അസാധ്യമാണ്. പല കുടുംബങ്ങൾക്കും കഷ്ടിച്ചു വിശപ്പകറ്റാനുള്ള ആഹാരത്തിനുപോലുമുള്ള വകയില്ല. ഫലമോ, അവർ വികലപോഷണത്തിന്റെ പിടിയിലമരുന്നു. സഹാറയ്ക്കു തെക്കുള്ള ആഫ്രിക്കൻ നഗരങ്ങളിൽ വികലപോഷണം “ഗുരുതരവും വ്യാപകവുമായ ഒരു പ്രശ്നം” ആയിത്തീർന്നിരിക്കുന്നുവെന്ന് പറയപ്പെടുന്നു. വികലപോഷണത്തിന്റെ കെടുതികൾ അനുഭവിക്കുന്ന പ്രദേശങ്ങളിൽ ഒന്നു മാത്രമാണിത്.
ഈ പ്രശ്നത്തിന് വിശേഷിച്ചും ഇരകളാകുന്നത് നാട്ടിൻപുറങ്ങളിൽനിന്നു നഗരങ്ങളിലേക്കു പുതുതായി ചേക്കേറുന്നവരാണ്. നഗരത്തിലെ പുതിയ ചുറ്റുപാടുകളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുന്ന ഇക്കൂട്ടരിൽ ഒറ്റക്കാരായ അമ്മമാർ, ജോലിയിൽ പ്രവേശിച്ചിട്ട് അധികമാകാത്ത സർക്കാർ ഉദ്യോഗസ്ഥർ (ഗവൺമെന്റിന് വേണ്ടത്ര പണമില്ലാത്തതു നിമിത്തം ഇവർക്കു സമയത്ത് ശമ്പളം ലഭിച്ചെന്നു വരില്ല), വികലാംഗർ, പ്രായമായവർ, രോഗികൾ എന്നിവർ ഉൾപ്പെടുന്നു. ഇക്കൂട്ടർ മിക്കപ്പോഴും നഗരകേന്ദ്രങ്ങളിൽനിന്ന് ദൂരെ മാറിയായിരിക്കും താമസിക്കുന്നത്. ഈ സ്ഥലങ്ങളിൽ വൈദ്യുതി, പൈപ്പു സൗകര്യം, റോഡുകൾ, അഴുക്കുചാലുകൾ, ചപ്പുചവറുകൾ നിർമാർജനം ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിങ്ങനെയുള്ള അടിസ്ഥാന സൗകര്യങ്ങൾപോലും ഉണ്ടായിരിക്കില്ലെന്നു മാത്രമല്ല, അധികംപേരും പാർക്കുന്നത് താത്കാലികമോ ഒട്ടും സുരക്ഷിതമല്ലാത്തതോ ആയ വീടുകളിലും ആയിരിക്കും. ഇത്തരം ചുറ്റുപാടുകളിൽ അഹോവൃത്തിക്കു വക കണ്ടെത്താൻ പാടുപെടുന്ന ജനകോടികളെ ഭക്ഷ്യോത്പാദന, വിതരണ സംവിധാനത്തിലെ ഏതൊരു പാളിച്ചകളും വളരെ പെട്ടെന്നു ബാധിക്കും. ഏറ്റവും അടുത്തുള്ള മാർക്കറ്റുകൾതന്നെ അവർ പാർക്കുന്നിടത്തുനിന്ന് വളരെ അകലെ ആയിരിക്കും. ഇക്കൂട്ടർക്ക് ഗുണമേന്മ കുറഞ്ഞ സാധനങ്ങൾ തീവിലയ്ക്ക് വാങ്ങുകയല്ലാതെ നിർവാഹമില്ല. എത്ര ദയനീയമായ അവസ്ഥ!
അനിശ്ചിതത്വം നിറഞ്ഞ അനാരോഗ്യകരമായ ചുറ്റുപാടുകൾ
നഗരങ്ങളിലെ ജനസംഖ്യ ആസൂത്രണമില്ലാതെയും നിയമവിരുദ്ധമായും പെട്ടെന്നു വർധിക്കുന്നത് പലയിടങ്ങളിലും സാധാരണമാണ്. അനാരോഗ്യകരവും കുറ്റകൃത്യങ്ങൾ തേർവാഴ്ച നടത്തുന്ന സുരക്ഷിതമല്ലാത്തതും ആയ ചുറ്റുപാടുകൾക്ക് ഇത് വഴിയൊരുക്കുന്നു. “താരതമ്യേന വളരെ ചെറിയ ഒരു കൂട്ടം ആളുകളെ മാത്രം പോറ്റിപ്പുലർത്താൻ പര്യാപ്തമായ ചുറ്റുപാടുകളിലെ കുതിച്ചുയരുന്ന ജനപ്പെരുപ്പത്തെ കൈകാര്യംചെയ്യാൻ വികസ്വര നാടുകളിലെ നഗരാധികൃതർ മിക്കപ്പോഴും പെടാപ്പാടു പെടുകയാണ്” എന്ന് നഗരങ്ങളെ തീറ്റിപ്പോറ്റൽ എന്ന ഐക്യരാഷ്ട്ര ഭക്ഷ്യ, കാർഷിക സംഘടനയുടെ പ്രസിദ്ധീകരണം പറയുന്നു.
ആഫ്രിക്കയിൽ മിക്കയിടങ്ങളിലും കമ്പോളങ്ങൾ പൊന്തിവരുന്നത് പലപ്പോഴും യാതൊരു ആസൂത്രണവും ഇല്ലാതെയാണ്. ആവശ്യക്കാർ ഉള്ളിടത്തൊക്കെ വ്യാപാരികൾ തങ്ങളുടെ സാധനങ്ങൾ വിറ്റഴിച്ചു തുടങ്ങുന്നു. ഇങ്ങനെ ഉയർന്നുവരുന്ന മാർക്കറ്റുകളിൽ ഏറ്റവും അടിസ്ഥാന സൗകര്യങ്ങൾപോലും ഉണ്ടാവില്ല.
ശ്രീലങ്കയിലെ കൊളംബോയുടെ കാര്യംതന്നെ എടുക്കാം. മൊത്തവ്യാപാരവും ചില്ലറവ്യാപാരവും നടക്കുന്ന അവിടത്തെ കമ്പോളങ്ങൾ സൗകര്യപ്രദമായ ഇടങ്ങളിലല്ല സ്ഥിതിചെയ്യുന്നത്. അമിതമായ തിക്കിലും തിരക്കിലും വീർപ്പുമുട്ടുകയാണവ. കമ്പോള മധ്യത്തിൽ എത്താനും അവിടെനിന്നു തിരികെപ്പോരാനും മണിക്കൂറുകൾ വേണ്ടിവരുന്നതായി ട്രക്ക് ഡ്രൈവർമാർ പരാതിപ്പെടുന്നു. വാഹനങ്ങൾ പാർക്ക് ചെയ്യാനും സാധനങ്ങൾ കയറ്റിയിറക്കാനുമുള്ള സ്ഥലവും പരിമിതമാണ്.
ഇനിയും ചിലയിടങ്ങളിൽ കമ്പോളങ്ങൾ വൃത്തിയായി സൂക്ഷിക്കുകയോ അവ ശരിയായ വിധത്തിൽ നോക്കിനടത്തുകയോ ചെയ്യുന്നില്ല. ജൈവ മാലിന്യങ്ങളുടെയും മറ്റു പാഴ്വസ്തുക്കളുടെയും അളവു വർധിച്ചുവരുന്നതു മൂലമുള്ള വൃത്തിഹീനമായ ചുറ്റുപാടുകൾ ആരോഗ്യത്തിനു ഭീഷണി ഉയർത്തുന്നു. “ഈ പ്രശ്നങ്ങൾ ജീവിത ഗുണനിലവാരത്തിന്റെ പടിപടിയായുള്ള അപചയത്തിന്
കാരണമാകുന്നു” എന്ന് ഒരു ദക്ഷിണേഷ്യൻ നഗരത്തിന്റെ മേയർ പറയുന്നു.ഒരു ദക്ഷിണപൂർവേഷ്യൻ നഗരത്തിലെ മാംസവിപണിയിൽ നടത്തിയ ഒരു സർവേ ശുചിത്വം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ ആഴങ്ങളിലേക്കു വെളിച്ചം വീശുന്നു. മാംസം “പൊടിയും ചെളിവെള്ളവും ഒക്കെയുള്ള വെറും നിലത്തുവെച്ച് വിൽക്കുന്നത്” അവിടെ സാധാരണമാണ്. പരിശോധനയ്ക്കു വിധേയമാക്കിയ പന്നിയിറച്ചിയുടെ 40 ശതമാനത്തിലും മാട്ടിറച്ചിയുടെ 60 ശതമാനത്തിലും സാൽമൊണെല്ല ഉണ്ടായിരുന്നു. പരിശോധനയ്ക്ക് എടുത്ത മുഴുവൻ മാട്ടിറച്ചിയിലും ഇ. കോളൈ ബാക്ടീരിയയെ കാണാൻ കഴിഞ്ഞു. ഈയം, മെർക്കുറി തുടങ്ങിയ ഘനലോഹങ്ങളും മാംസത്തിൽ അടങ്ങിയിട്ടുണ്ടായിരുന്നു.
ഭക്ഷണസാധനങ്ങൾ മതിയായ അളവിലോ ക്രമമായ അടിസ്ഥാനത്തിലോ ലഭ്യമല്ലാത്തതിനാൽ നഗരവാസികൾ ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ കൃഷിചെയ്തു തുടങ്ങുന്നു. നൈജീരിയയിലെ കാനോയിലുള്ള പലരും ഈ രീതിയിൽ കൃഷി നടത്തുന്നവരാണ്. എന്നാൽ ഇവരിൽ മിക്കവർക്കും കൃഷിസ്ഥലത്തിന്മേൽ നിയമപരമായ അവകാശങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ ഏതു സമയത്തും അവരെ ഒഴിപ്പിക്കാം. അങ്ങനെ അധ്വാനിച്ചു നട്ടുണ്ടാക്കിയ വിളകളൊക്കെ അവർക്കു നഷ്ടമായെന്നു വരാം.
ഐക്യരാഷ്ട്ര ഭക്ഷ്യ, കാർഷിക സംഘടനയുടെ നഗര ഭക്ഷ്യ-ഭദ്രതാ വിദഗ്ധനായ ഓലിവിയോ ആർജെന്റി ഒരു മെക്സിക്കൻ നഗരത്തിലെ കൃഷിസ്ഥലം സന്ദർശിച്ചപ്പോൾ താൻ കണ്ടെത്തിയ കാര്യം വിവരിക്കുന്നു. ഒരു നദിയോടു ചേർന്നാണ് ഈ കൃഷിസ്ഥലം. അടുത്തുള്ള ഒരു ഗ്രാമത്തിൽനിന്നു മാലിന്യങ്ങൾ മുഴുവനും ഒഴുകിവീഴുന്നത് ഈ നദിയിലേക്കാണ്. സ്ഥലത്തെ കർഷകർ പച്ചക്കറികൾ നനയ്ക്കുന്നത് ഇതിലെ വെള്ളം കോരിയാണ്. വിത്തുപാകാനായി നിലമൊരുക്കുന്നതാകട്ടെ അതിലെ ചേറുകൊണ്ടും. “ഉൾപ്പെട്ടിരിക്കുന്ന അപകടത്തെക്കുറിച്ച് അറിയാമോയെന്ന് ഞാൻ അധികൃതരോടു ചോദിച്ചു. ആവശ്യമായ പണമോ സാമഗ്രികളോ ഇല്ലാത്തതിനാൽ യാതൊന്നും ചെയ്യാൻ പറ്റാത്ത സ്ഥാനത്താണു തങ്ങൾ എന്നായിരുന്നു അവരുടെ മറുപടി,” ആർജെന്റി എഴുതുന്നു. വികസ്വര നാടുകളിൽ ഉടനീളമുള്ള പല സ്ഥലങ്ങളെയും ഇത്തരം പ്രശ്നങ്ങൾ ചൂഴ്ന്നുനിൽക്കുന്നതു കാണാം.
പ്രശ്നപരിഹാരത്തിനായി കിണഞ്ഞുശ്രമിക്കുന്ന നഗരങ്ങൾ
ത്വരിതഗതിയിലുള്ള വളർച്ചയ്ക്കു വേദിയാകുന്ന നഗരങ്ങളുടെ പ്രശ്നങ്ങൾ എണ്ണിയാൽ ഒടുങ്ങില്ല. അന്താരാഷ്ട്ര സംഘടനകളും ആസൂത്രകരും ഭരണസാരഥ്യം വഹിക്കുന്നവരും ഒക്കെ അവയ്ക്കു പരിഹാരം കാണാൻ തങ്ങളാലാവുന്നത് ചെയ്യുന്നുണ്ട്. നാട്ടിൻപുറങ്ങളിലെ ഭക്ഷ്യോത്പാദനം ഉന്നമിപ്പിക്കുക, ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ മതിയായ അളവിൽ ലഭ്യമാക്കുക, പുതിയ റോഡുകളും കമ്പോളങ്ങളും കശാപ്പുശാലകളും പണിയുക എന്നിവ അവരുടെ പദ്ധതികളിൽ ചിലതാണ്. സംഭരണശാലകളുടെ കാര്യത്തിൽ സ്വകാര്യ മുതൽമുടക്ക് പ്രോത്സാഹിപ്പിക്കുക; കർഷകർ, വ്യാപാരികൾ, സാധനങ്ങൾ ഒരിടത്തുനിന്ന്
മറ്റൊരിടത്ത് എത്തിക്കുന്നവർ എന്നിവർക്ക് പണം കടം വാങ്ങുന്നത് എളുപ്പമാക്കിത്തീർക്കുക; വ്യാപാരം, ശുചിത്വം എന്നിവ സംബന്ധിച്ച നിയമങ്ങൾ നടപ്പിലാക്കുക തുടങ്ങിയവ ചെയ്യേണ്ടതിന്റെ ആവശ്യവും അവർ കാണുന്നു. ശ്രമങ്ങളെല്ലാം ഉണ്ടായിരുന്നിട്ടും പല പ്രാദേശിക അധികാരികളും ഉൾപ്പെട്ടിരിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് വേണ്ടവിധം പ്രതികരിക്കുന്നതിൽ പരാജയപ്പെടുന്നതായി വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. അവർ അവ തിരിച്ചറിഞ്ഞ് പ്രതികരിച്ചാൽ തന്നെ, പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനാവശ്യമായ വിഭവശേഷി കുറവാണ്.നഗരങ്ങളെ, പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിലെ നഗരങ്ങളെ, വീർപ്പുമുട്ടിക്കുന്ന വെല്ലുവിളികളുടെ ബാഹുല്യം അടിയന്തിര മുന്നറിയിപ്പുകൾ മുഴക്കാൻ ചിലരെ പ്രേരിപ്പിച്ചിരിക്കുന്നു. വാഷിങ്ടൺ ഡി.സി.-യിലെ അന്താരാഷ്ട്ര ഭക്ഷ്യനയ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിപ്രായത്തിൽ “നഗരങ്ങളിലെ ജനസംഖ്യ ഇനിയും വർധിച്ചുകൊണ്ടിരിക്കും, [പട്ടിണി, വികലപോഷണം, ദാരിദ്ര്യം] തുടങ്ങിയ പ്രശ്നങ്ങളും അതോടൊപ്പം വർധിക്കുകയേയുള്ളൂ—ഇപ്പോൾ നാം നടപടി എടുക്കാത്തപക്ഷം.” നഗരങ്ങളെ വലയ്ക്കുന്ന പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തുന്നതിൽ പ്രതിജ്ഞാബദ്ധരായ സംഘടനകളുടെ ഒരു അന്തർദേശീയ ശൃംഖലയാണ് മെഗാ-സിറ്റീസ് പ്രോജക്റ്റ്. അതിന്റെ പ്രസിഡന്റായ ജാനിസ് പെൾമൻ ദരിദ്ര രാജ്യങ്ങളിലെ നഗരങ്ങളുടെ ഭാവിയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “സാമ്പത്തികവും പാരിസ്ഥിതികവുമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഇത്രയധികം ജനസാന്ദ്രതയുള്ള പ്രദേശത്തെ ഇത്രയേറെ ആളുകൾക്ക് ആഹാരം, പാർപ്പിടം, തൊഴിൽ, ഗതാഗത സൗകര്യം എന്നിവ ലഭ്യമാക്കേണ്ട ഒരു അവസ്ഥാവിശേഷം ഉടലെടുക്കുന്നത് ഇത് ആദ്യമായാണ്. നഗരങ്ങളിൽ തിങ്ങിപ്പാർക്കുന്ന ജനതതികൾ മനുഷ്യജീവനെ പുലർത്താനുള്ള അവയുടെ വിഭവശേഷി മുഴുവൻ ഊറ്റിയെടുക്കുകയാണ്.”
എന്നാൽ ഭക്ഷ്യോത്പാദനത്തോടും വിതരണത്തോടും ബന്ധപ്പെട്ട പ്രശ്നങ്ങൾ പെട്ടെന്നുതന്നെ പരിഹരിക്കപ്പെടും എന്നു വിശ്വസിക്കാൻ തക്കതായ കാരണങ്ങളുണ്ട്.
[5-ാം പേജിലെ ചതുരം]
വളരുന്ന നഗരങ്ങൾ
◼ അടുത്ത 30 വർഷത്തിനുള്ളിൽ ലോകമെമ്പാടും പ്രതീക്ഷിക്കപ്പെടുന്ന ജനസംഖ്യാ വളർച്ചയിൽ അധികത്തിനും വേദിയാകുന്നത് നഗരങ്ങളായിരിക്കും.
◼ 2007 ആകുമ്പോഴേക്കും ലോക ജനസംഖ്യയുടെ പകുതിയിലധികം നഗരപ്രദേശങ്ങളിലായിരിക്കും പാർക്കുകയെന്നു പ്രതീക്ഷിക്കപ്പെടുന്നു.
◼ ലോകമെമ്പാടുമുള്ള നഗരവാസികളുടെ എണ്ണത്തിൽ വർഷംതോറും ശരാശരി 1.8 ശതമാനത്തിന്റെ വർധന ഉണ്ടാകുമെന്നു കണക്കാക്കപ്പെടുന്നു; നഗരങ്ങളിലെ ജനസംഖ്യ ഈ നിരക്കിൽ വർധിച്ചാൽ 38 വർഷംകൊണ്ട് അത് ഇരട്ടിയായിത്തീരും.
◼ 50 ലക്ഷമോ അതിലധികമോ നിവാസികളുള്ള നഗരങ്ങളുടെ എണ്ണം 2003-ൽ 46 ആയിരുന്നെങ്കിൽ 2015 ആകുമ്പോഴേക്കും 61 ആയിത്തീരുമെന്ന് കണക്കാക്കപ്പെടുന്നു.
[കടപ്പാട്]
ഉറവിടം: World Urbanization Prospects—The 2003 Revision, United Nations Department of Economic and Social Affairs, Population Division
[6-ാം പേജിലെ ചതുരം]
ആശ്രയയോഗ്യമല്ലാത്ത ഭക്ഷ്യവിതരണത്തിന്റെ ചില കാരണങ്ങളും ഫലങ്ങളും
◼ “ഭക്ഷ്യവില കുതിച്ചുയർന്നിട്ടുള്ളപ്പോഴൊക്കെ നഗരങ്ങളിൽ രാഷ്ട്രീയ പ്രക്ഷുബ്ധാവസ്ഥയും സാമൂഹിക അസ്ഥിരതയും രംഗപ്രവേശം ചെയ്തിട്ടുണ്ട്. മുഴുലോകത്തിനും അറിവുള്ള കാര്യമാണിത്.”—യുഎൻ ഭക്ഷ്യ, കാർഷിക സംഘടനയുടെ ഡയറക്ടർ ജനറലായ ഷാക്ക് ജൂഫ്.
◼ ഷോർഷ്, മിച്ച് എന്നീ ചുഴലിക്കൊടുങ്കാറ്റുകൾ 1999-ൽ കരീബിയൻ പ്രദേശത്തെയും മധ്യ അമേരിക്കയെയും പ്രഹരിച്ച് വ്യാപകമായ വിനാശം വിതച്ചു, സാധാരണ ജനജീവിതം സ്തംഭിച്ചു, ഭക്ഷ്യദൗർലഭ്യം അനുഭവപ്പെട്ടു.
◼ ഇന്ധനവില ഉയർത്തിയതിനെതിരെ 1999-ൽ ഇക്വഡോറിലും 2000-ത്തിൽ ബ്രിട്ടനിലും അരങ്ങേറിയ പ്രതിഷേധ പ്രകടനങ്ങൾ ഭക്ഷ്യവിതരണത്തെ സാരമായി ബാധിച്ചു.
◼ യുദ്ധത്തിന്റെ കെടുതികളിൽ ഒന്നാണ് ഭക്ഷ്യക്ഷാമം.
[7-ാം പേജിലെ ചതുരം/ചിത്രം]
കോടികളിൽ ഒരാൾ
പെറുവിലെ ലിമയുടെ പ്രാന്തപ്രദേശത്തുള്ള പുറമ്പോക്കിലാണ് (മുകളിൽ കാണിച്ചിരിക്കുന്നു) കോൺസ്വെലോയും 13 മക്കളും പാർക്കുന്നത്. മക്കളിൽ മൂന്നു പേർ ക്ഷയരോഗികളാണ്. അവൾ തന്റെ കഥ പറയുന്നു: “ഞങ്ങൾ അങ്ങ് മലമ്പ്രദേശത്താണു പാർത്തിരുന്നത്. എന്നാൽ ഒരു ദിവസം രാത്രിയിൽ ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് നൂറുകണക്കിനാളുകൾ നഗരത്തിലേക്കു ചേക്കേറി. ‘ലിമയിലാകുമ്പോൾ കുട്ടികൾക്കു പള്ളിക്കൂടത്തിൽ പോകാനും ഷൂസ് വാങ്ങിക്കൊടുക്കാനും സാധിക്കും, അങ്ങനെ അവരുടെ ജീവിതം പച്ചപിടിക്കുമല്ലോ’ എന്നു ഞങ്ങൾ കരുതി.” അതുകൊണ്ട് ഗ്രാമവാസികൾ പുൽപ്പായകൾ നെയ്തുണ്ടാക്കി, എന്നിട്ട് ഒരു രാത്രിയിൽ നഗരത്തിലേക്കു കുടിയേറി. അവിടെ അവർ പുൽക്കുടിലുകൾ കെട്ടി താമസമാരംഭിച്ചു. നേരം വെളുത്തപ്പോഴേക്കും അധികൃതർക്ക് ഒഴിപ്പിക്കാൻ കഴിയാത്തത്ര ആളുകൾ അവിടെ താമസം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.
കോൺസ്വെലോയുടെ വീടിന്റെ മേൽക്കൂരയിൽ വലിയൊരു ദ്വാരമുണ്ട്. തറയാണെങ്കിൽ വെറും മണ്ണുകൊണ്ടുള്ളതാണ്. “പണക്കാർക്കു വിൽക്കാൻ വേണ്ടിയാണ് ഞാൻ ഈ കോഴിക്കുഞ്ഞുങ്ങളെ വളർത്തുന്നത്,” കുടിലിനു വെളിയിലൂടെ ഓടി നടക്കുന്ന കോഴികളെ ചൂണ്ടിക്കാട്ടിക്കൊണ്ട് അവൾ പറയുന്നു. “അവയെ വിറ്റു കിട്ടുന്ന പണംകൊണ്ട് മകൾക്കു ഷൂസ് വാങ്ങണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാൽ ഇപ്പോൾ അതു മുഴുവനും ആശുപത്രിയിലും മരുന്നിനുമായി ചെലവാക്കിയേ മതിയാകൂ.”
വിശപ്പടക്കാനായി കോൺസ്വെലോയുടെ പക്കൽ കുറച്ച് ഉള്ളികൾ മാത്രമേയുള്ളൂ. പണി കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. പതിവായി വെള്ളം വാങ്ങാനുള്ള പണം പോലും അവളുടെ പക്കലില്ല. എപ്പോൾ വേണമെങ്കിലും നിലംപൊത്താവുന്ന ആ കൂരയിൽ പൈപ്പു സൗകര്യമോ ഒരു കക്കൂസ് പോലുമോ ഇല്ല. “ഈ ബക്കറ്റാണ് ഞങ്ങളുടെ കക്കൂസ്. രാത്രിയിൽ പിള്ളേർ അതിലുള്ള അഴുക്ക് എവിടെയെങ്കിലും കളഞ്ഞിട്ടു വരും. ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ ജീവിതം,” അവൾ വിവരിക്കുന്നു.
ഭർത്താവിൽനിന്ന് കോൺസ്വെലോയ്ക്ക് യാതൊരു സഹായവും കിട്ടുന്നില്ല. അവൾ അയാളെ കാണുന്നതുതന്നെ വിരളമായാണ്. അവൾക്ക് 30-നും 39-നും ഇടയ്ക്കു പ്രായമേയുള്ളൂ. പക്ഷേ കണ്ടാൽ അതിലൊക്കെ പ്രായം തോന്നിക്കും. “വിങ്ങിവീർത്തിരിക്കുന്ന അവളുടെ മുഖത്തെ കറുത്തിരുണ്ട കൊച്ചു മിഴികളിൽ നിർവികാരത തളംകെട്ടിനിൽക്കുന്നു. അവയിൽ പ്രതീക്ഷയുടെ നിഴലാട്ടമേ ഇല്ല,” അവളുമായി അഭിമുഖം നടത്തിയ എഴുത്തുകാരി പറയുന്നു.
[കടപ്പാട്]
ഉറവിടം: ഇൻ കോൺടെക്സ്റ്റ്
AP Photo/Silvia Izquierdo
[9-ാം പേജിലെ ചതുരം/ചിത്രം]
“ഞാൻ നഗരത്തിലേക്കു മാറണമോ?”
നഗരത്തിലേക്കു താമസം മാറ്റുന്നതിനെക്കുറിച്ചു ചിന്തിക്കുന്ന ഏതൊരാളും ചില ഘടകങ്ങൾ പരിചിന്തിക്കുന്നതു നന്നായിരിക്കും. “ജീവിതം പച്ചപിടിപ്പിക്കാമെന്ന പ്രതീക്ഷയാണ് ആളുകളെ” നഗരങ്ങളിലേക്ക് “ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്. നാട്ടിൻപുറങ്ങൾ വെച്ചുനീട്ടുന്ന അവസരങ്ങളോടുള്ള താരതമ്യത്തിൽ ഇവ വളരെ ആകർഷകമായി തോന്നുന്നു,” നഗരങ്ങളെ തീറ്റിപ്പോറ്റൽ എന്ന യുൻ ഭക്ഷ്യ, കാർഷിക സംഘടനയുടെ പ്രസിദ്ധീകരണം പറയുന്നു. എന്നിരുന്നാലും “അത്ര പെട്ടെന്ന് ജീവിതം പച്ചപിടിച്ചെന്നുവരില്ല, ഒരുപക്ഷേ അതിന് ഒരു തലമുറയോ അതിലേറെയോ പോലും കാത്തിരിക്കേണ്ടി വന്നേക്കാം.”
നാട്ടിൻപുറങ്ങളിൽനിന്നു നഗരത്തിലേക്കു ചേക്കേറുന്ന പലരെയും അവിടെ കാത്തിരിക്കുന്നത് ഭവനരാഹിത്യം, തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്നങ്ങളാണ്. ദാരിദ്ര്യവും പൂർവാധികം ശക്തിയോടെ അവരുടെമേൽ പിടിമുറുക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം അവരെ വേട്ടയാടുന്നതോ തികച്ചും അപരിചിതമായ ഒരു ചുറ്റുപാടിലും. അതുകൊണ്ട് നഗരത്തിലേക്കു മാറിത്താമസിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുന്നെങ്കിൽ അത്തരമൊരു നീക്കം കുടുംബം പുലർത്താൻ നിങ്ങളെ സഹായിക്കുമെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? നഗരങ്ങളിൽ എന്തെങ്കിലും ജോലി കിട്ടിയാൽത്തന്നെ താഴ്ന്ന വേതനം ആയിരിക്കും പലപ്പോഴും ലഭിക്കുക. കഷ്ടിച്ചു ജീവിച്ചുപോകാൻതന്നെ ഏറെ നേരം ജോലി ചെയ്യേണ്ടിവരുന്നതിന്റെ സമ്മർദങ്ങൾ നിമിത്തം നിങ്ങൾക്കോ കുടുംബത്തിനോ, പ്രധാനപ്പെട്ടതെന്നു കരുതുന്ന പ്രവർത്തനങ്ങൾ ബലികഴിക്കേണ്ടി വന്നേക്കുമോ?—മത്തായി 28:19, 20; എബ്രായർ 10:24, 25.
ചില മാതാപിതാക്കൾ കുടുംബത്തെ കൂടാതെ നഗരത്തിലേക്കു കുടിയേറാൻ തീരുമാനിച്ചിരിക്കുന്നു. ഇതു ബുദ്ധിയാണോ? കുടുംബത്തിനുവേണ്ടി ഭൗതികമായി കരുതാനുള്ള ഉത്തരവാദിത്വം ക്രിസ്തീയ മാതാപിതാക്കൾക്കുണ്ട്, എന്നാൽ വീട്ടിൽ നിങ്ങളുടെ സാന്നിധ്യം ഇല്ലാതെ വരുന്നത് കുടുംബത്തെ വൈകാരികമായും ആത്മീയമായും എങ്ങനെ ബാധിക്കും? (1 തിമൊഥെയൊസ് 5:8) മക്കളെ “കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും” ഫലകരമായി വളർത്തിക്കൊണ്ടുവരാൻ പിതാക്കന്മാർക്കു കഴിയുമോ? (എഫെസ്യർ 6:4) ഭർത്താവും ഭാര്യയും വേറിട്ടു താമസിക്കുന്നത് ധാർമിക പ്രലോഭനങ്ങൾക്ക് അവരെ വിധേയരാക്കുമോ?—1 കൊരിന്ത്യർ 7:5.
നഗരത്തിലേക്കു മാറിത്താമസിക്കുന്നതു സംബന്ധിച്ച ഏതു തീരുമാനവും വ്യക്തിപരമായി എടുക്കേണ്ട ഒന്നാണ്. അത്തരം ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ക്രിസ്ത്യാനികൾ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഘടകങ്ങളും വിലയിരുത്തുകയും പ്രാർഥനയിൽ യഹോവയുടെ മാർഗനിർദേശം തേടുകയും വേണം.—ലൂക്കൊസ് 14:28.
[8, 9 പേജുകളിലെ ചിത്രങ്ങൾ]
ശുചിത്വമില്ലായ്മയും ഗതാഗത തിരക്കും നഗരങ്ങളെ വീർപ്പുമുട്ടിക്കുന്നു
ഇന്ത്യ
നൈജർ
മെക്സിക്കോ
ബംഗ്ലാദേശ്
[8-ാം പേജിലെ ചിത്രം]
നഗരങ്ങളിലെ പല ദരിദ്ര കുടുംബങ്ങളിലും കുട്ടികൾക്കുപോലും പണിയെടുക്കേണ്ടിവരുന്നു
[8-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഇന്ത്യ: © Mark Henley/Panos Pictures; നൈജർ: © Olivio Argenti; മെക്സിക്കോ: © Aubrey Wade/Panos Pictures; ബംഗ്ലാദേശ്: © Heldur Netocny/ Panos Pictures; താഴെയുള്ള ചിത്രം: © Jean-Leo Dugast/Panos Pictures